Jump to content

മറിയത്തിന്റെ സുവിശേഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറിയത്തിന്റെ സുവിശേഷത്തിന്റെ ശകലം, ഓക്സിറിങ്കസ് പപ്പൈറസ് L 3525

ജ്ഞാനവാദവീക്ഷണം പ്രതിഫലിപ്പിക്കുന്ന ഒരു പുരാതന ക്രിസ്തീയസന്ദിഗ്ദ്ധരചന (അപ്പോക്രിഫ) ആണ് മറിയത്തിന്റെ സുവിശേഷം. ഇതിൽ പരാമർശിക്കപ്പെടുന്ന മറിയം, പുതിയനിയമത്തിലെ മഗ്ദലനമറിയം ആണെന്നാണു ആന്തരികസൂചനകളിലും സമാനമായ ഇതര ലിഖിതങ്ങളുമായുള്ള താരതമ്യത്തിലും നിന്നുള്ള അനുമാനം. "ബെറോളിനെൻസിസ് 8502" എന്നറിയപ്പെടുന്ന കോപ്റ്റിക് പപ്പൈറസ് കൈയെഴുത്തുപ്രതി വഴി 1896-ലാണ് ഈ കൃതി കണ്ടു കിട്ടിയത്. അരനൂറ്റാണ്ടിലേറെക്കാലം അവഗണിക്കപ്പെട്ട കൈയ്യെഴുത്തുപ്രതിയുടെ പരിഭാഷ 1955-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.[1] ഇതിന്റെ മൂലഭാഷ ഗ്രീക്ക് ആണെന്നു കരുതപ്പെടുന്നു.

'സുവിശേഷം' എന്ന പേരിൽ സാമാന്യമായി അറിയപ്പെടുന്നെങ്കിലും ഈ രചന കാനോനികസുവിശേഷങ്ങളിൽ പെടുന്നതല്ല. യേശുവിന്റെ പരസ്യജീവിതത്തിലെ സംഭവങ്ങളും പ്രബോധങ്ങളുമാണ് പൊതുവേ സുവിശേഷങ്ങളായി കണക്കാക്കപ്പെടുന്നതെന്നതിനാൽ, ഉള്ളടക്കത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോൾ സുവിശേഷങ്ങളുടെ സാഹിത്യശാഖയിൽ പെടുത്താവുന്നതുമല്ല ഈ ലിഖിതം.[2]

ചരിത്രം

[തിരുത്തുക]

"ബെറോളിനെൻസിസ് 8502" എന്നറിയപ്പെടുന്ന കോപ്റ്റിക് പപ്പൈറസ് കൈയെഴുത്തുപ്രതി വഴി 1896-ൽ ഈജിപ്തിലെ അഖിമിം നഗരത്തിലാണ് ഈ കൃതി കണ്ടു കിട്ടിയത്. അതടങ്ങിയ പപ്പൈറസ് ഗ്രന്ഥം ജർമ്മൻ പണ്ഡിതൻ കാൾ റീൻഹാർട്ട് കെയ്റോയിലെ പുരാവസ്തുച്ചന്തയിൽ നിന്നു വിലയ്ക്കു വാങ്ങി ജർമ്മനിയിൽ എത്തിച്ചു.[3] ഇതിന്റെ പപ്പൈറസ് പ്രതിയ്ക്ക് "ബെരൊളിനെൻസിസ് 8502" എന്നതിനു പുറമേ "അഖ്മിം കോഡെക്സ്" എന്ന പേരുമുണ്ട്. ആ ലിഖിതത്തിൽ ഈ രചനയ്ക്കു പുറമേ യോഹന്നാന്റെ സന്ദിഗ്ദ്ധരചന (Apocryphon of John), യേശുക്രിസ്തുവിന്റെ ജ്ഞാനം (Sophia of Jesus Christ) എന്നിവയും, "പത്രോസിന്റെ നടപടികൾ" എന്ന കൃതിയുടെ ഒരു സംഗ്രഹവും ഉണ്ട്. ഇവയുടെയെല്ലാം ഭാഷ കോപ്റ്റിക് മൊഴിയുടെ 'സാഹിദിക്' നാട്ടുരൂപമാണ്.[4]. അരനൂറ്റാണ്ടിലേറെക്കഴിഞ്ഞ് 1955-ലാണ് ഈ കൈയ്യെഴുത്തുപ്രതി പ്രസിദ്ധീകരിക്കപ്പെട്ടത്. മറിയത്തിന്റെ സുവിശേഷത്തിന്റെ ഗ്രീക്കു ഭാഷയിലുള്ള രണ്ടു ശകലങ്ങൾ പിന്നീടു കണ്ടുകിട്ടി. ഈ ശകലങ്ങളിലൊന്ന്1938-ലും രണ്ടാമത്തേത് 1983-ലും പ്രസിദ്ധീകരിക്കപ്പെട്ടു.

