രണ്ടാം പാനിപ്പത്ത് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ടാം പാനിപ്പത്ത് യുദ്ധം
മുഗൾ യുദ്ധങ്ങൾ ഭാഗം
തിയതിനവംബർ 5, 1556 (മുഹറ്രം 2,964 ഹിജ്രി)
സ്ഥലംപാനിപ്പത്ത്, ഹരിയാന, ഇന്ത്യ
ഫലംനിർണ്ണായക മുഗൾ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മുഗൾ സാമ്രാജ്യംസൂരി സാമ്രാജ്യം
പടനായകരും മറ്റു നേതാക്കളും
ജലാലുദ്ദിൻ മുഹമ്മദ് അക്ബർ
ബൈറാം ഖാൻ
ഹെമു 
ശക്തി
<15,000>30,000
നാശനഷ്ടങ്ങൾ
തുച്ഛംഉയർന്നത്

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ സൈന്യവും ഹെമു എന്ന് അറിയപ്പെട്ട സൂരി സാമ്രാജ്യത്തിലെ സാമ്രാട്ട് ഹേം ചന്ദർ വിക്രമാദിത്യന്റെ സൈന്യവും തമ്മിൽ 1556 നവംബർ 5-നു നടന്ന യുദ്ധമാണ് രണ്ടാം പാനിപ്പത്ത് യുദ്ധം.[1]. യുദ്ധാനന്തരം മുഗളർ തങ്ങൾക്കു നഷ്ടപ്പെട്ട ദില്ലിയും ആഗ്രയും തിരിച്ചുപിടിക്കുകയും കൂടുതൽ മേഖലകളിലേക്ക് അവരുടെ അധികാരം വ്യാപിപ്പിക്കുകയും ചെയ്തു.

പശ്ചാത്തലം[തിരുത്തുക]

1556 ജനുവരി 24-നു, മുഗൾ ചക്രവർത്തിയായ ഹുമയൂൺ അന്തരിച്ചു. പിന്നാലെ, 1556 ഫെബ്രുവരി 14-നു, പഞ്ചാബിലെ കാലാനൗറിലെ ഒരു പൂന്തോട്ടത്തിൽ വെച്ച്, ഹുമയൂണിന്റെ പതിമൂന്നുവയസ്സുമാത്രം പ്രായമുള്ള മകൻ അക്ബർ കിരീടധാരിയായി. അക്ബർ ചക്രവർത്തിയാകുമ്പോൾ മുഗൾ ഭരണം കാബൂൾ, കാണ്ടഹാർ, ദില്ലിയുടെ ചില ഭാഗങ്ങൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഒതുങ്ങിനിന്നു. അക്ബർ ഇതിനു പിന്നാലെ തന്റെ രക്ഷാധികാരിയായ ബൈറാം ഖാനുമൊത്ത് കാബൂളിൽ താമസിക്കുകയായിരുന്നു.

ഹേം ചന്ദർ അഥവാ ഹെമു ആദിൽ ഷാ സൂരിയുടെ പ്രധാനമന്ത്രിയും സൈന്യാധിപനും ആയിരുന്നു. ദില്ലിയ്ക്ക് കിഴക്ക് ചുനാർ ആസ്ഥാനമാക്കി ഒരു പ്രദേശം ഭരിച്ചിരുന്ന ആദിൽ ഷാ സൂരി ദില്ലിയിൽ നിന്നും മുഗളരെ തുരത്താൻ ആഗ്രഹിച്ചു. ഹുമയൂണിന്റെ മരണ സമയത്ത് ഹെമു ബംഗാളിൽ ഒരു കലാപം അടിച്ചമർത്തി. തനിക്കുവേണ്ടി ദില്ലി പിടിച്ചടക്കുന്നതിനുള്ള ആഗ്രഹം ഹെമു തന്റെ സേനാനായകന്മാരെ അറിയിച്ചു. പിന്നീട് വടക്കേ ഇന്ത്യയിൽ ഒട്ടാകെ യുദ്ധവിജയങ്ങൾ ഹെമു ആരംഭിച്ചു. ഹെമു ആഗ്ര ആക്രമിച്ചപ്പോൾ, ആഗ്രയിലെ മുഗൾ സൈന്യങ്ങളുടെ സൈന്യാധിപൻ ഓടിരക്ഷപെട്ടു, തത്ഫലമായി ഒരു പോരാട്ടം കൂടാതെ ഹെമു ആ സംസ്ഥാനം പിടിച്ചടക്കി. എത്താവയുടെ ഒരു വലിയ പ്രദേശവും, കല്പി, ആഗ്ര സംസ്ഥാനങ്ങളും ഹെമുവിന്റെ നിയന്ത്രണത്തിലായി.

