Jump to content

ജോർജ്ജ് ഓർവെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറിക് ആർതർ ബ്ലെയർ
തൂലികാ നാമംജോർജ് ഓർവെൽ
തൊഴിൽഎഴുത്തുകാരൻ; ഗ്രന്ഥകർത്താവ്, പത്രപ്രവർത്തകൻ
ശ്രദ്ധേയമായ രചന(കൾ)കറ്റലോണിയക്ക് സ്മരണാഞ്ജലി (1938)
ആനിമൽ ഫാം (1945)
ആയിരത്തി തൊള്ളായിരത്തി എൺപത്തിനാല് (1949)

ജോർജ്ജ് ഓർവെൽ എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ എറിക്ക് ആർതർ ബ്ലെയർ (ജൂൺ 25, 1903 - ജനുവരി 21, 1950)[1][2] ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും സാമൂഹികനിരീക്ഷകനും ആയിരുന്നു. എല്ലാത്തരത്തിലുമുള്ള അധികാരസ്ഥാനങ്ങളോടുമുള്ള വെറുപ്പാണ് അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്ര. ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഭാഷാലേഖകന്മാരിൽ പ്രമുഖനായിരുന്ന ഓർ‌വെലിന്റെ രചനകളിൽ സമൂഹസ്ഥിതിയുടെ കാച്ചിക്കുറുക്കിയ അനേകം ചിത്രീകരണങ്ങളുണ്ട്. ഏകാധിപത്യത്തെ വിമർശിച്ചെഴുതിയ 1984, ആനിമൽ ഫാം എന്നീ നോവലുകളുടെ പേരിലാണ് ഓർ‌വെൽ കൂടുതലും അറിയപ്പെടുന്നത്. ഇവ രണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് പ്രസിദ്ധീകരിച്ചവയാണ്. വല്യേട്ടൻ, ശീതയുദ്ധം തുടങ്ങിയ പ്രസിദ്ധമായ രാഷ്ട്രീയപ്രയോഗങ്ങളുടെ ഉപജ്ഞാതാവും ജോർജ്ജ് ഓർവെലാണ്.

ജീവിതരേഖ

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]

ഇന്ത്യയിലെ ബിഹാറിലെ മോത്തിഹാരിയിൽ റിച്ചാർഡ് വാൽമെസ്ലി ബ്ലെയർ - ഇഡാ മേബൽ ബ്ലെയർ ദമ്പതികളുടെ[3] മകനായി 1903 ജൂൺ 25-ന് എറിക് ആർതർ ബ്ലെയർ ജനിച്ചു. അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സിവിൽ സർവീസിൽ കറുപ്പിന്റെ (Opium) കാര്യങ്ങൾ നോക്കിയിരുന്ന വകുപ്പിലെ ഒരുദ്യോഗസ്ഥനായിരുന്നു അച്ഛൻ റിച്ചാർഡ് വാൽമെസ്ലി ബ്ലെയർ. അമ്മ, ബർമ്മയിൽ ഊഹക്കച്ചവടത്തിലേർപ്പെട്ടിരുന്ന ഒരു ഫ്രഞ്ചുകാരന്റെ മകളും. എറിക്കിന്റെ മുതുമുത്തച്ഛൻ ജമൈക്കയിൽ സമ്പന്നനായ തോട്ടമുടമയും മുത്തച്ഛൻ പുരോഹിതനും ആയിരുന്നു. ഉപരിമദ്ധ്യവർഗ്ഗത്തിന്റെ കീഴ്ത്തട്ടിലായിരുന്നു തന്റെ കുടുംബം എന്നാണ് ഓർവൽ പറഞ്ഞിട്ടുള്ളത്.[4] അഞ്ചു വയസ്സിന് മൂത്തതും (മാർജറി) ഇളയതുമായ (ആവ്രിൽ) രണ്ട് സഹോദരിമാരും എറിക്കിനുണ്ടായിരുന്നു.

ഷിപ്പ്‌ലേക്കിൽ ബ്ലെയർ കുടുംബം താമസിച്ചിരുന്ന വീട്

1905-ൽ ഓർവെലിന്റെ അമ്മ തെംസ് നദിയുടെ വടക്കേക്കരയിൽ തെക്കൻ ഓക്സ്ഫോർഡ്‌ഷയറിലുള്ള ഹെൻലി ഓൺ തെംസ് എന്ന സ്ഥലത്ത് താമസമാക്കി. ഒരു വയസ്സുള്ളപ്പോൾ തന്നെ അമ്മ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയതുകൊണ്ട് എറിക്കിന്റെ ആദ്യജീവിതത്തിൽ പിതാവിന്റെ പങ്ക് കാര്യമായി ഇല്ലായിരുന്നു. പിന്നീട് 1912-ൽ മാത്രമാണ്‌ എറിക് പിതാവിനെ കാണുന്നത്. 1905-ലെ അമ്മയുടെ ഡയറി, സജീവമായ ഒരു സാമൂഹ്യജീവിതവും കലാപരമായ താത്പര്യങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന് മുൻപ് അവർ ഷിപ്‌ലേക്ക് എന്ന സ്ഥലത്തേക്ക് താമസം മാറി. അവിടെ ഓർവെൽ ബുഡ്ഡിക്കോം കുടുംബവുമായി, പ്രത്യേകിച്ച് അവിടത്തെ ജസീന്ത എന്ന പെൺകുട്ടിയുമായി, സൗഹൃദത്തിലായി. ജസീന്തയുടെ എറിക്കും ഞങ്ങളും ഓർവെലിന്റെ ബാല്യത്തെക്കുറിച്ച് വിവരം നൽകുന്ന ഒരു സ്വതന്ത്രരചനയാണ്. അവർ ആദ്യം കണ്ടുമുട്ടിപ്പോൾ ഓർവെൽ ഒരു പറമ്പിൽ, ശീർഷാസനത്തിൽ നിൽക്കുകയായിരുന്നത്രെ. "ഒരാൾ നേരേ നിൽക്കുമ്പോളെന്നതിനേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെടുക തലകുത്തിനിൽക്കുമ്പോഴാണ്" എന്ന് ഓർവെൽ വിശദീകരിച്ചതായി അവർ പറയുന്നു. അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എച്ച്.ജി. വെൽസിന്റെ നവീന യുട്ടോപ്പിയയുടെ മാതൃകയിൽ ഒരു പുസ്തകം താൻ എഴുതിയേക്കുമെന്ന് ഓർവെൽ ജസീന്തയോട് പറഞ്ഞു. അതേസമയം അദ്ദേഹം ജസീന്തയുടെ സഹോദരനും സഹോദരിക്കുമൊപ്പം ഷൂട്ടിങ്ങ്, മീൻപിടിത്തം, പക്ഷി നിരീക്ഷണം എന്നീ വിനോദങ്ങളിലും താത്പര്യപൂർവം ഏർപ്പെട്ടു.[5]

വിദ്യാഭ്യാസം

[തിരുത്തുക]

ആറുവയസുള്ളപ്പോൾ ഇടവക സ്കൂളിൽ ചേർന്ന എറിക്ക് അദ്ധ്യാപകരുടെ മതിപ്പുനേടി. മകന് ഒരു നല്ല പബ്ലിക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കാൻ അമ്മ ആഗ്രഹിച്ചെങ്കിലും കുടുംബത്തിന്റെ അപ്പോഴത്തെ സാമ്പത്തികസ്ഥിതിയിൽ സ്കോളർഷിപ്പില്ലാതെ അത് സാധിക്കുമായിരുന്നില്ല. അമ്മയുടെ സഹോദരന്റെ നിർദ്ദേശമനുസരിച്ച് സസക്സിലെ ഈസ്റ്റ്ബേൺ എന്ന സ്ഥലത്തെ സെയിന്റ് സിപ്രിയൻ സ്കൂളിൽ ചേർന്നു. പഠനച്ചെലവിന്റെ പകുതിവരുന്ന തുക സ്കോളർഷിപ്പായി കിട്ടാൻ അവിടത്തെ പ്രധാനാദ്ധ്യാപകൻ സഹായിച്ചു. അവിടത്തെ പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു. സെന്റ് സിപ്രിയനിൽ സ്കോളർഷിപ്പ് നേടാനായി രാപകൽ നരകിച്ച് പഠിക്കാൻ താൻ നിർബ്ബന്ധിക്കപ്പെട്ടു എന്ന് ഓർവെൽ പരാതി പറഞ്ഞു. എന്നാൽ, വിദ്യാർത്ഥിയെന്ന നിലയിൽ താൻ തീർത്തും അസന്തുഷ്ടനായിരുന്നു എന്ന് അന്നത്തെ സന്തോഷങ്ങൾ അതൊക്കെയായിരുന്നു (Such and such were the Joys) എന്ന കൃതിയിൽ ഓർവെൽ നടത്തുന്ന അവകാശവാദം ജസീന്ത ബുഡ്ഡിക്കോം തള്ളിക്കളയുന്നു. ഓർവെൽ വളരെ സന്തുഷ്ടനായ ഒരു ബാലനായിരുന്നു എന്നാണ് അവരുടെ നിലപാട്. അതേസമയം, വലിയൊരു സുഹൃദ്‌വൃന്ദത്തെ ആഗ്രഹിക്കാതിരുന്ന ഒറ്റയാൻ കുട്ടിയായിരുന്നു ഓർവെൽ എന്ന് അവരും സമ്മതിക്കുന്നു.

പിന്നീട് ഹൊറൈസൻ മാസികയുടെ പത്രാധിപരെന്ന നിലയിൽ തന്റെ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ച സിറിൽ കോണലി സെന്റ് സിപ്രിയൻ സ്കൂളിൽ അതേസമയത്ത് പഠിച്ചിരുന്നെങ്കിലും അവിടെ വച്ച് അവർ തമ്മിൽ അക്കാലത്ത് സംസാരിച്ചിട്ടുതന്നെയില്ല. ഹാരോ സ്കൂളിന്റെ ചരിത്രവിജ്ഞാനമത്സരത്തിൽ പങ്കെടുത്ത ഓർ‌വെൽ രണ്ടാം സ്ഥാനം നേടിയപ്പോൾ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് കോണലി ആയിരുന്നു. കോണലിയുടെ വാഗ്ദാനത്തിന്റെ ശത്രുക്കൾ (Enemies of Promise)[6] എന്ന രചന ബാലനായ ഓർവെലിനെക്കുറിച്ച് ഒരു വിവരണം നൽകുന്നുണ്ട്. കോണലിയും ഓർവെലും പിന്നീട് സുഹൃത്തുക്കളായി. പഴയ സഹപാഠിയെ ലണ്ടണിലെ സാഹിത്യ കൂട്ടായ്മകളിൽ പരിചയപ്പെടുത്തിയത് കോണലിയാണ്.

ഈറ്റൺ കോളേജ്

അക്കാലത്തെ ഓർവെലിന്റെ ലേഖനങ്ങൾ അദ്ധ്യാപകരിൽ മതിപ്പുളവാക്കിയതിനാൽ അദ്ദേഹത്തിന് വെല്ലിങ്ങ്‌ടൺ, ഈറ്റൺ എന്നീ കലാശാലകളിലേക്ക് സ്കോളർഷിപ്പ് ലഭിച്ചു. വെല്ലിങ്ങ്‌ടണിൽ ഒരു ടേം പഠനം കഴിഞ്ഞ് ഓർവെൽ ഈറ്റണിലേക്ക് മാറി. അവിടെ അദ്ദേഹം രാജാവിന്റെ സ്കോളർഷിപ്പ് വാങ്ങിയാണ് പഠിച്ചത്. അൽഡസ് ഹക്സ്‌ലി ആയിരുന്നു അവിടെ ഓർവെലിന്റെ ഫ്രഞ്ച് അദ്ധ്യാപകൻ. കുട്ടികൾക്ക് ഏറെ സ്വാതന്ത്ര്യം അനുവദിച്ചിരുന്ന ഈറ്റണിൽ താൻ താരതമ്യേന സന്തുഷ്ടനായിരുന്നു എന്നാണ് ഓർവെൽ പിന്നീട് എഴുതിയത്. എന്നാൽ അവിടെവച്ച് അദ്ദേഹം തന്റെ പഠനത്തെ ഗൗരവമായി കാണുന്നത് മതിയാക്കിയെന്നാണ് അക്കാലത്തെ പഠന റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇതിന് പല കാരണങ്ങളും പറയുന്നുണ്ട്. ഏതായാലും മകന്റെ അപ്പോഴത്തെ പഠനനിലവാരംവച്ച് പുതിയൊരു സ്കോളർഷിപ്പ് കിട്ടി ഉപരിപഠനം നടത്തുക അസാധ്യമാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ ഓർവെൽ ഇന്ത്യൻ ഇമ്പീരിയൽ പോലീസിൽ ചേരുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. ഇതിന് ഒരു പ്രവേശനപ്പരീക്ഷ പാസ്സാകേണ്ടിയിയിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിനായി ഒരു പരിശീലന ക്ലാസ്സിൽ ചേർന്ന് ഓർവെൽ, ക്ലാസ്സിക്കുകളിലും ഇംഗ്ലീഷിലും ചരിത്രത്തിലും മറ്റുമുള്ള അറിവു വിപുലമാക്കി. പ്രവേശനപ്പരീക്ഷയിൽ ഏഴാമനായി ജയിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.

