Jump to content

നാദിർ ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nader Shah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാദിർ ഷാ
ഇറാന്റെ ഷാ
A contemporary court portrait of Nader Shah by Mohammad Reza Hendi (c. 1740), now held in London's V&A
ഭരണകാലം1736–1747
മുൻ‌ഗാമിഅബ്ബാസ് മൂന്നാമൻ
പിൻ‌ഗാമിആദിൽ ഷാ
രാജ്ഞിയും റീജന്റ്റസിയ ബീഗം സഫവി
പിതാവ്ഇമാം ക്വിലി

1736 മുതൽ 1747 വരെ വിശാല ഇറാനിൽ ഭരണത്തിലിരുന്ന അഫ്‌ഷാറി സാമ്രാജ്യത്തിന്റെ ചക്രവർത്തിയും സ്ഥാപകനുമാണ് നാദിർ ഷാ അഫ്‌ഷാർ (പേർഷ്യൻ: نادر شاه افشار;) എന്ന നാദിർ ഷാ. (നാദിർ ഖിലി ബെഗ്, നാദിർ ഖാൻ എന്നിങ്ങനെയും അറിയപ്പെടുന്നു). (ജനനം: 1688 നവംബർ /1698 ഓഗസ്റ്റ് 6 – മരണം: 1747 ജൂൺ 19). ഇദ്ദേഹത്തിന്റെ സൈനികതന്ത്രങ്ങൾ മൂലം ചില ചരിത്രകാരന്മാർ പേർഷ്യയിലെ നെപ്പോളിയൻ എന്നും രണ്ടാം അലക്സാണ്ടർ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

സഫവി സാമ്രാജ്യത്തിലെ ദുർബലനായ ഷാ ഹുസൈന്റെ കാലത്ത് അഫ്ഗാനികൾ പേർഷ്യ പിടിച്ചടക്കി ആധിപത്യം സ്ഥാപിച്ച വേളയിലാണ് നാദിർഷാ രംഗത്തെത്തുന്നത്. ഓട്ടൊമൻ തുർക്കികളും റഷ്യക്കാരും പേർഷ്യയുടെ പല ഭാഗങ്ങളും ഇക്കാലത്ത് കൈയടക്കി വച്ചിരുന്നു. പിന്നീട് സഫവികളൂടെ ദുർബലരായ പിൻ‌ഗാമികളിൽ നിന്നും 1736-ൽ നാദിർ ഷാ അധികാരം സ്വയം ഏറ്റെടുക്കുകയും ചെയ്തു.

നാദിർ ഷയുടെ സൈനികമുന്നേറ്റൾ വിശാലമായ ഒരു പേർഷ്യൻ സാമ്രാജ്യത്തിന്റെ പിറവിക്ക് വഴിതെളിച്ചു. ഈ സാമ്രാജ്യത്തിൽ, ഇന്നത്തെ ഇറാൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, കോക്കാസസ് മേഖലയുടെ ഭാഗങ്ങൾ, മദ്ധ്യേഷ്യയുടെ ചില ഭാഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. എങ്കിലും സൈനികരംഗത്തെ ചെലവ്, പേർഷ്യൻ സാമ്പത്തികരംഗത്ത് വൻ നാശനഷ്ടം വരുത്തിവച്ചു. നാദിർ ഷായുടെ വിജയങ്ങൾ, അദ്ദേഹത്തെ മദ്ധ്യേഷ്യയിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്തിന്റെ അധിപനാക്കിയെങ്കിലും 1747-ൽ അദ്ദേഹം കൊല്ലപ്പെട്ടതിനു ശേഷം സാമ്രാജ്യം ഛിന്നഭിന്നമായി.

