പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
കോട്ടയം ജില്ലയിലെചങ്ങനാശ്ശേരി താലൂക്കിൽ പെരുന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കേരളത്തിലെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്. ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ദർശനം നടത്തിയ ക്ഷേത്രമാണിത്. 1937-ൽ നടത്തിയ കേരളസന്ദർശനത്തിനിടയിലാണ് അദ്ദേഹം ഇവിടെ വന്നതും സുബ്രഹ്മണ്യനെ ഭജിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടിയതും. വൃശ്ചികമാസത്തിൽ തൃക്കാർത്തികനാളിൽ കൊടിയേറി നടത്തുന്ന പത്തുദിവസത്തെ ഉത്സവം, മകരമാസത്തിലെ തൈപ്പൂയം], തുലാമാസത്തിലെ സ്കന്ദഷഷ്ഠി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാമാസത്തിലെയും വെളുത്തപക്ഷത്തിലെ ഷഷ്ഠി, ചൊവ്വാഴ്ച തുടങ്ങിയവയും വിശേഷങ്ങളാണ്. കേരള ഊരാണ്മ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യം[തിരുത്തുക]
ഏകദേശം അഞ്ഞൂറുവർഷം മുമ്പ് പെരുന്നയ്ക്കടുത്ത് ഉമ്പിഴി എന്നൊരു ഗ്രാമമുണ്ടായിരുന്നു.[a] പെരുന്നയെപ്പോലെ പേരുകേട്ട ഒരു ബ്രാഹ്മണസങ്കേതമായിരുന്നു ഇവിടവും. എന്നാൽ, പെരുന്ന ഗ്രാമക്കാർ തികഞ്ഞ സാത്വികരായിരുന്നെങ്കിൽ ഉമ്പിഴി ഗ്രാമക്കാർ ദുർമന്ത്രവാദികളും ദുഷ്ടന്മാരുമായിരുന്നു. ശൈവരായിരുന്ന പെരുന്ന ഗ്രാമക്കാരുടെ ഗ്രാമക്ഷേത്രം, ഇന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സ്ഥിതിചെയ്യുന്ന കീഴ്ക്കുളങ്ങര മഹാദേവക്ഷേത്രമായിരുന്നു. ശിവന്റെ അനുഗ്രഹം മൂലം പെരുന്നക്കാർ ശക്തരാകുന്നത് ഉമ്പിഴിക്കാരെ കുറച്ചൊന്നുമല്ല അസൂയപ്പെടുത്തിയത്. അവർ നിരവധി ഹീനപ്രവർത്തികൾ പെരുന്നയ്ക്കുനേരെ പ്രയോഗിച്ചു. എന്നാൽ, കീഴ്ക്കുളങ്ങര മഹാദേവന്റെ അനുഗ്രഹം മൂലം പെരുന്നക്കാർ അത്തരം ദുരന്തങ്ങളെ ശക്തമായി അതിജീവിച്ചു. ഇത് ഉമ്പിഴിക്കാരെ വീണ്ടും പ്രകോപിപ്പിച്ചു. അവർ കീഴ്ക്കുളങ്ങര ക്ഷേത്രം ആക്രമിയ്ക്കുകയും അടിച്ചുതകർക്കുകയും ചെയ്തു. എന്നാൽ, അവിടത്തെ ശിവലിംഗം അത്യദ്ഭുതകരമായി രക്ഷപ്പെട്ടു.[b]
ഇതിൽ ദുഃഖിതരായി മാറിയ പെരുന്ന ദേശക്കാർ, തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ സുബ്രഹ്മണ്യസ്വാമിയുടെ ഒരു ക്ഷേത്രമുണ്ടാകേണ്ടതിന്റെ ആവശ്യം തെളിയുകയും സുബ്രഹ്മണ്യപ്രീതിയ്ക്കായുള്ള വഴി ആരായുകയും ചെയ്തു. പ്രശ്നത്തിൽ തെളിഞ്ഞതനുസരിച്ച് പടിഞ്ഞാറ്റുംഭാഗം ഇടമനയില്ലത്തെ നമ്പൂതിരി[c] പ്രസിദ്ധമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ പോയി ഭജനമിരിയ്ക്കുകയും ഭജനത്തിന്റെ അവസാനദിവസം അദ്ദേഹത്തിന് സുബ്രഹ്മണ്യസ്വാമി സ്വപ്നദർശനം നൽകുകയും ചെയ്തു. പത്തനംതിട്ടയ്ക്കടുത്ത് കൊടുന്തറ എന്ന സ്ഥലത്തുള്ള തന്റെ ക്ഷേത്രത്തിനടുത്തുകൂടെ ഒഴുകുന്ന അച്ചൻകോവിലാറ്റിൽ മഹർഷീശ്വരന്മാർ പൂജിച്ചുവന്നിരുന്ന തന്റെയൊരു വിഗ്രഹമുണ്ടെന്നും അതെടുത്തുകൊണ്ടുവന്ന് പെരുന്നയിൽ പ്രതിഷ്ഠിയ്ക്കണമെന്നും സ്വപ്നത്തിൽ സുബ്രഹ്മണ്യസ്വാമി അരുൾ ചെയ്തു. ഈ ദർശനത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയ നമ്പൂതിരി, ഏതാനും സഹായികളോടൊപ്പം കൊടുന്തറയിലെത്തുകയും അച്ചൻകോവിലാറ്റിൽ നിന്ന് വിഗ്രഹം കണ്ടെടുക്കുകയും ആഘോഷമായി പെരുന്നയിലേയ്ക്ക് എഴുന്നള്ളിയ്ക്കുകയും ചെയ്തു.
