എക്സ്പോഷർ നഷ്ടപരിഹാരം
ഛായാഗ്രാഹിയുടെ എക്സ്പോഷർ മീറ്റർ കണ്ടുപിടിക്കുന്ന എക്സ്പോഷർ വിലയിൽ ഒരു പരിധിക്കുള്ളിൽ നിന്നുകൊണ്ട് മാറ്റങ്ങൾ വരുത്താനുള്ള സംവിധാനമാണ് എക്സ്പോഷർ നഷ്ടപരിഹാരം അഥവാ എക്സ്പോഷർ കോമ്പൻസേഷൻ. ഇതു കൊണ്ട് ഛായാഗ്രാഹകന് എക്സ്പോഷർ വില സ്വയം കണക്കുകൂട്ടാതെ ഛായാഗ്രാഹി കണ്ടുപിടിക്കുന്ന വിലയിൽ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ കഴിയുന്നു. ഇത് കൂടുതൽ വേഗതയിൽ ഛായാഗ്രഹണം നടത്താൻ സഹായകരമാണ്.
എക്സ്പോഷർ നഷ്ടപരിഹാരം ചെയ്യേണ്ടി വരുന്നത് അസാധാരണമായ പ്രകാശവിന്യാസം, ഛായാഗ്രാഹികളിലെ വ്യത്യാസങ്ങൾ, ഫിൽറ്ററുകളുടെ ഉപയോഗം, മനഃപൂർവം കുറഞ്ഞ എക്സ്പോഷർ അല്ലെങ്കിൽ കൂടിയ എക്സ്പോഷർ ചെയ്യൽ മുതലായ സന്ദർഭങ്ങളിലാണ്. കൂടാതെ ഷട്ടർ ആംഗിൾ, ഫിലിം വേഗത മുതലായ ഘടകങ്ങളിൽ വരുത്തുന്ന മാറ്റം മൂലവും ഛായാഗ്രാഹകർക്ക് എക്സ്പോഷർ നഷ്ടപരിഹാരം ചെയ്യേണ്ടി വരുന്നു.
നിശ്ചലചിത്ര ഛായാഗ്രാഹികളിൽ എക്സ്പോഷർ നഷ്ടപരിഹാരം
[തിരുത്തുക]ചില നിശ്ചലചിത്ര ഛായാഗ്രാഹികളിൽ, അതു തനിയെ കണക്കുകൂട്ടിയ എക്സ്പോഷർ വില ഛായാഗ്രാഹകന് ഒരു പരിധി വരെ കൂട്ടാനോ കുറക്കാനോ അനുവദിക്കുന്ന സംവിധാനം ഉണ്ട്. എക്സ്പോഷർ വില പടിപടിയായാണ് മാറ്റം വരുത്തുന്നത്. ഒരു പടി എക്സ്പോഷർ ഉയർത്തുമ്പോൾ(+1 സ്റ്റെപ്) ഛായാഗ്രഹണമാധ്യമത്തിൽ പതിക്കുന്ന പ്രകാശം ഇരട്ടിയാവുന്നു. അതുപോലെ ഒരു പടി താഴ്ത്തിയാൽ(-1 സ്റ്റെപ്) പകുതി പ്രകാശമേ പതിക്കൂ. സാധാരണ 1/4 സ്റ്റെപ് അല്ലെങ്കിൽ 1/2 സ്റ്റെപ് വച്ച് കൂട്ടാനോ കുറക്കാനോ ഉള്ള സംവിധാനം ഉണ്ടാവും. അപൂർവമായി 3/4 സ്റ്റെപ്, 1 സ്റ്റെപ് വച്ച് മാറ്റാൻ സംവിധാനം ഉള്ള ഛായാഗ്രാഹികളും നിർമ്മിച്ചിട്ടുണ്ട്. സാധാരണ 2 പടി അല്ലെങ്കിൽ 3 പടി ആയിരിക്കും ഉയർത്താനോ താഴ്ത്താനോ കഴിയുന്ന പരിധി. ചില ഫിലിം ക്യാമറകളിലും പ്രൊഫഷണൽ ഡിജിറ്റൽ ക്യാമറകളിലും നാലോ അഞ്ചോ പരമാവധി ആറോ പടി വരെ എക്സ്പോഷർ നഷ്ടപരിഹാരം ചെയ്യാൻ അനുവദിക്കുന്ന സംവിധാനം കാണാറുണ്ട്.