Jump to content

ബാഡ്മിന്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Badminton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാഡ്മിന്റൺ
ഡാനിഷ് ബാഡ്മിന്റൺ താരം പീറ്റർ ഗേഡ്
കളിയുടെ ഭരണസമിതിബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ
ആദ്യം കളിച്ചത്പതിനേഴാം നൂറ്റാണ്ട്
സ്വഭാവം
ശാരീരികസ്പർശനംഇല്ല
ടീം അംഗങ്ങൾസിംഗിൾസ് / ഡബിൾസ്
വർഗ്ഗീകരണംറാക്കറ്റ് സ്പോർട്ട്
കളിയുപകരണംഷട്ടിൽകോക്ക്
ഒളിമ്പിക്സിൽ ആദ്യം1992 മുതൽ

റാക്കറ്റ് ഉപയോഗിച്ച് കളിക്കുന്ന ഒരു കായികവിനോദമാണ് ബാഡ്മിന്റൺ. ഒരു വലയുടെ മുകളിലൂടെ ഒരു ഷട്ടിൽകോക്ക് (ഷട്ടിൽ) റാക്കറ്റ് ഉപയോഗിച്ച് അടിച്ചാണ് ഈ കളി കളിക്കുന്നത്. ഒരു ദീർഘചതുര കളിക്കളത്തിന്റെ ഇരുവശത്തും

തമ്മിലോ (സിംഗിൾസ്), രണ്ടു ജോഡികൾ തമ്മിലോ (ഡബിൾസ്) ആയിട്ടാണ് മത്സരം നടക്കുന്നത്. ഓരോ കളിക്കാരനും ഒരു തവണ മാത്രമേ

വലയ്ക്ക് മുകളിലൂടെ പോകുന്നതിന് മുമ്പ് ഷട്ടിൽ അടിക്കാൻ പാടുള്ളൂ. ഷട്ടിൽകോക്ക് തറയിൽ വീഴുന്നതോടെ ഒരു റാലി അവസാനിക്കുന്നു. കാറ്റ് ഷട്ടിൽകോക്കിന്റെ ചലനത്തെ ബാധിക്കുമെന്നുള്ളതിനാൽ ഔദ്യോഗിക മത്സരങ്ങളും ടൂർണമെന്റുകളുമെല്ലാം വിശാലമായ മുറിക്കുള്ളിലാണ് നടത്തുന്നത് (ഇൻഡോർ). എന്നാൽ ബാഡ്മിന്റൺ ഒരു നേരമ്പോക്കിനുള്ള വിനോദമായി കളിക്കുമ്പോൾ പുറത്ത് വെച്ചാണ് സാധാരണയായി നടത്തുന്നത്. (ഔട്ട്ഡോർ).

1992 മുതൽ ബാഡ്മിന്റൺ ഒളിമ്പിക്സിൽ ഉൾപ്പെടുത്തി. പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ അഞ്ച് വിഭാഗങ്ങളിലാണ് മത്സരങ്ങൾ.

