Jump to content

ബന്ദർ അബ്ബാസ്

Coordinates: 27°11′N 56°16′E / 27.183°N 56.267°E / 27.183; 56.267
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബന്ദർ അബ്ബാസ്

بندر عباس

گمبرون Gombroon
City
Taleghani Boulevard, Hinduist temple, Panoramic, Islamic Azad University, Imamzadeh Seyed Mozafar
Official seal of ബന്ദർ അബ്ബാസ്
Seal
Nickname(s): 
ദ ക്രാബ് പോർട്ട്
ബന്ദർ അബ്ബാസ് is located in Iran
ബന്ദർ അബ്ബാസ്
ബന്ദർ അബ്ബാസ്
Coordinates: 27°11′N 56°16′E / 27.183°N 56.267°E / 27.183; 56.267
CountryIran
ProvinceHormozgan
CountyBandar Abbas
DistrictCentral
Settledprior to 600 BCE
ഭരണസമ്പ്രദായം
 • MayorAbbas Aminizadeh
ഉയരം
9 മീ(30 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
526,648[1]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
Postal code
79177
ഏരിയ കോഡ്(+98) 076
വെബ്സൈറ്റ്bandarabbas.ir

ബന്ദർ അബ്ബാസ് (പേർഷ്യൻ: بندر عباس) അല്ലെങ്കിൽ ബന്ദർ-ഇ അബ്ബാസ് പേർഷ്യൻ ഗൾഫിൽ ഇറാന്റെ തെക്കൻ തീരത്തുള്ള ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഒരു തുറമുഖ നഗരവും പ്രവിശ്യാ തലസ്ഥാനവുമാണ്. ഹോർമൂസിലെ ഇടുങ്ങിയ കടലിടുക്കിൽ (ഒമാനിലെ മുസന്ദം ഗവർണറേറ്റിന് കുറുകെ) നഗരം ഒരു തന്ത്രപ്രധാനമായ ഒരു സ്ഥാനത്ത് നിലനിൽക്കുന്നു. ഇത് ഇറാനിയൻ നാവികസേനയുടെ പ്രധാന താവളത്തിന്റെ ആസ്ഥാനമാണ്. ബന്ദർ അബ്ബാസ് കൗണ്ടിയുടെ തലസ്ഥാനവും അതിലെ ഏറ്റവും വലിയ നഗരവും കൂടിയാണ് ബന്ദർ അബ്ബാസ്. 2016 ലെ കനേഷുമാരി  പ്രകാരം  നഗര ജനസംഖ്യ 526,648 ആയിരുന്നു.[2]

ചരിത്രം

[തിരുത്തുക]

ഇസ്ലാമിന് മുമ്പുള്ള ചരിത്രം

[തിരുത്തുക]

ബന്ദർ അബ്ബാസ് നഗരത്തിൻറെ ആദ്യകാല രേഖകൾ മഹാനായ ദാരിയസിന്റെ ഭരണകാലവുമായി (ബിസി 522 നും 486 നും ഇടയിൽ) ബന്ധപ്പെട്ടിരിക്കുന്നു. ദാരിയസിന്റെ സേനാനായകനായിരുന്നു സിലാക്കസ് ബന്ദർ അബ്ബാസിൽ നിന്ന് ഇന്ത്യയിലേക്കും ചെങ്കടലിലേക്കും നാവികയാത്ര നടത്തി. അലക്സാണ്ടറുടെ പേർഷ്യൻ സാമ്രാജ്യം ഇവിടം കീഴടക്കിയ കാലത്ത് ബന്ദർ അബ്ബാസ് ഹോർമിർസാദ് എന്ന പേരിൽ അറിയപ്പെട്ടു.

