എൽ ഗ്രെക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽ ഗ്രെക്കോ
"ഒരു മനുഷ്യന്റെ ഛായാപടം"
1595–1600 കാലത്തെ ഈ സൃഷ്ടി, എൽ ഗ്രെക്കോ വരച്ച സ്വന്തം ചിത്രമാണെന്നു കരുതപ്പെടുന്നു. ഇത്, ന്യൂ യോർക്കിലെ മെട്രോപൊളിറ്റൻ കലാമ്യൂസിയത്തിലാണിപ്പോൾ.[1]
ജനനം
ഡോമിനിക്കോസ് തിയൊടോക്കോപൗലോസ്

1541
ആധുനിക ക്രീറ്റിലെ കാൻഡിയ രാജ്യം (കൃത്യമായ ജന്മസ്ഥാനം നിശ്ചയമില്ല)
മരണംഏപ്രിൽ 7, 1614 (വയസ്സ് 72–73)
ടൊളീഡോ, സ്പെയിൻ
അറിയപ്പെടുന്നത്ചിത്രകല, ശില്പം, വാസ്തുവിദ്യ
അറിയപ്പെടുന്ന കൃതി
യേശുവിന്റെ വസ്ത്രം ഉരിഞ്ഞുമാറ്റൽ (1577–1579)
മാതാവിന്റെ സ്വർഗ്ഗാരോപണം (1577–1579)
ഒർഗാസിലെ പ്രഭുവിന്റെ ശവസംസ്കാരം (1586–1588)
ടൊളീഡോയുടെ കാഴ്ച (1596–1600)
അഞ്ചാം മുദ്രയുടെ തുറവി (1608–1614)
"തോട്ടത്തിലെ പീഡാസഹനം"(1608)
പ്രസ്ഥാനംമാനറിസം

സ്പാനിഷ് നവോത്ഥാനയുഗത്തിലെ (ജനനം 1541; മരണം 7 ഏപ്രിൽ 1614) ഒരു ചിത്രകാരനും, ശില്പിയും, വാസ്തുവിദഗ്ദ്ധനുമായിരുന്നു ആദ്യം ഡൊമിനിക്കോസ് തിയോടൊക്കോ പൗലോസ് എന്നു പേരുണ്ടായിരുന്ന എൽ ഗ്രെക്കോ. ഗ്രീക്ക് പശ്ചാത്തലമുള്ള മദ്ധ്യധരണിദ്വീപായ ക്രീറ്റിൽ ജനിച്ച അദ്ദേഹത്തിന്റെ ദേശീയതയും പശ്ചാത്തലവും സൂചിപ്പിക്കുന്ന പേരാണ്, 'ഗ്രീക്കുകാരൻ'(the Greek) എന്നർത്ഥമുള്ള എൽ ഗ്രെക്കോ. സ്വന്തം സൃഷ്ടികളിൽ അദ്ദേഹം ഗ്രീക്ക് അക്ഷരങ്ങളിൽ ഡോമിനിക്കോ തിയൊടോക്കോപൗലൊസ് എന്നാണ് സാധാരണ ഒപ്പിട്ടിരുന്നത്. ചിലപ്പോൾ, 'ക്രീറ്റുകാരൻ' എന്നു കൂടി ഒപ്പിൽ എഴുതിച്ചേർത്തിരുന്നു.

ക്രീറ്റ്[തിരുത്തുക]

1453-ൽ കോൺസ്റ്റാന്റിനോപ്പിളിലെ ഇസ്ലാമിക അധിനിവേശത്തെ തുടർന്ന് അവിടന്നു പലായനം ചെയ്ത് ക്രീറ്റിലെത്തിയവരായിരുന്നിരിക്കാം എൽ ഗ്രെക്കോയുടെ പൂർവികർ. ക്രീറ്റിലെ ആദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.[2] അദ്ദേഹത്തിന്റെ ജനനകാലത്ത് ജന്മനാടായ ക്രീറ്റ്, വെനീസിന്റെ ഭാഗവും ബൈസാന്തിയാനന്തരകാലത്തെ കലയുടെ കേന്ദ്രവുമായിരുന്നു. ആ കലാശൈലിയിൽ പ്രാവീണ്യം നേടിയശേഷം അദ്ദേഹം 26-ആമത്തെ വയസ്സിൽ, മുൻകാലങ്ങളിൽ പല ഗ്രീക്കു കലാകാരന്മാരും ചെയ്തിട്ടുള്ളതു പോലെ വെനീസിലേക്കു പോയി.[3]

വെനീസ്, റോം[തിരുത്തുക]

വെനീസിൽ എൽ ഗ്രെക്കോ, രണ്ടുമൂന്നു വർഷക്കാലം വിഖ്യാതചിത്രകാരൻ ടിഷന്റെ കീഴിൽ പരിശീലനം നേടി. തുടർന്ന് വെനീസിലും പാർമായിലും ഫ്ലോറൻസിലുമെല്ലാം പ്രസിദ്ധചിത്രങ്ങൾ പകർത്തിയും മറ്റും പരിശീലനം നേടിയ അദ്ദേഹം 1570-ൽ റോമിലേക്കു പോയി. അവിടെ എൽ ഗ്രെക്കോ ഒരു പ്രവൃത്തിയിടം (വർക്ക്ഷോപ്പ്) സ്ഥാപിക്കുകയും ഒരു പരമ്പര ചിത്രങ്ങൾ തീർക്കുകയും ചെയ്തു. ഇറ്റലിയിൽ കഴിഞ്ഞ ഇക്കാലത്ത് അദ്ദേഹത്തിന്റെ കല മാനറിസത്തിന്റേയും ഇറ്റാലിയൻ നവോത്ഥാനകലയുടേയും ഘടകങ്ങൾ ചേർന്നു പുഷ്ടിപ്പെട്ടു. മൈക്കലാഞ്ജലോ മരിച്ചതിനടുത്ത കാലത്താണ് എൽ ഗ്രെക്കോ റോമിലെത്തിയത്. അവിടെ, മൈക്കലാഞ്ജലോയുടെ അന്ത്യവിധി എന്ന ചിത്രത്തിലെ നഗ്നതയുടെ ധാരാളിത്തത്തെ സംബന്ധിച്ച തർക്കത്തിനിടെ, അതിന്റെ സ്ഥാനത്ത് അതിനേക്കാൾ കലാമികവും വസ്ത്രപൂർണ്ണതയുമുള്ള മറ്റൊരു ചിത്രം വരക്കാൻ തനിക്കാകുമെന്ന് അവകാശപ്പെട്ടു. അതോടെ റോമിലെ കലാകാരന്മാർക്ക് അദ്ദേഹം അനഭിമതനായി.

സ്പെയിൻ[തിരുത്തുക]

മാതാവിന്റെ സ്വർഗ്ഗാരോപണം, എൽഗ്രെക്കോയുടെ പ്രസിദ്ധരചനകളിൽ ഒന്ന്

1575-നടുത്ത് സ്പെയിനിലെ ടൊളീഡോയിലെത്തിയ എൽ ഗ്രെക്കോ മരണം വരെ അവിടെയായിരുന്നു. സ്പാനിഷ് ക്രിസ്തീയതയുടെ രാജധാനിതന്നെയായിരുന്നു അക്കാലത്ത് ടോളീഡോ. അവിടെ പല കലാനിർവഹണങ്ങൾക്കും നിയുക്തി കിട്ടിയ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളെല്ലാം അക്കാലത്തുണ്ടായവയാണ്. ടൊളേഡോയിലെ സാന്തോ ഡൊമിനിങ്കോ എൽ അന്റിഗുവോ പള്ളിയുടെ അൾത്താരക്കു വേണ്ടി അദ്ദേഹം "മാതാവിന്റെ സ്വർഗ്ഗാരോപണം" എന്ന പ്രസിദ്ധചിത്രം തീർത്തു. ഇപ്പോൾ ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇതുള്ളത്.