ജീവചരിത്രം

[തിരുത്തുക]

ഷാ ഇസ്മായിൽ ഒന്നാമന്റെ കാലം മുതലേ സഫവികൾക്ക് സൈനികരെ സംഭാവനചെയ്തിരുന്ന വടക്കൻ പേർഷ്യയിലെ (ഖുറാസാനിലെ) തുർക്കോഫോൻ അഫ്ഷാർ വംശത്തിൽനിന്നുള്ളയാളാണ് നാദിർ ഷാ. അഫ്ഷാർ വംശത്തിലെ ക്വിരിക്ലു വിഭാഗത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ ജന്മനാമം, നാദിർ ഖിലി ബെഗ് എന്നായിരുന്നു. [1]

താഹ്മാസ്പിന്റെ സൈന്യാധിപൻ

[തിരുത്തുക]

സഫവി സാമ്രാജ്യത്തിലെ ഷാ ഹുസൈന്റെ ഭരണകാലത്ത് 1722 മാർച്ച് 8-ന് കന്ദഹാറിൽ നിന്നുള്ള ഹോതകി ഘൽജികളുടെ സൈന്യം മിർ മഹ്മൂദിന്റെ നേതൃത്വത്തിൽ സഫവി സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇസ്ഫാഹാൻ ആക്രമച്ച് പിടിച്ചടക്കി. ഷാ ഹുസൈന്റെ രക്ഷപെട്ട ഏകമകനായ താഹ്മാസ്പ് രണ്ടാമൻ 1722 നവംബർ 10-ന് ഖാസ്വിൻ നഗരത്തിൽ വച്ച് പുതിയ ഷാ ആയി പ്രഖ്യാപിക്കുകയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമമാരംഭിക്കുകയും ചെയ്തു.[2]

1726-ൽ താഹ്മാസ്പിന്റെ സൈന്യത്തിൽ ചേർന്ന നാദിർ ഖാൻ, തുടക്കത്തിൽത്തന്നെ നേതൃപാടവം പ്രകടിപ്പിച്ചിരുന്നു. മൂന്നു വർഷത്തിനു ശേഷം, ഇദ്ദേഹം സൈന്യത്തിൽ പ്രധാനസ്ഥാനത്തേക്കെത്തുകയും ചെയ്തു.[1] ഇക്കാലത്ത് താഹ്മാസ്പിനെ പിന്തുണച്ചിരുന്ന മൂന്ന് പ്രധാനപ്പെട്ട തദ്ദേശിയനേതാക്കളിൽ ഒരാളായി നാദിർ ഖാൻ മാറി. ഖാജർ തുർക്കികളുടെ നേതാവും കാസ്പിയന്റെ തെക്കുകിഴക്കുള്ള ആധുനിക ഗുർഗാൻ നഗരത്തിനടുത്തുള്ള അസ്തറാബാദിലെ ഭരണാധികാരിയുമായിരുന്ന ഫത് അലിഖാൻ ഖാജർ, മശ്‌ഹദിലെ ഭരണാധികാരിയായിരുന്ന മാലിക് മഹ്മൂദ് എന്നിവരായിരുന്നു മറ്റു രണ്ടുപേർ‍. മൂന്നു നേതാക്കളും തമ്മിലുള്ള പരസ്പരമത്സരം നിരവധി രക്തച്ചൊരിച്ചിലുകളിലും അത് താഹ്മാസ്പിന്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്ന നിലയിൽ വന്നെത്തുകയും ചെയ്തു. ഇതിന്റെത്തുടർന്ന് താഹ്മാസ്പിന്റെ കല്പനപ്രകാരം, ഫത് അലി ഖാൻ ഖാജറിന്റെ[൧] തലവെട്ടി. 1726- നവംബറിൽ മശ്‌ഹദിലെ മാലിക് മഹ്മൂദിനെയും നാദിർ ഖാൻ തോൽപ്പിച്ചു. അങ്ങനെ നാദിർ ഖിലി ഖാൻ, താഹ്മാസ്പ് രണ്ടാമന്റെ സർവസൈന്യാധിപനായി മാറി[2].

പഷ്തൂണുകൾക്കെതിരെയുള്ള ആക്രമണം

[തിരുത്തുക]

