Jump to content

രക്തബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Blood bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രക്തദാനത്തിന്റെ ഫലമായി ശേഖരിക്കപ്പെടുന്ന രക്തം സംഭരിക്കുകയും പിന്നീട് രക്തപ്പകർച്ചയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രമാണ് രക്തബാങ്ക് എന്ന് അറിയപ്പെടുന്നത്. "രക്തബാങ്ക്" എന്ന പദം സാധാരണയായി ഒരു ആശുപത്രിയിലെ, സാധാരണയായി ഒരു ക്ലിനിക്കൽ പാത്തോളജി ലബോറട്ടറിയിൽ രക്ത ഉൽപന്നത്തിന്റെ സംഭരണം നടക്കുന്നിടത്തും രക്തപ്പകർച്ചയ്‌ക്ക് മുമ്പുള്ളതും രക്ത അനുയോജ്യത പരിശോധനയും നടക്കുന്ന ഒരു വിഭാഗത്തെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് ചിലപ്പോൾ ഒരു രക്ത ശേഖരണ കേന്ദ്രത്തെയും സൂചിപ്പിക്കാം, ചില ആശുപത്രികളും ശേഖരണം നടത്തുന്നു. രക്ത ശേഖരണം, സംസ്കരണം, പരിശോധന, വേർതിരിക്കൽ, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ബ്ലഡ് ബാങ്കിംഗിൽ ഉൾപ്പെടുന്നു.

കേരളത്തിൽ സർക്കാർ ആശുപത്രികളിൽ 42 ബ്ലഡ് ബാങ്കുകളും സ്വകാര്യ ആശുപത്രികളിൽ 142 ബ്ലഡ് ബാങ്കുകളും സഹകരണ ആശുപത്രികളിൽ 6 ബ്ലഡ് ബാങ്കുകളും പ്രവർത്തിക്കുന്നു.

രക്തപ്പകർച്ചയുടെ തരങ്ങൾ

[തിരുത്തുക]

പല തരത്തിലുള്ള രക്തപ്പകർച്ച നിലവിലുണ്ട്:

  • ഹോൾ ബ്ലഡ്, വിവിധ ഘടകങ്ങളായി മാറ്റാതെ രക്തം മുഴുവനായി രക്തപ്പകർച്ച നടത്തുന്നു.

വിളർച്ച/ഇരുമ്പിന്റെ കുറവ് ഉള്ള രോഗികൾക്ക് രക്തപ്പകർച്ചയിൽ ചുവന്ന രക്താണുക്കൾ അല്ലെങ്കിൽ പാക്ക്ഡ് സെല്ലുകൾ ഉപയോഗിക്കുന്നു. രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഇത് 2°C-6°C താപനിലയിൽ 35-45 ദിവസത്തേക്ക് സൂക്ഷിക്കാം.

  • പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവുള്ളവർക്കാണ് പ്ലേറ്റ്‌ലെറ്റ് ട്രാൻസ്ഫ്യൂഷൻ ചെയ്യുന്നത്. പ്ലേറ്റ്ലെറ്റുകൾ 5-7 ദിവസം വരെ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാം. കൂടുതൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഉള്ളതും എന്നാൽ സാധാരണയുള്ളതിനേക്കാൾ ചിലവേറിയതുമാണ് സിംഗിൾ ഡോണർ പ്ലേറ്റ്‌ലെറ്റുകൾ.
  • കരൾ തകരാറുകളോ ഗുരുതരമായ അണുബാധയോ ഗുരുതരമായ പൊള്ളലോ ഉള്ള രോഗികൾക്ക് പ്ലാസ്മ ട്രാൻസ്ഫ്യൂഷൻ നിർദ്ദേശിക്കപ്പെടുന്നു. ഫ്രഷ് ഫ്രോസൺ പ്ലാസ്മ -30°C എന്ന വളരെ കുറഞ്ഞ താപനിലയിൽ 12 മാസം വരെ സൂക്ഷിക്കാം. ദാതാവിന്റെ രക്തത്തിൽ നിന്ന് പ്ലാസ്മയെ വേർതിരിക്കുന്നതിനെ പ്ലാസ്മാഫെറെസിസ് എന്ന് വിളിക്കുന്നു.

ചരിത്രം

[തിരുത്തുക]
1914-ലെ സുരക്ഷിതവും ഫലപ്രദവുമായ ആദ്യത്തെ രക്തപ്പകർച്ചയ്ക്ക് മേൽനോട്ടം വഹിക്കുന്ന ലൂയിസ് അഗോട്ട് (വലത്തുനിന്ന് രണ്ടാമത്)

ആദ്യകാലത്ത് രക്തം കട്ടപിടിക്കുന്നതിന് മുമ്പ് ദാതാവിൽ നിന്ന് സ്വീകർത്താവിലേക്ക് നേരിട്ട് രക്തപ്പകർച്ച നടത്തുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട്, ആൻറികൊയാഗുലന്റ് ചേർത്ത് രക്തം ശീതീകരിച്ച് കുറച്ച് ദിവസത്തേക്ക് സൂക്ഷിക്കാൻ കഴിയുമെന്ന് കണ്ടെത്തി, അങ്ങനെ രക്തബാങ്കുകളുടെ വികസനത്തിന് വഴിതുറന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള രാസ രീതികൾ ആദ്യമായി പരീക്ഷിച്ചത് ജോൺ ബ്രാക്സ്റ്റൺ ഹിക്‌സാണ്. സോഡയുടെ ഫോസ്ഫേറ്റ് ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പക്ഷേ വിജയിച്ചില്ല.

നേരിട്ടല്ലാത്ത ആദ്യത്തെ രക്തപ്പകർച്ച 1914 മാർച്ച് 27 ന്, ബെൽജിയൻ ഡോക്ടർ ആൽബർട്ട് ഹസ്റ്റിൻനടത്തി. ഉപയോഗിച്ചത് രക്തത്തിന്റെ നേർപ്പിച്ച ലായനി ആയിരുന്നു. അർജന്റീനിയൻ ഡോക്ടർ ലൂയിസ് അഗോട്ട് അതേ വർഷം നവംബറിൽ അധികം നേർപ്പിക്കാത്ത ലായനി ഉപയോഗിച്ചു രക്തപ്പകർച്ച നടത്തി. ഇരുവരും സോഡിയം സിട്രേറ്റ് ഒരു ആന്റികൊയാഗുലന്റായി ഉപയോഗിച്ചു. [1]

ഒന്നാം ലോകമഹായുദ്ധം

[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധം, ദാതാവിന്റെ അഭാവത്തിൽ പരിക്കേറ്റ സൈനികർക്ക് രക്തം നൽകേണ്ടതിന്റെ ആവശ്യകതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രക്തബാങ്കുകളുടെയും രക്തപ്പകർച്ച സാങ്കേതികതകളുടെയും ദ്രുതഗതിയിലുള്ള വികസനത്തിന് ഒരു ഉത്തേജകമായി പ്രവർത്തിച്ചു.[2] റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയിലെ ഫ്രാൻസിസ് പെയ്റ്റൺ റൗസ് (അന്ന് റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ച്) രക്തപ്പകർച്ചയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിച്ചു. [2] സഹപ്രവർത്തകനായ ജോസഫ് ആർ. ടർണറുമായി ചേർന്ന് അദ്ദേഹം, കട്ടപിടിക്കുന്നത് ഒഴിവാക്കാൻ രക്തം ടൈപ്പ് ചെയ്യേണ്ടത് ആവശ്യമാണ്, രക്തസാമ്പിളുകൾ രാസ വസ്തുക്കൾ ഉപയോഗിച്ച് സംരക്ഷിക്കാം എന്നീ രണ്ട് നിർണായക കണ്ടുപിടുത്തങ്ങൾ നടത്തി 1915 മാർച്ചിലെ അവരുടെ, ജെലാറ്റിൻ, അഗർ, ബ്ലഡ് സെറം എക്സ്ട്രാക്റ്റുകൾ, അന്നജം, ബീഫ് ആൽബുമിൻ എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ പരാജയപ്പെട്ടു.[3]

1915 ജൂണിൽ, അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ, ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തസാമ്പിളുകൾ മുമ്പ് പരിശോധിച്ചാൽ അഗ്ലൂട്ടിനേഷൻ ഒഴിവാക്കാനാകുമെന്ന ആദ്യത്തെ സുപ്രധാന റിപ്പോർട്ട് അവര് നൽകി.രക്ത സാമ്പിളുകൾ നേർപ്പിക്കാൻ സോഡിയം സിട്രേറ്റ് ഉപയോഗിക്കുന്ന, ശീതീകരണവും രക്തപ്പകർച്ചയ്‌ക്കുള്ള രക്തത്തിന്റെ അനുയോജ്യതയും എളുപ്പത്തിൽ നിർണ്ണയിക്കാൻ കഴിയുന്ന വേഗമേറിയതും ലളിതവുമായ ഒരു രീതിയും അവർ വികസിപ്പിച്ചെടുത്തു. സ്വീകർത്താവിന്റെയും ദാതാവിന്റെയും രക്തം 9: 1, 1: 1 ഭാഗങ്ങളായി കലർത്തി, 15 മിനിറ്റിനുശേഷം രക്തം കട്ടപിടിക്കുകയോ വെള്ളമായി തുടരുകയോ ചെയ്യും.

