Jump to content

പാസ്കലിന്റെ പന്തയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലെയിസ് പാസ്കൽ
കാലഘട്ടംപതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച്‌ ചിന്തകൻ
പ്രദേശംവിശ്വസിക്കുന്നതാണ് ബുദ്ധി എന്നു വാദിച്ച പാസ്കൽ
ചിന്താധാരയൂറോപ്യൻ തത്ത്വചിന്ത
പ്രധാന താത്പര്യങ്ങൾദൈവശാസ്ത്രം, ഗണിതശാസ്ത്രം

ദൈവാസ്തിത്ത്വം ഉറപ്പുപറയുക വയ്യെങ്കിലും, വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിൽ വിശ്വാസമാണ് ബുദ്ധിപൂർവമായ തിരഞ്ഞെടുപ്പ് എന്ന് തെളിയിക്കാൻ പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകനും ശാസ്ത്രജ്ഞനും ആയിരുന്ന ബ്ലെയിസ് പാസ്കൽ (1623-1662) അവതരിപ്പിച്ച വാദമാണ് പാസ്കലിന്റെ പന്തയം(Pascal's Wager)എന്ന പേരിൽ അറിയപ്പെടുന്നത്.

പശ്ചാത്തലം[തിരുത്തുക]

പ്രപഞ്ചത്തിന്റെ അനന്തവിശാലതയിൽ മനുഷ്യന്റെ ഒന്നുമില്ലായ്മയെക്കുറിച്ചും മനുഷ്യബുദ്ധിയുടെ പരിമിതിയെക്കുറിച്ചുമുള്ള ചിന്ത പാസ്കലിനെ വല്ലാതെ അലട്ടിയിരുന്നു. യുക്തിയനുസരിച്ച് ദൈവാസ്ഥിത്വം തെളിയിക്കാനാകുമെന്ന് അദ്ദേഹം കരുതിയില്ല. പകരം, നിത്യതയിലെ ശ്രേയസ് ലക്‌ഷ്യം വച്ച് ബുദ്ധിപരമായ തീരുമാനമെടുക്കുകയാണ് മനുഷ്യർ ചെയ്യേണ്ടതെന്നാണ് 'പാസ്കലിന്റെ പന്തയം' വാദിക്കുന്നത്. പാസ്കൽ ഈ വാദം അവതരിപ്പിച്ചത് പെൻസീസ് (Pensees) എന്ന് കൃതിയിലാണ്. ക്രിസ്തുമതത്തിന്റെ വിശ്വാസസംഹിതയെ സാധൂകരിക്കാനുള്ള ശ്രമമായിരുന്നു ആ കൃതി. മരണാനന്തരവിധിയെക്കുറിച്ചുള്ള പരമ്പരാഗത ക്രൈസ്തവബോദ്ധ്യങ്ങളാണ് പന്തയത്തിന്റെ പശ്ചാത്തലം. യാഥാസ്ഥിതികമായ ക്രൈസ്തവവിശ്വാസമനുസരിച്ച് മനണാനന്തരം വിശ്വാസികളെ സ്വർഗ്ഗത്തിലെ നിത്യതയോളമുള്ള സൗഭാഗ്യവും അവിശ്വാസികളെ നരകത്തിലെ നിത്യദുരിതവും കാത്തിരിക്കുന്നു.

വിശദീകരണം[തിരുത്തുക]

ദൈവം ഇല്ലെങ്കിൽ വിശ്വാസികൾക്കും അവിശ്വാസികൾക്കും മരണാനന്തരം ഇല്ലായ്മയെന്ന ഒരേ വിധിയാണ് പ്രതീക്ഷിക്കാവുന്നതെങ്കിലും ദൈവം ഉണ്ടെങ്കിൽ, വിശ്വാസികളായിരുന്നവർക്ക് അനന്തകാലത്തോളമുള്ള സൗഭാഗ്യവും അവിശ്വാസികൾക്ക് അനന്തകാലത്തേക്കുള്ള ദുരിതവും ലഭിക്കും. ഇത്, വിശ്വസിക്കാൻ മതിയായ ന്യായമാണെന്ന് പാസ്കൽ കരുതി. കാരണം, വിശ്വാസിക്ക് അയാളുടെ വിശ്വാസം അടിസ്ഥാനമില്ലാത്തതാണെങ്കിലും പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല; എന്നാൽ അവിശ്വാസിയുടെ അവിശ്വാസം തെറ്റായിരുന്നെന്നു വന്നാൽ അതിലെ അപകടവും നഷ്ടവും വളരെ വലുതാണ്. പെൻസീസ് എന്ന് കൃതിയിൽ പാസ്കൽ ഇങ്ങനെ എഴുതി:-