ഓർവെലിന്റെ മുത്തശ്ശിയും കുടുംബവും അന്ന് ബർമ്മയിലായിരുന്നതിനാൽ തന്റെ ആദ്യനിയമനം അവിടേക്ക് തിരഞ്ഞെടുത്തു. അങ്ങനെ 1922 ഒക്ടോബറിൽ ഇന്ത്യൻ ഇമ്പീരിയൽ പോലീസിൻ ചേരാനായി സൂയസ് കനാൽ കടന്ന് സിലോൺ വഴി അദ്ദേഹം ബർമ്മയിലേക്ക് യാത്രചെയ്തു. ഒരു മാസം കൊണ്ട് റങ്കൂണിലെത്തി അവിടെനിന്ന് പോലീസ് പരിശീലന സ്കൂൾ സ്ഥിതിചെയ്തിരുന്ന മൺഡലേയിലേക്ക് പോയി. പരിശീലനത്തിനു ശേഷം ആദ്യത്തെ ഹ്രസ്വകാലനിയമനം ബർമ്മയിലെ പ്രധാന സുഖവാസകേന്ദ്രമായ മായ്മ്യോയിൽ ആയിരുന്നു. അതിനുശേഷം 1924-ന്റെ തുടക്കത്തിൽ ഉൾനാടൻ പ്രദേശമായ മയൗങ്ങ്‌മായിൽ നിയമനം ലഭിച്ചു. ഓർവെൽ ബർമ്മയിലേക്ക് പോയി അധികം താമസിയാതെ, ജസീന്തയും ഓർവെലും തമ്മിൽ ആശയവിനിമയം നിലച്ചു. ബർമ്മയിലെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ വിവരിച്ച് ഓർവെൽ എഴുതിയ കത്തുകൾ വായിച്ച് നീരസം തോന്നിയ അവർ മറുപടി എഴുതുന്നത് നിർത്തുകയാണുണ്ടായത്.[5]

ഇമ്പീരിയൽ പോലീസിലെ ജോലി ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിറഞ്ഞതായിരുന്നു. ഏതാണ്ട് രണ്ടുലക്ഷം പേരുടെ സുരക്ഷയുടെ ഉത്തരവാദിത്തത്തോടെ അദ്ദേഹം ത്വാണ്ടേ എന്ന സ്ഥലത്തെ സബ് ഡിവിഷനൽ ഓഫീസറായി നിയമിതനായി. 1924 അവസാനം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പദവിയിൽ റങ്കൂണിനടുത്തുള്ള സിരിയമിലും 1925 സെപ്റ്റംബറിൽ ബർമ്മയിലെ രണ്ടാമത്തെ വലിയ ജയിൽ സ്ഥിതിചെയ്തിരുന്ന ഇൻസീനിലും നിയമനം ലഭിച്ചു. ഇടക്ക് മുത്തശ്ശിയും മറ്റും ജീവിച്ചിരുന്ന മോൾമീനിലായിരുന്നു. തുടർന്ന് നിയമനം കിട്ടിയ കാട്ടാ എന്ന സ്ഥലത്ത് വച്ച് അദ്ദേഹത്തിന് ഡെങ്കിപ്പനി പിടിപെട്ടതിനെത്തുടർന്ന് 1927-ൽ അവധിയിൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. അവധിയിലായിരിക്കെ, ജീവിതം പുനരവലോകനം ചെയ്ത ഓർവെൽ എഴുത്തുകാരനാകാൻ തീരുമാനിച്ച്, ഇന്ത്യൻ ഇമ്പീരിയൽ പോലീസിലെ ജോലി രാജിവെച്ചു.[1]

ഇമ്പീരിയൽ പോലീസിലെ അനുഭവത്തിന്റെ ഫലമാണ് 1934-ൽ എഴുതിയ ബർമ്മയിലെ ദിനങ്ങൾ എന്ന നോവൽ. 1931-ൽ എഴുതിയ ഒരു തൂക്കിക്കൊല, 1936-ലെ ഷൂട്ടിങ്ങ് ആൻ എലിഫന്റ് എന്നീ ലേഖനങ്ങളിലും ബർമ്മയിലെ അനുഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആദ്യകാലനോവലുകൾ

[തിരുത്തുക]

ലണ്ടണിൽ ഒരു കുടുംബസുഹൃത്ത് വഴി വാടകക്കെടുത്ത മുറിയിൽ താമസിച്ച് ഓർവെൽ എഴുത്തു തുടങ്ങി. രചനയുടെ ലോകത്ത് നിലയുറപ്പിക്കാൻ ശ്രമിക്കുമ്പോൾ വലിയ കഷ്ടപ്പാടുകളിലൂടെ അദ്ദേഹത്തിന് കടന്നുപോകേണ്ടിവന്നു. ബർമ്മയിലെ ജോലി ഉപേക്ഷിച്ച് ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ ഉടനേയുള്ള ശീതകാലത്ത് തണുപ്പകറ്റാനുള്ള സം‌വിധാനമൊന്നുമില്ലാത്ത ഒരു മുറിയിൽ കയ്യിൽ പണമൊന്നുമില്ലാതെ എഴുത്തിൽ ശ്രദ്ധയൂന്നി അദ്ദേഹം കഴിയുന്നത് കണ്ടവർക്ക്, നല്ലൊരു ജോലിയുണ്ടായിരുന്നത് കളഞ്ഞിട്ട്, വലിയ എഴുത്തുകാരനാകുന്നത് സ്വപ്നം കണ്ടു നടക്കുന്ന കിറുക്കുപിടിച്ച ചെറുപ്പക്കാരനായാണ് അദ്ദേഹമെന്ന് തോന്നിയിരിക്കണം. എന്നാൽ പ്രതിഭയും, ധൈര്യവും, രോഗത്തേയും ദാരിദ്ര്യത്തേയും തോല്പിക്കാൻപോന്ന നിശ്ചയദാർഢ്യവും ഉണ്ടായിരുന്ന ഓർവെൽ ഒടുവിൽ ഇംഗ്ലീഷ് ഭാഷയിലെ ഗദ്യരചനയുടെ ഒന്നാംകിട നായകന്മാരിൽ ഒരാളായി അംഗീകാരം നേടി.[7]

അതേസമയം ഓർവെൽ, താൻ ഉൾപെട്ട മദ്ധ്യവർഗ്ഗത്തിന്റെ മനോഭാവങ്ങളേയും മാന്യതകളേയും വകവെക്കാതെ, ഭവനരഹിതരായി അലഞ്ഞുതിരിയുന്നവരുടെ രീതികൾ അനുകരിച്ച് അത്തരക്കാർ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അവരിലൊരാളായി ചുറ്റിത്തിരിയാനും തുടങ്ങി. അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ ദി സ്പൈക്ക് എന്നത്. 1933-ൽ പ്രസിദ്ധീകരിച്ച ഡൗൺ ആൻഡ് ഔട്ട് ഇൻ പാരിസ് ആൻഡ് ലണ്ടൺ എന്ന പുസ്തകത്തിന്റ ഒരു ഭാഗവും അക്കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഓർവെലിന്റെ നെല്ലി എന്നു പേരുള്ള അമ്മായി പാരിസിൽ ജീവിച്ചിരിന്നു. 1928-ൽ ഓർവെൽ പാരിസിലേക്കു പോയത് രചനകളിൽ നിന്ന് ജീവിതച്ചെലവിനുള്ള വക ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. ആ പ്രതീക്ഷ സഫലമാകാതെ വന്നതിനാൽ 1929-ൽ പാരീസിലെ ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിയും മറ്റും ചെയ്യേണ്ട സ്ഥിതിയിലായി അദ്ദേഹം. പാരീസിലെ ആ ജീവിതത്തിന്റെ അനുഭവങ്ങളും ഡൗൺ ആൻഡ് ഔട്ട് ഇൻ പാരിസ് ആൻഡ് ലണ്ടൺ എന്ന കൃതിയിൽ വർണ്ണിക്കുന്നുണ്ട്.

വിഗൻ കടവിലേക്കുള്ള വഴി എന്ന കൃതിയിൽ ഓർവെൽ അലഞ്ഞുതിരിയലിനേയും ദാരിദ്ര്യത്തേയും കുറിച്ച് ഇങ്ങനെ എഴുതി:-

1946-1949 കാലത്ത് ഓർവെൽ താമസിച്ചു കഥയെഴുതിയ വീട്

1929 അവസാനം ഓർ‌വെൽ ഇംഗ്ലണ്ടിൽ മടങ്ങിയെത്തി മാതാപിതാക്കന്മാരുടെ വസതിയിൽ താമസമാക്കി. അവിടെ താമസിക്കുമ്പോഴാണ് ബർമ്മയിലെ നാളുകൾ എന്ന പുസ്തകം എഴുതിയത്. അതോടൊപ്പം തന്നെ, സമൂഹത്തിലെ ഏറ്റവും താഴത്തെ നിലയിലുള്ളവരെക്കുറിച്ചുള്ള ഒരു പുസ്തകത്തിനുവേണ്ടിയുള്ള ഗവേഷണത്തിനായി അലഞ്ഞുതിരിയാനും തുടങ്ങി. ഒപ്പം ജോൺ മിഡിൽട്ടൺ മുറേയുടെ ന്യൂ അഡെൽഫി എന്ന മാസികയിൽ എഴുതുന്നുമുണ്ടായിരുന്നു.

ഡൗൺ ആൻഡ് ഔട്ട് ഇൻ പാരിസ് ആൻഡ് ലണ്ടൺ 1932-ൽ പൂർത്തിയായി. അടുത്ത വർഷം നടന്ന അതിന്റെ പ്രസിദ്ധീകരണത്തിന് തൊട്ടുമുൻപാണ് ജോർജ്ജ് ഓർ‌വെൽ എന്ന പേര് സ്വീകരിച്ചത്. അലഞ്ഞുതിരിയുന്ന കാലത്ത് ഉപയോഗിച്ച പി.എസ്. ബർട്ടൺ എന്നപേരിനൊപ്പം കെന്നെത്ത് മൈൽസ്, ജോർജ്ജ് ഓർ‌വെൽ, എച്ച്. ലൂയീസ് ആൾ‌വേയ്സ് എന്നീ പേരുകളും തന്റെ ലിറ്റററി ഏജന്റിന് നിർദ്ദേശിച്ചിട്ട് അവയിലൊന്ന് തൂലികാനാമമായി തെരഞ്ഞെടുക്കുവാൻ അയാളോട് ആവശ്യപ്പെടുകയാണ് ഓർ‌വെൽ ചെയ്തത്.[8]

ഡൗൺ ആൻഡ് ഔട്ട് ഇൻ പാരിസ് ആൻഡ് ലണ്ടൺ പ്രസിദ്ധീകരിച്ച സമയത്ത് ഓർവെൽ മിഡിൽസെക്സിലെ ഒരു കോളേജിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷപെടാനായാണ് ആ ജോലി ഏറ്റെടുത്തത്. 1934-ൽ രോഗവും മാതാപിതാക്കന്മാരുടെ നിർബ്ബന്ധവും എല്ലാം മൂലം അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. 1935-ൽ പ്രസിദ്ധീകരിച്ച പുരോഹിതന്റെ പുത്രി എന്ന നോവൽ, അദ്ധ്യാപനജീവിതത്തിലേയും മാതാപിതാക്കന്മാരുടെ വീട്ടിൽ താമസിക്കുന്നകാലത്തേയും അനുഭവങ്ങൾ ഉൾക്കൊള്ളുന്നു. 1934 അവസാനം മുതൽ 1936-ന്റെ തുടക്കം വരെ ഹാംസ്റ്റീഡിലെ, ഉപയോഗിച്ച പഴയ പുസ്തകങ്ങൾ വിൽക്കുന്ന പുസ്തകപ്രേമിയുടെ മൂല എന്ന കടയിൽ അദ്ദേഹം സഹായിയായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ട ഏകാന്തജീവിതത്തിനിടെ പുതിയ എഴുത്തുകാരുമായുള്ള സൗഹൃദം അദ്ദേഹം ആഗ്രഹിച്ചു. ഹാംസ്റ്റീഡ് ബൗദ്ധികവ്യാപാരങ്ങൾക്ക് സൗകര്യമുള്ള സ്ഥലമായിരുന്നു. ചെലവുകുറഞ്ഞ താമസസ്ഥലങ്ങളും അവിടെ ലഭ്യമായിരുന്നു. അവിടത്തെ അനുഭവങ്ങളാണ് 1936-ൽ എഴുതിയ അസ്പിഡിസ്ത്രാ ജയിക്കട്ടെ (Keep the Aspidistra flying) എന്ന നോവലിൽ.

വിഗൻ കടവിലേക്കുള്ള വഴി

[തിരുത്തുക]
ജോർജ്ജ് ഓർവെൽ 1984

1936 ആദ്യം, ഇടതുപക്ഷ പുസ്തകസംഘം ജോർജ്ജ് ഓർവെലിനെ സാമ്പത്തികമായി പിന്നോക്കം നിന്ന വടക്കൻ ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ദരിദ്രാവസ്ഥയുടെ കഥ എഴുതാൻ ചുമതലപ്പെടുത്തി. വിഗൻ കടവിലേക്കുള്ള വഴി എന്ന വിവരണം 1937-ൽ പ്രസിദ്ധീകൃതമായി. ഇതിനായി, ഒരു സാമൂഹ്യലേഖകൻ ചെയ്യേണ്ട ഊരുചുറ്റലും ഗൃഹപാഠവും ഒക്കെ ഓർ‌വെലിന് ചെയ്യേണ്ടിവന്നു: വിഗനിലെ വീടുകൾ സന്ദർശിച്ച് അദ്ദേഹം ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കുകയും താമസസൗകര്യം, വേതനം എന്നിവയെക്കുറിച്ച് വിശദമായ കുറിപ്പുകളെടുക്കുകയും ചെയ്തു. കൂടാതെ, പൊതുഗ്രന്ഥാലയത്തിൽ ദിവസങ്ങൾ ചെലവിട്ട്, പൊതുജനാരോഗ്യത്തേയും ഖനികളിലെ ജോലി സാഹചര്യങ്ങളേയും സംബന്ധിച്ച രേഖകൾ വിശദമായി പഠിച്ചു.

