Jump to content

മഗ്ദലനമറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഗ്ദലനമറിയം
പെനിറ്റന്റ് മഗ്ഡലീൻ (സി. 1598) ഡൊമെനിക്കോ ടിന്റോറെറ്റോ
ശിഷ്യ
ജനനംതിയതിയും സ്ഥലവും നിശ്ചയമില്ല
മരണംതിയതി നിശ്ചയമില്ല
സ്ഥലം ഏഷ്യാമൈനറിലെ എഫേസോസ് ആയിരിക്കാം[1]
വണങ്ങുന്നത്പൗരസ്ത്യക്രിസ്തീയത
റോമൻ കത്തോലിക്കാ സഭ
ആംഗ്ലിക്കൻ കൂട്ടായ്മ
ലൂഥറൻ സഭ
മറ്റു പ്രൊട്ടസ്റ്റന്റ് സഭകൾ
ബഹായ് മതം
ഓർമ്മത്തിരുന്നാൾജൂലൈ 22
പ്രതീകം/ചിഹ്നംപാശ്ചാത്യം: എണ്ണയുടെ കൽഭരണി
പൗരസ്ത്യം: സുഗന്ധലേപനപ്പാത്രം (മീറ), അല്ലെങ്കിൽ ഉയിർപ്പിന്റെ പ്രതീകമായ ചുവന്ന മുട്ടയുമായി; ഉത്ഥാനം ചെയ്ത യേശുവിനെ പാദാശ്ലേഷം ചെയ്യുന്ന മട്ടിൽ

യേശുവിന്റെ അനുയായിവൃന്ദത്തിലെ ഏറ്റവും അറിയപ്പെടുന്ന അംഗങ്ങളിൽ ഒരുവളും യേശു നയിച്ച പ്രസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ത്രീ സഹചാരികളിൽ സർവ്വപ്രധാനിയും ആയിരുന്നു മഗ്ദലനമറിയം. ഗലീലാക്കടലിന്റെ പടിഞ്ഞാറേക്കരയിലെ ഒരു വലിയ പട്ടണമായിരുന്ന 'മഗ്ദല' ആയിരുന്നു അവളുടെ സ്വദേശം എന്നാണ് പേരിലെ സൂചന.[2]

യേശുവിന്റെ ഉറ്റസുഹൃത്തായിരുന്ന അവളെക്കുറിച്ച്, അദ്ദേഹത്തിന്റെ അന്ത്യദിനങ്ങളുടേയും പുനരുത്ഥാനത്തിന്റേയും സുവിശേഷാഖ്യാനങ്ങളിൽ ഹ്രസ്വമെങ്കിലും കാതലായ പരാമർശങ്ങൾ കാണാം. യോഹന്നാൻ ഒഴിച്ചുള്ള പുരുഷശിഷ്യന്മാർ ഭയന്നോടിയ ശേഷവും കുരിശിൻ ചുവട്ടിൽ ഉണ്ടായിരുന്ന അവൾക്കാണ് ഉയിർത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷനായത്.[3] ജ്ഞാനവാദപാരമ്പര്യത്തിൽ പെട്ട അകാനോനിക ക്രിസ്തീയലിഖിതങ്ങളിൽ 'മഗ്ദലന' ആദ്യകാലക്രിസ്തീയതയിലെ നേതൃസ്ഥാനികളിൽ ഒരുവളും യേശുവിൽ നിന്ന് നിഗൂഢമായ സവിശേഷജ്ഞാനം ലഭിച്ചവളുമായി പ്രത്യക്ഷപ്പെടുന്നു.[4][5][6]

എങ്കിലും പാപമാർഗ്ഗത്തിൽ നിന്ന് യേശു രക്ഷപെടുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഗാഢഭക്തയായിത്തീർന്ന സ്ത്രീയുടെ കാല്പനികചിത്രമാണ് മഗ്ദലനയെ സംബന്ധിച്ച സാമാന്യസങ്കല്പമായി മുഖ്യധാരാക്രിസ്തീയതയിൽ പിൽക്കാലത്തു പ്രചരിച്ചത്.[7] മലയാളത്തിൽ വള്ളത്തോൾ രചിച്ച 'മഗ്ദലനമറിയം' എന്ന കാവ്യം പോലും ഈ വികലസങ്കല്പം പിന്തുടരുന്നു.[8]

