ആഭ്യന്തരയുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമായി നടന്ന ജെട്ടിസ്ബർഗ് യുദ്ധത്തിനുശേഷം. 1863

ഒരു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം[1]. ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം സർക്കാർ തന്നെയാകാം. രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഇവ പൊതുവെ അതീവതീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്. വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു[2].

1900-1944 കാലയളവിൽ ആഭ്യന്തര യുദ്ധങ്ങളുടെ ശരാശരി ദൈർഘ്യം ഒന്നര വർഷമായിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അത് നാലര വർഷമായി ഉയർന്നു. 1800-കളുടെ മദ്ധ്യ കാലഘട്ടം മുതൽ പുതിയ ആഭ്യന്തര യുദ്ധങ്ങൾ ഉണ്ടാകുന്നതിന്റെ നിരക്ക് ഏകദേശം സ്ഥിരമാണെങ്കിലും അവയുടെ കാലദൈർഘ്യത്തിലുണ്ടായ വർദ്ധനവ് ഒരു സമയത്ത് നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധങ്ങളുടെ എണ്ണം കൂടുന്നതിന് കാരണമായി.

ഔപചാരികമായ വർഗ്ഗീകരണം[തിരുത്തുക]

ആഡിസ് അബാബയിൽ വിമതർ പ്രവേശിച്ച ശേഷമുള്ള കാഴ്ച്ച. ഒരു ടി-62 ടാങ്കിന്റെ അവശിഷ്ടം. എത്യോപ്യൻ ആഭ്യന്തരയുദ്ധത്തിന്റെ അവസാനം, 1991

ജെയിംസ് ഫിയറൺ മുന്നോട്ടുവച്ച നിർവചനം ആഭ്യന്തരയുദ്ധമെന്നാൽ "സംഘടിത ഗ്രൂപ്പുകൾ ഒരു രാജ്യത്തിനുള്ളിൽ (കേന്ദ്രത്തിലോ ഒരു പ്രദേശത്തിലോ) അധികാരം പിടിച്ചെടുക്കാനായോ ഭരണകൂടം മാറ്റാനായോ ഭരണകൂടത്തിന്റെ നയങ്ങളിൽ മാറ്റം വരുത്താനായോ നടത്തുന്ന പോരാട്ടം" എന്നാണ്.[1] ആൻ ഹിരോനാക്കയുടെ അഭിപ്രായത്തിൽ ആഭ്യന്തരയുദ്ധത്തിലെ ഒരു കക്ഷി ഭരണകൂടമാണെന്നാണ്.[2] എപ്പോഴാണ് ആഭ്യന്തരക്കുഴപ്പങ്ങൾ ആഭ്യന്തരയുദ്ധമാകുന്നതെന്നത് പണ്ഠിതർക്കിടയിൽ ഏകാഭിപ്രായമില്ലാത്ത വിഷയമാണ്. ചില രാഷ്ട്രതന്ത്രജ്ഞരുടെ അഭിപ്രായത്തിൽ 1000-ലധികം പേർ മരിച്ചാലാണ് ആഭ്യന്തരയുദ്ധം എന്ന് പറയാവുന്നത്,[1] പക്ഷേ മറ്റുള്ളവരുടെ അഭിപ്രായത്തിൽ ഓരോ വശത്തുനിന്നും 100 പേരെങ്കിലും മരിച്ചാൽ അത് ആഭ്യന്തരയുദ്ധം എന്ന് വിശേഷിപ്പികാവുന്ന സ്ഥിതിയാണ്.[3] കോറിലേറ്റ്സ് ഓഫ് വാർ, എന്ന ഡേറ്റാസെറ്റ് വർഷം തോറും യുദ്ധവുമായി ബന്ധപ്പെട്ട 1000 മരണമുണ്ടെങ്കിൽ അതിനെ ആഭ്യന്തര യുദ്ധമായി കണക്കാക്കുന്നു.

