ഡാൻ ബ്രൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാൻ ബ്രൌൺ
Dan Brown - bookjacket.jpg
ജനനം ജൂൺ 22, 1964
എക്സെറ്റർ, ന്യൂഹാംഷെയർ
ദേശീയത അമേരിക്കൻ
തൊഴിൽ നോവലിസ്റ്റ്
വെബ്സൈറ്റ് danbrown.com
രചനാ സങ്കേതം സ്തോഭജനകം, നിഗൂഢം

ഡാൻ ബ്രൌൺ (ജനനം:ജുൺ 22, 1964) അമേരിക്കൻ എഴുത്തുകാരനാണ്. സ്തോഭജനക നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബ്രൌൺ ഏറെ വിവാദങ്ങളുണ്ടാക്കിയ ദ ഡാവിഞ്ചി കോഡ് എന്ന നോവലിലൂടെയാണ് പ്രശസ്തനായത്. 54 ഭാഷകളിലായി 200 ദശലക്ഷം കോപ്പികൾ ഇദ്ദേഹത്തിന്റെതായി ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ന്യൂഹാംഷെയറിലെ എക്സെറ്റർ എന്ന പട്ടണത്തിലാണു ഡാൻ ബ്രൌൺ ജനിച്ചത്. അച്ഛൻ റിച്ചാർഡ് ജി. ബ്രൌൺ ഗണിതശാസ്ത്രാധ്യാപകനായിരുന്നു. അമ്മ സംഗീതജ്ഞയും.

സ്കൂൾ, കോളജ് പഠനത്തിനുശേഷം ഗാനരചയിതാവായാണ് ബ്രൌൺ കലാരംഗത്തുവന്നത്. സ്വന്തമായി ഒരു റെക്കോർഡിങ് കമ്പനിയും സ്ഥാപിച്ചിരുന്നു. 1990കളിൽ ഏതാനും സംഗീത ശില്പങ്ങൾ പുറത്തിറക്കിയെങ്കിലും ഒന്നും കാര്യമായ ശ്രദ്ധനേടിയില്ല. ഗാനരചയിതാവായും പിയാനോ വായനക്കാരനായും ഭാഗ്യം പരീക്ഷിക്കുവാൻ 1991-ൽ ഹോളിവുഡിലെത്തി. ലൊസേഞ്ചത്സിലെ നാഷണൽ അക്കാദമി ഓഫ് സോങ് റൈറ്റേഴ്സ് എന്ന സംഘടനയിൽ അംഗമായ ബ്രൌൺ അതിന്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയായി. ഇവിടെ വച്ച് തന്നേക്കൾ പന്ത്രണ്ടു വയസ് മൂത്ത ബ്ലൈത്ത് ന്യൂലൺ എന്ന സ്ത്രീയെ പരിചയപ്പെട്ടു. ബ്രൌണിന്റെ സംരംഭങ്ങൾ പൊതുജനശ്രദ്ധയിൽ എത്തിക്കുവാൻ ബ്ലൈത്ത് ഏറെ അധ്വാനിച്ചു. ഈ പരിചയം ഇവരുടെ വിവാഹത്തിൽ കലാശിച്ചു.

എഴുത്തിലേക്കു ശ്രദ്ധതിരിക്കും മുൻപ് ബ്രൌൺ ഗായകനായും ഭാഗ്യം പരീക്ഷിച്ചിരുന്നു. 1993-ൽ ഡാൻ ബ്രൌൺ എന്ന പേരിൽതന്നെ ഒരു സംഗീത ആൽബം പുറത്തിറക്കി. എഴുത്തിലേക്കു ശ്രദ്ധതിരിക്കാൻ പ്രചോദനമേകിയത് ഭാര്യ ബ്ലൈത്ത് ആണ്. ആദ്യകാലങ്ങളിൽ ഹാസ്യരചനകളാണ് ഡാൻ ബ്രൌൺ പരീക്ഷിച്ചത്. തൂലികാ നാമങ്ങളിൽ എഴുതപ്പെട്ട ഈ കൃതികളിൽ മിക്കവയിലും ബ്ലൈത്ത് സഹരചയിതാവായിരുന്നു.

