കുമ്പസാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലതുവശത്ത്, കുമ്പസാരത്തിനെത്തിയ പാപിയും പിന്നിൽ സാത്താനും, ഇടതുവശത്ത് പാപമോചനം കിട്ടിയ ആൾ മാലാഖക്കൊപ്പം - ഫ്രാൻസിസ്കോ നൊവെല്ലിയുടെ ചിത്രം, കാലം 1800-നടുത്ത്

റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തുടങ്ങിയ ക്രിസ്തീയവിഭാഗങ്ങളിൽ, വിശ്വാസികൾ പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഒരു മതകർമ്മമാണ് കുമ്പസാരം. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങൾ ഏറ്റുപറയുന്നതാണ് ഇതിൽ മുഖ്യമായുള്ളത്. കുറ്റവാളികൾ, നിയമപാലകരുടെ മുൻപിൽ നടത്തുന്ന കുറ്റസമ്മതവുമായി ഇതിന് സമാനതയുണ്ട്.[൧]പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള കുമ്പസാരക്കൂട്ടിലാണ് മിക്കപ്പോഴും ഈ ചടങ്ങ് നിർവഹിക്കപ്പെടാറുള്ളത്. കുമ്പസാരത്തെ അനുസ്മരിപ്പിക്കുന്ന അനുഷ്ഠാനങ്ങളും സങ്കല്പങ്ങളും ഇതരക്രിസ്തീയവിഭാഗങ്ങളിലും ക്രൈസ്തവേതരമതപാരമ്പര്യങ്ങളിലും കണ്ടെത്താനാകും.[1]

പേരിനു പിന്നിൽ[തിരുത്തുക]

പോർത്തുഗീസുകാരുടെ വരവിനു മുൻപ് കേരളത്തിലെ ക്രൈസ്തവർ കുമ്പസാരം എന്നതിന് സമാനമായി ഉപയോഗിച്ചിരുന്നത് പിഴമൂളൽ എന്ന മലയാളം പദമായിരുന്നു. പാശ്ചാത്യ കത്തോലിക്കാ മാതൃകയിലുള്ള ചെവിക്കുമ്പസാരവും കുമ്പസാരമെന്ന വാക്കും കേരളത്തിൽ നടപ്പായത് പോർത്തുഗീസുകാരുടെ വരവോടെയാണ്. ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളിൽ കൊടുത്തിട്ടുള്ള കൂദാശകളുടെ പേരുകളിൽ, പോർത്തുഗീസ് ഭാഷയെ ആശ്രയിക്കുന്ന പേര് കുമ്പസാരം മാത്രമാണ്.[2][൨] കുംസാർ എന്ന കൊങ്കിണി വാക്കിനെപ്പോലെ, കുമ്പസാരം എന്ന മലയാളം പദവും ഉണ്ടായത് കുംഫെസ്സാർ എന്ന (Confessar) പോർത്തുഗീസ് പദത്തിൽ നിന്നാണ് [3]

ചരിത്രം[തിരുത്തുക]

കുമ്പസാരം - പതിനെട്ടാം നൂറ്റാണ്ടിലെ വെനീസിയൻ ചിത്രകാരൻ പിയേട്രോ ലോംഗിയുടെ ചിത്രം

ക്രിസ്തുമതത്തിന്റെ ആദിമനൂറ്റാണ്ടുകളിൽ കുമ്പസാരം, വിരളമായും അസാധാരണമായ സാഹചര്യങ്ങളിൽ മാത്രവും നിർവഹിക്കപ്പെടുന്ന ഒരനുഷ്ഠാനമായിരുന്നു. മതത്യാഗം അഥവാ വിഗ്രഹാരാധന, കൊലപാതകം, വ്യഭിചാരം എന്നിങ്ങനെ ഗുരുതരമായ മൂന്നിനം പാപങ്ങൾ മാത്രം ആവശ്യപ്പെടുന്ന ഒരു പരിഹാരക്രിയയായിരുന്നു അപ്പോൾ അത്. മറ്റു പാപങ്ങളുടെ പൊറുതിയ്ക്ക് പരസ്പരമുള്ള ഒരുമപ്പെടലും, പ്രാർത്ഥനയും, സ്വകാര്യപ്രായശ്ചിത്തവും, സൽപ്രവൃത്തികളും മതിയായിരുന്നു. എന്നാൽ മേല്പറഞ്ഞ മൂന്നിനം പാപങ്ങൾ പരസ്യമായി ചെയ്ത് സമൂഹത്തിന് ദുർമാതൃകയായവർ, മെത്രാന്റെ മുന്നിൽ കുറ്റം ഏറ്റുപറയാൻ ബാദ്ധ്യസ്ഥരായിരുന്നു. തുടർന്ന്, 'അനുതാപി'-യുടെ മുദ്ര നൽകി മാറ്റിനിർത്തപ്പെടുന്ന ഇവർ, പാപപ്പൊറുതി ലഭിക്കും വരെ പരസ്യമായ പ്രായശ്ചിത്തപ്രവർത്തികളിൽ മുഴുകിയും ദിവ്യകാരുണ്യം നിഷേധിക്കപ്പെട്ടും കഴിഞ്ഞു. പാപമോചനം, ആണ്ടിലൊരിക്കൽ മാത്രം, പെസഹാവ്യാഴാഴ്ച ദിവസം പരസ്യമായി നൽകപ്പെട്ടു. പാപമോചനത്തിനു ശേഷവും അനുതാപിക്ക് നിർദ്ദിഷ്ടമായ പ്രായശ്ചിത്തപ്രവർത്തികൾ പരസ്യമായി നിർവഹിക്കേണ്ടിയിരുന്നു. സാധാരണഗതിയിൽ, ജീവിതത്തിൽ ഒരിക്കൽ മാത്രം അനുവദിക്കപ്പെടുന്ന അനുഷ്ഠാനമായിരുന്നു ഈവിധമുള്ള കുമ്പസാരം. അതിനു ശേഷം വീണ്ടും പാപത്തിൽ വീഴുന്നവരുടെ പശ്ചാത്താപം ആത്മാർത്ഥതയില്ലാത്തതായി വിലയിരുത്തപ്പെട്ടു.[4]

പൊതുവർഷം ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, പൗരസ്ത്യ-ഐറിഷ് സന്യാസപാരമ്പര്യങ്ങളുടെ സ്വാധീനത്തിൽ രഹസ്യപാപങ്ങൾ പോലും കുമ്പസാരിക്കുന്ന പതിവ് നിലവിൽ വന്നു. അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പൊൾത്തന്നെയും ലഭിച്ചു. ഒരു നിശ്ചിതദിവസം എന്നതിനു പകരം ആണ്ടുവട്ടം മുഴുവൻ ഈവിധം കുമ്പസാരവും പാപമോചനവും നടപ്പിലായി. അതോടെ, ജീവിതകാലത്ത് ഒട്ടേറെത്തവണ സ്വീകരിക്കാവുന്ന കൂദാശയായി കുമ്പസാരം രൂപാന്തരപ്പെട്ടു.[4]

കത്തോലിക്കാസഭയിൽ[തിരുത്തുക]

ഉക്രൈനിൽ ല്വിവ്-ലുള്ള ബെൺഹാർഡൈൻസ് ബൈസാന്തിയ കത്തോലിക്കാ പള്ളിയിൽ കുമ്പസാരിക്കുന്ന വിശ്വാസി.


കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനങ്ങളിൽ ഈ കൂദാശയെ പാപസങ്കീർത്തനം, പാപപ്രായശ്ചിത്തം, അനുരഞ്ജനം എന്നൊക്കയാണ് വിളിക്കാറെങ്കിലും കുമ്പസാരം എന്ന പേരിനാണ് സാധാരണവിശ്വാസികൾക്കിടയിൽ കൂടുതൽ പ്രചാരമുള്ളത്. സ്ത്രീപുരുഷന്മാർ ജ്ഞാനസ്നാനം സ്വീകരിച്ചതിനുശേഷം ചെയ്തുപോയ പാപങ്ങൾ ഏറ്റുപറയുമ്പോൾ പുരോഹിതൻ ദൈവത്തിന്റെ പ്രതിനിധിയായി നിന്ന് അവർക്ക് പാപമോചനം നൽകുന്നു.

കുമ്പസാരത്തിന്റെ ദൈവശാസ്ത്രം[തിരുത്തുക]

തുരുത്തിപ്പറമ്പ് പള്ളിയിലെ കുമ്പസാരക്കൂട്

പാപത്താൽ വ്രണിതമായ ആത്മാവിന് സൗഖ്യവും ദൈവവപ്രസാദവും തിരികെ കൊടുക്കുക്കുകയാണ് ഈ കൂദാശയുടെ ലക്ഷ്യം. ഭൂമിയിൽ പാപമോചനം നൽകാനുള്ള അധികാരം പുരോഹിതന്മാർക്ക് യേശു വഴി ദൈവം നൽകിയിട്ടുണ്ടെന്ന് പഠിപ്പിക്കുന്ന റോമൻ കത്തോലിക്കാ സഭ കുമ്പസാരത്തിൽ പാപമോചനം നൽകുന്നത് യേശുവിന്റെ നാമത്തിലാണ്. മനുഷ്യരുടെ പാപങ്ങൾ "ബന്ധിക്കാനും മോചിക്കാനുമുള്ള" അധികാരം ശിഷ്യന്മാർക്ക് യേശു നൽകുന്നതായി പറയുന്ന യോഹന്നാന്റെ സുവിശേഷത്തിലെ വാക്യങ്ങളാണ് (20:22-23) ഈ കൂദാശയെ പിന്തുണക്കുന്ന മുഖ്യ ബൈബിൾ വചനമായി, പ്രൊട്ടസ്റ്റന്റ് കലാപത്തെ പിന്തുടർന്ന് നടന്ന ത്രെന്തോസിലെ സൂനഹദോസിൽ കത്തോലിക്കാ സഭ മുന്നോട്ടുവച്ചത്. ഇതിനുപുറമേ, മത്തായിയുടെ സുവിശേഷത്തിലും (9:28; 16:17-20) പൗലോസ് അപ്പസ്തോലൻ കൊറീന്ത്യർക്കെഴുതിയ ആദ്യലേഖനത്തിലും (11:27) ഈ അനുഷ്ഠാനത്തെ പിന്തുണയ്ക്കുന്ന പ്രസ്താവങ്ങൾ ഉള്ളതായി വാദമുണ്ട്.

