Jump to content

സഖറിയായുടെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Book of Zechariah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു രചനയാണ് സഖറിയായുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ ഏറ്റവും ഒടുവിലത്തേതിനു മുൻപത്തെ ഗ്രന്ഥമായാണ് ഇതു മിക്കവാറും ബൈബിൾ സംഹിതകളിൽ കാണുന്നത്. പേർഷ്യയിലെ ദാരിയസ് രാജാവിന്റെ ഭരണത്തിന്റെ രണ്ടാം വർഷമായ ക്രി.മു. 520 മുതൽ ക്രി.മു. 518 വരെയുള്ള രണ്ടു വർഷക്കാലത്ത് ഇതു രൂപമെടുത്തതെന്നാണ് ഗ്രന്ഥത്തിൽ തന്നെയുള്ള സൂചന. സഖറിയായുടെ സമകാലീനനായിരുന്ന ഹഗ്ഗായിയുടെ പേരിൽ അറിയപ്പെടുന്ന പ്രവചനഗ്രന്ഥത്തെപ്പോലെ, ബാബിലോണിലെ പ്രവാസത്തിൽ നിന്നു യെരുശലേമിൽ മടങ്ങിയെത്തിയവരുടെ സമൂഹത്തെ പശ്ചാത്തലമാക്കി എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥവും. മൊത്തം 14 അദ്ധ്യായങ്ങളുള്ള ഈ രചന, ചെറിയ പ്രവാചകന്മാരുടെ പുസ്തകങ്ങളിൽ ഏറ്റവും ദൈർഘ്യമുള്ള രണ്ടെണ്ണത്തിൽ ഒന്നാണ്. ഭിന്നവീക്ഷണകോണുകളിൽ നിന്ന് എഴുതപ്പെട്ട രണ്ടു ഭാഗങ്ങൾ ഇതിൽ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. 9 മുതൽ 14 വരെ അദ്ധ്യായങ്ങൾ അടങ്ങുന്ന രണ്ടാം ഭാഗം മറ്റൊരു ലേഖകനോ ലേഖകന്മാരോ പിൽക്കാലത്ത് എഴുതിയതാണെന്നാണ് മിക്കവാറും പണ്ഡിതന്മാരുടേയും മതം.[1]

അദ്ധ്യായങ്ങൾ 1-8

[തിരുത്തുക]

ഗ്രന്ഥനാമത്തിൽ സൂചിപ്പിക്കപ്പെടുന്ന പ്രവാചകന്റെ തന്നെ രചനയായി പൊതുവേ അംഗീകരിക്കപ്പെടുന്ന ഈ ആദ്യഭാഗത്തിന്റെ തുടക്കവും (അദ്ധ്യായം 1:1-6) അവസാനവും(അദ്ധ്യായങ്ങൾ 7-8) സഖറിയായുടെ പ്രവചനദൗത്യത്തിന്റെ വിവരണമാണ്. അവയ്ക്കിടയിലുള്ള ഗ്രന്ഥഭാഗം പ്രവാചകനു ലഭിച്ചതായി പറയപ്പെടുന്ന 8 ദർശനങ്ങളും അവയോടു ബന്ധപ്പെട്ട അരുളപ്പാടുകളും(oracle) ആണ്.[2] ഇതിൽ വിവരിക്കപ്പെടുന്ന 8 ദർശനങ്ങൾ ഇവയാണ്:-

  1. ഭൂമിയിൽ റോന്തുചുറ്റി അതു ശാന്തിയിലാണെന്നു കാണുന്ന 6 അശ്വാരൂഢർ (1:8-12)
  2. യഹൂദായെ ചിതറിച്ച നാലു കൊമ്പുകളും അവയെ തകർക്കാൻ വന്ന നാലു ലോഹപ്പണിക്കാരും(1:18-21)
  3. യെരുശലേമിന് അതിന്റെ പിൽക്കാലസമൃദ്ധിയെ ഉൾക്കൊള്ളാൻ കഴിയുമോയെന്നറിയാൻ നഗരത്തെ ചരടുകൊണ്ടളക്കുന്ന ഒരു മനുഷ്യൻ (2:1-5)
  4. ദൈവത്തിന്റെ മാലാഖയാൽ വിശുദ്ധീകരിക്കപ്പെടുന്ന മഹാപുരോഹിതൻ (3:1-10)
  5. ആറു ദീപങ്ങളുള്ള സ്വർണ്ണനിർമ്മിതമായ വിളക്കുകാലും അതിന്റെ ഇടത്തും വലത്തുമായി ഓരോ ഒലിവു മരവും (4:1-6)
  6. ലോകത്തെമ്പാടുമുള്ള അധർമ്മികൾക്ക് ശാപമായി പറന്നു നടന്ന 20 മുഴം നീളവും പത്തു മുഴം വീതിയുമുള്ള ചുരുൾ (5:1-4)
  7. ശിനാർ ദേശത്തേക്കു കൊണ്ടു പോകപ്പെടുന്ന കുട്ടയിലെ സ്ത്രീ(5:5-11)
  8. ലോകം ചുറ്റിക്കറങ്ങുന്ന അരൂപികളുടെ പ്രതിരൂപമായ നാലു രഥങ്ങൾ (6:1-8)

