അസ്സീസിയിലെ ഫ്രാൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ ഫ്രാൻസിസ് അസ്സീസി
എൽ ഗ്രെക്കോയുടെ, പ്രാർത്ഥിക്കുന്ന വിശുദ്ധ ഫ്രാൻസിസ്, 1580–85 കാലത്ത് ക്യാൻവാസിൽ വരച്ച എണ്ണച്ചിത്രം, (115.5 x 103 സെ.മീ.) ജോസ്ലിൻ കലാ മ്യൂസിയം
വിശ്വാസപ്രഘോഷകൻ; സഭാ നവീകർത്താവ്
ജനനം(1181-09-26)26 സെപ്റ്റംബർ 1181[അവലംബം ആവശ്യമാണ്]
അസ്സീസി, ഇറ്റലി
മരണം3 ഒക്ടോബർ 1226(1226-10-03) (പ്രായം 45)
Porziuncola, അസ്സീസി
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
നാമകരണംജൂലൈ 16, 1228, അസ്സീസി by പാപ്പ ഗ്രിഗറി ഒൻപതാമൻ
പ്രധാന തീർത്ഥാടനകേന്ദ്രംവിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭദ്രാസനപ്പള്ളി
ഓർമ്മത്തിരുന്നാൾഒക്ടോബർ 4
പ്രതീകം/ചിഹ്നംപ്രാവ്, പഞ്ചക്ഷതങ്ങൾ, പാവപ്പെട്ട ഫ്രാൻസിസ്കന്മാരുടെ വേഷം, കുരിശ്, Pax et Bonum
മദ്ധ്യസ്ഥംമൃഗങ്ങൾ, കച്ചവടക്കാർ, ഇറ്റലി, Meycauayan, ഫിലിപ്പീൻസ്, കത്തലിക്ക് ആക്ഷൻ, പരിസ്ഥിതി

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും ഫ്രാൻസിസ്കൻ സന്യാസസഭകളുടെ സ്ഥാപകനുമാണ്‌ അസ്സീസിയിലെ ഫ്രാൻസിസ്. (ജനനം: 1182-മരണം:1226) സവിശേഷമായ വ്യക്തിത്വത്തിനുടമയായിരുന്ന ഫ്രാൻസിസ് എല്ലാ മനുഷ്യരോടുമെന്നതിനപ്പുറം, ചരാചരങ്ങളോടു മുഴുവൻ പ്രകടിപ്പിച്ച സ്നേഹത്തിന്റേയും സഹോദരഭാവത്തിന്റേയും പേരിൽ പ്രത്യേകം അനുസ്മരിക്കപ്പെടുന്നു.

ജനനം, ബാല്യകൗമാരങ്ങൾ[തിരുത്തുക]

1182-ൽ ഇറ്റലിയിൽ അംബ്രിയാ പ്രദേശത്തെ അസ്സീസി എന്ന പട്ടണത്തിലാണ് ഫ്രാൻസിസ് ജനിച്ചത്.

വഴിത്തിരിവ്, ദാരിദ്ര്യമെന്ന സുഹൃത്ത്[തിരുത്തുക]

ഫ്രാൻസിസിന്റെ ജീവിതത്തിലെ ആദ്യത്തെ വഴിതിരിവ് ഇരുപതാമത്തെ വയസ്സിൽ അസ്സീസിയും അയൽ പട്ടണമായ പെറൂജിയയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനോടനുബന്ധിച്ചായിരുന്നു. ആ പോരാട്ടത്തിൽ അസ്സീസിക്കുവേണ്ടി പങ്കെടുത്ത ഫ്രാൻസിസിനെ പെറൂജിയ തടവുകാരനാക്കി. ഒരുവർഷത്തോളം തടവിൽ കഴിഞ്ഞ അദ്ദേഹം രോഗബാധിതനായി. രോഗാവസ്ഥ നൽകിയ ശൂന്യതാബോധം ഫ്രാൻസിസിൽ നിത്യസത്യങ്ങളെപ്പറ്റിയുള്ള ചിന്തകളുണർത്തിയതായി പറയപ്പെടുന്നു. സ്വതേ സാഹസപ്രിയനായിരുന്ന ഫ്രാൻസിസ്, രോഗവിമുക്തനായതോടെ സൈന്യത്തിൽ ചേരുന്ന കാര്യം ആലോചിച്ചെങ്കിലും, അദ്ദേഹത്തിലുണർന്ന ആത്മീയചിന്ത അടങ്ങാൻ വിസമ്മതിച്ചു. ആഡംബരപ്രേമിയും ഉല്ലാസിയുമായിരുന്ന സുഹൃത്തിൽ കണ്ട മാറ്റം ഫ്രാൻസിസിന്റെ ചങ്ങാതിമാരെ അത്ഭുതപ്പെടുത്തി. പ്രണയപാരവശ്യം ഉളവാക്കിയ മാറ്റമാണോ ഇതെന്ന് അവർ അത്ഭുതപ്പെട്ടു. ഫ്രാൻസിസിന്റെ മറുപടി താൻ സുന്ദരിയായ ദാരിദ്ര്യം എന്ന വധുവിനെ ഉടൻ സ്വന്തമാക്കുന്നുണ്ടെന്നായിരുന്നു. ദാരിദ്ര്യവുമായുള്ള ആ പ്രണയം അദ്ദേഹം ശിഷ്ടജീവിതം മുഴുവൻ തുടർന്നു. വിരക്തിയുടേയും ഏകാന്ത ധ്യാനത്തിന്റേയും വഴി പിന്തുടർന്ന ഫ്രാൻസിസ് തനിക്കുണ്ടായിരുന്നതെല്ലാം ത്യജിച്ചു. ഒരു കുഷ്ഠരോഗിയെ വഴിയിൽ കണ്ടപ്പോൾ അവനെ ആശ്ലേഷിച്ച് കയ്യിലുണ്ടായിരുന്ന പണമെല്ലാം അവനു കൊടുത്തു. ഒരു ഭിക്ഷക്കാരനുമായി വസ്ത്രങ്ങൾ വച്ചു മാറി.

ജീർണ്ണിച്ച ദേവാലയം[തിരുത്തുക]

ഒരിക്കൽ അസ്സീസിയിലെ വിശുദ്ധ ദാമിയന്റെ ജീർണ്ണവശ്ശായിരുന്ന ദേവാലയത്തിനു സമീപം നിൽക്കവേ, "ഫ്രാൻസിസേ, എന്റെ വീട് അറ്റകുറ്റപ്പണികൾ ചെയ്തു നന്നാക്കുക" എന്ന് ആരോ തന്നോടു പറയുന്നതായി അദ്ദേഹത്തിനു തോന്നി. ഈ ആഹ്വാനം അക്ഷരാർത്ഥത്തിലെടുത്ത ഫ്രാൻസിസ് പിതാവിന്റെ കടയിലെ കുറെ വസ്ത്രങ്ങളെടുത്ത് വിറ്റ് ആ ദേവാലയം പുനരുദ്ധരിക്കാനൊരുങ്ങി. ഇതറിഞ്ഞ ബെർണാർഡൺ രോഷാകുലനായി. പിതാവിന്റെ രോഷത്തിൽ നിന്നു രക്ഷപെടാനായി ഒരു മാസം മുഴുവൻ അസ്സീസിക്കടുത്തുള്ള ഒരു ഗുഹയിൽ താമസിച്ചിട്ട് അതിൽ നിന്ന് മൃതപ്രായനായി ഇറങ്ങിവന്ന ഫ്രാൻസിസിനെ കണ്ടവർ ഭ്രാന്തനെയെന്നോണം പിന്തുടർന്ന് കല്ലെറിഞ്ഞു. മകനെ വീട്ടിലേക്വലിച്ചിഴച്ചു കൊണ്ടുപോയി ഒരു മുറിയിൽ പൂട്ടിയിട്ടു. എന്നാൽ അമ്മ ഫ്രൻസിസിനെ മോചിപ്പിച്ചു.