പുരോഹിതനു മാത്രം കേൾക്കേ പാപങ്ങൾ ഏറ്റുപറയുന്ന കുമ്പസാരമാണ് കത്തോലിക്കാസഭയിൽ നിലവിലുള്ളത്. ഇതിനെ ചെവിക്കുമ്പസാരം (Auricular Confession) എന്നു വിളിക്കാറുണ്ട്. ഒരുകാലത്ത് പരസ്യമായ പാപപ്രഘോഷണം കുമ്പസാരത്തിന്റെ ഭാഗമായിരുന്നെങ്കിലും കത്തോലിക്കാ സഭയിൽ ഇപ്പോൾ നിലവിലുള്ള ഈ ഗോപ്യകുമ്പസാരരീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.[5] സഭയിൽനിന്ന് കുമ്പസാരിക്കുന്നയാളുടെമേൽ അധികാരം കയ്യേൽക്കുന്ന പുരോഹിതൻ ക്രിസ്തുവിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നുവെന്നാണ് കത്തോലിക്കാദൈവശാസ്ത്രത്തിന്റെ നിലപാട്.

കുമ്പസാരക്രമം[തിരുത്തുക]

ഏറ്റുപറയൽ[തിരുത്തുക]

കുമ്പസാരിക്കുന്നയാൾ ദൈവസന്നിധിയിൽ പാപാവസ്ഥയെ ഏറ്റുപറയുന്നതിനൊപ്പം തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് സകലവിശുദ്ധരോടും പുരോഹിതനോടും യാചിക്കുന്ന "കുമ്പസാരത്തിനുള്ള ജപത്തിന്റെ"[6] ആരംഭഭാഗം [൩] ചൊല്ലുകയാണ് ആദ്യം ചെയ്യുന്നത്. ഈ ജപത്തിന്റെ പൂർണ്ണരൂപം ഈവിധമാണ്:-

"സർവശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.
ആകയാൽ, നിത്യകന്യകയായ വിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ.
"[7]

ഇതിൽ "എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ" [൪]എന്ന ഭാഗം ചൊല്ലുന്നതിനൊപ്പം മൂന്നു പ്രാവശ്യം മാറത്തിടിക്കുന്നു. തുടർന്ന് തന്റെ ഇതിനുമുൻപുള്ള കുമ്പസാരം കഴിഞ്ഞിട്ട് എത്രനാളായെന്ന് അയാൾ പുരോഹിതനെ അറിയിക്കുന്നു. അടുത്തതായി, ദൈവകൃപ തിരികെ കിട്ടുവാനും നരകവിധിയിൽ നിന്ന് മുക്തികിട്ടാനുമായി വിശ്വാസി, തന്റെ മാരകപാപങ്ങൾ (Mortal sins) എങ്കിലും പുരോഹിതനോട് ഏറ്റു പറയുന്നു. പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടെ, ദൈവപ്രമാണങ്ങളെയോ സഭയുടെ കല്പനകളേയോ ലംഘിക്കുന്നതാണ് മാരകപാപം. കൊലപാതകം, ദൈവദൂഷണം, വ്യഭിചാരം തുടങ്ങിയവ മാരകപാപങ്ങളാകാവുന്നതാണ്. അത്തരം പാപങ്ങളിൽ നിന്ന് നിന്ന് മുക്തിനേടാതെ മരിക്കുന്നയാൾക്ക് നിത്യകാലമുള്ള നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. കുമ്പസാരിക്കുന്നയാൾക്ക് അയാളുടെ ലഘുപാപങ്ങളും (venial sins) ഏറ്റുപറയാവുന്നതാണ്; മാരകപാപങ്ങളൊന്നും ചെയ്യാത്ത അവസ്ഥയിൽ കുമ്പസാരിക്കുമ്പോൾ പ്രത്യേകിച്ചും.

ഉപദേശം, പ്രായശ്ചിത്തനിർദ്ദേശം[തിരുത്തുക]

പിന്നെ പുരോഹിതൻ വിശ്വാസിക്ക് ഭാവിയിൽ പാപമാർഗ്ഗത്തിൽ നിന്നകന്നുനിൽക്കാൻ സഹായകമായ ഉപദേശം നൽകുകയും, ചെയ്തുപോയ പാപങ്ങൾക്കു പരിഹാരമായി നിർവഹിക്കേണ്ട പ്രായശ്ചിത്തം നിർദ്ദേശിക്കുകയും ചെയ്യുന്നു.

പാപമുക്തി[തിരുത്തുക]

ഞായപ്പിള്ളി പള്ളിയിലെ കുമ്പസാരക്കൂട്

കുമ്പസാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ പാപമോചനാശീർവാദമാണ് തുടർന്ന്. റോമൻ കത്തോലിക്കാ സഭയിലെ പാശ്ചാത്യ ആരാധനാപാരമ്പര്യത്തിൽ പാപമോചനാശീർവാദം ഇങ്ങനെയാണ്:

രണ്ടാം വത്തിക്കാൻ സൂനഹദോസിനെ തുടർന്ന് നാട്ടുഭാഷകൾ ആരാധനാമാധ്യമമായി അംഗീകരിക്കപ്പെടുന്നതിനുമുൻപ്, പാപമോചനാശീർവാദത്തിന്റെ ഭാഷ പാശ്ചാത്യസഭകളിൽ ലത്തീനും കേരളത്തിലെ പൗരസ്ത്യകത്തോലിക്കാസഭയിൽ സുറിയാനിയും ആയിരുന്നു.

പാപമോചനാശീർവാദത്തിനുശേഷം കുമ്പസാരിക്കുന്നയാൾ കുമ്പസാരത്തിനുള്ള ജപത്തിന്റെ ബാക്കിഭാഗവും തുടർന്ന് മനസ്താപപ്രകരണവും (Act of Contrition)[8] ഉരുവിടുന്നു. ദൈവസന്നിധിയിൽ പാപങ്ങൾ ഏറ്റുപറയുന്ന പ്രാർത്ഥനയാണ് മനസ്താപപ്രകരണം. "എന്റെ ദൈവമേ, ഏറ്റവും നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ അങ്ങേക്കെതിരായി പാപം ചെയ്തുപോയതിനാൽ പൂർണ്ണഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയുന്നു" എന്നുപറഞ്ഞാണ് അത് തുടങ്ങുന്നത്. മാരകപാപാവസ്ഥയിലുള്ളവർക്ക് കുമ്പസാരത്തിലൂടെയുള്ള പാപമോചനം നേടിയല്ലാതെ വിശുദ്ധ കുർബാനയുടെ സ്വീകരണം നിഷിദ്ധമാണ്. എന്നു മാത്രമല്ല, മാരകപാപാവസ്ഥയിൽ കുർബാന സ്വീകരിക്കുന്നത് മറ്റൊരു മാരകപാപം ആകുമെന്നും സഭ പഠിപ്പിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ചതിനുശേഷം ചെയ്തിട്ടുള്ള പാപങ്ങളിൽ നിന്ന് മുക്തിനേടാനുള്ള ഒരേയൊരു സാധാരണമാർഗ്ഗം കുമ്പസാരമാണെന്നും റോമൻ കത്തോലിക്കാ സഭ പഠിപ്പിക്കുന്നുണ്ട്. 1215-ലെ ലാറ്ററൻ സൂനഹദോസിനെതുടർന്ന് കത്തോലിക്കാ കാനൻ നിയമത്തിൽ വരുത്തിയ മാറ്റം വർഷത്തിലൊരിക്കലുള്ള കുമ്പസാരം നിർബ്ബന്ധിതമാക്കി. അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്. കുമ്പസാരം സ്വീകരിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിൽ നരകഭയത്തിൽ നിന്നല്ലാതെ, നിസ്സ്വാർത്ഥമായ ദൈവസ്നേഹത്തിൽ നിന്നുരുവെടുക്കുന്ന ഉത്തമമനസസ്ഥാപവും മാരകപാപത്തിൽ നിന്നുള്ള വിമുക്തി നൽകും. എന്നാൽ ആ മനസ്താപത്തോടൊപ്പം സാധിക്കുന്നത്രവേഗത്തിൽ കുമ്പസാരത്തിൽ പാപങ്ങൾ ഏറ്റുപറയാനുള്ള തീരുമാനവും ഉണ്ടായിരിക്കണം.

ജർമ്മനിയിൽ വിബ്ലിഞ്ജൻ ആശ്രമദേവാലയത്തിലെ കുമ്പസാരക്കൂട്

സാധുത[തിരുത്തുക]

ഓർത്തിരിക്കുന്ന മാരകപാപങ്ങൾ ഒരു പുരോഹിതനോട് ഏറ്റുപറയുന്നതുകൊണ്ടുമാത്രം കുമ്പസാരം സാധുവാവുകയില്ല. കുമ്പസാരിക്കുന്നയാൾ മാരകപാപങ്ങളിൽ ഓരോന്നിനെക്കുറിച്ചും ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും, പിന്നെയും പാപം ചെയ്യാതിരിക്കാൻ ദൃഢനിശ്ചയം ചെയ്യുകയും, പുരോഹിതൻ നിർദ്ദേശിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുകയും കൂടി വേണം. ചെയ്ത പാപങ്ങൾ ഇനം തിരിച്ചുപറയുന്നതിനുപുറമേ, അവ ഓരോന്നും എത്രവട്ടം ചെയ്തു എന്നു പറയുകയും വേണം.

രഹസ്യസ്വഭാവം[തിരുത്തുക]

കുമ്പസാരത്തിനിടെ മനസ്താപക്കാരൻ പറയുന്നതെല്ലാം രഹസ്യമായി സൂക്ഷിക്കാൻ കത്തോലിക്കാപുരോഹിതന്മാർക്ക് വിട്ടുവീഴ്ചയില്ലാത്തെ ബാദ്ധ്യതയുണ്ട്. കർശനമായ ഈ രഹസ്യസ്വഭാവത്തിന് കുമ്പസാരത്തിന്റെ മുദ്ര (Seal of the Confessional) എന്നു പറയുന്നു. കത്തോലിക്കാ കാനൻ നിയമ വ്യസ്ഥ 983 §1 ഇതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു "ഈ കൂദാശയുടെ മുദ്ര അലംഘനീയമാണ്; അതിനാൽ മനസ്താപക്കാരന്റെ വാക്കുകളെ പുരോഹിതൻ ഏതുകാരണത്താലായാലും ഏതെങ്കിലും രീതിയിൽ വെളിപ്പെടുത്തുന്നത് പൂർണ്ണമായും വിലക്കപ്പെട്ടിരിക്കുന്നു." കുമ്പസാരരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായ പുരോഹിതന് അവയെ തന്റെതന്നെയോ, മറ്റൊരാളുടെയോ ജീവൻ രക്ഷിക്കാനോ, ഏതെങ്കിലും ദുരന്തം ഒഴിവാക്കാനോപോലും വെളിപ്പെടുത്താവുന്നതല്ല. കുമ്പസാരത്തിൽ കേട്ടത് വെളിപ്പെടുത്താൻ പുരോഹിതനെ നിർബ്ബന്ധിക്കാൻ ഒരു നിയമത്തിനും അവകാശമില്ല. കുമ്പസാരത്തിലെ രഹസ്യമുദ്രയുടെ അതിലംഘനം ദൈവനിന്ദയാകയാൽ കുറ്റക്കാരനായ പുരോഹിതൻ സഭാഭ്രഷ്ടനാക്കപ്പെടുന്നു. നിയമപരമായ മറ്റു പല രഹസ്യങ്ങളുടേയും അതിലംഘനം മറ്റൊരാളുടെ ജീവൻ രക്ഷിക്കേണ്ടതിനായാൽ സിവിൽ നിയമങ്ങൾ അനുവദിക്കുന്നു. എന്നാൽ കത്തോലിക്കാ കാനൻ നിയമവ്യവസ്ഥ 1388 §1 അനുസരിച്ച്, കുമ്പസാരരഹസ്യത്തിന്റെ ലംഘനം പുരോഹിതനെ അതോടെതന്നെ സഭാഭ്രഷ്ടിൽ എത്തിക്കും. അത് പിൻവലിക്കാനുള്ള അധികാരം മാർപ്പാപ്പയിൽ മാത്രം നിക്ഷിപ്തമാണ്. മനസ്താപി ചെയ്തിട്ടുള്ള ഏതെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് കുമ്പസാരത്തിൽ അറിവുകിട്ടിയാൽ, അധികാരികൾക്ക് കീഴടങ്ങാൻ പുരോഹിതന് അയാളെ ഉപദേശിക്കാനാകും. എന്നാൽ അവിടെ പുരോഹിതന്റെ ബാദ്ധ്യതയുടെ അതിരെത്തുന്നു; ആ രഹസ്യം സിവിൽ അധികാരികളോട് നേരിട്ടോ അല്ലാതെയോ പുരോഹിതന് വെളിപ്പെടുത്താവുന്നതല്ല. വിശ്വാസികൾ സ്വന്തം ഇടവകവികാരിയുടെ അടുത്തു തന്നെ കുമ്പസാരം നിർവഹിക്കണം എന്നു നിഷ്കർഷിച്ച പതിമൂന്നാം നൂറ്റാണ്ടിലെ നാലാം ലാറ്ററൻ സൂനഹദോസ്, കുമ്പസാരത്തിന്റെ രഹസ്യസ്വഭാവം കത്തുസൂക്ഷിക്കാൻ പുരോഹിതനേയും വിശ്വാസിയേയും ബാദ്ധ്യസ്ഥരാക്കി.[9]

പരിമിതമായ ചില സാഹചര്യങ്ങളിൽ കുമ്പസാരത്തിന്റെ ഭാഗങ്ങൾ മറ്റുള്ളവർക്ക് വെളിപ്പെടുത്താവുന്നതാണ്. എന്നാൽ ഇത് മനസ്താപക്കാരന്റെ അനുമതിയോടെയും അയാൾ തിരിച്ചറിയപ്പെടാൻ ഇടവരാത്തവിധവും വേണം. മെത്രാന്റെയോ മാർപ്പാപ്പയുടെ തന്നെയോ അനുമതിയില്ലാതെ പാപമോചനം നൽകിക്കൂടാത്ത അസാധരണമാം വിധം ഗുരുതരമായ ചില കുറ്റങ്ങളുടെ കാര്യത്തിലാണ് ഇത് ബാധകമാവുന്നത്.

അമേരിക്കൻ ഐക്യനാടുകളിലേയും മറ്റും സിവിൽ അധികാരികൾ കുമ്പസാരത്തിന്റെ രഹസ്യസ്വഭാവത്തെ സാധാരണഗതിയിൽ മാനിക്കുന്നു. എന്നാൽ ഏതാനും വർഷം മുൻപ് ഒറിഗൺ സംസ്ഥാനത്തെ പോർട്ട്‌ലാൻഡിലെ ഒരു വക്കീൽ, പുരോഹിതന്റേയോ മനസ്താപിയുടെയോ അറിവില്ലാതെ ഒരു കുമ്പസാരം രേഖപ്പെടുത്തുകയുണ്ടായി. സ്ഥലത്തെ മെത്രോപ്പോലീത്തയുടേയും വത്തിക്കാന്റെ തന്നെയും പ്രതിഷേധത്തിന് ഇതു കാരണമായി. ആ രേഖ വെളിപ്പെടുത്താൻ കോടതി അനുവദിച്ചില്ലെ. ആ കുമ്പസാരം രേഖപ്പെടുത്തിയത് അമേരിക്കൻ ഭരണഘടനയുടെ നാലാം ഭേദഗതിയുടെ ലംഘനമായിരുന്നെന്ന് വിധിച്ച ഫെഡറൽ കോടതി ഭാവിയിൽ കുമ്പസാരം രേഖപ്പെടുത്തുന്നത് വിലക്കുകയും ചെയ്തു.

"കുമ്പസാരസഹായികൾ"[തിരുത്തുക]

ഫ്രാൻസിലെ ക്രൈസ്തവതീർത്ഥാടനകേന്ദ്രമായ ലൂർദ്ദിൽ, തീർത്ഥാടകർക്ക് കുമ്പസാരസ്ഥലത്തേക്ക് വഴികാട്ടുന്ന ചൂണ്ടുപലക

മദ്ധ്യയുഗങ്ങളിൽ "കുമ്പസാരസഹായികൾ" എന്നൊരു സാഹിത്യശാഖ തന്നെ ഉണ്ടായിരുന്നു. ഈ കൂദാശ പരമാവധി ഫലപ്രദമായി എങ്ങനെ സ്വീകരിക്കാമെന്നതിന്റെ വഴികാട്ടികളായിരുന്നു ഈ ഗ്രന്ഥങ്ങൾ. രണ്ടുതരം കുമ്പസാരസഹായികൾ ഉണ്ടായിരുന്നു: നല്ല കുമ്പസാരത്തിന് വിശ്വാസികളെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുള്ളവയും, വിശ്വാസികളെ സഹായിക്കാൻ പുരോഹിതന്മാരെ പരിശീലിപ്പിക്കുന്നവയും. പാപങ്ങളൊന്നും പറയാതെ വിട്ടുപോകാതിരിക്കാനും കുമ്പസാരം സമ്പൂർണ്ണമായിരിക്കാനും വിശ്വാസിയെ സഹായിക്കേണ്ടത് പുരോഹിതന്റെ കടമയാണെന്ന് ഈ ഗ്രന്ഥങ്ങൾ പഠിപ്പിച്ചു. അതിലേക്കായി പുരോഹിതന് മനസ്താപക്കാരനോട് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. എന്നാൽ മനസ്താപി ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്തവ അയാളുടെ പാപങ്ങളായി അങ്ങോട്ട് നിർദ്ദേശിക്കാതിരിക്കാനും അയാളുടെ മനസ്സിൽ ചെയ്യാത്ത പാപങ്ങൾ ചെയ്തെന്ന തോന്നൽ ഉണ്ടാക്കാതിരിക്കാനും പുരോഹിതൻ ശ്രദ്ധിക്കണമെന്നും ഈ ഗ്രന്ഥങ്ങൾ അനുശാസിച്ചു. ലത്തീനിലും നാട്ടുഭാഷയിലും എഴുതപ്പെട്ട സഹായികൾ ഉണ്ടായിരുന്നു. മധ്യകാലത്തെ സ്പെയിനിലും മറ്റും പലതരം സഹായികൾ പ്രചാരത്തിലുണ്ടായിരുന്നു. പൗരസ്ത്യസഭകളിലും ഇത്തരം സഹായികൾ പ്രചരിച്ചിരുന്നു.

പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ[തിരുത്തുക]

കുമ്പസാരത്തെ പൗരസ്ത്യ ഓർത്തഡോക്സ് സഭ കാണുന്നത് ഒരു ശുദ്ധീകരണക്രിയ എന്നതിലുപരി വ്യക്തിയുടെ ആത്മീയവികസനത്തിന്റെ മാർഗ്ഗമായിട്ടാണ്. പാപത്തെ ആത്മാവിൽ പതിഞ്ഞ കറ എന്നതിനുപകരം തിരുത്തൽ ആവശ്യപ്പെടുന്ന തെറ്റ് എന്ന നിലയിലാണ് ഇവിടെ കാണുന്നത്.

ആത്മീയവഴികാട്ടി[തിരുത്തുക]

സാധാരണയായി പൗരസ്ത്യ ഓർത്തഡോക്സ് സഭാ വിശ്വാസി ഒരു വ്യക്തിയെ അയാളുടെ ആത്മീയവഴികാട്ടിയായി തെരഞ്ഞെടുക്കുന്നു. മിക്കവാറും അത് ഇടവക വികാരി തന്നെയാകും. എന്നാൽ അത്മീയ ഔന്നത്യത്തിന് പേരെടുത്ത ഒരു സംന്യാസിയോ മെത്രാനിൽ നിന്ന് കുമ്പസാരം കേൾക്കാൻ അനുവാദം ലഭിച്ചിട്ടുള്ള മറ്റേതെങ്കിലും സ്ത്രീയോ പുരുഷനോ അത്മീയവഴികാട്ടിയാകാം. ഈ വ്യക്തി വിശ്വാസിയുടെ ആത്മീയ പിതാവോ മാതാവോ ആയി അറിയപ്പെടുന്നു. അങ്ങനെ തെരഞ്ഞെടുക്കുന്ന വ്യക്തിയെ വിശ്വാസി തന്റെ ആത്മീയവികാസത്തിനും, കുമ്പസാരത്തിനും മറ്റുപദേശങ്ങൾക്കുമായി ആശ്രയിക്കുന്നു. ഈ വ്യക്തിയോടു മാത്രമാണ് പൗരസ്ത്യ ഓർത്തഡോക്സ് ക്രിസ്ത്യാനികൾ കുമ്പസാരിക്കാറ്. അവർക്കിടയിൽ ഉണ്ടാകുന്ന അടുപ്പം മൂലം, വിശ്വാസിയുടെ ആത്മീയപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ആത്മീയവഴികാട്ടി ആയിത്തീരുന്നു. അയാൾ നൽകുന്ന ഉപദേശങ്ങളെ മറികടക്കാൻ മറ്റാർക്കും അധികാരമില്ല. അത്മീയവഴികാട്ടിയോട് കുമ്പസാരത്തിൽ പറയുന്ന രഹസ്യങ്ങൾ പുരോഹിതനോട് പറയുന്നവയെന്നപോലെ കുമ്പസാരമുദ്രയാൽ അനതിലംഘനീയമാക്കിയിരിക്കുന്നു. എന്നാൽ കുമ്പസാരം കേൾക്കുന്നയാൾ പുരോഹിതനായിരിക്കണമെന്നില്ലെങ്കിലും പൗരോഹിത്യാഭിഷേകം ഉള്ളവർക്കു മാത്രമേ പാപമോചനം നൽകാൻ അധികാരമുള്ളു.

കുമ്പസാരക്രമം[തിരുത്തുക]

മനസ്താപിയായ വിശുദ്ധ ജെറോം - അലെസ്സാന്ദ്രോ ഗെരാർദിനിയുടെ ചിത്രം

പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ കുമ്പസാരത്തിനായി പ്രത്യേക കുമ്പസാരക്കൂടുകളില്ല. ദേവാലയത്തിന്റെ മുഖ്യഭാഗത്ത്, ഐക്കണുകൾ എന്ന രൂപങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള വിശുദ്ധ മേശയ്ക്കു സമീപമാണ് കുമ്പസാരം നടത്തപ്പെടുന്നത്. ഈ മേശയിൽ സുവിശേഷഗ്രന്ഥവും ആശീർവാദത്തിനുള്ള ക്രൂശിതരൂപവും വയ്ക്കുന്നു. കുമ്പസാരം നടത്തുന്നത് പുരോഹിതനോടല്ല യേശുവിനോടാണെന്നും പുരോഹിതന് സാക്ഷിയുടേയും വഴികാട്ടിയുടേയും സ്ഥാനം മാത്രമാണെന്നും വിശ്വാസി മനസ്സിലാക്കുന്നു. കുമ്പസാരിക്കുന്നതിനുമുൻപ് മനസ്താപി സുവിശേഷഗ്രന്ഥത്തെയും ക്രൂശിതരൂപത്തേയും വണങ്ങുകയും കുരിശിൽ കിടക്കുന്ന യേശുവിന്റെ പാദങ്ങളിൽ വലം കയ്യുടെ പെരുവിരലും അടുത്ത രണ്ടുവിരലുകളും വയ്ക്കുകയും ചെയ്യുന്നു. ഒന്നും മറച്ചുവക്കാതെ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് കുമ്പസാരം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുരോഹിതൻ വിശ്വാസിയെ ഉദ്ബോധിപ്പിക്കാറുണ്ട്.

സാധാരണരീതിയിൽ, മനസ്താപി ആത്മീയവഴികാട്ടിയോട് പാപങ്ങൾ ഏറ്റുപറഞ്ഞുകഴിയുമ്പോൾ, ഇടവക വികാരി അയാളുടെ തല തന്റെ ഊറാല കൊണ്ട് മൂടി പാപമോചനപ്രാത്ഥന വായിക്കുന്നു. ഇതിനുപയോഗിക്കുന്ന പ്രാർത്ഥന ഗ്രീക്ക്-സ്ലാവിക് സഭകളിൽ വ്യത്യസ്തമാണ്. മനസ്താപി അത്മീയവഴികാട്ടിയോട് പാപങ്ങൾ ഏറ്റുപറയുന്നതിന് പുരോഹിതൻ സാക്ഷിയായിരിക്കണമെന്നില്ല. അത്മീയവഴികാട്ടിയോട് പതിവായി പാപങ്ങൾ ഏറ്റുപറഞ്ഞശേഷം വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനുമുൻപു മാത്രം പുരോഹിതനിൽ നിന്ന് പാപമോചനം വാങ്ങുന്നതും സാധാരണമാണ്.

അടിയന്തരഘട്ടങ്ങളിൽ എവിടേയും കുമ്പസാരം കേൾക്കാം. ഇതിനായി പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ പ്രത്യേകിച്ച് റഷ്യൻ ഓർത്തഡോക്സ് സഭയിൽ ക്രൂശിതരൂപം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന പ്രത്യേക കുരിശ്(pectoral cross) ഉള്ള മാല പുരോഹിതന്മാർ എപ്പോഴും അണിയാറുണ്ട്.

പൗരസ്ത്യസഭകളിൽ മെത്രാന്മാരും പുരോഹിതന്മാരും ശെമ്മാശന്മാരുമൊക്കെ സുവിശേഷഗ്രന്ഥവും ആശീർവാദക്കുരിശും വച്ചിട്ടുള്ള വിശുദ്ധമേശക്കുമുൻപിൽ സാധാരണവിശ്വാസികളെപ്പോലെ തന്നെ കുമ്പസാരിക്കുന്നു. എന്നാൽ പുരോഹിതൻ മെത്രാന്റെ കുമ്പസാരക്കാരനാകുമ്പോൾ പുരോഹിതൻ മുട്ടുകുത്തിനിൽക്കുന്നു എന്ന വ്യത്യാസം മാത്രമുണ്ട്.

ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്ക് വർഷത്തിൽ നാലു പ്രാവശ്യമെങ്കിലും കുമ്പസാരിക്കണമെന്നുണ്ട്; വലിയനോയമ്പ്, ആഗമനകാലം, അപ്പൊസ്തോലന്മാരുടെ നോയമ്പ്, മാതാവിന്റെ മരണത്തിരുനാളിന്റെ നോയമ്പ് എന്നീ അവസരങ്ങളാണ് സാധാരണ ഇതിനു തെരഞ്ഞെടുക്കാറ്. പല അജപാലകരും കൂടെക്കൂടെയുള്ള കുമ്പസാരത്തെയും കുർബാന സ്വീകരണത്തേയും പ്രോത്സാഹിപ്പിക്കാറുണ്ട്. ആഥോസ് മലയിലെ സംന്യാസഭവനങ്ങളിൽ ചിലതിൽ, സംയമികൾ എല്ലാദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു.

