ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം
ഇന്ത്യയിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുള്ളിലെ ഒരു രാഷ്ട്രീയ കക്ഷിയായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ 1934-ൽ സ്ഥാപിതമായി.
ആചാര്യ നരേന്ദ്രദേവ, ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ, അച്യുത പടവർദ്ധനൻ, യൂസഫ് മെഹർ അലി, അശോക മേത്ത, മീനു മസാനി തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കൾ.
സ്വാതന്ത്ര്യ സമരത്തിൽ
[തിരുത്തുക]ക്വിറ്റ് ഇന്ത്യാ സമരത്തിൽ സോഷ്യലിസ്റ്റ്കൾ നിർണ്ണായകപങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തരം പ്രതിപക്ഷമായി പ്രവർത്തിച്ച കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെ കോൺഗ്രസ്സിൽനിന്നു് പുറന്തള്ളുവാൻ ഗാന്ധിജിയുടെ കാലശേഷം കോൺഗ്രസ്സ് ഭരണഘടന ഭേദഗതി ചെയ്തപ്പോൾ സോഷ്യലിസ്റ്റുകൾ കോൺഗ്രസ്സ് ബന്ധം വിച്ഛേദിച്ചു് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരു് സ്വീകരിച്ചു.
പ്രവണതകൾ
[തിരുത്തുക]1953-ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുമായി ലയിച്ചു് പ്രജാ സോഷ്യലിസ്റ്റു് പാർട്ടി (പി.എസ്.പി.)യായി മാറി.
കോൺഗ്രസ്സിന്റെ 1955-ലെ ആവഡി സമ്മേളണതീരുമാനങ്ങളെ അശോക മേത്ത സ്വാഗതം ചെയ്തതിനെ വിമർശിച്ചതും തിരുക്കൊച്ചിയിലെ വെടിവയ്പിന്റെ പേരിൽ പാർട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ രാജി ആവശ്യപ്പെട്ടതും അച്ചടക്ക ലംഘനമായിക്കണ്ട് ഡോക്ടർ രാം മനോഹർ ലോഹിയയെ പ്രജാ സോഷ്യലിസ്റ്റു് പാർട്ടിയിൽ നിന്നു് പുറത്താക്കിയപ്പോൾ 1955 ഡിസംബർ 30-ആം തീയതി സോഷ്യലിസ്റ്റു് പാർട്ടി രൂപവല്ക്കരിച്ചതോടെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്നും സോഷ്യലിസ്റ്റ് പാർട്ടി എന്നുമായി രണ്ടു് പ്രവണതകൾ സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിൽ നിലവിൽ വന്നു.
ലയനം
[തിരുത്തുക]1964-ൽ സോഷ്യലിസ്റ്റു് പാർട്ടിയും പ്രജാ സോഷ്യലിസ്റ്റു് പാർട്ടിയും ലയിച്ചു് സംയുക്ത സോഷ്യലിസ്റ്റു് പാർട്ടിയായി മാറി.ലയനത്തിൽ പങ്കെടുക്കാത ഭിന്നിച്ചു് നിന്ന പ്രജാ സോഷ്യലിസ്റ്റു് പാർട്ടിവിഭാഗവും സംയുക്ത സോഷ്യലിസ്റ്റു് പാർട്ടിയും ലയിച്ചു് 1971-ൽ സോഷ്യലിസ്റ്റു് പാർട്ടി എന്ന പേരു് സ്വീകരിച്ചു.
ജനതാ യുഗം
[തിരുത്തുക]1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ജനാധിപത്യ പുനഃസ്ഥാപനത്തിനായി ലോകനായക ജയപ്രകാശ നാരായണന്റെ നിർദ്ദേശപ്രകാരം സോഷ്യലിസ്റ്റു് പാർട്ടി ഇതര പ്രതിപക്ഷ കക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന), ഭാരതീയ ലോക ദളം, ഭാരതീയ ജനസംഘം എന്നിവയുമായി ചേർന്നു് ജനതാ പാർട്ടിയായി മാറി.
ഇതും കാണുക
[തിരുത്തുക]പി.എം. കുഞ്ഞിരാമൻ നമ്പ്യാർ കെ.എ. ശിവരാമ ഭാരതി കെ.ബി. മേനോൻ മംഗലാട്ട് രാഘവൻ പൊന്നറ ശ്രീധർ പി.വി. കുര്യൻ