ഇതിനു പിന്നാലെ ഹെമു ദില്ലി ലക്ഷ്യമാക്കി നീങ്ങി. ഹെമുവിന്റെ സൈന്യങ്ങൾ തുഗ്ലഖബാദ് നഗരത്തിൽ നിലയുറപ്പിച്ചു. 1556 ഒക്ടോബർ 6-നു ഹെമുവിന്റെ സൈന്യം മുഗൾ സൈന്യത്തെ നേരിട്ടു. ഒരു ഘോരമായ യുദ്ധത്തിനു ശേഷം അക്ബറിന്റെ സൈന്യം പരാജയപ്പെട്ടു, മുഗൾ സൈന്യത്തിന്റെ സൈന്യാധിപനായിരുന്ന താർദി ബേഗ് ഓടി രക്ഷപെട്ടു, ഇത് വലിയ ബുദ്ധിമുട്ടില്ലാതെ ദില്ലി പിടിച്ചടക്കുന്നതിന് ഹെമുവിനെ സഹായിച്ചു. ഏകദേശം 3000 സൈനികർ ഈ യുദ്ധത്തിൽ മരിച്ചു. ഹെമു പുരാണ കിലയിൽ 1556 ഒക്ടോബർ 7-നു സ്വയം രാജാവായി അവരോധിച്ചു, സമ്രാട്ട് വിക്രമാദിത്യ എന്ന പദവി സ്വീകരിച്ചു.

യുദ്ധം[തിരുത്തുക]