CE 630-ൽ, ജെമറോണിലെ മഹാരാജാ ഡെർബാർ രാജ യുദ്ധത്തിൽ പരാജയപ്പെട്ട് സിലോണിലേക്ക് രക്ഷപ്പെടുകയും പിന്നീട് ഒരു കൊടുങ്കാറ്റിലകപ്പെട്ട അദ്ദേഹം കെഡയിലെ (ഇപ്പോൾ മലേഷ്യ) ക്വാലാ സുംഗായി ഖ്വിലയുടെ വിദൂര തീരത്തേക്ക് അടുക്കുകയും ചെയ്തു. കേദായിലെ നിവാസികൾ അദ്ദേഹം ഒരു ധീരനും ബുദ്ധിമാനും ആണെന്ന് കണ്ടെത്തിയതോടെ അദ്ദേഹത്തെ കെഡയിലെ രാജാവാക്കി. 634 CE-ൽ, പേർഷ്യൻ രാജകുടുംബവും ഹൈന്ദവ പാരമ്പര്യമുള്ള പ്രാദേശിക മലായും ചേർന്നുള്ള ഒരു പുതിയ രാജ്യം ലങ്കാസുക തലസ്ഥാനമായി കേഡയിൽ രൂപീകരിക്കപ്പെട്ടു.

പോർച്ചുഗീസ് കാലഘട്ടം

[തിരുത്തുക]

പതിനാറാം നൂറ്റാണ്ടോടെ ബന്ദർ അബ്ബാസ് പേർഷ്യക്കാർക്കിടയിൽ ഗംറൂൺ എന്നറിയപ്പെട്ടു. 1565-ൽ, ഒരു യൂറോപ്യൻ നാവികൻ ഇതിനെ പേർഷ്യൻ, ടർക്കിഷ് പേരായി ഉദ്ധരിച്ച് ബാംഡെൽ ഗോംബ്രൂക്ക് (അതായത്, ബന്ദർ ഗുമ്രൂക്ക് അല്ലെങ്കിൽ "കസ്റ്റംഹൗസ് പോർട്ട്") എന്ന് വിളിച്ചു. 1514-ൽ പോർച്ചുഗീസുകാർ കീഴടക്കിയ ബന്ദർ അബ്ബാസ് നഗരം പേർഷ്യൻ ഗൾഫിലും ഇന്ത്യയിലും അവരുടെ വാണിജ്യം സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന സ്ഥലമായിരുന്നു.[3][4] കടൽത്തീരത്ത് ലോബ്സ്റ്ററുകളും ഞണ്ടുകളും ഉള്ളതിനാൽ അവർ നഗരത്തിന് കൊമോറാവോ എന്ന് പേരിട്ടുവിളിച്ചു.

1614-ൽ കൊമോറോയെ പോർച്ചുഗീസുകാരിൽ നിന്ന് മഹാനായ അബ്ബാസ് പിടിച്ചെടുക്കുകയും ബന്ദർ-ഇ അബ്ബാസ് ("അബ്ബാസിന്റെ തുറമുഖം") എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. ഇംഗ്ലീഷ് നാവികസേനയുടെ പിന്തുണയോടെ, 'അബ്ബാസ് നഗരത്തെ (ഇംഗ്ലീഷ് സംസാരിക്കുന്നിടത്ത് ഗോംബ്രൗൺ എന്നറിയപ്പെടുന്നു) ഒരു പ്രധാന തുറമുഖമായി വികസിപ്പിച്ചു. 1622-ഓടെ, പോർച്ചുഗീസ്, ഇംഗ്ലീഷ് പേരുകൾ ഔദ്യോഗികമായി സംയോജിപ്പിച്ച് കോംബ്രൂ അല്ലെങ്കിൽ കോംബു രൂപീകരിച്ചു, എന്നിരുന്നാലും നിവാസികൾ അതിനെ ബന്ദർ-ഇ 'അബ്ബാസ് എന്നുതന്നെ വിളിക്കുന്നു. ഗോംബ്രൗൺ എന്നാണ് ഔദ്യോഗിക ഇംഗ്ലീഷ് നാമമെങ്കിലും [gŏmrōōn] എന്നാണ് ഉച്ഛാരണമെന്ന് സർ തോമസ് ഹെർബർട്ട് പറഞ്ഞു. 1630-ൽ അദ്ദേഹം എഴുതി, "ചിലർ (എന്നാൽ ഞാൻ അവരെ പേരെടുത്തുപറയുന്നല്ല) ഇത് ഗാംറൌ, മറ്റുള്ളവർ ഗോമ്രോ, മറ്റുചിലർ കമ്മറൂൺ എന്നിങ്ങനെ എഴുതുന്നു." 1670-കളോടെ നഗരം ഗെയിംറൂൺ എന്നറിയപ്പെട്ടു.

