സ്വനിമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഭാഷയിലെ അര്‍ഥഭേദമുണ്ടാക്കാന്‍ കഴിവുള്ള ഏറ്റവും ചെറിയ ഘടനാപരമായ ഏകകമാണ് സ്വനിമം (Phoneme). ഭാഷണത്തില്‍ ഒരേ ധര്‍മ്മം നിര്‍വഹിക്കുന്ന, അല്പമാത്രം വ്യത്യസ്തമായ സ്വനങ്ങളുടെ ആകെമാനമാണ് ഇത്. സ്വനിമം ഒരു ഭൗതികഖണ്ഡമല്ല (Physical Segment); മറിച്ച് ധാരണാപരവും അമൂര്‍ത്തവുമായ സങ്കല്പനമാണ്. ഇതിനെ മാനസിക യൂണിറ്റായി ഭാഷാശാസ്ത്രജ്ഞര്‍ കാണുന്നു. ആന എന്ന വാക്ക് ഓരാളില്‍ ഉണ്ടാക്കുന്നത് എങ്ങനെ ഏതെങ്കിലും ഒരു ആനയുടെ മൂര്‍ത്തരൂപമല്ലാതെ ആനയെക്കുറിച്ചുള്ള അയാളുടെ വിവിധ ധാരണകളുടെ സമാഹൃതബോധം ആകുന്നു, അതുപോലെ, അര്‍ത്ഥപരമായി ഒരേ ധര്‍മ്മം നിര്‍വ്വഹിക്കുന്ന സ്വനങ്ങളെ കേള്‍വിയിലും പ്രത്യക്ഷീകരണത്തിലും സാമാന്യവത്കരിച്ച് കാണാന്‍ മനസ്സിനു സാധിക്കുന്നു. സ്വനിമത്തെ അപേക്ഷിച്ച് ഭൗതികമെങ്കിലും സ്വനത്തെയും കേവല ഭൗതികമായി കാണാന്‍ കഴിയില്ല. ഒരിക്കല്‍ ഉച്ചരിക്കപ്പെടുന്ന സ്വനം അതിന്റെ എല്ലാ സവിശേഷതകളോടെയും ആവര്‍ത്തിക്കുന്നില്ല. ചില ഭാഷാശാസ്ത്രജ്ഞര്‍ സ്വനത്തിനു താഴെ അധസ്വനം എന്നൊരു തലത്തെ പരിഗണിക്കുന്നു.[1]
ഓരോ ഭാഷയുടെയും സ്വനിമസഞ്ചയം(Phonology) വ്യത്യസ്തമാണ്. ദ്രാവിഡത്തിലെ ഴകാരം സംസ്കൃതഭാഷയിലില്ല; സംസ്കൃതത്തിലെ മഹാപ്രാണസ്വനിമങ്ങള്‍ തമിഴ് തുടങ്ങിയ ഭാഷകളിലും ഇല്ല. ഒരു ഭാഷയിലെ രണ്ടു വ്യത്യസ്ത സ്വനിമങ്ങള്‍ മറ്റൊരുഭാഷയില്‍ ഒരേ സ്വനിമത്തിന്റെ ഉപസ്വനങ്ങളുമാകാം. ഉദാ- മലയാളത്തില്‍ ല, ള; ര, റ എന്നിവ വെവ്വേറെ സ്വനിമങ്ങളാണ്. എന്നാല്‍ സംസ്കൃതത്തില്‍ ഇവ ഉപസ്വനങ്ങള്‍ മാത്രമാണ്.
ഉള്ളടക്കം |
[തിരുത്തുക] അല്പതമജോടി
ഓരേ സ്വനികസാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ട് അര്‍ഥഭേദം ജനിപ്പിക്കുന്ന സ്വനങ്ങള്‍ക്ക് വ്യത്യയ(Contrast)മുണ്ട്. വ്യത്യയമുള്ള സ്വനങ്ങളെ ആ ഭാഷയിലെ വ്യത്യസ്ത സ്വനിമങ്ങളായി കണക്കാക്കുന്നു.
