Jump to content

എംബാമിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Llullaillaco mummies (Embalming by Freeze-drying)

എംബാമിംഗ്, മരണശേഷം രാസവസ്തുക്കൾ ഉപയോഗിച്ച് ശവശരീരം ജീർണ്ണിക്കുകയെന്ന പ്രക്രിയയെ തടഞ്ഞു സംരക്ഷിക്കുന്നതിനുള്ള ഒരു സംരക്ഷണ ശാസ്ത്രമാണ്. മതപരമായ കാരണങ്ങളാൽ ശവസംസ്കാര ചടങ്ങുകളിൽ പൊതു ദർശനത്തിന് അനുയോജ്യമായ രീതിയിൽ മൃതശരീരത്തെ ഒരുക്കുകയെന്നതാണ് ഇതിന്റെ ഒരു പ്രാഥമിക ലക്ഷ്യം. എംബാമിംഗ് നടത്തപ്പെട്ട മൃതശരീരം വർഷങ്ങളോളം കേടുപാടുകൾ കൂടാതെ സംരക്ഷിക്കാൻ ഈ പ്രക്രിയയിലുപയോഗിക്കുന്ന രാസവസ്തുക്കൾ സഹായിക്കുന്നു. എംബാമിംഗിന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ ശുചിത്വം, അവതരണം, സംരക്ഷണം എന്നിവയും അപൂർവ്വം കേസുകളിൽ ഇതു മൃതശരീരത്തെ പുനഃസ്ഥാപിക്കലുമാണ്. ശരിയായ രീതിയിൽ എംബാമിംഗ് പൂർത്തിയാക്കിയ ഒരു മൃതശരീരം വർഷങ്ങളോളം കേടുപാടുകൾകൂടാതെ സംരക്ഷിക്കാൻ സാധിക്കുന്നു.[1] എംബാമിംഗിന് വളരെ ദൈർഘ്യമേറിയ ഒരു സംസ്കാരിക ചരിത്രമാണുള്ളത്. എംബാമിംഗ് പ്രക്രിയക്ക് അനേകം പ്രാചീന സംസ്കാരങ്ങൾ മതപരമായ വലിയ അർത്ഥങ്ങൾ നൽകിയിരുന്നു.

ഞരമ്പുകളിൽ നിന്നും സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചു മൃതശരീരത്തിന്റെ രക്തം ഊറ്റിയെടുക്കുകയും എന്നിട്ട് എംബാം രാസലായനി മൃതശരീരത്തിലേക്ക് കയറ്റി വിടുകയും ചെയ്യുന്നതാണ് എംബാമിങിന്റെ പ്രധാന പ്രക്രിയ. 17-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ വില്യം ഹാർവിയാണ് രക്തചംക്രമണവ്യവസ്ഥയുടെ വിശദാംശങ്ങൾ ആദ്യമായി കണ്ടെത്തിയത്. അദ്ദേഹം മൃതശരീരത്തിലേക്ക് വിവിധ നിറത്തിലുള്ള ദ്രാവകങ്ങൾ കയറ്റിവിട്ടാണ് ഇത് കണ്ടെത്തിയത്.

എംബാമിംഗ് ടാക്സിഡെർമിയിൽനിന്ന് (സ്റ്റഫിംഗ്) ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. എംബാമിംഗ് മൃതശരീരം അതേപടി നിലനിർത്തുമ്പോൾ സ്റ്റഫിംഗ് മൃഗങ്ങളുടെ രൂപഘടനയ്ക്കുമുകളിൽ മൃഗത്തോലും മറ്റും ഉപയോഗിച്ചു രൂപങ്ങളുടെ പുനഃസൃഷ്ടി നടത്തുകയാണു ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]
തുത്തൻഖാമുന്റെ എംബാമിംഗ് കല്ലറയിൽനിന്നുള്ള മൺപാത്രങ്ങൾ, പരന്ന പാത്രങ്ങൾ, മറ്റ് പലവക വസ്തുക്കൾ എന്നിവ.

ഇന്നത്തെ ചിലി, പെറു എന്നിവിടങ്ങളിലെ അറ്റക്കാമാ മരുഭൂമിയിൽ നിലനിന്നിരുന്ന പ്രാചീന ചിഞ്ചോറോ സംസ്കാരം ക്രി.മു. 5000 മുതൽ ക്രി.മു. 6000 വരെയുളള കാലഘട്ടങ്ങളിൽ മൃതശരീരങ്ങളിൽ കൃത്രിമരീതിയിൽ മമ്മിവൽക്കരണം നടത്തിയിരുന്ന സംസ്കാരങ്ങളിൽ ആദ്യത്തേതാണ്.[2]

ഒരുപക്ഷേ ഈജിപ്റ്റിലെ ജനതയായിരിക്കാം വലിയ തോതിൽ എംബാം ചെയ്തുകൊണ്ട് മൃതശരീരങ്ങളെ പുനഃസൃഷ്ടിച്ചു സൂക്ഷിച്ച ആദിമ സംസ്കാരം. ഈജിപ്റ്റിലെ ആദ്യ രാജവംശത്തിനു വളരെ മുമ്പുതന്നെ (ക്രി.മു. 3200-നോടടുത്ത്) എംബാം ചെയ്യുന്നതിനും മമ്മിവത്കരണം നടത്തുന്നതും പ്രത്യക പ്രാവീണ്യം സിദ്ധിച്ച പുരോഹിതന്മാരെ ചുമതലപ്പെടുത്തിയിരുന്നു. അവർ ഉള്ളിലെ അവയവങ്ങൾ നീക്കംചെയ്യുകയും, ശരീരത്തിലെ ഈർപ്പം ഒഴിവാക്കുകയും നാട്രൺ (സോഡിയം കാർബണേറ്റ്‌, സോഡിയം ബൈകാർബണേറ്റ്, സോഡിയം ക്ലോറൈഡ് എന്നിവയുടെ സംയുക്തം) മൃതദേഹത്തിൽ ആവരണം നടത്തുകയും ചെയ്യിച്ചിരുന്നു.[3] മരണത്തിനുശേഷം ആത്മാവിനെ ശാക്തീകരിക്കുവാൻ മമ്മിവത്കരണത്തിനു സാധിക്കുമെന്നായിരുന്ന പുരാതന ഈജിപ്തിലെ ജനങ്ങൾ വിശ്വസിച്ചിരുന്നത്, പിന്നീടത് സംരക്ഷിക്കപ്പെട്ടിരിക്കുന്ന ശവശരീരത്തിലേക്ക് മടങ്ങിവരുമെന്നും അവർ വിശ്വസിച്ചിരുന്നു.

പൗരാണികകാലത്ത് എംബാമിംഗ്  വിദ്യ ഉപയോഗിച്ചതായി അറിയപ്പെടുന്ന മറ്റു സംസ്കാരങ്ങളിൽ മെറോയിറ്റുകൾ ഗ്വാഞ്ചുകൾ, പെറുവിയൻസ്‌, ജിവാറോ ഇന്ത്യക്കാർ, ആസ്റ്റെക്കുകൾ, ടോൾടെക്സ്, മായൻ വർഗ്ഗക്കാർ, തിബത്തുകാർ, തെക്കൻ നൈജീരിയൻ ഗോത്രക്കാർ എന്നിവർ ഉൾപ്പെടുന്നു.

യൂറോപ്പിൽ കൃത്രിമ മൃതശരീര സംരക്ഷണത്തിന്റെ അറിയപ്പെടുന്ന ആദ്യ തെളിവു കണ്ടെത്തിയത് ഒസോർണോയിലായിരുന്നു (സ്പെയിൻ ). കേടുകൂടാതെ സൂക്ഷിക്കുന്നതിനായി മെർക്കുറി സൾഫൈഡ് അടങ്ങിയ ചുവന്ന ധാതുകൊണ്ട് ആവരണം ചെയ്യപ്പെട്ട ഏകദേശം 5000 വർഷങ്ങൾവരെ പഴക്കമുള്ള മനുഷ്യാസ്ഥികൾ ഇവിടെനിന്നു കണ്ടെടുത്തിരുന്നുവെങ്കിലും റോമാ സാമ്രാജ്യ കാലംവരെ യൂറോപ്പിൽ എംബാമിംഗ് അസാധാരണമായിരുന്നു.[4]

