Jump to content

കെ. വീരമണി (ഗായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ് ഭക്തിഗാനങ്ങളുടെ ആലാപനത്തിലൂടെയും പിന്നണിഗാനങ്ങളിലൂടെയും പ്രസിദ്ധനായ ഗായകനായിരുന്നു കെ.വീരമണി.(ജ: 1936-മ:1990 ഒക്ടോ: 29)[1] [2] ചെന്നൈ സ്വദേശിയായ വീരമണി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സഹോദരനായ കെ. സോമുവുമൊത്ത് രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത വീരമണിയുടെ നിരവധി ആൽബങ്ങൾ ജനപ്രീതിയാർജ്ജിച്ചു. 1952 മുതൽ 1970 വരെയുള്ള കാലയളവിൽ അഞ്ഞൂറിലധികം നാടകങ്ങളിലെ ഗാനങ്ങൾക്കും വീരമണിയും സഹോദരനും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. വീരമണി-സോമു എന്ന പേരിലാണ് ഇവർ ഗാനങ്ങൾ സൃഷ്ടിച്ചിരുന്നത്. പള്ളിക്കെട്ട് ശബരിമലൈക്ക്, മാമലൈ ശബരിയിലെ, ഭഗവാൻ ശരണം ഭഗവതി ശരണം തുടങ്ങിയ പ്രസിദ്ധ അയ്യപ്പഭക്തിഗാനങ്ങൾ അദ്ദേഹം പാടിയതാണ്.

ജീവിതരേഖ

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]

1936-ൽ ചെന്നൈയ്ക്കടുത്തുള്ള തിരുവള്ളിക്കേണിയിലാണ് വീരമണി ജനിച്ചത്. എം.കെ കൃഷ്ണകുഞ്ജരം അയ്യരും ഭാഗീരഥി അമ്മാളുമായിരുന്നു മാതാപിതാക്കൾ. പ്രസിദ്ധ കർണാടക സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന കോടീശ്വരയ്യരുടെ പേരമകനും അനശ്വരകവി കവി കുഞ്ജരഭാരതിയുടെ പ്രപൗത്രനുമായിരുന്നു അദ്ദേഹം. ജ്യേഷ്ഠനായിരുന്ന സോമുവിനൊപ്പം ചെറുപ്പത്തിലേ അദ്ദേഹം സംഗീതം അഭ്യസിച്ചു. അമ്മാവനായിരുന്ന നാഗമണി അയ്യരായിരുന്നു ആദ്യഗുരു. പിന്നീട് ശീർകാഴി സദാശിവം പിള്ളയുടെ കീഴിലും ഇരുവരും സംഗീതം അഭ്യസിച്ചു. 1952-ലാണ് ഇരുവരും സംഗീതലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. മെർക്കന്റൈൽ ബാങ്ക് ജീവനക്കാരുടെ നാടകട്രൂപ്പ് നിർമ്മിച്ച കാതലർ കൺകൾ എന്ന നാടകത്തിനുവേണ്ടിയാണ് ഇവർ ആദ്യം പ്രവർത്തിച്ചത്. സോമു ഗാനരചനയിലും വീരമണി സംഗീതസംവിധാനത്തിലും ശ്രദ്ധേയനായി. പിന്നീട് യൂണിവേഴ്സൽ എയർഹോസ്റ്റസ് അക്കാഡമി നിർമ്മിച്ച ഫാബുലസ് ഫൂൾ എന്ന നാടകത്തിലും ഇരുവരും ഒരുമിച്ചിരുന്നു. സർവ്വശക്തിവിനായകനേ ശരണം എന്ന അക്കാഡമിയുടെ പ്രാർത്ഥനാഗീതവും ഇവരുടെ സൃഷ്ടിയാണ്. 1952 മുതൽ 1970 വരെയുള്ള കാലയളവിൽ അഞ്ഞൂറിലധികം നാടകങ്ങളിലെ ഗാനങ്ങൾക്കും വീരമണിയും സഹോദരനും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തഞ്ചൈ ബാലുവായിരുന്നു നാടകസംഗീതത്തിൽ ഇവരുടെ ഗുരുനാഥൻ.