സമകാലീനസംഭവങ്ങളെ ലോകത്തിനുമേലുള്ള ദൈവികവാഴ്ചയുടെ പശ്ചാത്തലത്തിൽ കണ്ട് പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ സമൂഹത്തിന് ആത്മവിശ്വാസം പകരാൻ ശ്രമിക്കുകയാണ് ഈ ദർശനങ്ങൾ.[3]

അദ്ധ്യായങ്ങൾ 9-14

[തിരുത്തുക]

ആദ്യഭാഗത്തിന്റെ രചനക്ക് ഏറെക്കാലത്തിനു ശേഷം രൂപപ്പെട്ടതായി കരുതപ്പെടുന്ന ഈ അദ്ധ്യായങ്ങളിലെ പ്രമേയങ്ങൾ പുനരുദ്ധരിക്കപ്പെടുന്ന യഹൂദായിലേക്കുള്ള പ്രവാസികളുടെ തിരിച്ചുവരവ്, യെരുശലേമിനെതിരായുള്ള ഇതരരാജ്യങ്ങളുടെ യുദ്ധം, അധർമ്മികളായ ജനനേതാക്കളുടെ(ഇടയന്മാരുടെ) വിമർശനം തുടങ്ങിയവയാണ്. എസെക്കിയേലിനെപ്പോലുള്ള മുൻപ്രവാചകന്മാരുടെ പ്രവചനങ്ങൾ ഈ ഭാഗത്ത് പ്രതിഫലിച്ചുകാണാം.

ഈ അദ്ധ്യായങ്ങൾ ക്രിസ്തീയലേഖകന്മാരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. യേശുവിന്റെ പീഡാസഹനവുമായി ബന്ധപ്പെട്ട സുവിശേഷഭാഗങ്ങളിൽ ഇവയിലെ വാക്യങ്ങൾ ഉദ്ധരിച്ചുകാണാം. ഓശാന ഞായറിലെ യേശുവിനെ കഴുതപ്പുറത്ത് യെരുശലേമിൽ കടന്നു വരുന്ന രാജാവുമായി താരതമ്യപ്പെടുത്തുന്ന പുതിയനിയമത്തിലെ മത്തായിയുടെ സുവിശേഷത്തിലെ ആശയം ഇതിൽ നിന്നെടുത്തതാണ്. [4] 30 വെള്ളിക്കാശ് കൂലിയായി വാങ്ങുന്ന ഇടയനെക്കുറിച്ചുള്ള ഇതിലെ പരാമർശത്തിന്(11:12) യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിനു നൽകപ്പെട്ടതായി സുവിശേഷകൻ പറയുന്ന [5] 30 വെള്ളിക്കാശുമായി ബന്ധം കാണാം. യേശു ബന്ധനസ്ഥനാകുമ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ ഉപേക്ഷിച്ചു പോകുന്നതിന്റെ പശ്ചാത്തലത്തിൽ, "ഞാൻ ഇടയനെ അടിക്കും; ആട്ടിപറ്റത്തിലെ ആടുകൾ ചിതറിപ്പോകും" എന്ന ഇതിലെ വാക്കുകളും (സക്കറിയ 13:7) സുവിശേഷകൻ അനുസ്മരിക്കുന്നു(മത്തായി 26:31).[3]

അവലംബം

[തിരുത്തുക]
  1. "രണ്ടു ഭാഗങ്ങളുടേയും കാലവും കർതൃത്വവും വ്യത്യസ്തമണെന്ന് എല്ലാ അധുനിക നിരൂപകന്മാരും സമ്മതിക്കുന്നു." സഖറിയായുടെ പുസ്തകം, യഹൂദവിജ്ഞാനകോശം
  2. സഖറിയായുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 826-28
  3. 3.0 3.1 കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറം 223)
  4. സഖറിയായുടെ പുസ്തകം 9:9
  5. മത്തായിയുടെ സുവിശേഷം 26:15
"https://ml.wikipedia.org/w/index.php?title=സഖറിയായുടെ_പുസ്തകം&oldid=1693217" എന്ന താളിൽനിന്ന് ശേഖരിച്ചത്