Jump to content

ഓർത്തഡോൿസ്‌ സഭകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരളത്തിലെ ഓർത്തഡോക്സ് സഭകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിൽ പെടാത്ത മുഖ്യ ക്രിസ്തീയസഭാ വിഭാഗങ്ങളാണ് വിവിധ ഓർത്തഡോക്സ് സഭകൾ (Orthodox Churches). ബൈസാന്ത്യൻ സാമ്രാജ്യത്തിൽ ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന പ്രദേശങ്ങളിൽ ഉടലെടുത്ത ക്രിസ്ത്യൻ സഭയെ അല്ലെങ്കിൽ സഭകളുടെ കൂട്ടായ്മയെ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നു വിവക്ഷിക്കുന്നു.[1] ബൈസാന്ത്യൻ സാമ്രാജ്യത്തിനു പുറത്തുണ്ടായിരുന്നതും ഗ്രീക്ക് ഭാഷാ പ്രദേശങ്ങളല്ലാത്തതുമായ അർമേനിയ, എത്യോപ്യ തുടങ്ങിയ നാടുകളിൽ ആദിമ നൂറ്റാണ്ടുകളിൽ രൂപംകൊണ്ട സഭകൾ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്നറിയപ്പെടുന്നു. ശരിയായ അല്ലെങ്കിൽ സത്യമായ എന്നർത്ഥമുള്ള ഓർത്തോസ്, വിശ്വാസം, അഭിപ്രായം, സ്തോത്രം, പുകഴ്ച എന്നൊക്കെ അർത്ഥം വരുന്ന ഡോക്സോസ് എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നാണ് സത്യ വിശ്വാസം, ശരിയായ സ്തുതിപ്പ് എന്നൊക്കെ[൧] അർത്ഥമുള്ള ഓർത്തഡോക്സ് എന്ന പദം രൂപം കൊണ്ടത്. വിപുലവും പുരാതനവുമായ ആരാധനാക്രമങ്ങൾ ഓർത്തഡോക്സ് സഭകൾ ഉപയോഗിക്കുന്നു.[1]

ഓർത്തഡോക്സ് സഭകൾക്കിടയിൽ പൗരസ്ത്യ ഓർത്തഡോക്സ്, ഓറിയന്റൽ ഓർത്തഡോക്സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്.[൨] ഇരു വിഭാഗങ്ങളും തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. ഇതുകൂടാതെ അസ്സീറിയൻ പൗരസ്ത്യ സഭ, പുരാതന പൗരസ്ത്യ സഭ എന്നീ രണ്ടു സ്വതന്ത്ര സഭകളും. ഗ്രീസ്, റഷ്യ, ഉക്രൈൻ, ബെലാറസ്, ബൾഗേറിയ, റുമേനിയ, സെർബിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന മതവും മധ്യപൂർവ്വ രാജ്യങ്ങളിലെ ഗണ്യമായ ന്യൂനപക്ഷമതവുമാണ് പൗരസ്ത്യ ഓർത്തഡോക്സ് സഭ. എത്യോപ്യയിലെയും അർമേനിയയിലെയും പ്രധാന മതവും ഈജിപ്തിലെ പ്രധാന ന്യൂനപക്ഷമതവിഭാഗവുമാണ് ഓറിയന്റൽ ഓർത്തഡോക്സ്. തെക്കൻ ഏഷ്യയിലും തെക്ക്-പടിഞ്ഞാറൻ ഏഷ്യയിലും ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിലുള്ള വിശ്വാസികളുണ്ട്.[2]

ചരിത്രം

[തിരുത്തുക]
കോൺസ്റ്റന്റിനേപ്പാളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയ ഒന്നാമൻ, പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ സമന്മാരിൽ മുമ്പനായ മേലധ്യക്ഷൻ

കല്ക്കിദോൻ സുന്നഹദോസും പിളർപ്പും

[തിരുത്തുക]
കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ പോപ്പ് തേവോദോറസ്, ഓറിയന്റൽ ഓർത്തഡോക്സ് സഭാ മേലധ്യക്ഷന്മാരിലൊരാൾ

ക്രിസ്തുവർഷം 451-ൽ കൂടിയ കൽക്കിദോൻ സുന്നഹദോസ് വരെ വിവിധ പ്രദേശങ്ങളിൽ നിലവിലിരുന്ന സഭകൾ വിശ്വാസപരമായ ഐക്യത്തിൽ ഏകസഭയെന്ന നിലയിൽ വർത്തിച്ചിരുന്നു. ഈ സുന്നഹദോസിൽ യേശുവിന്റെ ദൈവ-മനുഷ്യ പ്രകൃതങ്ങൾക്ക് നൽകപ്പെട്ട ദൈവശാസ്ത്രപരമായ നിർവ്വചനം രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയാക്കുകയും സഭകൾ ഇരുവിഭാഗങ്ങളായി ചേരിതിരിയുകയും ചെയ്തു.