പ്രതിഷ്ഠാദിവസമായപ്പോഴേയ്ക്കും ഉമ്പിഴി ഗ്രാമക്കാർ തോൽവി മണത്തുതുടങ്ങിയിരുന്നു. അവസാനത്തെ ശ്രമമെന്നോണം അവർ ഒരു ദുർദേവതയെ പ്രീതിപ്പെടുത്തുകയും പെരുന്ന ക്ഷേത്രം തകർക്കാനായി അതിനെ പറഞ്ഞുവിടുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ ഇടമന നമ്പൂതിരി ഉടനെ ഉമ്പിഴി ഗ്രാമത്തിലേയ്ക്ക് പുറപ്പെടുകയും ദുർദേവതയെ അടക്കാനും ക്ഷേത്രത്തെ സംരക്ഷിയ്ക്കാനുമായി അതീതീവ്രമായ ഒരു ആവാഹനക്രിയ നടത്തുകയും ചെയ്തു. നമ്പൂതിരിയുടെ ആത്മമിത്രമായിരുന്ന ഒരു നായർ പ്രമാണി ദുർദേവതയ്ക്ക് സ്വജീവൻ ബലിനൽകി. ഇത് നമ്പൂതിരിയെ ദുഃഖിതനാക്കിയെങ്കിലും അദ്ദേഹം യാതൊരു ലോപവും കൂടാതെ ക്രിയകൾ പൂർത്തിയാക്കുകയും ഉമ്പിഴി ഗ്രാമം പൂർണ്ണമായും നശിച്ചുപോകുകയും ചെയ്തു. താൻ ആവാഹിച്ചെടുത്ത ദേവതയെ നമ്പൂതിരിയെ പിന്നീട് ഒരു ഭദ്രകാളീവിഗ്രഹത്തിൽ ചേർത്ത് പുതിയൊരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രമാണ് ഇപ്പോൾ മരണത്തുകാവ് എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെ പെരുന്ന ഗ്രാമവും ക്ഷേത്രവും പ്രൗഢിയിൽ വിളങ്ങാൻ തുടങ്ങി.
ക്ഷേത്രത്തിനെ കുറിച്ച്[തിരുത്തുക]
പെരുന്നയിൽ എം.സി. റോഡിൽ നിന്ന് അല്പം മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലേയ്ക്ക് കടന്നുവരുന്നവർക്ക് തമിഴ് ശൈലിയിൽ തീർത്ത കിഴക്കേ ഗോപുരം കാണാം. പ്രധാനമൂർത്തിയായ സുബ്രഹ്മണ്യസ്വാമി കിഴക്കോട്ട് ദർശനമായി അത്യുഗ്രഭാവത്തിൽ കുടികൊള്ളുന്നു. താരകാസുരവധത്തിനുശേഷമുള്ള ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠ. അതിനാൽ ആയുധമായ വേൽ തലകീഴാക്കിപ്പിടിച്ചിരിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, ശിവൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവർ കുടികൊള്ളുന്നു.
മയിൽ വാഹനനായ സുബ്രഹ്മണ്യന്റെ പേരിലുള്ള ഈ ക്ഷേത്രത്തിൽ സംരക്ഷിച്ചു വളർത്തുന്ന മയിലുകൾ ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.
ക്ഷേത്ര ആചാരങ്ങൾ[തിരുത്തുക]
വഴിപാടുകൾ[തിരുത്തുക]
ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല