വരയാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലഗിരി താർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Nilgiritragus

Species:
N. hylocrius
Binomial name
Nilgiritragus hylocrius
(Ogilby, 1838)
Synonyms

Hemitragus hylocrius

മൂന്നാറിൽ നിന്നും

നീലഗിരി ജൈവമണ്ഡലത്തിൽ മാത്രം കാണുന്ന തദ്ദേശീയ ജൈവവംശമാണ് വരയാടുകൾ[2][3][4](ശാസ്ത്രീയനാമം: Nilgiritragus hylocrius). 2005 വരെ വരയാടുകളെ ഹിമാലയൻ താർ (Hemitragus jemlahicus) ആയോ ഹിമാലയൻ താറിന്റെ ഉപവംശമായോ ആണു കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രനാമത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. വരയാടിന്റെ ശാസ്ത്രനാമം ചിലയിടങ്ങളിൽ "Hemitragus hylocrius" എന്നു തെറ്റായി പരാമർശിച്ചിരിക്കുന്നതുകാണാം. തമിഴ്നാടിന്റെ സംസ്ഥാന മൃഗമാണ്[5] നീലഗിരി താർ (വരയാട്).

കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്[6]. ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളിൽ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു. ഐ.യു.സി.എന്നിന്റെ റെഡ്‌ ഡാറ്റാ ലിസ്റ്റിൽ[7] പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു.

വളരെ ഗൗരവത്തോടെ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പശ്ചിമഘട്ടത്തിൽ ഇപ്പോൾ 2500 വരയാടുകളുണ്ട്‌ എന്നാണ് കരുതുന്നത്. എന്നാൽ ഈ കണക്ക്‌ ശരിയാവില്ലെന്നും യഥാർഥത്തിൽ വരയാടുകളുടെ എണ്ണം ഇതിലും വളരെ കുറവാകാമെന്നും മൂന്നാറിൽ 2006 സെപ്റ്റംബറിൽ ചേർന്ന മലമുകളിൽ വസിക്കുന്ന ഒറ്റക്കുളമ്പുള്ള ജീവികളെക്കുറിച്ചുള്ള ലോകസമ്മേളനത്തിൽ അഭിപ്രായമുയർന്നു. വന്യജീവി ഗവേഷകരായ ആർ.ജെ.രഞ്ജിത്ത്‌, പി.എസ്‌.ഈസ, കെ.രാംകുമാർ, പ്രതീഷ്‌ സി.മാമ്മൻ, മോഹൻ അലെമ്പത്ത്‌ എന്നിവർ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ നിരീക്ഷണമുള്ളത്‌.

ആട്ടിൻ കുടുംബത്തിൽ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളിൽ ഉള്ളത്. അതുകൊണ്ട് വരയാടുകളെ “കാട്ടാട്” എന്നും വിളിക്കാറുണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

സാധാരണ ആടുകളുമായി വളരെ സാദൃശ്യവും, ജൈവികമായി അടുപ്പവുമുള്ള ഈ ജീവികളിൽ ആണാടുകൾക്കായിരിക്കും കൂടുതൽ വലിപ്പം[8]. ആണാടുകൾക്ക് 100-110 സെന്റീമീറ്റർ ഏകദേശ ഉയരവും പെണ്ണാടുകൾക്ക് 60-80 സെന്റീമീറ്റർ വരെ ഏകദേശ ഉയരവും ഉണ്ടാകും , ആണാടുകൾ 100 കിലോഗ്രാം വരെ ഭാരമുള്ളവയും ആയിരിക്കും. ആണാടുകൾക്കും പെണ്ണാടുകൾക്കും പിന്നിലേക്കു വളഞ്ഞ കൊമ്പുകളുണ്ടായിരിക്കും. പെണ്ണാടുകളുടെ കൊമ്പുകൾ താരതമ്യേന ചെറുതായിരിക്കും. 60 കിലോഗ്രാം വരെയായിരിക്കും പെണ്ണാടുകളുടെ ഭാരം[9]. ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് പ്രത്യുത്പാദനം നടക്കുന്നത്. ജനിച്ച് രണ്ട് മാസം മാതാവിന്റെ പൂർണ്ണ സംരക്ഷണത്തിലായിരിക്കും. പ്രായപൂർത്തിയാകാൻ 16 മാസം എടുക്കുന്നു. 9 വർഷം വരെ ജീവിച്ചിരിക്കാൻ ശേഷിയുണ്ടെങ്കിലും ശരാശരി ആയുസ് 3.5 വർഷമാണ്[9].

ആവാസവ്യവസ്ഥകൾ[തിരുത്തുക]

ആടുവർഗ്ഗത്തിൽ പെടുന്ന ഈ ജീവികൾ നീലഗിരി കുന്നുകൾ, പശ്ചിമഘട്ടത്തിന്റെ പാലക്കാട് മുതൽ ഇടുക്കി വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്നു. കണ്ടെത്തിയിട്ടുള്ള ഏറ്റവും കൂടുതൽ ഉയരം സമുദ്രനിരപ്പിൽ നിന്നും 2695 മീറ്റർ (ആനമുടി) ഉയരത്തിലാണ്. കണ്ടെത്തിയിട്ടുള്ള ഏറ്റവും താഴ്ന ഉയരം 600 മീറ്റർ[9].

മുലയൂട്ടുന്ന വരയാട് ഇരവികുളം ദേശീയോദ്യാനത്തിൽ പകർത്തിയത്

പുൽമേടുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളാണ് വരയാടുകളുടെ വിഹാരകേന്ദ്രങ്ങൾ. ഇത്തരം സ്ഥലങ്ങളിലെ പാറക്കെട്ടുകളുള്ള പ്രദേശങ്ങളോട് ഇവക്ക് പ്രത്യേക മമതയുണ്ട്. പാറക്കെട്ടുകളിൽ ചെറിയ കുത്തുകൾ പ്രയോജനപ്പെടുത്തി അവയിലൂടെ സഞ്ചരിക്കാൻ വരയാടുകൾക്ക് കഴിയും. ഇരപിടിയന്മാരിൽ നിന്നും രക്ഷപെടാൻ വരയാടുകൾ ഇത്തരം പാറക്കെട്ടുകൾ ഉപയോഗിക്കാറുണ്ട്. പ്രത്യുത്പാദനവും പാറയിടുക്കുകളിലാണുണ്ടാവാറ്. വരയാടുകൾക്ക്‌ ഈ പേരു ലഭിച്ചത്‌ തമിഴിൽ നിന്നാണ്. തമിഴിൽ വരൈ എന്നാൽ പാറ എന്ന് അർത്ഥമാകുന്നതിനാൽ പാറ മുകളിൽ താമസിക്കുന്ന ആട്‌ എന്നർഥം വരുന്നതാണ് ഈ പേര്.

തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ. പശ്ചിമഘട്ടത്തിന്റെ അഞ്ച്‌ ശതമാനം പോലും വരാത്ത ഭൂവിഭാഗത്തിലാണ് ഇന്നു വരയാടുകൾ ഉള്ളത്‌. ഉയർന്ന വൻപാറകൾ ഉള്ള മലകളാൽ ചുറ്റപ്പെട്ട പുൽമേടുകളിലാണ് വരയാടുകൾ കാണപ്പെടുന്നത്‌. വർഷം തോറും 1500 മില്ലീമീറ്ററിലധികം മഴ കിട്ടുന്ന ഇവിടങ്ങൾ വരണ്ടകാലാവസ്ഥയുള്ളതുമാകും. പശ്ചിമഘട്ടത്തിൽ നീലഗിരി കുന്നുകൾക്കും കന്യാകുമാരി കുന്നുകൾക്കും ഇടയിൽ 400 കിലോമീറ്ററിനുള്ളിലായാണ് വരയാടുകൾ അധിവസിക്കുന്ന ആറു മേഖലകൾ. ഇവയിൽ 16 ഇടങ്ങളിലായി വരയാടുകൾ കാണപ്പെടുന്നു.

ശരീരം[തിരുത്തുക]

ഇവയ്ക്ക് കടും മഞ്ഞയോ തവിട്ടോ നിറത്തിലുള്ള വളരെ ചെറിയ രോമങ്ങളാണുള്ളത്. കുഞ്ചിരോമങ്ങൾ ചെറുതും മുള്ളുപോലുള്ളതുമായിരിക്കും.

വേട്ടയാടലിന്റെ ഇര[തിരുത്തുക]

തെക്കേ ഇന്ത്യയിൽ നീലഗിരി മുതൽ ആനമല വരെയും പശ്ചിമഘട്ടത്തിൽ ഉടനീളവും വരയാടുകൾ കാണപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ അനിയന്ത്രിതമായ വേട്ടയും കൊന്നൊടുക്കലും മൂലമാണ് വരയാടുകൾ വംശനാശം നേരിടാൻ ഇടയായത്‌. വേനൽ കാലത്തെ കാട്ടു തീയും നാട്ടു മൃഗങ്ങൾ തീറ്റതേടി വനമേഖലയിലേക്കു കടന്നതും വരയാടുകളുടെ വാസസ്ഥലം ചുരുങ്ങാൻ ഇടയാക്കി. ചിതറിയതും ചുരുങ്ങിയതുമായ മേഖലകളിലേക്ക്‌ വരയാടുകൾ ഒതുങ്ങാൻ ഇതിടയാക്കി. ഇരവികുളത്തെ വാസസ്ഥലം വന്മലകളാൽ ചുറ്റപ്പെട്ടിരുന്നതും ഇവിടുത്തെ മനുഷ്യർക്ക്‌ പ്രതികൂലമായ കാലാവസ്ഥയുമാണ് ഇവിടെ വരയാടുകൾക്ക്‌ രക്ഷയായത്‌.

ഇരവികുളത്തുനിന്നും

പെരിയാറും ഗവിയും[തിരുത്തുക]

പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ചില പ്രദേശങ്ങളിലും ഗവിയിലും ചെറിയതോതിൽ വരയാടു സമൂഹങ്ങളെ കാണുന്നുണ്ട്‌.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Nilgiritragus hylocrius". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 5 April 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) Database entry includes a brief justification of why this species is of endangered.
  2. http://www.nilgiriswaterportal.in/nilgiris_region/nilgiri-biosphere-reserve
  3. R.J. Ranjit Daniels (1996). "The Nilgiri Biosphere Reserve: A Review of conservation status with recommendations for a holistic aproach to management" (PDF) (in ഇംഗ്ലീഷ്). യുനെസ്കോ. Retrieved 2008-11-18.{{cite web}}: CS1 maint: unrecognized language (link)
  4. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.
  5. tnenvis.nic.in/PDF/biodiversity.pdf
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-05. Retrieved 2008-11-18.
  7. ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ
  8. http://www.ultimateungulate.com/Artiodactyla/Hemitragus_hylocrius.html
  9. 9.0 9.1 9.2 "All the info about the endangered Nilgiri Tahr" (in ഇംഗ്ലീഷ്). nilgiritahrinfo.info. Archived from the original on 2009-10-06. Retrieved 3 ഏപ്രിൽ 2010.{{cite web}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വരയാട്&oldid=3808356" എന്ന താളിൽനിന്ന് ശേഖരിച്ചത്