ഭാഷാശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാഷയുടെ ശാസ്ത്രീയപഠനമാണ് ഭാഷാശാസ്ത്രം(Linguistics). ഏതെങ്കിലും പ്രത്യേക ഭാഷയുടെ പഠനമല്ല, ഭാഷ എന്ന മനുഷ്യസാധാരണമായ പ്രതിഭാസത്തെ കുറിച്ചുള്ള പഠനമാണ് ഇത്. ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയില്‍ ഭാഷ എങ്ങനെ മനുഷ്യന്റെ ആവശ്യങ്ങളെ നിറവേറ്റത്തക്ക വിധം രൂപപ്പെട്ടിരിക്കുന്നു എനു മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമാണ് ഭാഷാശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. ഒരോ ഭാഷയും ഭാഷയുടെ സാമാന്യസ്വഭാവത്തെ സംബന്ധിച്ച ചില സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു എന്നതിനാല്‍ ഒന്നോ അതിലധികമോ ഭാഷയെ ഭാഷാശാസ്ത്രജ്ഞന്‍ ഇതിനായി ഉപയോഗിക്കാം.
ഉള്ളടക്കം |
[തിരുത്തുക] വര്‍ഗ്ഗീകരണം
ഭാഷാശാസ്ത്രത്തിന് ഏകകാലികം(Synchronic), ബഹുകാലികം(Diachronic) എന്ന് രണ്ട് അപഗ്രഥനരീതികള്‍ സൊഷൂര്‍ വിവരിക്കുന്നുണ്ട്.[1] ഒരു നിശ്ചിത ഘട്ടത്തിലെ ഭാഷയുടെ സ്വഭാവത്തെ വിവരിക്കുന്നതിന് ഏകകാലികഭാഷാശാസ്ത്രമെന്നും, ഒരു പ്രത്യേക കാലയളവില്‍ ഭാഷയ്ക്കു വരുന്ന മാറ്റങ്ങളെ വിവരിക്കുന്നതിന് ബഹുകാലികഭാഷാശാസ്ത്രമെന്നും പറയുന്നു. ബഹുകാലികഭാഷാശാസ്ത്രം ചരിത്രാത്മക(Historical)മാണ്. പദനിഷ്പത്തി വിവരിക്കുന്ന നിരുക്തി ചരിത്രാത്മകഭാഷാശാസ്ത്രത്തിന്റെ ഉപവിഭാഗമാണ്. രണ്ടോ അതിലധികമോ ഭാഷകളെയോ ഭാഷാഭേദങ്ങളെയോ താരതമ്യം ചെയ്യുന്നതാണ് താരതമ്യഭാഷാശാസ്ത്രം (Comparitive Linguistics). ബഹുകാലികമായി രണ്ടു ഭാഷകള്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ് ഭാഷാപരിണാമം (Phillology)എന്ന ശാഖ.
[തിരുത്തുക] സൈദ്ധാന്തിക ഭാഷാശാസ്ത്രം(Theoretical Linguistics)
ഘടനാവാദമാണ് ഭാഷാശാസ്ത്രത്തിന് സൈദ്ധാന്തിക അടിത്തറ നല്‍കുന്നത്. ഭാഷ ഘടനകളുടെ ഘടനയാണ് എന്ന് ഘടനാവാദികള്‍ പറയും. ഏകതലിക(Syntagmatic)വും പരാദേശിക(Paradigmatic)വുമായ ദ്വിവിധബന്ധ(Dualty of Structure)ത്തിലൂടെയാണ് ഭാഷാഘടന രൂപപ്പെടുന്നത്[2]. രൂപവും അര്‍ഥവും ചേര്‍ന്നതാണ് ഘടന. വാമൊഴിയിലൂടെയും വരമൊഴിയിലൂടെയുമാണ് ഭാഷയെ പ്രത്യക്ഷീകരിക്കുന്നത്. ഭാഷയുടെ ധര്‍മപരമായ അടിസ്ഥാന ഏകകമാണ് സ്വനിമം. സ്വനിമങ്ങള്‍ ചേര്‍ന്ന് രൂപിമവും രൂപിമങ്ങള്‍ ചേര്‍ന്ന് വാക്യവും വാക്യങ്ങള്‍ ചേര്‍ന്ന് പാഠവും വ്യവഹാരവും രൂപപ്പെടുന്നതിലൂടെ ഭാഷ പ്രത്യക്ഷമാകുന്നു. ഭാഷയുടെ പ്രകരണബദ്ധമായ(Contextual) പാഠത്തെയാണ് വ്യവഹാരം എന്നു വിളിക്കുന്നത്. രൂപത്തെ ഉപരിഘടന(Surface Structure)യും അര്‍ഥത്തെ ആഴഘടന(Deep Structure)യുമായി ചോംസ്കി പരിഗണിക്കുന്നു.[3] ഓരോ തലത്തിനും സ്വന്തമായ സവിശേഷതകളുണ്ട്. ഈ ഓരോ തലത്തെയും അപഗ്രഥിക്കുന്ന ഉപശാഖകള്‍ താഴെ കൊടുക്കുന്നു.
- സ്വനവിജ്ഞാനം (Phonetics) - ഭാഷണശബ്ദങ്ങളുടെ ഉത്പാദനം, വിനിമയം, ഗ്രഹണം എന്നിവയെക്കുറിച്ചുള്ള പഠനം
- സ്വനിമവിജ്ഞാനം (Phonemics) - സ്വനിമങ്ങളെ കുറിച്ചുള്ള പഠനം
- രൂപവിജ്ഞാനം (Morphology) - രൂപിമങ്ങളെ കുറിച്ചുള്ള പഠനം
- വാക്യഘടന (Syntax) - വാക്യരൂപീകരണത്തെ കൂറിച്ചുള്ള പഠനം
- പാഠാപഗ്രഥനം (Text Analysis) - വാക്യങ്ങളുടെ പരസ്പരബന്ധത്തെ അപഗ്രഥിക്കുന്നു
- വ്യവഹാരാപഗ്രഥനം (Discourse Analysis) - വ്യവഹാരമാതൃകകളുടെ അപഗ്രഥനം
- അര്‍ഥവിജ്ഞാനം (Semantics) - അര്‍ഥത്തിന്റെ സാങ്കേതികമായ പഠനം
ഭാഷണത്തിനു സമാന്തരമായി എഴുത്തിന്റെ തലങ്ങളെ വിവരിക്കുകയാണ് ആലേഖനശാസ്ത്രം (Graphology). ലേഖിമങ്ങളാണ് ഇതിന്റെ ധര്‍മാത്മകമായ ഏകകം.
രൂപിമതലത്തില്‍ സ്വനിമങ്ങളെ പഠിക്കുന്ന രൂപസ്വനിമവിജ്ഞാന(വും രൂപിമങ്ങളുടെ വ്യു ല്പാദനങ്ങളെ നിഘണ്ടുവത്കരിക്കുന്ന പദവിജ്ഞാനവും ഭാഷാപ്രയോഗത്തിന്റെ അര്‍ഥവിവക്ഷകളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പ്രയോഗവിജ്ഞാനവും സൈദ്ധാന്തികഭാഷാശാസ്ത്രത്തിന്റെ വിഭാഗങ്ങളാണ്.
ഭാഷാശാസ്ത്രത്തെ സ്വനിമ-രൂപിമ-വാക്യ തലങ്ങളില്‍ മാത്രം അപഗ്രഥിക്കുന്ന സമീപനത്തെ സങ്കുചിതഭാഷാശാസ്ത്രം(Microlinguistics) എന്നു വിളിക്കുന്നു. ഭാഷാശാസ്ത്രത്തിന് വിവിധ മേഖലകളിലുള്ള വികാസത്തെ പരിഗണിക്കുമ്പോഴാണ് ഭാഷാശാസ്ത്രം ഉദാര(Macro)മാകുന്നത്.
[തിരുത്തുക] ഭാഷാശാസ്ത്രവും മറ്റു വിജ്ഞാനശാഖകളും
ഭാഷ സംസ്കാരത്തിന്റെ ഉപകരണവും ഉല്പന്നവുമാണ്. ഭാഷ ഒരേസമയം വസ്തുനിഷ്ഠവും വ്യക്തിനിഷ്ഠവുമായ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഭാഷാശാസ്ത്രം പരീക്ഷണാത്മകശാസ്ത്രവും(Empirical Science) സാമൂഹികശാസ്ത്രവും ആണ്. അതുകോണ്ടുതന്നെ പരീക്ഷണാത്മകവും സാമൂഹികവുമായ വിവിധ വിജ്ഞാനശാഖകളുമായി ഭാഷാശാസ്ത്രത്തിന് സ്വാഭാവികമായ കണ്ണികളുണ്ട്. കലയും ശാസ്ത്രവും ദര്‍ശനവും ഭാഷാശാസ്ത്രത്തിന് അന്യമായ വിഷയമല്ല.
ചിഹ്നശാസ്ത്രമടക്കമുള്ള വിജ്ഞാനമേഖലകള്‍ രൂപപ്പെടുന്നതും നരവംശശാസ്ത്രം, ഫോക്‍ലോര്‍, തുടങ്ങിയ മേഖലകള്‍ പുഷ്ടിപ്പെടുന്നതും ഭാഷാശാസ്ത്രത്തിന്റെ വികാസത്തോടെയാണ്. എല്ലാ വിജ്ഞാനമേഖലകളിലും ഭാഷാശാസ്ത്രവഴിക്കുള്ള വീക്ഷണം(Linguistic turn) ഇന്ന് കാണാന്‍ കഴിയും[4] മറ്റു മേഖലകളുമായി ബന്ധപ്പെട്ട് ഭാഷാശാസ്ത്രത്തില്‍ വികസിച്ചുവന്ന പലതരം ശാഖകള്‍ താഴെ കൊടുക്കുന്നു-
- സാമൂഹികഭാഷാശാസ്ത്രം (Sociolinguistics) - ഭാഷയുടെ വ്യതിയാനങ്ങളെ സാമൂഹികഘടകങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുന്നു.
- ഭാഷാനരവംശശാസ്ത്രം (Anthropological Linguistics) - മനുഷ്യന്റെ സാംസ്കാരികവികാസവും ഭാഷയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നു.
- ജൈവഭാഷാശാസ്ത്രം (Biolinguistics) - മറ്റു ജീവികളുടെ സ്വാഭാവിക ആശയവിനിമയരീതികളെയും പരിശീലിക്കപ്പെട്ട ആശയഗ്രഹണശേഷിയെയും പഠിക്കുന്നു.
- പ്രയുക്തഭാഷാശാസ്ത്രം (Applied Linguistics) - നിത്യജീവിതത്തിലെ ഭാഷാസംബന്ധമായ ആവശ്യങ്ങളെയും ഭാഷാനയങ്ങള്‍, ഭാഷാസൂത്രണം, ഭാഷാധ്യാപനം തുടങ്ങിയ വിഷയങ്ങളെയും ആസ്പദിക്കുന്നു.
- കമ്പ്യൂട്ടര്‍ ഭാഷാശാസ്ത്രം (computational Linguistics) - ഭാഷയുടെ കമ്പ്യൂട്ടര്‍വത്കരണം കൈകാര്യം ചെയ്യുന്നു.
- ക്ലിനിക്കല്‍ ഭാഷാശാസ്ത്രം (Clinical Linguistics) - ഭാഷണവൈകല്യങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച ചികിത്സാശാസ്ത്രത്തിന്റെ വിഭാഗം.
- വളര്‍ച്ചാഭാഷാശാസ്ത്രം (Developmental Linguistics) - വ്യക്തിയുടെ വളര്‍ച്ചയില്‍ ഭാഷയ്ക്കുണ്ടാകുന്ന പരിണാമങ്ങളെക്കുറിച്ചും ഭാഷാസമാര്‍ജനത്തെക്കുറിച്ചും പഠിക്കുന്നു.
- ഭാഷാഭൂമിശാസ്ത്രം (Language Geography) - ഭാഷയുടെയും ഭാഷാസവിശേഷതകളുടെയും ഭൂമിശാസ്ത്രപരമായ വിന്യാസത്തെക്കുറിച്ച് പഠിക്കുന്നു.
- മസ്തിഷ്കഭാഷാശാസ്ത്രം (Neurolinguistics)- അറിവിന്റെ ശേഖരണം, ഉല്പാദനം, വിനിമയം തുടങ്ങിയവ നിര്‍വഹിക്കാന്‍ തക്ക വിധമുള്ള മസ്തിഷ്കത്തിന്റെ ഘടനയും പ്രവര്‍ത്തനവും വിവരിക്കുന്നു.
- മനോഭാഷാവിജ്ഞാനം(Psycholinguistics)- ഭാഷയുടെ മനഃശാസ്ത്രപരമായ പഠനം.
- ശൈലീവിജ്ഞാനം (Stylistics) - ഭാഷയുടെ വൈയക്തികമായ പ്രയോഗസവിശേഷതകള്‍ വിലയിരുത്തുന്നു.
[തിരുത്തുക] അവലംബം
- ↑ Course In General Linguistics, ഫെര്‍ഡിനാന്‍ഡ് സൊഷൂര്‍,THE PHILOSOPHICAL LIBRARY, INC.15 EAST 40th street, new YORK CITY,1959
- ↑ Course In General Linguistics, ഫെര്‍ഡിനാന്‍ഡ് സൊഷൂര്‍,THE PHILOSOPHICAL LIBRARY, INC.15 EAST 40th street, new YORK CITY,1959
- ↑ Syntactic Structures(1957), നോം ചോംസ്കി,
- ↑ A Dictionary of Linguistics & Phonetics, ഡേവിഡ് ക്രിസ്റ്റല്‍