ഒരു ഭാഷയിലെ രണ്ട് സ്വനങ്ങള്‍ സ്വനിമപദവി അര്‍ഹിക്കുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷണമാണ് അല്പതമജോടികള്‍ (Minimal Pairs). ഏതെങ്കിലും ഒരു സ്വനം മാത്രം ഭിന്നമായ രണ്ടു വാക്കുകള്‍ ചേര്‍ന്നതാണ് അല്പതമജോടി. ഈ വാക്കുകള്‍ തമ്മില്‍ അര്‍ഥഭേദമുണ്ടെങ്കില്‍ സ്വനജോടി രണ്ട് ഭിന്ന സ്വനിമങ്ങളെ കുറിക്കുന്നു.
മലയാളത്തിലെ, സംവൃതോകാരം എന്നു വിളിക്കുന്ന കേന്ദ്രസ്വരവും(്) വിവൃതമായ ഉകാരവും വ്യത്യസ്ത സ്വനിമങ്ങളാണോ എന്ന് പരിശോധിക്കാം - ഉണ്ട്, ഉണ്ടു എന്നീ വാക്കുകള്‍ നോക്കുക -
[ഉ ണ്‍ ട´ ഉ]-[ഉ ണ്‍ ട´ ഉ്]
ഇവ വ്യത്യസ്തന്മായ അര്‍ഥം കുറിക്കുന്നു. ഭേദം ഉ-് എന്നിവ മാത്രമായതിനാല്‍ ഈ സ്വരങ്ങള്‍ മലയാളഭാഷയില്‍ രണ്ട് ഭിന്ന സ്വനിമങ്ങളാണ് എന്നു പറയാം. മറ്റ് ഉദാഹരണങ്ങള്‍ - കരി-കറി, പുലി-പുളി, കള-കഴ, വാഴ-വായ
[തിരുത്തുക] ചരിത്രം
പാണിനിയുടെ മാഹേശ്വരസൂത്രത്തില്‍ ഉച്ചാരണത്തെ ആസ്പദമാക്കി വര്‍ണങ്ങളെ വര്‍ഗീകരിക്കുന്നുണ്ട്. ആധുനികഭാഷാശാസ്ത്രത്തിലെ സ്വനിമത്തിനു സമാനമായി കാണാവുന്നതാണ് വര്‍ണങ്ങളെ. ഓരോ വര്‍ണത്തിനും നിരവധി ഉപവിഭാഗങ്ങളെയും പാണിനി വിശദീകരിക്കുന്നുണ്ട്.[2]
ഇന്നുള്ള അര്‍ഥത്തില്‍ സ്വനിമത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്നത് 1893-ല്‍ പോളിഷ് ഭാഷാശാസ്ത്രജ്ഞനായ ബോദോയിന്‍ കോര്‍തിനെ(Jan Baudouin de Courtenay,1845-1929) പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ്. 'ഫൊണീമ' എന്ന പദമാണ് കോര്‍തിനെ ഉപയോഗിക്കുന്നത്. മാനസികസ്വനവിജ്ഞാനത്തിന്റെ അടിസ്ഥാനമായാണ് ഈ പദം ഉപയോഗിച്ചത്. പ്രേഗ് കളരിയിലെ നിക്കോളെ ട്രുബെസ്കി, ല്യനാഡോ ബ്ലൂംഫീല്‍ഡ് തുടങ്ങിയവരാണ് സ്വനിമസങ്കല്പത്തിന് സൈദ്ധാന്തിക അടിത്തറയും വികാസവും നല്‍കുന്നത്.