ചരിത്രം

[തിരുത്തുക]
ബാറ്റിൽഡോർ ആന്റ് ഷട്ടിൽക്കോക്ക് കളി, 1804-ൽ

പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിലാണ് ബാഡ്മിന്റൺ ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഓഫീസർമാർക്കിടയിലാണ് ബാഡ്മിന്റൺ വികസിച്ചത്.[1][2] ബാറ്റിൽഡോർ ആന്റ് ഷട്ടിൽക്കോക്ക് എന്ന പരമ്പരാഗത ഇംഗ്ലീഷ് കളിയെ വിപുലീകരിച്ചാണ് ബ്രീട്ടിഷുകാർ ബാഡ്മിന്റണെ രൂപപ്പെടുത്തിയത്. ബാറ്റിൽഡോർ ആന്റ് ഷട്ടിൽക്കോക്ക് എന്ന കളിയിൽ ഒരു വല കൂടി ബ്രിട്ടീഷുകാർ ഉൾപ്പെടുത്തുന്നത് പഴയ ചിത്രങ്ങളിൽ കാണാം. ബ്രിട്ടീഷുകാർ താമസിച്ചിരുന്ന പൂനയിൽ (ഇപ്പോൾ പൂണെ) പ്രധാനമായും കണ്ടുവന്നതിനാൽ കളിക്ക് പൂന എന്നൊരു പേരും ഉണ്ട്.[1] സർവീസിൽ നിന്നും വിരമിച്ചു ബ്രിട്ടണിലേക്കു തിരിച്ചുപോയ ഉദ്യോഗസ്ഥർ ബ്രിട്ടണിലും കളി പ്രചരിപ്പിച്ചു. അവിടെ വച്ചാണ് ബാഡ്മിന്റൺ നിയമങ്ങൾ നിശ്ചയിച്ചത്.

നിയമങ്ങൾ നിശ്ചയിക്കപ്പെട്ട ശേഷം ബാഡ്മിന്റൺ ഔദ്യോഗികമായി തുടങ്ങിയത് 1873ൽ ഗ്ലോക്കെസ്റ്റർഷയറിലെ ബാഡ്മിന്റൺ ഹൗസിലാണ്. ബ്യൂഫോർട്ടിലെ ഡ്യൂക്കിന്റെ വസതി ആയിരുന്നു ബാഡ്മിന്റൺ ഹൗസ്. ബാഡ്മിന്റണിലെ കളി എന്നാണ് അന്ന് ഈ കളി വിശേഷിപ്പിക്കപ്പെട്ടത്. പിന്നീട് കളിയുടെ ഔദ്യോഗിക നാമം ബാഡ്മിന്റൺ എന്നായി മാറുകയായിരുന്നു.[3]

1887 വരെ ബ്രിട്ടീഷ് ഇന്ത്യയിൽ രൂപം കൊണ്ട നിയമങ്ങൾക്കനുസരിച്ചു തന്നെയായിരുന്നു ബാഡ്മിന്റൺ കളിച്ചിരുന്നത്. ബ്രിട്ടണിലെ ബാത്ത് ബാഡ്മിന്റൺ ക്ലബ്ബാണ് കളിക്ക് വ്യക്തമായ നിയമങ്ങൾ നൽകിയത്. അടിസ്ഥാനപരമായ നിയമങ്ങൾ 1887-ലാണ് രൂപം കൊണ്ടത്.[3] ഇന്ന് നിലവിലുള്ള നിയമങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന നിയമങ്ങൾക്ക് രൂപം നൽകിയത് 1893-ൽ ഇംഗ്ലണ്ടിലെ ബാഡ്മിന്റൺ സംഘടന (ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇംഗ്ലണ്ട്) ആണ്.[4] ഇതേ സംഘടന തന്നെയാണ് പിന്നീട് 1899-ൽ ലോകത്തിലെ ആദ്യ ഔദ്യോഗിക ബാഡ്മിന്റൺ മത്സരം (ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാംപ്യൻഷിപ്സ്) ആരംഭിക്കാൻ മുൻകൈ എടുത്തത്.

ബാഡ്മിന്റൺ കളി

കാനഡ, ഡെന്മാർക്ക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ഹോളണ്ട്, അയർലണ്ട്, ന്യൂസീലാന്റ്, സ്കോട്ട്ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങൾ ചേർന്ന് 1934-ൽ അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷൻ (ഐ.ബി.എഫ്.: ദ ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷൻ) സ്ഥാപിച്ചു. ഇന്ന് ഈ സംഘടന ലോക ബാഡ്മിന്റൺ ഫെഡറേഷൻ എന്നാണ് അറിയപ്പെടുന്നത്. 1936-ൽ ഇന്ത്യയും ബാഡ്മിന്റൺ ഫെഡറേഷനിൽ ചേർന്നു. ഇന്ന് അന്താരാഷ്ട്ര തലത്തിൽ ബാഡ്മിന്റൺ കളിയുടെ കാര്യങ്ങൾ നോക്കിനടത്തുന്നത് ലോക ബാഡ്മിന്റൺ ഫെഡറേഷനാണ്.