ഹാർവർഡ് സർവകലാശാലയിലെ ദൈവശാസ്ത്രാദ്ധ്യാപിക കാരെൻ കിങ്ങിന്റെ അഭിപ്രായത്തിൽ ഈ ലിഖിതത്തിന്റെ മൂലരൂപം ക്രിസ്തുവിന്റെ കാലത്തെങ്ങോ ഗ്രീക്കു ഭാഷയിൽ എഴുതിയതാണ്.[5][6] എങ്കിലും മിക്കവാറും പണ്ഡിതന്മാർ ഈ നിഗമനത്തോടു വിയോജിക്കുകയും അതിനെ രണ്ടാം നൂറ്റാണ്ടിലെ രചനയായി കണക്കാക്കുകയും ചെയ്യുന്നു.[7]

മഗ്ദലനമറിയം

[തിരുത്തുക]

മറിയത്തിന്റെ സുവിശേഷത്തിലെ മറിയം, അതേപേരുള്ള പുതിയനിയമത്തിലെ വ്യക്തികളിൽ ആരാകാം എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ തികഞ്ഞ അഭിപ്രായൈക്യമില്ല. അത് മഗ്ദലനമറിയം ആയിരിക്കാം എന്ന വാദം യേശുവിന്റെ ഒരു പ്രമുഖ അനുയായി എന്ന നിലയിലുള്ള അവളുടെ സ്ഥാനം, ഉയിർത്തെഴുന്നേറ്റ യേശു ആദ്യം അവൾക്കു പ്രത്യക്ഷപ്പെട്ടുവെന്ന പാരമ്പര്യം, ഇതരക്രിസ്തീയ ലിഖിതങ്ങളിലെ അവരുടെ സാന്നിദ്ധ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ്. യേശുവിനെ അദ്ദേഹത്തിന്റെ ദൗത്യയാത്രകളിൽ അനുയാത്ര ചെയ്തിരുന്നവളും, കുരിശുമരണത്തിന്റെ നേർസാക്ഷിയും ഉയിർത്തെഴുന്നേല്പിന്റെ ആദ്യസാക്ഷിയും ആയി സുവിശേഷങ്ങളിൽ 'മഗ്ദലന' പ്രത്യക്ഷപ്പെടുന്നു.

ഇതര അകാനോനികരചനകളിൽ കാണപ്പെടുന്ന മഗ്ദലനയുടെ ചിത്രവുമായി ഈ രചനയിലെ മറിയത്തെ താരതമ്യം ചെയ്യുന്ന ഡി ബോവെർ, സ്ത്രീ ആണെന്ന കാരണത്തിൽ ഈ രചനയിൽ മറിയത്തെ എതിർക്കുന്നത് പത്രോസ് ആണെന്നു ചൂണ്ടിക്കാട്ടുന്നു. തോമായുടെ സുവിശേഷം, പിസ്റ്റിസ് സോഫിയ എന്നീ അകാനോനികരചനകളിലും പത്രോസ് ഈവിധത്തിലുള്ള എതിർപ്പു പ്രകടിപ്പിക്കുന്നുണ്ട്. പിസ്റ്റിസ് സോഫിയയിലെ മറിയം, 'മഗ്ദലന' തന്നെയാണെന്നതിൽ സംശയവുമില്ല.[6] മറിയത്തിന്റെ സുവിശേഷത്തിലെ അവസാനരംഗവും ഇതിൽ പരാമർശിക്കപ്പെടുന്ന മറിയം, 'മഗ്ദലന' തന്നെയാണെന്നു തെളിയിക്കുന്നു. മേരിയേയും അവളുടെ ആശയങ്ങളേയും പിന്തുണച്ചു കൊണ്ട് അവിടെ ലെവി(മത്തായി) പത്രോസിനോട് ഇങ്ങനെ പറയുന്നു "തീർച്ചയായും രക്ഷകന് അവളെ നന്നായി അറിയാം. അതിനാലാണ് അവിടുന്ന് അവളെ നമ്മേക്കാൾ അധികം സ്നേഹിക്കുന്നത്."[8] മറ്റൊരു അകാനോനികരചനയായ പീലിപ്പോസിന്റെ സുവിശേഷത്തിലും (Gospel of Philip) ഇതേതരം അഭിപ്രായം മറിയത്തെക്കുറിച്ച് വായിക്കാം.[9]

