കാസനോവ
ജിയോവാനി യാക്കോപ്പോ കാസനോവ | |
---|---|
ജനനം | വെനീസ്, വെനീസ് ഗണരാജ്യം | 2 ഏപ്രിൽ 1725
മരണം | 4 ജൂൺ 1798 ഡ്യുച്ച്കോവ്, ബൊഹീമിയ | (പ്രായം 73)
മാതാപിതാക്ക(ൾ) | ഗേറ്റാനോ ഗ്യൂസേപ്പേ കാസനോവ സനേറ്റാ ഫറൂസി |
വെനീസുകാരനായ ഒരു രതിസാഹസികനും എഴുത്തുകാരനുമായിരുന്നു ജിയോവാനി യാക്കോപ്പോ കാസനോവ (ജനനം: ഏപ്രിൽ 2, 1725 – മരണം: ജൂൺ 4, 1798). "എന്റെ ജീവിതകഥ"(Histoire de ma vie) എന്ന അദ്ദേഹത്തിന്റെ രചന ആത്മകഥയുടേയും സ്മരണകളുടേയും ചേരുവയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സാമൂഹ്യജീവിതത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും ആധികാരികമായ സ്രോതസ്സുകളിലൊന്നായി ഈ രചന കണക്കാക്കപ്പെടുന്നു.
അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ പേരു തന്നെ വശീകരണത്തിനു പര്യായമായി മാറിയിരിക്കുന്നു. യൂറോപ്പിലെ രാജകുടുംബങ്ങൾ, മാർപ്പാപ്പമാര്‍, കർദ്ദിനാളന്മാർ എന്നിവർക്കു പുറമേ വോൾട്ടയർ, റുസ്സോ, ഗൈഥേ, മൊസാർട്ട് തുടങ്ങിയ അതികായന്മാരുമായും അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കഥകളുണ്ട്. ബൊഹീമിയയിൽ വാൾഡ്സ്റ്റീൻ പ്രഭുവിന്റെ വീട്ടിലെ ഗ്രന്ഥാശാലാധിപനായാണ് കാസനോവ അവസാനനാളുകൾ കഴിച്ചത്. തന്റെ പ്രസിദ്ധ രചന അദ്ദേഹം നിർവഹിച്ചതും അക്കാലത്താണ്.
ബാല്യം
[തിരുത്തുക]1725-ൽ അഭിനേതാവും നർത്തകനുമായ ഗേറ്റാനോ ഗ്യൂസേപ്പേ കാസനോവയുടെ ഭാര്യയായിരുന്ന അഭിനേത്രി സനേറ്റ ഫറൂസിയുടെ മകനായാണ് കാസനോവ ജനിച്ചത്. ആറുമക്കളിൽ മൂത്തവനായിരുന്നു അദ്ദേഹം.[1]അമ്മയുടെ പശ്ചാത്തലം പരിഗണിച്ച്, 6 മക്കളിൽ മിക്കവരുമോ എല്ലാവരും തന്നെയോ, ഭർത്താവല്ലാത്ത മറ്റാരുടേയെങ്കിലും പിതൃത്വം പേറുന്നവരാണെന്ന് സംശയിക്കപ്പെട്ടിട്ടുണ്ട്. കാസനോവ തന്നെ, സനേറ്റയും ഗേറ്റാനോയും ജോലി ചെയ്തിരുന്ന സാൻ സാമുവൽ തിയേറ്ററിന്റെ ഉടമയായ മിഷേൽ ഗ്രിമാനി എന്ന പ്രഭുവിനെ തന്റെ യഥാർത്ഥ പിതാവായി സംശയിച്ചിരുന്നു.[2]ഗ്രിമാനിയുടെ സഹോദരൻ ആബേ ആർവൈസ് ഗ്രിമാനി കാസനോവയുടെ രക്ഷാകർതൃസ്ഥാനം ഏറ്റെടുത്തെന്നത് ഈ സംശയത്തിന് ആക്കം കൂട്ടി.[3] എന്നാൽ തന്റെ സ്മരണകളിൽ കാസനോവ 1428-ൽ സ്പെയിനിൽ തുടങ്ങുന്ന സ്വന്തം പിതൃപരമ്പര ഉൾക്കൊള്ളുന്ന ദീർഘമായൊരു വംശാവലി അവതരിപ്പിക്കുന്നുണ്ട്.[4]
കാസനനോവയുടെ കാലത്ത് ഒരു വാണിജ്യ-നാവിക ശക്തി എന്ന നിലയിലെ വെനീസിന്റെ നല്ലകാലം കഴിഞ്ഞിരുന്നു. പകരം യൂറോപ്പിലെ ഭോഗകേന്ദ്രം എന്ന നിലയിലായിരുന്നു അത് അന്ന് പേരെടുത്തിരുന്നത്. സാമൂഹ്യമായ തിന്മകളെ സഹിക്കുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ, ധാർമ്മിക "യാഥാസ്ഥിതികരുടെ" കയ്യിലായിരുന്നു അക്കാലത്ത് വെനീസിന്റെ ഭരണം. യൗവനത്തിലേയ്ക്കു കാൽകുത്തുന്ന യൂറോപ്യൻ യുവാക്കളുടെ, പ്രത്യേകിച്ച് ഇംഗ്ലീഷ് യുവാക്കളുടെ ബൃഹദ്‌സഞ്ചാരത്തിന്റെ (Grand Tour) അവശ്യലക്ഷ്യങ്ങളിലൊന്നായിരുന്നു അത്. പേരുകേട്ട കാർണിവലും, ചൂതാട്ടകേന്ദ്രങ്ങളും, സുന്ദരികളായ പരിസേവികമാരും(courtesans) അതിനെ കൂടുതൽ ആകർഷകമാക്കി. കാസനോവയെ രൂപപ്പെടുത്തുകയും വെനീസിലെ പൗരസഞ്ചയത്തിന്റെ ഏറ്റവും തികവുറ്റ മാതൃകയാക്കുകയും ചെയ്ത സാഹചര്യങ്ങൾ ഇതൊക്കെയാണ്.[5]
അമ്മ നാടകസംഘത്തോടൊപ്പം യൂറോപ്പിൽ പര്യടനം നടത്തിക്കൊണ്ടിരിക്കെ കാസനോവയുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നത് മുത്തശ്ശി മാർസിയ ബാൽഡിസേറ ആയിരുന്നു. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. ബാലനായിരിക്കെ മൂക്കിൽ നിന്നുള്ള രക്തശ്രാവം മൂലം വിഷമിച്ച കാസനോവയെ മുത്തശ്ശി ഒരു മന്ത്രവാദിനിയുടെ അടുത്തു കൊണ്ടുപോയി: “വള്ളത്തിൽ നിന്നിറങ്ങി ഒരു ചെറ്റപ്പുരയിൽ പ്രവേശിച്ച ഞങ്ങൾ കണ്ടത്, കയ്യിൽ ഒരു കറുത്ത പൂച്ചയും ചുറ്റും അഞ്ചോ ആറോ ആളുകളുമായി ഒരു പലകയിൽ ഇരിക്കുന്ന കിഴവിയെയാണ്.”[6]മന്ത്രവാദി പുരട്ടിയ കുഴമ്പ് ഫലിച്ചില്ലെങ്കിലും അവരുടെ മന്ത്രം കാസനോവയെ ആകർഷിച്ചു.[7] രക്തസ്രാവത്തിനു കാരണമായി ഒരു വൈദ്യൻ പറഞ്ഞത് വെനീസിലെ വായുവിനെയാണ്. അതിനാലാവണം, ഒൻപതാമത്തെ ജന്മദിനത്തിൽ വെനീസിൽ നിന്ന് ഏറെ ദൂരെയല്ലാത്ത പാദുവായിലുള്ള ഒരു ബോർഡിങ്ങ് വിദ്യാലയത്തിൽ അദ്ദേഹത്തെ ചേർത്തു. മാതാപിതാക്കളുടെ ഈ അവഗണന കാസനോവയ്ക്ക് കയ്പ് നിറഞ്ഞ ഓർമ്മയായിരുന്നു. “അവർ എന്നെ ദൂരെക്കളഞ്ഞു,” എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം എഴുതിയത്.[8]
ബോർഡിങ്ങ് വിദ്യാലയത്തിലെ സാഹചര്യങ്ങൾ ശോചനീയമായിരുന്നതിനാൽ, തന്റെ പ്രധാനാദ്ധ്യാപകനായ ആബേ ഗോസി എന്ന പുരോഹിതന്റെ വീട്ടിൽ താമസിക്കാൻ കാസനോവ അനുവാദം വാങ്ങി. അക്കാദമിക് വിഷയങ്ങൾക്കു പുറമേ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു. കാസനോവ കൗമാരപ്രായം മിക്കവാറും ചിലവിട്ടത് ഈ കുടുംബത്തോടൊപ്പമാണ്.[9] ഈ വീട്ടിൽ തന്നെയാണ് അദ്ദേഹം ആദ്യമായി ഒരു പെണ്ണുമായി അടുക്കുന്നതും. പുരോഹിതന്റെ ഇളയസഹോദരി 13 വയസ്സുള്ള ബെറ്റിനാ, പതിനൊന്നു വയസ്സുള്ള കാസനോവയെ താലോടി. "സുന്ദരിയും, ഉല്ലാസപ്രകൃതിയും പ്രേമകഥകളുടെ വലിയ വായനക്കാരിയും ആയിരുന്നു ബെറ്റിനാ. … അവൾ എനിക്ക് വിശദീകരിക്കാനാവാത്തൊരു സംതൃപ്തി നൽകി. എന്റെ ഹൃദയത്തെ പിന്നീട് ഭരിച്ച വലിയ കാമനയുടെ കനലുകൾ മെല്ലെ ഊതിയുണർത്തിയത് അവളായിരുന്നു.” വസൂരി രോഗം ബാധിച്ച അവൾ കാസനോവയുടെ ശുശ്രൂഷയിൽ സുഖം പ്രാപിക്കയും കാസനോവയ്ക്ക് രോഗം പകരുകയും ചെയ്തു. ബെറ്റീനാ പിന്നീട് വിവാഹിതയായെങ്കിലും അവളുമായും ഗോസി കുടുംബവുമായും കാസനോവ ജീവിതകാലം മുഴുവൻ ബന്ധം നിലനിർത്തി. വർദ്ധ്യക്യത്തിൽ അവസാനമായി പാദുവ സന്ദർശിച്ചപ്പോൾ, അവളെ രോഗിയും ദരിദ്രയുമായി കണ്ടെത്തിയെന്നും തന്റെ കൈകളിൽ അവൾ അന്ത്യശ്വാസം വലിച്ചതെന്നും കാസനോവ പറയുന്നു. [10] [11]
യൗവനം
[തിരുത്തുക]തുടക്കത്തിൽ തന്നെ കാസനോവ കുശാഗ്രബുദ്ധിയും വിജ്ഞാനതൃഷ്ണയും പ്രകടിപ്പിച്ചു. പന്ത്രണ്ടു വയാസ്സിൽ പാദുവാ സർവകലാശാലയിൽ പ്രവേശിച്ച അദ്ദേഹം 1742-ൽ പതിനേഴാമത്തെ വയസ്സിൽ നിയമത്തിൽ ബിരുദം സമ്പാദിച്ചതായി പറയപ്പെടുന്നു. ആ വിഷയത്തോട് തനിക്ക് അടക്കാനാവാത്ത വെറുപ്പായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്.[12] കാസനോവ സഭാവക്കീൽ(ecclesiastical lawyer) ആയിത്തീരുമെന്നായിരുന്നു അദ്ദേഹത്തിന്റെ രക്ഷാകർത്താവിന്റെ പ്രതീക്ഷ.[9] നിയമത്തിനു പുറമേ അദ്ദേഹം, സന്മാർഗ്ഗദർശനവും, രസതന്ത്രവും ഗണിതവും പഠിച്ചിരുന്നു. വൈദ്യശാസ്ത്രത്തിലും അദ്ദേഹം പ്രത്യേകം താത്പര്യം കാട്ടി. “എന്നെ ഞാൻ ആഗ്രഹിച്ചതുപോലെ വൈദ്യനാകാൻ അനുവദിക്കേണ്ടതായിരുന്നു. വക്കീൽ പണിയിൽ എന്നതിനേക്കാൾ തട്ടിപ്പ് ഫലപ്രദമാകുന്നത് വൈദ്യത്തിലാണ്".[12] സുഹൃത്തുക്കളേയും തന്നെ തന്നെയും സ്വയം ചികിത്സിക്കുന്നത് കാസനോവ പതിവാക്കിയിരുന്നു.[13] സർവകലാശാലാവിദ്യാർത്ഥിയായിരിക്കെ അദ്ദേഹം ചൂതുകളിയിൽ ആകൃഷ്ടനായി കടത്തിലായി. ഇതറിഞ്ഞ മുത്തശ്ശി അദ്ദേഹത്തെ വെനീസിലേയ്ക്ക് തിരികെ കൊണ്ടുപോയെങ്കിലും ചൂതുകളിഭ്രമം അദ്ദേഹത്തിൽ ഉറച്ചു കഴിഞ്ഞിരുന്നു.
വെനീസിൽ മടങ്ങിയെത്തിയ കാസനോവ അവിടത്തെ പാത്രിയർക്കീസിൽ നിന്ന് ശമ്മാശൻ പട്ടം സ്വീകരിച്ച്, പൗരോഹിത്യത്തിലേയ്ക്കു പ്രവേശിക്കാനൊരുങ്ങി. ഒപ്പം, സർവകലാശാലാവിദ്യാഭ്യാസം തുടരാനായി പാദുവായിലേയ്ക്ക് ഇടയ്ക്കിടെ യാത്രചെയ്യുന്നുമുണ്ടായിരുന്നു. ഇക്കാലമായപ്പോൾ അദ്ദേഹം ഒത്ത ഉയരവും ഇരുണ്ട നിറവും, എപ്പോഴും പൗഡറും സെന്റും പൂശിയിരുന്ന നീണ്ട ചുരുളൻ മുടിയും ആയി ഏതാണ്ടൊരു സുന്ദരക്കുട്ടനായിരുന്നു. ഒരുകാലത്തും ആശ്രയദാതാക്കളെ കണ്ടെത്താൻ കാസനോവയ്ക്കു വിഷമമുണ്ടായില്ല. ഈ സമയത്ത് അദ്ദേഹത്തിനു കിട്ടിയത് വെനീസിലെ സ്വന്തം വീടിനടുത്തു തന്നെയുള്ള മാല്പിയെരോ കൊട്ടാരത്തിന്റെ അധിപൻ ആൽവൈസ് ഗാസ്പാരോ മാല്പിയേയേരോ എന്ന 76 വയസ്സുകാരൻ സാമാജികനായിരുന്നു.[14] ഉന്നതവൃത്തങ്ങളിൽ വ്യാപരിച്ചിരുന്ന മാല്പിയേരോ കാസനോവയ്ക്ക് നല്ല ഭക്ഷണത്തെക്കുറിച്ചും, മദ്യത്തെക്കുറിച്ചും, സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചും മറ്റും വിലപ്പെട്ട പാഠങ്ങൾ പകർന്നുകൊടുത്തു. എന്നാൽ താൻ കണ്ണു വച്ചിരുന്ന തെരേസ ഇമർ എന്ന നടിയുമായി കാസനോവ കുഴഞ്ഞാടാൻ തുടങ്ങിയതോടെ മാൽപിയേരോ അവരിരുവരേയും വീട്ടിൽ നിന്നു പുറത്താക്കി.[10]ഇതിനിടെ കാസനോവയുടെ വളർന്നു വന്നിരുന്ന സ്ത്രീകൗതുകം, ഗ്രിമാനിയുടെ അകന്ന ബന്ധുക്കളായി, പതിനാലും പതിനാറും വയസ്സുണ്ടായിരുന്ന സഹോദരിമാരായ നനേറ്റ, മരിയ എന്നിവരിലൂടെ ആദ്യത്തെ സമ്പൂർണ്ണ ലൈംഗികാനുഭവത്തിലെത്തി. ഈ അനുഭവത്തോടെ തന്റെ ജീവിതദൗത്യമെന്താണെന്ന് ഉറപ്പായതായി കാസനോവ പ്രഖ്യാപിക്കുന്നുണ്ട്.[15]
ഗുമസ്തൻ, സൈനികൻ, വയലിനിസ്റ്റ്
[തിരുത്തുക]കാസനോവയുടെ ഹ്രസ്വമായ പൗരോഹിത്യം അപവാദഭരിതമായിരുന്നു. മുത്തശ്ശിയുടെ മരണത്തെ തുടർന്ന് കാസനോവ കുറച്ചൊരുകാലത്തേയ്ക്ക് സെമിനാരിയിൽ പ്രവേശിച്ചു. എന്നാൽ താമസിയാതെ വീട്ടാക്കടത്തിൽ പെട്ട് ആദ്യമായി ജെയിലിൽ കയറി. ബെർണാർഡോ ഡി. ബെർണാർഡിസ് എന്ന മെത്രാന്റെ കീഴിൽ മകന് എന്തെങ്കിലും സ്ഥാനം വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ ശ്രമം, കലാബ്രിയയിൽ ആ മെത്രാന്റെ രൂപതയിലെ സ്ഥിതി കണ്ടറിഞ്ഞ ശേഷം കാസനോവ തന്നെ തിരസ്കരിച്ചു. [16] അതിനു പകരം റോമിലെ ശക്തനായ അക്വാവീവാ കർദ്ദിനാളിന്റെ കീഴിൽ ഗുമസ്തനായി അദ്ദേഹം ജോലി നേടി. അക്കാലത്ത് മാർപ്പാപ്പയെ കാണാൻ അവസരം ലഭിച്ച കാസനോവ, നിരോധിക്കപ്പെട്ടിരുന്ന പുസ്തകങ്ങൾ വായിക്കാൻ അനുവാദം ചോദിക്കാൻ ധൈര്യം കാട്ടി. മറ്റൊരു കർദ്ദിനാളിനു വേണ്ട പ്രണയലേഖങ്ങൾ കാസനോവ എഴുതിക്കൊടുത്തിരുന്നതായും പറയപ്പെടുന്നു. എന്നാൽ കഷ്ടകാലം പിടിച്ച ഒരു പ്രണയജോഡിയെ സംബന്ധിച്ച അപവാദങ്ങളിൽ ബലിയാടാകേണ്ടി വന്ന കാസനോവയ്ക്ക് കർദ്ദിനാളിന്റെ കീഴിലുള്ള ജോലിയും പൗരോഹിത്യത്തിലെ ഭാവിയും നഷ്ടപ്പെട്ടു. [17]