സുവിശേഷങ്ങളിൽ[തിരുത്തുക]

പുതിയനിയമത്തിലെ നാലു കാനോനിക സുവിശേഷങ്ങളിലും മഗ്ദലനമറിയം പ്രത്യക്ഷപ്പെടുന്നുണ്ട്. യേശുവിന്റെ കുരിശുമരണവും ദേഹസംസ്കാരവുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിൽ കുരിശിൻ ചുവട്ടിലും കല്ലറയിലും അവളെ കാണാം. പുനരുദ്ധാനത്തിന്റെ ആദ്യസാക്ഷിയായും സുവിശേഷകന്മാരായ മത്തായിയും യോഹന്നാനും അവളെ അവതരിപ്പിക്കുന്നു.[9]

മഗ്ദലനമറിയം ഒരു വേശ്യ ആയിരുന്നുവെന്നും, യേശുവിനെ തൈലാഭിഷേകം ചെയ്ത ഭക്തസ്ത്രീയും മരണത്തിൽ നിന്ന് യേശു ഉയിർപ്പിച്ച ലാസറിന്റെ സഹോദരി ബെഥനിയിലെ മറിയവും അവളായിരുന്നെന്നും മറ്റുമുള്ള പിൽക്കാലത്തെ സാമാന്യസങ്കല്പങ്ങൾക്ക് സുവിശേഷങ്ങളിൽ തെളിവൊന്നുമില്ല. യേശു 'മഗ്ദലന'-യിൽ നിന്ന് ഏഴു ദുരാത്മാക്കളെ പുറത്താക്കിയതായി ലൂക്കായുടെ സുവിശേഷത്തിൽ പറയുന്നുണ്ട്. എന്നാൽ ഈ പരാമർശം, യേശുസംഘത്തിലെ അംഗങ്ങൾ ആയിരിക്കുകയും യേശു സൗഖ്യപ്പെടുത്തുകയും യേശുവിന്റെ ദൗത്യത്തിനു വേണ്ട ഭൗതികസഹായങ്ങൾ ചെയ്യുകയും ചെയ്ത ഒരുകൂട്ടം സ്ത്രീകളുടെ കാര്യം പറയുന്നതിനിടെയാണ്. യേശുസംഘത്തെ സാമ്പത്തികമായി സഹായിച്ചിരുന്ന സ്ത്രീ അനുയായികളിൽ ഒരുവളായിരുന്നിരിക്കാം മഗ്ദലനമറിയം.[2]

'ദുരാത്മാക്കൾ' എന്നത് സങ്കീർണ്ണമായ രോഗങ്ങളേയോ 'ബാധ'-കളേയോ സൂചിപ്പിക്കുന്നതാകാം എന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[10] വേദനാജനമായ മാനസികരോഗങ്ങളുടെ ഇരയായിരുന്ന മഗ്ദലനയ്ക്ക് യേശുവിന്റെ സാമീപ്യം ആശ്വാസം നൽകിയിരുന്നിരിക്കാമെന്നും തനിക്ക് സുബുദ്ധിയും (sanity) ജീവിതം തന്നെയും തിരികെ നൽകിയവനായി കണ്ട് അദ്ദേഹത്തെ ആരാധിക്കാൻ തുടങ്ങിയ അവൾ യേശുസംഘത്തിലെ ഉൾവൃത്തത്തിലെ (inner circle) അംഗമായിത്തീർന്നതാവാം എന്നും ഊഹിക്കപ്പെടുന്നു.[11]

ജ്ഞാനവാദത്തിൽ[തിരുത്തുക]

