സാമുവൽ ചോ ചുങ് ടിങ്
| സാമുവൽ ചോ ചുങ് ടിങ് Samuel Chao Chung Ting |
|
|---|---|
Samuel Ting after a presentation at the Kennedy Space Center in October 2010 |
|
| ജനനം | ജനുവരി 27, 1936 ആൻ ആർബർ, മിഷിഗൺ, അമേരിക്ക |
| ദേശീയത | അമേരിക്ക |
| മേഖലകൾ | ഫിസിക്സ് |
| സ്ഥാപനങ്ങൾ | CERN കൊളംബിയ യൂണിവേഴ്സിറ്റി MIT |
| ബിരുദം | യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | L.W. Jones, M.L. Perl |
| അറിയപ്പെടുന്നത് | Discovery of the J/ψ particle |
| പ്രധാന പുരസ്കാരങ്ങൾ | Nobel Prize for Physics (1976) Ernest Orlando Lawrence Award (1975) De Gasperi Award (1988), |
| ജീവിത പങ്കാളി | Kay Kuhne, Susan Carol Marks |
| വെബ്സൈറ്റ് | |
| [1] | |
ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞനാണ് സാമുവൽ ചോ ചുങ് ടിങ്. 'J- കണം' എന്നറിയപ്പെടുന്ന മൗലിക കണത്തിന്റെ കണ്ടുപിടിത്തത്തിന് 1976-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ബർട്ടൻ റിക്റ്ററോടൊപ്പം പങ്കിട്ടു[1].
ജീവിതരേഖ [തിരുത്തുക]
1936 ജനുവരി 27-ന് അമേരിക്കയിലെ മിഷിഗണിലാണ് ടിങ്ങിന്റെ ജനനം. ചൈനയിലും തായ്‌വാനിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മിഷിഗണിൽ തിരിച്ചുവന്ന് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ഡോക്ടറേറ്റു നേടി. യൂറോപ്യൻ കമ്മിഷന്റെ ഗവേഷണ സ്ഥാപനമായ സേൺ (CERN)-ൽ ഫോർഡ് ഫെലോ ആയി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1966-ൽ ഹാംബർഗിലെ ജർമൻ ഇലക്ട്രോൺ സിൻക്രോട്രോൺ പ്രോജക്റ്റ് ആയ ഡെസി (DESY)-യുടെ ഗ്രൂപ്പ് ലീഡർ ആയിരുന്നു. 1969-ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ഭൗതികശാസ്ത്ര പ്രൊഫസറായി. ഇക്കാലത്താണ് ബ്രൂക്ക്ഹേവൻ നാഷണൽ ലബോറട്ടറിയിൽ ഗവേഷണം നടത്തി 'J-കണം' കണ്ടുപിടിച്ചത്. ഹൈഡ്രജൻ ആറ്റത്തിന്റെ മൂന്നിരട്ടി പിണ്ഡം (mass), മെസോണിന്റെ 100 മടങ്ങിലുമധികം ദൈർഘ്യമേറിയ ജീവിതകാലം (life time) എന്നീ സവിശേഷതകൾ 'J -കണ'ത്തിനുണ്ടെന്ന് ഇദ്ദേഹം ഗവേഷണങ്ങളിലൂടെ തെളിയിക്കുകയും ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സ്-ൽ തന്റെ പ്രബന്ധം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു (1974).
എന്നാൽ ഇതേകാലത്തുതന്നെ സ്റ്റാൻഫോർഡ് ലീനിയർ ആക്സിലറേറ്റർ സെന്ററിലെ (SLAC) ബർട്ടൻ റിക്റ്ററും (Burton Richter) സഹപ്രവർത്തകരും ഇതേ കണ്ടുപിടിത്തം നടത്തുകയുണ്ടായി. ടിങ് പുതിയ കണത്തിന് J പാർട്ടിക്കിൾ' എന്ന പേര് നൽകിയപ്പോൾ റിക്റ്റർ സൈ (Psi-Ψ) എന്ന പേരാണ് നൽകിയതെന്നു മാത്രം. അങ്ങനെ ഒരേ കണ്ടുപിടിത്തത്തിന് 1976-ലെ നോബൽ സമ്മാനം ഇരുവരും ചേർന്ന് പങ്കുവച്ചു.
ബ്രൂക്ക് ഹേവൻ, സേൺ, ഡെസി എന്നീ മൂന്നു ഗവേഷണ സംഘങ്ങൾക്ക് ടിങ് മാർഗദർശനം നൽകിയിരുന്നു. 1975-ൽ അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് സയൻസസിൽ ഫെലോ ആയും 1977-ൽ നാഷണൽ അക്കാദമി ഒഫ് സയൻസസിൽ അംഗമായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇ.ഒ. ലോറന്റ്സ് അവാർഡിനും ഇദ്ദേഹം അർഹനായി. മൗലികകണങ്ങളെ അധികരിച്ച് നാല്പതോളം ലേഖനങ്ങൾ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ സാമുവൽ ചോ ചുങ് ടിങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |