Jump to content

വെങ്കടേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ വെങ്കടേശ്വരൻ , ബാലാജി
Maha Vishnu
ദേവനാഗിരിवेङ्कटेश्वर
സംസ്കൃതംVeṅkaṭēśvara
തെലുങ്ക്వేంకటేశ్వర
പദവിആദിനാരായണൻ(പരബ്രഹ്മം)
നിവാസംവൈകുണ്ഠം, തിരുമല
മന്ത്രംഓം നമോ വെങ്കടേശായ, ഓം നമോ നാരായണായ
ആയുധങ്ങൾപാഞ്ചജന്യം (ശംഖ്), സുദർശന ചക്രം
പ്രതീകംഗോപിക്കുറി
ജീവിത പങ്കാളിമഹാലക്ഷ്‌മി, പദ്മാവതി, ഭൂമീദേവി
വാഹനംഗരുഡൻ
തെക്കേ ഇന്ത്യ

പ്രധാനമായും തെക്കേ ഇന്ത്യയിൽ ആരാധിയ്ക്കപ്പെട്ടുവരുന്ന മഹാവിഷ്ണുഭഗവാന്റെ ഒരു വകഭേദമാണ് വെങ്കടേശ്വരൻ (തെലുങ്ക്: వెంకటేశ్వరుడు, തമിഴ്: வெங்கடேஸ்வரர், കന്നഡ: ವೆಂಕಟೇಶ್ವರ, സംസ്കൃതം: वेङ्कटेश्वरः). ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ, വെങ്കടരമണൻ, വെങ്കടാചലപതി, തിരുപ്പതി തിമ്മപ്പ, യെടുകൊണ്ടലവാടാ, ആപദമ്രോക്കുലവാടാ എന്നീ പേരുകളിലും അദ്ദേഹം പ്രസിദ്ധനാണ്. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രമാണ് അദ്ദേഹത്തിന്റെ പ്രധാന ക്ഷേത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രവും ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ക്ഷേത്രവുമാണിത്. കൂടാതെ ഇന്ത്യയ്ക്കത്തും പുറത്തുമായി വേറെയും ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. ആന്ധ്രാപ്രദേശ്, തെലംഗാണ, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ഭക്തരും തിരുമലയിലെത്തുന്നത്. മലയാളികൾ ഈ പ്രതിഷ്ഠയുടെ പേര് 'വെങ്കിടേശ്വരൻ' എന്ന് തെറ്റായി ഉച്ചരിച്ചുവരുന്നുണ്ട്.