[തിരുത്തുക] ആലേഖനം(Transcription)
പല ഭാഷകളിലും ഒരു സ്വനിമത്തിന് ഒരു ലേഖിമം എന്ന വ്യവസ്ഥയുണ്ട്. ഇംഗ്ലീഷിന്റെ വര്‍ണമാല (Alphabet) സ്വനിമികമല്ല. ഉദാ - 'ഷ' (/sh/) എന്ന ഒറ്റ സ്വനിമത്തിന് s,h എന്നിങ്ങനെ രണ്ട് ലേഖിമങ്ങള്‍ ഉപയോഗിക്കുന്നു. /k/ എന്ന സ്വനിമത്തെ സൂചിപ്പിക്കാന്‍ തന്നെ <k>,<c>,<q> എന്ന് മൂന്ന് ലേഖിമങ്ങളുണ്ട്. മിക്ക ലേഖിമങ്ങള്‍ക്കും ആ ഭാഷയില്‍ ഒന്നിലേറെ സ്വനിമോച്ചാരണങ്ങളുണ്ട്. ഇതുകൊണ്ടാണ് ഇംഗ്ലീഷ് എഴുത്തും ഉച്ചാരണവും തികച്ചും ഭിന്നമാകുന്നത്. ഭാരതീയഭാഷകളില്‍ മിക്കവാറും സ്വനിമ-ലേഖിമ സമാന്തരത്വം കാണാം. മലയാളത്തിന് അക്ഷരമാല(syllabary) ആണെങ്കിലും ഒരു സ്വനിമത്തിന്റെ സ്ഥാനത്ത് ഒരു അക്ഷരലിപി എന്ന് മിക്കവാറും വ്യവസ്ഥയുണ്ട്. സ്വനിമികലിപിവ്യവസ്ഥ അഭികാമ്യമാണ്. പൂര്‍ണമായും സ്വനിമിക വിന്യാസമുള്ള ഒരു ലേഖിമസഞ്ചയം ഒരു ഭാഷയ്ക്കും അവകാശപ്പെടാനാവില്ല.
സ്വനിമത്തെ ചായ്‌വര(slash)കള്‍ക്കകത്താണ് സൂചിപ്പിക്കുന്നത്. ഉദാ- ‘ല്‍’ എന്ന സ്വനിമത്തെ /ല/ എന്ന് സൂചിപ്പിക്കുന്നു. ഇവ്വിധം /ക/,/ /അ/, /ഌ/,/മ/, /ŋ/ എന്നുള്ളവ വെവ്വേറെ സ്വനിമങ്ങളാണെന്ന് മനസ്സിലാക്കുക.
സ്വനത്തെ സൂചിപ്പിക്കാന്‍ കോഷ്ഠവും([ ]) ലേഖിമത്തെ സൂചിപ്പിക്കാന്‍ < >ഉം ഉപയോഗിക്കുന്നു.
[തിരുത്തുക] പ്രാന്തസ്വനിമങ്ങള്‍(Marginal Phonemes)
ചില സ്വനിമ/ഉപസ്വനങ്ങളുടെ പ്രത്യക്ഷീകരണങ്ങള്‍ ഒരു ഭാഷയില്‍ ഏതാനും വാക്കുകളില്‍മാത്രമായിരിക്കും. പ്രധാനമായും പരകീയപദങ്ങള്‍ വഴിയാണ് ഇത്തരം സ്വനിമങ്ങള്‍ ഭാഷയില്‍ സ്വീകരിക്കപ്പെടുന്നത്. ഇംഗ്ലീഷ് , പേര്‍ഷ്യന്‍ തുടങ്ങിയവയില്‍നിന്നും തത്സമ-തദ്ഭവപദങ്ങള്‍ വഴി മലയാളത്തില്‍ വന്ന /f/ എന്ന ഓഷ്ഠ്യഘര്‍ഷം പ്രാന്തസ്വനിമത്തിന് ഉദാഹരണമാണ്. ഹുസൂര്‍, സീബ്രാ തുടങ്ങിയവയിലെ വര്‍ത്സ്യനാദിയായ ഘര്‍ഷവും മലയാളത്തില്‍ പ്രാന്തസ്വനിമമാണ്.