ചെറിയ സന്യാസിമാർ[തിരുത്തുക]

മോചിതനായ ഫ്രാൻസിസ് ഏറെ സ്നേഹിച്ച് ദാരിദ്ര്യത്തെ പരിഗ്രഹിക്കാനായി ലൗകിക ബന്ധങ്ങളെല്ലാം എന്നെന്നേക്കുമായി പരിത്യജിച്ചു. തുടർന്ന് അസ്സീസിയിലും പരിസരങ്ങളിലും ചുറ്റിനടന്ന് അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹത്തിന്റേയും സമാധനത്തിന്റേയും സന്ദേശം പ്രസംഗിക്കാൻ തുടങ്ങി. നേരത്തേ കല്ലെറിയാൻ ഒരുങ്ങിയ ജനങ്ങൾ തന്നെ അദ്ദേഹത്തിൽ ആകൃഷ്ടരായി. ഒന്നൊന്നായി ഫ്രാൻസിസിന് അനുയായികൾ ഉണ്ടാകാൻ തുടങ്ങി. അദ്ദേഹം അവരെ ചെറിയ സന്യാസികൾ (Friars Minor) എന്നു വിളിച്ചു. അവരുടെ എണ്ണം പതിനൊന്നായപ്പോൾ ഫ്രാൻസിസ് അവർക്കുവേണ്ടി ഒരു നിയമാവലി എഴുതിയുണ്ടാക്കി. ഈ പുതിയ സന്യാസസമൂഹത്തിനും നിയമാവലിക്കും ക്രൈസ്തവസഭാധികാരികളുടെ അംഗീകാരം വാങ്ങാനായി ഫ്രാൻസിസ് റോമിലേക്കു പോയി. ഈ പുതിയ പ്രതിഭാസം റോമിലുള്ളവരെ അത്ഭുതപ്പെടുത്തിയെങ്കിലും ചെറിയ സന്യാസികളുടെ സമൂഹത്തിന് അംഗീകാരം കിട്ടി. അന്ന് മാർപ്പാപ്പമാരുടെ വസതിയായിരുന്ന റോമിലെ ലാറ്ററൻ കൊട്ടാരം നിലം‌പതിക്കാൻ പോകുന്നതായും ഒരു ചെറിയ മനുഷ്യൻ അതിനെ താങ്ങി നിർത്തുന്നതായും ഇന്നസന്റ് മൂന്നാമൻ മാർപ്പാപ്പ സ്വപ്നം കണ്ടതാണ് അംഗീകാരം ത്വരിതപ്പെടാൻ കാരണമായതെന്ന് പറയപ്പെടുന്നു.

ഫ്രാൻസിസിന്റേയും ചെറിയസന്യാസിമാരുടേയും പ്രശസ്തി ക്രമേണ പരന്നു. ആനന്ദഭരിതരായി ദൈവത്തിനു സ്തുതിഗീതങ്ങളാലപിച്ച് അവർ ഗ്രാമങ്ങൾ ചുറ്റി നടന്നു. കർഷകരോടൊപ്പം വയലുകളിൽ വേല ചെയ്തു. ജോലിയൊന്നും കിട്ടാതെ വന്നപ്പോൾ ഭിക്ഷ യാചിച്ചു. ആർജവത്തോടെ ദൈവത്തിൽ അഹ്ലാദിച്ച് ലളിതജീവിതം നയിക്കാനാണ് ഫ്രാൻസിസ് തന്നെ പിന്തുടർന്നവരെ ഉപദേശിച്ചത്. "ഒരു വ്യക്തി ദൈവത്തിന്റെ മുൻപിൽ എന്താണോ അതു മാത്രമാണ് അയാളെന്നും, അതിലപ്പുറം ഒന്നുമല്ല" [1] എന്നും അദ്ദേഹം അവരെ പഠിപ്പിച്ചു.