ദില്ലിയിലെയും ആഗ്രയിലെയും സംഭവ വികാസങ്ങൾ കലനൂരിലെ മുഗളരെ അലോസരപ്പെടുത്തി. പല മുഗൾസൈന്യാധിപരും മുഗൾ സൈന്യം ഹെമുവിന്റെ ശക്തിയോട് കിടനിൽക്കില്ല എന്നും, അക്ബറും ബൈറാം ഖാനും കാബൂളിലേയ്ക്ക് പിൻവാങ്ങണം എന്നും ഉപദേശിച്ചു. എന്നാൽ ബൈറാം ഖാൻ യുദ്ധത്തിന് അനുകൂലമായി തീരുമാനമെടുത്തു. അക്ബറിന്റെ സൈന്യം ദില്ലിയിലേയ്ക്ക് മാർച്ച് ചെയ്തു. നവംബർ 5-നു, മുപ്പതു വർഷം മുൻപ് അക്ബറിന്റെ മുത്തച്ഛനായ ബാബർ ഇബ്രാഹിം ലോധിയെ ഒന്നാം പാനിപ്പത്തു യുദ്ധത്തിൽ പരാജയപ്പെടുത്തിയ സ്ഥലമായ ചരിത്രപ്രധാനമായ പാനിപ്പത്തിൽ, ഈ രണ്ടു സൈന്യവും ഏറ്റുമുട്ടി. ഈ യുദ്ധത്തിൽ ഹെമു വീരോചിതമായ ധൈര്യം പ്രദർശിപ്പിച്ചു. മുഗൾ സൈന്യത്തിനു നേരെ പലതവണ ആനകളെ അയച്ച് അവരുടെ സൈന്യനിരകളെ ഭേദിക്കാൻ ശ്രമിച്ചു. സൈന്യാധിപനായ ഹെമു നേരിട്ട് ഒരു ആനയുടെ മുകളിലിരുന്ന് തന്റെ സൈന്യത്തെ മുന്നോട്ടുനയിച്ചു. ഹെമുവിനെ ആക്രമിക്കാൻ ബൈറാം ഖാൻ ഒരു നൂതന പദ്ധതി തയ്യാറാക്കി. അങ്ങനെ അമ്പെയ്ത്തുകാരുടെ ഒരു സംഘത്തെ, അവർക്കു ചുറ്റും വാളേന്തിയ പോരാളികളെ ഒരു വൃത്തത്തിൽ വിന്യസിച്ച് സം‌രക്ഷിച്ച്, ഹെമുവിന്റെ അടുത്തേയ്ക്ക് എത്തിച്ചു. ഈ സംഘം ഹെമുവിന്റെ അടുത്തെത്തിയപ്പോൾ അവർ സൈന്യാധിപനായ ഹെമുവിന്റെ നേർക്ക് ധാരാളം അമ്പുകൾ അയച്ചു. ഒരു അമ്പ് ഹെമുവിന്റെ കണ്ണിൽ തറച്ച് അദ്ദേഹം ബോധരഹിതനായി തന്റെ ആനപ്പുറത്തുനിന്നും വീണു. ഇതോടെ ഹെമുവിന്റെ സൈന്യം ആശയക്കുഴപ്പത്തിലാണ്ട് ചിതറുകയും, തുടർന്ന് പരാജയപ്പെടുകയും ചെയ്തു. ഷേർ അഫ്ഗാൻ കിലി ഖാൻ ഹെമുവിനെ പിടികൂടി അക്ബറിന്റെ പാളയത്തിൽ എത്തിച്ചു. ബൈറാം ഖാൻ അക്ബർ ജനറൽ ഹെമുവിനെ സ്വയം കൊല്ലണം എന്നും, അങ്ങനെ ഘാസി (യുദ്ധ സൈനികരുടെ വിശ്വാസത്തിന്റെ നേതാവ്) പട്ടത്തിന് അർഹത നേടണമെന്നും ആഗ്രഹിച്ചു. എന്നാൽ അക്ബർ തോല്പ്പിക്കപ്പെട്ടതും മുറിവേറ്റതുമായ ഒരു ശത്രുവിനെ കൊല്ലാൻ വിസമ്മതിച്ചു. അക്ബറിന്റെ നീരസത്തിലും ന്യായങ്ങളിലും കുപിതനായ ബൈറാം ഖാൻ സ്വയം ഹെമുവിന്റെ ശിരസ്സ് ഛേദിച്ചു. ഹെമുവിന്റെ ശിരസ്സ് കാബൂളിലേയ്ക്ക് അയച്ചു, അത് കാബൂളിൽ ദില്ലി ദർവാസയ്ക്ക് പുറത്ത് തൂക്കിയിട്ടു. കബന്ധം ദില്ലിയിലെ പുരാന കിലയ്ക്ക് പുറത്ത് പ്രദർശിപ്പിച്ചു.

പരിണതഫലങ്ങൾ[തിരുത്തുക]

പാനിപ്പത്ത് യുദ്ധത്തിനു ശേഷം, വലിയ ചെറുത്തുനില്പില്ലാതെ, ആഗ്രയും ദില്ലിയും അക്ബറിന്റെ അധികാരത്തിലായി. എന്നാൽ അധികാരം ഏറി അധികം കഴിയുന്നതിനു മുന്നേ, പഞ്ചാബിൽ നിന്നും ആദിൽ ഷാ സൂരിയുടെ സഹോദരനായ സിഖന്ദർ ഷാ സൂരി പടനയിക്കുന്നു എന്ന് രഹസ്യ വിവരം കിട്ടിയതിൽ പിന്നാലെ, അക്ബർ പഞ്ചാബിലേയ്ക്കു പോയി. മുഗൾ സൈന്യം മാൻകോട്ട് കോട്ടയ്ക്കു ചുറ്റും ഉപരോധം തീർക്കുകയും, പിന്നാലെ ആദിൽ ഷാ സൂരിയെ തോല്പ്പിച്ച് പിടികൂടുകയും, അദ്ദേഹത്തെ ബംഗാളിലേയ്ക്ക് നാടുകടത്തുകയും ചെയ്തു. 1556-ല് പാനിപ്പത്ത് യുദ്ധത്തിൽ അക്ബറിന്റെ വിജയം ഇന്ത്യയിൽ അധികാരത്തിലേയ്ക്ക് മുഗൾ രാജവംശത്തെ പുന:സ്ഥാപിച്ചു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. S. Chand. History of Medieval India. ISBN 8121903645.