Jump to content

ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of Imad-ul-Mulk

ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമന്റെ പുത്രനും, അസഫ് ജാ ഒന്നാമന്റെ പൌത്രനുമായ സഹാബുദ്ദീൻ മുഹമ്മദ് സിദ്ദിഖിയാണ് അച്ഛന്റെ മരണശേഷം ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ എന്ന പേരിലറിയപ്പെട്ടത്..[1]

ജീവചരിത്രം

[തിരുത്തുക]

ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമന്റെയും പത്നി സുൽത്താൻ ബീഗത്തിൻറെയും പുത്രനായി 1736-ൽ സഹാബുദ്ദീൻ മുഹമ്മദ് സിദ്ദിഖി ജനിച്ചു. മുഗൾ സാമ്രാട്ട് മുഹമ്മദ് ഷായുടെ ദർബാറിൽ മന്ത്രിയായിരുന്ന പിതാവിന്റെ സഹായകനായി മകനും ഒപ്പം നിന്നു. സൂക്ഷ്മ നിരീക്ഷകനായ സഹാബുദ്ദീൻ മുഹമ്മദ് സിദ്ദിഖി ദർബാറിലെ ഉപജാപങ്ങളും കരുനീക്കങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചു. ദർബാറിൽ സഹാബുദ്ദീൻ മുഹമ്മദ് സിദ്ദിഖിയുടെ മുഖ്യ അഭ്യുദയകാംക്ഷി, മന്ത്രിമുഖ്യനായ നവാബ് സഫ്ദർജംഗ് ആയിരുന്നു. 1748-ൽ രോഗബാധിതനായി മുഗൾ സാമ്രാട്ട് മുഹമ്മദ് ഷാ അന്തരിച്ചു; പുത്രൻ അഹമദ് ഷാ സിംഹാസനത്തിലേറി. അതേ വർഷം സിദ്ദിഖിയുടെ പിതാമഹൻ അസഫ് ജാ ഒന്നാമനും നിര്യാതനായി. അസഫ് ജാ ഒന്നാമൻറെ മരണത്തിനു ശേഷം നിസാം പദവിക്കു വേണ്ടി ഉണ്ടായ അവകാശത്തർക്കത്തിൽ ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് രണ്ടാമൻ 1752-ൽ സംശയാസ്പദമായ ചുറ്റുപാടുകളിൽ നിര്യാതനായി.[2] ഈ വിവരം സഹാബുദ്ദീൻ മുഹമ്മദ് സിദ്ദിഖി ആദ്യം അറിയിച്ചത് നവാബ് സഫ്ദർജംഗിനേയായിരുന്നു. നവാബ് സഫ്ദർജംഗിൻറെ ശുപാർശയാൽ മുഗൾ സാമ്രാട്ട് അഹമദ് ഷാ,ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ എന്ന പദവിയും മീർ ബക്ഷി സ്ഥാനവും, അമിർ ഉൾ ഉമാരാ, ഇമാദ് ഉൾ മുൾക്ക് എന്നീ ബഹുമതികളും സഹാബുദ്ദീൻ മുഹമ്മദ് സിദ്ദിഖിക്കു നല്കി.

സുഖലോലുപനും ഭരണകാര്യങ്ങളിൽ തീരെ അശ്രദ്ധനുമായിരുന്ന അഹമ്മദ് ഷായുടെ രീതികൾ കൊട്ടാരസ്പർദ്ധകൾക്ക് വളം വച്ചു. ഇറാനികളും തുറാനികളും തമ്മിലുളള വൈരം മൂത്തു. സഫ്ദർജംഗും ഗാസി ഉദ്ദീനും എതിരാളികളായി. തുറാനികളുടെ നേതാവായിരുന്ന ഗാസി ഉദ്ദീൻ മറാഠശക്തികളുടെ സഹായത്തോടെ[2] സഫ്ദർജംഗിൻറെ നേതൃത്വത്തിൽ പൊരുതിയ മുഗൾ സൈന്യത്തെ സിക്കന്ദരാബാദ് (ഇപ്പോൾ പാകിസ്താനിൽ) എന്ന സ്ഥലത്തു വച്ച് മേയ് 1754-ൽ പരാജയപ്പെടുത്തി.[3][4] സഫ്ദർ ജംഗ് 1754-ൽ നിര്യാതനായി.

