അഹ്മദ് ഷാ ബഹാദൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ahmad Shah Bahadur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ahmad Shah Bahadur
13th Mughal Emperor of India
ഭരണകാലം 26 April 1748- 2 June 1754
(6 വർഷം, 37 ദിവസം)
കിരീടധാരണം 4 May 1748 at Red Fort, Delhi
മുൻഗാമി Muhammad Shah
പിൻഗാമി Alamgir II
ഭാര്യമാർ Nawab Gouhar Afruz Banu Begum and another wife
മക്കൾ
Hamid Shah Bahadur
Bidar Bakht Mahmud Shah Bahadur Jahan Shah IV
Tala Said Shah Bahadur
Muhammad Jamiyat Shah Bahadur
Muhammad Dilawar Shah Bahadur
Mirza Rujbi
Mirza Mughlu
Muhtaram-un-Nisa Begum
Dil Afruz Begum
രാജവംശം Timurid
പിതാവ് Muhammad Shah
മാതാവ് Kudsiya Begum
കബറിടം Mausoleum of Mariam Makani, Delhi
മതം Islam

മുഗൾ സാമ്രാജ്യത്തിലെ പതിമൂന്നാമത്തെ സമ്രാട്ടായിരുന്ന അഹ്മദ് ഷാ മുഹമ്മദ് ഷായുടെ പുത്രനായിരുന്നു. 1748 മുതൽ 1754 വരെയുളള 6 വർഷക്കാലമെ ഭരിച്ചുളളുവെങ്കിലും ആ വർഷങ്ങൾ സംഭവബഹുലവും പ്രക്ഷുബ്ധവുമായിരുന്നു. പഞ്ചാബ്, റോഹിലാഖണ്ഡ് പ്രവിശ്യകളിൽ സായുധ കലാപങ്ങളുണ്ടായി.അഹ്മദ്ഷാ അബ്ദലി വീണ്ടും ആക്രമിച്ചു. അതു വരേക്കും മുഗൾ കൊട്ടാര വളപ്പിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഇറാനി - തുറാനി വൈരം മൂർച്ഛിച്ച് ആഭ്യന്തര യുദ്ധത്തോളമെത്തി. തുറാനി നേതാവായിരുന്ന നിസാം ഉൾ മുൾക്കിൻറെ പൗത്രൻ ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ രംഗത്തിറങ്ങി; അഹ്മദ് ഷായെ കഴിവുകെട്ടവനെന്നു മുദ്ര കുത്തി സമ്രാട്ട് പദവിയിൽ നിന്ന് സ്ഥാനഭൃഷ്ടനാക്കി. അന്ധനാക്കപ്പെട്ട അഹ്മദ് ഷാ കാരാഗൃഹത്തിലാണ് പിന്നീടുളള 21 വർഷങ്ങൾ കഴിച്ചു കൂട്ടിയത്.[1]

ജനനം,സ്ഥാനാരോഹണം[തിരുത്തുക]

അഹ്മദ് ഷായുടെ ജനനം 1725 ഡിസംബർ 23-നായിരുന്നു. 23 വയസ്സുളളപ്പോൾ തൻറെ യുദ്ധനൈപുണ്യം പ്രദർശിപ്പിക്കാനുളള അവസരം കിട്ടി. 1748-ൽ അഹ്മദ് ഷാ അബ്ദാലി വടക്കു പടിഞ്ഞാറൻ അതിർത്തി ആക്രമിച്ചപ്പോൾ പ്രധാനമന്ത്രി കമറുദ്ദീൻറെ നേതൃത്വത്തിൽ ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമൻ , സഫ്ദർജംഗ്, മീർ മുന്നു(പ്രധാനമന്ത്രി കമറുദ്ദീൻറെ പുത്രൻ ) എന്നിവരോടൊപ്പം അഹ്മദ് ഷായും പടക്കളത്തിലിറങ്ങി. മുഗൾ സൈന്യം ജയിച്ചു, അഹ്മദ് ഷാക്ക് ബഹാദൂർ പട്ടവും ല ഭിച്ചു. എന്നാൽ അവിചാരിതമായി കമറുദ്ദീൻ മൃത്യുവിനിരയായി. 1748 ഏപ്രിൽ 28ന് മുഹമ്മദ് ഷായും അന്തരിച്ചു. അഹ്മദ് ഷായുടെ കിരീടധാരണത്തിന് തടസ്സങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

ഭരണ കാലം[തിരുത്തുക]

സ്ഥാനാരോഹണം ചെയ്ത ശേഷം അഹ്മദ് ഷാ സഫ്ദർജംഗിനെ പ്രധാനമന്ത്രിയായും ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമനെ സേനാപതിയായും (മീർ ബക്ഷി) നിയമിച്ചു. മീർ മുന്നു പഞ്ചാബിലെ ഗവർണ്ണർ സ്ഥാനത്തേക്ക് നിയമിതനായി. ചുമതലകളെല്ലാം ഇവരെ ഏല്പ്പിച്ച് അഹ്മദ് ഷാ സുഖലോലുപതയിൽ മുങ്ങി. 1748 ഒക്ടോബറിൽ മുഗൾ സാമ്രാജ്യത്തിലെ മറ്റൊരു നിർണ്ണായക വ്യക്തി ഡക്കാൻ ഭരണാധികാരി നിസാം ഉൾ മുൾക്കു് നിര്യാതനായപ്പോൾ, രണ്ടാമത്തെ പുത്രൻ നസീർ ജംഗ് ഭരണകാര്യങ്ങൾ നോക്കി നടത്തി. നിസാമിൻറെ മൂത്ത പുത്രൻ ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമൻ അഹ്മദ് ഷായുടെ സേനാപതിയായി തുടർന്നു.