ക്രിസ്തീയതയുടെ ആദിമനൂറ്റാണ്ടുകളിൽ ജ്ഞാനവാദപാരമ്പര്യത്തിലും മറ്റുമായി പിറന്ന പല അകാനോനിക സുവിശേഷങ്ങളിലും ഇതരരചനകളിലും 'മഗ്ദലന' പരാമർശിക്കപ്പെടുന്നുണ്ട്. തോമായുടെ സുവിശേഷം എന്ന ജ്ഞാനവാദരചനയിലെ സമാപനവാക്യം അതിനു പിന്നിലുള്ള പാരമ്പര്യശാഖയുടെ സ്ത്രീസങ്കല്പത്തെ സൂചിപ്പിക്കുന്നു:-

വിശുദ്ധമഗ്ദലന-യുടെ ഒരു രൂപം, പൗരസ്ത്യക്രിസ്തീയതയിൽ നിന്ന്

രണ്ടു മുതൽ അഞ്ചുവരെ നൂറ്റാണ്ടുകൾക്കിടയിലെന്നോ എഴുതപ്പെട്ടതായി കരുതപ്പെടുന്ന "പിസ്റ്റിസ് സോഫിയ" എന്ന ജ്ഞാനവാദരചനയിൽ ശിഷ്യന്മാരുടെ 64 ചോദ്യങ്ങൾക്ക് യേശു മറുപടി പറയുന്നതായി കാണാം. 39 ചോദ്യങ്ങളും ഉന്നയിക്കുന്നത് മഗ്ദലനമറിയമാണ്.[6] അവളോട് യേശു ഇങ്ങനെ പറയുന്നു:

"മറിയമേ, അനുഗ്രഹിക്കപ്പെട്ടവളേ, ഉന്നതങ്ങളിൽ നിന്നുള്ള രഹസ്യങ്ങളിൽ നിനക്കു ഞാൻ പൂർണ്ണത നൽകും. തുറവിയിൽ സംവദിക്കുക. നിന്റെ സഹോദരന്മാർ എല്ലാവരേയുംകാളുപരി നിന്റെ ഹൃദയം സ്വർഗ്ഗരാജ്യത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു." [6]

"മറിയത്തിന്റെ സുവിശേഷം" (Gospel of Mary) എന്ന രണ്ടാം നൂറ്റാണ്ടിലെ അകാനോനികരചനയും മഗ്ദലനമറിയം പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന ഒരു ജ്ഞാനവാദലിഖിതമാണ്. ഇതര അപ്പസ്തോലന്മാർക്കു ലഭിച്ചതിനേക്കാൾ ഉന്നതമായ നിഗൂഢജ്ഞാനം യേശുവിൽ നിന്നു നേടിയ പ്രിയശിഷ്യയായി ഈ കൃതിയിൽ മഗ്ദലന പ്രത്യക്ഷപ്പെടുന്നു.[4]

സാമാന്യസങ്കല്പം[തിരുത്തുക]

യേശുവിന്റെ ശുന്യമായ കല്ലറ കണ്ടു കരയുന്ന മഗ്ദലനയ്ക്കു പിന്നിൽ ഉത്ഥാനം ചെയ്ത യേശു

യഹൂദധാർമ്മികതയുടേയും സംസ്കാരത്തിന്റേയും പശ്ചാത്തലത്തിൽ പിറന്ന യേശുവിന്റെ പ്രസ്ഥാനം യവനചിന്തയുടേയും സംസ്കാരത്തിന്റേയും സ്വാധീനത്തിൽ വളർന്നു വികസിച്ചപ്പോൾ, 'നസ്രായന്റെ' ആദ്യാനുയായികൾ എന്ന നിലയിൽ മഗ്ദലനയുടേയും ഇതരശിഷ്യകളുടേയും പ്രാധാന്യം അവഗണിക്കപ്പെട്ടു.[11] ലഭ്യമായ ക്രിസ്തീയലിഖിതങ്ങളിൽ ഏറ്റവും പഴക്കമുള്ളതായി കരുതപ്പെടുന്ന ലേഖനങ്ങളുടെ കർത്താവായ പൗലോസ്, കൊറീന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ ഉദ്ധിതനായ യേശു പത്രോനിസും പിന്നീട് പന്ത്രണ്ടു ശിഷ്യർക്ക് ഒരുമിച്ചും പ്രത്യക്ഷനായി എന്നു സാക്ഷ്യപ്പെടുത്തുകയും മഗ്ദലനയ്ക്കു ലഭിച്ച ആദ്യദർശനത്തെ അവഗണിക്കുകയും ചെയ്യുന്നു.[12][൧]