1622-ൽ ഷാ അബ്ബാസ് ഇംഗ്ലീഷ് സൈന്യത്തിന്റെയും ഇറാനിയൻ കമാൻഡർ ഇമാം ഖ്യൂലി ഖാന്റെയും സഹായത്തോടെ പോർച്ചുഗീസ് സൈന്യത്തെ പരാജയപ്പെടുത്തി. ഈ വിജയത്തിന്റെ ബഹുമാനാർത്ഥം ഗംബ്രൂണിനെ ബന്ദർ അബ്ബാസ് തുറമുഖം എന്ന് പുനർനാമകരണം ചെയ്തു. ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസിന്റെ നിലവിലെ ഡിവിഷനിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരവും വാണിജ്യപരവുമായ കേന്ദ്രം പേർഷ്യൻ ഗൾഫിന്റെയും ഒമാൻ കടലിന്റെയും സമീപമാണ്.

ഡച്ച്, ഇംഗ്ലീഷ് കാലഘട്ടം

[തിരുത്തുക]

1625-ൽ ഒരു സംയുക്ത ആംഗ്ലോ-ഡച്ച് കപ്പൽ വ്യൂഹം ബന്ദർ അബ്ബാസിൽ പോർച്ചുഗീസുകാരെ ആക്രമിക്കുകയും വ്യാപാര പാളയങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. താമസിയാതെ, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി അതിന്റെ ഇംഗ്ലീഷ് എതിരാളിയെ മറികടന്നുകൊണ്ട് 1654 മുതൽ, 1765 വരെ പ്രാദേശിക സുഗന്ധവ്യഞ്ജനങ്ങളുടെയും പട്ട് വ്യാപാരത്തിന്റെയും പൂർണ്ണ നിയന്ത്രണം കൈക്കലാക്കി.[5]

ഒമാനി കാലഘട്ടം

[തിരുത്തുക]

1794 നും 1868 നും ഇടയിലുള്ള കാലഘട്ടത്തിൽ, പേർഷ്യയുമായുള്ള പാട്ടക്കരാർ വഴി ബന്ദർ അബ്ബാസ് ഒമാൻ സുൽത്താനേറ്റിന്റെയും സാൻസിബാറിന്റെയും നിയന്ത്രണത്തിലായിരുന്നു. യഥാർത്ഥ പാട്ടത്തിന്റെ വിശദാംശങ്ങൾ അറബി, പേർഷ്യൻ പതിപ്പുകൾക്കിടയിൽ പ്രത്യക്ഷത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. സാദിജ് മുതൽ ഖമീർ വരെയുള്ള 100 മൈൽ തീരപ്രദേശവും ഷാമിൽ വരെയുള്ള ഏകദേശം 30 മൈൽ ഉൾനാടൻ പ്രദേശങ്ങളും ഒമാനികൾ നിയന്ത്രിച്ചു. ഹോർമുസ്, ഖ്വെഷ്ം ദ്വീപുകളും അവർ നിയന്ത്രിച്ചു. 1823-ൽ പേർഷ്യക്കാർ ഒമാനികളെ പുറത്താക്കാൻ ശ്രമിച്ചുവെങ്കിലും ഷിറാസ് ഗവർണർക്കു നൽകുന്ന കൈക്കൂലിയിലൂടെയും പ്രതിഫലത്തിലൂടെടയും ബന്ദറിനെ തങ്ങൾക്കൊപ്പം പിടിച്ചുനിർത്താൻ സുൽത്താന് കഴിഞ്ഞു. 1845-46-ൽ, ഫാർസിലെ ഗവർണർ ജനറലിന്റെ കീഴിലുള്ള ഒരു സൈന്യം കപ്പം തട്ടിയെടുക്കുമെന്ന് ബന്ദറിനെ ഭീഷണിപ്പെടുത്തിയപ്പോൾ, കെർമാനിലെ ഗവർണറുടെ കീഴിലുള്ള മറ്റൊരു സൈന്യം മിനാബിനെ ഉപരോധിച്ചു. പേർഷ്യയെ ഉപരോധിക്കുമെന്ന് ഒമാനികൾ ഭീഷണിപ്പെടുത്തിയെങ്കിലും ബുഷിറിലെ ബ്രിട്ടീഷ് സാന്നിദ്ധ്യം  അവരെ പിന്തിരിയാൻ പ്രേരിപ്പിച്ചു.[6]