1960-ലാണ് ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. ചെന്നൈയിൽ തന്നെയുണ്ടായിരുന്ന ഹരിഹരൻ എന്ന ഗുരുസ്വാമി നടത്തിയിരുന്ന മണികണ്ഠ ഭക്തസമിതി എന്ന സംഗീതട്രൂപ്പിൽ സോമു ചേരുകയും തുടർന്ന് അദ്ദേഹം ഭക്തിഗാനങ്ങളിൽ ശ്രദ്ധേ കേന്ദ്രീകരിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഇക്കാലത്ത് പലതവണ അദ്ദേഹം ശബരിമല ദർശനം നടത്തുകയും അയ്യപ്പനെ സ്തുതിച്ച് നിരവധി ഭക്തിഗാനങ്ങൾ എഴുതുകയും ചെയ്തു. ഇതേ സമയം വീരമണി ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധപതിപ്പിച്ചു. എം.എസ്. വിശ്വനാഥന്റെ സംഗീതട്രൂപ്പിലെ ഒരു അംഗമായി വീരമണി മാറി. 1965-ൽ നടന്ന ഒരു സംഗീതപരിപാടിയിൽ നേരത്തേ പാടാൻ നിശ്ചയിച്ചിരുന്ന ടി.എം. സൗന്ദരരാജന് ചില പ്രത്യേക കാരണങ്ങൾ കൊണ്ട് എത്തിച്ചേരാൻ കഴിയാതായപ്പോൾ പകരക്കാരനായി വീരമണി കടന്നുവരികയായിരുന്നു. അദ്ദേഹത്തിന്റെ ആലാപനം തമിഴ് സിനിമയിലെ മെഗാസ്റ്റാറായിരുന്ന എം.ജി.ആറിന്റെ ശ്രദ്ധയാകർഷിച്ചു. തുടർന്ന് ആയിരത്തിൽ ഒരുവൻ, ഭാരത വിലാസ്, തണ്ണി കുടിത്തണം, രാധാതിലകം, കാതലർ അലങ്കാരം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ആലപിച്ചു.

ഭക്തിഗാനലോകത്തേയ്ക്ക്

[തിരുത്തുക]

ജ്യേഷ്ഠന്റെ വഴി പിന്തുടർന്ന് വീരമണിയും ഭക്തിഗാനലോകത്തേയ്ക്ക് ചുവടുവച്ചു. തമിഴ് സിനിമയിലെ രാജവില്ലനും തികഞ്ഞ അയ്യപ്പഭക്തനുമായിരുന്ന എം.എൻ. നമ്പ്യാർ ഗുരുസ്വാമിയുടെ സംഘത്തിൽ ചേർന്ന വീരമണി, 1971 മുതൽ അദ്ദേഹത്തോടൊപ്പം ശബരിമല ദർശനം നടത്തിവന്നു. 1971-ൽ തന്നെ ആയുധപൂജാദിവസം എ.വി.എം.സ്റ്റുഡിയോ ഉടമസ്ഥൻ എ.വി. മെയ്യപ്പ ചെട്ടിയാർ വീരമണിയും സോമുവും രാധ-ജയലക്ഷ്മി ടീമിലെ രാധയും ചേർന്ന് ആലപിയ്ക്കുന്നത് ശ്രദ്ധിയ്ക്കുകയും സരസ്വതി സ്റ്റോർസ് മാനേജറായിരുന്ന കണ്ണനോട് അവരെ പ്രോത്സാഹിപ്പിയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഭക്തിഗാനരംഗത്തെ ഒരു സുവർണ്ണകാലത്തിന്റെ തുടക്കമായിരുന്നു അത്.

1972-ൽ എച്ച്.എം.വി. ഇറക്കിയ എൽ.പി. റെക്കോർഡുകളിലാണ് പ്രസിദ്ധങ്ങളായ ആ അയ്യപ്പഭക്തിഗാനങ്ങൾ പിറവിയെടുത്തത്. പള്ളിക്കെട്ട് ശബരിമലൈക്ക്, മാമലൈ ശബരിയിലെ, ഭഗവാൻ ശരണം ഭഗവതി ശരണം തുടങ്ങി ആൽബത്തിലെ പത്തുഗാനങ്ങളും സൂപ്പർഹിറ്റുകളായി. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും ഈ ഗാനങ്ങൾ ശ്രദ്ധിയ്ക്കപ്പെട്ടു. സോമു രചനയും സംഗീതവും നിർവ്വഹിച്ച ഗാനങ്ങൾ വീരമണിയാണ് ആലപിച്ചത്. ഹാർമോണിയം പോലും വായിയ്ക്കാനറിയാത്ത താൻ ഒരു മനക്കണക്കിൽ എല്ലാം ചിട്ടപ്പെടുത്തുകയായിരുന്നെന്നും വീരമണിയുടെയും വയലിനിസ്റ്റ് ഗജയുടെയും സഹായമാണ് തനിയ്ക്കുണ്ടായിരുന്നതെന്നും സോമു പിന്നീട് ഓർത്തെടുത്തു. എൽ.പി. റെക്കോർഡുകൾ മാറി കാസറ്റുകളും പിന്നീട് സി.ഡി.കളും ഒടുവിൽ യൂട്യൂബുമൊക്കെ നിലവിൽ വന്നിട്ടും ഈ ഗാനങ്ങൾ ശ്രദ്ധേയമായി നിൽക്കുന്നു. സോമുവിന്റെ മകനും ഗായകനുമായ വീരമണി രാജുവും വീരമണിയുടെ മകൻ വീരമണി കണ്ണനും നടത്തുന്ന ഗാനമേളകളിലെ പ്രധാന ഗാനങ്ങൾ ഇവയാണ്.