പൊതുകുമ്പസാരം[തിരുത്തുക]

"പരസ്പരം മാപ്പാകൽ" എന്നറിയപ്പെടുന്ന ഒരുതരം പൊതുകുമ്പസാരവും പൗരസ്ത്യ ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്കിടയിലുണ്ട്. പുരോഹിതനും സഭാസമൂഹത്തിനും ഇടയിലോ, സംന്യാസികൾക്കും ആശ്രമശ്രേഷ്ഠനുമിടയിലോ നടക്കുന്ന ഒരു സംഭാഷണമാണ് ഇതിൽ മുഖ്യമായുള്ളത്. സമൂഹത്തിനുമുൻപിൽ പുരോഹിതൻ സാഷ്ടാംഗം വീണ് വിചരത്താലോ, വാക്കാലോ, പ്രവൃത്തിയാലോ ചെയ്തിട്ടുള്ള പാപങ്ങൾക്ക് മാപ്പുചോദിക്കുന്നു. സന്നിഹിതരായിരിക്കുന്നവർ ദൈവം പുരോഹിതനു മാപ്പുനൽകട്ടെയെന്നു പറയുകയും, സ്വയം പ്രണമിച്ച് പുരോഹിതനോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് പുരോഹിതൻ അനുഗ്രഹവചസ്സുകൾ ഉരുവിടുന്നു. "പരസ്പരം മാപ്പാകൽ" ചടങ്ങ്, കുമ്പസാരം എന്ന കൂദാശക്കോ, പാപമോചനത്തിനോ പകരമല്ല. ക്രിസ്തീയസാഹോദര്യത്തിന്റേയും പശ്ചാത്താപത്തിന്റേയും സാഹചര്യങ്ങൾ നിലനിർത്തുകയാണ് അതിന്റെ ലക്‌ഷ്യം. സംന്യാസാശ്രമങ്ങളിൽ ഈ പൊതുകുമ്പസാരം ഉറങ്ങിയെഴുന്നേൽക്കുമ്പോഴുള്ള പാതിരാപ്രാർത്ഥനയുടേയും ഉറങ്ങാൻ പോകുന്നതിനുമുൻപുള്ള പ്രാർത്ഥനയുടേയും ഭാഗമാണ്. പരസ്പരം മാപ്പുചോദിക്കന്നതിന്റെ ഏറ്റവും അറിയപ്പെടുന്ന ഉദാഹരണം, "മാപ്പിന്റെ ഞായറാഴ്ച"-യിലെ സായാഹ്നപ്രാർത്ഥനക്കിടയിലാണ്. ഈ ചടങ്ങോടുകൂടെയാണ് വലിയ നോയമ്പ് തുടങ്ങുന്നത്.

ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ[തിരുത്തുക]

ഈ സഭകളിലെ ഏഴു പ്രധാന കൂദാശകളിലൊന്നാണ് കുമ്പസാരം. കത്തോലിക്കാ-പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലേതിന് സമാനമായ രീതിയിൽ പുരോഹിതന്റെ മുൻപാകെ പാപങ്ങൾ രഹസ്യമായി ഏറ്റുപറയുന്ന കുമ്പസാരരീതിയാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലും പൊതുവേ നിലവിലുള്ളത്. കുമ്പസാരത്തിന്റെ രഹസ്യാത്മകത നിലനിർത്താൻ പുരോഹിതർ ബാധ്യസ്ഥരാണ്.

കോപ്ടിക് ഓർത്തഡോക്സ് സഭ രണ്ടു മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഒരോ വിശ്വാസിയും ഒരു പുരോഹിതനെ സ്ഥിരമായി കുമ്പസാര പിതാവായി തെരഞ്ഞെടുക്കുന്ന പതിവാണുള്ളത്.[10] എത്യോപ്യൻ ഓർത്തഡോക്സ് സഭയിലും ഇതേ രീതി പിന്തുടരുന്നു. ഒരു വിശ്വാസി തന്നെ വ്യക്തിപരമായി അറിയാവുന്നതും തന്റെ പ്രശ്നങ്ങളെ അനുഭാവപൂർവ്വം ശ്രവിക്കാനാവുമെന്ന് കരുതുന്നതുമായ ഒരു പുരോഹിതനെ കുമ്പസാരപിതാവായി തെരഞ്ഞെടുക്കുന്നു. യെനഫ്സ് അബ്ബാത് എന്നു അറിയപ്പെടുന്ന ഈ പുരോഹിതൻ ഇടക്കിടെ വിശ്വാസിയുടെ ഭവനം സന്ദർശിക്കുകയും ആവശ്യമായ ആത്മീയ സേവനങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്യുന്നു. വർഷത്തിലൊരിക്കൽ വിശ്വാസി തന്റെ പ്രാപ്തിക്കൊത്തവിധമുള്ള ഉപഹാരങ്ങൾ ഈ വൈദികനു സമ്മാനിക്കുന്ന പതിവുമുണ്ട്. കുമ്പസാരം ആവശ്യമെന്ന് തോന്നുന്ന അവസരങ്ങളിൽ ദേവാലയത്തിലെത്തുന്ന വിശ്വാസിക്കൊപ്പം നടന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ഇവർ കുമ്പസാരം നിർവ്വഹിക്കുന്നു. കുമ്പസാരത്തെ ആത്മീയ ഔഷധമായും കുമ്പസാരപിതാവിനെ ആത്മീയ വൈദ്യനായും വിശേഷിപ്പിക്കപ്പെടുന്നു.[11] ഓറിയന്റൽ വിഭാഗത്തിൽ പെട്ട കേരളത്തിലെ ഓർത്തഡോക്സ് സഭകളിൽ വിശ്വാസികൾ സ്ഥിരമായി ഒരു പുരോഹിതനെ കുമ്പസാരപിതാവായി സ്വീകരിക്കുന്ന പതിവില്ല. ഇടവക വികാരിയുടെയോ സഭയിലെ മറ്റ് പുരോഹിതരുടെയോ മുമ്പാകെ കുമ്പസാരം നടത്തുന്നു.

ആംഗ്ലിക്കൻ സഭയിൽ[തിരുത്തുക]

ഇംഗ്ലണ്ടിലെ കാന്റർബറി ഭദ്രാസനപ്പള്ളിയിൽ മനസ്താപകഥകൾ ചിത്രീകരിച്ചിരിക്കുന്ന വർണ്ണസ്ഫടികജനൽ

ആംഗ്ലിക്കൻ സഭയിലെ കുമ്പസാരവും പാപവിമോചനവും സാധാരണയായി പൊതു ആരാധനയുടെ, പ്രത്യേകിച്ച് വിശുദ്ധ കുർബാനയുടെ ഭാഗമാണ്. പശ്ചാത്തപിക്കനുള്ള പുരോഹിതന്റെ ആഹ്വാനം, വിശ്വാസികൾ ആന്തരികമായി പാപം ഏറ്റുപറയുന്ന നിശ്ശബ്ദപ്രാർത്ഥനയുടെ വേള, സന്നിഹിതരായിരിക്കുന്നവർ ഒന്നുചേർന്നുള്ള ഒരുതരം പൊതുപാപഘോഷണം, പുരോഹിതന്റെ പാപമോചനപ്രഖ്യാപനം കുരിശടയാളത്തിലുള്ള അന്തിമആശീർവാദം എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ.


ഗോപ്യമായ ചെവിക്കുമ്പസാരവും ആംഗ്ലിക്കന്മാർ, പ്രത്യേകിച്ച് അവർക്കിടയിൽ കത്തോലിക്കാപാരമ്പര്യം പിന്തുടരുന്ന ആംഗ്ലോകത്തോലിക്കർ അനുഷ്ഠിക്കാറുണ്ട്. ഈ കുമ്പസാരം നടക്കുന്നത് ആംഗ്ലോകത്തോലിക്കർക്കിടയിൽ സാധാരണ കുമ്പസാരക്കൂട്ടിലും മറ്റുള്ളവർക്കിടയിൽ പുരോഹിതനുമായുള്ള സ്വകാര്യമുഖാമുഖത്തിലും ആകാം. ഇതിനിടയിൽ വിശ്വാസിക്ക് ഉപദേശനിർദ്ദേശങ്ങളും പ്രായശ്ചിത്തവിധിയും നൽകാൻ പുരോഹിതന് അവസരം കിട്ടുന്നു. പാപം ഏറ്റുപറയലിനേയും പ്രായശ്ചിത്തവിധിയേയും തുടർന്ന് പുരോഹിതൻ പാപവിമോചനം പ്രഖ്യാപിക്കുന്നു. ഈ കുമ്പസാരത്തിന്റെ രഹസ്യസ്വഭാവം കത്തോലിക്കാ കുമ്പസാരത്തിലെന്നപോലെ ശക്തമാണ്. അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെടുന്നു.

ആംഗ്ലിക്കൻ സഭയിൽ ചെവിക്കുമ്പസാരത്തിന് വിവാദഭരിതമായ ചരിത്രമാണുള്ളത്. അതിനെതിരെയുള്ള വിമർശനങ്ങളെ പുരോഹിതർ നേരിട്ടത് പൊതുപ്രാർത്ഥനാപുസ്തകത്തിൽ രോഗീസന്ദർശനവുമായി ബന്ധപ്പെട്ട പ്രാർത്ഥനകളുടെ ഈ ഭാഗം അതിനെ വ്യക്തമായും പിന്തുണക്കുന്നുണ്ടെന്നു പറഞ്ഞാണ്:

തുടർന്ന് രോഗി, അയാളുടെ മന:സാക്ഷിയെ അലട്ടുന്ന ഘനമായപാപങ്ങളെ പ്രത്യേകമായി ഏറ്റുപറയുന്നു. അതിനുശേഷം, രോഗി വിനയത്തോടെയും ഹൃദയപൂർവമായും ആഗ്രഹിക്കുന്നെങ്കിൽ, പുരോഹിതൻ അയാൾക്ക് പാപവിമോചനം നൽകുന്നു.

ആംഗ്ലിക്കൻസഭയുടെ മുഖ്യധാരയിൽ ചെവിക്കുമ്പസാരത്തിന് സ്വീകാര്യതകിട്ടിയത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്; അമേരിക്കയിലെ എപ്പിസ്കോപ്പൽ സഭയുടെ 1979-ലെ പൊതുപ്രാർത്ഥനാപുസ്തകം രണ്ടുതരത്തിലുള്ള ചെവിക്കുമ്പസാരം പരാമർശിക്കുന്നുണ്ട്. ഇംഗ്ലീഷ് സഭയുടെ കാനൻ നിയമം സ്വകാര്യകുമ്പസാരത്തിന്റെ രഹസ്യസ്വഭാവം സം‌രക്ഷിക്കാനുള്ള ഈ വകുപ്പുകൾ ഉൾക്കൊള്ളുന്നു

ആരെങ്കിലും അവരുടെ രഹസ്യവും ഗോപ്യവുമായ പാപങ്ങൾ മന:സാക്ഷിയുടെ ലഘൂകരണത്തിനും ആത്മീയസാന്ത്വനത്തിനും ശാന്തിക്കും വേണ്ടി പുരോഹിതനോടു പറയാനിടവന്നാൽ, ആങ്ങനെ വിശ്വാസപൂർവം വെളിപ്പെടുത്തിയ കുറ്റമോ തിന്മയോ ഒരുകാലത്തും ആരോടും പറയരുതെന്ന് ഞങ്ങൾ പുരോഹിരോട് ശക്തിപൂർവം കല്പിക്കുകയും മുന്നറിയിക്കുകയും ചെയ്യുന്നു.[12]

ആംഗ്ലിക്കൻ സഭയിൽ സ്വകാര്യകുമ്പസാരം നിർബ്ബന്ധിതമല്ല. എന്നാൽ വ്യക്തികൾക്ക് ചിലസാഹചര്യങ്ങളിലെ അത് അഭിലഷണീയമാകാമെന്നാണ് പൊതുധാരണ. ഇതേസംബന്ധിച്ച് ആംഗ്ലിക്കൻ സഭയിലുള്ള ഒരുചൊല്ല് "എല്ലാവർക്കും ആകാം; ആർക്കും നിർബന്ധമല്ല; ചിലർക്ക് ആവശ്യമാണ്" എന്നാണ്.[13]

പ്രൊട്ടസ്റ്റന്റ് സഭകളിൽ[തിരുത്തുക]

പാപവിമുക്തിക്ക്, ക്രിസ്ത്യാനിക്കും ദൈവത്തിനും ഇടയിൽ മധ്യവർത്തികളുടെ ആവശ്യമില്ലെന്ന് പ്രൊട്ടസ്റ്റന്റ് സഭകൾ വിശ്വസിക്കുന്നു. പ്രാർത്ഥനയിൽ സ്വകാര്യമായി ദൈവത്തോട് പാപങ്ങൾ ഏറ്റുപറയുന്നത് മോചനസിദ്ധിക്ക് മതിയാകുമന്ന് ആ സഭകൾ പഠിപ്പിക്കുന്നു. എന്നാൽ ചെയ്ത തെറ്റ് ദൈവത്തിനെന്നപോലെ ഒരു സഹജീവിക്കുകൂടി എതിരായിരുന്നെങ്കിൽ അയാളോട് തെറ്റ് ഏറ്റുപറയുന്നത് അഭിലക്ഷണീയമായി കരുതപ്പെടുന്നു. അത്തരം ഏറ്റുപറയൽ അനുരഞ്ജനപ്രക്രിയയുടെ ഭാഗമാണ്. ഒരു പാപം പശ്ചാത്തപിക്കാൻ തയ്യാറാകാത്ത കുറ്റക്കാരനെ സഭയുടെ കൂട്ടായ്മയിൽ നിന്ന് ഒഴിച്ചുനിർത്താൻ കാരണമായെങ്കിൽ, പരസ്യമായ ഏറ്റുപറയൽ സഭയിൽ പുന:പ്രവേശിക്കുന്നതിന് ആവശ്യമാണ്. പാപം ഏറ്റുപറഞ്ഞ് പശ്ചാത്താപം പ്രകടിപ്പിക്കുന്നതോടെ വ്യക്തി സഭയുമായി രമ്യതയിലാകുന്നു. ഊ രണടുസാഹചര്യത്തിലും ഏറ്റുപറയലിന് നടപടിക്രമമായുള്ളത് മത്തായിയുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. [14]

ലൂഥറൻ സഭയിൽ[തിരുത്തുക]

അനുതപിക്കുന്ന മഗ്ദലേന - എൽ ഗ്രെക്കോയുടെ രചന

ലൂഥറൻ സഭകളിൽ കുമ്പസാരവും പാപവിമുക്തിയും പതിവുണ്ട്. ദൈവത്തിന്റെ ക്ഷമാവചനമായി കണക്കാക്കപ്പെടുന്ന പാപവിമുക്തിയിലാണ് അവർ ഊന്നൽ കൊടുക്കുന്നത്. കുമ്പസാരവും പാപമുക്തിയും സ്വകാര്യമോ, സാമൂഹികമോ ആകാം. സ്വകാര്യകുമ്പസാരത്തിൽ 'കുമ്പസാരക്കാരൻ' എന്നറിയപ്പെടുന്ന 'അജപാലകനോട്' 'മനസ്താപക്കാരൻ' പാപങ്ങൾ സ്വകാര്യതയിൽ ഏറ്റുപറയുന്നു. സാമൂഹ്യകുമ്പസാരത്തിൽ സമൂഹം 'അജപാലകനോട്' ദൈവികശുശ്രൂഷാവേളയിൽ പാപങ്ങൾ സാമൂഹ്യമായി ഏറ്റുപറയുന്നു. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ സ്വകാര്യകുമ്പസാരം സ്വകാര്യകുമ്പസാരം മിക്കവാറും നടപ്പില്ലാതെയായി; ഇക്കാലത്തും, മനസ്താപക്കാരൻ വിശേഷമായി ആവശ്യപ്പെടുകയോ കുമ്പസാരക്കാരൻ നിർദ്ദേശിക്കുകയോ ചെയ്താലല്ലാതെ അത് പതിവില്ല.


മാർട്ടിൻ ലൂഥർ, 1529-ൽ പ്രസിദ്ധീകരിച്ച വേദോപദേശത്തിൽ, ഒരു അജപാലകന്റെയോ മറ്റൊരു സാധാരണവിശ്വാസിയുടെയോ മുന്നിൽ സ്വകാര്യമായി പാപമോചനത്തിനും ശ്രവ്യമായ പറഞ്ഞുകേൾക്കുന്ന മാപ്പിനുമായി നടത്തുന്ന കുമ്പസാരത്തെ പുകഴ്ത്തി. എന്നാൽ, പാപത്തിന്റെ പൂർണ്ണമായ ഏറ്റുപറയൽ അസാധ്യമാണെന്നും പാപമോചനത്തിലുള്ള വിശ്വാസം പശ്ചാത്താപത്തിന്റെ അത്മാത്ഥതയെയോ കുമ്പസാരക്കാരൻ നിർദ്ദേശിക്കുന്ന പ്രായശ്ചിത്തത്തിന്റെ നിർവഹണത്തിലെ പൂർണ്ണതയെയോ ആശ്രയിച്ചാകരുതെന്നും ലൂഥറൻ പരിഷ്കർത്താക്കൾ പഠിപ്പിച്ചു.[15] ശരിയായ കുമ്പസാരത്തിൽ, ഹൃദയപൂർവമുള്ള മനസ്താപം, വാക്കാലുള്ള ഏറ്റുപറയൽ, തൃപ്തികരമായ പ്രവൃത്തികൾ എന്നിങ്ങനെ മൂന്നു ഘടകങ്ങൾ ചേർന്നിരിക്കുമെന്ന് മദ്ധ്യകാലസഭ പഠിപ്പിച്ചു. ലൂഥറൻ പരിഷ്കർത്താക്കൾ ഇതിൽ തൃപ്തികരമായ പ്രവൃത്തികൾ എന്ന അവസാനഘടകത്തെ അംഗീകരിച്ചില്ല. കുമ്പസാരത്തിൽ മനസ്താപിയുടെ ഏറ്റുപറയലും, അജപാലകൻ ഉച്ചരിക്കുന്ന പാപവികുക്തിയും മാത്രമേ ഘടകങ്ങളായുള്ളു എന്നും ലൂഥറന്മാർ വാദിച്ചു. യേശുക്രിസ്തു നേടിയ രക്ഷ മനസ്താപിക്ക് പാപമോചനവചനത്തിലൂടെ കിട്ടാൻ യേശുവിന്റെ പ്രീതിയിലുള്ള വിശ്വാസവും ശരണവും മാത്രം മതിയെന്ന് അവർ കരുതി.


കുമ്പസാരവും പാപമുക്തിയും ഒരു കൂദാശയാണെന്ന കോൺകോർഡ് പുസ്തകത്തിലെ നിലപാടിൽ സ്വീഡനിലെ ലൂഥറൻ സഭ ഊന്നൽ കൊടുക്കുന്നു.

മോർമൺ സഭയിൽ[തിരുത്തുക]

മോർമണുകൾ എന്ന് സാധാരണ അറിയപ്പെടുന്ന പിൽക്കാലവിശുദ്ധന്മാരുടെ യേശുസഭ (Church of Jesus Christ of Laterday Saints) കുമ്പസാരം പാപങ്ങളുടെ പൂർണ്ണമായ പൊറുതിക്ക് ആവശ്യമാണെന്ന് പഠിപ്പിക്കുന്നു. "മനസ്തപിക്കുകയും പാപങ്ങൾ ഏറ്റുപറയുകയും ചെയ്യത്തവരുടെ പേരുകൾ വിശ്വാസികളുടെ പട്ടികയിൽ നിന്ന് മായിച്ചുകളഞ്ഞു; ക്രിസ്തുവിന്റെ ജനങ്ങളിപെട്ടവരായി അവർ എണ്ണപ്പെട്ടില്ല" എന്ന് മോർമണിന്റെ പുസ്തകം പറയുന്നു.[16] പാപി അയാൾ ഉപദ്രവിച്ചവരോടും ദൈവത്തോടും പാപങ്ങൾ ഏറ്റുപറയണം. ചില പാപങ്ങൾ അധികാരപ്പെടുത്തിയ ഒരു നേതാവിനോടോ പുരോഹിതനോടോ ഏറ്റുപറയണം: "ഒരു മെത്രാനോട് കുമ്പസാരിക്കേണ്ട പാപങ്ങൾ വ്യഭിചാരം തുടങ്ങിയ ലൈംഗികപാപങ്ങളും സമാനഗൗരവമുള്ള തെറ്റുകളുമാണ്." പുരോഹിതനേതാവിന് പാപിക്ക് സഭയുടെ പ്രതിനിധിയെന്ന നിലയിൽ മാപ്പുനൽകുകയോ, സഭയുടെ അച്ചടക്കസമിതിക്ക് വഴങ്ങാൻ അയാളോട് നിർദ്ദേശിക്കുകയോ ചെയ്യാം. കുമ്പസാരത്തിലെ രഹസ്യങ്ങൾ അച്ചടക്കസമിതിക്ക് വെളിപ്പെടുത്താൻ മനസ്താപിയുടെ അനുവാദം കൂടിയേ കഴിയൂ.[17]

ക്രൈസ്തവേതരമതങ്ങളിൽ[തിരുത്തുക]

കുമ്പസാരത്തിന് സമാനമായ ആശയങ്ങളും അനുഷ്ഠാനങ്ങളും ക്രൈസ്തവേതരമതങ്ങളിലുമുണ്ട്. ജൂതമതത്തിൽ ദൈവത്തോടും സഹജീവികളോടും ചെയ്യുന്ന പാപങ്ങളിൽ നിന്നുള്ള മോചനത്തിന്റെ ഒരു പ്രധാന ആവശ്യമാണ് ഏറ്റുപറയൽ. പാപത്തിലൂടെ ഉപദ്രവിച്ച സഹജീവിയോട് മാപ്പുപറയുന്നതൊഴിച്ചാൽ, ഇവിടെ ഏറ്റുപറയൽ ദൈവത്തോടാണ് മനുഷ്യരോടല്ല. സമൂഹം ചേർന്ന് ബഹുവചനശബ്ദങ്ങൾ ഉപയോഗിച്ചുള്ള ഏറ്റുപറയലും ജൂതമത്തിലുണ്ട്. ക്രിസ്ത്യാനികളെപ്പോലെ "ഞാൻ തെറ്റുചെയ്തുപോയി" എന്നല്ല, "ഞങ്ങൾ തെറ്റുചെയ്തുപോയി" എന്നാണ് അപ്പോൾ ഏറ്റുപറയുന്നത്.


ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സാധാരണ ഏറ്റുപറയൽ വിശ്വാസപ്രഖ്യാപനമാണ്. ദൈവത്തിൽ നിന്ന് മാപ്പുചോദിക്കുന്നതിന് ഇസ്തിഗ്ഫാർ എന്നു പറയുന്നു. ഇസ്ലാമിലും, പാപം മൂലം ഉപദ്രവിച്ച സഹജീവിയോട് മാപ്പുചോദിക്കുമ്പോഴല്ലാത്താപ്പോൾ, ഏറ്റുപറയൽ ദൈവത്തോടാണ്.


മുതിർന്ന ഒരാളോട് പാപങ്ങൾ ഏറ്റുപറയുന്ന പതിവ് ബുദ്ധമതത്തിലും ഉണ്ട്. ബുദ്ധന്റെ അനുയായികൾ അദ്ദേഹത്തോട് തെറ്റുകൾ ഏറ്റുപറയുന്നതായി പല ബുദ്ധമതസൂത്രങ്ങളിലും കാണാം.[1].

വിലയിരുത്തൽ, വിമർശനം[തിരുത്തുക]

പ്രശംസ[തിരുത്തുക]

ഗൈഥേ

കുമ്പസാരം എന്ന അനുഷ്ഠാനം, പ്രത്യേകിച്ച് വിശ്വാസി പുരോഹിതന് മനസ്സിന്റെ ഉള്ളറകൾ തുറക്കുന്ന 'ചെവിക്കുമ്പസാരം' (Auricular Confession) തുടക്കംമുതലേ കൗതുകമുണർത്തുകയും പലതരത്തിലുള്ള പ്രതികരണങ്ങൾക്കും കാരണമാവുകയും ചെയ്തിട്ടുണ്ട്. പാപത്തിന്റെ രഹസ്യഭാരത്തിൽ നിന്ന് വിശ്വാസികളുടെ മനസ്സിനെ മോചിപ്പിച്ച് അവരെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ നിലനിൽക്കാൻ സഹായിക്കുന്ന അനുഷ്ഠാനമെന്ന് അത് വിശേഷിക്കപ്പെട്ടിട്ടുണ്ട്. പാപിയെ അത് നവീകരണത്തിന്റെ പ്രതീക്ഷനൽകി ആശ്വസിപ്പിക്കുന്നു. പ്രഖ്യാതതത്ത്വചിന്തകൻ ലീബ്നിറ്റ്സ് അതിനെ അത്ഭുതകരമായ അനുഷ്ഠാനം ("this wondrous institution) എന്നു പുകഴ്ത്തി. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തെതുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വിട്ടുപോയ സമൂഹങ്ങളിൽ ചെവിക്കുമ്പസാരം അപ്രത്യക്ഷമായതിനെച്ചോല്ലി ജർമ്മൻ കവി ഗൈഥേ വിലപിച്ചിട്ടുണ്ട്. "മനുഷ്യരാശിയിൽ നിന്ന് 'ചെവിക്കുമ്പസാരം' ഒരിക്കലും എടുത്തുമാറ്റരുതായിരുന്നു" എന്ന് അദ്ദേഹം എഴുതി. [18]


ഇരുപതാം നൂറ്റാണ്ടിലെ മനോവിജ്ഞാനി യുങ്ങും(C.G.Jung) കത്തോലിക്കാസഭയിലെ ചെവിക്കുമ്പസാരത്തിന്റെ നന്മകളെ പുകഴ്ത്തിയിട്ടുണ്ട്. "മനോരോഗചികിത്സകനോ പുരോഹിതനോ?" എന്ന പ്രബന്ധത്തിൽ യുങ്ങ് ഇങ്ങനെ നിരീക്ഷിക്കുന്നു:[19]

കത്തോലിക്കായാഥാസ്ഥിതികതയുടെ കടുത്തവിമർശകനായിരുന്ന വോൾട്ടയറുടെ നിരീക്ഷണം രസകരമാണ്. ചെയ്യുന്ന കുറ്റങ്ങൾ മറ്റൊരാളെ പറഞ്ഞറിയിക്കേണ്ടി വരുമെന്നതിനാൽ ചെവിക്കുമ്പസാരം കുറ്റകൃത്യങ്ങൾക്ക് വിലക്കായി പ്രവർത്തിച്ചേക്കാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

വിമർശനം[തിരുത്തുക]

ഏഡ്‌വേഡ് ഗിബ്ബൺ

അതേസമയം, വിശ്വാസികളുടെ മന:സാക്ഷിയുടെമേൽ പിടിമുറുക്കാനുള്ള പൗരോഹിത്യത്തിന്റെ തന്ത്രമാണ് ചെവിക്കുമ്പസാരം എന്ന വാദവും പ്രബലമാണ്. റോമാസാമ്രാജ്യത്തിന്റെ ക്ഷതി-പതനങ്ങളുടെ ചരിത്രമെഴുതിയ എഡ്‌വേർഡ് ഗിബ്ബണെപ്പോലുള്ളവർ ചെവിക്കുമ്പസാരത്തെ നിശിതമായി വിമർശിച്ചു. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ പാശ്ചാത്യസഭാമേൽക്കോയ്മയിലേക്ക് കൊണ്ടുവന്ന ഉദയമ്പേരൂർ സൂനഹദോസിൽ മുഖ്യപങ്കുവഹിച്ച മെനസിസ് മെത്രാപ്പോലീത്തയെക്കുറിച്ച് ഗിബ്ബൺ ഇങ്ങനെ എഴുതി:

