ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേശീയോദ്യാനം
യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക്

പ്രകൃതിരമണീയവും വിസ്തൃതിയേറിയതുമായ സംരക്ഷിത പൊതുവിഹാരമേഖലകളാണ് ദേശീയോദ്യാനം എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു ഭൂപ്രദേശത്തെ സ്വാഭാവികമായ ആവാസവ്യവസ്ഥയെയോ വന്യജീവികളെയോ സസ്യജാലങ്ങളെയോ ചരിത്രപ്രാധാന്യമുള്ള മനുഷ്യനിർമിത സ്മാരകങ്ങൾ നിലനില്ക്കുന്ന പ്രദേശങ്ങളെയോ ഭരണകൂടത്തിന്റെ ചുമതലയിൽ സംരക്ഷിക്കുന്ന പ്രദേശമാണ് ദേശീയോദ്യാനം.

സംരക്ഷിത മേഖലകൾ മൂന്നുതരമാണ്. സംരക്ഷിത വനങ്ങൾ, വന്യമൃഗസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയാണ് അവ. സംരക്ഷിത വനങ്ങൾ പൊതുവേ പൊതുജനങ്ങൾക്കു പ്രവേശനമില്ലാതെ ഗവേഷണാവശ്യങ്ങൾക്കു മാത്രമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക സംരക്ഷിതകേന്ദ്രങ്ങളാണ്. ഇവ ദേശീയോദ്യാനങ്ങൾ എന്ന നിർവചനത്തിൽപ്പെടുന്നില്ല. വന്യമൃഗങ്ങളെയും പക്ഷികളെയും മറ്റു ജീവികളെയും വനത്തിലെ മുഴുവൻ സസ്യങ്ങളെയുമടക്കം സംരക്ഷിക്കുന്നതാണ് ശരണാലയം അഥവാ സങ്കേതം. ഇതിനെക്കാൾ ഉന്നത തലത്തിലുള്ള വനപ്രദേശങ്ങളാണ് ദേശീയോദ്യാനങ്ങൾ.

വന്യമൃഗസങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലുമുള്ള വനങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു: ഉൾക്കാടുകളിൽ വന്യജീവികളുടെ സ്വൈരജീവിതത്തെ മാത്രം ലക്ഷ്യമാക്കിയുള്ള പ്രദേശമാണ് കോർ പ്രദേശം. ശാസ്ത്രീയപഠനങ്ങൾ അനുവദിച്ചിട്ടുള്ള ഈ പ്രദേശത്തേക്ക് സന്ദർശകരെ അനുവദിക്കുന്നില്ല. ഈ പ്രദേശത്തിനു പുറത്തുള്ളത് ബഫർ സോൺ ആണ്. ഇവിടെയും വിനോദസഞ്ചാരികളെ അനുവദിക്കുന്നില്ല. വനവിഭാഗത്തിന്റെയും മറ്റും പരീക്ഷണനിരീക്ഷണങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ശാസ്ത്രീയപഠനങ്ങൾക്കും മാത്രമായിട്ടുള്ള പ്രദേശമാണിത്. ഇതിനു പുറത്തുള്ള കാട്ടുപ്രദേശങ്ങളാണ് വിനോദസഞ്ചാരത്തിനായി അനുവദനീയമായിട്ടുള്ളത്.

ആഗോള തലത്തിൽ[തിരുത്തുക]

ആസ്ത്രേലിയയിലെ ലാമിങ്ടൺ നാഷനൽ പാർക്കിലെ എലബാന വെള്ളച്ചാട്ടം

1872-ൽ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമായ യെല്ലോ സ്റ്റോൺ ദേശീയോദ്യാനമാണ് ആദ്യത്തെ ദേശീയോദ്യാനമായി കണക്കാക്കപ്പെടുന്നത്. 1916 ആയപ്പോഴേക്കും അമേരിക്കയിൽ നാല്പതോളം ദേശീയോദ്യാനങ്ങളുണ്ടായി. ഇന്ന് 51 എണ്ണം നിലവിലുണ്ട്. 1872-ൽ അമേരിക്കയിൽ രൂപംകൊണ്ട ദേശീയോദ്യാനം എന്ന ആശയം അധികം താമസിയാതെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. 1900-ാം ആണ്ടോടെ ആസ്ത്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ദേശീയോദ്യാനങ്ങൾ ആരംഭിച്ചു. ലോകത്തിലാദ്യമായി ദേശീയോദ്യാന സർവീസ് ആരംഭിച്ചത് 1911-ൽ കാനഡയിലാണ്. ഇന്ന് 125 രാജ്യങ്ങളിലായി 1300-ൽ അധികം ദേശീയോദ്യാനങ്ങളുണ്ട്.

അവികസിത ഭൂഖണ്ഡമായ ആഫ്രിക്കയിലാണ് ഏറ്റവുമധികം വന്യമൃഗങ്ങളും വന്യമൃഗസങ്കേതങ്ങളും ഉള്ളത്. കെനിയയിലെ അബെർഡേർ, അംബോസെലി ഗെയിം പ്രിസർവ്, സാവോ ദേശീയോദ്യാനം, ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ, ടാൻസാനിയയിലെ ലേക് മൻയാര, ന്ഗൊറോൻഗോറോ, സെരെൻഗെറ്റി എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ.