ഭീകരവാഴ്ച

[തിരുത്തുക]

അധികാരമോഹിയായിരുന്ന ഗാസി ഉദ്ദീൻ ഖാൻ 1754-ൽ മുഗൾ സാമ്രാട്ട് അഹമ്മദ് ഷായെ തടവിലാക്കുകയും, അന്ധനാക്കുകയും ചെയ്ത ശേഷം ഫറൂഖ് സിയാറാൽ അന്ധനാക്കപ്പെട്ട് തടവിൽക്കഴിഞ്ഞിരുന്ന അസീസ് ഉദ്ദീനെ (അലംഗീർ രണ്ടാമൻ) മുഗൾ സിംഹാസനത്തിലിരുത്തി. അഹ്മദ് ഷായും മാതാവും അന്ധരാക്കപ്പെട്ടു. ഇതിനൊക്കെ തന്നോടൊപ്പം നിന്ന മറാഠ നേതാക്കൾക്ക് ഗാസി ഉദ്ദീൻ വലിയൊരു തുക വാഗ്ദാനം ചെയ്തിരുന്നു. സ്വാർത്ഥതാത്പര്യങ്ങൾക്കായി മുഗൾ രാജവംശത്തിലെ പലരേയും ഗാസി ഉദ്ദീൻ ഖാൻ കൊലപ്പെടുത്തി; പലരും ഓടി രക്ഷപ്പെട്ടു. അഞ്ചര വർഷക്കാലം നീണ്ടുനിന്ന ഭീകര വാഴ്ച മുഗ സാമ്രാജ്യത്തെ ഇനിയൊരിക്കലും പുനരുദ്ധരിക്കാനാവാത്ത വിധം തകർച്ചയിലേക്കു നയിച്ചു.

ഗാസിയുദ്ദീൻ, മീർ മുനീമിനെ പഞ്ചാബിലെ ഭരണാധികാരിയായി നിയമിച്ചു. ഇത് അഫ്ഗാനിസ്താനിലെ അഹമ്മദ് ഷാ അബ്ദാലിയെ ചൊടിപ്പിച്ചു. 1757 ജനവരിയി അബ്ദാലിയും സൈന്യവും ദില്ലിയിലെത്തി. ഒരു പാടു രക്തച്ചൊരിച്ചിലിനു ശേഷം ഗാസിയുദ്ദീനെ വരുതിയിൽ കൊണ്ടു വന്നു. സ്വന്തം പുത്രനായ തിമൂർ ഷായെ പഞ്ചാബ് ഗവർണറായും, ജഹാൻ ഖാൻ എന്ന കാര്യപ്രാപ്തിയുളള സേനാപതിയെ ഉപദേഷ്ടാവുമായി നിയമിച്ചു, യുദ്ധത്തിൽ തന്നോടൊപ്പം നിന്ന റോഹിലാഖണ്ഡ് സേനാനായകൻ നജീബ് ഉദ്ദൗളയെ മുഗൾ കൊട്ടാരം വിചാരിപ്പുകാരനായി (അമീർ ഉൽ ഉമ്റ) പ്രഖ്യാപിച്ച് അബ്ദാലി തിരിച്ചു പോയി.