മറിയത്തിന്റെ സുവിശേഷത്തിലെ മറിയം, 'മഗ്ദലന' ആണെന്നതിനോട് കാരെൻ കിങ്ങും യോജിക്കുന്നു. തന്റെ അഭിപ്രായം അവർ ഇങ്ങനെ സംഗ്രഹിക്കുന്നു: "ഒരു ആദർശശിഷ്യ, യേശുവിന്റെ ദൗത്യത്തിന്റെ സാക്ഷി, മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ ദർശിക്കാൻ ഭാഗ്യം ലഭിച്ചവൾ, പത്രോസിന്റെ എതിർപക്ഷത്തുള്ളവൾ എന്നീ നിലകളിൽ അവളെ സംബന്ധിച്ചുള്ള പാരമ്പര്യം, അവളെ മറിയത്തിന്റെ സുവിശേഷത്തിലെ സന്ദേശത്തിന്റേയും അർത്ഥത്തിന്റേയും പ്രതിനിധിയാകാൻ പറ്റിയ ഏകവ്യക്തി ആക്കുന്നു”[10]

ഉള്ളടക്കം

[തിരുത്തുക]

മറിയത്തിന്റെ സുവിശേഷത്തിന്റെ ലഭ്യമായതിൽ ഏറ്റവും പൂർണ്ണതയുള്ള രൂപം "ബെറോളിനെൻസിസ് 8502" എന്ന കൈയ്യെഴുത്തു പ്രതിയാണ്. അതുപോലും തുടക്കത്തിൽ ആറു താളുകളും മദ്ധ്യത്തിൽ നാലുതാളുകളും നഷ്ടപ്പെട്ട നിലയിലാണ്. ഏതായാലും ഈ കൃതിയുടെ ഉള്ളടക്കത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാനാകും.

യേശുവിന്റെ പ്രബോധനം

[തിരുത്തുക]

ഒന്നാം ഭാഗം ഉയിർത്തെഴുന്നേറ്റ യേശുവും ശിഷ്യന്മാരും തമ്മിലുള്ള ഒരു സംഭാഷണമാണ്. അതിന്റെ തുടക്കം കൈയ്യെഴുത്തുപ്രതിയിൽ നഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെ യേശുവിന്റെ പ്രബോധനത്തിൽ, പാപമെന്നത് ഒരു ധാർമ്മികവർഗ്ഗമല്ലാതെ പ്രപഞ്ചസമസ്യ ആണെന്നുള്ള ജ്ഞാനവാദവീക്ഷണം കാണുന്നവരുണ്ട്. ഇതനുസരിച്ച്, പദാർത്ഥാത്മാക്കളുടെ അനുചിതമായ മിശ്രണത്തിന്റെ ഫലമാണു പാപം. അന്തിമമായി ഈ മിശ്രണം പരിഹരിക്കപ്പെടുമെന്ന ആശ്വാസം നൽകുന്ന യേശു, ശിഷ്യന്മാർക്ക് ആശീർവാദവും, ജാഗരൂഗരായിരിക്കാനുള്ള മുന്നറിയിപ്പും ലോകം മുഴുവൻ ദൈവരാജ്യം പ്രസംഗിക്കാനുള്ള കല്പനയും നൽകിയ ശേഷം അവരെ വിട്ടുപോകുന്നു. യേശു വിടവാങ്ങിയതിനെ തുടർന്ന് ശിഷ്യഗണത്തെ ദുഖവും സംശയങ്ങളും അലട്ടുന്നു. അപ്പോൾ മറിയം (മഗ്ദലന) യേശുവിന്റെ വാക്കുകൾ അനുസ്മരിപ്പിച്ച് അവരെ ആശ്വസിപ്പിക്കുന്നു.[11]

മറിയത്തിന്റെ ദർശനം

[തിരുത്തുക]

