Jump to content

വന്യജീവി (സംരക്ഷണ) നിയമം 1972

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wildlife Protection Act of 1972 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വന്യജീവി (സംരക്ഷണ) നിയമം 1972
സൈറ്റേഷൻAct No. 53 of 1972

മനുഷ്യരുടെ അനിയന്ത്രിത പ്രവർത്തനങ്ങൾ മൂലം മറ്റുജീവജാലങ്ങൾ ഭൂമിയിൽ നിന്നും വംശമറ്റുപോകുന്നതു തടയാനായി 1972-ൽ ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ് വന്യജീവി (സംരക്ഷണ) നിയമം 1972. വന്യജീവികളുടെ സംരക്ഷണം കൂടുതൽ ശക്തമാക്കുക വനം കൊള്ള തടയുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. 2002 ജനുവരിയിലാണ് ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടത്. വന നിയമങ്ങൾ ലംഘിക്കുന്നവർക്ക് നൽകേണ്ട ശിക്ഷകളെ കുറിച്ചും ഇതിൽ പരാമർശിക്കുന്നു. ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ ഈ നിയമത്തിന്റെ ഒന്നാം പട്ടികയിൽ പെടുത്തിയിരിക്കുന്നു. തുല്യ പ്രാധാന്യമുള്ള മറ്റു ജീവികളെ പട്ടിക 2 പാർട്ട് 2-ലും പെടുത്തിയിരിക്കുന്നു. അവയെ വേട്ടയാടുന്നത് നിയമത്തിന്റെ സെക്ഷൻ 9 പ്രകാരം ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. 1927-ലെ ഇന്ത്യൻ വനനിയമത്തിനു സമാന്തരമായി സ്വതന്ത്രമായ കാലാനുസൃതമായ നിയമമായാണ് ഈ നിയമം സൃഷ്ടിച്ചത്.

എല്ലാ വന്യജീവികളും സംസ്ഥാന സർക്കാരിന്റെ സ്വത്താണെന്നും എന്നാൽ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത വന്യജീവി സങ്കേതങ്ങളിലോ ദേശീയോദ്യാനങ്ങളിൽ വച്ചോ വേട്ടയാടപ്പെട്ടാൽ അവ കേന്ദ്രസർക്കാരിന്റെ അധീനതയിലായിത്തീരുമെന്നും നിയമം പറയുന്നു. ഷെഡ്യൂൾ ഒന്നിൽ പെട്ടതോ, ഷെഡ്യൂൾ 2 പാർട്ട് 2 -ൽ പെട്ടതോ ആയ വന്യജീവികളെയോ അവയിൽ നിന്നും സൃഷ്ടിച്ചെടുത്ത വസ്തുക്കളോ കൈവശം വെയ്ക്കാൻ യാതൊരാൾക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല. നിയമത്തിലെ സെക്ഷൻ 6 പ്രകാരം ഓരോ സംസ്ഥാനവും ഒരു വന്യജീവികാര്യ ഉപദേശക സമിതിയെ രൂപവൽക്കരിക്കേണ്ടതും, ആ സമിതിയുടെ നിർദ്ദേശപ്രകാരം ദേശീയോദ്യാനം, സംരക്ഷിത പ്രദേശം, വന്യജീവി സങ്കേതം എന്നിവയുടെ വിസ്തൃതി നിർണ്ണയിക്കേണ്ടതുമാണ്.

പട്ടിക I ലും ഭാഗം II ലുമാണ് വന്യജീവി സംബന്ധിയായ കുറ്റങ്ങളെകുറിച്ച് പറയുന്നത്. നിയമത്തിൽ ഒന്നാം ഷെഡ്യൂളിൽ പെടുത്തിയിട്ടുള്ള ജീവിയാണ് കടുവ. പതിനായിരം രൂപ പിഴയും മുന്നു മുതൽ ഏഴു വർഷംവരെ ജയിൽവാസവും ലഭിക്കാവുന്ന കുറ്റമാണ് കടുവ വേട്ട.[1]

രാജ്യത്താകെ ഏഴ് കോടി എൻപത്തിമൂന്നോളം ലക്ഷം ഹെക്ടർ വനഭൂമിയാണ് ഉള്ളത്. ഇതിൽ 125 ലക്ഷം ഹെക്ടർ വനഭൂമിയാണ് കയ്യേറ്റം നടന്നിരിക്കുന്നതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ 2011-12 വർഷത്തെ റിപ്പോർട്ട് വ്യക്തമാക്കുന്നു.[2]


ലംഘനം കൈകാര്യം ചെയ്യൽ

[തിരുത്തുക]

ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോ, ചീഫ് വൈൽഡ് ലൈഫ് വാർഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോ, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോ, സബ് ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനും, അന്വേഷണം നടത്താനും, അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം നൽകുന്നു.

വന്യജീവി (സംരക്ഷണ) നിയമം 1972 ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ, രണ്ടായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടാവുന്നതാണ്. 1991 -ൽ ഉണ്ടായ ഭേദഗതിപ്രകാരം പിഴ 3000 രൂപവരെയായും തടവു കാലഘട്ടം 3 വർഷം വരെയായും ഉയർത്തിയിട്ടുണ്ട്.

സെക്ഷൻ 53-ൽ അധികാരികൾ തങ്ങളുടെ അധികാരം ദുർ‌വിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ 6 മാസം വരെ തടവും, 500 രൂപ വരെ പിഴയുമാണ് ശിക്ഷയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ദേശശുദ്ധിയോടെ ഉത്തരവാദപ്പെട്ടവർ നടത്തുന്ന പ്രവൃത്തി സെക്ഷൻ 60 പ്രകാരം പരിരക്ഷിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നതാണ്.

പ്രാധാന്യം

[തിരുത്തുക]

ഇന്ത്യയിലെ വന്യജീവി നിയമങ്ങളിൽ ശക്തമായ നിയമമാണ് വന്യജീവി (സംരക്ഷണ) നിയമം 1972.

ഭേദഗതികൾ

[തിരുത്തുക]

നിയമം നടപ്പിലാക്കിയതിനുശേഷം അതതുകാലത്തെ ആവശ്യങ്ങൾക്കുപകരിക്കുന്ന തരത്തിൽ ഇതുവരെയായി രണ്ടു തവണ ഈ നിയമത്തിന് ഭേദഗതികൾ വന്നിട്ടുണ്ട്. വന്യജീവി (സംരക്ഷണ) ഭേഗതി നിയമം, 1993, വന്യജീവി (സംരക്ഷണ) ഭേഗതി നിയമം, 2002 എന്നിവയാണവ.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-19. Retrieved 2013-01-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-10. Retrieved 2013-01-18.


ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]