ഏഷ്യയിലെയും ഓഷ്യാനയിലെയും പ്രധാനപ്പെട്ട ദേശീയോദ്യാനങ്ങൾ ജപ്പാനിലെ അകൻ, ഇന്ത്യയിലെ കോർബെറ്റ്, ന്യൂസിലൻഡിലെ ജോർഡ്ലൻഡ്, ഇസ്രയേലിലെ ഹായ്-ബാർ സൌത്ത്, ആസ്ത്രേലിയയിലെ ലാമിങ്ടൺ എന്നിവയാണ്.

യൂറോപ്പിൽ, പോളണ്ടിലെ ബയാലോവിയെസ, ഗ്രേറ്റ് ബ്രിട്ടണിലെ കെയ്ൻഗോർമ്സ്, ഫ്രാൻസിലെ കാമാർഗ്; വടക്കേ അമേരിക്കയിൽ, കാനഡയിലെ വാട്ടർടോൺ ലേക്സ്, ബാൻഫ്; തെക്കേ അമേരിക്കയിൽ, ഇക്വഡോറിലെ ഗാലപഗോസ് ഐലൻഡ്, ഇഗ്വാസു എന്നിവയെല്ലാം പ്രമുഖ ദേശീയോദ്യാനങ്ങളിൽപ്പെടുന്നു.

ഇന്ത്യയിൽ[തിരുത്തുക]

പ്രമാണം:Ashoka2.jpg
അശോക ചക്രവർത്തി

ലോകത്തിലാദ്യമായി മരങ്ങൾ നട്ടുവളർത്തുന്നതിനും കാടുകളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതിനും നിയമനിർമ്മാണം നടത്തിയത് അശോകചക്രവർത്തിയാണ്. 1865-ലാണ് ഇന്ത്യയിൽ ആദ്യമായി വന്യമൃഗസംരക്ഷണനിയമം നടപ്പിലാക്കിയത്. സസ്യസമ്പത്തും വന്യജീവികളുടെ എണ്ണവും കുറഞ്ഞുവന്നതോടെ 1952-ൽ മാത്രമാണ് വന്യജീവിസംരക്ഷണ ബോർഡ് രൂപീകരിച്ചത്; വന്യമൃഗങ്ങളുടെയും പക്ഷികളുടെയും വനങ്ങളുടെയും സംരക്ഷണാർഥം നിയമനിർമ്മാണമുണ്ടായത് 1955-ലും. വർഷംതോറും ഒക്ടോബർ ആദ്യവാരം വന്യജീവിസംരക്ഷണവാരമായി ആചരിച്ചുവരുന്നു.

ഇന്ത്യ പ്രകൃതിസംരക്ഷണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയതോടെ 1971-ൽ പ്രോജക്റ്റ് ടൈഗർ പദ്ധതിക്കു രൂപംനല്കി. ഘട്ടംഘട്ടമായി എല്ലാ കടുവാസങ്കേതങ്ങളെയും ഈ പദ്ധതിയിലുൾപ്പെടുത്തുകയും ദേശീയോദ്യാനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിൽ എൺപതോളം ദേശീയോദ്യാനങ്ങളും 441 വന്യമൃഗസങ്കേതങ്ങളുമായി 1,48,994 ചതുരശ്ര കിലോമീറ്റർ വനഭൂമിയുണ്ട്. ഇത് ഇന്ത്യയിലെ വനത്തിന്റെ 23.2 ശതമാനത്തോളം വരും.

ഇന്ത്യയിലെ പഞ്ചാബ് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ദേശീയോദ്യാനങ്ങളുണ്ട്.

കേരളത്തിൽ[തിരുത്തുക]

നീലഗിരി

കേരളത്തിൽ 11262.498 ചതുരശ്ര കിലോമീറ്റർ വനപ്രദേശമുണ്ട് എന്നാണ് കണക്ക്. ഇത് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 28.98 ശതമാനമാണ്. വനപ്രദേശത്തിന്റെ 24 ശതമാനത്തോളം ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളും അടങ്ങിയ സംരക്ഷിത മേഖലയാണ്. ഇപ്പോൾ കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളും പതിനാല് വന്യജീവിസങ്കേതങ്ങളുമുണ്ട്. ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, ആനമുടി ചോല, മതികെട്ടാൻ ചോല എന്നിവയാണ് ദേശീയോദ്യാനങ്ങൾ. 1934-ൽ നെല്ലിക്കാംപെട്ടി എന്ന പേരിൽ പ്രഖ്യാപിച്ച പെരിയാർ ടൈഗർ റിസർവ് ആണ് കേരളത്തിലെ പ്രഥമ വന്യജീവിസങ്കേതം; പെരിയാർ, നെയ്യാർ, പീച്ചി-വാഴാനി, പറമ്പിക്കുളം, വയനാട്, ഇടുക്കി, പേപ്പാറ, ചിമ്മിണി, ചിന്നാർ, ചെന്തുരുണി, ആറളം, തട്ടേക്കാട്, മംഗളവനം, കുറിഞ്ഞിമല എന്നിവയാണ് മറ്റുള്ളവ. ഇതിൽ തട്ടേക്കാടും മംഗളവനവും പക്ഷിസംരക്ഷണസങ്കേതങ്ങളാണ്. ഇവ കൂടാതെ നീലഗിരി, അഗസ്ത്യവനം എന്നിങ്ങനെ രണ്ടു ജൈവമേഖലകളുമുണ്ട്.

ഇതും കാണുക[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേശീയോദ്യാനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദേശീയോദ്യാനം&oldid=3406556" എന്ന താളിൽനിന്ന് ശേഖരിച്ചത്