ഇംജാ ഷോ
ഇംജാ ഷോ | |
---|---|
സ്ഥാനം | നേപ്പാൾ |
നിർദ്ദേശാങ്കങ്ങൾ | 27°53′53″N 86°55′41″E / 27.898°N 86.928°E |
Type | ഹിമ തടാകം |
പ്രാഥമിക അന്തർപ്രവാഹം | ഇംജാ ഹിമാനി |
Primary outflows | ഗംഗ |
Catchment area | അജ്ഞാതം |
Basin countries | നേപ്പാൾ |
പരമാവധി നീളം | 2,000 m (6,600 ft)[1] |
പരമാവധി വീതി | 650 m (2,130 ft)[1] |
ഉപരിതല വിസ്തീർണ്ണം | 1.3 km2 (0.50 sq mi)[1] |
ശരാശരി ആഴം | 41.6 m (136 ft)[1] |
പരമാവധി ആഴം | 90.5 m (297 ft)[1] |
Water volume | 0.0358 km3 (0.0086 cu mi)[1] |
ഉപരിതല ഉയരം | 5,004 m (16,417 ft) [1] |
അവലംബം | [1][2] |
നേപ്പാളിലെ എവറസ്റ്റ് കൊടുമുടിക്ക് 10 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഒരു മഞ്ഞ് തടാകമാണ് ഇംജാ ഷോ അഥവാ ഇംജാ തടാകം (നേപ്പാളി : इम्जा हिमताल).[3] സമുദ്രനിരപ്പിൽ നിന്ന് 5010 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകം നേപ്പാളിലെ ഏറ്റവും വേഗത്തിലൊഴുകുന്ന ഹിമ തടാകം കൂടിയാണ്.[4] ഹിമാലയത്തിലെ ഇംജാ ഹിമാനിയിൽ നിന്നാണ് തടാകം ഉത്ഭവിക്കുന്നത്.
1950-കളിൽ രൂപപ്പെട്ടുവെന്ന്[2] കരുതുന്ന ഈ തടാകത്തെ 1962-ലെ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. അന്ന് 0.03 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന തടാകത്തിന് 2000-ആം ആണ്ട് ആയപ്പോഴേക്കും 0.8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയായി. 2009 നവംബർ 21-ന് ഗൂഗിൾ എർത്ത് പുറത്തുവിട്ട ഭൂപടത്തിൽ തടാകത്തിന് 1.055 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതായി കണ്ടെത്തി. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മൂലം ഹിമാനികൾ ഉരുകുന്നതിനാൽ തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2015-ലെ നേപ്പാൾ ഭൂകമ്പം തടാകത്തെ കൂടുതൽ അസ്ഥിരമാക്കിയെന്നും കരുതുന്നു.[5]
ജലനിരപ്പ് അനിയന്ത്രിതമായി വർദ്ധിക്കുന്നത് പ്രളയത്തിനു കാരണമാകുമെന്നും താഴ്‌വാരത്തിലെ അരലക്ഷത്തോളം പേരുടെ ജീവൻ അപകടത്തിലാക്കുമെന്നും തിരിച്ചറിഞ്ഞതോടെ[2] 2016 ഏപ്രിലിൽ നേപ്പാൾ ഭരണകൂടം തടാകത്തെ വറ്റിച്ചുകളയുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.[6] ആറുമാസം കൊണ്ട് 40 ലക്ഷം ഘന മീറ്റർ ജലം വറ്റിച്ചുകളയുവാനും തടാകത്തിന്റെ ആഴം മൂന്നര മീറ്ററോളം കുറയ്ക്കുവാനും സാധിച്ചു.[7] മൂന്നു വർഷം കൊണ്ട് തടാകത്തെ വറ്റിക്കുവാനാണ് പദ്ധതി തയ്യാറാക്കുയിരിക്കുന്നത്.[8]
സ്ഥാനം
[തിരുത്തുക]നേപ്പാളിലെ ഹിമാലയൻ മലനിരകളിൽ എവറസ്റ്റ് കൊടുമുടിക്കു 10 കിലോമീറ്റർ തെക്കായി 27°59'17' വടക്ക് അക്ഷാംശത്തിനും 86°55'31' കിഴക്ക് രേഖാംശത്തിനും ഇടയിലാണ് ഇംജ തടാകം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 5010 മീറ്റർ (16437 അടി) ഉയരമുള്ളതിനാൽ തടാകത്തിലെ ജലനിരപ്പിനു തണുപ്പ് കൂടുതലാണ്.
ഉത്ഭവം
[തിരുത്തുക]നേപ്പാളിലെ സോലുഖുമ്പു ജില്ലയിലുള്ള ഇംജ ഹിമാനിയിൽ നിന്നാണ് ഇംജ തടാകം ഉത്ഭവിക്കുന്നത്. ഹിമാനിയുടെ തെക്കുഭാഗത്താണ് തടാകം രൂപപ്പെടുന്നത്. തടാകത്തിനു സമീപം ഇംജാ ഹിമാനിയിൽ നിന്നുത്ഭവിക്കുന്ന ഇംജ ഖോലോ നദി ദൂധ് കോശി നദിയുടെ ഒരു പോഷകനദിയാണ്.
കണ്ടെത്തൽ
[തിരുത്തുക]1962-ലെ ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ഇംജാ ഹിമാനിയുടെ അടിഭാഗത്ത് ചെറിയ ജലാശയങ്ങൾ കണ്ടെത്തി. ഇവയ്ക്ക് മൊത്തം 0.03 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു. 1950-കളിലാണ് ഇവ രൂപംകൊണ്ടതെന്ന് അനുമാനിക്കുന്നു. 1970-കളിൽ ഈ ജലാശയങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ തടാകമായി മാറി. അതിനുശേഷം തടാകത്തിലെ ജലനിരപ്പ് വർദ്ധിച്ചുകൊണ്ടേയിരുന്നു. വർഷത്തിൽ ശരാശരി 0.02 ചതുരശ്ര കിലോമീറ്റർ എന്ന നിരക്കിൽ വലുതായിക്കൊണ്ടിരുന്ന തടാകത്തിന് 2000-ആം ആണ്ടായപ്പോഴേക്കും 0.8 ച.കി.മീ. വിസ്തൃതിയുണ്ടായി. ഇത് 2009 ആയപ്പോൾ 1.055 ച.കി.മീ. ആയി വർദ്ധിച്ചു. 2008 ഒക്ടോബറിലെ സ്ഥിതിയിൽ നിന്നും 11% വർദ്ധനവാണിത്. 2000 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ വർഷത്തിൽ 0.025 ച.കി.മീ. വീതം തടാകത്തിന്റെ വിസ്തൃതി വർദ്ധിച്ചതായി കണ്ടെത്തി.
അപകടാവസ്ഥ
[തിരുത്തുക]ഏകദേശം മൂവായിരം ഹിമ തടാകങ്ങൾ നേപ്പാളിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. അവയിൽ ഏഴോളം തടാകങ്ങൾ അപകടകാരികളാണ്.[9] കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മൂലം ഹിമാലയത്തിലെ മഞ്ഞുപാളികൾ അപകടകരമാംവിധം വേഗത്തിൽ ഉരുകിക്കൊണ്ട് വലിയ മഞ്ഞുതടാകങ്ങൾക്കു രൂപം നൽകുന്നു.[3] ഇംജാ ഹിമാനിയും വേഗത്തിൽ ഉരുകിക്കൊണ്ടിരുന്നതിനാൽ ഇംജാ ഷോ തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 2009-ൽ നടത്തിയ പഠനങ്ങളനുസരിച്ച് ഹിമാലയത്തിലൂടെ ഒഴുകുന്ന ഏറ്റവും വേഗമേറിയ തടാകം കൂടിയാണ് ഇംജ ഷോ തടാകം. തടാകത്തിന്റെ വേഗതയും ജലനിരപ്പിലുണ്ടാകുന്ന വർദ്ധനയും വൻ പ്രളയത്തിലേക്കു നയിച്ചേക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഇംജാ തടാകത്തിന്റെ താഴ്‌വാരത്തു വസിക്കുന്ന 50,000-ത്തോളം പേരുടെ ജീവനു ഭീഷണിയാണ്.