ക്ലാരയുടെ സഭ, മൂന്നാം സഭ[തിരുത്തുക]

താമസിയാതെ ഫ്രാൻസിസിന് ഒരു പുതിയ അനുയായിയെ കിട്ടി. അസ്സീസ്സിയിലെ ഒരു ധനികകുടുംബത്തിലെ അംഗമായിരുന്ന ക്ലാര ആയിരുന്നു അത്. ഫ്രാൻസിസിനെ അനുഗമിച്ച ക്ലാരയും അവളുടെ സഹോദരി ആഗ്നസും മറ്റുചില വനിതകളും ചേർന്നായിരുന്നു പാവപ്പെട്ട ക്ലാരമാർ എന്ന സന്യാസസമൂഹത്തിന്റെ തുടക്കം. ചെറിയ സന്യാസിമാരുടേയും പാവപ്പെട്ട ക്ലാരമാരുടേയും സമൂഹങ്ങൾ കൂടാതെ മറ്റൊരു സമൂഹത്തിനു കൂടി ഫ്രാൻസിസ് തുടക്കമിട്ടു. ദൈവോന്മുഖരായി സമർപ്പിത ജീവിതം നയിക്കാനാഗ്രഹിച്ച ഗൃഹസ്ഥാശ്രമികൾക്കു വേണ്ടിയുള്ള ഫ്രാൻസിസ്കൻ മൂന്നാം സഭായായിരുന്നു അത്.

ഈ സമൂഹങ്ങൾ, പ്രത്യേകിച്ച് ചെറിയ സന്യാസികളുടെ സമൂഹം വളരെ വേഗം വളർന്നു. അസ്സീസിക്കടുത്തുള്ള പോർസിയങ്കോള എന്ന സ്ഥലമായിരുന്നു അവയുടെ ആസ്ഥാനവും ഫ്രാൻസിസിന്റെ പ്രവർത്തനകേന്ദ്രവും. അവിടെ 1217-ലും, 1219-ലും നടന്ന ചെറിയ സന്യസികളുടെ പൊതുസമ്മേളനങ്ങൾ (General chapters) വളരെ ശ്രദ്ധിക്കപ്പെട്ടു.

സിറിയയിൽ, സ്പെയിനിൽ, കുരിശുയുദ്ധത്തിൽ[തിരുത്തുക]

ഫ്രാൻസിസിന്റെ അഭിലാഷങ്ങളിൽ ഒന്ന് മുസ്ലിങ്ങളെ ക്രിസ്തുമതത്തിലേക്കു പരിവർത്തിതരാകാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു. സിറിയയിലേക്കും, അന്ന് മുസ്ലിം ഭരണത്തിലായിരുന്ന സ്പെയിനിലേക്കും ഈ ലക്‌ഷ്യം വച്ച് യാത്രചയ്യാനൊരുങ്ങിയ ഫ്രാൻസിസിന്റെ ഈ വഴിക്കുള്ള ശ്രമങ്ങൾ വിജയിച്ചില്ല. സിറിയയിലെക്കുള്ള യാത്ര കപ്പൽച്ചേതം മൂലവും, സ്പെയിനിലേക്കുള്ളത് രോഗം മൂലവും, വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ 1217 മുതൽ 1221 വരെ നടന്ന അഞ്ചാം കുരിശുയുദ്ധത്തിനിടെ, 1219-ൽ മുസ്ലിംങ്ങളോട് സുവിശേഷം പ്രസംഗിക്കാൻ അദ്ദേഹം പുറപ്പെട്ടു. യുദ്ധമുന്നണി കടന്ന് മുസ്ലിംങ്ങളുടെ പക്ഷത്തേക്കു പോയ അദ്ദേഹം തടവുകാരനാക്കപ്പെടുകയും സുൽത്താൻ അൽ കാമിലിന്റെ മുൻപിൽ ആനയിക്കപ്പെടുകയും ചെയ്തു. ഫ്രാൻസിസിന്റെ ഈ ദൗത്യത്തിന്റേയും സുൽത്താനുമായുള്ള കൂടിക്കാഴ്ചയുടേയും യഥാർത്ഥചിത്രം അവ്യക്തമാണെങ്കിലും ഫ്രാൻസിസിന്റെ ജീവചരിത്രങ്ങളിലും ഇസ്ല്ലാമും ക്രിസ്തീയതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളിലും ഇത് ഒരു നിർണ്ണയകസംഭവമായി പ്രത്യക്ഷപ്പെടുന്നു.[2]