നേതൃത്വമേറ്റെടുത്തതിന് രണ്ടു വർഷങ്ങൾക്കു ശേഷം, മശ്‌ഹദ് താവളമാക്കിയിരുന്ന നാദിർ ഖാൻ, അതിനു കിഴക്കുവശത്ത് ഇന്നത്തെ അഫ്ഗാനിസ്താന്റെ പടിഞ്ഞാറുഭാഗം (ഹെറാത്തും ഫറായും) നിയന്ത്രിച്ചിരുന്ന അബ്ദാലി പഷ്തൂണുകളെ നേരിടാൻ തീരുമാനിച്ചു. രണ്ടു ചിരന്തരവൈരികളാണ് അബ്ദാലികളെ ഇക്കാലത്ത് നയിച്ചിരുന്നത്. മുഹമ്മദ് ഖാൻ അഫ്ഗാന്റെ സഹോദരനായിരുന്ന അള്ളാ യാർ ഖാൻ, മുഹമ്മദ് സമാൻ ഖാന്റെ പുത്രനായിരുന്ന സുൾഫിക്കർ ഖാൻ എന്നിവരായിരുന്നു ഈ നേതാക്കൾ. ഇവർ യഥാക്രമം ഹെറാത്തിലും ഫറായിലും ഭരണത്തിലിരുന്നു.

1729-ൽ നാദിർ ഖാൻ അബ്ദാലികളെ പരാജയപ്പെടുത്തി. എന്നാൽ ഘൽജികളെ തോപ്പിക്കുന്നത് മുഖ്യലക്ഷ്യമാക്കിയിരുന്ന നാദിർ ഖാൻ ഇതിന് അബ്ദാലികളുടെ സഹായം ലഭ്യമാക്കുന്നതിനായി അള്ളാ യാർ ഖാനെ ഹെറാത്തിലെ സഫവി മേൽക്കോയ്മയിലുള്ള ഭരണകർത്താവായി വീണ്ടും നിയമിച്ചു.[2] അങ്ങനെ നിരവധി അബ്ദാലി പടയാളികൾ നാദിർ ഖാന്റെ സേനക്കൊപ്പം ചേർന്നു.[1]

ഇതിനു ശേഷം ഇസ്ഫാഹാനിൽ ഭരണത്തിലിരുന്ന അഷ്രഫിന്റെ നേതൃത്വത്തിലുള്ള ഹോതകി ഘൽജികളുമായി നിരവധി നാദിർ ഖാൻ നടത്തി. അവസാനം ഇസ്ഫാഹാന്റെ വടക്കുള്ള മൂർചാഖൂറിൽ വച്ച് അഷ്രഫ് അന്തിമമായി പരാജയപ്പെട്ടു. ഇതോടെ പേർഷ്യയിലെ പഷ്തൂൺ സാമ്രാജ്യത്തിന് അവസാനമായി. ഘൽജികളുടെ പരാജയത്തിനു ശേഷം താഹ്മാസ്പ് രണ്ടാമൻ ഇസ്ഫാഹാനിൽ അധികാരമേറ്റെടുത്തു[2].

അധികാരത്തിലേക്ക്

[തിരുത്തുക]

താഹ്മാസ്പ് രണ്ടാമന് മൂന്നു വർഷം മാത്രമേ ഭരണം നടത്താനായുള്ളൂ. പകരം അയാളുടെ ശിശുവായ പുത്രൻ ഷാ അബ്ബാസ് മൂന്നാമന്റെ പേരിൽ 1731 മുതൽ 1736 വരെ നാദിർ ഖാൻ ഭരണം നടത്തി. ഇക്കാലഘട്ടത്തിൽ ഘൽജികളും അബ്ദാലികളിലെ ഒരു വിഭാഗവും ഉൾപ്പെട്ട സുൾഫിക്കർ ഖാന്റെ നേതൃത്വത്തിലുള്ള സഖ്യം ഹെറാത്തും വടക്കുകിഴക്കൻ ഇറാനിലെ മ‌ശ്‌ഹദും പിടിച്ചടക്കിയെങ്കിലും ഇവരെയെല്ലാം നാദിർ ഖാൻ 1732-ഓടെ പരാജയപ്പെടുത്തി മശ്‌ഹദും ഹെറാത്തും നിയന്ത്രണത്തിലാക്കി.

1736-ൽ അബ്ബാസ് മൂന്നാമനെ സ്ഥാനഭ്രഷ്ടനാക്കി നാദിർ ഖാൻ, നാദിർ ഷാ എന്ന പേരിൽ സ്വയം സാമ്രാജ്യത്തിന്റെ ഷാ ആയി പ്രഖ്യാപിച്ചു[2].