ഇംഗ്ലണ്ടിൽ കളി തുടങ്ങിയ കാലത്ത് പുരുഷന്മാരുടെ ബാഡ്മിന്റണിൽ പരമ്പരാഗതമായി ആധിപത്യം പുലർത്തിയിരുന്നത് ഡെന്മാർക്കായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഏഷ്യയിലെ രാജ്യങ്ങൾക്കായിരുന്നു മേൽക്കോയ്മ. ഡെന്മാർക്കിനൊപ്പം ചൈന, ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും മികച്ച കളിക്കാരുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദശകങ്ങളായി പുരുഷ ബാഡ്മിന്റണിലും വനിതാ ബാഡ്മിന്റണിലും അന്താരാഷ്ടതലത്തിൽ മികവ് പുലർത്തുന്നത് ചൈനയിൽനിന്നുള്ള കളിക്കാരാണ്.

നിയമങ്ങൾ

[തിരുത്തുക]

കളിക്കളം

[തിരുത്തുക]
ബാഡ്മിന്റൺ കളിക്കളം

ദീർഘചതുര ആകൃതിയിലുള്ള കളിക്കളത്തെ (കോർട്ട്) വല രണ്ടായി വിഭജിക്കുന്നു. സാധാരണയായി ഡബിൾസിനും സിംൾസിനും വേണ്ടിയുള്ള അതിർത്തികൾ കളിക്കളത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഡബിൾസ് കോർട്ട് സിംഗിൾസിനേക്കാൾ വീതിയുള്ളതാണ്. എന്നാൽ രണ്ടിനും ഒരേ നീളമാണ്. ഡബിൾസ് കളിയിൽ പക്ഷേ സെർവിംഗ് അതിർത്തി സിംഗിൾസിനേക്കാൾ ചെറുതാണ്.

കളിക്കളത്തിന്റെ ആകെ വീതി 6.1 മീറ്ററാണ് (20 അടി). സിംഗിൾസിൽ ഇത് 5.18 (17 അടി) ആയി ചുരുങ്ങുന്നു. കളിക്കളത്തിന്റെ ആകെ നീളം 13.4 മീറ്ററാണ് (44 അടി). കളിക്കളത്തിന്റെ വീതിയെ രണ്ടായി വിഭജിക്കുന്ന മദ്ധ്യത്തിലൂടെയുള്ള വര സെർവീസ് കോർട്ടുകളെ അടയാളപ്പെടുത്തുന്നു. ഷോർട്ട് സെർവീസ് വര വലയിൽ നിന്ന് 1.98 മീറ്റർ (6 അടി 6 ഇഞ്ച്) അകലെ രേഖപ്പെടുത്തിയിരിക്കുന്നു. ഡബിൾസിലെ ലോങ് സെർവീസ് വര പുറകിലുള്ള അതിർത്തിയിൽ നിന്ന് 0.76 മീറ്റർ (2 അടി 6 ഇഞ്ച്) അകലെ രേഖപ്പെടുത്തിയിരിക്കുന്നു.

വലയുടെ ഉയരം അറ്റങ്ങളിൽ 1.55 മീറ്ററും (5 അടി 1 ഇഞ്ച്), മദ്ധ്യത്തിൽ 1.524 മീറ്ററും (5 അടി) ആണ്. വല കെട്ടിയിരിക്കുന്ന കുറ്റികൾ ഡബിൾസ് വശാതിർത്തികളുടെ മുകളിലാണ് സ്ഥാപിച്ചിരിക്കന്നത്.