ഓർഗാസിലെ പ്രഭുവിന്റെ ശവസംസ്കാരം, എൽ ഗ്രെക്കോയുടെ നായകശില്പം

ടൊളേഡോയിലെ തന്നെ ഭദ്രാസനപ്പള്ളിക്കു വേണ്ടി ഇക്കാലത്തദ്ദേഹം "യേശുവിന്റെ വിവസ്ത്രീകരണം" എന്ന ചിത്രവും നിർവഹിച്ചു. ഈ ചിത്രം പരിശോധിച്ചു വിലയിരുത്താൻ നിയോഗിക്കപ്പെട്ട ഒരു വിദഗ്ദ്ധസംഘം, അതിൽ യേശുവിന്റെ വസ്ത്രത്തിനുള്ള ചുവപ്പുനിറത്തിന്റെ ആധിക്യത്തെക്കുറിച്ചു പരാതിപ്പെട്ടു. ചിത്രത്തിന്റെ താഴെ ഇടത്തേ മൂലയിലുള്ള മൂന്നു മറിയകൾക്ക് അവിടെ സ്ഥാനമില്ലെന്നും അവർ കരുതി. ഈ കുറവുകളെല്ലാം കണ്ടെങ്കിലും പൊതുവേ അസാമാന്യമികവുള്ള ചിത്രമായി അതിനെ വിലയിരുത്തുകയും ചെയ്തു അവർ.[2]

ഇടയ്ക്ക് ടൊളീഡോ വിട്ടുപോയ എൽ ഗ്രെക്കോ, ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ ആഗ്രഹപ്രകാരമുള്ള ഒന്നു രണ്ടു ചിത്രങ്ങളുടെ രചനയിൽ മുഴുകി. എന്നാൽ ഈ ചിത്രങ്ങൾ രാജാവിന് ഇഷ്ടപ്പെടാതിരുന്നതോടെ അദ്ദേഹം തലസ്ഥാനത്തു നിന്നു ടൊളീഡോയിലേക്കു മടങ്ങി. അവിടെ അദ്ദേഹം തന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നു നിർവഹിച്ചു. ചിത്രകലയുടെ ചരിത്രത്തിലെ സർവശ്രേഷ്ഠരചനകളിലൊന്നും എൽ ഗ്രെക്കോയുടെ നായകശില്പവുമായി കരുതപ്പെടുന്ന "ഒർഗാസിലെ പ്രഭുവിന്റെ ശവസംസ്കാരം" എന്ന ചിത്രമായിരുന്നു അത്. നഗരത്തിലെ സാന്തോ തോമേ പള്ളിക്കുവേണ്ടി നിർവഹിച്ച ഈ ചിത്രത്തിന്റെ ഖ്യാതി, ദൂരദിക്കുകളിൽ നിന്നു പോലും കലാപ്രേമികളെ ടൊളീഡോയിലെത്തിച്ചു. എന്നാൽ ചിത്രം പൂർത്തിയായപ്പോൾ, ചിത്രകാരനു പ്രതിഫലം കൊടുക്കാൻ പള്ളിഭരണസമിതി അമാന്തിച്ചതിനാൽ ടൊളീഡോക്കു കോടതിയെ സമീപിക്കേണ്ടി വന്നു.[2]

വിലയിരുത്തൽ[തിരുത്തുക]