സർവചരാചര സ്നേഹിതൻ[തിരുത്തുക]

മറ്റു ക്രൈസ്തവവിശുദ്ധന്മാരിൽ നിന്നു ഫ്രാൻസിസിനെ ഭിന്നനാക്കുന്ന പ്രധാന കാര്യം, ചരാചരങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ്. ഈ സ്വഭാവവിശേഷം അദ്ദേഹത്തിനു ക്രൈസ്തവേതരർക്കിടയിൽ പോലും ഒട്ടനേകം ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. പക്ഷികൾ അദ്ദേഹത്തിന് സഹോദരിമാരും ചെന്നായ് സഹോദരനുമായിരുന്നു. ഒരു വനപ്രദേശത്ത് കലപിലകൂട്ടിക്കൊണ്ടിരുന്ന പക്ഷികളോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ച കഥ പ്രസിദ്ധമാണ്. തുടക്കം ഇങ്ങനെയായിരുന്നു: "കൊച്ചു സഹോദരിമാരേ, നിങ്ങൾക്കു പറയാനുള്ളത് നിങ്ങൾ പറഞ്ഞു കഴിഞ്ഞല്ലോ. ഇനി ഞാൻ പറയുന്നത് നിങ്ങളും ഒന്നു കേട്ടാലും".[3] കർഷകരുടെ ആട്ടിൻപ്പറ്റങ്ങളെ നിരന്തരം ആക്രമിച്ച് പ്രശ്നമുണ്ടാക്കിക്കൊണ്ടിരുന്ന ഒരു ചെന്നായുടെ ഭാഗം അദ്ദേഹം വാദിച്ചത് "സഹോദരൻ ചെന്നായ്ക്ക് വിശന്നിട്ടാണ്" എന്നായിരുന്നു. ആ ചെന്നായ്ക്കു ഭക്ഷണം കൊടുക്കാൻ അദ്ദേഹം ഗ്രാമവാസികളോടാവശ്യപ്പെട്ടു.

ജീവപ്രപഞ്ചത്തിനപ്പുറവും അദ്ദേഹത്തിന്റെ ഈ മൈത്രീഭാവം കടന്നു ചെന്നു. പ്രസിദ്ധമായ ഒരു സൂര്യകീർത്തനം (Canticle of Sun) ഫ്രാൻസിസ് എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം അമ്മയും സഹോദരിയുമായ ഭൂമിയെപ്രതിയും, സഹോദരനായ സൂര്യനെയും സഹോദരികളായ ചന്ദ്രനക്ഷത്രാദികളെയും പ്രതിയും, ആരേയും തന്റെ ആശ്ലേഷത്തിൽ നിന്നു ഒഴിവാക്കാത്ത സഹോദരി മരണത്തെപ്രതിയും ദൈവത്തെ വാഴ്ത്തുന്നു.[4] കണ്ണിൽ തിമിരം ബാധിച്ച് അന്ധതയോടടുത്തെത്തിയ ഫ്രാൻസിസിനെ അന്നത്തെ വൈദ്യശാസ്ത്രവിധിയനുസരിച്ച് തീക്കനൽ ഉപയോഗിച്ചുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കാൻ തീരുമാനിച്ചു. ചുട്ടുപഴുത്ത കനൽ കണ്ടപ്പോൽ ഫ്രാൻസിസ് അതിനെ അഭിവാദ്യം ചെയ്ത് ഇങ്ങനെ പറഞ്ഞത്രെ: "അഗ്നീ, സഹോദരാ, ദൈവം നിന്നെ സുന്ദരനും, ശക്തനും, ഉപയോഗമുള്ളവനുമായി സൃഷ്ടിച്ചു. നീ എന്നോട് അല്പം സൗമ്യത കാട്ടുമല്ലോ."