ക്രിസ്തീയ സഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളർപ്പാണു് കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഈ പിളർപ്പ്. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയർക്കാസനങ്ങളിൽ (patriarchates) കൽക്കദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ച റോമാ(റോമൻ കത്തോലിക്കാ സഭ) പാത്രിയർക്കാസനവും കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും കൽക്കദോൻ സഭകൾ എന്നു അറിയപ്പെട്ടു. കൽക്കദോൻ സുന്നഹദോസിലൂടെ ഇവർ അംഗീകരിച്ച ക്രിസ്തുശാസ്ത്ര നിലപാടിനെ ഡയോഫിസൈറ്റിസം (ഇരുസ്വഭാവവാദം) എന്നു അറിയപ്പെടുന്നു.[൩] അലക്സാന്ത്രിയൻ(ഈജിപ്ത്, എത്യോപ്യ) പാത്രിയർക്കാസനവും അന്ത്യോഖ്യൻ(സിറിയ) പാത്രിയർക്കാസനവുമാണു് സുന്നഹദോസ് വിരുദ്ധ നിലപാടെടുത്തതു്. റോമാസാമ്രാജ്യത്തിന് പുറത്തു് അക്കാലത്തുണ്ടായിരുന്ന ആർമീനിയൻ സഭയും ഇവരോടു യോജിച്ചു. അകൽക്കദോന്യ സഭകൾ എന്ന് അറിയപ്പെട്ട ഇവർ പിൽക്കാലത്ത് ഓറിയന്റൽ ഓർത്തഡോക്സ് എന്ന് പേരു സ്വീകരിച്ചു.

കല്ക്കിദോന്യസഭകളെന്ന നിലയിൽ ഒന്നിച്ചു് നിന്ന റോമാ(കത്തോലിക്കാ സഭ) പാത്രിയർക്കാസനവും കുസ്തന്തീനോപൊലിസ് (ബൈസാന്ത്യൻ സഭ) പാത്രിയർക്കാസനവും ആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാസാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക സഭകളായി മാറിയിരുന്നു. പിൽക്കാല അധികാരമാത്സര്യങ്ങളും വിശ്വാസതർക്കങ്ങളും ഇവരുടെ ഐക്യത്തെയും ഉലച്ചു. കുസ്തന്തീനോപൊലിസ് പാത്രിയർക്കാസനത്തിൽ ഉൾപ്പെട്ടിരുന്ന സഭകൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്നു.

പുനരൈക്യശ്രമങ്ങൾ

[തിരുത്തുക]

പൗരസ്ത്യ ഓർത്തഡോക്സ് , ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിൽ നൂറ്റാണ്ടുകളായി തങ്ങളെ ഭിന്നിപ്പിച്ചിരിക്കുന്ന പിളർപ്പുകളെ ഇല്ലാതാക്കുവാനുള്ള സംവാദങ്ങൾ പുരോഗമിക്കുന്നുണ്ട്. ഈ സംവാദങ്ങൾ ഒരു വലിയ അളവ് പരസ്പര ധാരണകളിലേക്കും സംയുക്ത പ്രസ്താവനകളിലേക്കും വളർന്നെങ്കിലും[3] കൂദാശാപരമായി പൂർണ്ണ സംസർഗ്ഗത്തിലെത്തിയിട്ടില്ല.

ആരാധനാ ക്രമം

[തിരുത്തുക]

ലത്തീൻ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയുള്ള പാശ്ചാത്യ റീത്ത് ഓർത്തഡോക്സ് വിഭാഗത്തിൽ പെട്ട കുറച്ച് ഇടവകകൾ ഒഴികെയുള്ള പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ ദേവാലയങ്ങളിൽ ബൈസാന്ത്യൻ ക്രമത്തിലുള്ള ആരാധനക്രമമാണ് എല്ലാ ഭാഷകളിലും ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ വളരെ വൈവിധ്യമാർന്ന ആരാധനാക്രമങ്ങൾ നിലവിലിരിക്കുന്നു.

കേരളത്തിലെ ഓർത്തഡോക്സ് സഭകൾ

[തിരുത്തുക]

കേരളത്തിലെ ഓർത്തഡോക്സ് സഭകൾ ഓറിയന്റൽ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ ആറ് അംഗസഭകളിലെ രണ്ടെണ്ണമാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ(ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ)യും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ഉൾപ്പെടുന്ന സുറിയാനി ഓർത്തഡോക്സ്‌ സഭയും. ഓറിയന്റൽ സഭാകുടുംബത്തിലെ അംഗസഭയല്ലെങ്കിലും ഓറിയന്റൽ വിശ്വാസവും പാരമ്പര്യങ്ങളും പുലർത്തുന്ന കേരളത്തിലെ മറ്റൊരു സഭയാണ് മലബാർ സ്വതന്ത്ര സുറിയാനി സഭ.

കുറിപ്പുകൾ

[തിരുത്തുക]

^ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം എന്ന് പഴയ മലയാളം പരിഭാഷ.
^ ഓറിയന്റൽ എന്ന വാക്കിനും പൗരസ്ത്യം എന്നർത്ഥമുള്ളതിനാൽ ഈ പേരുകൾ ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്.
^ കൽക്കദോന്യ സഭകൾ ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ മോണോഫിസൈറ്റ് അഥവാ ഏകസ്വഭാവവാദ സഭകൾ എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും ഈ വിശേഷണത്തെ തിരസ്കരിക്കുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തങ്ങളുടെ ക്രിസ്തുശാസ്ത്രത്തെ മിയാഫിസൈറ്റിസം എന്നു വിളിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ഓർത്തഡോക്സ് സഭ". ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ ഓൺലൈൻ പതിപ്പ്. Archived from the original on 2013-06-22. Retrieved ജൂൺ 2, 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "David J. Goa, "ഓർത്തഡോക്സ് സഭ" ദ കനേഡിയൻ എൻസൈക്ലോപീഡിയയുടെ ഓൺലൈൻ പതിപ്പ്". Archived from the original on 2013-06-10. Retrieved 2013-06-02.
  3. ഗ്രോത്ത് ഇൻ എഗ്രിമെന്റ് II, by Jeffrey Gros, Harding Meyer, William G. Rusch (Eerdmans Publishing, 2000 ISBN 978-2-8254-1329-6) അധ്യായം VIII: പൗരസ്ത്യ ഓർത്തഡോക്സ്-ഓറിയന്റൽ ഓർത്തഡോക്സ് സംവാദം