എൽ ഗ്രെക്കോ വരച്ച യേശുവിന്റെ വിവസ്ത്രീകരണം

ചിത്രകലയുടെ ലോകത്ത് എൽ ഗ്രെക്കോയ്ക്ക് ഇന്നുള്ള യശ്ശസ്സ് പിൽക്കാലങ്ങളിൽ രൂപപ്പെട്ടതാണ്. എൽ ഗ്രെക്കോയുടെ നാടകീയത നിറഞ്ഞ 'എക്പ്രഷനിസ്റ്റ്' ശൈലി സമകാലീനരെ അമ്പരപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. മരിച്ച് ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം കാലം അദ്ദേഹം മിക്കവാറും വിസ്മരിക്കപ്പെട്ടു. എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിയപ്പെട്ടു. പതിനെട്ടം നൂറ്റാണ്ടിൽ വാൻഗോഗും പോൾ ഗൊഗാനും അദ്ദേഹത്തോടുള്ള കടപ്പാട് ഏറ്റുപറഞ്ഞു.[2]

20-ആം നൂറ്റാണ്ടിലെ കലാപ്രസ്ഥാനങ്ങൾ അദ്ദേഹത്തെ കൂടുതൽ മാനിച്ചു. 'എക്സ്പ്രഷനിസം', 'ക്യൂബിസം' തുടങ്ങി ചിത്രകലയിലെ ആധുനികപ്രസ്ഥാനങ്ങളുടെ പൂർവഗാമിയായി കരുതപ്പെടുന്ന അദ്ദേഹം, റെയ്നർ മരിയ റിൽക്കെ, നിക്കോസ് കസൻ‌ദ്സക്കിസ് തുടങ്ങിയ സാഹിത്യപ്രതിഭകളേയും സ്വാധീനിച്ചു. ഒരു കലാപ്രസ്ഥാനത്തിലും ഉൾപ്പെടുത്താൻ പറ്റാത്തവിധം വ്യക്തിനിഷ്ഠമായിരുന്നു അദ്ദേഹത്തിന്റെ കല എന്നു വിലയിരുത്തപ്പെടുന്നു.[4] വലിച്ചുനീട്ടിയ ആൾരൂപങ്ങളുടേയും ബൈസാന്തിയൻ, പാശ്ചാത്യകലകളുടെ മിശ്രണം സൂചിപ്പിച്ച വിചിത്രവും മായാനുഭവജന്യവുമായ നിറച്ചേരുവകളുടേയും പേരിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.[5]

നുറുങ്ങുകൾ[തിരുത്തുക]

യേശുവിന്റെ വിവസ്ത്രീകരണം എന്ന ചിത്രത്തിലെ മൂന്നു മേരിമാരിലൊരുവൾക്ക് ചിത്രകാരൻ നൽകിയത്, ദീർഘകാലം തന്റെ കാമുകിയായിരുന്ന ഡോണ ജെറോമിന ഡിലാസ് സൂവാസിന്റെ മുഖരൂപമായിരുന്നു. അവളുടെ മുഖം എൽ ഗ്രെക്കോയുടെ മറ്റു പല ചിത്രങ്ങളിലുമുണ്ട്. ഒർഗാസിലെ പ്രഭുവിന്റെ ശവസംസ്കാരം എന്ന ചിത്രത്തിൽ എൽ ഗ്രെക്കോയുടേയും അദ്ദേഹത്തിന്റെ എട്ടുവയസ്സുള്ള മകൻ ജോർജ്ജ് മാനുവേലിന്റേയും രൂപങ്ങളുമുണ്ട്.[2]

അവലംബം[തിരുത്തുക]

  1. Metropolitan Museum of Art
  2. 2.0 2.1 2.2 2.3 2.4 വിൽ, ഏരിയൽ ഡുറാന്റുമാർ, "ദ ഏയ്ജ് ഓഫ് റീസൻ ബിഗിൻസ്", സംസ്കാരത്തിന്റെ കഥ ഏഴാം ഭാഗം (പുറങ്ങൾ 316-20)
  3. J. Brown, El Greco of Toledo, 75–77
  4. "Greco, El". Encyclopædia Britannica. 2002.
  5. . Lambraki-Plaka, El Greco—The Greek, 60
"https://ml.wikipedia.org/w/index.php?title=എൽ_ഗ്രെക്കോ&oldid=2311605" എന്ന താളിൽനിന്ന് ശേഖരിച്ചത്