മറ്റൊരു തൊഴിലന്വേഷിച്ചിറങ്ങിയ കാസനോവ കോർഫുവിലെ വെനീസ് സേനാവ്യൂഹത്തിൽ ചേർന്നെങ്കിലും സ്ഥാനക്കയറ്റത്തിനുള്ള സാധ്യയൊന്നും ഇല്ലെന്നു മനസ്സിലായപ്പോൾ സൈനികവൃത്തി ഉപേക്ഷിച്ച് നാട്ടിലേയ്ക്കു മടങ്ങി. 21 വയസ്സായിരുന്ന അദ്ദേഹം ചൂതുകളി തന്നെ തൊഴിലായി സ്വീകരിക്കാൻ തീരുമാനിച്ചു. എന്നാൽ സൈന്യത്തിലെ കമ്മിഷൻ വിറ്റുകിട്ടിയ പണമൊക്കെ അതിൽ തുലഞ്ഞതോടെ കാസനോവ തന്റെ പഴയ രക്ഷാദാതാവ് അൽവൈസ് ഗ്രിമാനിയുടെ അടുത്ത് ജോലിതേടിയെത്തി. അങ്ങനെ അദ്ദേഹം ഗ്രിമാനിയുടെ സാൻ സാമുവേൽ തിയേറ്ററിൽ വയലിൻ വാദകനായി. “ഉദാത്തമായ ഒരു കലയിലെ മൂന്നാം കിട നാടോടി കലാകാരന്റെ നിലയായിരുന്നു തനിക്കെന്നും, ഒപ്പമുള്ള പാട്ടുകാരുടെ വേണ്ടാത്ത സ്വഭാവങ്ങളൊക്കെ അതിനിടെ താനും പരിശീലിച്ചെന്നും അദ്ദേഹം പറയുന്നു.[18] അദ്ദേഹവും സഹപ്രവർത്തകരിൽ ചിലരും, “പലപ്പോഴും രാത്രി മുഴുവൻ നഗരത്തിൽ കോണോടുകോൺ അലഞ്ഞു നടന്നു. സങ്കല്പിക്കാവുന്നതിൽ ഭയങ്കരമായ പ്രായോഗിക ഫലിതങ്ങൾ അന്വേഷിച്ചു നടപ്പിലാക്കി ... സ്വകാര്യവസതികൾക്കുമുൻപിൽ കെട്ടിയിട്ടിരുന്ന വള്ളങ്ങൾ അഴിച്ച് ഒഴുക്കിവിടുക, വൈദ്യന്മാരേയും വയറ്റാട്ടികളേയും വിളിച്ചുണർത്തി, ഇല്ലാത്ത രോഗികളെ ചികിത്സിക്കാൻ വല്ലവീടുകളിലേയ്ക്കും പറഞ്ഞയയ്ക്കുക തുടങ്ങിയവ അത്തരം തമാശകളിൽ ചിലതായിരുന്നു.[19]
പുതിയ രക്ഷിതാവ്
[തിരുത്തുക]എന്നാൽ താമസിയാതെ ഭാഗ്യം കാസനോവയെ തേടിയെത്തി. അദ്ദേഹത്തോടൊപ്പം വള്ളത്തിൽ യാത്രചെയ്തിരുന്ന ബ്രഗാഡിൽ കുടുംബത്തിൽ പെട്ട ഒരു സെനറ്റർക്ക് ഹൃദയാഘാതമുണ്ടായി. വീട്ടിലെത്തിച്ച സെനറ്ററെ അദ്ദേഹത്തിന്റെ വൈദ്യൻ നെഞ്ചിൽ മുറിവുണ്ടാക്കി രക്തം വാർത്തിയിട്ട് മെർക്കുറിയുടെ ഒരു കുഴമ്പു പുരട്ടി. അതോടെ ശരീരോഷ്മാവു കൂടി രോഗി മരണത്തോടടുത്തു. വൈദ്യന്റെ പ്രതിക്ഷേധം വകവയ്ക്കാതെ ചികിത്സയിൽ ഇടപെട്ട കാസനോവ, രോഗിയുടെ നെഞ്ചു തണുത്ത വെള്ളത്തിൽ കഴുകി മെർക്കുറി കുഴമ്പു നീക്കാൻ നിർദ്ദേശിച്ചു. അതോടെ പനിവിട്ട സെനറ്റർ ക്രമേണ സുഖം പ്രാപിച്ചു. കാസനോവയെ വീട്ടിലേയ്ക്കു ക്ഷണിച്ച സെനറ്റർ ജീവിതകാലമത്രയും അദ്ദേഹത്തിന്റെ രക്ഷാദാതാക്കളിൽ ഒരാളായിരുന്നു. [20] [21]
അടുത്ത മൂന്നു വർഷക്കാലം സെനറ്ററുടെ തണലിൽ പേരിനുമാത്രമായി അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവെന്ന സ്ഥാനം വഹിച്ച് കാസനോവ രസികൻ ജീവിതം നയിച്ചു. മിക്കവാറും സമയം ചിലവഴിച്ചത് ചൂതുകളിയിലും പ്രേമത്തിനു പുതിയ ഇരകളെ തേടുന്നതിലുമാണ്. [22] രക്ഷിതാവ് ഇതൊക്കെ സഹിച്ചെങ്കിലും കുഴപ്പത്തിൽ ചെന്നു പെടാതെ നോക്കണമെന്ന് ഉപദേശിച്ചു. എന്നാൽ ആ ഉപദേശം കാസനോവ കാര്യമായെടുത്തില്ല. ആയിടെ സംസ്കരിക്കപ്പെട്ട ഒരു മനുഷ്യജഡം കുഴിച്ചെടുത്ത് ഒരു വിരോധിയുടെ വീടിനു മുൻപിലിട്ട് കാസനോവ പകരം വീട്ടി. ശവം കണ്ട ശത്രു ഭയപ്പെട്ട് ബോധംകെട്ട്, ചികിത്സയ്ക്ക് വഴങ്ങാത്ത വിധം തളർവാതത്തിലായി. ഒരു ചെറുപ്പക്കാരി കാസനോവയെ ബലാൽസംഗക്കുറ്റത്തിനു കോടതികയറ്റിയതും പ്രശ്നമായി. ഇതൊക്കെക്കാരണം, താമസിയാതെ കാസനോവയ്ക്ക് വെനീസു വിട്ടുപോകേണ്ടി വന്നു. ബലാൽസംഗക്കേസിൽ കാസനോവ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും അപ്പോഴേയ്ക്ക് അദ്ദേഹം വെനീസ് വിട്ടിരുന്നു.[23]
ഹെൻറിയേറ്റ
[തിരുത്തുക]ഇറ്റലിയിലെ തന്നെ പർമാ പട്ടണത്തിലേയ്ക്കു രക്ഷപെട്ട കാസനോവ, ഹെൻറിയേറ്റെ എന്നു പേരുള്ള ഒരു ഫ്രഞ്ചുകാരിയുമായി മൂന്നു മാസം നീണ്ട പ്രണയം തുടങ്ങി. സൗന്ദര്യവും, ബുദ്ധിയും, സംസ്കാരവും ഒത്തുചേർന്നിരുന്ന ഈ സ്ത്രീയുമയുള്ള അടുപ്പമായിരുന്നിരിക്കണം കാസനോവയുടെ ഏറ്റവും തീവ്രമായ പ്രേമബന്ധം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, “പെണ്ണിനു ആണിനെ 24 മണിക്കൂറും സന്തോഷിപ്പിക്കാൻ സാധിക്കയില്ലെന്നു പറയുന്നവർ ഒരു ഹെൻറിയേറ്റെയെ കണ്ടിട്ടില്ലാത്തവരാണ്. പകൽ അവളുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം രാത്രിയിൽ അവളെ കരവലയത്തിൽ ഒതുക്കുമ്പോൾ കിട്ടിയതിൽ അധികമായിരുന്നു. ഒട്ടേറെ വായിച്ച് നല്ല രുചികൾ പരിശീലിച്ചിരുന്ന അവൾ, എല്ലാത്തിനേയും ഭംഗിയായി വിലയിരുത്തി.”[24] കാസനോവയെ അവൾ കൂർമ്മബുദ്ധിയോടെ മനസ്സിലാക്കി. പേരെടുത്ത കാസനോവ വിദഗ്‌ധൻ ജെ. റൈവ്സ് ചൈൽഡ്സ് ഇതേക്കുറിച്ച് പറയുന്നതിതാണ്:
ഒരു പക്ഷേ ഹെൻറിയെറ്റയോളം കാസനോവയുടെ ഹൃദയം കവർന്ന മറ്റൊരു സ്ത്രീയുണ്ടാവില്ല; അദ്ദേഹത്തെ ഇത്രയധികം മറ്റൊരുവളും മനസ്സിലാക്കിയിട്ടുമുണ്ടാവില്ല. അവരുടെ ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ അയാളുടെ ഉള്ളറിഞ്ഞ അവൾ, തന്റെ ഭാവിയെ അയാളുടേതുമായി കൂട്ടിക്കെട്ടുന്നതിൽ നിന്ന് ഒഴിഞ്ഞുനിന്നു. അയാളുടെ ചഞ്ചലസ്വഭാവവും സാമൂഹികമായ പിന്നോക്കാവസ്ഥയും, സാമ്പത്തിക സ്ഥിതിയുടെ ദയനീയതയും ഒക്കെ അവൾ തിരിച്ചറിഞ്ഞു. ഉപേക്ഷിച്ചു പോകുന്നതിനു മുൻപ്, വിലമതിപ്പിന്റെ സൂചനയായി 500 ലൂയീസ് പണം അയാളുടെ കീശയിൽ അവൾ ഇട്ടുകൊടുത്തു.[25]
മഹാപര്യടനം
[തിരുത്തുക]വിഷമസ്ഥിതിയിലായ കാസനോവ വെനീസിലേയ്ക്കു മടങ്ങി. അവിടെ ചൂതാട്ടത്തിലുണ്ടായ നേട്ടത്തെ തുടർന്ന്, ഒരു ദീർഘയാത്രയുടെ ആദ്യപടിയായി 1750-ൽ പാരീസിലെത്തി[26] വഴിക്ക് മിക്കവാറും നഗരങ്ങളിൽ അദ്ദേഹം ഒന്നിനു പുറകേ മറ്റൊന്നായി നാടകീയമായ പ്രേമസാഹസങ്ങൾ നടത്തി.[27]ലയോൺ നഗരത്തിൽ അദ്ദേഹം "ഫ്രീമേസണ്മാർ" എന്നറിയപ്പെടുന്ന രഹസ്യ മതസമൂഹത്തിൽ ചേർന്നു. ഫ്രീമേസന്മാരുടെ രഹസ്യകർമ്മങ്ങൾ അദ്ദേഹത്തിനു ആകർഷകമായി തോന്നിയിരുന്നു. ബുദ്ധിമാന്മാരും ഉന്നതന്മാരുമായ പലരും അംഗങ്ങളായിരുന്ന ആ പ്രസ്ഥാനത്തിലെ അംഗത്വം കാസനോവയ്ക്ക് പലതരം പിടിപാടുകളും സെൻസർ ചെയ്യപ്പെടാത്ത പുതിയ അറിവുകളും നേടിക്കൊടുത്തു. പതിനെട്ടാം നൂറ്റാണ്ടിൽ മൊട്ട്സാർട്ടിനേയും ജോർജ്ജ് വാഷിങ്ടണേയും പോലുള്ള പല ഉന്നതന്മാരും ആ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.[28]
