Jump to content

നിക്കോസ് കസൻ‌ദ്സക്കിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോസ് കസൻ‌ദ്സക്കിസ്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും ദാർശനികനുമായിരുന്നു നിക്കോസ് കസൻ‌ദ്സക്കിസ് (ഗ്രീക്ക്: Νίκος Καζαντζάκης).[1] ഓട്ടമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ക്രീറ്റിലെ ഹെരാക്ലിയോണിൽ 1883, ഫെബ്രുവരി 18-ന്‌ ജനിച്ച അദ്ദേഹം, ജർമ്മനിയിലെ ഫ്രീബർഗ്ഗിൽ 1957 ഒക്ടോബർ 26-ന്‌ അന്തരിച്ചു. മരണാനന്തരം, 1964-ൽ, അദ്ദേഹത്തിന്റെ നോവലുകളിലൊന്നായ "ഗ്രീക്കുകാരൻ സോർബാ"-യുടെ ചലച്ചിത്രഭാഷ്യം വെളിച്ചം കണ്ടതോടെയാണ്‌ കസൻ‌ദ്സക്കിസ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ജീവിതം

[തിരുത്തുക]

കസാൻ‌ദ്സക്കിസ് ജനിക്കുമ്പോൾ ക്രീറ്റ് തുർക്കിയുടെ ഓട്ടമൻ സാമ്രാജ്യത്തിന്റെ അധിനിവേശത്തിലായിരുന്നു. കസാൻ‌ദ്സകിസ് എന്ന കുടുംബപ്പേര്‌ കുട്ടകം(cauldron) എന്നർത്ഥമുള്ള "ഖസാൻസി" എന്ന തുർക്കി ഭാഷാപദത്തിൽ നിന്ന് സിദ്ധിച്ചതും കുട്ടകക്കാരൻ എന്നു പരിഭാഷപ്പെടുത്താവുന്നതുമാണ്‌‌. വലിയ പാത്രങ്ങൾ നിർമ്മിക്കുകയും, കേടുപാടുകൾ നീക്കുകയും വിൽക്കുകയും ചെയ്യുന്ന തൊഴിലിനെയാണ്‌ അതു സൂചിപ്പിക്കുന്നത്.


കസാൻ‌ദ്സക്കിസിന്റെ ബാല്യകാലത്ത്, ഓട്ടമൻ ആധിപത്യത്തിൽ നിന്നുള്ള മോചനത്തിനും ഗ്രീസിന്റെ ഭാഗമായിത്തീരുന്നതിനും വേണ്ടിയുള്ള ജനമുന്നേറ്റങ്ങൾ ക്രീറ്റിൽ പതിവായിരുന്നു. 1902 മുതൽ കസൻ‌ദ്സക്കിസ് ആഥൻസ് സർ‌വകലാശാലയിൽ നിയമം പഠിച്ചു. 1907-ൽ അദ്ദേഹം തത്ത്വചിന്ത പഠിക്കാനായി പാരിസിലേയ്ക്കു പോയി. അവിടെ അദ്ദേഹം ഹെൻറി ബേർഗ്സന്റെ സ്വാധീനത്തിൽ വന്നു. ഗ്രീസിൽ മടങ്ങിയെത്തിയ കസൻ‌ദ്സക്കിസ് ദാർശനികരചനകൾ പരിഭാഷപ്പെടുത്താൻ തുടങ്ങി. 1914-ൽ അദ്ദേഹം കവിയും നാടകകൃത്തുമായ അഞ്ജലസ് സിഖെലിയാനസിനെ പരിചയപ്പെട്ടു. സിഖലിയാനസിന്റെ ദേശീയവാദ മനസ്ഥിതിയുടെ സ്വാധീനത്തിൽ അവരിരുവരും ഗ്രീക്ക് ഓർത്തഡോക്സ് ക്രിസ്തീയ സംസ്കാരം പ്രബലമായിരുന്ന പ്രദേശങ്ങൾ ചുറ്റിക്കറങ്ങി.

1911-ൽ കസൻ‌ദ്സക്കിസ് ഗലാതിയ അൽക്സിയൗവിനെ വിവാഹം കഴിച്ചെങ്കിലും 1926-ൽ അവർ വിവാഹമോചിതരായി. 1945-ൽ അദ്ദേഹം എലേനി സമിയൗവിനെ വിവാഹം കഴിച്ചു. 1922-നും 1957-ലെ മരണത്തിനും ഇടയ്ക്ക് അദ്ദേഹം ഒട്ടേറെ നാടുകളിൽ സഞ്ചരിച്ചു. ജർമ്മനി, ഫ്രാൻസ്(1922-1924), ഇറ്റലി, റഷ്യ(1925), സ്പെയിൻ(1932), സൈപ്രസ്, ഈജിപ്ത്, ചെക്കോസ്ലോവാക്യ, ചൈന, ജപ്പാൻ എന്നിവ അദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളിൽ ചിലതാണ്‌.

ക്രീറ്റിലെ ഹെരാക്ലിയോൺ നഗരത്തിന്റെ ഭിത്തിയോടു ചേർന്നുള്ള കസൻ‌ദ്സക്കിസിന്റെ സംസ്കാരസ്ഥാനത്തു നിന്നുള്ള സന്ധ്യാദൃശ്യം - ഓർത്തഡോക്സ് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്‌ സിമിത്തേരിയിൽ സംസ്കാരം നിഷേധിക്കപ്പെട്ടു.

സംഘർഷം നിറഞ്ഞ രാഷ്ടീയ കാലാവസ്ഥ നിലനിന്നിരുന്ന ബെർളിനിൽ ആയിരിക്കെ കമ്മ്യൂണിസത്തെ കണ്ടെത്തിയ കസൻ‌ദ്സക്കിസ് ലെനിന്റെ ആരാധകനായിത്തീർന്നു. ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൂർണ്ണപ്രതിബദ്ധത അർപ്പിച്ചില്ലെങ്കിലും അദ്ദേഹം സോവിയറ്റ് യൂണിയൻ സന്ദർശിക്കുകയും ഇടതുപക്ഷ രാഷ്ടീയക്കാരനും എഴുത്തുകാരനുമായിരുന്ന വിക്ടർ സെർനിനൊപ്പം താമസിക്കുകയും ചെയ്തു. അധികാരത്തിലേയ്ക്കുള്ള ജോസഫ് സ്റ്റാലിന്റെ ഉയർച്ച നിരീക്ഷിച്ച അദ്ദേഹത്തിന്‌ സോവിയറ്റ് മാതൃകയിലുള്ള കമ്മ്യൂണിസം മടുത്തു. ഇക്കാലത്തു തന്നെ കസൻ‌ദ്സക്കിസിന്റെ ദേശീയവാദം കൂടുതൽ സാർ‌വലൗകികതയുള്ള മാനവികതയ്ക്ക് വഴിമാറിക്കൊടുക്കുകയും ചെയ്തു.

1945-ൽ കമ്മ്യൂണിസ്റ്റിതര ഇടതുപക്ഷത്തിന്റേതായ ഒരു ചെറിയ കക്ഷിയുടെ നേതാവായിത്തീർന്ന കസൻ‌ദ്സക്കിസ് ഗ്രീസിലെ സർക്കാരിൽ വകുപ്പില്ലാത്ത മന്ത്രിയായി. എന്നാൽ അടുത്ത വർഷം അദ്ദേഹം ആ സ്ഥാനം രാജിവച്ചു.

1946-ൽ ഗ്രീക്ക് സാഹിത്യകാരന്മാരുടെ സംഘം അദ്ദേഹത്തേയും അഞ്ജലോസ് സിഖലിയാനസിനേയും സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്‌ നാമനിർദ്ദേശം ചെയ്തു. 1957-ൽ കസൻ‌ദ്സക്കിസിനേക്കാൽ ഒരു വോട്ട് കൂടുതൽ നേടിയാണ്‌ ആൽബർട്ട് കാമ്യു സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്. സമ്മാനത്തിന്‌ തന്നേക്കാൾ നൂറിരട്ടി അർഹനായത് കസൻ‌ദ്സക്കിസ് ആണെന്ന് കാമ്യു പിന്നീട് നിരീക്ഷിച്ചതായി പറയപ്പെടുന്നു.