വർഷം തോറും 1000 മരണം എന്ന നിർവചനമനുസരിച്ച് 1816-നും 1997-നും ഇടയിൽ 213 ആഭ്യന്തരയുദ്ധങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ 104 എണ്ണം 1944 മുതൽ 1997 വരെയുള്ള കാലത്താണ് നടന്നത്.[2] ആകെ 1000 മരണം എന്ന കണക്കെടുത്താൽ 1945 മുതൽ 2007 വരെ 90 ആഭ്യന്തര യുദ്ധങ്ങളുണ്ടായിട്ടുണ്ട്. 2007-ൽ ഇതിൽ 20 ആഭ്യന്തരയുദ്ധങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.[1]

ട്വീക്ക്സ്ബെറി യുദ്ധം (1471) വാർ ഓഫ് റോസസ് ഇംഗ്ലണ്ട്

ജനീവ കൺവെൻഷൻ ആഭ്യന്തരയുദ്ധം എന്ന പദം പ്രത്യേകമായി നിർവ്വചിക്കുന്നില. "അന്താരാഷ്ട്രസ്വഭാവമില്ലാത്ത സായുധ പോരാട്ടങ്ങളിലെ" കക്ഷികളുടെ ചുമതലകളും ജനീവ കൺവെൻഷൻ എടുത്തുപറയുന്നുണ്ട്. ഇതിൽ ആഭ്യന്തരയുദ്ധങ്ങളും പെടും. എന്താണ് ആഭ്യന്തരയുദ്ധം എന്നത് പക്ഷേ എടുത്തുപറഞ്ഞിട്ടില്ല.

അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി ജനീവ കൺവെൻഷനെപ്പറ്റിയുള്ള തങ്ങളുടെ നിലപാടുകളിൽ ആഭ്യന്തരയുദ്ധത്തെപ്പറ്റി കൂടുതൽ വ്യക്തത കൊണ്ടുവരാൻശ്രമിച്ചിട്ടുണ്ട്. ഐ.സി.ആർ.സി.യുടെ നിലപാടുകൾ താഴെപ്പറയുന്നവയാണ്:[4][5]

(1) നിയമപ്രകാരമുള്ള ഭരണകൂടത്തിനെതിരേ കലാപം നടത്തുന്ന കക്ഷിക്ക് സുസംഘടിതമായ ഒരു സൈന്യമുണ്ട്. ഇവർക്ക് തങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരവാദിത്തമുള്ള ഒരു നേതൃത്വവുമുണ്ട്. ഇവർ പ്രവർത്തിക്കുന്നത് ഒരു പ്രത്യേക പ്രവിശ്യയ്ക്കുള്ളിലാണ്. കൺവെൻഷൻ പിന്തുടരാനുള്ള കഴിവ് ഈ നേതൃത്വത്തിനുണ്ട്.

(2) സൈനികസജ്ജീകരണങ്ങളോടെ രാജ്യത്തിന്റെ ഒരു ഭാഗം കൈവശം വയ്ക്കുന്ന കലാപകാരികൾക്കെതിരായി സൈനികനടപടികൾ സ്വീകരിക്കാൻ ഭരണകൂടം നിർബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കുന്നു.

(3) (a) നിയമപ്രകാരമുള്ള ഭരണകൂടം കലാപകാരികളെ ആക്രമണകാരികളായി കണക്കാക്കുന്നു; അല്ലെങ്കിൽ (b) നിയമപ്രകാരമുള്ള ഭരണകൂടം തങ്ങൾക്ക് ആക്രമണം നടത്താനുള്ള അവകാശം മുന്നോട്ടുവയ്ക്കുന്നു; അല്ലെങ്കിൽ (c) നിയമപ്രകാരമുള്ള ഭരണകൂടം കലാപകാരികൾക്ക് ആക്രമണകാരികൾ എന്ന സ്ഥാനം ജനീവ കൺവെൻഷൻ അനുസരിച്ച് നൽകിയിട്ടുണ്ട്; അല്ലെങ്കിൽ (d) ഈ തർക്കം സെക്യൂരിറ്റി കൗൺസിലിന്റെയുഓ ജനറൽ അസംബ്ലിയുടെയോ പരിഗണനയ്ക്കായി വരുകയോ ഇത് അന്താരാഷ്ട്ര സമാധാനത്തിന് ഒരു ഭീഷണിയാകുകയോ, സമാധാനം ധ്വംശിക്കുകയോ ആക്രമണം നടക്കുകയോ ചെയ്യുക.