രണ്ടു വർഷം പാരിസിൽ താമസിച്ച കാസനോവ അതിനിടെ ഫ്രഞ്ചു ഭാഷ പഠിക്കുകയും ഏറെ സമയം നാടകശാലകളിൽ ചിലവഴിക്കുകയും പ്രമുഖന്മാരുടെ പരിചയം സമ്പാദിക്കുകയും ചെയ്തു. എന്നാൽ, മറ്റെല്ലായിടങ്ങളിലും എന്ന പോലെ പാരിസിലും അദ്ദേഹം പോലീസിന്റെ നോട്ടപ്പുള്ളിയായി.[29]
1752-ൽ ഡ്രെഡ്സണിലെത്തിയ അദ്ദേഹം അമ്മയെ കണ്ടുമുട്ടി. തുടർന്ന് പ്രേഗും വിയന്നായും സന്ദർശിച്ചെങ്കിലും അവിടങ്ങളിലെ സദാചാരസംസ്കാരം കാസനോവയ്ക്ക് പിടിക്കുന്നതായിരുന്നില്ല. ഒടുവിൽ 1753-ൽ അദ്ദേഹം വെനീസിൽ മടങ്ങിയെത്തി.[30] അവിടെ തന്റെ പഴയ രീതികൾ വീണ്ടും തുടങ്ങിയ കാസനോവ, മതദ്രോഹവിചാരകന്മാരുടെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹത്തിന്റെ പോലീസ് റെക്കോർഡാണെങ്കിൽ ദൈവനിന്ദകളുടേയും, വശീകരണങ്ങളുടേയും, കലഹങ്ങളുടേയും വിവാദങ്ങളുടേയും നീളുന്ന പട്ടിക തന്നെയായി.[31]കാസനോവയുടെ രഹസ്യജ്ഞാനത്തിന്റേയും ഫ്രീമേസൺ വിശ്വാസത്തിന്റേയും വിശദാംശങ്ങൾ ചികഞ്ഞെടുക്കാനും അദ്ദേഹം കൈവശം വച്ചിരുന്ന നിരോധിതഗ്രന്ഥങ്ങൾ കണ്ടെത്താനുമായി വെനീസ് സർക്കാർ, ഗിയോവാന്നി മാനൂച്ചി എന്നൊരു ചാരനെ പ്രത്യേകമായി നിയോഗിച്ചു. ഇതോടെ രക്ഷാകർത്താവായിരുന്നു സെനറ്റർ ബ്രഗാഡിൻ, വെനീസ് വിട്ടുപോവുകായണ് ബുദ്ധി എന്ന് ഉപദേശിച്ചെങ്കിലും കാസനോവ അത് ഗൗനിച്ചില്ല.
തടവ്, രക്ഷപെടൽ
[തിരുത്തുക]താമസിയാതെ അറസ്റ്റിലായ കാസനോവയ്ക്ക് അഞ്ചു വർഷത്തെ തടവു വിധിച്ചുകിട്ടി.[32] വസ്ത്രങ്ങളും, ഒരു പലകക്കട്ടിലും, ഒരു മേശയും കസേരയും ഒക്കെയുള്ള "ഏറ്റവും മോശമായ ഒരു മുറി" ആയിരുന്നു തടവ് .[33] ഒടുവിൽ മറ്റൊരു തടവുകാരനൊപ്പം എങ്ങനെയൊക്കെയോ ജയിലിൽ നിന്ന് രക്ഷപെട്ട കാസനോവ ജെയിൽമുറിയിൽ ഇട്ടുപോയ കുറിപ്പിൽ ബൈബിളിലെ 117-ആം സങ്കീർത്തനത്തിലെ ഈ വാക്കുകളായിരുന്നു: “ഞാൻ മരിക്കാതെ ജീവിക്കുകയും കർത്താവിന്റെ മഹത്ത്വം പ്രകീർത്തിക്കയും ചെയ്യും."[34]വെളുപ്പിന് ആറുമണിക്ക് കൂട്ടുകാരനൊപ്പം ഒരു വള്ളത്തിൽ രക്ഷപെട്ട കാസനോവ 1757 ജനുവരി 5-ന് പാരിസിലെത്തി. ലൂയി പതിനഞ്ചാമൻ രാജാവിനെതിരെ വധശ്രമം നടന്ന ദിവസമായിരുന്നു അത്.[35]
പാരിസിൽ
[തിരുത്തുക]പാരിസിൽ കാസനോവയ്ക്ക് ആദ്യം വേണ്ടിയിരുന്നത് ഒരു രക്ഷാദാതാവായിരുന്നു. അപ്പോഴേയ്ക്ക് ആ നാടിന്റെ വിദേശമന്ത്രിയായിക്കഴിഞ്ഞിരുന്ന പഴയ സുഹൃത്ത് ഡി ബെർണിസുമായുള്ള ബന്ധം കാസനോവ പുനരാരംഭിച്ചു. നല്ലപേരുണ്ടാക്കാനായി, സർക്കാരിന്റെ ധനസമാഹരണസംരംഭത്തിൽ സഹകരിക്കാൻ ബെർണിസ് കാസനോവയെ ഉപദേശിച്ചു. അതനുസരിച്ച്, ദേശീയ ഭാഗ്യക്കുറിയുടെ ട്രസ്റ്റിമാരിൽ ഒരുവനായിത്തീർന്ന കാസനോവ ഒന്നാംകിട ടിക്കറ്റു വില്പനക്കാനായി. ഈ സംരംഭം അദ്ദേഹത്തിനും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി. [36] കാശ് കയ്യിൽ വന്നതോടെ കാസനോവ ഉന്നതവൃത്തങ്ങളിൽ വ്യാപരിക്കാനും പ്രേമത്തിൽ പുതിയ പിടിച്ചെടുക്കലുകൾ തേടാനും തുടങ്ങി. പല മഹിളകളേയും താൻ നിഗൂഡജ്ഞാനങ്ങളിൽ പ്രവീണനാണെന്ന് വിശ്വസിപ്പിച്ച് അദ്ദേഹം കബളിപ്പിച്ചു. ഉർഫിലെ പ്രഭ്വി ജീൻ(Marquess Jeanne d'Urfé) അവരിൽ പ്രമുഖയായിരുന്നു. "വിഡ്ഢികളെ പറ്റിക്കുന്നത് ബുദ്ധിമാന്മാർക്കിണങ്ങുന്ന പണിയാണ്" എന്നായിരുന്നു കാസനോവയുടെ നിലപാട്.[37]
അക്കാലത്ത് യൂറോപ്പിലെ ഉപരിവർഗ്ഗത്തെ ആകർഷിച്ചിരുന്ന റോസിക്രൂഷൻ രഹസ്യജ്ഞാനത്തിലും ആൽക്കെമിയിലുമെല്ലാം പ്രാഗല്ഭ്യമുള്ളവനാണ് താനെന്ന ധാരണ പരത്തി പല പ്രമുഖവ്യക്തികളുടേയും അടുപ്പം സമ്പാദിക്കാൻ കാസനോവയ്ക്ക് കഴിഞ്ഞു. ഫ്രഞ്ച് രാജകുടുംബത്തിൽ ഏറെ സ്വാധീനമുണ്ടായിരുന്ന മാഡം ഡി പോമ്പഡൂർ, സെയിന്റ് ജെർമ്മേൻ പ്രഭു, ശാസ്ത്രജ്ഞനും ചിന്തകനുമായ ഡി അലംബർട്ട്, തത്ത്വചിന്തകൻ റുസ്സോ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടുന്നു. ആൽക്കെമിയും തത്ത്വജ്ഞാനിയുടെ കല്ലിനുവേണ്ടിയുള്ള അന്വേഷണവും ഫ്രാൻസിലെ പ്രഭുവർഗ്ഗത്തിന് ഹരമായിരുന്നത്, അതിലൊക്കെ പ്രാഗല്ഭ്യം അവകാശപ്പെട്ട കാസനോവയ്ക്ക് പ്രയോജനപ്പെട്ടു.[38]
സപ്തവത്സരയുദ്ധം തുടങ്ങിയതോടെ കാസനോവയ്ക്ക് വീണ്ടും സർക്കാരിന്റെ ധനസമാഹരണയജ്ഞത്തെ സഹായിക്കാനുള്ള നിയുക്തി കിട്ടി. അക്കാലത്ത് യൂറോപ്പിലെ സാമ്പത്തിക കേന്ദ്രം തന്നെയായിരുന്ന ആംസ്റ്റർഡാമിൽ സർക്കാർ ബോണ്ടുകൾ വിൽക്കാനുള്ള ചുമതയായിരുന്നു കിട്ടിയത്.[39] എട്ടുശതമാനം മാത്രം ഇളവിൽ ബോണ്ടുകൾ വിൽക്കുന്നതിൽ വിജയിച്ച കാസനോവ ഏറെ ധനം സമ്പാദിച്ചു. ആ പണം കോണ്ട് അദ്ദേഹം ഒരു പട്ടുവസ്ത്രനിർമ്മാണശാല തുടങ്ങി. ഫ്രെഞ്ച് പൗരത്വം സ്വീകരിച്ച് ധനകാര്യവകുപ്പിൽ സേവനമനുഷ്ടിക്കാൻ തയ്യാറായാൽ കാസനോവയ്ക്ക് പ്രഭുപദവിയും അടിത്തൂണും കൊടുക്കാമെന്ന വാഗ്ദാനം സർക്കാർ വച്ചുനീട്ടുകപോലും ചെയ്തു. എന്നാൽ അത് തന്റെ നാടോടി ജീവിതത്തിന് ഇണങ്ങുന്നതല്ലാതിരുന്നതിനാൽ കാസനോവ സ്വീകരിച്ചില്ല.[40] എന്നാൽ ഈവിധം ഭാഗ്യത്തിന്റെ കൊടുമുടിയിൽ എത്തിയ കാസനോവയ്ക് അവിടെ തുടരാനായില്ല. പട്ടുനിർമ്മാണ ബിസിനസ് പരാജയമായിരുന്നു. അതിനെ രക്ഷപെടുത്താനായി അദ്ദേഹം കടം വാങ്ങാൻ തുടങ്ങി. ബിസിനസിലെ പെൺജീവനക്കാരിൽ മിക്കവരും കാസനോവയുടെ പ്രണയിനികളായിരുന്നതിനാൽ ധനത്തിൽ വലിയൊരു ഭാഗം അവരിൽ ചിലവഴിക്കേണ്ടി വന്നതും പ്രശ്നമായി.[41]