വെല്ലുവിളികൾ[തിരുത്തുക]

1749-50 കാലത്ത് റോഹിലാഖണ്ഡിലെ സായുധ കലാപം അടിച്ചമർത്താനായി സഫ്ദർജംഗിന് മറാഠ-ജാഠ് ശക്തികളുടെ സഹായം തേടേണ്ടി വന്നു. ഏതാണ്ട് അതേ സമയം തന്നെ വലിയൊരു സൈന്യവുമായി അബ്ദലി വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ ഏത്തി. ദൽഹിയിൽ നിന്ന് കാര്യമായ നിർദ്ദേശങ്ങളോ,പിന്തുണയോ ലഭിക്കായ്കയാൽ മീർ മുന്നു ലാഹോറും മുൾട്ടാനും അബ്ദലിക്ക് അടിയറ വെച്ചു. ഇതിനിടയിൽ നിസാം പദവിക്കായുളള അവകാശത്തർക്കം ആരംഭിച്ചു. സമ്രാട്ടിനെ സ്വാധീനിച്ച് ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമൻ ഡക്കാനിലെ സുബേദാർ പദവി കരസ്ഥമാക്കി. പുത്രൻ സഹാബുദ്ദീൻ മുഹമ്മദ് സിദ്ദിഖിയെ (പിന്നീട് ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ)ദർബാറിലെ കാര്യങ്ങൾ ഏല്പ്പിച്ച് മറാഠ ശക്തികളുടെ അകമ്പടിയോടെ ഡക്കാനിലെക്ക് തിരിച്ച ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമൻ സംശയാസ്പദമായ ചുറ്റുപാടുകളിൽ മരണമടഞ്ഞു.[2] കുശലബുദ്ധിയായിരുന്ന പുത്രൻ സഹാബുദ്ദീൻ മുഹമ്മദ് സിദ്ദിഖി നിഷ്പ്രയാസം പിതാവിൻറെ സ്ഥാനം കൈക്കലാക്കി.

ഇറാനി-തുറാനി സ്പർദ്ധ[തിരുത്തുക]

തുറാനികളുടെ നേതാവ് ഗാസി ഉദ്ദീനും ഇറാനികളുടേത് സഫ്ദർജംഗും ആയിരുന്നു. സമ്രാട്ടിന് ഇറാനികളോടുളള ചായ്‌വ് മനസ്സിലാക്കിയ ഗാസി ഉദ്ദീൻ മറാഠ ശക്തികളെ കൂട്ടുപിടിച്ച് സിക്കന്ദരാബാദിൽ വച്ചുണ്ടായ യുദ്ധത്തിൽ സഫ്ദർജംഗിന്റെ നേതൃത്വത്തിൽ പോരാടിയ മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി. യുദ്ധക്കളത്തിൽ നിന്ന് പാലായനം ചെയ്ത അഹ്മദ് ഷായെ ഗാസി ഉദ്ദീൻ ദൽഹിയിൽ വെച്ച് പിടികൂടി തടവിലാക്കി. സമ്രാട്ടിന്റെ കഴിവുകേടും സ്വാർത്ഥതയും സ്വജനപക്ഷപാതവും കൊണ്ടാണ് സ്ഥിതിഗതികൾ മോശമായതെന്നും അഹ്മദ് ഷാ സിംഹാസനത്തിൽ തുടരാൻ അർഹനല്ലെന്നും ഗാസി ഉദ്ദീൻ വിധിയെഴുതി. മുഗൾ ദർബാർ ഇതു ശരി വച്ചു.[3], [4] 1754 ജൂൺ 25ന് അഹ്മദ് ഷായുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു.

അന്ത്യം[തിരുത്തുക]

പിന്നീട് നീണ്ട 21 വർഷങ്ങൾ അഹ്മദ് ഷാ തടവറയിൽ കഴിച്ചുകൂട്ടി. 1775 ജനവരിയിൽ അന്ത്യശ്വാസം വലിച്ചു.

അവലംബം[തിരുത്തുക]

  1. ,Nilakanta Shastri (1975). Advanced History of India. Allied Publishers. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)
  2. http://www.maharashtra.gov.in/pdf/gazeetter_reprint/History-III/chapter_8.pdf
  3. H.G. Keene (1866). Moghul Empire. Allen &co.
  4. "Digital Library of India Accessed 7 Jan 2012". Archived from the original on 2013-07-21. Retrieved 2021-08-10.
"https://ml.wikipedia.org/w/index.php?title=അഹ്മദ്_ഷാ_ബഹാദൂർ&oldid=3623960" എന്ന താളിൽനിന്ന് ശേഖരിച്ചത്