ദൈവം ഉണ്ട്, അല്ലെങ്കിൽ ഇല്ല. പക്ഷേ നാം ഏത് പക്ഷമാണ് പിടിക്കേണ്ടത്? യുക്തിക്ക് ഇവിടെ ഒരു തീരുമാനവും എടുക്കാനാവില്ല. കാരണം നമുക്കുമുൻപിൽ അന്തമില്ലായ്മയാണ്. അനന്തമായ ആ ദൂരത്തിന്റെ അങ്ങേത്തലക്കലെവിടെയോ ഒരു കളിയിലെ ഏറിൽ തലയോ വാലോ വീഴുക എന്നു നിശ്ചയമില്ല. തെരഞ്ഞെടുക്കുന്നതിൽ നിന്ന് ആർക്കും ഒഴിവില്ല. നിങ്ങൾക്ക് നഷ്ടപ്പെടാവുന്നതായി രണ്ട് കാര്യങ്ങളുണ്ട്: സത്യമായതും, നല്ലതും. രണ്ട് കാര്യങ്ങൾ പന്തയത്തിലണ്ട്: നിങ്ങളുടെ അറിവും നിങ്ങളുടെ നന്മയും. നിങ്ങളുടെ പ്രകൃതിക്ക് രണ്ടു കാര്യങ്ങളെ ഭയപ്പെടാനുണ്ട്: അബദ്ധവും ദുരിതവും. നിർബ്ബന്ധത്തിന് വഴങ്ങിയുള്ള തെരെഞ്ഞെടുപ്പായതിനാൽ, ഏതു തെരഞ്ഞെടുത്താലും നിങ്ങളുടെ യുക്തിയുടെ ഉലച്ചിൽ ഒരുപോലെയായിരിക്കും. അതുകൊണ്ട് നമുക്ക് ദൈവത്തിന്റെ പക്ഷത്ത് പന്തയംകെട്ടുന്നതിലെ ലാഭനഷ്ടങ്ങൾ കണക്കിലെടുക്കാം: പന്തയം ജയിച്ചാൽ നിങ്ങൾ എല്ലാം നേടുന്നു. തോറ്റാലോ, ഒന്നും നഷ്ടപ്പെടുന്നില്ല. അതിനാൽ, ഒട്ടും സംശയിക്കാതെ, ദൈവമുണ്ടെന്ന് തന്നെ വാതുവക്കുക.[1]

വിലയിരുത്തൽ, വിമർശനം[തിരുത്തുക]

ദൈവവിശ്വാസത്തെ ന്യായീകരിക്കുന്നതിന് പരമ്പരാഗതമായി ഉന്നയിക്കപ്പെട്ടിരുന്ന വാദങ്ങളൊക്കെ, യുക്തി ഉപയോഗിച്ച് ദൈവാസ്തിത്വം തെളിയിക്കാനാണ് ശ്രമിച്ചത്. കാന്റർബറിയിലെ അൻസെല്മിന്റെ ഓണ്ടൊളോജിക്കൽ ‍വാദവും , തോമസ് അക്വീനാസിന്റെ പ്രഖ്യാതമായ അഞ്ചു തെളിവുകളും ഒക്കെ ഈ വിഭാഗത്തിൽ പെടും. [2]എന്നാൽ മനുഷ്യയുക്തി ഇക്കാര്യത്തിൽ അസമർഥമാണെന്ന് കരുതിയ പാസ്കൽ, ദൈവാസ്തിത്വം ഉറപ്പില്ലാത്തപ്പോഴും, ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള ന്യായീകരണമാണ് അവതരിപ്പിച്ചത്. അതനുസരിച്ച്, വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിൽ, മനുഷ്യർ അവർക്ക് ഏറ്റവും ഗുണകരവും അപകടരഹിതവും ആയത് തെരഞ്ഞെടുക്കണം. ദൈവവിശ്വാസത്തെ പിന്തുണച്ച് അവതരിക്കപ്പെട്ട വാദങ്ങളിൽ ഏറ്റവും ശക്തമായതെന്ന് പാസ്കൽ ഇതിനെ കരുതിയതായി പറയപ്പെടുന്നു. "ഇത് അന്തിമമാണ്. മനുഷ്യന് ഏതെങ്കിലും സത്യം ഗ്രഹിക്കാൻ കഴിയുമെങ്കിൽ അതിതാണ്" എന്ന് തന്റെ വാദത്തിന്റെ സമാപനത്തിൽ അദ്ദേഹം എഴുതുകപോലും ചെയ്തു. എങ്കിലും, ദൈവവിശ്വാസത്തെ പിന്തുണക്കുന്ന വാദങ്ങളിൽ ഇതാണ് ഏറ്റവും ദുർബ്ബലമെന്ന് കരുതുന്നവരാണ് തത്ത്വചിന്തകന്മാരിൽ അധികം‌പേരും. [3] പാസ്കലിന്റെ പന്തയത്തിനെതിരായി സാധാരണ ഉന്നയിക്കപ്പെടാറുള്ള വാദങ്ങളിൽ ചിലത് ഇവയാണ്:-