വീട്ടാക്കടത്തിന് കാസനോവ വീണ്ടും അറസ്റ്റിലായെങ്കിലും ഉർഫിലെ പ്രഭ്വിയുടെ ഇടപെടലിൽ വിട്ടയയ്ക്കപ്പെട്ടു. എന്നാൽ അതേസമയം തന്നെ രക്ഷാകർത്താവ് ഡി ബെർണിസിനെ ലൂയി 15-ആമൻ രാജാവ് മന്ത്രിസ്ഥാനത്തു നിന്ന് പിരിച്ചുവിട്ടത് കാസനോവയ്ക്ക് വിനയായി. ഇതോടെ ശത്രുക്കളെല്ലാം കാസനോവയ്ക്കെതിരെ സംഘടിച്ചു. ഇതറിഞ്ഞ കാസനോവ പ്രശ്നങ്ങളുടെ കേന്ദ്രത്തിൽ നിന്ന് അകലെയായിരിക്കാനായി, ഉള്ളതെല്ലാം വിറ്റ് മറ്റൊരു സർക്കാർ ദൗത്യം സംഘടിപ്പിച്ച് ഹോളണ്ടിലേയ്ക്ക് പോയി.[41]
പലായനത്തിൽ
[തിരുത്തുക]ഏറ്റെടുത്ത സർക്കാർ ദൗത്യം ഇത്തവണ പരാജയത്തിൽ കലാശിച്ചതിനെ തുടർന്ന് കാസനോവ ആദ്യം കൊളോനിലേയ്ക്കും അവിടന്ന് 1760-ലെ വസന്തകാലത്ത് സ്റ്റുട്ട്ഗാർട്ടിലേയ്ക്കും പലായനം ചെയ്തു. അവിടെ അദ്ദേഹം മിച്ചമുണ്ടായിരുന്ന ധനവും തുലച്ചു. കടത്തിന്റെ പേരിൽ വീണ്ടും അറസ്റ്റിലായെങ്കിലും എങ്ങനെയോ വിടുതൽ നേടിയ കാസനോവ സ്വിറ്റ്സർലന്റിലേയ്ക്കു പോയി. ഓടിനടന്നുള്ള ജീവിതം മടുത്ത അദ്ദേഹം സന്യാസിയുടെ ധ്യാന-പഠനനിരതമായ ജീവിതത്തിനുള്ള സാധ്യത ആരായാൻ ഒരു സന്യാസഭവനം സന്ദർശിക്കുക പോലും ചെയ്തു. എന്നാൽ അതേക്കുറിച്ച് ആലോചിക്കാൻ ഹോട്ടൽ മുറിയിൽ മടങ്ങിയെത്തിയ അദ്ദേഹം അവിടെ ഒരു പുതിയ പ്രേമഭാജനത്തെ കണ്ടതോടെ ആ പദ്ധതി അപ്പാടെ മറന്നു.[42] വഴിക്ക് ആൽബർട്ട് വോൺ ഹാലറേയും വോൾട്ടയറേയും കണ്ട കാസനോവ മാർസെയിൽ, ജെനോവ, ഫ്ലോറൻസ്, റോം, നേപ്പിൾസ്, മോഡേണ, ടൂറിൻ എന്നിവിടങ്ങളിൽ പുതിയ പ്രേമസാഹസങ്ങളുമായി ചുറ്റിനടന്നു[43]
ഒടുവിൽ വീണ്ടും പാരിസിലെത്തിയ കാസനോവ തന്റെ ഏറ്റവും ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളിലൊന്ന് നടപ്പാക്കാൻ തുടങ്ങി. പഴയ സുഹൃത്ത് ഉർഫിലെ പ്രഭ്വിയെ മന്ത്രശക്തികൊണ്ട് യൗവനയുക്തനായൊരു പുരുഷനാക്കി മാറ്റിക്കൊടുക്കാനാകുമെന്ന് വിശ്വസിപ്പിച്ചതായിരുന്നു അത്. എന്നാൽ ഈ പരിപാടിയിൽ നിന്ന് കാസനോവയ്ക്ക് ഉദ്ദേശിച്ച അത്ര ലാഭം ഉണ്ടായില്ല. പ്രഭ്വിയ്ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം ഒടുവിൽ തീർത്തും നഷ്ടമാവുകയും ചെയ്തു.[44]
1763-ൽ കാസനോവ ഇംഗ്ലണ്ടിലെത്തി. ദേശീയ ഭാഗ്യക്കുറി എന്ന തന്റെ ആശയം ബ്രിട്ടീഷ് സർക്കാരിനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തന്റെ പരിചയങ്ങളും ഉർഫിലെ പ്രഭ്വിയിൽ നിന്ന് തട്ടിയെടുത്തിരുന്ന ധനവും ഉപയോഗിച്ച് ജോർജ്ജ് മൂന്നാമൻ രാജാവുമായി ഒരു കൂടിക്കാഴ്ച വരെ കാസനോവ തരപ്പെടുത്തി. രാഷ്ടീയവും സാമ്പത്തികവുമായ ഈ പദ്ധതികൾക്കൊപ്പം തന്നെ പ്രേമത്തിനും കാസനോവ സമയം കണ്ടെത്തി. എന്നാൽ ഇംഗ്ലീഷ് അറിയില്ലാതിരുന്നത് പ്രശ്നമായി. ഒടുവിൽ "ശരിയായ ആൾക്ക് വീടുവാടകയ്ക്കു കൊടുക്കാൻ ആഗ്രഹിക്കുന്നവർ പ്രതികരിക്കുക" എന്നു പറഞ്ഞ് കാസനോവ ഒരു പത്രപരസ്യം കൊടുത്തു. പരസ്യത്തോടു പ്രതികരിച്ച ചെറുപ്പക്കാരികളെ മാത്രം "ഇന്റർവ്യൂ" ചെയ്ത അദ്ദേഹം ഒരു ശ്രീമതി പൗളീന്റെ വീട് തെരഞ്ഞെടുത്ത് അവിടെ താമസമാക്കി അവരെ വശീകരിച്ചു. എന്നാൽ ഇതും ഇത്തരം മറ്റു ബന്ധങ്ങളും രതിജന്യരോഗങ്ങളിൽ എത്തിച്ചപ്പോൾ കാസനോവ രോഗത്തിലും കടത്തിലും ഇംഗ്ലണ്ട് വിട്ടു.[45]
ബെൽജിയത്തിലെ ചികിത്സയിൽ സുഖം പ്രാപിച്ച കാസനോവ അടുത്ത മൂന്നു വർഷം യൂറോപ്പു മുഴുവൻ ചുറ്റിയടിച്ചു. ഈ യാത്ര അദ്ദേഹത്തെ മോസ്കോ വരെ എത്തിച്ചു. ഫ്രഞ്ച് സർക്കാരിനെക്കൊണ്ട് ഭാഗ്യക്കുറി പരിപാടി ഏറ്റെടുപ്പിച്ചതുപോലെ മറ്റു സർക്കാരുകളേയും അതിനെ വശപ്പെടുത്തുകയെന്നതായിരുന്നു ഈ യാത്രകളുടെ ലക്ഷ്യം. എന്നാൽ പ്രഷ്യയിലെ ഫ്രെഡറിക് രാജാവും മറ്റു ജർമ്മൻ ഭരണാധികാരികളും കാസനോവയുടെ ഭാഗ്യക്കുറി ആശയം ഏറ്റെടുക്കാൻ മനസ്സുകാണിച്ചില്ല. ആത്മവിശ്വാസത്തിനോ സുഹൃത്തുക്കൾക്കോ കുറവില്ലാതിരുന്ന കാസനോവ, റഷ്യയിലെ പേരുകേട്ട കാതറീൻ രാജ്ഞിയേയും കണ്ടു. എന്നാൽ അദ്ദേഹത്തിന്റെ പദ്ധതി അവർ കേട്ടപാടെ തള്ളിക്കളഞ്ഞു. [46]
1766-ൽ ഒരു ഇറ്റാലിയൻ നടിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ നടത്തിയ പിസ്റ്റൾ ദ്വന്ദ്വയുദ്ധത്തെ തുടർന്ന് പോളണ്ടിലെ വാർസായിൽ നിന്ന് കാസനോവയെ പുറത്താക്കി. ഭാഗ്യക്കുറി പരിപാടി ആരും സ്വീകരിക്കാതിരുന്നതിനാൽ 1767-ൽ കാസനോവ പാരിസിൽ മടങ്ങിയെത്തി. അവിടെ ചൂതാട്ടവും മറ്റുമായി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഉർഫിലെ പ്രഭ്വിയുടെ തട്ടിപ്പുകേസിന്റെ പേരിൽ ലൂയി പതിനഞ്ചാമൻ രാജാവിന്റെ നേരിട്ടുള്ള ഉത്തരവിൽ അദ്ദേഹത്തെ പുറത്താക്കി.[47] അപ്പോഴേയ്ക്ക് യൂറോപ്പു മുഴുവൻ കുപ്രസിദ്ധനായിക്കഴിഞ്ഞിരുന്ന കാസനോവയ്ക്ക് തന്റെ സൗഭാഗ്യം വീണ്ടെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതിനാൽ തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലാതിരുന്ന സ്പെയിനിലേയ്ക്ക് അദ്ദേഹം പോയി. തന്റെ പതിവു തന്ത്രങ്ങളൊക്കെ പ്രയോഗിച്ച് സ്പെയിനിലെ ചാൾസ് മൂന്നാമൻ രാജാവുമായി ഒരു കൂടിക്കാഴ്ചവരെ കാസനോവ ഒപ്പിച്ചെടുത്തു. എന്നാൽ ഒന്നും ഫലമുണ്ടാക്കിയില്ല. ബാർസെലോണയിൽ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപെട്ട കാസനോവയ്ക്ക് ആറാഴ്ചക്കാലം ജെയിലിൽ കഴിയേണ്ടതായും വന്നു. സ്പാനിഷ് സാഹസത്തിന്റെ പരാജയത്തെ തുടർന്ന് അല്പകാലം ഫ്രാൻസിലെ ചെലവഴിച്ചശേഷം കാസനോവ ഇറ്റലിയിലെത്തി.[48]
വെനീസിൽ തിരികെ
[തിരുത്തുക]റോമിൽ തങ്ങിയ കാസനോവ, ജന്മനാടായ വെനീസിലേയ്ക്ക് മടങ്ങാൻ വഴിയന്വേഷിച്ചു. ആ സമയത്തു തന്നെ ഹോമറുടെ ഇലിയഡ് ടസ്കൻ ഇറ്റാലിയനിലേയ്ക്ക് പരിഭാഷപ്പെടുത്താനും ശ്രമിച്ചു. വെനീസിലെ അധികാരികളെ പ്രീണിപ്പിക്കാനായി, റോമിലിരുന്നു അവർക്കുവേണ്ടി ചെറിയ ചാരപ്രവർത്തികളും ചെയ്തുകൊടുത്തു. മതദ്രോഹക്കോടതിയുടെ അധികാരികൾക്ക് നേരിട്ടെഴുതിയ അദ്ദേഹത്തിന് 1774-ൽ വെനീസിലേയ്ക്കു മടങ്ങാനുള്ള അനുമതി കിട്ടി. ആ വർഷം സെപ്തംബർ മാസം കാസനോവ വെനീസിൽ മടങ്ങിയെത്തിയത്, തടവു ചാടി രക്ഷപെട്ട് അവിടന്ന് പോയി പതിനെട്ടു വർഷം കഴിഞ്ഞായിരുന്നു.[49]
ആദ്യം അദ്ദേഹത്തിനു ഊഷ്മളമായ സ്വീകരണമാണ് കിട്ടിയത്. അദ്ദേഹം എങ്ങനെ ജെയിൽ ചാടിപ്പോയെന്നറിയാൻ മതദ്രോഹക്കോടതിക്കാർ പോലും കൗതുകം കാട്ടി. എന്നാൽ ക്രമേണ അനുഭവങ്ങൾ കയ്പു നിറഞ്ഞതാകാൻ തുടങ്ങി. ജന്മനാട്ടിൽ വരുമാനമാർഗ്ഗം കണ്ടെത്തുകയെന്നത് പഴയതുപോലെ എളുപ്പമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 49-ആമത്തെ വയസ്സിൽ, ദീർഘകാലത്തെ വഴിവിട്ട ജീവിതത്തിനും അലച്ചിലിലും ഒടുവിൽ, വസൂരിക്കലകളും കുഴിഞ്ഞ കവിളുകളുമായി കാസനോവയുടെ രൂപവും ക്ഷയിച്ചിരുന്നു. അദ്ദേഹത്തിന്റെ വളഞ്ഞ മൂക്ക് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
കാസനോവയ്ക്ക് പണമോ, വഴങ്ങുന്ന പെണ്ണുങ്ങളോ, വിരസത മാറ്റാൻ പഴയ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. അമ്മ അക്കാലത്ത് മരിച്ചു. അക്കാലത്തുതന്നെ ലൈംഗികതയിൽ തന്നെ ഹരിശ്രീ കുറിപ്പിച്ച ബെറ്റീനാ ഗോസിയും കാസനോവയുടെ കയ്യിൽ കിടന്നു മരിച്ചു. ഇലിയഡ് പരിഭാഷ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചെങ്കിലും വലിയ നേട്ടമുണ്ടാക്കിയില്ല. ഇക്കാലത്തു വോൾട്ടയറുമായി കാസനോവ മതപരമായ ഒരു സംവാദത്തിൽ ഏർപ്പെട്ടു. വോൾട്ടയർ ശരിക്കുള്ള തത്ത്വചിന്തകനായിരുന്നെങ്കിൽ അന്ധവിശ്വാസങ്ങളെ വിമർശിക്കുന്നതിനു പകരം അവയെക്കുറിച്ച് നിശ്ശബ്ദദപാലിക്കുമായിരുന്നെന്ന് കാസനോവ വാദിച്ചു. രാഷ്ട്രങ്ങളുടെ ശാന്തിയ്ക്ക് ജനസാമാന്യത്തെ അജ്ഞതയിൽ നിലനിർത്തേണ്ടത് ആവശ്യമാണെന്നാണ് കാസനോവ പറഞ്ഞ ന്യായം.[50]
1779-ൽ കാസനോവ ഫ്രാൻസെസ്കോ എന്നു പേരുള്ള നിരക്ഷരയായ ഒരു തുന്നൽക്കാരിയെ തന്റെ കാമുകിയും വീടുനടത്തിപ്പുകാരിയുമായി കൂടെ താമസിപ്പിച്ചു. അവൾ അദ്ദേഹത്തെ അത്മാർത്ഥമായി സ്നേഹിച്ചു.[51] അതേവർഷം ഒടുവിൽ മതദ്രോഹക്കോടതി അദ്ദേഹത്തെ അവരുടെ ശമ്പളക്കാരനായി നിയമിച്ച്, മാർപ്പാപ്പയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും വെനീസുമായുള്ള വ്യാപാരബന്ധത്തെക്കുറിച്ച് അന്വേഷിക്കാനയച്ചു. എന്നാൽ ഭാഗ്യം കാസനോവയെ കൈവിട്ടിരുന്നു. 1783-ൽ വെനീസിലെ ഉപരിവർഗ്ഗത്തെ പരിഹസിക്കുന്ന ഒരു രചനയുടെ പേരിൽ അദ്ദേഹം അവിടെ നിന്ന് പുറത്താക്കപ്പെട്ടു. ഗ്രിമാനി പ്രഭുവാണ് തന്റെ യഥാർത്ഥ പിതാവെന്ന് കാസനോവ സമ്മതിച്ചിട്ടുള്ളത് ആ രചനയിൽ മാത്രമാണ്.[52]
തന്റെ ദേശാടനം തുടരാൻ നിർബ്ബന്ധിതനായ കാസനോവ വീണ്ടും പാരീസിലെത്തി. 1783 നവമ്പറിൽ അവിടെ അദ്ദേഹം അമേരിക്കൻ ഐക്യനാടുകളുടെ ഫ്രാൻസിലെ അംബാസിഡറായിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിനെ കണ്ടു. വ്യോമയാനത്തിന്റേയും ബലൂൺ യാത്രയുടേയും ഒരു പ്രകടനത്തിൽ പങ്കെടുക്കുകയായിരുന്നു ഫ്രാങ്ക്ലിൻ.[53]
അന്തിമവർഷങ്ങൾ
[തിരുത്തുക]1785-ൽ കാസനോവ, ഇന്നത്തെ ചെക്ക് ഗണരാജ്യത്തിലുള്ള ജോസഫ് കാൾ വോൺ വാൾഡ്സ്റ്റീൻ പ്രഭുവിന്റെ ഗ്രന്ഥശാലയുടെ മേൽനോട്ടക്കാരനായി നിയമിക്കപ്പെട്ടു. ഫ്രീമേസൻ കൂട്ടായ്മയിൽ അംഗമായിരുന്ന വാൾഡ്സ്റ്റീൻ കാസനോവയെ മുൻപൊരിക്കൽ കണ്ടുമുട്ടിയിരുന്നു. സുരക്ഷയും മോശമല്ലാത്ത ശമ്പളവും നൽകിയ ആ ജോലി മുഷിപ്പൻ ആയിരുന്നെന്നാണ് കാസനോവ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ രചനാജീവിതത്തിലെ ഏറ്റവും ഫലദായകമായ കാലം അതായിരുന്നു.[54] അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. കർഷകരായ സാധാരണക്കാരുടെ ഇടയിലുള്ള ജീവിതത്തിൽ കാസനോവയ്ക്ക് ഒരാകർഷണീയതയും കണ്ടെത്താനായില്ല. പുതിയ രക്ഷാദാതാവുമായി കാസനോവ നല്ല ബന്ധം പുലർത്തിയിരുന്നെങ്കിലും കാസനോവയേക്കാൾ പ്രായക്കുറവും തന്റേതായ കിറുക്കുകളുമുള്ളൊരു മനുഷ്യനായിരുന്നു പ്രഭു. ഭക്ഷണവേളകളിൽ അദ്ദേഹം കാസനോവയെ അവഗണിക്കുകയും പ്രധാന സന്ദർശകരെ പരിചയപ്പെടുത്തിക്കൊടുക്കാതിരിക്കുകയും ചെയ്തു. പരിചാരകർക്കൊപ്പമായിരുന്നു അദ്ദേഹത്തിന് ഭക്ഷണം ഏർപ്പാടാക്കിയിരുന്നത്. പുറം നാട്ടുകാരനായ കാസനോവയെ പ്രഭുവിന്റെ കൊട്ടാരത്തിലുള്ള മറ്റുള്ളവർ സമ്പൂർണ്ണമായി വെറുത്തിരുന്നു. ഇക്കാലത്ത് കാസനോവയ്ക്ക് ആകെ സൗഹൃദമുണ്ടായിരുന്നത് അവിടെയുണ്ടായിരുന്ന ടെറിയർ നായ്ക്കളുമായായിരുന്നുവെന്ന് കരുതണം. ആത്മഹത്യയെപ്പറ്റി ആലോചിച്ചെങ്കിലും തന്റെ സ്മരണകൾ രേഖപ്പെടുത്തി വയ്ക്കാനായി ജീവിതം തുടരാൻ അദ്ദേഹം തീരുമാനിച്ചു. ജീവിതാന്ത്യം വരെ അദ്ദേഹം ആ ജോലിയിൽ ഏർപ്പെട്ടിരിക്കുകയും ചെയ്തു.[55]