ചൈനയിൽ ഹാൻ രാജവംശകാലത്തെ (ബി.സി. 206 – 220 എ.ഡി.) കൃത്രിമമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ പ്രധാന ഉദാഹരണങ്ങൾ ക്സിൻ ജുയി, മവാങ്ഡൂയി ഹാൻ ശവകുടീരങ്ങളാണ്. ഈ അവശിഷ്ടങ്ങൾ അസാധാരണമാംവണ്ണം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, എംബാം ചെയ്യാനായി ഉപയോഗിച്ചിരുന്ന ദ്രാവകങ്ങളും അതിന്റെ രീതികളും അജ്ഞാതമായി അവശേഷിക്കുന്നു.[5]

ഈ പുരാതന സംസ്കാരങ്ങളിൽ നിന്നു ലഭിച്ച കൃത്രിമ മൃതദേഹ സംരക്ഷണത്തെക്കുറിച്ചുള്ള അറിവും പ്രയോഗവും ഏകദേശം 500 എ.ഡി.യിൽ യൂറോപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മധ്യകാലഘട്ടവും നവോത്ഥാനകാലവും ശസ്ത്രക്രിയാവിദഗ്ദ്ധരുടെ എംബാമിംഗ് പരീക്ഷണ കാലഘട്ടമെന്നാണ് അറിയപ്പെട്ടിരുന്നത്. വൈദ്യശാസ്ത്ര രംഗത്ത് സയൻസിന്റെ പുരോഗതിയുടെ കൂടിയ സ്വാധീനമായി ഇതു വിശേഷിപ്പിക്കപ്പെടുകയും പീറ്റർ ഫോറൂസ് (1522-1597), അംബ്രോസി പേരേ (1510-1590) തുടങ്ങിയ സമകാലിക വൈദ്യൻമാർ ആദ്യകാല രീതികൾ പ്രയോഗിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 1326-ൽ മരണപ്പെട്ട പെഴ്സിസെറ്റോയിലെ അലസ്സാണ്ട്ര ഗില്യാനിയാണ്  രക്തക്കുഴൽ വ്യവസ്ഥയിലേയ്ക്ക് കുത്തിവയ്ക്കുന്ന രീതിയിലുള്ള ഗവേഷണോദ്യമത്തിന് തുടക്കമിട്ടത്. ലിയോനാർഡോ ഡാവിഞ്ചി (1452-1519), ജേക്കബസ് ബെറെൻഗർ (1470-1550), ബർത്തലോമിയോ യൂസ്റ്റാചിയസ് (1520 - 1574), റെയ്നിയർ ഡി ഗ്രാഫ് (1641-1673), ജാൻ സ്വാമ്മർഡാം (1637-1680), ഫ്രെഡറിക് റൂയിഷ് (1638-1731) തുടങ്ങിയവർ പല കാലങ്ങളിലായി നടത്തിയ വിവിധ ശ്രമങ്ങളും നടപടിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[6]

ആധുനിക രീതികൾ

[തിരുത്തുക]
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ വില്യം ഹണ്ടർ ധമനികൾ അടിസ്ഥാനമാക്കിയുള്ള ആധുനിക എംബാമിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുകയും ജനപ്രിയമാക്കുകയും ചെയ്തു.

അമേരിക്കൻ ഐക്യനാടുകളിൽ ആഭ്യന്തരയുദ്ധകാലത്ത് എംബാം ചെയ്യുന്നതിനുള്ള താൽപര്യം ഉണർത്തപ്പെടുകയും അത് രാജ്യത്തുടനീളം വ്യാപകമായിത്തീരുകയും ചെയ്തു.[7] എംബാം ചെയ്യുന്നതിനുള്ള ആധുനിക രീതികളിൽ പ്രധാനമായും മൃതശരീരത്തിന്റെ ധമനീ ശൃംഖലകളിലേയ്ക്ക് വിവിധ രാസലായനികൾ കുത്തിവയ്ച്ച് അണുവിമുക്തമാക്കി ജീർണ്ണിക്കൽ പ്രക്രിയയെ സാവധാനത്തിലാക്കുകയെന്ന പ്രാഥമിക പ്രക്രിയയും ഉൾപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഭിഷഗ്വരനായിരുന്ന വില്യം ഹാർവിയായിരുന്നു ശവശരീരങ്ങളിലേക്ക് നിറമുള്ള ലായനികൾ കുത്തിവച്ചുകൊണ്ട് രക്തചംക്രമണ വ്യവസ്ഥ കണ്ടെത്തി വിശദീകരണങ്ങൾ നൽകിയ ആദ്യവ്യക്തി. സ്കോട്ടിഷ് ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്ന വില്ല്യം ഹണ്ടർ ആദ്യമായി മോർച്ചറി നടപടിക്രമങ്ങളുടെ ഭാഗമായി എംബാമിംഗ് എന്ന കല ആദ്യമായി പ്രയോഗത്തിൽ വരുത്തിയ ആൾ. അദ്ദേഹം മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനു വേണ്ടി തന്റെ വിശാലമായ വായനയിലൂടെ കണ്ടെത്തിയ ധമനീ സംബന്ധമായതും ശരീരത്തിലെ രന്ധ്രങ്ങൾ വഴിയുള്ളതുമായ ഉചിതമായ എംബാമിംഗ് രീതകളെക്കുറിച്ച് റിപ്പോർട്ട് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരനായിരുന്ന ജോൺ ഹണ്ടർ ഈ രീതികൾ പ്രാവർത്തികമാക്കുകയും പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം മുതൽ പൊതുജനങ്ങൾക്കിടയിൽ തന്റെ എംബാംമിംഗ് സേവനങ്ങളെക്കുറിച്ചു പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുപ്രസിദ്ധരായ ഉപഭോക്താക്കളിൽ ഒരാൾ ദന്തവൈദ്യനായിരുന്ന മാർട്ടിൻ വാൻ ബുച്ചൽ ആയിരുന്നു. 1775 ജനുവരി 14 ന് അയാളുടെ ഭാര്യ മേരി അന്തരിച്ചപ്പോൾ, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുവാനുള്ള ഒരു ഉപായമായി അവരെ എംബാം ചെയ്ത് പ്രദർശിപ്പിക്കുവാൻ തീരുമാനിച്ചു. ഹണ്ടർ മൃതശരീരത്തിൽ പരിപാലന ദ്രവ്യങ്ങളും കവിളുകൾക്ക് തിളക്കം നൽകിയ കളർ അഡിറ്റീവുകളും കുത്തിവയ്ക്കുകയും യഥാർത്ഥ കണ്ണുകളുടെ സ്ഥാനത്ത് സ്‌ഫടികം കൊണ്ടുള്ള കണ്ണുകൾ പിടിപ്പിക്കുകയും അതോടൊപ്പം അലങ്കാരത്തുന്നലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തു. മൃതശരീരം കണ്ണാടികൊണ്ടുള്ള മൂടിയുള്ള ഒരു ശവപ്പെട്ടിയിൽ ഒരടുക്ക് പ്ലാസ്റ്റർ ഓഫ് പാരിസിൽ ആഴ്ത്തി വച്ചു പ്രദർശിപ്പിക്കപ്പെട്ടു.[8] ബുച്ചൽ തന്റെ പത്നിയുടെ മൃതശരീരം ഭവനത്തിന്റെ ജാലകത്തിൽ പ്രദർശനത്തിനുവച്ചു. അനേകം ലണ്ടൻനിവാസികൾ ശരീരം കാണാനായി വന്നുചേർന്നുവെങ്കിലും ബുച്ചെൽ അദ്ദേഹത്തിന്റെ ബീഭത്സമായ പ്രദർശനത്തിന്റെ പേരിൽ വിമർശനം നേരിട്ടു. ഒരു പക്ഷേ, ബുച്ചെൽ സ്യയമേവ തന്നെ പ്രചരിപ്പിച്ച ഒരു ശ്രുതി പ്രകാരം തന്റെ പത്നിയുടെ വിവാഹ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയതുപ്രകാരം തന്റെ ശരീരം മറവുചെയ്യാതെ സൂക്ഷിക്കുന്നിടത്തോളംകാലം മരണശേഷം തന്റെ എസ്റ്റേറ്റിന്റെ നിയന്ത്രണം ഭർത്താവിനു മാത്രമാണെന്നായിരുന്നു.[9]

പത്തൊൻപതാം നൂറ്റാണ്ടിൽ ആവശ്യകതയായും നേരംപോക്കിനായും എംബാം ചെയ്യുന്നതിനുള്ള താത്പര്യം അവിരാമമായി വർധിച്ചുവന്നു. വിദൂര ദേശങ്ങളിൽ സംസ്കരിക്കപ്പെടാൻ ആളുകൾ ആഗ്രഹിക്കുകയും അനുശോചകർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ശരീരം പ്രദർശിപ്പിക്കാൻ അവസരമുണ്ടാകുകയും ചെയ്തു. എംബാം ചെയ്യുന്നതിനു പിന്നിലെ മറ്റൊരു ഉദ്ദേശ്യം രോഗത്തിന്റെ വ്യാപനത്തെ തടഞ്ഞുനിർത്തുന്നതിനും, തിടുക്കത്തിൽ അനുചിതമായ ഒരു ശവസംസ്കാരം ഒഴിവാക്കുന്നതിനുമായിരുന്നു. ട്രോഫൽഗർ യുദ്ധകാലത്ത് നെൽസൺ പ്രഭു കൊല്ലപ്പെട്ടതിനു ശേഷം, അദ്ദേഹത്തിന്റെ ശരീരം ബ്രാണ്ടി, വൈനിലെ ആൾക്കഹോൾ എന്നിവയും കർപ്പൂരം, കുന്തിരിക്കം എന്നിവയും കലർത്തിയ മിശ്രിതത്തിൽ രണ്ട് മാസത്തിലധികം സൂക്ഷിച്ചിരുന്നു.

ഇതര സംരക്ഷണ രീതികളായ മൃതശരീരത്തെ ഹിമാവരണമണിയിക്കുക അല്ലെങ്കിൽ ശരീരത്തെ 'കൂളിംഗ് ബോർഡുകളിൽ' കിടത്തുക എന്നിവ എംബാമിംഗിൻറെ കൂടുതൽ പ്രചാരമുള്ളതും ഫലപ്രദവുമായ രീതികൾ പ്രയോഗത്തിലായതോടെ ക്രമേണ അരങ്ങു വിട്ടൊഴിഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ശവസംസ്കാര ചടങ്ങുകൾ കച്ചവടവൽക്കരിക്കപ്പെടുകയും എംബാമിംഗ് രീതികൾ സംസ്കാരച്ചടങ്ങുകളിലെ ഒരു മാനദണ്ഡമെന്ന നിലയിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. 1805-ൽ അദ്ദേഹത്തിന്റെ ശരീരം സംസ്കാരച്ചടങ്ങിനായി എടുത്തപ്പോൾ വളരെ നല്ല നിലയിലും പൂർണമായും ആകൃതിയിലും കണ്ടെത്തിയിരുന്നു.[10]

വിദേശ ജോലിക്കാരും സേനാംഗങ്ങളും അവരുടെ ഭവനത്തിൽനിന്നകലെയായി മരിക്കാനിടയാകുന്നതുപോലെയുള്ള വികാരപരമായ വിഷയങ്ങളും അവരുടെ മൃതദേഹങ്ങൾ സ്വഭവനങ്ങളിലേയ്ക്കു മടക്കിക്കൊണ്ടുവന്ന് പ്രാദേശികമായി സംസ്കരിക്കേണ്ടതിന്റെ ആവശ്യകതകളുടേയും ഫലമായി അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് എംബാമിംഗ് ജ്വരം അമേരിക്കൻ ഐക്യനാടുകളിലാകമാനം പടർന്നുപിടിക്കുകയുണ്ടായി. 1861 ൽ തുടക്കംകുറിച്ച ഈ കാലത്തെ എംബാമിംഗ് ശവസംസ്കാര കാലഘട്ടം എന്ന് വിളിക്കുകയും ഇത്തരം എംബാമിംഗുകളെ ശവസംസ്കാര ശുശ്രൂഷകർ ചെയ്യുന്നതെന്നും വൈദ്യ ശാസ്ത്രപരമായ ഉദ്ദേശങ്ങൾക്കായുമെന്ന രണ്ടു തലങ്ങളിലായി വേർതിരിക്കപ്പെടുകയും ചെയ്തിരുന്നു. ഡോ. തോമസ് ഹോംസിന് മരണമടഞ്ഞ യൂണിയൻ പട്ടാള ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങളിലേക്ക് കേടുപാടുകൂടാതെ തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിന് ആർമി മെഡിക്കൽ സൈന്യവിഭാഗത്തിൽനിന്നും ഒരു കമ്മീഷൻ ലഭിച്ചിരുന്നു. പട്ടാള നിയന്ത്രിത മേഖലകളിൽ പ്രവർത്തിക്കാൻ സ്വകാര്യ എംബാംമിംഗ് ജോലിക്കാർക്ക് സൈനിക അധികാരികൾ അനുവാദം നൽകിയിരുന്നു. അബ്രഹാം ലിങ്കന്റെ എംബാമിംഗ് നടത്തിയ മൃതദേഹമാണ് ശവസംസ്കാരം നടത്താനായി എത്തിച്ചത്. ഇത് എംബാം ചെയ്യുന്നതിനുള്ള സാദ്ധ്യതയെ വിശാലമായ അർത്ഥത്തിൽ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ഇടയാക്കി.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ  കൂടുതൽ ഫലപ്രദവും വിഷമുക്തവുമായ മറ്റ് രാസവസ്തുക്കൾ പ്രയോഗത്തിലാകുന്നതിനുമുമ്പ്, ആർസെനിക് ഒരു എംബാമിംഗ് ദ്രാവകമായി സ്ഥിരമായി ഉപയോഗിക്കപ്പെട്ടിരുന്നു.  എംബാമിംഗ് നടത്തിയ മൃതശരീരത്തിൽനിന്നു വിഘടിപ്പിക്കപ്പെടുന്ന ആർസനിക് ഭൂഗർഭജലത്തെ മലിനപ്പെടുത്തുമെന്നുള്ള ആശങ്കയും മറ്റു രാസവസ്തുക്കളിലേയ്ക്കുള്ള മാറ്റത്തിന് വഴിതെളിച്ചിരിക്കാവുന്നതാണ്. ആർസനിക് വിഷം ഉപയോഗിച്ചു കൊലചെയ്യപ്പെട്ടുവെന്ന്  ആരോപണം ഉന്നയിക്കപ്പെടുന്ന സംഭവങ്ങളിൽ കൊലയുടെ തെളിവുകൾക്കു പകരം മൃതശരീരങ്ങളിൽ ആർസനിക് ഉപയോഗിച്ച് എംബാം ചെയ്തതിന്റെ ഫലമായാണ് വിഷം ശരീരത്തിലെത്തിയയെന്ന വാദമുന്നയിക്കാമെന്ന നിയമപരമായ ആശങ്കകൾ പങ്കുവയ്ക്കപ്പെട്ടിരുന്നു.

1867-ൽ ജർമ്മൻ രസതന്ത്രജ്ഞനായിരുന്ന ആഗസ്ത് വിൽഹാം വോൺ ഹോഫ്മാൻ ഫോർമാൽഡിഹൈഡ് കണ്ടെത്തുകയും അതിന്റെ ജീർണ്ണതയെ ചെറുക്കാനുള്ള സാദ്ധ്യതകൾ താമസിയാതെ കണ്ടെത്തുകയുണ്ടായി. ഇതു എംബാമിംഗിന്റെ മുൻകാല രീതികളെ മാറ്റിമറിക്കുകയും ആധുനിക രീതികൾക്കുള്ള അടിത്തറ പാകുകയും ചെയ്തു.

ധമനികളിലേയ്കക്ക് രാസവസ്തുക്കൾ കുത്തിവച്ച് എംബാമിംഗ് പ്രക്രിയ സുസാദ്ധ്യമാക്കിയ ആദ്യത്തെ വ്യക്തി ഡോക്ടർ ഫ്രെഡറിക് റ്യൂഷാണ്. അദ്ദേഹത്തിന്റെ എംബാമിംഗ് രീതികൾ ശവശരീരം യഥാർത്ഥത്തിൽ ജീവനോടെയുണ്ടെന്ന പ്രതീതി ആളുകൾക്കിടയിലെ ജനിപ്പിക്കുന്ന രീതിയിലായിരുന്നു. എന്നിരുന്നാലും, ശരീരശാസ്ത്രപരമായ പരീക്ഷണങ്ങൾക്കുവേണ്ടിയുള്ള മാതൃകകൾ സൃഷ്ടിക്കുന്നതിനുമാത്രമായിരുന്നു അദ്ദേഹം എംബാമിഗ് നടത്തിയിരുന്നത്.

മരണപ്പെട്ടയാളുടെ മൃതദേഹത്തെ അദ്ദേഹത്തിന്റെ സുഹൃത്തുകളുടേയും ബന്ധുക്കളുടേയും ഇടയിൽ മെച്ചപ്പെട്ട രീതീയിൽ അവതരിപ്പിക്കുകയെന്ന കൃത്യം ഉറപ്പാക്കുവാനാണ് ആധുനിക എംബാമിംഗ്  പ്രക്രിയ പലപ്പോഴും നടത്തപ്പെടുന്നത്. അന്തിമ സംസ്കാരസമയത്ത് അഴുകൽ പ്രക്രിയയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന ഒരു മൃതശരീരം കൈകാര്യം ചെയ്യുന്നതിൽനിന്നു കർമ്മികളെയോ അനുശോചകരെയോ പിന്തിരിപ്പിക്കാതെയിരിക്കുവാൻ എംബാംമിംഗ്  പ്രക്രിയ നടത്തി ജീർണ്ണതയെ അതിജീവിച്ച ഒരു മൃതദേഹത്തിനു സാധിക്കുന്നു.

എന്നാൽ ഈ വീക്ഷണം വിവാദപരമാണെങ്കിലും എംബാം ചെയ്ത ശവശരീരത്തെ ദർശിക്കുന്നത് അനുശോചകർക്കിടയിൽ ചികിത്സാപരമായ ഒരു മനശക്തി പ്രദാനം ചെയ്യുമെന്ന സങ്കൽപ്പത്തിനു യാതൊരു അഭിപ്രായൈക്യവും ഇല്ലെന്നു ജെസിക്ക മിറ്റ്ഫോർഡനേപ്പോലെയുള്ള എഴുത്തുകാർ സമർത്ഥിക്കുന്നു. സ്മരണയിലെ രൂപമെന്നൊക്കെയുള്ള സംജ്ഞകൾ എംബാമിംഗ് ചെലവുകൾ പൊതുജനങ്ങൾക്കുമേൽ കെട്ടിവയ്ക്കുകയെന്ന സാമ്പത്തിക താല്പര്യമുള്ള അന്ത്യകർമ്മനിരവാഹകൻ സ്വയമേവ കെട്ടിച്ചമച്ചവയും  കണ്ടുപിടിച്ചവയും ആയിരിക്കാവുന്നതാണ്. അനേകം രാജ്യങ്ങളിൽ മൃതശരീരം എംബാം ചെയ്യുകയെന്ന പ്രക്രിയ വളരെ അപൂർവ്വമാണെന്നും ഇതിനു പ്രചുരപ്രചാരം ലഭിച്ച രാജ്യങ്ങളിൽപ്പോലും ദുഃഖാചരണം സാധാരണഗതിയിൽപ്പോലും നടത്തപ്പെടുന്നുണ്ടെന്ന് മിറ്റ്ഫോർഡ് ചൂണ്ടിക്കാട്ടുന്നു.