രണ്ടാം ഭാഗത്ത് യേശുവിൽ നിന്നു തനിക്കു ലഭിച്ച വിശേഷവെളിപാടിന്റെ വിവരണം മറിയം നൽകുന്നു. അവളുടെ ജ്ഞാനത്തിന്റെ അടിസ്ഥാനം യേശുവുമായുള്ള സംഭാഷണങ്ങളും യേശു നൽകിയ ദർശനവും ആയിരുന്നു. ദർശനങ്ങൾ കാണാൻ കഴിയുന്നതെങ്ങനെ എന്ന മറിയത്തിന്റെ ചോദ്യത്തിന് ആത്മാവ് മനസ്സു വഴി കാണുന്നുവെന്നും ആത്മാവിനും ചേതനയ്ക്കും (Spirit) ഇടയിലാണ് മനസ്സെന്നും യേശു മറുപടി പറയുന്നു. ഇവിടെ കൈയെഴുത്തുപ്രതിയുടെ പാഠത്തിൽ നാലു പുറങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ മറിയത്തിന്റെ വെളിപാടിന്റെ അവസാനഭാഗമേ നിലവിലുള്ളു. ലഭ്യമായ പുറങ്ങളിൽ മറിയം ചതുർഭൂതങ്ങളെ അതിജീവിച്ചുള്ള ആത്മാവിന്റെ ആരോഹണത്തെ സംബന്ധിച്ച വെളിപാടിനെ വിവരിക്കുന്നു. ജ്ഞാനോദയം പ്രാപിച്ച ആത്മാവ് അതോടെ നിത്യവും നിശ്ശബ്ദവുമായ വിശ്രാന്തിയിലെത്തുന്നു.[11]

പത്രോസിന്റെ എതിർപ്പ്

[തിരുത്തുക]

മറിയം തന്റെ വിശേഷജ്ഞാനം വിവരിച്ചു കഴിഞ്ഞപ്പോൾ ആദ്യം അന്ത്രയോസും തുടർന്ന് പത്രോസും അവളെ ചോദ്യം ചെയ്യുന്നു. ഈ പ്രബോധനങ്ങൾ വിചിത്രമാണെന്നും ഇമ്മാതിരി അറിവുകൾ യേശു തങ്ങളിൽ നിന്നു മറച്ചുവക്കുകയും ഒരു സ്ത്രീയ്ക്ക് വെളിപ്പെടുത്തുകയും ചെയ്യുക അസംഭവ്യമാണെന്നുമായിരുന്നു അവരുടെ ന്യായം. തങ്ങളുടെ എതിരാളികളെ നേരിടുന്നതിനു പകരം ഒരു സ്ത്രീയെ എതിർത്തതിന് പത്രോസിനെ ശാസിക്കുന്ന ലെവി (മത്തായി), യേശു അവളെ തങ്ങളേക്കാൾ അധികം സ്നേഹിച്ചിരുന്നെന്നു ചൂണ്ടിക്കാണിക്കുന്നു. ലജ്ജിതരായി സമ്പൂർണ്ണമനുഷ്യനെ എടുത്തണിഞ്ഞ് യേശു കല്പിച്ചിരുന്ന പ്രഘോഷണം നിർവഹിക്കാൻ അയാൾ അവരോടാവശ്യപ്പെടുന്നു. ഈ നിർദ്ദേശം അവർ അംഗീകരിക്കുന്നതോടെ ലിഖിതം സമാപിക്കുന്നു.[11]

വിലയിരുത്തൽ

[തിരുത്തുക]

മറിയത്തിന്റെ സുവിശേഷം പൊതുവേ ജ്ഞാനവാദപാരമ്പര്യത്തിലെ രചനയായി കണക്കാക്കപ്പെടുന്നു. ആഖ്യാനങ്ങളുടെ ഖണ്ഡങ്ങൾക്കിടയിൽ വെളിപാടുകളും സംഭാഷണങ്ങളും ചേർന്ന ഇതര ജ്ഞാനവാദലിഖിതങ്ങളുടെ മാതൃകയാണ് അതു പിന്തുടരുന്നത്. അഞ്ചാം നൂറ്റാണ്ടിലെ അതിന്റെ കോപ്റ്റിക് ഭാഷ്യം അടങ്ങിയ "ബെർളിൻ കോഡെക്സ്", യോഹന്നാന്റെ സന്ദിഗ്ദ്ധലിഖിതം (Apocryphon of John), യേശുക്രിസ്തുവിന്റെ ജ്ഞാനം (Sophia of Jesus Christ) എന്നീ ജ്ഞാനവാദലിഖിതങ്ങൾ കൂടി ചേർന്നതാണെന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ജ്ഞാനവാദത്തിലെ ദ്വന്ദവാദത്തിന്റെ തീവ്രരൂപം പ്രകടിപ്പിക്കുന്ന സൃഷ്ടിവിവരണങ്ങളും ജ്ഞാനവാദികളുടെ 'ഡെമിയർജ്' (Demiurge) സങ്കല്പവും മറ്റും ഇതിന്റെ ലഭ്യമായ ഖണ്ഡങ്ങളിൽ കാണാനില്ല.