സുൽത്താൻ സാൻസിബാറിലായിരിക്കെ 1854-ൽ പേർഷ്യക്കാർ നഗരം വീണ്ടെടുത്തു. 1856-ലെ ആംഗ്ലോ-പേർഷ്യൻ യുദ്ധത്തെത്തുടർന്നുള്ള ബ്രിട്ടീഷ് സമ്മർദത്തെത്തുടർന്ന് പേർഷ്യ തങ്ങൾക്ക് അനുകൂലമായ വ്യവസ്ഥകളോടെ ഒമാന്റെ പാട്ടക്കരാർ പുതുക്കി. പാട്ടത്തിനെടുത്ത പ്രദേശം ഫാർസ് പ്രവിശ്യയുടേതാണെന്നും ബന്ദർ അബ്ബാസിന് മുകളിൽ പേർഷ്യൻ പതാക പാറുമെന്നും വ്യക്തമാക്കപ്പെട്ടു. പാട്ട നിരക്കും വർധിപ്പിച്ചു. ബ്രിട്ടീഷ് സമ്മർദത്തെത്തുടർന്ന് ഉയർന്ന വാടക നിരക്കിലും കുറഞ്ഞ കാലയളവിലേയ്ക്കുമായി  1868-ൽ കരാർ വീണ്ടും പുതുക്കി. പുതുക്കിയതിന് രണ്ട് മാസത്തിന് ശേഷം, ഒമാൻ സുൽത്താൻ അട്ടിമറിക്കപ്പെടുകയാണെങ്കിൽ കരാർ റദ്ദാക്കാൻ അനുവദിക്കുന്ന ഒരു ക്ലോസ് ചൂണ്ടിക്കാട്ടി പേർഷ്യൻ സർക്കാർ ഈ പാട്ടക്കരാർ റദ്ദാക്കി.[7]

സമകാലിക ചരിത്രം

[തിരുത്തുക]

1902 ജൂലൈയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഗവർണറുടെ വീടും കസ്റ്റംസ് ഓഫീസും സമീപത്തുള്ള ക്വഷ്ം ദ്വീപും ഉൾപ്പെടെ നഗരത്തിന്റെ ഭാഗങ്ങൾ തകർച്ചയെ നേരിട്ടു.[8]