സ്കോറിംഗ്

[തിരുത്തുക]

ഒരു ബാഡ്മിന്റൺ മത്സരത്തിൽ പരമാവധി മൂന്ന് ഗെയിമുകൾ ആണുള്ളത്. ആദ്യം രണ്ടു ഗെയിമുകൾ ജയിക്കുന്ന കളിക്കാരൻ / ടീം മത്സരം വിജയിക്കുന്നു. ഓരോ ഗെയിമും 21 പോയിന്റിന് വേണ്ടിയിട്ടാണ് കളിക്കുന്നത്. ഒരു റാലി ജയിക്കുമ്പോൾ ജയിച്ചയാൾക്ക് ആര് സെർവ് ചെയ്തു എന്ന് പരിഗണിക്കാതെ ഓരോ പോയിന്റ് ലഭിക്കുന്നു.

ഒരു റാലിയുടെ തുടക്കത്തിൽ സെർവ് ചെയ്യുന്നയാളും (സെർവർ) സെർവ് സ്വീകരിക്കുന്നയാളും (റിസീവർ) കളിക്കളത്തിൽ കോണോടുകോണായി നിൽക്കുന്നു. ഷട്ടിൽകോക്ക് റിസീവറുടെ സെർവീസ് കോർട്ടിൽ വീഴുന്ന തരത്തിൽ സെർവർ ഷട്ടിൽകോക്കിനെ അടിക്കുന്നു. സെർവ് ചെയ്ത ശേഷം ഷട്ടിൽ താഴെ വീഴുമ്പോൾ ആ റാലി അവസാനിക്കുകയും റാലി ജയിച്ചയാൾക്ക് ഒരു പോയിന്റ് ലഭിക്കുകയും ചെയ്യുന്നു. സെർവർ ഒരു റാലി തോൽക്കുമ്പോൾ സെർവ് ചെയ്യാനുള്ള അവസരം അയാളുടെ എതിരാളിക്ക് ലഭിക്കുന്നു. സെർവറുടെ സ്കോർ ഇരട്ടസംഖ്യയാവുമ്പോൾ അയാൾ വലത്തെ സെർവീസ് കോർട്ടിൽ നിന്നും ഒറ്റസംഖ്യയാവുമ്പോൾ ഇടത്തെ സെർവീസ് കോർട്ടിൽ നിന്നും സെർവ് ചെയ്യുന്നു. ഡബിൾസിൽ സെർവ് ചെയ്യുന്ന ടീം ഒരു റാലി ജയിക്കുകയാണെങ്കിൽ അതേ കളിക്കാരൻ തന്നെ സെർവീസ് കോർട്ട് മാറി ഇതര എതിരാളിക്ക് സെർവ് ചെയ്യുന്നു. എതിരാളികൾ റാലി ജയിക്കുമ്പോൾ, അവരുടെ പുതിയ സ്കോർ ഇരട്ടയാണെങ്കിൽ വലത്തെ സെർവീസ് കോർട്ടിലുള്ള കളിക്കാരനും ഒറ്റയാണെങ്കിൽ ഇടത്തെ സെർവീസ് കോർട്ടിലുള്ള കളിക്കാരനും സെർവ് ചെയ്യുന്നു. കളിക്കാരുടെ സെർവീസ് കോർട്ട് നിശ്ചയിക്കുന്നത് മുമ്പത്തെ റാലി തുടങ്ങുന്നതിനു മുമ്പുള്ള അവരുടെ സ്ഥാനം കണക്കാക്കിയാണ്. റാലി കഴിഞ്ഞ ശേഷം അവർ എവിടെ നിൽക്കുന്നു എന്ന് പരിഗണിക്കാറില്ല. ഈ രീതിയിൽ കളിക്കുമ്പോൾ ഒരു ടീമിന് സെർവ് തിരിച്ചുകിട്ടുന്ന അവസരത്തിൽ സെർവ് ചെയ്യുന്നത് കഴിഞ്ഞ തവണ സെർവ് ചെയ്ത കളിക്കാരന്റെ പങ്കാളിയായിരിക്കും. സ്കോർ 20-20 ആവുകയാണെങ്കിൽ, ഒരാൾ രണ്ടു പോയിന്റ് മുന്നിട്ടു നിൽക്കുന്നതു വരെയോ (ഉദാഹരണം: 24-22), 30 പോയിന്റ് എത്തുന്നതു വരെയോ കളി തുടരും (30-29 ഒരു വിജയസ്കോറാണ്).