കന്ദഹാർ ആക്രമണം

[തിരുത്തുക]

അധികാരത്തിലെത്തിയതിനു ശേഷം നിരവധി അബ്ദാലികളും അടങ്ങിയ 80,000-ത്തോളം പേരടങ്ങുന്ന നാദിർ ഷായുടെ സൈന്യം കന്ദഹാർ ലക്ഷ്യമാക്കി മുന്നേറി. കന്ദഹാർ നഗരത്തിലേക്ക് നേരിട്ട് ഒരു ആക്രമണത്തിന് മുതിരാതിഉന്ന നാദിർ ഷാ, നഗരത്തിന്റെ ചുറ്റുമായി കോട്ടകളുടെ ഒരു വലയം തീർത്ത് സേനയെ ഇവയിൽ വിന്യസിച്ചു.

ഇത്തരത്തിൽ നാദിർ ഷാ സ്വന്തം ഭടന്മാരെ വിന്യസിച്ച് കോട്ട, നാദിറാബാദ് എന്നറിയപ്പെടുന്നു. ഇന്നത്തെ കന്ദഹാർ നഗരത്തിന്റെ തെക്കുള്ള നാദിറാബാദ് ഇന്നും കാണാവുന്നതാണ്.

കന്ദഹാറിലേക്കുള്ള ആക്രമണം പുരോഗമിക്കുന്ന സമയം തന്നെ മറ്റൊരു പേർഷ്യൻ സൈന്യം, ബന്ദർ അബ്ബാസിൽ നിന്ന് പേർഷ്യൻ ഗൾഫിന്റെ തീരവും, മക്രാൻ തീരവും വഴി കിഴക്കോട്ട് നീങ്ങി. ഇവർ ബലൂചിസ്താനിലെ കലാട്ടിലെ ഭരണാധികാരിയോട് നാദിർ ഷാക്ക് മുൻപാകെ കീഴടങ്ങാൻ നിർബന്ധിതനാക്കി.[2] അങ്ങനെ സമീൻ ദ്വാർ, കലാത്-ഇ ഘിൽജി എന്നിങ്ങനെ ബലൂചിസ്താന്റെ മിക്ക ഭാഗങ്ങളും ഷായുടെ നിയന്ത്രണത്തിലായി.[1]

നാദിർ ഷായുടെ കന്ദഹാർ ആക്രമണം ഏതാണ്ട് ഒരു വർഷത്തോളം നീണ്ടു. 1738 മാർച്ച് 12-ന് നാദിർ ഷാ കന്ദഹാർ പിടിച്ചടക്കി. കന്ദഹാറിന്റെ പതനം, തെക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ ഘൽജികളുടെ ആധിപത്യത്തിനും വിരാമമിട്ടു. നാദിർ ഷാ, കന്ദഹാർ മേഖലയിലെ ഹോതകി ഘൽജികളിൽ നിരവധി പേരെ ഖുറാസാനിലേക്ക് നാടുകടത്തി. പകരം അബ്ദാലികളെ ഇവിടെ വസികാനനുവദിക്കുകയും ചെയ്തു. ഹോതകി ഘൽജികളുടെ നേതാവായിരുന്ന സുൽത്താൻ ഹുസൈനേയും, ഫറായിലെ അബ്ദാലി നേതാവായിരുന്ന സുൾഫിക്കർ ഖാനേയും അയാളുടെ 15 വയസുകാരൻ സഹോദരൻ അഹ്മദിനേയും മസന്ദരാനിലേക്ക് നാടുകടത്തി[2].