തടാകം വറ്റിക്കൽ
[തിരുത്തുക]താഴ്‌വാരത്തുള്ള ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇംജാ തടാകം വറ്റിച്ചുകളയാൻ നേപ്പാൾ ഭരണകൂടം തീരുമാനിച്ചു. തടാകത്തോടു ചേർന്ന് ഒരു കനാൽ നിർമ്മിച്ച് അതിലൂടെ ജലം ഒഴുക്കിക്കളയുന്ന പദ്ധതിയാണ് തയ്യാറാക്കിയത്. 2016 ഏപ്രിലിൽ നേപ്പാൾ സൈന്യം കനാലിന്റെ നിർമ്മാണം ആരംഭിച്ചു. തടാകത്തെ വറ്റിക്കുന്നതിനായി നേപ്പാൾ ഭരണകൂടത്തെ സഹായിക്കുവാൻ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി.) മുന്നോട്ടുവന്നു.[6] അതിശൈത്യമേഖലയായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടുവെങ്കിലും ഇംജാ തടാകത്തിനു തെക്കായി 45 മീറ്റർ നീളത്തിൽ ഒരു കനാൽ നിർമ്മിക്കുവാൻ സൈന്യത്തിനു കഴിഞ്ഞു.[6] ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുവാൻ തടയണയും കെട്ടി. ചില ഭാഗങ്ങളിൽ 149 മീറ്റർ വരെ ആഴമുണ്ടായിരുന്ന തടാകത്തിലെ ജലനിരപ്പ് 3.4 മീറ്റർ കുറയ്ക്കുവാൻ കഴിഞ്ഞു.[10] ആറു മാസം കൊണ്ട് തടാകത്തിലെ 40 ലക്ഷം ഘനമീറ്റർ ജലം വറ്റിച്ചുകളഞ്ഞു. തടാകത്തെ വറ്റിച്ചുകളയുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Evaluating the growth characteristics of a glacial lake and its degree of danger of outburst flooding". Norwegian Journal of Geography.
- ↑ 2.0 2.1 2.2 "Imja Tsho, Nepal". NASA.
- ↑ 3.0 3.1 "Nepal Drains Dangerous Imja Tsho Glacial Lake Near Mount Everest". News18. 2016-10-31. Archived from the original on 2017-05-23. Retrieved 2017-11-24.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Nepal drains risky glacial lake near Everest". phys.org. 2016-10-31. Archived from the original on 2017-07-11. Retrieved 2017-11-24.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ഇംജ മഞ്ഞ് തടാകം നേപ്പാൾ വറ്റിക്കുന്നു". മലയാളി വാർത്ത. 2016-10-31. Archived from the original on 2016-11-04. Retrieved 2017-11-24.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 6.0 6.1 6.2 "Nepal drains risky glacial lake near Mount Everest". ദ ഹിന്ദു. 2016-10-31. Archived from the original on 2017-11-24. Retrieved 2017-11-24.
- ↑ Khadka, Navin Singh (2016-10-31). "Nepal drains dangerous Everest lake". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2016-10-31.
- ↑ "തടാകം വറ്റിച്ച് വെള്ളപ്പൊക്ക ഭീഷണി നേരിടാൻ നേപ്പാൾ". മീഡിയാവൺ ടിവി. 2016-06-05. Archived from the original on 2017-11-24. Retrieved 2017-11-24.
- ↑ "വെള്ളപ്പൊക്കം തടയാൻ നേപ്പാളിൽ തടാകം വറ്റിക്കുന്നു". മാതൃഭൂമി ദിനപത്രം. 2016-06-04. Archived from the original on 2017-11-24. Retrieved 2017-11-24.
- ↑ "എവറസ്റ്റിലെ തടാകം വറ്റിച്ചു". ദീപിക ദിനപത്രം. 2016-10-31. Archived from the original on 2017-11-24. Retrieved 2017-11-24.