1957-ൽ രക്താർബുദ ബാധിതനായിരുന്നെങ്കിലും കസൻ‌ദ്സക്കിസ് ചൈനയും ജപ്പാനും സന്ദർശിക്കുന്നതിന്‌ പുറപ്പെട്ടു. മടക്കയാത്രയിൽ വിമാനത്തിൽ വച്ച് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ജർമ്മനിയിലെ ഫ്രീബർഗിലേയ്ക്കു മറ്റി. അവിടെ അദ്ദേഹം മരിച്ചു. കസൻ‌ദ്സക്കിസിനെ ഒരു സിമിത്തേരിയിൽ സംസ്കരിക്കാൻ ഓർത്തഡോക്സ് സഭ വിസമ്മതിച്ചതിനെ തുടർന്ന് ഹെരാക്ലിയോൺ നഗരത്തിന്റെ ഭിത്തിയോടു ചേർത്താണ്‌ സംസ്കരിച്ചത്. ഞാൻ ഒന്നും ആശിക്കുന്നില്ല; ഒന്നും ഭയപ്പെടുന്നില്ല; ഞാൻ സ്വതന്ത്രനാണ്‌ (Δεν ελπίζω τίποτα. Δε φοβάμαι τίποτα. Είμαι λέφτερος.) എന്നാണ്‌ അദ്ദേഹത്തിന്റെ ശവകുടീരത്തിലെ ലിഖിതം.

1906-ൽ നിർ‌വാമി എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിച്ച "സർപ്പവും ലില്ലിയും" എന്ന കഥയായിരുന്നു കസൻ‌ദ്സക്കിസിന്റെ ആദ്യരചന. 1909-ൽ അദ്ദേഹം "കോമഡി" എന്ന ഏകാങ്കനാടകം രചിച്ചു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സാർത്രിനേയും കാമ്യുവിനേയും പോലുള്ളവരുടെ രചനകളിൽ നിറഞ്ഞു നിന്ന അസ്തിത്വസംബന്ധിയായ പ്രശ്നങ്ങളാണ്‌ ഈ നാടകത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. 1910-ൽ പാരിസിലെ പഠനത്തിനു ശേഷം അദ്ദേഹം ഒരു ഗ്രീക്ക് നാടോടി കഥയെ ആശ്രയിച്ച് "മുഖ്യശില്പി" എന്ന ദുരന്തനാടകവും എഴുതി.

33,333 വരികളിൽ എഴുതിയ "ഒഡീസ്സി: ഒരാധുനികസമ്പൂർത്തി" ([The Odyssey: A Modern Sequel) എന്ന ഇതിഹാസകാവ്യമാണ്‌ തന്റെ മുഖ്യരചനയായി കസൻ‌ദ്സക്കിസ് കണക്കാക്കിയത്. 1924 എഴുതി തുടങ്ങി മൂന്നുവട്ടം പകർത്തിയെഴുതിയ ഈ കൃതി 1938-ലാണ്‌ അദ്ദേഹം പ്രസിദ്ധീകരിച്ചത്. മറ്റൊരു ഗ്രീക്ക് സാഹിത്യകാരനായ പന്തേലിസ് പ്രെവലാക്കിസ് ഈ കൃതിയെ "തന്റെ അളവറ്റ ആത്മീയാനുഭവങ്ങൾ രേഖപ്പെടുത്തിവയ്ക്കാനുള്ള ഗ്രന്ഥകാരന്റെ അമാനുഷപ്രയത്നം" എന്നു വിളിച്ചു. ഹോമറിന്റെ ഒഡീസ്സിയുടെ ഘടന പിന്തുടരുന്ന ഈ കാവ്യം 24 ഘണ്ഡങ്ങളായി തിരിച്ചിരിക്കുന്നു.

കസൻ‌ദ്സക്കിസിന്റെ പ്രധാനപ്പെട്ട നോവലുകൾ "ഗ്രീക്കുകാരൻ സോബ്രാ" (Zorba the Greek -1946); "ഗ്രീക്ക് പീഡാനുഭവം" (The Greek Passion -1948); "ക്യാപ്റ്റൻ മിക്കാലിസ്" (Captain Michalis -1950); ക്രിസ്തുവിൻറെ അന്ത്യപ്രലോഭനം (The Last Temptation of Christ -1951); അസീസ്സിയിലെ ഫ്രാൻസിസിന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ "ദൈവത്തിന്റെ നിസ്വൻ" (God's Pauper - 1956); എന്നിവയാണ്‌. ആത്മകഥപരവും കല്പിതവുമായ അംശങ്ങൾ ചേർത്ത് എഴുതിയ "ഗ്രെക്കോയ്ക്കുള്ള റിപ്പോർട്ട്" (Report to Greco -1961) എന്ന രചനയിൽ കസൻ‌ദ്സക്കിസ് തന്റെ ദർശനത്തെ "ക്രീറ്റുകാരന്റെ മിഴിക്കോൺ" (Cretan Glance) എന്നു സംഗ്രഹിച്ചു വിശേഷിപ്പിച്ചു.

ആത്മീയസംഘർഷങ്ങൾ

[തിരുത്തുക]
ഞാൻ ഒന്നും ആശിക്കുന്നില്ല; ഒന്നും ഭയപ്പെടുന്നില്ല; ഞാൻ സ്വതന്ത്രനാണ്‌, കസൻ‌ദ്സക്കിസിന്റെ ശവകുടീരത്തിലെ ലിഖിതം

യൗവനം മുതൽ കസാൻ‌ദ്സക്കിസിനെ ഒരുതരം ആത്മീയ അസ്വാസ്ഥ്യം ബാധിച്ചിരുന്നു. ശമിക്കാത്ത വിഷയാസക്തിയുമായി നിരന്തരം മത്സരിച്ചിരുന്ന ദുഖിതനായ പരിവ്രാജകൻ എന്ന് മലയാളത്തിലെ സാഹിത്യചിന്തകൻ കെ.പി. അപ്പൻ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[2] തത്ത്വമീമാംസാപരവും അസ്തിത്വപരവുമായ പ്രശ്നങ്ങളുടെ അലട്ടലിൽ അദ്ദേഹം പഠനത്തിലും, ദേശാടനത്തിലും, എല്ലാത്തരം മനുഷ്യരുമായുള്ള സമ്പർക്കത്തിലും വിവിധതരം ജീവിതാനുഭവങ്ങളിലും ആശ്വാസം തേടി. അദ്ദേഹത്തിന്റെ രചനകളിൽ നീച്ചയുടെ സ്വാധീനം വ്യക്തമാണ്‌. നീച്ചയുടെ ദൈവനിഷേധവും, അതിമാനുഷസങ്കല്പവും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. അതേസമയം ആത്മീയമായ ആധികളും അദ്ദേഹത്തെ അലട്ടി. ദൈവസം‌യോഗം ആഗ്രഹിച്ച അദ്ദേഹം ഇടയ്ക്ക് ആറുമാസത്തേയ്ക്ക് കഠിനതപസ്സിനും ബ്രഹ്മചര്യനിഷ്ഠയ്ക്കും പേരുകേട്ട ഒരു ആശ്രമത്തിലെ അന്തേവാസിയാവുക പോലും ചെയ്തു.[ക]

1927-ൽ അദ്ദേഹം 1923-ൽ ബെർലിനിലായിരിക്കെ എഴുതിയ "ആധ്യാത്മികാഭ്യാസങ്ങൾ" (Spiritual Exercises) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960-ൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചത് "ദൈവത്തിന്റെ രക്ഷകന്മാർ"(The Saviors of God) എന്ന പേരിലാണ്‌.


യൗവനം മുതൽ ജീവിതാന്ത്യം വരെ യേശുവിന്റെ വ്യക്തിത്വം കസൻ‌ദ്സക്കിസിന്റെ ചിന്തയിൽ നിറഞ്ഞു നിന്നു. "ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം" എന്ന വിവാദരചനയിലെ ക്രിസ്തു, ഗ്രന്ഥകർത്താവിന്റെ തന്നെ അസ്തിത്വ-ദാർശനിക സമസ്യകളെ പ്രതിഭലിപ്പിക്കുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ അലട്ടലിൽ ഞെരുങ്ങിയും വിരുദ്ധ വാസനകളാൽ പീഡിതനായും കഴിഞ്ഞ ഒരു യേശുവിനെയാണ്‌ ഈ രചനയിൽ കസൻ‌ദ്സക്കിസ് ചിത്രീകരിച്ചത്. ദൈവികമായ രക്ഷാദൗത്യവും, സ്നേഹിക്കപ്പെടുകയും ജീവിതം ആസ്വദിക്കുകയും, കുടുംബം സൃഷ്ടിക്കുകയും ചെയ്യാനുള്ള മാനുഷിക ചോദനകളും അദ്ദേഹത്തിന്റെ യേശുവിനെ വിരുദ്ധദിശകളിലേയ്ക്ക് വലിച്ചിഴച്ചു. തന്നെ ഏല്പിച്ച ദൗത്യത്തിന്റെ അർത്ഥം മനസ്സിലാക്കാൻ പാടുപെടുന്ന യേശുവിന്‌ സ്വന്തം മനസ്സക്ഷിയുടെ വിചാരണയെ നേരിടേണ്ടി വരുന്നു. ഒടുവിൽ മാനുഷികമായ മോഹങ്ങളെ ബൃഹത്തായ ദൗത്യത്തിനായി ബലികഴിക്കുന്ന ഈ കൃതിയിലെ യേശു, നിർ‌വികാരനായ ദൈവമെന്നതിനു പകരം വാസനകളും വികാരങ്ങളും നിറഞ്ഞ ദുരന്തവ്യക്തിത്വമാണ്‌. സംശയങ്ങൾക്കും, ഭീതികൾക്കും തിന്മയ്ക്കുപോലും വശം‌വദനായ അദ്ദേഹം അന്തിമവിശകലനത്തിൽ, മുഴുവൻ മനുഷ്യരാശിയുടേയും സംഘർഷങ്ങളുടെ പ്രതിനിധിയായ മനുഷ്യപുത്രനാണ്‌.[ഖ]