(4) (a) കലാപകാരികൾക്ക് ഭരണകൂടത്തിന്റെ ലക്ഷണങ്ങളുള്ള ഒരു സംവിധാനമുണ്ടായിരിക്കുക. (b) കലാപകാരികളുടെ സിവിൽ ഭരണസംവിധാനം രാജ്യത്തിന്റെ വലിയൊരു ഭാഗത്തുള്ള ജനങ്ങൾക്കുമേൽ അധികാരം ഉപയോഗിക്കുന്ന സ്ഥിതി വരുക. (c) കലാപകാരികളുടെ സൈന്യം ഒരു കേന്ദ്രീകൃത അധികാരകേന്ദ്രത്തിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കുക. (d) കലാപകാരികളുടെ സിവിൽ ഭരണസംവിധാനം കൺവെൻഷൻ അനുസരിച്ച് പ്രവർത്തിക്കാം എന്ന് ഉറപ്പുനൽകുക.

കോളിയർ-ഹോഫ്ലർ മാതൃക അനുസരിച്ച് ആഭ്യന്തരയുദ്ധത്തിന്റെ കാരണങ്ങൾ[തിരുത്തുക]

ദുരയും ദുരിതവും എന്ന രണ്ടു കാരണങ്ങളാലാണ് ആഭ്യന്തരയുദ്ധങ്ങളുണ്ടാകുന്നത് എന്ന സിദ്ധാന്തങ്ങളാണ് വിദഗ്ദ്ധർ മുന്നോട്ടുവച്ചിട്ടുള്ളത്. മതം, വർഗ്ഗം, സാമൂഹിക വിഭാഗങ്ങൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ പ്രശ്നങ്ങൾ മൂലമാണോ അതോ ഈ യുദ്ധങ്ങൾ ആരംഭിക്കുന്നവരുടെ സ്വകാര്യ ഗുണത്തിനുവേണ്ടിയാണോ ആഭ്യന്തരയുദ്ധം എന്നതാണ് ചോദ്യം. സാമ്പത്തികവും ഘടനാപരവുമായ കാരണങ്ങളാണ് സ്വത്വം സംബന്ധിച്ച കാരണങ്ങളേക്കാൾ ആഭ്യന്തരയുദ്ധത്തിന് കൂടുതൽ കാരണമാകുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.[6]

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകബാങ്ക് സംഘം ആഭ്യന്തരയുദ്ധത്തെപ്പറ്റി പഠനം നടത്തുകയുണ്ടായി. കോളിയർ-ഹോഫ്ലർ മോഡൽ എന്നാണ് പഠനത്തിന്റെ ചട്ടക്കൂട് അറിയപ്പെടുന്നത്. ഇവർ അഞ്ചുവർഷം നീണ്ടുനിന്ന 78 ആഭ്യന്തരയുദ്ധങ്ങളും (1960 മുതൽ 1999 വരെ) ആഭ്യന്തരയുദ്ധമില്ലാതിരുന്ന അഞ്ചുവർഷം ഉണ്ടായിരുന്ന 1,167 അവസരങ്ങളും താരതമ്യപ്പെടുത്തി. വിവരങ്ങൾ റിഗ്രഷൻ അവലോകനത്തിലൂടെ വിവിധ കാരണങ്ങൾക്കുള്ള ഫലം കണ്ടെത്താനായിരുന്നു ശ്രമിച്ചത്. സ്റ്റാറ്റിസ്റ്റിക്കൽ പഠനത്തിൽ കാര്യമായ ഫലമുണ്ടാക്കിയ കാര്യങ്ങൾ ഇവയാണ്:[7]

സാമ്പത്തികമായ സ്രോതസ്സുണ്ടാവുക
വജ്രങ്ങൾ പോലുള്ള വസ്തുക്കളെ ആശ്രയിക്കുന്ന സാമ്പത്തിക സ്ഥിതി (സിയറ ലിയോണിലെ ഈ കുട്ടികൾ വജ്രം ഘനനം ചെയ്യുകയാണ്) ആഭ്യന്തര യുദ്ധത്തിനുള്ള സാദ്ധ്യത കൂട്ടുന്നു. (ബ്ലഡ് ഡയമണ്ട് എന്ന ലേഖനവും കാണുക.)