ഗ്രാനൈറ്റിൽ തീർത്ത വിഗ്രഹമാണ് വെങ്കടേശ്വരഭഗവാന്റേത്. എട്ടടിയോളം ഉയരം വരുന്ന വിഗ്രഹം സ്വയംഭൂവാണ്. വിഗ്രഹത്തിന് നാലുകൈകളുണ്ട്. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും കാണാം. മുന്നിലെ വലതുകൈ അഭയഹസ്തമാണ്. മുന്നിലെ ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. ഭഗവാന്റെ നെഞ്ചിന്റെ ഇരുവശത്തുമായി ശ്രീദേവിയും ഭൂമീദേവിയും കുടികൊള്ളുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളിലേതുപോലെ നിൽക്കുന്ന രൂപത്തിലാണ് വെങ്കടേശ്വരന്റെ വിഗ്രഹവും. ആടയാഭരണങ്ങളൊക്കെ ചാർത്തിക്കാണുമ്പോൾ വിഗ്രഹത്തിനുണ്ടാകുന്ന ഭംഗി അവർണ്ണനീയമാണ്. അത്യുഗ്രമൂർത്തിയാണ് വെങ്കടേശ്വരൻ എന്നാണ് വിശ്വാസം. അതിനാൽ വിഗ്രഹത്തിൽ ചാർത്തുന്ന നാമം (ഗോപിക്കുറി) കണ്ണുകൾ മറച്ചുനിൽക്കുന്ന രൂപത്തിലാണ് കാണിയ്ക്കാറുള്ളത്. കിഴക്കോട്ട് ദർശനം നൽകിയാണ് തിരുമലയിലെ വിഗ്രഹപ്രതിഷ്ഠ. അതേസമയം, ഈ മൂർത്തിയെക്കുറിച്ച് വേറെയും ചില അഭിപ്രായങ്ങളുണ്ട്. വെങ്കടേശ്വരൻ വാസ്തവത്തിൽ ജൈന തീർത്ഥങ്കരനായ നേമിനാഥനാണെന്നും, അതല്ല ശിവനാണെന്നും ഭഗവതിയാണെന്നും സുബ്രഹ്മണ്യനാണെന്നും ശങ്കരനാരായണനാണെന്നുമൊക്കെ അഭിപ്രായങ്ങൾ ഉയർന്നുവരാറുണ്ട്. വിഗ്രഹം സ്വയംഭൂവായതിനാൽ, തിരിച്ചറിയപ്പെടാത്ത മൂർത്തിയായി കുറേക്കാലം കണ്ടുവന്നിരുന്നുവെന്നും വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ പിതാവായ രാമാനുജാചാര്യരാണ് വിഷ്ണുവായി പ്രതിഷ്ഠയെ കാണാൻ തുടങ്ങിയതെന്നും പറയപ്പെടുന്നു. എന്നാൽ, ഇന്നും ചില വിശേഷദിവസങ്ങളിൽ ഭഗവാനെ ഭഗവതിയായും ശിവനായുമൊക്കെ സങ്കല്പിച്ച് പൂജകളുണ്ട്. തന്മൂലം ശൈവരും ഈ മൂർത്തിയെ പ്രാധാന്യത്തോടെ കണ്ടുവരുന്നു. മറ്റൊരു വൈഷ്ണവമൂർത്തിയ്ക്കും ഇത്തരത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടാകില്ല.

ഐതിഹ്യം

[തിരുത്തുക]

പുരാണങ്ങളിൽ പലയിടത്തായി പരാമർശിച്ചിട്ടുള്ള ക്ഷേത്രമാണ് തിരുമല ക്ഷേത്രം. വെങ്കടേശ്വരക്ഷേത്രം വരും മുമ്പു തന്നെ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി കഥയുണ്ട്. വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊണ്ട ആ ക്ഷേത്രം ഇപ്പോഴുമുണ്ട്. ഐതിഹ്യമനുസരിച്ച്, ഹിരണ്യാക്ഷനെ നിഗ്രഹിച്ച ശേഷം വരാഹമൂർത്തി, തന്റെ വാഹനമായ ഗരുഡനെക്കൊണ്ട് തിരുമലയിൽ വരികയും, തുടർന്ന് അവിടെ സ്വാമി പുഷ്കരിണി എന്നുപേരുള്ള അതിവിശാലമായ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുകയും ചെയ്തു. പിന്നീട്, ഏറെക്കാലം കഴിഞ്ഞാണ് വെങ്കടേശ്വരസ്വാമി തിരുമലയിലെത്തിയത്. അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെ:

കലിയുഗാരംഭത്തിൽ, യജ്ഞങ്ങളനുഷ്ഠിച്ചുവന്ന ഋഷിമാർ ത്രിമൂർത്തികളിലാരെയാണ് അഗ്രപൂജയ്ക്ക് അർഹനാക്കേണ്ടതെന്ന കാര്യത്തിൽ നാരദമഹർഷിയോട് സംശയം ചോദിച്ചുവന്നു. ഇതറിയാനായി ദേവന്മാർ, ഭൃഗുമഹർഷിയെ പറഞ്ഞുവിട്ടു. കാലിൽ ഒരു കണ്ണുണ്ടായിരുന്ന ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിനെയും പിന്നീട് പരമശിവനെയും പോയിക്കണ്ടെങ്കിലും ഇരുവരും അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല.