ഇന്ത്യയിലേക്ക്

[തിരുത്തുക]
നാദിർ ഷായുടെ ചിത്രം

ഘൽജികളെ പരാജയപ്പെടുത്തിയതിനു ശേഷം നാദിർ ഷാ മുഗളരെ ലക്ഷ്യമാക്കി നീങ്ങി. ഘൽജികൾക്കെതിരെയുള്ള തന്റെ ആക്രമണസമയത്ത് ഇന്ത്യയിലേക്ക് കടന്ന ചില അഫ്ഗാനികളെ പിന്തുടർന്ന് ശിക്ഷിക്കാനാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് നാദിർ ഷായുടെ വിശദീകരണം. എന്നാൽ മുഗൾ സാമ്രാജ്യത്തിന്റെ സമ്പത്ത് തന്നെയായിരുന്നു നാദിർഷായുടെ യഥാർത്ഥലക്ഷ്യം. 1738 മേയ് മാസത്തിലാണ് നാദിർ ഷാ കന്ദഹാറിൽ നിന്ന് ഗസ്നിയിലേക്ക് തിരിച്ചത്. തുടർന്ന് ഗസ്നിക്ക് തെക്കുള്ള ചഷം ഇ മുഖ്മൂറിലൂടെ ഇന്ത്യൻ അതിർത്തി (മുഗൾ സാമ്രാജ്യത്തിന്റെ അന്നത്തെ അതിർത്തി) കടന്നു. ഇന്നത്തെ മുഖ്ഖൂർ എന്ന സ്ഥലമാണിത്. കാബൂൾ എത്തുന്നവരേക്കും കാര്യമായ സംഘടിതപ്രതിരോധങ്ങളൊന്നും നാദിറിന് നേരിടേണ്ടിവന്നില്ല. കാബൂളിൽ വച്ച് സ്ഥലത്തെ പല പ്രമുഖരും നാദിർ ഷാക്ക് മുൻപിൽ കീഴടങ്ങിയെങ്കിലും നഗരത്തിലെ കോട്ട കീഴടക്കാൻ ജൂൺ അവസാനം വരെ സമയമെടുത്തു. സെപ്റ്റംബറിൽ, നാദിർ ഷാ പെഷവാറിലേക്ക് തിരിച്ചു.

ഇതേ സമയം വടക്കൻ അഫ്ഗാനിസ്താൻ അധീനതയിലാക്കി, നാദിർഷായുടെ പുത്രൻ റെസ ഖിലി മിർസയുടെ സൈന്യവും ജലാലാബാദിൽ വച്ച് നാദിർഷായോടൊപ്പം ചേർന്നു. പേർഷ്യക്കാരുടെ പ്രധാന സേന ഖൈബർ ചുരത്തിലേക്ക് നീങ്ങിയപ്പോൾ നാദിർ ഷായുടെ നേതൃത്വത്തിലുള്ള മറ്റൊരു ചെറിയ സേന, തെക്കുവശത്തുള്ള മറ്റൊരുവഴിയിലൂടെ ഇന്ത്യയിൽ കടന്ന് ഖൈബർ ചുരം പ്രതിരോധിച്ചിരുന്ന മുഗളരുടെ സേനയെ പിന്നിൽ നിന്നും ആക്രമിച്ചു. ഇത് പേർഷ്യൻ സൈന്യത്തിന് താരതമ്യേന എളുപ്പത്തിൽ ഇന്ത്യയിൽ കടക്കുന്നതിന് സഹായകമായി. പെഷവറിലെത്തിയപ്പോഴേക്കും നഗരം നിരുപാധികം ഷാക്ക് മുൻപിൽ കീഴടങ്ങി.

1739-ന്റെ തുടക്കത്തിൽത്തന്നെ നാദിർ ഷാ പഞ്ചാബ് പിടിച്ചടക്കുകയും ദില്ലി ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു. എന്നാൽ നാദിർ ഷാക്കെതിരെയുള്ള മുഗളരുടെ പ്രതിരോധം, ഭയം നിറഞ്ഞതും അർദ്ധമനസ്സോടുകൂടിയതുമായിരുന്നു. 1739 ഫെബ്രുവരി 24-ന് നാദിർ ഷാ പാനിപ്പത്തിനടുത്തുവച്ച് മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി. 80,000-ത്തോളം പേരടങ്ങുന്ന സേനയുണ്ടായിരുന്നിട്ടും മുഗൾ ചക്രവർത്തി മുഹമ്മദ് ഷാ ഒരു ദിവസത്തിനു ശേഷം യുദ്ധത്തിൽ നിന്നും പിന്മാറി, നാദിർഷാക്കനുകൂലമായി സന്ധിയിലേർപ്പെടുകയായിരുന്നു.