വിശ്വാസം തെരഞ്ഞെടുപ്പല്ല[തിരുത്തുക]

വിശ്വാസത്തിലേക്കുള്ള വഴി തെരഞ്ഞെടുപ്പിലൂടെയല്ല എന്നാണ് 'പന്തയത്തിനെതിരായി' ഉന്നയിക്കപ്പെട്ടിട്ടുള്ള ഒരു മുഖ്യവാദം. ഉദാഹരണത്തിന് ആകാശത്തിന്റെ നിറം പച്ചയാണെന്ന് ആത്മാർഥമായി വിശ്വസിക്കാൻ, ആ വിശ്വാസം പ്രയോജനകരമാണെന്നു വന്നാലും സാധ്യമല്ല. വിശ്വാസത്തിനു ബോദ്ധ്യം ആവശ്യമാണ്.[4]

പല ദൈവങ്ങളുടെ പ്രശ്നം[തിരുത്തുക]

പ്രയോജനം കണക്കാക്കി, ബോദ്ധ്യം ഇല്ലാതെയാണെങ്കിലും വിശ്വസിക്കാൻ തീരുമാനിച്ചാലും ഏതു മതത്തിന്റെ വിശ്വാസമാണ് സ്വീകരിക്കുക എന്ന പ്രശ്നം അവശേഷിക്കുന്നു. ക്രൈസ്തവ വിശ്വാസമാണ് ശരി എന്ന സങ്കലപത്തിലാണ് പാസ്കൽ പന്തയം വക്കുന്നത്. പക്ഷേ അതിനും ഉറപ്പില്ല. ദൈവം ഉണ്ടെങ്കിലും, വിശ്വസിക്കുന്നത് ശരിയായ ദൈവത്തിലല്ലെങ്കിൽ വിശ്വസിക്കുന്നതുകൊണ്ട് പ്രയോജനം ഇല്ലാതെ വരാം.[5]

പ്രയോജനം നോക്കി വിശ്വസിക്കുന്നത് അധാർമ്മികം[തിരുത്തുക]

ബോദ്ധ്യമില്ലാതെ പ്രയോജനം മാത്രം നോക്കി വിശ്വസിക്കുന്നത് അധാർമ്മികമാണെന്നും ദൈവം ഉണ്ടെങ്കിലും അത്തരം വിശ്വാസം ദൈവത്തെ പ്രീതിപ്പെടുത്തുമെന്നോ അതിന് മരണാനന്തരം പ്രതിഫലം ലഭിക്കുമെന്നോ വിശ്വസിക്കുക ബുദ്ധിമുട്ടാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. ബോദ്ധ്യമില്ലാതിരിക്കുമ്പോൾ വിശ്വസിക്കാതിരിക്കുന്നതാണ് ദൈവത്തിനിഷ്ടം എന്നു വരാം. അങ്ങനെയെങ്കിൽ, ദൈവം ഉണ്ടെങ്കിൽ മരണനന്തരം അവിശ്വാസിയെ സമ്മാനിച്ചു കൂടെന്നില്ല.[6]

അവലംബം[തിരുത്തുക]

  1. Pensees - Sectopm-III - of the Necessity of the Wager - http://oregonstate.edu/instruct/phl201/modules/Philosophers/Pascal/pascal_pensees_III.html
  2. Pascal's Wager - Stanford Encyclopedia of Philosophy
  3. Argument from Pascal's Wager - Peter Kreeft http://www.peterkreeft.com/topics/pascals-wager.htm
  4. Pascal's Wager - Internet Eycyclopedia of Philosophy
  5. Philosophy of Religion - Pascal's Wager - http://philosophyofreligion.info/?page_id=8 Archived 2008-06-13 at the Wayback Machine.
  6. Gambling on God - Essays on Pascal's Wager Edited by Jeff Jordan - Philip L Quinn - Moral Objections to Pascalian Wagering
"https://ml.wikipedia.org/w/index.php?title=പാസ്കലിന്റെ_പന്തയം&oldid=3867320" എന്ന താളിൽനിന്ന് ശേഖരിച്ചത്