പതിനഞ്ചോളം നൂറ്റാണ്ടുകളായി വിസ്മരിക്കപ്പെട്ടിരുന്ന ഒരിനം ക്രിസ്തീയതയുടെ ജാലകക്കാഴ്ച നൽകുന്ന രചനയെന്ന് അതിനെ വിശേഷിപ്പിക്കുന്ന കാരൻ കിങ്ങ് തുടർന്ന് ഇങ്ങനെ നിരീക്ഷിക്കുന്നു:-

യേശുവിന്റെ പ്രബോധനത്തെ ആന്തരികമായ ആത്മീയജ്ഞാനത്തിന്റെ മാർഗ്ഗമെന്ന നിലയിൽ അത് വിപ്ലവകരമായി പുനർവ്യാഖ്യാനിക്കുന്നു; അവന്റെ സഹനവും മരണവും നിത്യജീവനിലേക്കുള്ള മാർഗ്ഗമായിരുന്നു എന്ന നിലപാടിനെ അതു നിരാകരിക്കുന്നു; മഗ്ദലനമറിയത്തെ വേശ്യയായി അവതരിപ്പിക്കുന്ന അബദ്ധവീക്ഷണത്തെ അതു ദൈവശാസ്ത്രത്തിലെ കെട്ടുകഥയായി തുറന്നുകാട്ടുന്നു; നേതൃത്വത്തിൽ സ്ത്രീകൾക്കുള്ള പങ്കിനെ പിന്തുണക്കാൻ ഏറ്റവും ഋജുവും ശക്തവുമായ വാദങ്ങൾ അവതരിപ്പിക്കുന്ന ആദിമക്രിസ്തീയലിഖിതമാണത്; അവിഹിതമായ അധികാരത്തിന്റെ നിശിതവിമർശനവും ആത്മീയപൂർണ്ണതയുടെ ആദർശസങ്കല്പവും(utopia) അത് അവതരിപ്പിക്കുന്നു; ആദിമക്രിസ്തീയതയിലെ ഐക്യത്തേയും മൈത്രിയേയും കുറിച്ചുള്ള നമ്മുടെ കാല്പനിക സങ്കല്പങ്ങളെ അതു വെല്ലുവിളിക്കുന്നു; സഭാധികാരഘടനയുടെ അടിസ്ഥാനത്തെ പുനഃപരിശോധിക്കാൻ അതു നമ്മോടാവശ്യപ്പെടുന്നു."[12]

അവലംബം

[തിരുത്തുക]
  1. Gnostic Info, The Gospel of Mary Magdalene by Jason Jeffrey Archived 2013-07-08 at the Wayback Machine.
  2. Andrew E. Bernhard, Other Early Christian Gospels: A Critical Edition of the Surviving Greek Manuscripts, Library of New Testament Studies 315 (London-New York: T & T Clark, 2006), p. 2. ISBN 0-567-04204-9.
  3. Beliefnet, Inspiration, Spirituality, Faith Letting Mary Magdalene Speak
  4. Christopher Tuckett, The Gospel of Mary, p. 80.
  5. Karen L. King, The Gospel of Mary of Magdala: Jesus and the first woman apostle, p. 148.
  6. 6.0 6.1 Esther A. de Boer, The Gospel of Mary Listening to the Beloved Disciple, p. 14-18.
  7. Evans, Craig A.. Fabricating Jesus: How Modern Scholars Distort the Gospels. Downers Grove, IL: Ivp Books, 2008.
  8. The Gospel of Mary
  9. The Gospel of Philip - The Nag Hammadi Library
  10. Karen L. King, Why All the Controversy? Mary in the Gospel of Mary. “Which Mary? The Marys of Early Christian Tradition” F. Stanley Jones, ed. Brill, 2003, p. 74.
  11. 11.0 11.1 11.2 The Nazareneway.com മറിയത്തിന്റെ സുവിശേഷം Introduced by KAREN L. KING, Translated by GEORGE W. MACRAE and R. McL. WILSON, Edited by DOUGLAS M. PARROTT
  12. King, Karen L., The Gospel of Mary of Magdala: Jesus and the first woman apostle, p. 3.
"https://ml.wikipedia.org/w/index.php?title=മറിയത്തിന്റെ_സുവിശേഷം&oldid=3640391" എന്ന താളിൽനിന്ന് ശേഖരിച്ചത്