ആഭ്യന്തരോത്പാദനത്തിന്റെ 32% ചരക്കുകളാണെങ്കിൽ ആഭ്യന്തര യുദ്ധമുണ്ടാകാനുള്ള സാദ്ധ്യത അഞ്ചു വർഷത്തിനുള്ളിൽ 22% ആണ്. ഒരു പ്രാധമിക ചരക്കും കയറ്റുമതി ചെയ്യാത്ത രാജ്യത്തെ ആഭ്യന്തരകലാപസാദ്ധ്യത 1% ആണ്. പെട്രോളിയവും പെട്രോളിയം അല്ലാത്ത ചരക്കുകളും തമ്മിലേ വ്യത്യാസം കാണപ്പെട്ടുള്ളൂ. മറ്റു ചരക്കുകളേക്കാൾ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യത്ത് ആഭ്യന്തരക്കുഴപ്പമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രാധമിക ചരക്കുകൾ കുഴിച്ചെടുക്കുന്നത് നിയന്ത്രിക്കാനുള്ള എളുപ്പമാണ് ഈ പഠനം നടത്തിയവർ ഇതിനു കാരണമായി പറയുന്നത്.[8]

പ്രവാസികൾ നൽകുന്ന പണം ഇതിന്റെ മറ്റൊരു കാരണമാണ്. ഇതും ആഭ്യന്തരകലാപം വർദ്ധിപ്പിക്കുന്നുണ്ട്. പ്രവാസികളിൽ നിന്ന് ലഭിക്കുന്ന പണം ഏറ്റവും കുറവായിരുന്ന രാജ്യത്തേക്കാൾ ഏറ്റവും കൂടുതൽ പണം ലഭിച്ച രാജ്യത്തിൽ കലാപമുണ്ടാകാനുള്ള സാദ്ധ്യത ആറുമടങ്ങായിരുന്നു.[8]

1947-1948 ആഭ്യന്തരയുദ്ധസമയത്ത് പാലസ്തീനിലെ അറബ് സന്നദ്ധസൈനികർ
കലാപമുയർത്തുന്നതുമൂലം നഷ്ടപ്പെടുന്ന അവസരങ്ങൾ

പുരുഷന്മാർ സെക്കന്ററി സ്കൂളിൽ ചേരുന്ന നിരക്ക്, പ്രതിശീർഷവരുമാനം സാമ്പത്തിക വളർച്ച എന്നിവയെല്ലാം ആഭ്യന്തരയുദ്ധമുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുന്ന ഘടകങ്ങ‌ളാണ്. ശരാശരിയിൽ 10% കൂടുതൽ പുരുഷന്മാർ സെക്കന്ററി സ്കൂളിൽ പഠിക്കുന്നുണ്ടെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടാകാനുള്ള സാദ്ധ്യത 3% കുറയുന്നുണ്ടെന്നും 1% വളർച്ചാനിരക്ക് കൂടുന്നുണ്ടെങ്കിൽ ആഭ്യന്തരയുദ്ധ സാദ്ധ്യത 1% കുറയുന്നുണ്ടെന്നുമാണ് പഠനത്തിൽ കണ്ടത്. ഭാവിയിൽ നേടാൻ സാദ്ധ്യതയുള്ള വരുമാനത്തിനുണ്ടാക്കുന്ന നഷ്ടമാണ് ആഭ്യന്തരയുദ്ധത്തിന്റെ സാദ്ധ്യത കുറയ്ക്കുന്നതെന്നാണ് ലോകബാങ്ക് സംഘം കണ്ടെത്തിയത്. ഇത്തരം നഷ്ടം കുറയുന്നത് ആഭ്യന്തരയുദ്ധമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.[8] യുവാക്കൾക്ക് വിദ്യാഭ്യാസം ലഭിക്കുകയും സ്വീകാര്യമായ ശമ്പളം ലഭിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നും പറയാവുന്നതാണ്.[9]

ദാരിദ്ര്യത്തേക്കാളും സാമ്പത്തിക അസമത്വത്തേക്കാളും അവസരങ്ങൾ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് ആഭ്യന്തരയുദ്ധമുണ്ടാക്കാൻ കൂടുതൽ സാദ്ധ്യതയെന്നാണ് സംഘം കണ്ടെത്തിയത്. [7]

സൈനികമായ മുൻതൂക്കം
കമ്യൂണിസ്റ്റ് സൈനികർ 1946-ൽ ചൈനീസ് ആഭ്യന്തരയുദ്ധത്തിനിടെയുള്ള ബാറ്റിൽ ഓഫ് സിപിംഗിൽ

ജനങ്ങൾ വളരെ വേർപെട്ടുകിടക്കുന്ന സാഹചര്യവും മലമ്പ്രദേശങ്ങളും യുദ്ധമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചതായി കാണാൻ സാധിച്ചു. ഈ രണ്ട് സാഹചര്യങ്ങളും കലാപകാരികൾക്കനുകൂലമാണ്. അതിർത്തിക്കടുത്ത് വ്യാപിച്ചുകിടക്കുന്ന ജനങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്രപ്രദേശങ്ങളിലെ ജനങ്ങളെ നിയന്ത്രിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. മലകൾ കലാപകാരികൾക്ക് ഒളിച്ചിരിക്കാൻ ധാരാളം സ്ഥലം നൽകുന്നു.[8]

പരാതികൾ

സ്വത്വം സംബന്ധിച്ച പ്രശ്നങ്ങൾ മൂലമാണ് (സാമ്പത്തിക കാരണങ്ങളാലല്ല) ആഭ്യന്തര യുദ്ധങ്ങളുണ്ടാകുന്നതെന്ന വാദം പ്രധാനമായും പരാതികളിലൂന്നിയുള്ളതാണ്. സാമ്പത്തിക അസമത്വം, രാഷ്ട്രീയ അവകാശങ്ങൾ, വർഗ്ഗീയ വിഭജനം, മതപരമായ സ്പർദ്ധ എന്നീ കാരണങ്ങളൊന്നും ആഭ്യന്തരയുദ്ധമുണ്ടാക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി കാണപ്പെട്ടില്ല. വർഗ്ഗീയമായ അധീശത്വം (എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന വർഗ്ഗീയ വിഭാഗം) മാത്രമാണ് ആഭ്യന്തരയുദ്ധത്തിന് കാരണമായത്. ഇത്തരം അധീശത്വമുള്ള രാജ്യങ്ങളിൽ ആഭ്യന്തര യുദ്ധമുണ്ടാകാനുള്ള സാദ്ധ്യത ഇരട്ടിയായിരുന്നു. എണ്ണത്തിൽ കുറവുള്ള വിഭാഗം കലാപമുണ്ടാക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നായിരുന്നു പഠനസംഘം അനുമാനിച്ചത്. [10]

ജനസംഖ്യ

ജനസംഖ്യ കൂടുന്നത് ആഭ്യന്തര യുദ്ധത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കും.[7]

സമയം

അവസാന ആഭ്യന്തരയുദ്ധം കഴിഞ്ഞ് കൂടുതൽ സമയം പോകുന്തോറും അടുത്ത യുദ്ധമുണ്ടാകാനുള്ള സാദ്ധ്യത കുറഞ്ഞുകൊണ്ടിരിക്കും. [10]

മറ്റുള്ള കാരണങ്ങൾ[തിരുത്തുക]

