തോമസ് അക്കെമ്പിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തോമസ് അക്കെമ്പിസ്

ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് (De imitatione Christi) എന്ന പ്രഖ്യാത ക്രൈസ്തവ ധ്യാനാത്മക കൃതിയുടെ കർത്താവാണ് തോമസ് അക്കെമ്പിസ് എന്ന പേരിൽ പ്രസിദ്ധനായ തോമസ് ഹേമർകെൻ(Haemerken).

ജീവിതം[തിരുത്തുക]

ജർമ്മനിയിലെ കൊളോണിനടുത്ത കെമ്പൻ എന്ന ഗ്രാമത്തിൽ 1380-ൽ അദ്ദെഹം ജനിച്ചു. പിതാവ് ഒരു ലോഹപ്പണിക്കാരനായിരുന്നു. അമ്മ കൊച്ചു കുട്ടികൾക്കു വേണ്ടിയുള്ള ഒരു സ്കൂളിന്റെ നടത്തിപ്പിലും. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പത്തൊൻപതാം വയസ്സിൽ തന്റെ സഹോദരൻ ജോൺ അംഗമായിരുന്ന അഗസ്റ്റിനിയൻ സന്യാസ സമൂഹത്തിൽ ചേർന്ന അദ്ദേഹം 1413-ൽ പൗരോഹിത്യം സ്വീകരിച്ചു. 1429-ൽ സുപ്പീരിയർ പദവിയിലേക്കുയർത്തപ്പെട്ടു.


ഏറെ സംഭവബഹുലമല്ലാത്ത ജീവിതമായിരുന്നു അക്കെമ്പിസിന്റേത്. എല്ലാവരോടും, പ്രത്യേകിച്ച് ദരിദ്രരോട് അദ്ദേഹം സഹാനുഭൂതിയോടെ പെരുമാറി. എല്ലാത്തിലും താൻ ശാന്തിയാണ് തേടിയതെന്നും അത് ഏകാന്തതയിലും പുസ്തകങ്ങളിലും മാത്രമാണ് കിട്ടിയതെന്നും അക്കെമ്പിസ് തന്നെ പറഞ്ഞിട്ടുണ്ട്. ദൈവനാമം ഹരമായിരുന്ന അദ്ദേഹത്തെ, സങ്കീർത്തനങ്ങളുടെ ശ്രവണം ഓരൊ തവണയും ആനന്ദപാരവശ്യത്തിലെത്തിക്കുമായിരുന്നു. ദൈനംദിനജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തോമസിന് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. മറ്റുള്ളവരുമായി ഇടപെടുന്നതിനിടെ ചിലപ്പോൾ "സഹോദരാ, ഞാൻ എന്റെ മുറിയിൽ പോകട്ടെ; അവിടെ എന്നോട് സല്ലപിക്കുവാൻ ഒരാൾ കാത്തിരിക്കുന്നു" എന്നു പറഞ്ഞ് അദ്ദേഹം പോകുമായിരുന്നു.[1] ഭക്താഭ്യാസങ്ങളിലും, ഗ്രന്ഥങ്ങൾ പകർത്തിയെഴുതുന്നതിലും, ഗ്രന്ഥരചനയിലും ആയിരുന്നു അദ്ദേഹം സമയം വിനിയോഗിച്ചത്. ബൈബിൾ മുഴുവനുമായി തോമസ് നാലു വട്ടം പകർത്തിയെഴുതിയിട്ടുണ്ട്. ബൈബിളിൽ അഗാധമായ ജ്ഞാനം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ രചനകളിൽ ആകെ വിശുദ്ധഗ്രന്ഥത്തിന്റെ ശൈലിയും ചൈതന്യവും നിറഞ്ഞു നിൽക്കുന്നു.


ക്രിസ്തുദേവാനുകരണം[തിരുത്തുക]

ഇന്ന് അക്കെമ്പിസ് അറിയപ്പെടുന്നത് ക്രിസ്ത്വനുകരണം (ആംഗലഭാഷയിൽ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്, ലത്തീനിൽ De imitatione Christi) എന്ന അമൂല്യ കൃതിയുടെ പേരിലാണ്. ലളിതമായ ഭാഷയിൽ ഹൃദയത്തോട് സംവദിക്കുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന ക്രിസ്ത്വനുകരണത്തിനു് തുല്യമായി ആദ്ധ്യാത്മിക സാഹിത്യത്തിൽ അധികം കൃതികൾ ഇല്ല. മലയാളത്തിൽ അതിന് ഒട്ടേറെ പരിഭാഷകൾ ഉണ്ടായി.


പദപ്രയോഗങ്ങളുടെ പേരിൽ വിവാദമായ ക്രിസ്തുദേവാനുകരണം എന്ന പേരിലുള്ള മയ്യനാട് എ ജോണിന്റെ പരിഭാഷ വളരെ വിശിഷ്ടമാണ് എന്നു പലരും കരുതുന്നു. അതു് 1937-ൽ രചിച്ചതാണു്.


ക്രിസ്ത്വനുകരണം എന്ന പേരിൽ ക്രൈസ്തവ സാഹിത്യ സമിതി (തിരുവല്ല) പ്രസിദ്ധീകരിച്ച പരിഭാഷയ്ക്കു് 1996-ലും 2000-ലും പതിപ്പുകളുണ്ടായിട്ടുണ്ടു്. പരിഭാഷകൻ പ്രഫ.കെ വി തമ്പി (1937- ).

ക്രിസ്ത്വനുകരണം പുസ്തകത്തിന്റെ പുറംചട്ട

മരണം, സ്മാരകങ്ങ‌ളെ വെല്ലുന്ന യശസ്സ്[തിരുത്തുക]

സന്യാസ വൈദികാനായി 60-ഓളം വർഷം കഴിഞ്ഞ്, 1471-ൽ 91 വയസ്സായിരിക്കേ അക്കെമ്പിസ് അന്തരിച്ചു. ജീവിതത്തിന്റെ പ്രധാനഭാഗം ചെലവഴിച്ച നെതെർലാൻഡ്സിലെ സ്വൊല്ലെ നഗരത്തിലാണ് അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്. 1897-ൽ ലോകമെങ്ങുമുള്ള ആരാധകരുടെ ശ്രമഫലമായി അവിടെ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു. അതിൽ "ഏതു സ്മാരകത്തേയും അതിജീവിക്കുന്ന യശസ്സിന്നുടമയായ തോമസ് അക്കെമ്പിസ്" എന്ന് എഴുതിയിരിക്കുന്നു.

തോമസ് അക്കെമ്പിസ് രചിച്ച പുസ്തകങ്ങൾ[തിരുത്തുക]

ഗ്രന്ഥസൂചി[തിരുത്തുക]

  1. The Imitation of Christ (English)
  2. ക്രിസ്തുദേവാനുകരണം - ശ്രീ മയ്യനാട്ട് ജോൺ(St. Paul's പ്രസിദ്ധീകരണം

അവലംബം[തിരുത്തുക]

  1. 1948 ഒൿടോബർ 25-ലെ റ്റൈം വാരികയിൽ വന്ന ലേഖനം http://www.time.com/time/magazine/article/0,9171,799431,00.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ തോമസ് അക്കെമ്പിസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=തോമസ്_അക്കെമ്പിസ്&oldid=1714516" എന്ന താളിൽനിന്ന് ശേഖരിച്ചത്