വിഗൻ കടവിലേക്കുള്ള വഴിയുടെ ആദ്യഭാഗം ലങ്കാഷയർ, യോർക്ക്‌ഷയർ എന്നിവിടങ്ങളിലെ സാമൂഹ്യാവസ്ഥയുടെ വിവരണമാണ്. കൽക്കരിഖനികളിലെ ജീവിതത്തിന്റെ ഹൃദയസ്പർശിയായ വിവരണത്തോടെയാണ് ആ ഭാഗം തുടങ്ങുന്നത്. പുസ്തകത്തിന്റെ രണ്ടാം ഭാഗം ഓർ‌വെലിന്റെ തന്നെ ബാല്യത്തിന്റെ വിവരണവും അദ്ദേഹത്തിന്റെ രാഷ്ട്രീയമനസ്സക്ഷിയുടെ വികാസചരിത്രവുമാണ്. ഇടതുപക്ഷത്തെ തന്നെ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന വിഭാഗങ്ങളുടെ വിമർശനവും ഈ ഭാഗത്തുണ്ട്. ഈ വിമർശനം ഇടതുപക്ഷ വായനക്കാരുടെ അപ്രീതി ആകർഷിച്ചെങ്കിലോ എന്നു ഭയന്ന പ്രസാധകൻ, ഇടതുപക്ഷത്തെ സമാധാനിപ്പിക്കാൻ പോന്ന ഒരു ആമുഖം ചേർത്താണ് പുസ്തകം ഇറക്കിയത്.

വിഗൻ കടവിലേക്കുള്ള വഴിക്കു വേണ്ടിയുള്ള ഗവേഷണം പൂർത്തിയാക്കിയ ഉടനെ ഓർ‌വെൽ എലീൻ ഓ ഷൗനെസ്സിയെ വിവാഹം ചെയ്തു.

സ്പാനിഷ് ആഭ്യന്തരയുദ്ധം, കറ്റലോണിയ

[തിരുത്തുക]

ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഫാസിസ്റ്റ് കലാപത്തെതുടർന്ന് പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ റിപ്പബ്ലിക്കൻ പക്ഷത്തെ പോരാളിയായി ഓർവെൽ 1936-ൽ സ്പെയിനിലേക്കു പോയി. ഫാസിസത്തെ എങ്ങനേയും ചെറുത്തേ മതിയാവൂ എന്ന് അദ്ദേഹം അക്കാലത്തെ ഒരഭിമുഖത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അഭാവത്തിൽ ജനാധിപത്യം അർത്ഥശൂന്യമാണെന്ന് ഓർവെൽ അഭിപ്രായപ്പെട്ടു. കലാകാരന്റെ സ്വാതന്ത്ര്യത്തിന് അദ്ദേഹം പ്രത്യേകം ഊന്നൽ കൊടുത്തു. ജീർണ്ണിച്ചതെന്ന് അദ്ദേഹം കരുതിയ മുതലാളിത്ത സംസ്കാരത്തേക്കാൾ അപകടകാരിയാണ് ഫാസിസമെന്നായിരുന്നു ഓർവെലിന്റെ പക്ഷം.[9] അത്, ധാർമ്മികദൃഷ്ടിയിൽ നോക്കുമ്പോൾ മഹാദുരന്തമായിരിക്കുമെന്ന് അദ്ദേഹം കരുതി.

സ്പാനിഷ് ആഭ്യന്തരയുദ്ധത്തെക്കുറിച്ച് ഒരു ഗ്രന്ഥം എഴുതുകയെന്നതും സ്പെയിനിലേക്കുള്ള യാത്രയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ പ്രധാന ലക്ഷ്യം ഫാസിസത്തെ ചെറുക്കുകയെന്നതാണെന്ന് ഓർ‌വെൽ പറഞ്ഞു. ആദ്യം അദ്ദേഹം ഒറ്റക്കാണ് പോയത്. ഭാര്യ എലീൻ പിന്നീട് ഒപ്പമെത്തി. സ്പെയിനിലെ ഐക്യ മാർക്സിസ്റ്റ് തൊഴിലാളി കക്ഷിയുടെ സേനാവിഭാഗത്തിൽ ചേർന്ന ഏതാണ്ട് 25-ഓളം വരുന്ന ബിട്ടീഷ് ഇടതുപക്ഷാനുഭാവികൾക്കൊപ്പമയിരുന്നു അദ്ദേഹം. ഐക്യ മാർക്സിസ്റ്റ് തൊഴിലാളി കക്ഷി, സ്പെയിനിൽ കറ്റലോണിയയിലെ പ്രധാന ഇടതുപക്ഷ അരാജകവാദി ശക്തിയായ സി.എൻ.റ്റി-യിലെ ഒരു തീവ്രവിഭാഗമായിരുന്നു. മുതലാളിത്തത്തെ നിർമ്മാർജ്ജനം ചെയ്യുന്നതു വഴി മാത്രമേ ഫ്രാങ്കോയെ പരാജയപ്പെടുത്താനാകൂ എന്ന് ഈ വിഭാഗം കരുതി. ഈ നിലപാട്, ഫാസിസ്റ്റ് ദേശീയതയെ പരാജയപ്പെടുത്താൻ ബൂർഷ്വാ കക്ഷികളടക്കം ആരേയും കൂട്ടുപിടിക്കുന്നതിൽ തെറ്റില്ലെന്ന് കരുതിയ സ്പാനിഷ് കമ്മ്യൂണിസ്റ്റ് കക്ഷിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായിരുന്നു. 1936 ജൂലൈക്ക് ശേഷം, സി.എൻ.റ്റിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന കറ്റലോണിയ, അരഗോൺ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ സാമൂഹ്യ പരിവർത്തനങ്ങൾ അരങ്ങേറി. അതിന്റെ പിന്നിലുള്ള സമത്വബോധത്തെ ഓർവെൽ, കറ്റലോണിയക്ക് സ്മരണാഞ്ജലി എന്ന കൃതിയിൽ അനുഭാവപൂർവം ചിത്രീകരിക്കുന്നുണ്ട്.

സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിൽ ഓർവെൽ പങ്കെടുത്തത് മുഖ്യ കമ്മ്യൂണിസ്റ്റ് സൈന്യത്തിനൊപ്പമാകാതെ ഐക്യ മാർക്സിസ്റ്റ് തൊഴിലാളി കക്ഷിക്കൊപ്പമായി എന്നത് ആകസ്മികം മാത്രമായിരുന്നു. എന്നാൽ യുദ്ധരംഗത്തെ അനുഭവങ്ങൾ, പ്രത്യേകിച്ച് 1937 ജൂണിൽ കമ്മ്യൂണിസ്റ്റുകാർ ബാഴ്സിലോണയിൽ നടത്തിയ ഒരു 'ശുദ്ധീകരണയജ്ഞ'ത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടതിനുശേഷം അദ്ദേഹം തൊഴിലാളി കക്ഷിയോട് കൂടുതൽ അടുത്തു. ഇതോടെ ഓർവെൽ, സ്റ്റാലിനിസത്തിന്റെ അജീവാനാന്തശത്രുവായി മാറി. ചർച്ചാ സ്വാതന്ത്ര്യവും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളും ഉള്ള ജനാധിപത്യസോഷ്യലിസത്തിന് വേണ്ടി അദ്ദേഹം നിലകൊണ്ടു.

യുദ്ധത്തിൽ കഴുത്തിൽ വെടിയേറ്റ ഓർവെൽ മിക്കവാറും മരിച്ചെന്നു തന്നെ പറയാം. സംസാരശേഷി നശിച്ച് അസുഖകരമായ ഒരു പിറുപിറുക്കൽ പോലെയാകുമെന്ന് അദ്ദേഹം ആദ്യം ഭയപ്പെന്നു. അതുണ്ടായില്ലെങ്കിലും പരിക്ക് അദ്ദേഹത്തിന്റെ സ്വരത്തിന്റെ മട്ട് മാറ്റി. തുടർന്ന്, പരിക്ക് ഭേദമാകമാകുവോളം, അരവർഷക്കാലം, ഓർവെലും എലീനും മൊറോക്കോയിൽ താമസിച്ചു. ആ സമയത്താണ് ഓർവെൽ രണ്ടാം ലോകമഹായുദ്ധത്തിന് മുൻപിറങ്ങിയ അവസാനത്തെ നോവലായ കമിങ്ങ് അപ്പ് ഫോർ ഏയർ എഴുതിയത്. ഓർവെലിന്റെ നോവലുകളിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് ചുവയുള്ളത് അതിനാണ്. വരാനിരുന്ന യുദ്ധത്തിന്റെ നിഴലും പ്രധാന കഥാപാത്രമായ ജോർജ്ജ് ബൗളിങ്ങിന്റെ തേംസ് നദീതീരപശ്ചാത്തലത്തിലെ സുന്ദരമായ ഗ്രാമീണബാല്യാനുഭവങ്ങളും അതിൽ ഇഴചേർന്നിരിക്കുന്നു. നോവലിന്റെ ഭാവം അശുഭാപ്തി വിശ്വാസമാണ്. പഴയ ഇംഗ്ലണ്ടിന്റെ നന്മയെല്ലാം വ്യവസായങ്ങളും മുതലാളിത്തവും ചേർന്ന് നശിപ്പിച്ചിരിക്കുന്നതായും രാജ്യത്തിന് പല പുറംഭീഷണികളും ഉടലെടുത്തിരിക്കുന്നതായും അതിൽ ചിത്രീകരിച്ചിരിക്കുന്നു. "ഇത്തിരി തമാശക്കുവേണ്ടി ആളുകളെ കുരിശിൽ തറക്കുകയും തലവെട്ടിക്കളയുകയും മാത്രം ചെയ്തിരുന്ന പഴയ സ്വേഛാധിപതികളിൽ നിന്നും ഭിന്നരാണ് ഹിറ്റ്ലറും ജോസഫ് സ്റ്റാലിനും. അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി.

രണ്ടാം ലോകമാഹായുദ്ധം, ആനിമൽ ഫാം

[തിരുത്തുക]
അനിമൽ ഫാം - ആദ്യ യു.കെ. പതിപ്പിന്റെ പുറംചട്ട

സ്പെയിനിലെ അനുഭവങ്ങളിലൂടെ കടന്നുപോവുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തതോടെ, ഓർവെലിന്റെ കല പക്വമായി. ലേഖനങ്ങളടക്കമുള്ള അദ്ദേഹത്തിന്റെ ഒന്നാംകിട രചനകളും പ്രശസ്തിയും ഒക്കെ അതിനുശേഷമാണ് വന്നത്. 1940-ൽ ഓർവെൽ മദ്ധ്യലണ്ടണിൽ ഒരു പുതിയ വീട്ടിലേക്ക് താമസം മാറ്റി. ന്യൂ ഇംഗ്ലീഷ് വീക്ക്‌ലി, റ്റൈം ആൻഡ് റ്റൈഡ്, ന്യൂ സ്റ്റേറ്റ്സ്മാൻ എന്നീ പ്രസിദ്ധീകരണങ്ങളിൽ എഴുതി കിട്ടുന്ന വരുമാനം ആയിരുന്നു അന്ന് അദ്ദേഹത്തിന് ആശ്രയം. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ഹോം ഗാർഡിൽ അംഗമായ ഓർവെലിന് പ്രശസ്തസേവനത്തിനുള്ള മെഡലുകൾ ലഭിച്ചു. റ്റോം വിൻട്രിങ്ങാമിന്റെ ഹോം ഗാർഡ് സ്കൂളിൽ ചേർന്ന അദ്ദേഹം സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഹോം ഗാർഡ് എന്ന വിൻട്രിങ്ങാമിന്റെ ആശയത്തെ പിന്തുണച്ചു.

1941-ൽ ഓർവെൽ ബി.ബി.സിയുടെ പൗരസ്ത്യ രാജ്യങ്ങൾക്കായുള്ള പ്രക്ഷേപണവിഭാഗത്തിൽ ചേർന്നു. ജപ്പാന്റെ ആക്രമണത്തിനെതിരെ ഇന്ത്യയെ സജ്ജമാക്കാനുദ്ദേശിച്ചുള്ള പ്രക്ഷേപണങ്ങളുടെ മേൽനോട്ടമായിരുന്നു അദ്ദേഹത്തിന്. വൃത്തികെട്ട ചെരുപ്പു കൊണ്ട് ചവിട്ടി അരക്കപ്പെടുന്ന ഓറഞ്ച് ആയിരിക്കുന്നതുപോലെയാണ് ഒരു പ്രചാരകൻ ആയിരുന്നപ്പോൾ തനിക്കനുഭവപ്പെട്ടതെന്ന് ഓർവെൽ പിന്നീട് എഴുതി. എന്നാലും, ടി.എസ്. എലിയറ്റ്, ഇ.എം. ഫോസ്റ്റർ, മുൽക്ക് രാജ് ആനന്ദ്, വില്യം എമ്പ്‌സൺ എന്നിവരോടടുത്ത് ജോലി ചെയ്യാനായ ആ അവസരത്തിൽ അദ്ദേഹം പ്രവർത്തനനിരതനായിരുന്നു. ലണ്ടൻ സർവകലാശാലയിലെ സെനറ്റ് കെട്ടിടത്തിൽ നിന്ന് പ്രവർത്തിച്ച യുദ്ധകാല വാർത്താവിതരണ വകുപ്പാണ്, ആയിരത്തിതൊള്ളായിരത്തി എൺപത്തിനാല് എന്ന നോവലിലെ സത്യകാര്യമന്ത്രാലയം എന്ന സങ്കല്പത്തിന് പ്രചോദനമായത്.