പള്ളിക്കെട്ട് ശബരിമലൈക്ക് ശേഷം നിരവധി ഹിറ്റ് ആൽബങ്ങൾ ഇരുവരും ചേർന്നുണ്ടാക്കിയിട്ടുണ്ട്. തുളസിമണിമാലൈ, പമ്പൈ ബാലകനേ, അയ്യപ്പൻ അരുൾ, അയ്യപ്പൻ പടിപ്പാട്ട് തുടങ്ങിയവ അവയിൽ പ്രധാനമാണ്. അയ്യപ്പനെക്കൂടാതെ ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, ദേവി, വെങ്കടേശ്വരൻ തുടങ്ങിയ മൂർത്തികളെക്കുറിച്ചും ഇരുവരും ഗാനങ്ങൾ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. 1987-ൽ ആണ്ടാൾ തിരുപ്പാവൈയ്ക്ക് ഇരുവരും ചേർന്നുനൽകിയ സംഗീതാവിഷ്കാരം പ്രസിദ്ധമാണ്. സ്വയം ആലപിച്ച ഗാനങ്ങൾ കൂടാതെ മറ്റുള്ള ഗായകരെക്കൊണ്ട് പാടിച്ചും ഇവർ ആൽബങ്ങൾ ഇറക്കിയിട്ടുണ്ട്. കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, പി. സുശീല, എസ്. ജാനകി, വാണി ജയറാം തുടങ്ങി നിരവധി ഗായകർ ഇവരുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇതിനിടയിലും വീരമണിയും സോമുവും ചേർന്ന് കച്ചേരികൾ അവതരിപ്പിച്ചുപോന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ കൂടാതെ മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇവർ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

അവസാനകാലത്ത് ഗുരുതരമായ രക്താർബുദം ബാധിച്ച് അവശനായിരുന്ന വീരമണി അപ്പോഴും സംഗീതപരിപാടികൾ നടത്തിപ്പോന്നു. രോഗം അതിന്റെ മൂർദ്ധ്യനത്തിലെത്തിനിൽക്കുന്ന സമയത്ത് ഒരു കച്ചേരി നടത്തണമെന്ന് അദ്ദേഹത്തിന് ഒരു ആഗ്രഹമുണ്ടായി. അങ്ങനെ, 1990 സെപ്റ്റംബർ 25-ന് മധുര മീനാക്ഷി ക്ഷേത്രത്തിൽ വച്ച് അദ്ദേഹം തന്റെ അവസാന കച്ചേരി നടത്തി. ഈ കച്ചേരിയ്ക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാകുകയും ആ വർഷം ഒക്ടോബർ 29-ന് അദ്ദേഹം അന്തരിയ്ക്കുകയും ചെയ്തു. മരണസമയത്ത് 54 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

വീരമണിയുടെ മരണത്തിനുശേഷം സംഗീതലോകത്തുനിന്ന് വിട്ടുനിന്ന സോമു, പിന്നീട് വാണി ജയറാമിന്റെ നിർബന്ധപ്രകാരം സംഗീതലോകത്തേയ്ക്ക് തിരിച്ചുവരികയായിരുന്നു. ഒരു ദേവീഭക്തിഗാന ആൽബത്തിനാണ് അദ്ദേഹം രചനയും സംഗീതവും നിർവ്വഹിച്ചത്. ഇതിനിടയിൽ അനുജന്റെ ഓർമ്മയിൽ സോമു ബോധംകെട്ടുവീണ സാഹചര്യവുമുണ്ടായി. പിന്നെയും നിരവധി ആൽബങ്ങൾക്ക് സോമു രചനയും സംഗീതവും നിർവ്വഹിച്ചിട്ടുണ്ട്. അനുജൻ മരിച്ചശേഷവും വീരമണി-സോമു എന്ന പേരിൽ തന്നെയാണ് അദ്ദേഹം സംഗീതജീവിതം തുടർന്നുവരുന്നത്. ഇവരുടെ സംഗീതപാരമ്പര്യം, സോമുവിന്റെ മകനും ഗായകനും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ വീരമണി രാജുവിലൂടെയും വീരമണിയുടെ മകനായ വീരമണി കണ്ണനിലൂടെയും തുടർന്നുവരുന്നു.

പ്രധാന ബഹുമതികൾ

[തിരുത്തുക]
  • അരുൾ ഇശൈ മാമണി.(1974)
  • ഭക്തി ഇശൈ മാമണികൾ (സോമുവിനും കൂടി സമ്മാനിക്കപ്പെട്ടത്) 1974.[3]
  • കലൈമാമണി (1987)

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ._വീരമണി_(ഗായകൻ)&oldid=3454167" എന്ന താളിൽനിന്ന് ശേഖരിച്ചത്