തന്ത്രപ്രധാനമായ ഒരു തുറമുഖമെന്ന നിലയിൽ ബന്ദർ അബ്ബാസിന് പ്രത്യേക ശ്രദ്ധ നൽകിയ മുഹമ്മദ് റെസാ ഷാ പഹ്‌ലവിയുടെ കാലത്ത് സർക്കാർ അടിസ്ഥാന സൗകര്യങ്ങൾക്കായി വൻതോതിൽ മൂലധനം നിക്ഷേപിച്ചു. കൂടുതലും ഇറക്കുമതിക്കായുള്ള ഒരു പ്രധാന ഷിപ്പിംഗ് പോയിന്റായി പ്രവർത്തിക്കുന്ന ബന്ദർ അബ്ബാസിന് ഇന്ത്യയുമായി, പ്രത്യേകിച്ച് സൂറത്ത് തുറമുഖവുമായി സമുദ്ര വ്യാപാരത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ നഗരവും ഖേഷ്മും ഹോർമുസും ഉൾപ്പെടെയുല്ള സമീപ ദ്വീപുകളും സന്ദർശിക്കുന്നു.

ഒരു പ്രധാന തുറമുഖമായി വികസിപ്പിക്കാനുള്ള പ്രാരംഭ പദ്ധതികൾക്ക് മുമ്പ്, 1955-ൽ 17,000 പേരുള്ള ഒരു ചെറിയ മത്സ്യബന്ധന തുറമുഖമായിരുന്നു ബന്ദർ അബ്ബാസ്, 2001 ആയപ്പോഴേക്കും ഇത് ഒരു പ്രധാന നഗരമായി വളർന്നു. നഗര ജനസംഖ്യ 2011 ലെ കണക്കുകൾ പ്രകാരം 450,000 ആണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് ശരാശരി 9 മീറ്റർ (30 അടി) ഉയരത്തിൽ നിരപ്പായ ഒരു പ്രദേശത്താണ് ബന്ദർ അബ്ബാസ് നഗരം സ്ഥിതി ചെയ്യുന്നത്. 17 കിലോമീറ്റർ (11 മൈൽ) വടക്കുള്ള ജിനോ പർവ്വതവും നഗരത്തിന് 16 കിലോമീറ്റർ (9.9 മൈൽ) വടക്ക് പടിഞ്ഞാറായുള്ള പൂലാടി പർവ്വതവുമാണ് ഇതിന് ഏറ്റവും അടുത്തുള്ള ഉയർന്ന പ്രദേശങ്ങൾ. ബന്ദർ അബ്ബാസിന് ഏറ്റവും അടുത്തുള്ള നദി, ജെനോ പർവതത്തിൽ നിന്ന് ഉത്ഭവിച്ച് നഗരത്തിന് 10 കിലോമീറ്റർ (6.2 മൈൽ) കിഴക്കുഭാഗത്തുകൂടി പേർഷ്യൻ ഗൾഫിലേക്ക് ഒഴുകുന്ന ഷൂർ നദിയാണ്. നഗരത്തിന്റെ തെക്ക് ഭാഗത്ത് ഖ്വെഷ്ം ദ്വീപ് സ്ഥിതചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "Statistical Center of Iran > Home".
  2. "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
  3. Iran tourism and touring official website,Bandar Abbas
  4. SalamIranProvince of Bandar Abbas
  5. Donald Hawley: The Trucial States, Ardent Media, 1970, pp. 76.
  6. Lawrence G. Potter, "The Consolidation of Iran's Frontier on the Persian Gulf in the Nineteenth Century", in Roxane Farmanfarmaian (ed.), War and Peace in Qajar Persia: Implications Past and Present (Routledge: 2008), pp. 125–48.
  7. Lawrence G. Potter, "The Consolidation of Iran's Frontier on the Persian Gulf in the Nineteenth Century", in Roxane Farmanfarmaian (ed.), War and Peace in Qajar Persia: Implications Past and Present (Routledge: 2008), pp. 125–48.
  8. "Latest intelligence – Earthquake shocks on the Persian Gulf". The Times. No. 36824. 19 July 1902. p. 7.
"https://ml.wikipedia.org/w/index.php?title=ബന്ദർ_അബ്ബാസ്&oldid=3825865" എന്ന താളിൽനിന്ന് ശേഖരിച്ചത്