പാപത്തെക്കുറിച്ചുള്ള മനസ്സിന്റെ നൊമ്പരത്തിൽ ഊന്നിയുള്ള കേരളക്രൈസ്തവരുടെ പിഴമൂളലിനെ അനുഷ്ടാനത്തിന്റെ കർക്കശമായ ചിട്ടകളും യാന്ത്രികമായ നൈയ്യാമികതയും ചേർന്ന ചെവിക്കുമ്പസാരമാക്കി മാറ്റി അധികാരത്തിന്റെ പേശികൾ പുഷ്ടിപ്പെടുത്തിയത് മതകൊളോനിയലിസം കടന്നുകയറിയപ്പോഴാണെന്ന് സ്കറിയ സക്കറിയ നിരീക്ഷിച്ചിട്ടുണ്ട്.[2]

'ദുരുപയോഗം'[തിരുത്തുക]

രാഷ്ട്രീയലക്‌ഷ്യങ്ങളുടെ ഉപകരണമായി കുമ്പസാരം തരംതാഴുന്നതിന് ഉദാഹരണങ്ങളുണ്ട്. ചക്രവർത്തിമാരും മാർപ്പാപ്പമാരുമായുള്ള കലഹത്തിൽ ചക്രവർത്തിയുടെ പക്ഷത്തുള്ളവർക്ക് പുരോഹിതന്മാർ പാപവിമോചനം നിഷേധിച്ച അവസരങ്ങളുണ്ട്. മതദ്രോഹവിചാരണകളിലും(Inquisition) കുമ്പസാരം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മിലാനിലെ മെത്രാപ്പോലീത്തയായിരുന്ന ചാൾസ് ബൊറെമിയോ പുണ്യവാളൻ(1538-84), മതദ്രോഹികളുടെ പേരുകൾ വെളിപ്പെടുത്താതെ കുമ്പസാരിക്കുന്നവർക്ക് പാപവിമോചനം നൽകരുതെന്ന് പുരോഹിതന്മാരോട് നിർദ്ദേശിച്ചത് ഇതിന് ഉദാഹരണമാണ്.[18] റഷ്യയിലെ പീറ്റർ ചക്രവർത്തി 1722-ൽ ഇറക്കിയ ഒരുത്തരവ്, ഭരണകൂടത്തിനെതിരെയുള്ള ഗൂഢാലോചനകളേയോ ചക്രവർത്തിയെ അപമാനിക്കുന്നതരം സംഭാഷണങ്ങളേയോ സംബന്ധിച്ചു കുമ്പസാരത്തിലൂടെ ലഭിക്കുന്ന അറിവ്, അധികാരികളെ അറിയിക്കാൻ പുരോഹിതന്മാരെ ബാദ്ധ്യസ്ഥരാക്കി. ഉത്തരവിന്റെ അവഗണനയ്ക്കു കഠിനശിക്ഷ നൽകാനും വ്യവസ്ഥയുണ്ടായിരുന്നു.[20]

"കാമാർത്തരായ പുരോഹിതബ്രഹ്മചാരികൾ കുമ്പസാരക്കൂട്ടിൽ ഭാര്യമാരുടേയും പെണ്മക്കളുടേയും മാനം കവർന്നേക്കുമെന്ന ഭീതി മദ്ധ്യയുഗം മുതൽ കത്തോലിക്കാ പുരുഷന്മാരെ അലട്ടിയിരുന്നതായി" ഡയർമെയ്ഡ് മക്കല്ലക് പറയുന്നു.[21][൬] പുരോഹിതർക്ക് വിവാഹം അനുവദിക്കപ്പെട്ടിട്ടുള്ള ചില പൗരസ്ത്യസഭകളിൽ, സ്ത്രീകൾ വിവാഹിതരായ പുരോഹിതന്മാരുടെ അടുത്തു മാത്രമേ കുമ്പസാരിക്കാവൂ എന്ന നിഷ്കർഷയുണ്ടെന്ന് ഡി. ബാബു പോൾ പറയുന്നു[22]

കുറിപ്പുകൾ[തിരുത്തുക]

 • ^ "മനസ്താപക്കാരൻ ഒരേ സമയം കുറ്റാരോപകനും പ്രതിയും സാക്ഷിയും ആകുന്ന നിയമനടപടിയാണിത്. പുരോഹിതനാകട്ടെ, വിധിപറയുകയും, ശിക്ഷ തീരുമാനിക്കുകയും ചെയ്യുന്നു."(It is a judicial process in which the penitent is at once the accuser, the person accused, and the witness, while the priest pronounces judgment and sentence.) [23]
 • ^ കാനോനകളിൽ ഏഴുകൂദാശകളുടെ പേരുകൾ, മാമ്മോദീസാ, ഒപ്പറുശുമ, കുർവ്വാന, കുമ്പസാരം, ഒടുക്കപ്പുറുശുമ, പട്ടം, പെങ്കെട്ട് എന്നിങ്ങനെയാണ് കൊടുത്തിരിക്കുന്നത്.
 • ^ കുമ്പസാരത്തിനുള്ള ജപത്തിന്റെ സമാപനഭാഗം പാപമോചനത്തിനുശേഷമാണ് ചൊല്ലേണ്ടത്.
 • ^ പ്രസിദ്ധമായ ഈ പ്രാർത്ഥന, "ഞാൻ പിഴയാളി"(ഞാൻ തെറ്റുകാരനാണ്) എന്നും അറിയപ്പെടുന്നു. ലത്തീനിൽ ഇത് "മിയാ കുൽപ" (Mea Culpa) ആണ്. "Mea Culpa, Mea Culpa, Mea Maxima Culpa" എന്നാണ് അതിന്റെ കാതലായ ഭാഗം. കുറ്റസമ്മതം അർത്ഥമാക്കിയുള്ള "Mea Culpa" എന്ന ഇംഗ്ലീഷ് പ്രയോഗത്തിനു പിന്നിൽ ഈ പ്രാത്ഥനയാണ്.
 • ^ "....without forgettigng Auricular Confession, the strongest engine of ecclesiastical torture.[24]
 • ^ "........neurosis of the Catholic layman since the High Middle Ages that his wife or daughter would be seduced in the confessional by lustful celibate priests."[21]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ബുദ്ധനും ബുദ്ധമതവും,Literary Works of Sanderson Beck
 2. 2.0 2.1 സ്കറിയ സക്കറിയ - ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഉപോത്ഘാതം
 3. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
 4. 4.0 4.1 A New Catechism, Catholic Faith for Adults, Herder & Herder(പുറങ്ങൾ 458-9)
 5. Hanna, E. (1911). The Sacrament of Penance. In The Catholic Encyclopedia. New York: Robert Appleton Company. Retrieved September 14, 2008 from New Advent: http://www.newadvent.org/cathen/11618c.htm
 6. കുമ്പസാരത്തിനുള്ള ജപം വിക്കിഗ്രന്ഥശാലയിൽ
 7. എറണാകുളം അതിരൂപതയുടെ വേദാദ്ധ്യാപന വിഭാഗം പ്രസിദ്ധീകരിച്ച കുടുംബപ്രാർത്ഥനകൾ (പുറം 7)
 8. മനഃസ്താപപ്രകരണം വിക്കിഗ്രന്ഥശാലയിൽ
 9. ഡയർമെയ്ഡ് മക്കല്ലക്ക്, ക്രിസ്റ്റ്യാനിറ്റി, ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേയ്സ് (പുറം 405)
 10. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-26. Retrieved 2014-07-06.
 11. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-22. Retrieved 2014-07-06.
 12. (Proviso to Canon 113 of the Code of 1603, retained in the Supplement to the present Code)
 13. Becker, Michael Confession: None must, All may, Some should
 14. മത്തായി എഴുതിയ സുവിശേഷം 18:15-20.
 15. ലൂഥറൻ സഭയുടെ ആഗ്സ്ബർഗ് വിശ്വാസപ്രഖ്യാപനം-XI; പത്തൊൻപതാം സങ്കീർത്തനം, വാക്യം 12
 16. മോർമണിന്റെ പുസ്തകം - മൊറോണി 6:7
 17. New Era: Confession
 18. 18.0 18.1 വിൽ ഡുറാന്റ്, സംസ്കാരത്തിന്റെ കഥ(നാലാം ഭാഗം)- വിശ്വാസത്തിന്റെ യുഗം
 19. സി.ജി. യുങ്ങ് - ആത്മാവുതേടുന്ന ആധുനിക മനുഷ്യൻ എന്ന ഗ്രന്ഥത്തിലെ "മനോരോഗചികിത്സകനോ പുരോഹിതനോ?" എന്ന പ്രബന്ധം
 20. ഡയർമെയ്ഡ് മക്കല്ലക്ക്, "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറം 543)
 21. 21.0 21.1 "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറം 846)
 22. ഡി. ബാബു പോൾ, വിശ്വാസപ്രമാണങ്ങൾ എന്ന കൃതിയിലെ "പണിയല്ല, വിളിയാണ്" എന്ന ലേഖനം (പുറം 106)
 23. The Sacrament of Penance -കത്തോലിക്കാ വിജ്ഞാനകോശം
 24. ഗിബ്ബൺ - റോമാസാമ്രാജ്യത്തിന്റെ ക്ഷയ-പതനങ്ങളുടെ ചരിത്രം - അദ്ധ്യായം 47

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുമ്പസാരം&oldid=3952684" എന്ന താളിൽനിന്ന് ശേഖരിച്ചത്