ഷട്ടിൽകളി(ബാഡ്മിന്റൺ) ഒരു നാട്ടിൻ പുറകാഴ്ച

ഒരു മത്സരം തുടങ്ങുന്നതിന് മുമ്പ് ആദ്യം ആര് സെർവ് ചെയ്യുമെന്ന് നിശ്ചയിക്കുന്നതിനായി ടോസിടും. ടോസ് ജയിക്കുന്നയാൾക്ക് സെർവ് ചെയ്യണോ റിസീവ് ചെയ്യണോ എന്നു തീരുമാനിക്കുകയോ, കളിക്കളത്തിന്റെ ഏതു വശത്ത് നിൽക്കണമെന്ന് തീരുമാനിക്കുകയോ ചെയ്യും. എതിരാളികൾ അവശേഷിക്കുന്ന തീരുമാനമെടുക്കും. തുടർന്നുള്ള ഗെയിമുകളിൽ തൊട്ടുമുമ്പത്തെ ഗെയിം ജയിച്ചവർ ആദ്യം സെർവ് ചെയ്യും. ഒരു ഡബിൾസ് ഗെയിമിന്റെ ആദ്യ റാലിയിൽ ജോഡികൾക്ക് ആര് ആദ്യം സെർവ് ചെയ്യണമെന്നോ ആര് ആദ്യം റിസീവ് ചെയ്യണമെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

ഓരോ ഗെയിം കഴിയുമ്പോഴും കളിക്കാർ വശം മാറുന്നു. ഒരു മത്സരത്തിന്റെ മൂന്നാമത്തെ ഗെയിമിൽ മുന്നിട്ടു നിൽക്കുന്ന ഒരു കളിക്കാരനോ ടീമോ 11 പോയിന്റ് എത്തുമ്പോഴും വശം മാറുന്നു.

സെർവർ ഷട്ടിൽ അടിക്കുന്നതിന് മുമ്പ് വരെ, സെർവറും റിസീവറും സെർവീസ് കോർട്ടുകളുടെ അതിർത്തികൾ തൊടാതെ അകത്തു തന്നെ നിൽക്കണം. ഡബിൾസിൽ മറ്റു രണ്ടു കളിക്കാർക്ക് സെർവറുടെയും റിസീവറുടെയും കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കാതെ എവിടെ വേണമെങ്കിലും നിൽക്കാം.

കളിക്കിടയിൽ അപ്രതീക്ഷിതമായ തടസ്സങ്ങളുണ്ടാകുമ്പോൾ അംപയർ ലെറ്റ് വിളിക്കുന്നു. അപ്പോൾ റാലി നിർത്തുകയും സ്കോറിന് മാറ്റമൊന്നും കൂടാതെ വീണ്ടും കളിക്കുകയും ചെയ്യുന്നു. അടുത്തുള്ള കോർട്ടിൽ നിന്ന് ഷട്ടിൽകോക്ക് കളിക്കളത്തിൽ വന്നു പതിക്കുക, ചെറിയ മുറികളിൽ ഷട്ടിൽകോക്ക് ഉത്തരത്തിൽ തട്ടുക തുടങ്ങിയ സന്ദർഭങ്ങളിലാണ് സാധാരണയായി ലെറ്റ് വിളിക്കാറുള്ളത്. സെർവ് ചെയ്യുമ്പോൾ റിസീവർ ഷട്ടിൽകോക്ക് സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെങ്കിലും ലെറ്റ് വിളിക്കാറുണ്ട്. സെർവ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഷട്ടിൽകോക്ക് വലയുടെ ടേപ്പിൽ തട്ടിയാൽ ലെറ്റ് വിളിക്കാറില്ല.