മരണം
[തിരുത്തുക]തന്റെ സാഹസങ്ങളുടെ മുഖ്യരംഗവേദികളിൽ ഒന്നായ ഫ്രാൻസിന് 1789-ൽ ആരംഭിച്ച വിപ്ലവത്തെ തുടർന്നുണ്ടായ പരിവർത്തനം കാസനോവയ വേദനിപ്പിച്ചു. അതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി:[11]
“ | "ഓ, പ്രിയപ്പെട്ട ഫ്രാൻസ്, എന്റെ സുന്ദരിയായ ഫ്രാൻസ്! ജനങ്ങൾ ദുരിതത്തിൽ കഴിഞ്ഞിരുന്നെങ്കിലും നിന്നിൽ കാര്യങ്ങൾ മുൻപ് എത്ര നന്നായി നടന്നിരുന്നു. ഇപ്പോൾ നിന്റെ അവസ്ഥ എന്തായിരിക്കുന്നു! ജനങ്ങൾക്കാണിപ്പോൾ നിന്നിൽ പരമാധികാരം; എല്ലാ ഭരണാധികാരികളിലും വച്ച് ക്രൂരരായ ജനങ്ങൾക്ക്! |
” |
1797-ൽ കാസനോവയുടെ ജന്മനാട് നെപ്പോളിയന്റെ പിടിയിലായതോടെ വെനീസ് ഗണരാജ്യത്തിനും അന്ത്യമായി. നാട്ടിലേയ്ക്ക് മടങ്ങാൻ കാസനോവയ്ക്ക് പിന്നെ വഴിയില്ലാതായി. 1798 ജൂൺ നാലിന് 73-ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. "തത്ത്വചിന്തകനായി ജീവിച്ച് ക്രിസ്ത്യാനിയായി ഞാൻ മരിക്കുന്നു" [ക]എന്നായിരുന്നു അന്ത്യമൊഴി എന്നു പറയപ്പെടുന്നു.[56]
സ്മരണകൾ
[തിരുത്തുക]അവസാനകാലത്തെ മുഷിപ്പും ഏകാന്തതയും "എന്റെ ജീവിതകഥ" (Histoire de ma vie) എന്ന രചനയിൽ ശ്രദ്ധിക്കാൻ കാസനോവയ്ക്ക് പ്രേരണ നൽകി. ആ രചന ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പ്രശസ്തിയ്ക്ക് കുറവോ അസ്തമയം തന്നെയോ സംഭവിക്കുമായിരുന്നു. 1774 വരെയുള്ള കാലമേ ഈ രചനയിൽ വരുന്നുള്ളൂ.[57] ആ രചനയിൽ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹം മരിച്ചത്. 1792-ൽ എഴുതിയ ഒരു കത്തിൽ, തന്റെ സ്മരണകൾ വെറുപ്പുളവാക്കുന്നവയും ശത്രുക്കളെ സൃഷ്ടിക്കാൻ സാധ്യതയുള്ളതും ആയതുകൊണ്ട് അവ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം പുന:പരിശോധിച്ചേക്കാമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഒടുവിൽ കടുത്ത ഭാഗങ്ങളെ മയപ്പെടുത്തി എഴുത്തു തുടരാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.[58] ഇറ്റാലിയൻ ഭാഷയ്ക്കു പകരം ഫ്രഞ്ച് ഉപയോഗിക്കാൻ കാസനോവ പറഞ്ഞ ന്യായം “ഫ്രഞ്ച്, എന്റെ ഭാഷയേക്കാൾ അറിയപ്പെടുന്ന ഭാഷയാണ്" എന്നാണ്”.[59]
പന്ത്രണ്ട് വാല്യങ്ങളുള്ള ഈ രചനയുടെ ഇംഗ്ലീഷ് പരിഭാഷ 1200 പുറമുണ്ട്. കാസനോവയുടെ ഏറ്റുപറച്ചിലുകളിൽ പശ്ചാത്താപത്തിന്റെ സ്പർശമേയില്ല. സംഗീതവും ഭക്ഷണവും ലൈംഗികതയും ഒക്കെ തനിക്കു നൽകിയ ആനന്ദം കാസനോവ വായനക്കാരുമായി പങ്കുവച്ച് ആഘോഷിക്കുന്നു. നന്നായി മസാല ചേർത്ത ഭക്ഷണത്തോടായിരുന്നു പ്രിയം. സ്ത്രീകളും പെൺകുട്ടികളും ആയുള്ള 120-ഓളം സാഹസാനുഭവങ്ങൾ അദ്ദേഹം നിരത്തുന്നുണ്ട്. ഒപ്പം പുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വളഞ്ഞ സൂചനകളും നൽകുന്നു.[60][61] "ഞാൻ ജീവിച്ചു എന്ന് എനിക്ക് അവകാശപ്പെടാനാകും“[62] എന്നാണ് കാസനോവയുടെ സ്വയം വിലയിരുത്തൽ.
കാസനോവയുടെ സ്മരണകളുടെ കൈയെഴുത്തുപ്രതി, എഫ്.എ. ബ്രൊക്കാമസ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന് വിൽക്കുന്നതു വരെ ബന്ധുക്കളുടെ കൈവശമായിരുന്നു. സംഗ്രഹരൂപത്തിലുള്ള ഒരു പതിപ്പ് 1822-നടുത്ത് ആദ്യം ജർമ്മനിലും പിന്നീട് ഫ്രഞ്ചിലും പ്രസിദ്ധീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിയിലെ ലീപ്സിഗ് നഗരത്തിനുമേലുള്ള സഖ്യകഷിസേനയുടെ ബോംബുവർഷത്തെ കൈയെഴുത്തുപ്രതിയുടെ മൂലം അതിജീവിച്ചു. മൂലഭാഷയായ ഫ്രഞ്ചിൽ സ്മരണയുടെ പൂർണ്ണരൂപം ആദ്യമായി പ്രസിദ്ധീകരിച്ചത് 1960-ലാണ്.[63]
വശീകരണകല
[തിരുത്തുക]ബഹുമുഖസ്വഭാവമുള്ള ഒരു സങ്കീർണ്ണവ്യക്തിത്വമായിരുന്നു കാസനോവയുടേതെങ്കിലും വിഷയലോലുപതയായിരുന്നു അതിന്റെ മുഖമുദ്ര. ഇന്ദ്രിയങ്ങൾക്കു സുഖം നൽകുന്നവയെ പിന്തുടരുകയെന്നത് ജീവിതത്തിലെ പ്രധാന ധർമ്മമായി താൻ എന്നും കരുതിയെന്നും അതിനേക്കാൾ പ്രാധാന്യം മറ്റൊന്നിനും കല്പിച്ചില്ലെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. താൻ എതിർലിംഗത്തിൽ പെട്ടവർക്കുവേണ്ടി ജനിച്ചവനാണെന്ന് അദ്ദേഹം വിശ്വസിച്ചു.[64]
കാസനോവയുടെ സങ്കല്പത്തിലെ ആദർശബന്ധത്തിൽ ലൈംഗികതയ്ക്കപ്പുറം സങ്കീർണ്ണമായ സംഭവഗതികളും, ഹീറോകളും വില്ലന്മാരും രക്ഷകന്മാരും എല്ലാം ഉൾപ്പെട്ടിരുന്നു. അദ്ദേഹം പലപ്പോഴും പിന്തുടർന്നിട്ടുള്ള ഒരു മാതൃകയിൽ, സംഭവങ്ങളുടെ പിന്തുടർച്ച ഏതാണ്ട് ഇങ്ങനെയായിരുന്നു:[65]
- രംഗം 1: ക്രൂരനോ അസൂയാലുവോ ആയ ഒരുത്തൻ കാമുകനായുള്ള ഒരു സുന്ദരിയെ കാസനോവ കണ്ടെത്തുന്നു
- രംഗം 2: അവളുടെ ബുദ്ധിമുട്ടിന് അദ്ദേഹം പരിഹാരമുണ്ടാക്കുന്നു.
- രംഗം 3: അവൾ നന്ദി പ്രകടിപ്പിക്കുന്നതിനെ തുടർന്ന് അദ്ദേഹം അവളെ വശത്താക്കുകയും ആവേശമുണർത്തുന്ന ഒരു ഹ്രസ്വബന്ധത്തിന് തുടക്കമിടുകയും ചെയ്യുന്നു.