ദുർവൃത്തിയുടെ പാപമാർഗ്ഗത്തിൽ നിന്ന് യേശു രക്ഷപെടുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഗാഢഭക്തയായിത്തീർന്ന സ്ത്രീയുടെ കാല്പനികചിത്രമാണ് സാമാന്യസങ്കല്പത്തിൽ മഗ്ദലനയുടേതായി പിൽക്കാലത്തു പ്രചരിച്ചത്. കലയിലും സാഹിത്യത്തിലുമുള്ള അവളുടെ ചിത്രീകരണങ്ങൾ മിക്കവാറും പിന്തുടരുന്നത് മദ്ധ്യകാലക്രിസ്തീയതയിൽ രൂപപ്പെട്ട ഈ സങ്കല്പമാണ്. പിൽക്കാലങ്ങളിൽ ക്രിസ്തീയസഭകൾ തള്ളിപ്പറഞ്ഞ നിലപാടാണ് ഇതെങ്കിലും[7] മദ്ധ്യയുഗങ്ങളുടെ തുടക്കത്തിൽ മാർപ്പാപ്പാ ആയിരുന്ന ഗ്രിഗോരിയോസ് ഒന്നാമൻ, ലൂക്കായുടെ സുവിശേഷത്തെക്കുറിച്ച് പൊതുവർഷം 591 സെപ്റ്റംബർ 14-ന് നടത്തിയ പ്രഭാഷണമാണ് ഈ ആശയം ആദ്യം അവതരിപ്പിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[13][൨] 1969-ൽ കത്തോലിക്കാ സഭ, പോൾ ആറാമൻ മാർപ്പാപ്പാ ആയിരിക്കെ, ഗ്രിഗോരിയോസ് മാർപ്പാപ്പായുടെ പ്രഭാഷണത്തെ നേരിട്ടു പരാമർശിക്കാതെയാണെങ്കിലും മഗ്ദലനയെക്കുറിച്ചുള്ള മേല്പറഞ്ഞ ധാരണയെ തള്ളിപ്പറഞ്ഞു.[14]

വള്ളത്തോളിന്റെ കാവ്യം[തിരുത്തുക]

മനസ്തപിക്കുന്ന മഗ്ദലന, 19-ആം നൂറ്റാണ്ടിലെ ഒരു ചിത്രം

മലയാളത്തിൽ വള്ളത്തോൾ നാരായണമേനോൻ എഴുതിയ 'മഗ്ദലനമറിയം' എന്ന പ്രസിദ്ധകാവ്യം മഗ്ദലനയെ മാനസാന്തരം വന്ന കഠിനപാപിനിയായി കാണുന്ന സങ്കല്പവുമായി ചേർന്നു പോകുന്നതാണ്. ജീവിതകഥയിലെ അന്നേവരെയുള്ള അദ്ധ്യായങ്ങളിൽ 'ചാരിത്രം' എന്ന വാക്കു തന്നെ ഇല്ലായിരുന്ന അവൾക്ക് "ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോപദേശമാം നിസ്തുലകോമളവേണുഗാനം" കേട്ട് മാനസാന്തരം വരുന്നതായി വള്ളത്തോൾ സങ്കല്പിക്കുന്നു. "ചെയ്യരുതാത്തതു ചെയ്തവളെങ്കിലും ഈയെന്നെത്തള്ളൊല്ലേ തമ്പുരാനേ" എന്ന മഗ്ദലനയുടെ യാചന കേട്ട് യേശുവിന്റെ "ഹൃദ്സരസ്സ് കൃപാമൃതത്താൽ" നിറയുന്നതും "ആപ്പപ്പോൾ പാതകം ചെയ്തതിനൊക്കെയും ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം" എന്ന ന്യായത്തിൽ അവളെ അദ്ദേഹം പാപവിമുക്തയാക്കി "പൊയ്ക്കോൾക പെൺകുഞ്ഞേ....ദുഃഖം വെടിഞ്ഞുനീ" എന്നു യാത്രയാക്കുന്നതും കവി ചിത്രീകരിക്കുന്നു.[8][൩]