[തിരുത്തുക] സ്വനിമസങ്കല്പനം - ഭാഷാശാസ്ത്രത്തിന്റെ ന്യൂക്ലിയസ്
ആധുനികഭാഷാശാസ്ത്രത്തിന്റെ ഉദ്ഭവത്തിനുള്ള കാരണങ്ങളിലൊന്നു തന്നെ വര്‍ണതലത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളുമാണ്. ഭാഷയുടെ ധര്‍മപരമായ അടിസ്ഥാനയൂണിറ്റ് എന്ന നിലയില്‍ മാത്രമല്ല സ്വനിമ സങ്കല്പത്തിനു പ്രസക്തി. ഭാഷാശാസ്ത്രത്തിലെ വിവിധതലങ്ങളെ നാമകരണം ചെയ്യാനാണ് ആദ്യം ഈ സംജ്ഞ ഉപയോഗപ്പെടുത്തിയത്. എങ്കിലും ഭാഷ എന്നത് ചിഹ്നശാസ്ത്രമെന്ന മഹാവിജ്ഞാനത്തിന്റെ പ്രധാനശാഖയാണെന്നും വിവിധ മാനുഷിക വിജ്ഞാനങ്ങള്‍ ഇതുമായി ഗാഢബന്ധം പുലര്‍ത്തുന്നുവെന്നുമുള്ള തിരിച്ചറിവില്‍നിന്ന് ചിഹ്നശാസ്ത്രമടക്കമുള്ള മേഖലകള്‍ വികസിച്ചപ്പോഴാണ് സ്വനിമം എന്ന സംജ്ഞ ഈ പരസ്പരബന്ധത്തിന്റെ താക്കോല്‍സങ്കല്പമായി വര്‍ധിക്കുന്നത്. നരവംശശാസ്ത്രം, മനശ്ശാസ്ത്രം തുടങ്ങി നിരവധി വിജ്ഞാനങ്ങളില്‍ ഇന്ന് സ്വനിമം സമാനപദാവലികളെ രൂപീകരിക്കുന്നു.
സ്വനിമിക-സ്വനികവ്യവസ്ഥകളുടെ സവിശേഷതകളാണ് കെനത് പൈക്കിന്റെ ഇക-മികമാനങ്ങളുടെ സങ്കല്പത്തിന് കാരണമായത്.
വിവിധ വിജ്ഞാനശാഖകളിലെ സ്വനിമ തുല്യമായ ഘടനാത്മക-ധര്‍മാത്മക യൂണിറ്റുകള്‍ താഴെ കൊടുക്കുന്നു.
- രൂപിമം(Morpheme) - ഭാഷയുടെ അര്‍ഥയുക്തമായ ഏറ്റവും ചെറിയ യൂണിറ്റ് . രൂപിമതലത്തെക്കുറിച്ചു പഠിക്കുന്ന ഭാഷാശാസ്ത്ര ശാഖയാണ് രൂപവിജ്ഞാനം(Morphology)
- ലേഖിമം(Grapheme) - ലിഖിതഭാഷയുടെ അടിസ്ഥാന യൂണിറ്റ്
- മാത്രാസ്വനിമം(Chroneme) - ഉച്ചാരണകാലം അടിസ്ഥാനമായ ശബ്ദയൂണിറ്റ്
- താനസ്വനിമം(Toneme) - താനം(Tone) എന്ന അധിഖണ്ഡസവിശേഷത അടിസ്ഥാനമായ ശബ്ദയൂണിറ്റ്
- മുദ്രിമം(Chereme) - ആംഗികഭാഷ(Sign language)യിലെ സ്വനിമത്തിനു തുല്യമായ യൂണിറ്റ്
- അര്ഥിമം (Sememe) - ഒരു രൂപിമത്തിന്റെ സാങ്കേതികാര്‍ഥം
- കോശിമം(Lexeme) - ഒരു പദത്തിന്റെ വിവിധ രൂപഭേദങ്ങള്‍ ചേര്‍ന്ന യൂണിറ്റ്
- മീം(Meme) - സാംസ്കാരികമായി കൈമാറ്റം ചെയ്യപ്പെടുന്ന ആശയങ്ങളുടെ അടിസ്ഥാന യൂണിറ്റ്.
- മിഥിമം(Mytheme) - മിഥോളജിയുടെ അടിസ്ഥാന യൂണിറ്റ്.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ സ്വനിമവിജ്ഞാനം, ഡോ. കെ.എം. പ്രഭാകരവാരിയര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
- ↑ കാശികാവ്യാഖ്യാനം