- രംഗം 4: പ്രേമം തണുത്ത് വിരസത തുടങ്ങുന്നതോടെ കാസനോവ, അവളെ സ്വന്തമാക്കാൻ അർഹതയില്ലാത്തവനാണ് താനെന്ന ഏറ്റുപറച്ചിൽ നടത്തി അരങ്ങൊഴിയുന്നു.
നന്ദി ജനിപ്പിച്ച് കീഴടക്കാൻ കഴിയാത്തവളായി ഒരു പതിവ്രതയുമില്ലെന്ന് കാസനോവ കരുതി. "ഏറ്റവും ഹ്രസ്വവും ആയാസരഹിതവുമായ വഴി അതാണ്."[66] ശ്രദ്ധയും ചെറിയ ഉപകാരങ്ങളും വഴിയാണ് പെണ്ണിന്റെ ഹൃദയത്തെ മയപ്പെടുത്തേണ്ടത്. എന്നാൽ പ്രേമം വാക്കുകളിൽ പ്രകടിപ്പിക്കുന്നവൻ വിഡ്ഢിയാണ്. സംഭാഷണം ആവശ്യമാണ്. അതിന്റെ അഭാവത്തിൽ പ്രേമത്തിന്റെ മാധുര്യം മൂന്നിൽ രണ്ടും ഇല്ലാതാകുന്നു. എന്നാൽ സംഭാഷണത്തിൽ പ്രേമം സൂചിപ്പിക്കയല്ലാതെ കൊട്ടി ഘോഷിക്കരുത്.[66]
ഉഭയസമ്മതം വശീകരണത്തിൽ പ്രധാനമാണെന്ന് കാസനോവ കരുതി. എന്നാൽ ഏറെ എളുപ്പമുള്ളതോ തീരെ ബുദ്ധിമുട്ടുള്ളതോ ആയ ബന്ധങ്ങളെ അദ്ദേഹം ഒഴിവാക്കി.[67] ഒന്നാം രംഗത്തിൽ ഫലിതപ്രിയനും, സഹായസന്നദ്ധനും, ആത്മവിശ്വാസം തികഞ്ഞവനുമായ ഒരു ആദർശസഹയാത്രികന്റെ ഭാഗം മാത്രം അഭിനയിച്ച അദ്ദേഹം മൂന്നാം രംഗത്തിനു മുൻപ് കിടപ്പറയെക്കുറിച്ച് ചിന്തിച്ചില്ല. താൻ ഒരിക്കലും ഒരു ചൂഷകൻ ആയിരുന്നില്ലെന്ന് കാസനോവ എടുത്തുപറയുന്നു. പൂർവപരിചയമില്ലാത്തവരേയും, ലോലമനസാക്ഷിയുള്ളവരേയും ഒക്കെ താൻ വെറുതേവിട്ടെന്നും അദ്ദേഹം പറയുന്നു. പെണ്ണുങ്ങളുടെ ബുദ്ധിയ്ക്ക് വിലകല്പിച്ചെങ്കിലും വിദ്യാഭ്യാസം അവർക്കാവശ്യമെല്ലെന്ന് അദ്ദേഹം കരുതി.[68]
കുറിപ്പുകൾ
[തിരുത്തുക]ക. ^ കാസനോവ വിഷയാസക്തിയെ തത്ത്വചിന്തയും പാസ്കലിന്റെ പന്തയത്തെ ക്രിസ്തുമതവുമായി തെറ്റിദ്ധരിച്ചിരുന്നു എന്നാണ് ഇതേക്കുറിച്ച് ചരിത്രകാരനായ വിൽ ഡുറാന്റിന്റെ കമന്റ്. "He had mistaken sensualism for philosophy, and Pascal's Wager for Christianity".[11]
ബാഹ്യകണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ജോൺ മാസ്റ്റേഴ്സ്(1969). കാസനോവ. ന്യൂയോർക്ക്: ബെർനാർഡ് ഗീസ് അസ്സോസിയേറ്റ്സ് പുറം 12.
- ↑ മാസ്റ്റേഴ്സ് (1969), പുറം. 12.
- ↑ ജെ. റൈവ്സ് ചൈൽഡ്സ്(1988). കാസനോവ: ഒരു പുതിയ വീക്ഷണം. ന്യൂ യോർക്ക്: പരാഗോൺ ഹൗസ് പബ്ലീഷേഴ്സ്. പുറം 4. ISBN 0-913729-69-8
- ↑ ചൈൽൽഡ്സ് (1988), പുറം 3.
- ↑ കാസനോവ (2006). എന്റെ ജീവിതത്തിന്റെ ചരിത്രം. ന്യൂ യോർക്ക്: എവ്‌രി മാൻസ് ലൈബ്രറി, പുറം x. ISBN 0-307-26557-9
- ↑ കാസനോവ (2006), പുറം 29
- ↑ ചൈൽഡ്സ് (1988),പുറം 5.
- ↑ മാസ്റ്റേഴ്സ് (1969), പുറം 13.
- ↑ 9.0 9.1 മാസ്റ്റേഴ്സ് (1969), പുറം 15.
- ↑ 10.0 10.1 ചൈൽഡ്സ് (1988), പുറം 7.
- ↑ 11.0 11.1 11.2 റുസ്സോയും വിപ്ലവവും, സംസ്കാരത്തിന്റെ കഥ പത്താം ഭാഗം(വിൽ, ഏരിയൽ ഡുറാന്റുമാർ(പുറങ്ങൾ 322-25)
- ↑ 12.0 12.1 കാസനോവ (2006), പുറം 64
- ↑ ചൈൽഡ്സ്(1988), പുറം 6.
- ↑ മാസ്റ്റേഴ്സ് (1969), പുറങ്ങൾ 15-16.
- ↑ മാസ്റ്റേഴ്സ് (1969), പുറം 19.
- ↑ മാസ്റ്റേഴ്സ് (1969), പുറം 32.
- ↑ മാസ്റ്റേഴ്സ് (1969), പുറം 34.
- ↑ കാസനോവ (2006), പുറം. 236
- ↑ കാസനോവ (2006), പുറം 237
- ↑ കാസനോവ (2006), പുറങ്ങൾ 242-243
- ↑ മാസ്റ്റേഴ്സ് (1969), പുറം. 54.
- ↑ ചൈൽഡ്സ് (1988), പുറം 41.
- ↑ മാസ്റ്റേഴ്സ് (1969), പുറം 63.
- ↑ കാസനോവ (2006), പുറം 299
- ↑ ചൈൽഡ്സ് (1988), പുറം 46.
- ↑ മാസ്റ്റേഴ്സ് (1969), പുറം 77.
- ↑ മാസ്റ്റേഴ്സ് (1969), പുറം 78.
- ↑ മാസ്റ്റേഴ്സ് (1969), പുറം 80.
- ↑ മാസ്റ്റേഴ്സ് (1969), പുറം 83.
- ↑ മാസ്റ്റേഴ്സ് (1969), പുറം 91.
- ↑ മാസ്റ്റേഴ്സ് (1969), പുറം 100.
- ↑ മാസ്റ്റേഴ്സ് (1969), പുറം 102.
- ↑ കാസനോവ (2006), പുറം 493
- ↑ കാസനോവ (2006), പുറം. 552
- ↑ മാസ്റ്റേഴ്സ് (1969), പുറങ്ങൾ 111-122.
- ↑ മാസ്റ്റേഴ്സ് (1969), പുറം 126.
- ↑ കാസനോവ (2006), പുറം 16.
- ↑ ചൈൽഡ്സ് (1988), പുറം. 83.
- ↑ മാസ്റ്റേഴ്സ്(1969), പുറം 132.
- ↑ ചൈൽഡ്സ് (1988), പുറം 89.
- ↑ 41.0 41.1 മാസ്റ്റേഴ്സ് (1969), പുറം 141.
- ↑ മാസ്റ്റേഴ്സ് (1969), പുറം 151
- ↑ മാസ്റ്റേഴ്സ് (1969), പുറങ്ങൾ 157-158.
- ↑ മാസ്റ്റേഴ്സ് (1969), പുറങ്ങൾ 191-192.
- ↑ മാസ്റ്റേഴ്സ് (1969), പുറം 203, 220.
- ↑ മാസ്റ്റേഴ്സ് (1969), പുറങ്ങൾ 221-224.
- ↑ മാസ്റ്റേഴ്സ് (1969), പുറം 232.
- ↑ മാസ്റ്റേഴ്സ് (1969), പുറങ്ങൾ 242-243.
- ↑ Masters (1969), p. 255.
- ↑ ചൈൽഡ്സ് (1988), പുറം 273.
- ↑ മാസ്റ്റേഴ്സ് (1969),പുറം. 260.
- ↑ മാസ്റ്റേഴ്സ് (1969), പുറം 263.
- ↑ ചൈൽഡ്സ് (1988), പുറം. 281.
- ↑ മാസ്റ്റേഴ്സ് (1969), പുറം 272.
- ↑ മാസ്റ്റേഴ്സ് (1969), പുറം 272, 276.
- ↑ മാസ്റ്റേഴ്സ് (1969), പുറം 284.
- ↑ കാസനോവ (2006), പുറം. 1127
- ↑ ചൈൽഡ്സ്(1988), പുറം. 289.
- ↑ കാസനോവ (2006), പുറം 1178
- ↑ കാസനോവ (2006), പുറം xix.
- ↑ മാസ്റ്റേഴ്സ് (1969), പുറം. 288.
- ↑ കാസനോവ (2006), p. 17.
- ↑ മാസ്റ്റേഴ്സ് (1969), പുറങ്ങൾ 293-295.
- ↑ കാസനോവ (2006), പുറം 20.
- ↑ മാസ്റ്റേഴ്സ് (1969), പുറം. 61.
- ↑ 66.0 66.1 ചൈൽഡ്സ് (1988), പുറം 13.
- ↑ ചൈൽഡ്സ് 1988, പുറം 14
- ↑ കാസനോവ (2006), പുറം 299