മൃതദേഹങ്ങൾ സ്വദേശത്തേക്കു മടക്കിക്കൊണ്ടു വരാനുള്ള അന്താരാഷ്ട്ര നിയമത്തിന്റെ ആവശ്യകതയാണ് എംബാമിംഗ് എന്നത്. (ഇതിൽ അപവാദങ്ങൾ ഇല്ലെന്നില്ല) പ്രദേശികമായി വിവിധതരം നിയമങ്ങളും മറ്റും ഇക്കാര്യത്തിന് ആവശ്യമുണ്ട്, അതായത് മരണത്തിനും അന്തിമകർമ്മങ്ങൾക്കുമിടയിലെ നീണ്ട സമയം അല്ലെങ്കിൽ ശവം കല്ലറയിൽ അടക്കം ചെയ്യുന്നതിനിടയിലെ കാലദൈർഘ്യം എന്നിവ പോലെയുള്ളവ.

യു.കെ.യിൽ, മരണമടഞ്ഞവരെ അടക്കംചെയ്യുന്നതിനുമുമ്പ് കാണുകയെന്നത് ഒരു സാധാരണ രീതിയായതിനാൽ കൂടുതൽ സമയം പ്രദർശിപ്പിക്കേണ്ട ദേഹത്തിനു സ്വാഭാവിക ശിഥിലീകരണമുണ്ടാകുമെന്നതിനാൽ കുടുംബത്തിനും സുഹൃത്തുകൾക്കും കൂടുതൽ ദുഃഖം സൃഷ്ടിക്കാതെയിരിക്കുന്നതിനും ജീർണ്ണിക്കൽ പ്രക്രിയയെ പ്രതിരോധിക്കുവാനുമായി എംബാമിംഗ് ശുപാർശ ചെയ്യപ്പെടുന്നു. അന്തിമമായി ശവസംസ്കാരം നടത്തുന്നതിനു മുൻപ് മൃതശരീരം പരേതന്റെ ഭവനത്തിലേയ്ക്കോ മതപരമായ ആരാധനാക്രമങ്ങൾക്കായി ദേവാലയങ്ങളിലോ എത്തിക്കുകയെന്നത് അസാധാരണമല്ലായിരുന്നു. അത്തരം സന്ദർഭങ്ങളിൽ എംബാമിംഗ് പ്രക്രിയ എല്ലായ്പ്പോഴും നടപ്പാക്കപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എംബാമിംഗിന് ഉപയോഗിച്ചിരുന്ന ദ്രാവകങ്ങൾ.

അവലംബം

[തിരുത്തുക]
  1. Brenner, Erich (January 2014). "Human body preservation - old and new techniques". Journal of Anatomy. 224: 316–344. doi:10.1111/joa.12160. PMC 3931544. PMID 24438435.
  2. Brenner, Erich (January 2014). "Human body preservation - old and new techniques". Journal of Anatomy. 224: 316–344. doi:10.1111/joa.12160. PMC 3931544. PMID 24438435.
  3. "Encyclopedia Smithsonian: Egyptian Mummies". www.si.edu. Retrieved 2017-02-02.
  4. Brenner, Erich (January 2014). "Human body preservation - old and new techniques". Journal of Anatomy. 224: 316–344. doi:10.1111/joa.12160. PMC 3931544. PMID 24438435.
  5. Brenner, Erich (January 2014). "Human body preservation - old and new techniques". Journal of Anatomy. 224: 316–344. doi:10.1111/joa.12160. PMC 3931544. PMID 24438435.
  6. Brenner, Erich (January 2014). "Human body preservation - old and new techniques". Journal of Anatomy. 224: 316–344. doi:10.1111/joa.12160. PMC 3931544. PMID 24438435.
  7. Chiappelli, Jermiah (December 2008). "The Problem of Embalming". Journal of Environmental Health. 71 (5): 24.
  8. Beatty, William (1807). Authentic narrative of the death of lord Nelson. pp. 72–73.
  9. Christen, AG; Christen, JA (November 1999). "Martin Van Butchell (1735-1814): the eccentric, "kook" dentist of old London". History of Dentistry. 47: 99–104. PMID 10726564.
  10. Beatty, William (1807). Authentic narrative of the death of lord Nelson. pp. 72–73.
"https://ml.wikipedia.org/w/index.php?title=എംബാമിംഗ്&oldid=3953921" എന്ന താളിൽനിന്ന് ശേഖരിച്ചത്