തുടർന്ന്, മഹാവിഷ്ണുവിനെ കാണാൻ വൈകുണ്ഠത്തിലെത്തിയ മഹർഷി കണ്ടത് താൻ വന്നതറിഞ്ഞിട്ടും അറിയാത്തപോലെ പെരുമാറുന്ന ഭഗവാനെയാണ്. കോപിഷ്ഠനായ മഹർഷി ഭഗവാന്റെ നെഞ്ചത്ത് ഒരൊറ്റച്ചവിട്ട്! ഇതിനിടയിൽ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി. അപ്പോഴും ഒന്നും മിണ്ടാതിരുന്ന ഭഗവാൻ പിന്നീട് ഇതിൽ മാപ്പപേക്ഷിച്ചു. അങ്ങനെ ഭഗവാൻ ത്രിമൂർത്തികളിൽ ഉത്തമനാണെന്ന് മഹർഷിക്ക് ബോധ്യപ്പെട്ടു. എന്നാൽ, ഭൃഗു മഹർഷി ചവിട്ടിയ ഭാഗം ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗമായിരുന്നു. അവിടെയാണ്, ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്. ഇതിൽ കോപിച്ച ശ്രീ ഭഗവതി ഉടനെ വൈകുണ്ഠം ഉപേക്ഷിച്ച് പോകുകയും കോൽഹാപൂർ എന്ന സ്ഥലത്ത് ധ്യാനത്തിനിരിയ്ക്കുകയും ചെയ്തു. ഇപ്പോൾ, അവിടെ പ്രസിദ്ധമായ ഒരു മഹാലക്ഷ്മിക്ഷേത്രമുണ്ട്. (ഈ ക്ഷേത്രം മഹാരാഷ്ട്രയിലാണ്)

മഹാലക്ഷ്മിയെ കാണാതെ ഭൂമിയിലെത്തിയ നാരായണൻ, ശ്രീനിവാസൻ എന്ന പേരിൽ മാനവരൂപം സ്വീകരിച്ച് തിരുമലയിലെത്തി തപസ്സ് തുടങ്ങി. ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ബ്രഹ്മാവും ശിവനും ലക്ഷ്മീദേവിയെ സമീപിച്ചു വിവരങ്ങൾ അറിയിച്ചു. തുടർന്ന് ബ്രഹ്മാവും ശിവനും പശുക്കളുടെ രൂപം ധരിച്ച് ശ്രീനിവാസന് സേവനം ചെയ്യാൻ തയ്യാറായി. അക്കാലത്ത് ചോളസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു തിരുമല. അതിനാൽ, മഹാലക്ഷ്മി ഒരു യുവതിയുടെ വേഷത്തിലെത്തി ചോളരാജാവിന് പശുക്കളെ ദാനം ചെയ്തു. ഇവയിലെ വലിയ പശു നിത്യവും ശ്രീനിവാസന് പാൽ കൊടുക്കുമായിരുന്നു. ഇത് കാണാനിടയായ കറവക്കാരൻ, പശുവിനെ ക്രൂരമായി മർദ്ദിച്ചു. എന്നാൽ, അബദ്ധവശാൽ മുറിവുപറ്റിയത് ശ്രീനിവാസന്നായിരുന്നു. കുപിതനായ ശ്രീനിവാസൻ, കറവക്കാരനെയും ചോളരാജാവിനെയും അസുരന്മാരായിപ്പോകട്ടെ എന്ന് ശപിച്ചു. ദാസന്മാരുടെ പങ്ക് രാജാവും ഏൽക്കും എന്ന വിശ്വാസമാണത്രേ ഇതിനുപിന്നിൽ!

തുടർന്ന്, ശ്രീനിവാസൻ വളർത്തമ്മയായ വകുളാദേവിയുടെ അടുത്തുപോയി താമസിച്ചുവന്നു. ഇതിനിടയിൽ, ശാപവിമുക്തനായ ചോളരാജാവ്, ആകാശരാജാവായി പിറവിയെടുത്തു. അദ്ദേഹത്തിന്, പദ്മാവതി എന്ന പേരിൽ ഒരു പുത്രിയുണ്ടായി. വിഷ്ണുപദപ്രാപ്തിയ്ക്കായി തപസ്‌ ചെയ്ത, ലക്ഷ്മിയുടെ തന്നെ അവതാരമായ വേദവതിയുടെ പുനർജ്ജന്മമായിരുന്നു പദ്മാവതി. തിരുപ്പതിയ്ക്കടുത്തുള്ള തിരുച്ചാനൂരിലെ പദ്മപുഷ്കരിണിയിലായിരുന്നു പദ്മാവതിയുടെ ജനനം എന്നും അതാണ് പദ്മപുഷ്കരിണി പേരിനുപിന്നിൽ എന്നും പറയപ്പെടുന്നു.