വിമതചരിത്രങ്ങളിൽ[തിരുത്തുക]

ക്രിസ്തുമതചരിത്രത്തിലെ സാമാന്യധാരണകളെ വെല്ലുവിളിക്കുന്ന പക്ഷാന്തരങ്ങളിൽ പലതും, വ്യവസ്ഥാപിത ക്രിസ്തുമതത്തിൽ അവഗണിക്കപ്പെട്ടതായി കരുതപ്പെടുന്ന മഗ്ദലനയുടെ പ്രാധാന്യം എടുത്തുകാട്ടാൻ ശ്രമിക്കാറുണ്ട്. 2003-ൽ അമേരിക്കൻ നോവലിസ്റ്റ് ഡാൻ ബ്രൗൺ പ്രസിദ്ധീകരിച്ച ഡാവിഞ്ചി കോഡ് എന്ന നോവലിൽ ഇത്തരത്തിലുള്ള ചരിത്രവീക്ഷണം പ്രകടമാണ്. സുവിശേഷങ്ങളിലെ ചുരുങ്ങിയ പരാമർശങ്ങളിൽ അവ്യക്തമായിരിക്കുന്ന മഗ്ദലനയുടെ കഥയിലേയ്ക്ക് വ്യാപകമായ ശ്രദ്ധ ആകർഷിക്കുന്നതിന് ബ്രൗണിന്റെ നോവൽ അവസരമൊരുക്കി.[15]

വിശുദ്ധ[തിരുത്തുക]

കത്തോലിക്കാ, ഓർത്തഡോക്സ്, ആംഗ്ലിക്കൻ, ലൂഥറൻ ക്രിസ്തീയതകൾ മഗ്ദലനമറിയത്തെ വിശുദ്ധയായി കണക്കാക്കി ജൂലൈ 22-ന് അവളുടെ തിരുനാൾ ആചരിക്കുന്നു. ക്രിസ്തുവിന്റെ 'സ്വർഗ്ഗാരോഹണം' കഴിഞ്ഞ്, അപ്പസ്തോലൻ യോഹന്നാനോടൊപ്പം 'മഗ്ദലന' എഫേസൂസിലേയ്ക്കു പോയി എന്ന വിശ്വാസം പൗരസ്ത്യ സഭയിൽ നിലവിലുണ്ട്.[7] പൗസ്ത്യ ഓർത്തഡോക്സ് സഭ മീറവാഹകരുടെ(Myrrah-bearers) ഞായറാഴ്ച അവളെ അനുസ്മരിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

^ 'വെറും' ഒരു പെണ്ണിനു കിട്ടിയ ഈ ആദ്യദർശനത്തെ പത്രോസോ പൗലോസോ മനഃപൂർവം തമസ്കരിച്ചതാകുമോ എന്ന് ചാൾസ് ഫ്രീമാൻ അത്ഭുതപ്പെടുന്നു.[16]

^ ഫരിസേയൻ ശിമയോന്റെ വീട്ടിൽ യേശുവിനെ തൈലാഭിഷേകം ചെയ്ത സ്ത്രീ തന്നെയായി മഗ്ദലനയെ സങ്കല്പിക്കുന്ന ഗ്രിഗോരിയോസ്, പാപവ്യാപാരത്തിന് ശരീരത്തെ ഒരുക്കാൻ അതേ തൈലം അവൾ മുൻപ് ഉപയോഗിച്ചിരുന്നു എന്നും പറയുന്നു. ("It is clear, brothers, that the woman previously used the unguent to perfume her flesh in forbidden acts.")[17]

^ സാമാന്യസങ്കല്പത്തിലെ മഗ്ദലന പതിതയെങ്കിലും അതീവസുന്ദരിയായിരുന്നു. വള്ളത്തോളിന്റെ കവിതയും ഈ സങ്കല്പം പ്രതിഫലിപ്പിക്കുന്നു. യേശുവിനെ കാണാനായി ഫരിസേയൻ ശിമയോന്റെ വീട്ടിലേക്കു നടന്നു പോകുന്ന അവളെ ആകാശത്തിലെ നക്ഷത്രങ്ങൾ സൂക്ഷിച്ചു നോക്കുന്നതായി വർണ്ണിക്കുന്ന കവി, "ഭംഗമാർന്നൂഴിയിൽ വീണുപോയ" ഒരു നക്ഷത്രമാണോ മഗ്ദലന എന്നു തിരക്കുന്നു.[8]

അവലംബം[തിരുത്തുക]

 1. "Saint Mary Magdalen". New Catholic Dictionary. 1910. Archived from the original on 2011-09-17. Retrieved 2007-02-28.
 2. 2.0 2.1 മഗ്ദലനമറിയം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 499)
 3. "Saint Mary Magdalene." Encyclopædia Britannica. Encyclopædia Britannica Online. Encyclopædia Britannica, 2011. Web. 04 Mar. 2011. read online.
 4. 4.0 4.1 Early Christian writings.com Gospel of Mary
 5. 5.0 5.1 തോമായുടെ സുവിശേഷം 114-ആം വാക്യം, Gospel of Thomas Commentary Early Christian Writings.com
 6. 6.0 6.1 6.2 Hurtak, J.J. and D.E. (1999) Pistis Sophia: Text and Commentary complete text with commentary.
 7. 7.0 7.1 7.2 മേരി മാഗ്ദലേൻ, ബ്രോക്കാംപ്ടൺ ഡിക്ഷ്ണറി ഓഫ് സെയിന്റ്സ് (പുറങ്ങൾ 137-38)
 8. 8.0 8.1 8.2 മലയാളസംഗീതം, വള്ളത്തോൾ കവിതകൾ, 'താഴത്തേക്കെന്തിത്ര' മഗ്ദലനമറിയത്തിലെ വരികൾ
 9. മത്തായി എഴുതിയ സുവിശേഷം|മത്തായി]] 28:9; യോഹന്നാൻ 20:11-18
 10. Saint Mary Magdalene. (2011). In Encyclopædia Britannica. Retrieved from http://www.britannica.com/EBchecked/topic/367559/Saint-Mary-Magdalene
 11. 11.0 11.1 വിൽ ഡുറാന്റ്, "സീസറും ക്രിസ്തുവും", സംസ്കാരത്തിന്റെ കഥ (മൂന്നാം ഭാഗം - പുറങ്ങൾ 563, 577)
 12. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 15:5
 13. സൂസൻ ഹാസ്കിൻസ്, മേരി മഗ്ദലന: ദ എസൽഷ്യൻ ഹിസ്റ്ററി, പുറം 96 (Pimlico, 2003). ISBN 1-84595-004-6
 14. Williams, Mary Alice. "Mary Magdalene." PBS: Religion and Ethics. November 21, 2003. Episode no. 712. Web: 22 December 2009
 15. നാഷനൽ ജൊഗ്രാഫിക് ന്യൂസ് Da Vinci Code" Spurs Debate -- Who Was Mary Magdalene?
 16. ചാൾസ് ഫ്രീമാൻ, ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ് (103-104)
 17. Da Vinci's Code Professor Christopher Witcombe, Art History, Mary Magdalen, the Gospels, and the Church, Gregory the Great's Homily 33 and the Identification of Mary Magdalen as a Prostitute Archived 2013-06-23 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=മഗ്ദലനമറിയം&oldid=3995948" എന്ന താളിൽനിന്ന് ശേഖരിച്ചത്