ഗാസിയുദ്ദീൻ അടങ്ങിയിരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. പല രാജ കുടുംബാംഗങ്ങളും വധിക്കപ്പെട്ടു അലംഗീർ രണ്ടാമന്റെ പുത്രൻ അലി ഗൌഹർ നജീബുദ്ദൌളയുടെ സഹായത്തോടെ വീട്ടു തടങ്ങലിൽ നിന്നു രക്ഷപ്പെട്ട് പൂർവ്വ പ്രാന്തങ്ങളിലേക്കു രക്ഷപ്പെട്ടു. പഞ്ചാബ് തിരിച്ചു പിടിക്കാനായി ഗാസിയുദ്ദീൻ വീണ്ടും മറാഠ സഹായം ആവശ്യപ്പെട്ടു. 1759 ആഗസ്റ്റിൽ അബ്ദാലി തിരിച്ചടിച്ചു. ഈ ബഹളങ്ങൾക്കിടയിൽ 1759-ൽ ഗാസി ഉദ്ദീൻ ഖാൻ ഏർപ്പാടാക്കിയ ഘാതകർ അലംഗീർ രണ്ടാമനെ ദാരുണമായ വിധത്തിൽ കൊലപ്പെടുത്തി. ഔറംഗസേബിന്റെ ഇളയ പുത്രൻ കാം ബക്ഷിന്റെ പൌത്രനെ ഷാജഹാൻ മൂന്നാമൻ എന്ന പേരിൽ അവരോധിക്കാൻ ശ്രമിച്ചു. പക്ഷെ വിവരം കിട്ടിയ അലി ഗോഹർ, ഷാ ആലം എന്ന പേരിൽ സ്വയം ചക്രവർത്തിയായി പ്രഖ്യാപിച്ചു. നജീബ് ഉദ്ദൗളയുടെ നേതൃത്വത്തിൽ മുഗൾ സൈന്യം ഗാസിയുദ്ദീനെതിരെ പ്രതികരിക്കാൻ തുടങ്ങി. മൂന്നാം പാനിപത്ത് യുദ്ധത്തിനു ശേഷം അബ്ദാലിയുടെ പിടിയിലാകുമെന്നായപ്പോൾ ഗാസി ഉദ്ദീൻ ഖാൻ ആത്മരക്ഷാർത്ഥം ദൽഹിയിൽ നിന്ന് പാലായനം ചെയ്തു. പിന്നീട് കുറച്ചു കാലത്തേക്ക് സൂരജ് മലിന്റെ ദാക്ഷിണ്യത്തിൽ ഭരത്പൂരിൽ കഴിഞ്ഞതായി പറയപ്പെടുന്നു.[5]

അന്ത്യം

[തിരുത്തുക]

1791-ൽ ബ്രിട്ടീഷ് പോലീസ് യാദൃഛികമായി ദൈന്യാവസ്ഥയിൽ ഗാസിയുദ്ദീനെ സൂറത്തിൽ വെച്ച് പിടികൂടിയതായി കീൻ [5] രേഖപ്പെടുത്തുന്നു. ഗവർണർ ജനറലുടെ നിർദ്ദേശമനുസരിച്ച് ഗാസിയുദ്ദീന് ഹജ്ജിനു പോകാനുളള സൌകര്യങ്ങൾ ചെയ്തുകൊടുക്കപ്പെട്ടു. തിരിച്ചെത്തിയശേഷം ബുന്ദേൽഖണ്ടിൽ താമസമാക്കിയതായും 1800 ഓഗസ്റ്റ് 31നു കല്പി എന്ന സ്ഥലത്തു വെച്ച് മരണപ്പെട്ടെന്നും പറയപ്പെടുന്നു.


അവലംബം

[തിരുത്തുക]
  1. H.C. Fanshawe (1998). Delhi, past and present. Asian Educational Services. ISBN 812061318X.
  2. 2.0 2.1 http://www.maharashtra.gov.in/pdf/gazeetter_reprint/History-III/chapter_8.pdf
  3. http://www.san.beck.org/2-10-Marathas1707-1800.html
  4. http://www.columbia.edu/itc/mealac/pritchett/00islamlinks/ikram/
  5. 5.0 5.1 The fall of the Moghul Empire of Hindostan, H.G. Keene, 1887 >