പഞ്ചക്ഷതങ്ങൾ[തിരുത്തുക]

എല്ലാത്തിലും ക്രിസ്തുവിനെ അനുകരിക്കാൻ ആഗ്രഹിച്ച ഫ്രാൻസിസിന് മരിക്കുന്നതിനു രണ്ടു വർഷം മുൻപ് 1224-ൽ വിശുദ്ധകുരിശിന്റെ ഉദ്ധാരണദിവസം, അൽ‌വർണിയ എന്ന മലയിൽ പ്രാർത്ഥനാനിരതനായിരിക്കേ, വിചിത്രമായ ഒരു ദൈവദർശനം ഉണ്ടായതായി പറയപ്പെടുന്നു. ആ ദർശനത്തെതുടർന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ ക്രൂശിതനായ ക്രിസ്തുവിന്റേതിനു സമാനമായ അഞ്ചു മുറിവുകൾ ഉണ്ടായത്രെ. ക്രിസ്തു ഫ്രാൻസിസിനുമേൽ അന്തിമ മുദ്രകുത്തിയെന്നാണ് ഇതേപ്പറ്റി ഇറ്റാലിയൻ കവി ദാന്തേ എഴുതിയിരിക്കുന്നത്

ജീവിതാന്ത്യം[തിരുത്തുക]

കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുർബലമായിരുന്ന ഫ്രാൻസിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങൾ പിന്നെയും തളർത്തി. അദ്ദേഹത്തിന്റെ കാഴ്ചശക്തി മിക്കവാറും നശിച്ചിരുന്നു. അത് തിരികെ കിട്ടാൻ നടത്തിയ വേദനാജനകമായ ശസ്ത്രക്രിയ വിജയിച്ചില്ല. ചികിൽസക്കായി ചെറിയ സന്യാസികൾ ഫ്രാൻസിസിനെ ഇറ്റലിയിലെ പല നഗരങ്ങളിലും കൊണ്ടുപോയി. അതൊക്കെ വിഫലമാണെന്നു ബോദ്ധ്യമായപ്പോൾ അസ്സീസി വഴി പോർസിയങ്കോളയിൽ തിരികെ കൊണ്ടുവന്നു. വഴിക്ക് ഫ്രാൻസിസ്, അസ്സീസി നഗരത്തെ ആശീർ‌വദിച്ചതായി പറയപ്പെടുന്നു. പോർസിയങ്കോളയിൽ ഒരു ചെറിയ പർണശാലയിൽ 1226 ഒക്ടോബർ മൂന്നാം തിയതി അദ്ദേഹം മരിച്ചു. ദൈവകാരുണ്യം യാചിക്കുന്ന ബൈബിളിലെ നൂറ്റിനാല്പത്തിയൊന്നാം സങ്കീർത്തനമാണത്രെ ഫ്രാൻസിസ് അവസാനമായി ചൊല്ലിയ പ്രാർഥന.[1]

വിശുദ്ധപദവി[തിരുത്തുക]

ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസ് വിശുദ്ധപദവിയിലേക്കുയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. ഗ്രിഗറി ഒൻപതാമൻ മാർപ്പാപ്പ 1228-ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന് കത്തോലിക്കാ സഭ അദ്ദേഹത്തെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും മദ്ധ്യസ്ഥനായും വണങ്ങുന്നു.[5]

ഫ്രാൻസിസ് കലയിലും സാഹിത്യത്തിലും[തിരുത്തുക]

ഫ്രാൻസിസിന്റെ കൗതുകമുണർത്തുന്ന വ്യക്തിത്വവും, സംഭവബഹുലമായ ജീവിതവും, പിൽക്കാലസംസ്കാരത്തെ എന്തെന്നില്ലാതെ സ്വാധീനിച്ചിട്ടിട്ടുണ്ട്. ഇറ്റാലിയൻ ചിത്രകാരനായ ജോട്ടോ (Giotto) ഫ്രാൻസിസിന്റെ ജീവിതത്തിലെ സംഭവങ്ങളെ ആധാരമാക്കി വരച്ച ചിത്രങ്ങൾ പ്രസിദ്ധമാണ്.[6] പ്രഖ്യാത ഇറ്റാലിയൻ കവി ദാന്തേയുടെ ഡിവൈൻ കോമഡിയിൽ ഫ്രാൻസിസിന്റെ ജീവിതകഥ ഹ്രസ്വമായി വിവരിക്കുന്ന ഒരു ഭാഗമുണ്ട്. പറുദീസയിലെത്തിയ തനിക്ക് ആ വിവരണം ദൈവശാസ്ത്രജ്ഞൻ തോമസ് അക്വീനാസ് നൽകുന്ന മട്ടിലാണ് ദാന്തേ അവതരിപ്പിച്ചിരിക്കുന്നത്.[7] ഫ്രാൻസിസിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകൾ ചേർന്ന ഫ്രാൻസിസിന്റെ ചെറുപുഷ്പങ്ങൾ (Little Flowers of St. Francis) എന്ന സമാഹാരം പ്രസിദ്ധമാണ്.[8] അതിന്റെ കർതൃത്വം അജ്ഞാതമാണ്.

അവലംബം[തിരുത്തുക]

  1. ക്രിസ്തുദേവാനുകരണത്തിൽ (മൂന്നാം പുസ്തകം, അദ്ധ്യായം 50) തോമസ് അക്കെമ്പിസ് ഈ വാക്കുകൾ ഫ്രാൻസിസിനെ ഉദ്ധരിച്ച് ആവർത്തിക്കുന്നത് ചൂണ്ടിക്കാണിച്ചിട്ട് പതിനൊന്നാം പീയൂസ് മാർപ്പാപ്പ ഇങ്ങനെ പറയുന്നു: "ക്രിസ്തുദേവാനുകരണം എന്ന അമൂല്യഗ്രന്ഥത്തിന്റെ കർത്താവ് ഫ്രാൻസിസിനെ വിനീതൻ എന്നു വിളിച്ചപ്പോൾ, അദ്ദേഹത്തെ ഒറ്റ വാക്കിൽ വിവരിക്കുകയാണ് ചെയ്തത്" (1926-ലെ Rite Expiatis എന്ന ചാക്രികലേഖനം കാണുക)http://www.ewtn.com/library/encyc/p11ritex.htm
  2. ജോൺ ടോലാന്റെ ഫ്രാൻസിസ് പുണ്യവാളനും സുൽത്താനും എന്ന പുസ്തകത്തിന് ജോനാഥർ റൈറ്റ് എഴുതിയ റെവ്യൂ St Francis and the Sultan: the making of a pious myth[പ്രവർത്തിക്കാത്ത കണ്ണി]
  3. ജി.കെ.ചെസ്റ്റർട്ടന്റെ, മേൽ സൂചിപ്പിച്ച പുസ്തകം
  4. അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ സമ്പൂർണ്ണകൃതികൾ - ഷെവ. കെ.സി.ചാക്കൊയുടെ മലയാളം വിവർത്തനം; പ്രസാധനം: Kerala Franciscan Family Union(1978)
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-12-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-08.
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-12-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-07.
  7. ഡിവൈൻ കോമഡിയിലെ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഭാഗം.
  8. http://www.ewtn.com/library/MARY/flowers1.htm
"https://ml.wikipedia.org/w/index.php?title=അസ്സീസിയിലെ_ഫ്രാൻസിസ്&oldid=3988289" എന്ന താളിൽനിന്ന് ശേഖരിച്ചത്