കളിയുപകരണങ്ങൾ

[തിരുത്തുക]

ഷട്ടിൽകോക്ക്

[തിരുത്തുക]
തൂവൽ കൊണ്ടുള്ള ഷട്ടിൽകോക്ക്

ബാഡ്മിന്റൺ കളിക്കാൻ ഉപയോഗിക്കുന്ന കോണാകൃതിയിലുള്ള ഒരു പ്രൊജക്ക്റ്റൈലാണ് ഷട്ടിൽകോക്ക്. തൂവലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കപ്പെടുന്നത്. 4.75 ഗ്രാം മുതൽ 5.50 ഗ്രാം വരെയാണ് ഒരു ഷട്ടിൽകോക്കിന്റെ ഭാരം. 70 മില്ലിമീറ്റർ നീളമുള്ള പതിനാലോ പതിനാറോ തൂവലുകൾ കൊണ്ടാണ് ഷട്ടിൽകോക്ക് ഉണ്ടാക്കുന്നത്. അടിവശത്തുള്ള കോർക്കിന്റെ വ്യാസം 25-28 മില്ലീമീറ്ററാണ്. തൂവലുകൾ മുകൾഭാഗത്തുണ്ടാക്കുന്ന വൃത്തത്തിന്റെ വ്യാസം ഏകദേശം 54 മില്ലിമീറ്ററാണ്.

തൂവലുകൾ എളുപ്പത്തിൽ പൊട്ടുന്നവയായതു കൊണ്ട് മിക്കവാറും ഒരു കളിക്കിടയിൽ പല തവണ ഷട്ടിൽകോക്ക് മാറ്റേണ്ടതായി വരും. ഇക്കാരണത്താൽ തൂവലുകൾക്ക് പകരം പ്ലാസ്റ്റിക്ക് ഉപയോഗിച്ചിള്ള സിന്തറ്റിക് ഷട്ടിലുകളും ബാഡ്മിന്റൺ കളിക്കാൻ ഉപയോഗിക്കുന്നു. സിന്തറ്റിക്ക് ഷട്ടിൽകോക്കുകൾ കേട് പറ്റാതെ വളരെകാലം നീണ്ടുനിൽക്കുന്നു. എങ്കിലും പ്രധാന മത്സരങ്ങളിലും ടൂർണമെന്റുകളിലുമെല്ലാം തൂവൽ കൊണ്ടുള്ള ഷട്ടിലുകളാണ് എപ്പോഴും ഉപയോഗിക്കുന്നത്.

റാക്കറ്റ്

[തിരുത്തുക]
ബാഡ്മിന്റൺ റാക്കറ്റുകൾ

ഷട്ടിൽ കളിക്കാൻ ഉപയോഗിക്കുന്ന റാക്കറ്റുകൾ ഭാരം കുറഞ്ഞവയാണ്. 70 മുതൽ 95 ഗ്രാം വരെയാണ് ഇവയുടെ ഭാരം (കമ്പിയും പിടിയും ഇല്ലാതെ). കാർബൺ ഫൈബർ, ഉരുക്ക് തുടങ്ങി വിവിധ തരം വസ്തുക്കൾ ഉപയോഗിച്ചാണ് അവ നിർമ്മിക്കപ്പെടുന്നത്. കാർബൺ ഫൈബർ റാക്കറ്റിന് കൂടുതൽ ബലം നൽകുന്നു. ഓവൽ ആകൃതിയാണ് മിക്കവാറും റാക്കറ്റിന്റെ തലയ്ക്ക്. എന്നാൽ സമനീയമായ (ഐസോമെട്രിക്ക്) ആകൃതിയിലുള്ള റാക്കറ്റുകളും ഇപ്പോൾ ഉപയോഗിച്ചു വരുന്നു. ബാഡ്മിന്റൺ റാക്കറ്റിന്റെ കമ്പികൾ (സ്ട്രിംഗ്സ്) കട്ടി കുറഞ്ഞവയും എന്നാൽ ബലമേറിയതുമാണ്. 0.62 മുതൽ 0.73 മില്ലിമീറ്റർ വരെയാണ് ഇവയുടെ കട്ടി. 80 മുതൽ 160 ന്യൂട്ടൺ വരെയാണ് ഇവയുടെ ടെൻഷൻ. റാക്കറ്റിന്റെ പിടികൾക്കായ് (ഗ്രിപ്പ്) വിവിധ തരം വസ്തുക്കൾ ഉപയോഗിക്കുന്നു. പോളിയൂറിത്തീൻ സിന്തറ്റിക്ക് ഗ്രിപ്പുകളാണ് പൊതുവായി ഉപയോഗിച്ചു വരുന്നത്.