തുടർന്ന് രണ്ടുമാസം, നാദിർ ഷാ ദില്ലിയിലുണ്ടായിരുന്നു. ഈ സമയത്ത്, ദില്ലിയിലെ നഗരവാസികളും നാദിർഷായുടെ പേർഷ്യൻ ഖിസിൽബാഷ് സൈനികരുമായി ഒരു സ്പർദ്ധയുണ്ടാകുകയും, ഇതിനെത്തുടർന്നുണ്ടായ കൂട്ടക്കൊലയിൽ 20,000-ത്തോളം നഗരവാസികൾ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പേർഷ്യൻ സൈന്യം നഗരത്തിൽ വ്യാപകമായ കൊള്ളയടി നടത്തി. ഈ സമയത്ത് മുഗൾ സാമ്രാജ്യത്തിന്റെ സമ്പത്ത് മുഴുവനും നാദിഷായും കരസ്ഥമാക്കി. പ്രശസ്തമായ മയൂരസിംഹാസനം, കോഹിനൂർ രത്നം എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. മുഗളരിൽ നിന്നും ലഭിച്ച സമ്പത്ത്, തുർക്കിക്കെതിരെ പിന്നീട് നടത്തിയ ആക്രമണങ്ങളിൽ നാദിർഷാക്ക് ഇന്ധനമായി. ഇന്ത്യയിൽ നിന്നും കൊള്ളയടിച്ചു കടത്തിയ സമ്പത്ത് അത്രയധികമായിരുന്നതിനാൽ പിന്നീട് മൂന്നുവർഷത്തേക്ക് നാദിർ ഷാ ഇറാനിൽ നിന്നും നികുതിപോലും പിരിച്ചിരുന്നില്ല.[3]

മുഗൾ ചക്രവർത്തിയെ ഭരണം തിരിച്ചേൽപ്പിച്ച് നാദിർഷാ, 1739 മേയ് പകുതിയോടെ പേർഷ്യയിലേക്കുള്ള മടക്കയാത്ര തുടങ്ങി. മുഗൾ ചക്രവർത്തിയ്മായുള്ള കരാർ പ്രകാരം, സിന്ധുവിന്റെ വടക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങൾ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. അങ്ങനെ സിന്ധൂനദി, ഹിന്ദുസ്ഥാന്റെ ഔപചാരിക അതിർത്തിയായി.[2][1]

മദ്ധ്യേഷ്യൻ ആക്രമണം

[തിരുത്തുക]

ദില്ലിക്ക് ശേഷം, അമു ദര്യക്ക് വടക്കുള്ള പ്രദേശങ്ങളിലേക്കാണ് ഷാ ശ്രദ്ധതിരിച്ചത്. 1740-നും 41-നുമിടയിൽ സമർഖണ്ഡ്, ബുഖാറ, ഖീവ തുടങ്ങിയ ട്രാൻസോക്ഷ്യാനയുടെ മിക്ക ഭാഗങ്ങളും നാദിർ ഷാ കീഴടക്കി. അങ്ങനെ മുൻകാല ഹഖാമനി പേർഷ്യൻ ചക്രവർത്തിയായിരുന്ന ദാരിയസിന്റെ അധീനപ്രദേശങ്ങളോളം, നാദിർഷാക്ക് കീഴിലായി.[2]

തുർക്കിക്കെതിരെയുള്ള ആക്രമണം

[തിരുത്തുക]

ട്രാൻസോക്ഷ്യാന ആക്രമണത്തിനു ശേഷം 1741-ൽ നാദിർഷാ മശ്‌ഹദിൽ തിരിച്ചെത്തുകയും ഇവിടം തലസ്ഥാനമാക്കുകയും ചെയ്തു. പിൽക്കാലത്തെ നാദിർഷായുടെ ആക്രമണങ്ങൾ, പ്രധാനമായും തുർക്കിക്കും പേർഷ്യൻ ഗൾഫ് പ്രദേശത്തിനെതിരെയുമായിരുന്നു. പക്ഷേ ഈ യുദ്ധങ്ങൾ പേർഷ്യയുടെ സമ്പദ്സ്ഥിതിയെ പ്രതികൂലമായി കാര്യമായി ബാധിച്ചു. ഷായുടെ അവസാനകാലമായപ്പോഴേക്കും ജനങ്ങൾക്കിടയിലും സൈനികർക്കിടയിലും ആസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.[1]