എവല്യൂഷണറി സൈക്കോളജിസ്റ്റായ സന്റോഷി കനാസാവയുടെ വാദമനുസരിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ ഒരു കാരണം പ്രത്യുത്പാദനക്ഷമതയുള്ള പ്രായത്തിലുള്ള സ്ത്രീകളുടെ ആപേക്ഷികമായ ലഭ്യതയാണ്. പോ‌ളിഗൈനി (ഒരു പുരുഷൻ ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യുന്നത്) ആഭ്യന്തരയുദ്ധമുണ്ടാക്കാനുള്ള സാദ്ധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് ഇദ്ദേഹം കണ്ടെത്തിയത്. പക്ഷേ ഇത് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നില്ല.[11] ഗ്ലെൻഡിറ്റ്ഷും സംഘവും ബഹുഭാര്യത്വം നിലവിലുള്ള വർഗ്ഗങ്ങൾക്കിടയിൽ ആഭ്യന്തരയുദ്ധമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിക്കുന്നതായി കണ്ടില്ലെങ്കിലും നിയമാനുസൃതമായ ബഹുഭാര്യാത്വം ഉള്ള രാജ്യങ്ങളിൽ ആഭ്യന്തരയുദ്ധം കൂടുതലായി ഉണ്ടാകുന്നുണ്ട്. അവരുടെ വാദമനുസരിച്ച് ബഹുഭാര്യാത്വത്തേക്കാൾ നല്ല വിശദീകരണം സ്ത്രീകളോടുള്ള വിദ്വേഷമാണ് ആഭ്യന്തരയുദ്ധത്തിന് കാരണമാകുന്നതെന്നാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ കൂടുതലുള്ളത് ആഭ്യന്തരയുദ്ധത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് ഇവർ കണ്ടെത്തിയത്.[12]

ആഭ്യന്തരയുദ്ധങ്ങളുടെ ദൈർഘ്യം[തിരുത്തുക]

നെവർ എൻഡിംഗ് വാർസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ആൻ ഹിരോനാക ആധുനിക ചരിത്രത്തെ പത്തൊൻപതാം നൂറ്റാണ്ടിനു മുൻപുള്ള കാലഘട്ടം പത്തൊൻപതാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യസമയം വരെയു‌ള്ള ഘട്ടം, ഇരുപതാം നൂറ്റാണ്ടിന്റെ അവസാന സമയം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. യൂറോപ്പിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ആഭ്യന്തരയുദ്ധത്തിന്റെ ദൈർഘ്യം നന്നേ കുറയുകയുണ്ടായി. ഇവ മിക്കതും രാജ്യത്തിന്റെ അധികാര കേന്ദ്രത്തിനു വേണ്ടിയുള്ള യുദ്ധമായതും കേന്ദ്രീകൃത ഭരണകൂടങ്ങളുടെ വർദ്ധിച്ച ശക്തിയും ഭരണകൂടത്തെ പിന്തുണച്ചുകൊണ്ട് മറ്റു രാജ്യങ്ങൾ പെട്ടെന്നു നടത്തുന്ന ഇടപെടലുകളുമായിരുന്നു ഇതിനു കാരണം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആഭ്യന്തരയുദ്ധത്തിന്റെ കാലയളവ് പത്തൊൻപതാം നൂറ്റാണ്ടിനെ അപേക്ഷിച്ച് വളരെയധികം വർദ്ധിച്ചു. കൊളോണിയൽ ഭരണം അവസാനിച്ചശേഷമുള്ള ഭരണകൂടങ്ങളുടെ ദൗർബല്യവും യുദ്ധത്തിന്റെ രണ്ടുഭാഗത്തും വൻ ശക്തികൾ ഇടപെടുന്നതുമായിരുന്നു ഇതിനു കാരണം. ദുർബ്ബല രാജ്യങ്ങളിലായിരുന്നു ഇത്തരം യുദ്ധങ്ങൾ കൂടുതലും നടക്കുന്നത്.[13]

1945-നു ശേഷമുള്ള ആഭ്യന്തര യുദ്ധങ്ങൾ[തിരുത്തുക]