ശൈലികൾ

[തിരുത്തുക]

ബാഡ്മിന്റൺ കളിക്കുന്നതിനായി വ്യത്യസ്ത രീതികളിൽ ഷട്ടിൽകോക്കിനെ അടിക്കാം (സ്ട്രോക്ക്). എല്ലാ സ്ട്രോക്കുകളും ഒന്നെങ്കിൽ ഫോർഹാൻഡിലോ അല്ലെങ്കിൽ ബാക്ക്‌ഹാൻഡിലോ കളിക്കാം. കൈ മുന്നോട്ട് ആഞ്ഞ് ഷട്ടിൽകോക്കിനെ അടിക്കുന്നതിനെ ഫോർഹാൻഡെന്നും കൈ പിന്നോട്ട് ആഞ്ഞ് അടിക്കുന്നതിനെ ബാക്ക്‌ഹാൻഡ് എന്നും പറയുന്നു.

ബാഡ്മിന്റൺ നിയന്ത്രിക്കുന്നത് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ എന്ന അന്താരാഷ്ട്ര സംഘടനയാണ്. ഓരോ ഭൂഖണ്ഡത്തിലും പ്രാദേശിക സംഘടനകളുണ്ട്.

  • ഏഷ്യ - ബാഡ്മിന്റൺ ഏഷ്യ കോൺഫെഡറേഷൻ (ബി.എ.സി.)
  • ആഫ്രിക്ക - ബാഡ്മിന്റൺ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്ക (ബി.സി.എ.)
  • അമേരിക്ക - ബാഡ്മിന്റൺ പാൻ ആം (വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ഒരേ കോൺഫെഡറേഷന്റെ കീഴിലാണ്; ബി.പി.എ.)
  • യൂറോപ്പ് - ബാഡ്മിന്റൺ യൂറോപ്പ് (ബി.ഇ.)
  • ഓഷ്യാനിയ - ബാഡ്മിന്റൺ ഓഷ്യാനിയ (ബി.ഒ.)

ഇന്ത്യൻ ബാഡ്മിന്റൺ

[തിരുത്തുക]

ഇന്ത്യയിൽ നിന്നുള്ള ചില പ്രശസ്തരായ ബാഡ്മിന്റൺ താരങ്ങൾ

അവലംബം

[തിരുത്തുക]
  1. 1.0 1.1 Guillain, Jean-Yves (2004-09-02). Badminton: An Illustrated History. Publibook. p. 47. ISBN 2748305728. {{cite book}}: |access-date= requires |url= (help)
  2. Connors, M (1991). The Olympics Factbook: A Spectator's Guide to the Winter and Summer Games. Michigan: Visible Ink Press. p. 195. ISBN 0810394170. {{cite book}}: |access-date= requires |url= (help); Unknown parameter |coauthors= ignored (|author= suggested) (help)
  3. 3.0 3.1 "The history of Badminton". The University of Southern Mississippi. Archived from the original on 2009-12-16. Retrieved 2011-05-01.
  4. "History of Badminton: Founding of the BAE and Codification of the Rules". WorldBadminton.com.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബാഡ്മിന്റൺ&oldid=4089667" എന്ന താളിൽനിന്ന് ശേഖരിച്ചത്