വ്യവസ്ഥാപിത ക്രിസ്തുമതത്തിലെ യാഥാസ്ഥിതികർ കസൻ‌ദ്സക്കിസിന്റെ രചനകളെ അപലപിച്ചു. 1955-ൽ ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ കസൻ‌ദ്സക്കിസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "വിശുദ്ധപിതാക്കന്മാരേ, നിങ്ങൾ എനിക്ക് ശാപം തരുന്നു; എന്നാൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങളുടെ മനസാക്ഷി എന്റേതുപോലെ ശുദ്ധമാകട്ടെ; നിങ്ങൾ എന്നെപ്പോലെ ധാർമ്മികരുമാകട്ടെ." "യേശുവിന്റെ അന്ത്യപ്രലോഭനം" എന്ന രചനയെ റോമൻ കത്തോലിക്കാ സഭ അതിന്റെ നിരോധിതഗ്രന്ഥങ്ങളുടെ പട്ടികയിൽ ചേർത്തപ്പോൾ, കസൻ‌ദ്സക്കിസ് വത്തിക്കാനിലേയ്ക്കയച്ച കമ്പിസന്ദേശത്തിൽ ആദ്യകാലസഭാപിതാവ് തെർത്തുല്യന്റെ ഈ വാക്യമായിരുന്നു: "കർത്താവേ, ഞാൻ എന്റെ അപ്പീൽ അവിടുത്തെ ന്യായാസനത്തിനു മുൻപിൽ സമർപ്പിക്കുന്നു"(Ad tuum, Domine, tribunal appello.)

കുറിപ്പുകൾ

[തിരുത്തുക]

ക.^ മനുഷ്യസ്ത്രീകൾക്കെന്നല്ല, ജന്തുവർഗ്ഗത്തിൽ പെട്ട കന്നുകാലികളുടേയോ കോഴിയുടേയോ പോലും പെൺജാതിയ്ക്കു പ്രവേശനമില്ലാത്ത, മാസിഡോണിയയിലെ ആഥോസ് മലഞ്ചെരുവിലെ ഒരു പർണ്ണാശ്രമത്തിലാണ്‌ കസൻ‌ദ്സക്കിസ് ആറേഴുമാസം താമസിച്ചത്.

ഖ.^ "അന്ത്യപ്രലോഭനത്തിൽ" ക്രിസ്തുവിനെതിരെ തന്റെ മനസ്സിനെ കഠിനമാക്കിയ കസൻ‌ദ്സക്കിസ്, പിന്നീട് അസ്സീസിയിലെ ഫ്രാൻസിസിനെക്കുറിച്ചെഴുതിയ "ദൈവത്തിന്റെ നിസ്വൻ" എന്ന നോവലിലൂടെ ക്രിസ്തുവിന്റെ ആദ്ധ്യാത്മികപാരമ്പര്യത്തെ രചനയുടെ പ്രാർത്ഥനയിൽ തിരിച്ചറിഞ്ഞു എന്ന് കെ.പി. അപ്പൻ നിരീക്ഷിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. നിക്കോസ് കസൻ‌ദ്സക്കിസ്, ക്രീറ്റ് ഓൺ ദ് നെറ്റ് [1] Archived 2009-02-09 at the Wayback Machine.
  2. 2.0 2.1 കസൻ‌ദ്സക്കിസ് അസ്സീസിയിലെ ഫ്രാൻസിസിനെക്കുറിച്ചെഴുതിയ "ദൈവത്തിന്റെ നിസ്വൻ"(God's Pauper) എന്ന കൃതിയുടെ മലയാളം പരിഭാഷയ്ക്ക് കെ.പി. അപ്പൻ എഴുതിയ ഉപോദ്‌ഘാതം