ശ്രീനിവാസനുമായി പദ്മാവതിയുടെ വിവാഹം നടക്കുമെന്നും അത് മഹാഭാഗ്യമാണെന്നും നാരദമഹർഷി ആകാശരാജനെ അറിയിക്കുന്നു. ശ്രീനിവാസനും പദ്മാവതിയും തമ്മിൽ വിവാഹിതരായി. നാരായണവാരം എന്ന സ്ഥലത്തുവച്ചായിരുന്നത്രേ വിവാഹം. വിവാഹച്ചെലവുകൾക്ക് ആവശ്യമായ ധനം ശ്രീനിവാസൻ കുബേരനിൽ നിന്നും കടം വാങ്ങുന്നു. അങ്ങനെ ഭഗവാൻ സ്വയം കുബേരന് കടക്കാരനായി മാറുന്നു. സംഭവമറിഞ്ഞ മഹാലക്ഷ്മി തിരുമലയിലെത്തുന്നു. തന്റെ കടബാദ്ധ്യത വീട്ടാനായി കാണിക്കയർപ്പിക്കുന്ന ഭക്തർക്ക് ഐശ്വര്യവും അഭീഷ്ടസിദ്ധിയും നൽകി അനുഗ്രഹിക്കണമെന്ന് ഭഗവാൻ മഹാലക്ഷ്മിയോട് ആവശ്യപ്പെടുന്നു. അപ്പോൾ ഭഗവാൻ വിശ്വരൂപം പ്രാപിക്കുകയും സ്വയം ശിലയായി മാറുകയും ചെയ്തു! സംഭവം കണ്ട എല്ലാവരോടും കലിയുഗദുരിതങ്ങൾ തീർക്കാൻ ഭഗവാൻ വെങ്കിടാദ്രിയിൽ കുടികൊള്ളാൻ പോകുകയാണെന്ന് ബ്രഹ്മാവും പരമശിവനും പറയുകയുണ്ടായി. അപ്പോൾ ഇരുദേവിമാരും ഭഗവാനോടൊപ്പം ലയിച്ചു ചേർന്നു. മഹാലക്ഷ്മി നെഞ്ചിന്റെ ഇടതുഭാഗത്തും, പദ്മാവതി വലതുഭാഗത്തും കുടികൊണ്ടു. അങ്ങനെ ശ്രീദേവി ഭൂദേവി സമേതനായ മഹാവിഷ്ണു തിരുപ്പതിയിൽ സർവദുഃഖഹരനായി കുടികൊള്ളുന്നു. മഹാലക്ഷ്മിയാകട്ടെ ഭഗവദ്‌ ഭക്തർക്ക് അഷ്ട ഐശ്വര്യങ്ങൾ ചൊരിഞ്ഞു കൊണ്ട് ഭഗവാനോടൊപ്പം നിലകൊള്ളുന്നു.[1]

മറ്റുള്ള കഥകൾ

[തിരുത്തുക]

വിഷ്ണുരൂപം

[തിരുത്തുക]

തിരുപ്പതിയിലെ വിഗ്രഹം ഏറെക്കാലം ആരുടേതാണെന്ന സംശയം ഭക്തജനങ്ങൾക്കിടയിലുണ്ടായിരുന്നു. പലരും ശിവനാണെന്നും വിഷ്ണുവാണെന്നും ശങ്കരനാരായണനാണെന്നുമൊക്കെ വാദിച്ചിരുന്നു.

അന്നമാചാര്യരുടെ കഥ

[തിരുത്തുക]

ത്യാഗരാജസ്വാമികൾ തിരുമലയിൽ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Harrison, M.A. (1981-03-12). "Mirror fusion. Quarterly report, October-December 1980". {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=വെങ്കടേശ്വരൻ&oldid=3984930" എന്ന താളിൽനിന്ന് ശേഖരിച്ചത്