അന്ത്യം

[തിരുത്തുക]

നാദിർഷായുടെ പിൽക്കാലജീവിതത്തിൽ, അദ്ദേഹം തന്റെ സമീപസ്ഥരെയെല്ലാം സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത്. ഒരു സുന്നിയായിരുന്ന നാദിർഷായെ, ഷിയാക്കളായിരുന്ന ഇറാനിയൻ പ്രജകൾ അത്രകണ്ട് സ്വീകരിച്ചിരുന്നില്ല. ഇതിനിടയിൽ തനിക്കെതിരെ തിരിഞ്ഞെന്നാരോപിച്ച് സ്വന്തം മകനെ അന്ധനാക്കാനും അദ്ദേഹം മടിച്ചില്ല. 1747-ൽ അശ്ഖാബാദിന് തെക്കുള്ള ഖ്വചാനടുത്ത് (ഖാബുഷാൻ, കുചാൻ എന്നിങ്ങനെയും അറിയപ്പെടുന്നു.) നാദിർഷായെ അദ്ദേഹത്തിന്റെ കൂട്ടാളികൾ തന്നെ കൊലപ്പെടുത്തി. കുർദുകളുടെ കലാപം നേരിടാനായി ആ പ്രദേശത്തെത്തിയ നാദിർ ഷായും സൈന്യവും അവിടെ തമ്പടിച്ചിരിക്കുകയായിരുന്നു. പേർഷ്യൻ സൈനികരിൽ വിശ്വാസമില്ലാതിരുന്ന നാദിർ ഷാ അഫ്ഗാനികളെയായിരുന്നു തന്റെ അംഗരക്ഷകരായി നിയോഗിച്ചിരുന്നത്.[൨] തന്നോട് കൂറില്ലാത്ത ചില പേർഷ്യൻ സൈനികരെ പിറ്റേ ദിവസം തടവിലാക്കണമെന്ന് നാദിർ ഷാ ഒരു ദിവസം തന്റെ അഫ്ഗാൻ സൈനികർക്ക് നിർദ്ദേശം നൽകി. പേർഷ്യൻ സൈനികർ ഈ വിവരം ഒരു ചാരൻ വഴി മനസ്സിലാക്കുകയും അന്ന് രാത്രി തന്നെ നാദിർഷായുടെ കൂടാരത്തിൽ മൂന്നുപേർ കടക്കുകയും ഉറങ്ങിക്കിടന്ന അദ്ദേഹത്തെ വകവരുത്തുകയുമായിരുന്നു.[2][1]

നാദിർഷായുടെ പിൻ‌ഗാമികൾ

[തിരുത്തുക]
നാദിർ ഷായും മക്കളും
നാദിർ ഷായുടെ കഠാരയും ആഭരണങ്ങളും

നാദിർ ഷായുടെ പിൻ‌ഗാമികളിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു അദ്ദേഹത്തിന്റെ പൗത്രൻ ഷാ രൂഖ്. നാദിർ ഷായുടെ മരണശേഷം ഇദ്ദേഹം മശ്‌ഹദ് ആസ്ഥാനമാക്കി ഖുറാസാൻ പ്രദേശത്തിന്റെ മുഴുവൻ ഭരണം നടത്തിയിരുന്നു. അഫ്ഗാൻ നേതാവും ദുറാനിസാമ്രാജ്യസ്ഥാപകനുമായ അഹ്മദ് ഷാ അബ്ദാലി, 1750/51 കാലത്ത് ഷാ രൂഖിനെ പരാജയപ്പെടുത്തുകയും അഫ്ഗാനികളുടെ സാമന്തനാക്കുകയും ചെയ്തു.

പിന്നീട് ഇറാനിൽ അധികാരത്തിലെത്തിയ ഖ്വാജറുകളുടെ രാജവംശം, അതിന്റെ സ്ഥാപകനായിരുന്ന ആഘാ മുഹമ്മദ് ഷായുടെ നേതൃത്വത്തിൽ മശ്‌ഹദ് നഗരം കൈയടക്കുകയും ഷാ രൂഖിനെ തടവുകാരനായി പിടിക്കുകയും ചെയ്തു. ഖ്വാജറുകളുടെ പൂർവികനായ ഫത് അലി ഖാനെ, നാദിർ ഷായുടെ നേതൃത്വത്തിൽ വധിച്ചതിന്റെ പ്രതികാരമായി, ഷാ രൂഖിനെ ഇവർ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇതിനും പുറമേ മശ്‌ഹദിൽ അടക്കം ചെയ്തിരുന്ന നാദിർ ഷായുടെ ശവശരീരത്തിന്റെ എല്ലുകൾ മാന്തിയെടുത്ത്, തെഹ്രാനിലെ ഒരു ഖാജർ കൊട്ടാരത്തിന്റെ തറക്കടിയിൽ (ചവിട്ടി അപമാനിക്കുന്നതിനായി) കുഴിച്ചിട്ടു.[൩]

1797-ൽ ഖാജറുകളുടെ ഷാ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഖുറാസാനിൽ നിന്നും ഖാജറുകൾ പിൻ‌വാങ്ങി. അങ്ങനെ മശ്‌ഹദിന്റെ നിയന്ത്രണം, ഷാ രൂഖിന്റെ പുത്രൻ നാദിർ മിർസയുടെ കൈവശം വന്നു ചേർന്നു. ഇതിനിടെ പേഷ്യയിൽ ആഘാ മുഹമ്മദ് ഷാ ഖാജറിന്റെ പിൻ‌ഗാമിയായി അദ്ദേഹത്തിന്റെ സഹോദരപുത്രൻ ഫത് അലി ഷാ (ഭരണകാലം 1797-1834) അധികാരത്തിലെത്തിയിരുന്നു. പത്തൊമ്പതാനം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ അദ്ദേഹം ഖുറാസാൻ പിടിച്ചടക്കുകയും, മശ്‌ഹദ് പിടിച്ചെടുത്ത് 1802 അവസാനം, നാദിർ മിർസയേയും അയാളുടെ കുടുംബത്തിലെ 38 പേരേയും തടവിലാക്കി തെഹ്രാനിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് കൂട്ടത്തോടെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു[4]

കുറിപ്പുകൾ

[തിരുത്തുക]
  • ^ 1779 മുതൽ 1925 വരെ ഇറാനിൽ അധികാരത്തിലിരുന്ന ഖാജർ സാമ്രാജ്യത്തിന്റെ പൂർവ്വികനാണ് ഫത് അലി ഖാൻ ഖാജർ[2]. ഇദ്ദേഹത്തിന്റെ വധത്തിന് കൂട്ടുനിൽക്കുകയും മുൻ‌കൈ എടുക്കുകയും ചെയ്തതിന്റെ പേരിൽ നാദിർഷായുടെ പിൻ‌തലമുറയിൽപ്പെട്ടവർ ഖാജറുകളിൽ നിന്നും നിരവധി പീഠനങ്ങൾക്ക് ഇരയായി.
  • ^ അഫ്ഗാൻ നേതാവും ദുറാനി സാമ്രാജ്യസ്ഥാപകനുമായ അഹ്മദ് ഷാ അബ്ദാലി, നാദിർ ഷായുടെ അംഗരക്ഷകരുടെ തലവനായിരുന്നു. നാദിർ ഷായുടെ മരണത്തോടെ പേർഷ്യൻ ഖ്വിസിൽബാഷ് സൈനികർക്കിടയിൽ ഒറ്റപ്പെട്ട അബ്ദാലിയും സഹസൈനികരും അവിടെനിന്നും രക്ഷപ്പെട്ട കന്ദഹാറിലെത്തിയാണ് ദുറാനി സാമ്രാജ്യത്തിന് അടിത്തറ പാകിയത്.[1]
  • ^ ഖാജർ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം 1925-ൽ നാദിർ ഷായുടെ ഭൌതികാവശിഷ്ടങ്ങൾ മശ്‌ഹദിൽ ഒരു ശവകുടീരത്തിൽ സംസ്കരിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 41-43. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 Vogelsang, Willem (2002). "14-Towards the Kingdom of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 223–227. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. This section: Axworthy pp.1–16, 175–210
  4. Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 228–239. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=നാദിർ_ഷാ&oldid=3839497" എന്ന താളിൽനിന്ന് ശേഖരിച്ചത്