1993-ൽ ന്യൂഹാംഷെയറിൽ തിരിച്ചെത്തിയ ബ്രൌൺ തന്റെ പഴയ കലാലയമായ ഫിലിപ്സ് എക്സ്റ്റർ അക്കാഡമിയിൽ അദ്ധ്യാപകനായി ജോലിനോക്കി. ഇതിനിടയിലും സംഗീതജീവിതം തുടർന്നിരുന്നു. 1994-ൽ “ഏഞ്ചത്സ് ആൻഡ് ഡീമൺസ്” എന്ന പേരിൽ ആൽബം പുറത്തിറക്കി. ഇതേ പേര് പിന്നീട് ഒരു നോവലിനും നൽകിയിട്ടുണ്ട്

സാഹിത്യജീവിതം[തിരുത്തുക]

1996-ൽ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ഡാൻ ബ്രൌൺ മുഴുവൻ സമയ എഴുത്തുകാരനായി മാറി. 1998-ൽ “ഡിജിറ്റൽ ഫോർട്രെസ്” എന്ന ആദ്യ നോവൽ പുറത്തിറക്കി. 2000-ൽ “ഏൻ‌ജത്സ് ആൻഡ് ഡീമൺസ്”, 2001-ൽ “ഡിസപ്ഷൻ പോയിന്റ്” എന്നീ നോവലുകൾക്കൂടി പുറത്തിറക്കിയെങ്കിലും ആദ്യ മൂന്നു നോവലുകളും ശ്രദ്ധിക്കപ്പെട്ടില്ല. 2003-ൽ “ദ് ഡവിഞ്ചി കോഡ്” പുറത്തിറക്കിയതോടെയാണ് ബ്രൌൺ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പുറത്തിറങ്ങിയ ആഴ്ചതന്നെ ഈ നോവൽ ന്യൂയോർക്ക്ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തി. ലോകമെമ്പാടും ആറരക്കോടിയിലേറെ പ്രതികൾ വിറ്റഴിക്കപ്പെട്ട ഡാവിഞ്ചി കോഡ് എക്കാലത്തെയും ജനപ്രിയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഡവിഞ്ചി കോഡിന്റെ വിജയത്തോടെ ബ്രൌണിന്റെ ആദ്യനോവലുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഡാവിഞ്ചി കോഡിലെ നായക കഥാപാത്രമായ റോബർട്ട് ലാങ്ഡനെ ബ്രൌൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഏഞ്ചൽസ് ആൻഡ് ഡീമൺസ് എന്ന നോവലിലാണ്. 2004-ൽ ബ്രൌണിന്റെ നാലു നോവലുകളും ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയിരുന്നു.

ഗൂഢലേഖനശാസ്ത്രത്തിൽ താല്പര്യമുള്ള ഡാൻ ബ്രൌണിന്റെ മിക്ക നോവലുകളിലും കഥ വികസിക്കുന്നത് ഇത്തരം രഹസ്യപദങ്ങളുടെ ചുരുളഴിക്കുന്നതിലൂടെയാണ്. ബ്രൌണിന്റെ നോവലുകൾ നാല്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

[1] നോവലുകൾ[തിരുത്തുക]

ചലച്ചിത്രരംഗം[തിരുത്തുക]

“ദ് ഡവിഞ്ചി കോഡ്” 2006-ൽ അതേ പേരിൽ ചലച്ചിത്രമായി. റോൺ ഹോവാർഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോം ഹാങ്ക്സ് നായകനായി. നോവലിന്റെ ജനപ്രീതിയെത്തുടർന്ന് വൻപ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമ ആഗോളതലത്തിൽ 750 ദശലക്ഷം ഡോളർ വരുമാനമുണ്ടാക്കി.[2] മറ്റൊരു നോവലായ ഏഞ്ചത്സ് ആൻഡ് ഡീമൺസ് 2009-ൽ അതേ പേരിൽ ചലച്ചിത്രമായി. സംവിധാനം, വീണ്ടും റോൺ ഹോവാർഡ്.“ദ് ഡവിഞ്ചി കോഡ്”-ലെ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡൺ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഈ നോവലിലാണ്. ഈ ചിത്രത്തിലും ടോം ഹാങ്ക്സ് ആ കഥാപാത്രത്തെ അവതരിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. അടിക്കുറിപ്പിനുള്ള എഴുത്ത് ഇവിടെ ചേർക്കുക
  2. http://www.boxofficemojo.com/movies/?id=davincicode.htm
"https://ml.wikipedia.org/w/index.php?title=ഡാൻ_ബ്രൗൺ&oldid=2717122" എന്ന താളിൽനിന്നു ശേഖരിച്ചത്