ശീതയുദ്ധത്തിന്റെ സ്വാധീനം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 James Fearon, "Iraq's Civil War" Archived 2007-03-17 at the Wayback Machine. in Foreign Affairs, March/April 2007
  2. 2.0 2.1 2.2 Ann Hironaka, Neverending Wars: The International Community, Weak States, and the Perpetuation of Civil War, Harvard University Press: Cambridge, Mass., 2005, p. 3, ISBN 0-674-01532-0
  3. Edward Wong, "A Matter of Definition: What Makes a Civil War, and Who Declares It So?" New York Times November 26, 2006
  4. Final Record of the Diplomatic Conference of Geneva of 1949, (Volume II-B, p. 121)
  5. See also the International Committee of the Red Cross commentary on Third 1949 Geneva Convention, Article III, Section "A. Cases of armed conflict" for the ICRC's reading of the definition and a listing of proposed alternate wording
  6. See, for example, Hironaka (2005), pp. 9-10, and Collier, Paul, Anke Hoeffler and Nicholas Sambanis, "The Collier-Hoeffler Model of Civil War Onset and the Case Study Project Research Design," in Collier & Sambanis, Vol 1, p. 13
  7. 7.0 7.1 7.2 Collier & Sambanis, Vol 1, p. 17
  8. 8.0 8.1 8.2 8.3 Collier & Sambanis, Vol 1, p. 16
  9. Henrik Urdal - A CLASH OF GENERATIONS? YOUTH BULGES AND POLITICAL VIOLENCE - un.org. Retrieved 28 December 2012.
  10. 10.0 10.1 Collier & Sambanis, Vol 1, p. 18
  11. doi:10.1017/S0022381608090026
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  12. doi: 10.1017/S0022381610001003
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  13. Hironaka, 2005, p. 28

ഗ്രന്ഥസൂചിക[തിരുത്തുക]

  • Ali, Taisier Mohamed Ahmed and Robert O. Matthews, eds. Civil Wars in Africa: roots and resolution (1999), 322 pages
  • Mats Berdal and David M. Malone, Greed and Grievance: Economic Agendas in Civil Wars (Lynne Rienner, 2000).
  • Paul Collier, Breaking the Conflict Trap: civil war and development policy World Bank (2003) - 320 pages
  • Collier, Paul; Sambanis, Nicholas, eds. (2005). Understanding Civil War:Evidence and Analysis. Vol. 1: Africa. Washington, DC: The World Bank. ISBN 978-0-8213-6047-7.
  • Collier, Paul; Sambanis, Nicholas, eds. (2005). Understanding Civil War:Evidence and Analysis. Vol. 2: Europe, Central Asia, and Other Regions. Washington, DC: The World Bank. ISBN 978-0-8213-6049-1.
  • Stathis Kalyvas, "'New' and 'Old' Civil Wars: A Valid Distinction?" World Politics 54, no. 1 (2001): 99-118.
  • David Lake and Donald Rothchild, eds. The International Spread of Ethnic Conflict: Fear, Diffusion, and Escalation (Princeton University Press, 1996).
  • Roy Licklider, "The Consequences of Negotiated Settlements in Civil Wars, 1945--1993," American Political Science Review 89, no. 3 (summer 1995): pp 681–690.
  • Andrew Mack, "Civil War: Academic Research and the Policy Community," Journal of Peace Research 39, no. 5 (2002): pp. 515–525.
  • David T. Mason and Patrick 3. Fett, "How Civil Wars End: A Rational Choice Approach," Journal of Conflict Resolution 40, no. 4 (fall 1996): 546-568.
  • Patrick M. Regan. Civil Wars and Foreign Powers: Outside Intervention in Intrastate Conflict (2000) 172 pages
  • Stephen John and others., eds. Ending Civil Wars: The Implementation of Peace Agreements (2002), 729 pages
  • Monica Duffy Toft, The Geography of Ethnic Violence: Identity, Interests, and the Indivisibility of Territory (Princeton NJ: Princeton University Press, 2003). ISBN 0-691-12383-7.
  • Barbara F. Walter, Committing to Peace: The Successful Settlement of Civil Wars (Princeton University Press, 2002),
  • Elisabeth Jean Wood; "Civil Wars: What We Don't Know," Global Governance, Vol. 9, 2003 pp 247+ online version

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഭ്യന്തരയുദ്ധം&oldid=3624318" എന്ന താളിൽനിന്ന് ശേഖരിച്ചത്