ഇന്ത്യയെ ഉദ്ദേശിച്ചുള്ള ബി.ബി.സി. പ്രക്ഷേപണം അധികം ഇന്ത്യക്കാരൊന്നും ശ്രവിക്കുന്നുണ്ടാകുന്നില്ല എന്ന സംശയം ഓർവെലിന് തുടക്കത്തിലേ ഉണ്ടായിരുന്നു. ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി. അതും, ഒരു യുദ്ധലേഖകൻ ആകണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും എല്ലാം, നല്ല ശമ്പളം കിട്ടിയിരുന്ന ബി.ബി.സി. ജോലി രാജിവക്കാൻ അദ്ദേഹത്തിന് പ്രേരണയായി. ആനിമൽ ഫാം എഴുതിത്തുടങ്ങാൻ അദ്ദേഹത്തിന് തിരക്കായിരുന്നതും മറ്റൊരു കാരണമായിരുന്നു. 1943 നവംബറിൽ അദ്ദേഹം ട്രിബ്യൂൺ എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിന്റെ സാഹിത്യ സമ്പാദകനായി നിയമിക്കപ്പെട്ടു. 1945-ന്റെ തുടക്കം വരെ അദ്ദേഹം ട്രിബ്യൂണിൽ തുടർന്നു. "എന്റെ ഇഷ്ടം പോലെ" (As I Please) എന്നായിരുന്നു അതിൽ അദ്ദേഹം എഴുതിയിരുന്ന പംക്തിയുടെ പേര്. യുദ്ധാവസാനസമയത്ത് വിദേശത്തു നിന്ന് ലണ്ടണിൽ മടങ്ങിയെത്തിയ ആന്തണി പൗവ്വലും മാൽക്കം മഗറിജ്ജും ഓർവെലിന്റെ അടുത്ത സുഹൃത്തുക്കളായി മാറി.

1944-ലാണ് ഓർവെൽ സ്റ്റാലിനിസത്തെ വിമർശിക്കുന്ന ആനിമൽ ഫാം എന്ന കഥ എഴുതിത്തീർത്തത്. ആദ്യം ബ്രിട്ടണിൽ പ്രസിദ്ധീകരിക്കപ്പെട്ട ആ കൃതിയെ വായനക്കാരും വിമർശകരും ഒരുപോലെ പുകഴ്ത്തി. ആ സമയത്ത്, അമേരിക്കയിലെ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഹാർകോർട്ട് ബ്രേസിന്റെ പ്രസാധകൻ ഫ്രാങ്ക് മോർളി പുസ്തകവായനക്കാരുടെ താത്പര്യങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിച്ചറിയാനായി ബ്രിട്ടണിലെത്തി. കേംബ്രിഡ്ജിലെ പുസ്തക കടയായ ബൗസ് ആൻഡ് ബൗസിൽ ആളുകൾ, മുഴുവൻ പ്രതികളും വിറ്റുതീർന്നുകഴിഞ്ഞിരുന്ന ഒരു പുസ്തകം തിരക്കി വരുന്നതാണ് മോർളി കണ്ടത്. ആനിമൽ ഫാമിന്റെ രണ്ടാം പതിപ്പായിരുന്നു ആ പുസ്തകം. കടയിൽ അവശേഷിച്ചിരുന്ന ഒരു പ്രതി വായിച്ച മോർളി നേരേ ലണ്ടണിൽ പോയി പുസ്തകം അമേരിക്കയിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം വാങ്ങിയെടുത്തു. അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം.

ആനിമൽ ഫാം പ്രസിദ്ധീകൃതമായപ്പോൾ രണ്ടാം ലോകമഹായുദ്ധം അന്ത്യത്തോടടുക്കുകയായിരുന്നു. സംഭവവികാസങ്ങളുടെ നടുക്കായിരിക്കാൻ ഓർവെലിന് തിടുക്കമായി. യുദ്ധലേഖകനായി ഫ്രാൻസിന്റെ വിമോചനവും ജർമ്മനിയുടെ അധിനിവേശത്തിന്റെ തുടക്കവും റിപ്പോർട്ട് ചെയ്യാൻ ഒബ്സർവർ പത്രത്തിന്റെ എഡിറ്റർ ഡേവിഡ് ആസ്റ്റർ ആവശ്യപ്പെട്ടപ്പോൾ ട്രിബ്യൂണിലെ ജോലി ഓർവെൽ രാജിവച്ചു.

ഓർ‌വെലും ആസ്റ്ററും സുഹൃത്തുക്കളായിരുന്നു. അസ്പിഡിസ്ത്രാ ജയിക്കട്ടെ എന്ന കൃതിയിലെ പ്രസിദ്ധീകരണമുതലാളിയുടെ മാതൃക ആസ്റ്റർ ആണെന്ന് കരുതപ്പെടുന്നു. ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു. 2001-ലാണ് ആസ്റ്റർ മരിച്ചത്. അദ്ദേഹത്തെ സംസ്കരിച്ചത് ഓർവെലിന്റെ ശവകുടീരത്തിനടുത്താണ്.

1984 - അവസാനവർഷങ്ങൾ

[തിരുത്തുക]

ഇതിനിടെ ഓർവെൽ ദമ്പതികൾ ഒരാൺകുട്ടിയെ ദത്തെടുത്തു. 1944 ൽ ജനിച്ച റിച്ചാർഡ് ഹോറേഷ്യോ ബ്ലെയർ ആയിരുന്നു ആ കുട്ടി. 1945-ൽ അദ്ദേഹം ജർമ്മനിയിലെ കൊളോണിൽ വച്ച് രോഗബാധിതനായി. ആ സമയത്തു തന്നെ ഭാര്യ എലീൻ ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ ട്യൂമർ നീക്കം ചെയ്യാനുള്ള ഒരു ശസ്ത്രക്രിയയെ തുടർന്ന് മരിച്ചു. ശസ്ത്രക്രിയയെ നിസ്സാരമായെടുക്കുകയും അതിനായി അധികം പണം ചെലവാക്കുന്നത് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തതുമൂലം, അവർ അസുഖത്തിന്റെ കാര്യം ഓർവെലിനെ അറിയിച്ചിരുന്നുപോലുമില്ല.

അടുത്ത നാലു വർഷത്തേക്ക് ഓർവെൽ പത്രമാസികകളിലെ ലേഖനമെഴുത്തിനൊപ്പം 1949-ൽ പ്രസിദ്ധീകരിച്ച ഏറ്റവും പ്രധാനകൃതിയായ 1984-ന്റെ രചനയിലും മുഴുകി. ലേഖനങ്ങൾ ഏറെയും പ്രസിദ്ധീകരിച്ചത് ട്രിബ്യൂൺ, ഒബ്സർവർ, മാഞ്ചസ്റ്റർ സായാഹ്നവാർത്ത എന്നീ പത്രങ്ങളിലും കുറച്ചുമാത്രം പ്രചാരമുണ്ടായിരുന്ന ചില രാഷ്ട്രീയ-സാഹിത്യ ആനുകാലികങ്ങളിലും ആയിരുന്നു. 1984 എന്ന നോവലിന് ആദ്യം അദ്ദേഹം യൂറോപ്പിലെ അവസാനത്തെ മനുഷ്യൻ എന്ന പേരും പരിഗണിച്ചിരുന്നു. എന്നാൽ ഓർവെലിന്റെ പ്രസാധകനായ ഫ്രെഡെറിക് വാർബർഗ്ഗിന് അതിഷ്ടമായില്ല. പിന്നെ, 1980 എന്ന പേരും തുടർന്ന് 1982 എന്ന പേരും പരിഗണിച്ചു. എന്നാൽ ഓർവെലിന്റെ രോഗം മൂലം പ്രസിദ്ധീകരണം നീണ്ടുപോയതിനാൽ ഒടുവിൽ കൃതി പ്രസിദ്ധീകരിച്ചത് 1984 എന്ന പേരിലാണ്.[10]

ഓർവെൽ ആ നോവൽ ഏറെയും എഴുതിയത് സ്കോട്ട്‌ലണ്ടിന്റെ പടിഞ്ഞാറെ തീരത്തെ ജൂറാ ദ്വീപിലുള്ള ബാൺഹിൽ എന്ന ഉപേക്ഷിക്കപ്പെട്ട ഉൾനാടൽ കൃഷിയിടത്തിൽ താമസിച്ചാണ്.[11] അവിടെ തുടങ്ങി, കൃഷിയിടത്തിന്റെ ഉടമസ്ഥയായ മാരഗരറ്റ് ഫ്ലെച്ചർ താമസിച്ചിരുന്ന ആർഡ്‌ലൂസ്സാ എന്ന സ്ഥലത്തു ചെന്നവസാനിച്ചിരുന്ന എട്ടു കിലോമീറ്റർ പാത ആയിരുന്നു ദ്വീപിൽ ആകെയുണ്ടായിരുന്ന വഴി.

1948-ൽ ഓർവെൽ റെയ്നാൾഡ് റെയ്നോൾഡിനോട് ചേർന്ന് ബ്രിട്ടണിലെ പ്രചാരണസാഹിത്യകാരന്മാർ എന്ന സമാഹാരം പ്രസിദ്ധീകരിച്ചു.

1949 ഒക്ടോബറിൽ, മരണത്തിന് കുറച്ചു കാലം മുൻപ് ഓർവെൽ സോണിയ ബ്രൗൺവെല്ലിനെ വിവാഹം കഴിച്ചു.[12]

വിവാഹജീവിതം

[തിരുത്തുക]

ആദ്യഭാര്യയായിരുന്ന എലീന് ഓർ‍വെലിനെ വിവാഹം ചെയ്യുന്നതിനെതിരെ പലരും മുന്നറിയിപ്പ് കൊടുത്തിരുന്നു. ശസ്ത്രക്രിയയെ തുടർന്നുള്ള അവരുടെ മരണത്തിനുശേഷം ഒരു സുഹൃത്തിനെഴുതിയ കത്തിൽ ഓർവെൽ എലീനെ 'വിശ്വസ്തയായ ഒരു പഴയ വടി' (a faithful old stick) എന്നു വിശേഷിപ്പിച്ചെങ്കിലും അവരോട് അദ്ദേഹത്തിനുണ്ടായിരുന്ന പ്രേമത്തിന്റെ ആഴം വ്യക്തമല്ല. അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം. പിന്നീട് വിവാഹാഭ്യർഥന നടത്തിയ ഒരു സ്ത്രീക്കുള്ള കത്തിൽ ഓർവെൽ ഇങ്ങനെ എഴുതി: "ഞാൻ ചിലപ്പോഴൊക്കെ എലീനോട് അവിശ്വസ്തത കാട്ടുകയും, മോശമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. എന്നോട് അവളും മോശമായി പെരുമാറിയിട്ടുണ്ട്. എന്നാൽ, ഞങ്ങളുടേത് ശരിക്കുള്ള ഒരു ദാമ്പത്യമായിരുന്നു. ഞങ്ങളൊന്നിച്ച് വലിയ കഷ്ടപ്പാടുകളിലൂടെ കടന്നുപോവുകയും എന്റെ ജോലിയുടെ പ്രത്യേകതകളെല്ലാം അവൾ മനസ്സിലാക്കുകയും ചെയ്തു എന്ന അർത്ഥത്തിലാണ് ഞാനിത് പറയുന്നത്." [13] ബർണാർഡ് ക്രിക്ക്, ഓർവെലിന്റേയും എലീന്റേയും ദാമ്പത്യത്തെ തോമസ് ഹാര്ഡിയുടേയും എമ്മാ ഗിഫോർഡിന്റേയും വിവാഹവുമായി താരതമ്യം ചെയ്ത് ഇങ്ങനെ പറഞ്ഞു: "വലിയൊരെഴുത്തുകാരനെ സംബന്ധിച്ചടുത്തോളം എഴുത്താണ് എല്ലാത്തിനേക്കാളും പ്രധാനം. തന്റെ കഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ വലിയ വൈഭവം കാട്ടിയ ഹാർഡിക്ക്, സ്വന്തം ഭാര്യയുടെ യഥാർഥ സങ്കടങ്ങൾ കാണാനായില്ല." ഏതായാലും, എലീന്റെ മരണത്തിന് ശേഷം, ഓർവെലിന് വലിയ ഏകാന്തത അനുഭവപ്പെട്ടു. തനിക്ക് സഹചാരിയും വളർത്തുമകന് അമ്മയും ആകാനായി ഒരു ഭാര്യയെ കണ്ടെത്താൻ അദ്ദേഹം തിടുക്കം കാട്ടി. നാലു സ്ത്രീകളോട് വിവാഹാഭ്യർഥന നടത്തിയ ശേഷമാണ് ഒടുവിൽ സോണിയ ബ്രൗൺ‌വെൽ സമ്മതിച്ചത്.

ഒർവെലിന്റെ ശവകുടീരം

ക്ഷയരോഗബാധിതനായ ഓർവെൽ നാല്പത്തിയാറാമത്തെ വയസ്സിൽ ലണ്ടണിൽ അന്തരിച്ചു.[14] അവസാനത്തെ മൂന്നുവർഷം അദ്ദേഹം ഏറെക്കാലം ആശുപത്രികളിലായിരുന്നു. ആംഗ്ലിക്കൻ സഭാമുറകളനുസരിച്ച് സംസ്കരിക്കപ്പെടാൻ ആഗ്രഹിച്ച അദ്ദേഹത്തെ ഓക്സ്ഫോർഡ്‌ഷയറിലെ കോർട്ടനേയിലുള്ള സട്ടൻ എന്ന സ്ഥലത്തെ സകലവിശുദ്ധരുടേയും നാമത്തിലുള്ള പള്ളിയിലാണ് സംസ്കരിച്ചത്. ശവകുടീരത്തിലെ ലിഖിതം ഇതാണ്: "1903 ജൂൺ 25-ന് ജനിച്ച് 1950 ജനുവരി 21-ന് മരിച്ച എറിക് ആർതർ ബ്ലെയർ ഇവിടെ സംസ്കരിക്കപ്പെട്ടിരിക്കുന്നു". അദ്ദേഹത്തിന്റെ കൂടുതൽ പ്രസിദ്ധമായ തൂലികാനാമം പരാമർശിച്ചതേയില്ല. മരിക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പള്ളിയിലെ സെമിത്തേരിയിൽ സംസ്കരിക്കപ്പെടാനാണ് ഓർവെൽ ആഗ്രഹിച്ചത്. പക്ഷേ മദ്ധ്യ ലണ്ടണിലെ സെമിത്തേരികളിൽ ഒന്നിലും ഇടമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ശവം ദഹിപ്പിക്കേണ്ടിവരുന്നത് ഒഴിവാക്കാനാഗ്രഹിച്ച ഭാര്യ സുഹൃത്തുക്കളോട്, ഏതെങ്കിലും പള്ളിയിലെ സെമിത്തേരിയിൽ സംസ്കാരസ്ഥലം കണ്ടെത്തിക്കൊടുക്കാൻ അഭ്യർഥിച്ചു. കോർട്ട്‌നേയിലെ സട്ടണിൽ ജീവിച്ചിരുന്ന ഡേവിഡ് ആസ്റ്റർ, അവിടത്തെ വികാരിയുടെ സഹായം വാങ്ങി അദ്ദേഹത്തെ അവിടെ സംസ്കരിച്ചു.

ഓർവെലിന്റെ മരണശേഷം, ദത്തെടുത്ത മകൻ റിച്ചാർഡ് ബ്ലെയറിനെ വളർത്തിയത് ഒരമ്മായി ആണ്. ഓർവെലിനെക്കുറിച്ചുള്ള സ്മരണകൾ അയവിറക്കി ചില അഭിമുഖങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, പൊതുവേ, പരസ്യം ആഗ്രഹിക്കാതെ ഒതുങ്ങി ജീവിക്കുന്ന പ്രകൃതമായിരുന്നു റിച്ചാർഡിന്റേത്. ബ്രിട്ടീഷ് സർക്കാറിൽ ഒരു കാർഷിക ഏജന്റായി അദ്ദേഹം വളരെക്കാലം ജോലിചെയ്തു.

ഓർവെലിനെ സ്വാധീനിച്ചവർ

[തിരുത്തുക]

1940-ൽ, ഇരുപതാം നൂറ്റാണ്ടിലെ എഴുത്തുകാർ എന്ന കൃതിയുടെ പ്രസാധകർക്ക് അയച്ചുകൊടുത്ത ആത്മകഥാപരമായ ഒരു കുറിപ്പിൽ ഓർവെൽ ഇങ്ങനെ എഴുതി:-

മറ്റൊരിടത്ത് അമേരിക്കൻ എഴുത്തുകാരനായ ജാക്ക് ലണ്ടന്റെ കൃതികളെ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വഴി (The Road) എന്ന കൃതിയെ, ഓർവെൽ പ്രത്യേകം പുകഴ്ത്തുന്നുണ്ട്. വിഗൻ കടവിലേക്കുള്ള വഴിയിൽ ദാരിദ്ര്യത്തെക്കുറിച്ച് ഓർവെൽ നടത്തിയ അന്വേഷണത്തിന്, പടുകുഴിയുടെ മക്കൾ (People of the Abyss) എന്ന രചനയിൽ ജോലിരഹിതനായ ഒരു നാവികനായി വേഷം കെട്ടി ലണ്ടണിലെ ദരിദ്രരുടെ അവസ്ഥയെക്കുറിച്ച് ജാക്ക് ലണ്ടൻ നടത്തിയ അന്വേഷണവുമായി സാമ്യമുണ്ട്.

ദാരിദ്ര്യവും രാഷ്ട്രീയവും - ഗള്ളിവേഴ്സ് ട്രാവൽസിന്റെ ഒരു പഠനം എന്ന പേരിൽ 1946-ൽ എഴുതിയ പ്രബന്ധത്തിൽ ഓർവെൽ എഴുതിയത്, എല്ലാ പുസ്തകങ്ങളും നശിച്ചുപോകും. എന്നാലും സം‌രക്ഷിപ്പിക്കപ്പെടേണ്ട ആറു കൃതികളുടെ ഒരു പട്ടിക ഉണ്ടാക്കേണ്ടി വന്നാൽ, ഗള്ളിവേഴ്സ് ട്രാവൽസിനെ താൻ അതിൽ ഉൾപ്പെടുത്തുമെന്നാണ്.

ഓർവെലിന്റെ ആദരവ് പിടിച്ചുപറ്റിയ മറ്റെഴുത്തുകാരിൽ റാൽഫ് വാൽഡൊ എമേഴ്സൺ, ജി.കെ. ചെസ്റ്റർട്ടൻ, ജോർജ്ജ് ഗിസ്സിങ്ങ്, ഗ്രേയം ഗ്രീൻ, ഹെർമൻ മെൽവിൽ, ഹെൻറി മില്ലർ, തോബിയാസ് സ്മോളെറ്റ്, മാർക്ക് ട്വെയിൻ, ജോസഫ് കോൺറാഡ്, യെവ്ജിനി സമ്യാറ്റിൻ എന്നിവർ ഉൾപ്പെടുന്നു.[15] റുഡ്യാർഡ് കിപ്ലിങ്ങിന്റെ കാര്യത്തിൽ ഓർവെൽ ഒരേസമയം ആരാധകനും വിമർശകനും ആയിരുന്നു.[16][17] പ്രതിഭാധനനനെങ്കിലും മായംചേർന്നതും ധാർമ്മികദൃഷ്ടിയിൽ സം‌വേദനാരഹിതവും സൗന്ദര്യബോധമുള്ളവർക്ക് അറപ്പുളവാക്കുന്നതുമായ കൃതികൾ രചിച്ച നല്ല-മോശം കവി ആയാണ് അദ്ദേഹം കിപ്ലിങ്ങിനെ കണ്ടത്. അതേസമയം കിപ്ലിങ്ങിന്റെ കൃതികൾ അനിഷേധ്യമാം വിധം ആകർഷണീയവും യാഥാർഥ്യത്തിന്റെ ചില വശങ്ങളെ അവതരിപ്പിക്കാൻ കൂടുതൽ പ്രബുദ്ധരായ എഴുത്തുകാരുടെ രചനകളേക്കാൾ സമർഥവുമാണെന്ന് അദ്ദേഹം അംഗീകരിച്ചു.[18]

പി.ജി. വോഡ്‌ഹൗസ് നാസി പക്ഷപാതിയെന്നാരാപിക്കപ്പെട്ടപ്പോൾ, ഓർവെൽ അദ്ദേഹത്തെ പരസ്യമായി പിന്തുണച്ചു. രാഷ്ട്രീയകാര്യങ്ങളിൽ താല്പര്യമോ അറിവോ ഇല്ലാത്തവനാണ് വോഡ്‌ഹൗസ് എന്ന പരിഗണനയിലാണ് അദ്ദേഹം നാസി പക്ഷപാതി എന്ന ആരോപണത്തിൽ കഴമ്പില്ല എന്ന ഓർവെൽ കരുതിയത്.

ഓർവെൽ അവശേഷിപ്പിച്ച പൈതൃകം

[തിരുത്തുക]

കൃതികൾ

[തിരുത്തുക]

ജീവിതകാലത്ത് ഓർവെൽ പ്രധാനമായും അറിയപ്പെട്ടത് പത്രപ്രവർത്തനം, ലേഖനങ്ങൾ, നിരൂപണങ്ങൾ, പത്രമാസികകളിലെ പംക്തികൾ എന്നിവയുടെ പേരിലാണ്. പട്ടണങ്ങളിലെ ദരിദ്രജനതയുടെ അവസ്ഥ തുറന്നുകാട്ടിയ ഡൗൺ ആൻഡ് ഔട്ട് ഇൻ പാരിസ് ആൻഡ് ലണ്ടൺ, വടക്കൻ ഇംഗ്ലണ്ടിലെ പാവങ്ങളുടെ സ്ഥിതിയും സാമ്പത്തിക അസമത്വവും ചിത്രീകരിച്ച വിഗൻ കടവിലേക്കുള്ള വഴി, സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ അനുഭവങ്ങളെ ആശ്രയിച്ചെഴുതിയ കറ്റലോണിയക്ക് സ്മരണാഞ്ജലി എന്നീ റിപ്പോർട്ടിങ്ങ് കൃതികളും അദ്ദേഹത്തെ പ്രശസ്തനാക്കി. ന്യൂസ്‌വീക്ക് മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചത് ജീവിച്ച കാലഘട്ടത്തിലെ ഏറ്റവും നല്ല പത്രപ്രവർത്തകൻ, ഹാസ്‌ലിറ്റ് കഴിഞ്ഞാൽ ഇംഗ്ലീഷ് പ്രബന്ധരചനയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി എന്നൊക്കെയാണ്.

പിൽക്കാല വായനക്കാർ ഓർവെലിനെ കൂടുതലും അറിയുന്നത് ആനിമൽ ഫാം, 1984 എന്നിവ എഴുതിയ നോവലിസ്റ്റായിട്ടാണ്. ആനിമൽ ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു. ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ, സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്. 'മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്നു മാർക്സ് മതത്തിനുകൊടുത്ത വിശേഷണത്തെ അനുസ്മരിപ്പിക്കുമാറ്, 1984 എന്ന നോവലിലെ സത്യമന്ത്രാലയം ഇറക്കിയിരുന്ന പത്രങ്ങൾ ജനസാമാന്യത്തിന് വിളമ്പിയിരുന്നത് ലൈംഗികതയുടേയും കായികാഭ്യാസങ്ങളുടേയും ജ്യോതിഷത്തിന്റേയും ചേരുവയായിരുന്നു. ഈ നോവൽ അൽഡസ് ഹക്സ്‌ലിയുടെ ധീരനൂതനലോകം എന്ന കൃതിയോട് താരതമ്യം ചെയ്യപ്പെടാറുണ്ട്. രണ്ടും, എല്ലായിടത്തും എത്തുന്ന ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ നിറഞ്ഞ വരുംകാലസമൂഹങ്ങളെ സങ്കല്പിച്ച് എഴുതിയവയാണ്. ഇവയിൽ ആദ്യം എഴുതപ്പെട്ട ഹക്സ്‌ലിയുടെ നോവൽ കൂടുതൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. ഓർവെലിന്റെ കൃതിയാകട്ടെ, അണുവായുധയുഗത്തിലെ, സദാ യുദ്ധത്തിന് ഒരുങ്ങിനിൽക്കുന്ന രാഷ്ട്രത്തിന്റെ ചിത്രീകരണമാണ്.

സാഹിത്യ വിമർശനം

[തിരുത്തുക]

വളരെക്കാലം ഓർവെൽ ഒരു ഗ്രന്ഥനിരൂപകനായിരുന്നു. ദീർഘവും പ്രഗല്ഭവുമായ ആ നിരൂപണങ്ങൾ ഇംഗ്ലീഷ് സാഹിത്യത്തിലെ നിരൂപണശാഖയെ ഏറെ സ്വാധീനിച്ചു. ചാൾസ് ഡിക്കൻസിനെക്കുറിച്ച് 1940-ൽ എഴുതിയ പ്രബന്ധത്തിന്റെ പ്രശസ്തമായ സമാപനഭാഗം ഓർവെലിന്റെ നിരൂപണശൈലിക്ക് ഉദാഹരണമാണ്.

എഴുത്തുകാർക്കുള്ള നിയമങ്ങൾ

[തിരുത്തുക]

രാഷ്ട്രീയവും ഇംഗ്ലീഷ് ഭാഷയും എന്ന ലേഖനത്തിൽ ഓർവെൽ എഴുത്തുകാർ പിന്തുടരേണ്ട ആറ് നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.[19]

 • പ്രയോഗിക്കാൻ പരിഗണിക്കുന്ന ഉപമയോ ഉല്പ്രേക്ഷയോ മറ്റലങ്കാരമോ സാധാരണ അച്ചടിച്ചു കാണാറുള്ളതാണെങ്കിൽ അതുപേക്ഷിക്കുക.
 • ചെറിയൊരു വാക്ക് മതിയാകുമെന്നുള്ളപ്പോൾ വലിയ വാക്ക് ഉപയോഗിക്കാതിരിക്കുക.
 • എഴുതിയതിൽ ഒരു വാക്ക് വെട്ടിക്കളയാൻ വഴിയുണ്ടെങ്കിൽ അത് ചെയ്യുക.
 • കർത്തരി പ്രയോഗം ആകാമെന്നുള്ളപ്പോൾ കർമ്മണി പ്രയോഗം ഉപയോഗിക്കാതിരിക്കുക.
 • പകരം ഉപയോഗിക്കാവുന്ന സാധാരണ ഭാഷയിലെ ഒരു വാക്ക് ഓർമ്മ വരുന്നുണ്ടെങ്കിൽ അന്യഭാഷാപദമോ, ശാസ്ത്ര-സാങ്കേതിക സംജ്ഞയോ ഉപയോഗിക്കാതിരിക്കുക.
 • ഇതിൽ ഏതെങ്കിലും ഒരു നിയമം പിന്തുടരുന്നത് രചനയെ വികൃതമാക്കുമെങ്കിൽ ആ നിയമത്തെ മടികൂടാതെ ലംഘിക്കുക.

ഓർവെലും ഇംഗ്ലീഷ് ഭാഷയും

[തിരുത്തുക]

1984-ലേയും ആനിമൽ ഫാമിലേയും മറ്റും പല പ്രയോഗങ്ങളും ഇംഗ്ലീഷ് ഭാഷയുടെ ശൈലീസമുച്ചയത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ആ കൃതിയിൽ നിന്ന് ഇംഗ്ലീഷ് ഭാഷ കടംകൊണ്ടവയിൽ ചിലത് താഴെ പറയുന്നവയാണ്.

 • പുതുമൊഴി

രാഷ്ട്രീയവും ഇംഗ്ലീഷ് ഭാഷയും എന്ന പേരിൽ 1946-ൽ എഴുതിയ ലേഖനത്തിൽ ഓർവെൽ, സത്യസന്ധവും വ്യക്തവുമായ ഭാഷയുടെ ആവശ്യകത ഊന്നിപ്പറഞ്ഞതിനൊപ്പം, തെറ്റിദ്ധരിപ്പിക്കുന്നതും അവ്യക്തവുമായ ഭാഷ രാഷ്ട്രീയ ഉപജാപങ്ങളുടെ ഉപകരണമാകുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഓർവെലിന്റെ 1984-ലെ ഭാഷയുടെ പേര് പുതുമൊഴി (New speak) എന്നാണ്. രാഷ്ട്രീയവൽക്കൃതമായ ആ വക്രഭാഷ സ്വീകാര്യമായ വാക്കുകൾക്ക് പരിധി നിശ്ചയിച്ച് സ്വതന്ത്രചിന്ത അസാധ്യമാക്കിത്തീർക്കുന്നു.

 • വല്യേട്ടൻ

1984-ലെ പ്രസിദ്ധമായ മറ്റൊരു പ്രയോഗം വല്യേട്ടൻ (Big Brother) എന്നതാണ്. പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഗ്രസിച്ചു നിൽക്കുന്ന ഏകാധിപത്യരാഷ്ട്രത്തിന്റെ മേൽനോട്ടത്തെ സൂചിപ്പിച്ച്, "വല്യേട്ടൻ ശ്രദ്ധിക്കുന്നുണ്ട്" എന്ന് നോവലിൽ പലയിടത്തും പറയുന്നുണ്ട്. ആധുനികകാലത്തെ സുരക്ഷാക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം. വല്യേട്ടൻ എന്ന പേരിൽ പ്രസിദ്ധമായ ഒരു യഥാതഥ ടെലിവിഷൻ പ്രോഗ്രാം (reality television show) തന്നെയുണ്ട്.

 • നൂറ്റിയൊന്നാം നമ്പർ മുറി

നൂറ്റിയൊന്നാം നമ്പർ മുറി എന്ന ടെലിവിഷൻ പരിപാടിയുടെ പേരും 1984-ൽ നിന്നാണ് വന്നത്. ആ നോവലിലെ സ്നേഹമന്ത്രാലയത്തിൽ (Ministry of Love) മനുഷ്യരെ പുന:രഭ്യസിപ്പിക്കാൻ (to re-educate) കൊണ്ടുപോയിരുന്ന മർദ്ദനഅറയുടെ സംഖ്യയാണത്.

 • ചിന്താപോലീസ്

ചിന്താപോലീസ് (Thought Police) എന്ന പ്രയോഗത്തിനും ഇംഗ്ലീഷ് ഭാഷ 1984-നോട് കടപ്പെട്ടിരിക്കുന്നു. അഭിപ്രായപ്രകടനസ്വാതന്ത്ര്യം നിലനിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന സമൂഹങ്ങളിൽ സ്വതന്ത്രമായ ആശയപ്രകടനത്തിനുള്ള അവകാശത്തിന്റെ നിഷേധത്തെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കാറുള്ളത്.

 • ഇരുചിന്ത

1984-ൽ ഉപയോഗിക്കുന്ന ഭാഷയായ പുതുമൊഴിയിലെ ഒരു വാക്കാണ് ഇരുചിന്ത (Double think). പരസ്പരവിരുദ്ധമായ രണ്ടഭിപ്രായങ്ങൾ ഒരേസമയം വച്ചുപുലർത്തുകയും രണ്ടിലും ആത്മാർ‍ത്ഥമായി വിശ്വസിക്കുകയും ചെയ്യുന്ന ചിന്താരീതിയെ പരാമർശിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

 • 'കൂടുതൽ തുല്യരായ' ചിലർ

ആനിമൽ ഫാം എന്ന നോവലിൽ, ഫാമിൽ അടിച്ചമർത്തപ്പെട്ട മൃഗങ്ങളുടെ വിമോചനത്തിന് വേണ്ടിയുള്ള സമരത്തിലെ മുദ്രാവാക്യം, എല്ലാമൃഗങ്ങളും തുല്യരാണ് (All Animals are Equal) എന്നായിരുന്നു. വിമോചനം നടന്ന് മൃഗാധിപത്യം സ്ഥാപിക്കപ്പെട്ടപ്പോൾ നടപ്പായത് ചില മൃഗങ്ങളുടെ ഏകാധിപത്യമാണ്. എല്ലാ മൃഗങ്ങളും തുല്യരാണ്; എന്നാൽ ചില മൃഗങ്ങൾ മറ്റുള്ളവയേക്കാൾ കൂടുതൽ തുല്യരാണ് (All animals are equal, but some are more equal than others) എന്നായി പുതിയ മുദ്രാവാക്യം. ഇതിന്റെ വകഭേദങ്ങൾ, മനുഷ്യർക്കിടയിലെ സമത്വം പാലിക്കപ്പെടാതെ പ്രഘോഷിക്കപ്പെടുക മാത്രം ചെയ്യുന്ന സ്ഥിതിയെ പരാമർശിക്കാൻ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, കോടതികൾ കുറ്റവാളികൾക്ക് അവരുടെ സാമ്പത്തിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ നീതിവിളമ്പുന്നുവെന്ന് സംശയിക്കപ്പെടുമ്പോൾ, എല്ലാ കുറ്റവാളികളും തുല്യരാണ്, എന്നാൽ ചില കുറ്റവാളികൾ മറ്റുള്ളവരേക്കാൾ കൂടുതൽ തുല്യരാണ് എന്ന് പറഞ്ഞേക്കാം.

 • ശീതയുദ്ധം

ശീതയുദ്ധം (Cold War) എന്ന പ്രയോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ടെങ്കിലും, അതിന്റേയും ആദ്യത്തെ പ്രയോക്താവ് ‌ഓർവെൽ ആയിരിക്കാൻ സാധ്യതയുണ്ട്. ട്രിബ്യൂൺ മാസികയിൽ 1945-ൽ എഴുതിയ ആറ്റം ബോ‌ബും നിങ്ങളും എന്ന പ്രബന്ധത്തിലാണ് ഓർവെൽ ശീതയുദ്ധം എന്നെഴുതിയത്.

രാഷ്ട്രീയ വീക്ഷണങ്ങൾ

[തിരുത്തുക]

ഓർവെലിന്റെ രാഷ്ട്രീയനിലപാടുകൾ പരിണമിച്ചുകൊണ്ടിരുന്നുവെങ്കിലും, എഴുത്തുകാരനെന്ന നിലയിൽ ആജീവനാന്തം അദ്ദേഹം ഇടതുപക്ഷത്തായിരുന്നു. ഒടുവിലൊക്കെ ഓർവെൽ സ്വയം വിശേഷിപ്പിച്ചിരുന്നത് അരാജകത്വവാദിയായ യാഥാസ്ഥിതികൻ എന്നാണ്. ബർമ്മയിലെ അനുഭവങ്ങൾ അദ്ദേഹത്തെ സാമ്രാജ്യത്ത്വത്തിന്റെ കടുത്ത വിമർശകനാക്കി. ഡൗൺ ആൻഡ് ഔട്ട് ഇൻ പാരിസ് ആൻഡ് ലണ്ടനും വിഗൻ കടവിലേക്കുള്ള വഴിയും എഴുതുന്നതിനുവേണ്ടി നടത്തിയ പഠനത്തിൽ തെളിവായ ദാരിദ്ര്യത്തിന്റെ മുഖം അദ്ദേഹത്തെ സോഷ്യലിസ്റ്റ് പക്ഷപാതിയാക്കി. "1936-നു ശേഷം ഞാൻ എഴുതിയ ഓരോ വരിയും നേരിട്ടോ അല്ലാതെയോ സ്വേഛാധിപത്യത്തെ എതിർത്തും ഞാൻ മനസ്സിലാക്കുന്ന തരത്തിലുള്ള ജനാധിപത്യസോഷ്യലിസത്തെ പിന്തുണച്ചും ആണ്" എന്നദ്ദേഹം 1946-ൽ എഴുതി.

സോഷ്യലിസത്തോടുള്ള ഓർവെലിന്റെ നിലപാടിനെ രൂപപ്പെടുത്തിയത് സ്പാനിഷ് ആഭ്യന്തരയുദ്ധമാണ്. കറ്റലോണിയയിൽ അരാജകവാദികളായ കമ്മ്യൂണിസ്റ്റ് വിഭാഗങ്ങളുടെ വിജയത്തിനും അതേതുടർന്ന് അവരേയും മറ്റിടതുപക്ഷവിഭാഗങ്ങളേയും സോവിയറ്റ് പക്ഷപാതികൾ ക്രൂരമായി അടിച്ചമർത്തുന്നതിനും സാക്ഷ്യം വഹിച്ച അദ്ദേഹം അവിടന്ന് മടങ്ങിയത് സ്റ്റാലിനിസത്തിന്റെ കടുത്ത ശത്രുവായിട്ടാണ്. ബ്രിട്ടണിൽ മടങ്ങിവന്ന അദ്ദേഹം സ്വതന്ത്ര തൊഴിലാളി പാർട്ടിയിൽ ചേർന്നു.

ആദ്യം, മറ്റിടതുപക്ഷവാദികളെപ്പോലെ അദ്ദേഹവും ജർമ്മനിയെ ലക്ഷ്യമാക്കിയുള്ള ബ്രിട്ടന്റെ പുനരായുധീകരണത്തിന് എതിരായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയനും നാസി ജർമ്മനിയും തമ്മിലുണ്ടാക്കിയ മൊളോട്ടോവ്-റിബ്ബൺത്രോപ്പ് ഉടമ്പടിയും രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കവും അദ്ദേഹത്തിന്റെ മനസ്സ് മാറ്റി. സ്വതന്ത്രതൊഴിലാളി കക്ഷിയുടെ സമാധാനവാദത്തെ എതിർത്ത് അദ്ദേഹം ആ കഷി വിട്ട് വിപ്ലവദേശീയത എന്ന നിലപാട് സ്വീകരിച്ചു. യുദ്ധസം‌രംഭങ്ങളെ അദ്ദേഹം പിന്തുണച്ചു. യുദ്ധം ബ്രിട്ടീഷ് സമൂഹത്തിൽ ഒരു വിപ്ലവസോഷ്യലിസ്റ്റ് മുന്നേറ്റത്തിന് കാരണമാകമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും അത് സഫലമായില്ല. "വിപ്ലവകാരി ദേശസ്നേഹിയും, ദേശസ്നേഹി വിപ്ലവകാരിയും ആയിരിക്കേണ്ട വിചിത്രമായ ചരിത്രസന്ധിയിലാണ് നാം ജീവിക്കുന്നത്" എന്നദ്ദേഹം 1940 ഡിസംബറിൽ ട്രിബ്യൂൺ പത്രത്തിൽ എഴുതി.

എന്നാൽ 1943-ഓടെ ഓർവെലിന്റെ നിലപാട് പിന്നെയും മാറി. ട്രിബ്യൂണിൽ സാഹിത്യസമ്പാദകനായി ചേർന്ന അദ്ദേഹം അപ്പോൾ മുതൽ മരണം വരെ തൊഴിലാളികക്ഷിയെ പിന്തുണക്കുന്ന ഇടതുപക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് ആയി തുടർന്നു. 1945-ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം തൊഴിലാളികക്ഷിക്കുവേണ്ടി വോട്ടുതേടി. ഭരണത്തിൽ ആ കക്ഷി സ്വീകരിച്ച നിലപാടുകളെ, പൊതുവേ പിന്തുണച്ചെങ്കിലും പല പ്രശ്നങ്ങളിലും അത് പിന്തുടർന്ന ഭീരുത്വം നിറഞ്ഞ സമീപനത്തേയും അതിലെ ഇടതുപക്ഷത്തിന്റെ സോവിയറ്റ് പക്ഷപാത നിലപാടിനേയും അദ്ദേഹം വിമർശിച്ചു.

ട്രോസ്കിയിസ്റ്റോ അരാജകത്വവാദിയോ ആയിരുന്നില്ലെങ്കിലും സോവിയറ്റ് ഭരണകൂടത്തോടുള്ള ട്രോസ്കിയിസ്റ്റുകളുടേയും അരാജകത്വവാദികളുടേയും നിലപാടും, അരാജകത്വവാദികൾ വ്യക്തിസ്വാതന്ത്ര്യത്തിന് കൊടുത്ത പ്രാധാന്യവും ഓർവെലിനെ സ്വാധീനിച്ചു. അതിന്റെ ഫലമായി "എല്ലാ ഭരണവും തിന്മയാണെന്നും, ശിക്ഷ എല്ലായ്പ്പോഴും കുറ്റത്തേക്കാൾ ഉപദ്രവകാരിയാണെന്നും, മനുഷ്യരെ വെറുതേവിട്ടാൽ അവർ മര്യാദയോടെ പെരുമാറുമെന്ന് വിശ്വസിക്കുകയാണുചിതമെന്നമുള്ള ഒരു അരാജകത്വ സിദ്ധാന്തത്തിൽ" താൻ ചെന്നെത്തിയതായി വിഗൻ കടവിലേക്കുള്ള വഴിയിൽ അദ്ദേഹം എഴുതി. എന്നാൽ പതിവുപോലെ, പിന്നീടദ്ദേഹം ഈ നിലപാടിനെ വൈകാരിക അസംബന്ധമായി (sentimental nonsense) തള്ളിക്കളഞ്ഞു. മര്യാദക്ക് ജീവിക്കുന്ന മനുഷ്യരെ അക്രമത്തിൽ നിന്ന് രക്ഷിക്കേണ്ട ആവശ്യം എപ്പോഴുമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ നിലപാട്. കുറ്റകൃത്യങ്ങൾ ചിലർക്ക് പ്രയോജനകരമായേക്കാവുന്ന ഏതു സാമൂഹ്യസ്ഥിതിയിലും കർശനമായ ശിക്ഷാനിയമം ഉണ്ടായിരിക്കുകയും അത് വിട്ടുവീഴചയില്ലാതെ നടപ്പാക്കുകയും ചെയ്തേ മതിയാവൂ എന്നും അദ്ദേഹം മനസ്സിലാക്കി. അതേസമയം, ഓർവെലിന്റെ അടുത്ത സുഹൃത്തുക്കളിൽ പലരും 1940-കളിൽ ലണ്ടണിലെ ചെറിയ അരാജകത്വവാദിവിഭാഗത്തിൽ സജീവമായിരുന്നു.

സിയോണിസത്തോട് യാതൊരു സഹമതിയും ഇല്ലാതിരുന്ന ഓർവെൽ ഇസ്രായേലിന്റെ രൂപവത്കരണത്തെ എതിർത്തു. "പാലസ്തീനിയൻ പ്രശ്നം ഒരളവുവരെ വർഗ്ഗത്തിന്റെ പ്രശ്നമാണെന്നും (a colour issue) ഒരിന്ത്യൻ ദേശീയവാദിയോ മറ്റോ ഒരു പക്ഷേ അറബികളുടെ പക്ഷത്തേ നിൽക്കൂ എന്നും മനസ്സിലാക്കുന്ന ഇംഗ്ലീഷുകാർ ചുരുക്കമാണെന്ന്" അദ്ദേഹം 1945-ൽ എഴുതി.

പലസ്തീനിലെ അറബികൾക്ക് നീതിലഭ്യമാക്കണം എന്നു വാദിച്ചതിനൊപ്പം തന്നെ യഹുദവിരോധത്തേയും (antisemitism) അദ്ദേഹം എതിർത്തു. 1945-ൽ സമകാലീന യഹൂദ രേഖ എന്ന പ്രസിദ്ധീകരണത്തിൽ ബ്രിട്ടണിലെ യഹൂദവിരോധം എന്ന പേരിൽ ദീർഘമായ ഒരു ലേഖനം അദ്ദേഹം എഴുതി. അതിൽ അദ്ദേഹം, യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു. യഹൂദവിരോധികളെ നയിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള യുക്തി അല്ലാത്തതുകൊണ്ട്, ചർച്ചകളിലൂടെ അവർക്ക് മനഃപരിവർത്തനം ഉണ്ടാക്കാനാവില്ലെന്നും അദ്ദേഹം കരുതി. മറ്റുകാര്യങ്ങളിലൊക്കെ യുക്തിപൂർവ്വം പെരുമാറാൻ കഴിയുന്ന യഹൂദവിരോധികൾക്ക് ഈയൊരു വിഷയത്തിൽ മാത്രം വിഡ്ഢിത്തങ്ങൾ വിഴുങ്ങാൻ സാധിക്കുന്നതെങ്ങനെയെന്നറിയാൻ മനഃശാസ്ത്രപരമായ സമീപനം സഹായിച്ചേക്കാമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു.

ഓർവെലിന്റെ രാഷ്ട്രീയനിലപാടുകളിൽ മറ്റൊന്ന് സം‌യുക്ത സോഷ്യലിസ്റ്റ് യൂറോപ്പ് എന്ന ആശയത്തിന് അദ്ദേഹം നൽകിയ പിന്തുണയാണ്. 1947-ൽ പാർട്ടിസാൻ റിവ്യൂ എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ "യൂറോപ്യൻ ഐക്യത്തിലേക്ക്" എന്ന ലേഖനത്തിലാണ് ഈ നിലപാട് അദ്ദേഹം മുന്നോട്ടുവച്ചത്.

ഓർവെലിന്റെ സുഹൃത്ത് സീലിയ കിർവാൻ, ബ്രിട്ടീഷ് വിദേശകാര്യവകുപ്പിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനായി തൊഴിലാളികക്ഷി സർക്കാർ സ്ഥാപിച്ച വിവര-ഗവേഷണ വിഭാഗത്തിൽ ജോലി ജോലിചെയ്തിരുന്നു. കമ്മ്യൂണിസ്റ്റ് ചായ്‌വ് കണക്കിലെടുത്ത്, വിവര-ഗവേഷണ വിഭാഗത്തിനുവേണ്ടി എഴുതാൻ അവസരം കൊടുത്തുകൂടാത്ത 37 എഴുത്തുകാരുടെ ഒരു പട്ടിക ഓർവെൽ 1949-ൽ അവർക്ക് കൊടുത്തു. 2003-ൽ മാത്രം പ്രസിദ്ധീകൃതമായ ആ പട്ടികയിൽ പ്രധാനമായും ഉണ്ടായിരുന്നത് ന്യൂ സ്റ്റേറ്റ്സ്മാന്റെ പ്രസാധകനായ കിങ്സിൽ മാർട്ടിനെപ്പോലുള്ള പത്രപ്രവർത്തകരായിരുന്നു. മൈക്കേൾ രെഡ്ഗ്രേവ്, ചാർളി ചാപ്ലിൻ തുടങ്ങിയ നടന്മാരേയും അതിൽ ഉൾപ്പെടുത്തിയിരുന്നു. ഇങ്ങനെയൊരു പട്ടിക ഉണ്ടാക്കാൻ ഓർവെലിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. അദ്ദേഹവും സുഹൃത്തും പിന്തുണച്ചിരുന്ന ‍സ്റ്റാലിൻ വിരുദ്ധ നിലപാട് പ്രചരിപ്പിക്കാൻ സുഹൃത്തിനെ സഹായിക്കുകയായിരുന്നു ഓർവെൽ എന്നു കരുതുകയാണ് ഉചിതം. രചനകളിൽ താൻ പിന്തുണച്ചിരുന്ന ജനാധിപത്യസോഷ്യലിസത്തെ ഓർവെൽ ഉപേക്ഷിച്ചെന്നോ, പട്ടികയിൽ ഉൾപ്പെട്ടിരുന്ന എഴുത്തുകാരുടെ രചനകളെ തമസ്കരിക്കണമെന്ന് അദ്ദേഹം കരുതിയെന്നോ തോന്നുന്നില്ല. ഓർ‌വെലിന്റെ പട്ടിക വസ്തുനിഷ്ഠമായിരുന്നു എന്നും പറയേണ്ടതുണ്ട്. അതിൽ ഉൾക്കൊണ്ടിരുന്ന വ്യക്തികൾ സോവിയറ്റ്-കമ്മ്യൂണിസ്റ്റ് അനുഭാവ പ്രസ്താവനകൾ നടത്തിയിരുന്നു. പട്ടികയിൽ സ്ഥാനമുണ്ടായിരുന്നവരിൽ ഒരാളും ബ്രിട്ടണിലെ ഇൻഫോർമേഷൻ വകുപ്പിലെ സൊവിയറ്റ് വിഭാഗത്തിന്റെ തലവനുമായിരുന്ന പീറ്റർ സ്മോളറ്റ് റഷ്യൻ ഏജന്റ് ആയിരുന്നുവെന്ന് പിന്നീട് കെ.ജി.ബി. രേഖാശേഖരങ്ങൾ പരസ്യപ്പെടുത്തപ്പെട്ടപ്പോൾ വ്യക്തമായി. പ്രസാധകൻ ജോനാഥൻ കേപ്പ് ആനിമൽ ഫാമിനെ അനാരോഗ്യകരമായ സോവിയറ്റ്വിരുദ്ധരചന എന്ന പറഞ്ഞ് നിരസിച്ചതിനുപിന്നിൽ സ്മോളറ്റ് ആയിരുന്നുവെന്ന് കരുതപ്പെടുന്നു.[20]

പൊതുജീവിതത്തിലെ തർക്കങ്ങളിൽ ശക്തവും വ്യതിരിക്തവുമായ നിലപാടുകൾ കൈക്കോണ്ടതിനൊപ്പം തന്നെ രാഷ്ട്രനീതിയിലെ കോലാഹലങ്ങൾക്കിടയിൽ ജീവിതത്തിന്റേയും പ്രകൃതിയുടേയും സൗന്ദര്യം കാണാൻ കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓർവെൽ ബോധവാനായിരുന്നു. 1946-ൽ എഴുതിയ ചൊറിയൻ തവളയെക്കുറിച്ച് ചില ആലോചനകൾ (Some Thoughts on the Common Toad) എന്ന പ്രബന്ധം സമാപിക്കുന്നതിങ്ങനെയാണ്:‌

ഓർവെലിനെക്കുറിച്ചുള്ള ചില അഭിപ്രായങ്ങൾ

[തിരുത്തുക]

എഴുത്തിനായും, എന്താണ് എഴുതേണ്ടതെന്നതിനെക്കുറിച്ച് സമഗ്രമായ ഒരു ദർശനം ഉണ്ടാക്കിയെടുക്കാനും കഠിനമായി പ്രയത്നിച്ച ധീരനായിരുന്നു ഓർവെൽ. തന്റെ പശ്ചാത്തലത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സുഹൃത്തുക്കളെ അദ്ദേഹം വിശ്വാസത്തിലെടുത്തിരുന്നില്ല. ആശയങ്ങളുടേയും സാഹിത്യത്തിന്റേയും തലങ്ങളിൽ ഒതുങ്ങിനിന്ന അദ്ദേഹത്തിന്റെ തുറന്ന പ്രകൃതി, എഴുത്തിൽ മാത്രമാണ് പ്രകടമായത്. തന്റെ ചെറിയ സുഹൃദ്‌വലയത്തിലുള്ളവരെപ്പോലും അദ്ദേഹം പരസ്പരം അകറ്റിനിർത്തി. ഓരോ ആൾക്കും മറ്റാരെങ്കിലും അദ്ദേഹത്തിന്റെ പരിചയത്തിലുണ്ടെന്നറിയുമ്പോൾ അത്ഭുതമായിരുന്നു. വളരെ അടുത്തറിയാമായിരുന്ന സ്ത്രീകളുമായിപ്പോലും വൈകാരികമായ സ്വകാര്യങ്ങൾ പങ്കുവക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു. സ്വന്തം ചർമ്മത്തിനുള്ളിൽ സ്വസ്ഥനോ പൂർണ്ണമായും ഉൽഗ്രഥിതനോ ആയ മനുഷ്യനായിരുന്നില്ല അദ്ദേഹം. ബഹുമുഖവ്യക്തിത്വത്തിനുടമയായിരുന്ന ഓർവെലിന്റെ സ്വഭാവം അതിസങ്കീർണ്ണമായിരുന്നു.

ഓർവെലിന് തോറ്റുപോയവനായി അഭിനയിക്കുകയെന്നത്, ജയിക്കുന്നവർക്കുനേരേയുള്ള പ്രതികാരമെന്നതിന് പുറമേ, ഉപജാപങ്ങളും, ആർത്തിയും, തത്ത്വദീക്ഷയില്ലായ്മയും വഴി നേടുന്ന ജീർണ്ണതകലർന്നതും പൊതുവേ മാനിക്കപ്പെടുന്നതുമായ വിജയത്തിന്റെ തിരസ്കാരവും ആയിരുന്നു. അതോടൊപ്പം അത്, സ്വന്തം ഗർവിനേയും പുരോഗമനകാംക്ഷയേയും നിയന്ത്രണത്തിൽ നിർത്താൻ വേണ്ടിയുള്ള ഒരുതരം സ്വയം വിമർശനത്തിന്റേയും ഫലം ചെയ്തു.[21]

അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ജീവിതാനുഭവം ദീർഘകാലം ദാരിദ്ര്യവും തോൽവിയും അപമാനവും സഹിച്ച് ഒരെഴുത്തുകാരനായി മാറാൻ നടത്തിയ സമരമാണ്. അതിനെക്കുറിച്ച് തന്നെയായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടില്ല. വിയർപ്പും കഷ്ടതകളും ചേരികളിലെ ജീവിതത്തിലെന്നതിനേക്കാൾ അവിടത്തെ അനുഭങ്ങളെ സാഹിത്യമാക്കി മാറ്റാൻ പെടേണ്ടി വന്ന പാടിലായിരുന്നു.[22]

നുറുങ്ങുകൾ

[തിരുത്തുക]
 • ഓർവെലും അദ്ദേഹത്തിന്റെ ആദ്യ പ്രസാധകനായിരുന്ന വിക്തോർ ഗൊല്ലാങ്ക്സുമായുള്ള ബന്ധം ഊഷ്മളമല്ലായിരുന്നു. അവരുടെ ബന്ധത്തിലെ രണ്ട് സംഭവങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തേത്, വിഗൻ കടവിലേക്കുള്ള വഴിക്ക് ക്ഷമാപണസ്വരത്തിൽ പ്രസാധകൻ എഴുതിച്ചേർ‍ത്ത മുഖവുരയെ ഓർവെൽ എതിർക്കാതിരുന്നതാണ്. രണ്ടാമത്തേത്, ഓർവെൽ അഭ്യർത്ഥിച്ചതനുസരിച്ച്, മറ്റൊരു പ്രസാധകൻ മുഖേന കഥാരചനകൾ പ്രസിദ്ധീകരിക്കാൻ കഴിയത്തക്കവണ്ണം, താനുമായുണ്ടായിരുന്ന കരാറിൽ നിന്ന് അയാൾ ഓർവെലിനെ മുക്തനാക്കിയതാണ്. ആനിമൽ ഫാം പ്രസിദ്ധീകരിക്കാൻ ഗൊല്ലാങ്ക്സ് വിസമ്മതിച്ചത്, അതിന്റെ പ്രസിദ്ധീകരണത്തെ കാര്യമായി താമസിപ്പിച്ചു. സോവിയറ്റ് പക്ഷപാതിയായിരുന്ന ഗൊല്ലാങ്ക്സിന് ഓർവെലിന്റെ കഥാരചനകളിൽ താത്പര്യമില്ലായിരുന്നു. ആനിമൽ ഫാം രാഷ്ട്രീയ ദൃഷ്ടിയിൽ ചൂടൻ പുസ്തകമാണെന്ന് അദ്ദേഹത്തിന് തോന്നി.
 • ഓർവെൽ, തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗവും, ബ്രിട്ടീഷ് പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് എന്ന പേരിലറിയപ്പെട്ട രഹസ്യാന്വേഷണ വിഭാഗത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. 'ബൊഹീമിയൻ' ശൈലിയിൽ വസ്ത്രധാരണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പ്രവണത കമ്മ്യൂണിസ്റ്റ് ചായ്‌വ് സൂചിപ്പിക്കുന്നുവെന്ന് ഒരന്വേഷകൻ കണ്ടെത്തിയതായി ബ്രിട്ടണിലെ നാഷനൽ ആർക്കൈവ്സ് പിന്നീട് പരസ്യപ്പെടുത്തിയ രേഖകളിൽ കാണുന്നു. "ഈ മനുഷ്യൻ കടുത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വച്ചുപുലർത്തുന്നവനാണ്. കമ്മ്യൂണിസ്റ്റ് സമ്മേളനങ്ങളിൽ ഇയാളെ കണ്ടതായി അയാളുടെ പല ഇന്ത്യൻ സുഹൃത്തുക്കളും പറയുന്നു. ജോലിസ്ഥലത്തും വിനോദവേളകളിലും ഇയാൾ 'ബൊഹീമിയൻ' ശൈലിയിൽ വേഷം ധരിക്കുന്നു" എന്നൊക്കെയായിരുന്നു 'കണ്ടെത്തൽ'. അതേസമയം ഓർവെലിന് ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമായ എം.ഐ.5-മായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം അതിൽ ജോലി ചെയ്തിരുന്നുവെന്നും പറയുന്നവരുമുണ്ട്.[23] ഈ അവകാശവാദത്തിന്റെ തെളിവുകൾ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ വിമത കമ്മ്യൂണിസ്റ്റ് വിഭാഗങ്ങളുമായി പുലർത്തിയ ബന്ധം മൂലം ഓർവെൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു എന്നും പറയപ്പെടുന്നു.
 • സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ഓർവെലിനൊപ്പം പങ്കെടുത്ത ബോബ് എഡ്‌വേർഡ് പറയുന്നത് ഓർവെലിന് എലികളെ വല്ലാതെ ഭയമായിരുന്നു എന്നാണ്. രാത്രിയിൽ പോരാളികളുടെ ഷൂ പോലും കരണ്ടു നിന്നുമായിരുന്ന എലികളെ സഹിക്കാനാവാതെ, ഒരിക്കൽ ഓർവെൽ അവയ്ക്കുനേരെ നിറയൊഴിക്കുക പോലും ചെയ്തത്രെ.
 • ഞായറാഴ്ചകളിൽ ഓർവെലിനിഷ്ടം പൊരിച്ച മാട്ടിറച്ചിയും രസമൂറി നിൽക്കുന്ന യോർക്ക്‌ഷയർ പുഡ്ഡിങ്ങും ആയിരുന്നു. ചായയും ചുരുട്ടും കടുപ്പത്തിലായിരുന്നു വേണ്ടിയിരുന്നത്. ഏടുത്തുപൊക്കാൻ രണ്ടു കയ്യും വേണ്ടിയിരുന്ന ഒരു കൂറ്റൻ ചായപ്പാത്രത്തിൽ പന്ത്രണ്ട് സ്പൂൺ വരെ തേയില ഇട്ടായിരുന്നു ചായ.[24]

ഓർവെലിന്റെ രചനകൾ

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]
 • ഡൌൺ ആന്റ് ഔട്ട് ഇൻ പാരിസ് ആന്റ് ലണ്ടൻ (1933) -[2]
 • ബർമ്മീസ് ദിനങ്ങൾ (1934) — [3]
 • പാതിരിയുടെ മകൾ (1935) — [4]
 • അസ്പിദിസ്ട്രാ ജയിക്കട്ടെ(1936) — [5]
 • വിഗൻ കടവിലേക്കുള്ള വഴി (1937) - [6]
 • കറ്റലോണിയയ്ക്ക് സ്മരജ്ജഞ്ജലി (1938) — [7]
 • വായുവിനായി മുകളിലേക്ക് (1939) — [8]
 • ആനിമൽ ഫാം (1945) — [9]
 • 1984 (1949) - [10]

പ്രബന്ധങ്ങൾ

[തിരുത്തുക]

Penguin Books George Orwell: Essays, with an Introduction by Bernard Crick

 • The Spike (1931) — [11] Archived 2008-06-18 at the Wayback Machine.
 • ഒരു കോപ്പ നല്ല ചായ (1946) — [12] Archived 2006-04-11 at the Wayback Machine.
 • ഒരു തൂക്കിക്കൊല (1931) — [13]
 • ഷൂട്ടിങ്ങ് ആൻ എലിഫന്റ് (1936) — [14]
 • ചാൾസ് ഡിക്കൻസ് (1939) — [15]
 • Boys' Weeklies (1940) — [16]
 • തിമിംഗിലത്തിനുള്ളിൽ (1940) — [17]
 • ആനയും ഒറ്റക്കൊമ്പനും (1941) — [18]
 • വെൽസും ഹിറ്റ്ലറും ലോകരഷ്ട്രവും (1941) — [19]
 • ഡൊണാൾഡ് മാക്ഗില്ലിന്റെ കല (1941) — [20]
 • സ്പെയിനിലെ യുദ്ധത്തിലേക്കൊരു തിരിഞ്ഞു നോട്ടം (1943) — [21]
 • ഡബ്ലിയൂ.ബി. യീറ്റ്സ് (1943) — [22]
 • പുരോഹിതന്മാരുടെ പ്രയോജനം: സാൽവദോർ ദാലിയെക്കുറിച്ച് ചില കുറിപ്പുകൾ (1944) — [23]
 • ആർതർ കൊസ്ലർ (1944) — [24]
 • ദേശീയതയെക്കറിച്ച് ചില കുറിപ്പുകൾ (1945) — [25]
 • പാവങ്ങൾ എങ്ങനെ മരിക്കുന്നു (1946) — [26]
 • രാഷ്ട്രീയവും സാഹിത്യവും: ഗള്ളിവേഴ്സ് ട്രാവൽസിന്റെ ഒരു പഠനം (1946) — [27]
 • രാഷ്ട്രീയവും ഇംഗ്ലീഷ് ഭാഷയും (1946) — [28]
 • ജെയിംസ് ബൺഹാമിനെക്കുറിച്ച് പുനർചിന്ത (1946) — [29]
 • ഇംഗ്ലീഷ് കൊലപാതകത്തിന്റെ അധഃപതനം (1946) — [30]
 • ചൊറിയൻ തവളയെക്കുറിച്ച് ചില ആലോചനകൾ (1946) — [31]
 • ബ്രേയിലെ വികാരിയെക്കുറിച്ച് ഒരു നല്ല വാക്ക് (1946) — [32]
 • പി.ജി. വോഡ്‌ഹൗസിന്റെ പക്ഷം (1946) — [33]
 • ഞാൻ എന്തിന് എഴുതുന്നു (1946) — [34]
 • സാഹിത്യത്തെ എങ്ങനെ തടയാം (1946) — [35]
 • അതൊക്കെയായിരുന്നു അന്നത്തെ സന്തോഷങ്ങൾ (1946) — [36]
 • ലിയർ രാജാവും, ടോൾസ്റ്റോയിയും വിദൂഷകനും (1947) — [37]
 • ഗാന്ധിയെക്കുറിച്ച് ചില ചിന്തകൾ (1949) — [38]
 • പുസ്തകക്കടയുടെ സ്മരണകൾ (1936) — [39]
 • വെള്ളത്തിനടിയിലെ നിലാവ് (1946) — [40] Archived 2007-06-26 at the Wayback Machine.
 • റുഡ്യാർഡ് കിപ്ലിങ്ങ് (1942) — [41]
 • Raffles and Miss Blandish (1944) — [42]

കവിതകൾ

[തിരുത്തുക]
 • Romance
 • A Little Poem
 • Awake! Young Men of England
 • Kitchener
 • Our Minds are Married, But we are Too Young
 • The Pagan
 • The Lesser Evil
 • Poem from Burma

കുറിപ്പുകൾ

[തിരുത്തുക]

^ 1946-ൽ ഞാൻ എന്തിന് എഴുതുന്നു (Why I write?) എന്ന പേരിൽ രചിച്ച പ്രബന്ധത്തിൽ ഓർവെൽ, ആറോ ഏഴോ വയസ്സുള്ളപ്പോൾ തന്നെ, വലുതാകുമ്പോൾ താൻ ഒരു എഴുത്തുകാരനാകും എന്ന് അറിയാമായിരുന്നു എന്ന് പറയുന്നുണ്ട്. പതിനേഴാമത്തേയും ഇരുപത്തിനാലാമത്തേയും വയസ്സുകൾക്കിടക്ക് ഈ പരിപാടി ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും അങ്ങനെ ചെയ്യുന്നത് തന്റെ സ്വത്വത്തോട് കാട്ടുന്ന ക്രൂരതയാണെന്നും ഇന്നല്ലെങ്കിൽ നാളെ ലക്ഷ്യബോധം വീണ്ടെടുത്ത് പുസ്തകങ്ങൾ എഴുതി തുടങ്ങേണ്ടി വരുമെന്ന് അപ്പോഴും ബോദ്ധ്യമുണ്ടായിരുന്നു എന്നും കൂടി അദ്ദേഹം പറയുന്നു.

അവലംബം

[തിരുത്തുക]
 1. "George Orwell". The Orwell Reader. Archived from the original on 2007-02-07. Retrieved 2007-08-26.
 2. "George Orwell". History Guide. Retrieved 2007-08-26.
 3. Michael O'Connor (2003). Review of Gordon Bowker's "Inside George Orwell".
 4. "Moving Up With George Orwell". New York Times. January 22, 1950, Sunday. Despite ill health, politics, and war, all of which combined to hamper, and at times paralyze, his work, George Orwell, at 47, has come a long way. Born in Bengal, of an Anglo-Indian family, he served with the Indian Imperial police in Burma between 1922 and 1927. {{cite news}}: |access-date= requires |url= (help); Check date values in: |date= (help); Cite has empty unknown parameter: |coauthors= (help)
 5. 5.0 5.1 Jacintha Buddicom Eric and Us Frewin 1974.
 6. Cyril Connolly Enemies of Promise 1938 ISBN0-233-97936-0
 7. Ruth Peter, BBC Iverseas Service broadcast, 3 January, 1956
 8. Orwell, Sonia and Angus, Ian (eds.)Orwell: An Age Like This, letters 31 and 33 (New York: Harcourt, Brace & World)
 9. Letter of Philip Mairet to Ian Angus, 9 January 1964
 10. (1984) Crick, Bernard. "Introduction to George Orwell", Nineteen Eighty-Three (Oxford: Clarendon Press).
 11. Barnhill is located at 56° 06' 39" N 5° 41' 30" W (British national grid reference system NR705970)
 12. "George Orwell's Widow; Edited Husband's Works". Associated Press. December 12, 1980, Friday. London, Friday, December 12 (Associated Press) Sonia Orwell, widow of the writer George Orwell, died here yesterday, The Times of London reported today. The newspaper gave no details. {{cite news}}: |access-date= requires |url= (help); Check date values in: |date= (help); Cite has empty unknown parameter: |coauthors= (help)
 13. George Orwell: A Life, Bernard Crick, p.480
 14. "George Orwell, Author, 46, Dead. British Writer, Acclaimed for His '1984' and 'Animal Farm,' is Victim of Tuberculosis. Two Novels Popular Here Distaste for Imperialism". New York Times. January 22, 1950, Sunday. London, January 21, 1950. George Orwell, noted British novelist, died of tuberculosis in a hospital here today at the age of 46. {{cite news}}: |access-date= requires |url= (help); Check date values in: |date= (help); Cite has empty unknown parameter: |coauthors= (help)
 15. Letter to Gleb Struve, 17 February 1944, Orwell: Essays, Journalism and Letters Vol 3, ed Sonia Brownell and Ian Angus
 16. Malcolm Muggeridge: Introduction
 17. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-11. Retrieved 2008-07-22.
 18. George Orwell: Rudyard Kipling
 19. "George Orwell, "Politics and the English Language," 1946". Archived from the original on 2010-07-15. Retrieved 2008-07-22.
 20. Timothy Garton Ash: "Orwell's List" in "The New York Review of Books", Number 14, 25 September 2003
 21. Michael Shelden Orwell: The Authorised Biography Heinnemann 1991
 22. T.R. Fyvel, A Case for George Orwell?, Twentieth Century, September 1956, pp.257-8
 23. "Orwell and the secret state: close encounters of a strange kind?" Archived 2007-03-01 at the Wayback Machine., by Richard Keeble, Media Lens, Monday, October 10, 2005.
 24. George Orwell: A Life, Bernard Crick, p.502
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഓർവെൽ&oldid=3834833" എന്ന താളിൽനിന്ന് ശേഖരിച്ചത്