ഓസ്ട്രിയൻ ഭിഷഗ്വരനായ കാൾ ലാൻഡ്‌സ്റ്റൈനർ ഒരു ദശാബ്ദത്തിനുമുമ്പ് രക്തഗ്രൂപ്പുകൾ കണ്ടെത്തിയിരുന്നുവെന്ന് റൂസിന് നന്നായി അറിയാമായിരുന്നു, പക്ഷേ അദ്ദേഹം വിവരിച്ചതുപോലെ പ്രായോഗിക ഉപയോഗം അതുവരെ വികസിപ്പിച്ചിട്ടില്ലായിരുന്നു. കുറഞ്ഞത് 1915 വരെ, രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ, രക്തപ്പകർച്ച കാര്യമായി നടന്നിട്ടില്ല. [4] 1916 ഫെബ്രുവരിയിൽ, അവർ ജേണൽ ഓഫ് എക്സ്പിരിമെന്റൽ മെഡിസിനിൽ രക്തം സംരക്ഷിക്കുന്നതിനുള്ള പ്രധാന മാർഗ്ഗം പ്രസിദ്ധീകരിച്ചു. അവർ അഡിറ്റീവായ ജെലാറ്റിന് പകരം സോഡിയം സിട്രേറ്റും ഗ്ലൂക്കോസും (ഡെക്‌സ്ട്രോസ്) ഉപയോഗിച്ചു. മനുഷ്യരക്തത്തിന്റെ 3 ഭാഗങ്ങൾ, ഐസോടോണിക് സിട്രേറ്റ് ലായനിയുടെ 2 ഭാഗങ്ങൾ (വെള്ളത്തിൽ 3.8 ശതമാനം സോഡിയം സിട്രേറ്റ്), ഐസോടോണിക് ഡെക്‌സ്ട്രോസ് ലായനിയുടെ 5 ഭാഗങ്ങൾ (വെള്ളത്തിൽ 5.4 ശതമാനം ഡെക്‌സ്ട്രോസ്) എന്നിവ ചേർത്തു 4 ആഴ്ചവരെ രക്തം കേടുകൂടാതെ ഇരിക്കുന്ന രീതി വിശദീകരിച്ചു. [5] സിട്രേറ്റ്-സക്കറോസിന്റെ (സുക്രോസ്) ഉപയോഗം രണ്ടാഴ്ചത്തേക്ക് രക്തകോശങ്ങളെ നിലനിർത്തുമെന്ന് ഒരു പ്രത്യേക റിപ്പോർട്ട് സൂചിപ്പിക്കുന്നു. [6] സംരക്ഷിത രക്തങ്ങൾ ശുദ്ധരക്തങ്ങൾ പോലെയാണെന്നും അവ "ശരീരത്തിൽ വീണ്ടും കയറ്റുമ്പോൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നും" അവർ ശ്രദ്ധിച്ചു. [5] പഞ്ചസാരയോടൊപ്പം സോഡിയം സിട്രേറ്റിന്റെ ഉപയോഗം, ചിലപ്പോൾ റൗസ്-ടർണർ ലായനി എന്നും അറിയപ്പെടുന്നു, ഇത് വിവിധ രക്ത സംരക്ഷണ മാർഗ്ഗങ്ങളുടെയും രക്തബാങ്കിന്റെയും വികാസത്തിന് വഴിയൊരുക്കിയ പ്രധാന കണ്ടെത്തലായിരുന്നു.[7][8]

കനേഡിയൻ ലെഫ്റ്റനന്റ് ലോറൻസ് ബ്രൂസ് റോബർട്ട്‌സൺ റോയൽ ആർമി മെഡിക്കൽ കോർപ്‌സിനെ (RAMC) പരിക്കേറ്റവർക്കായി കാഷ്വാലിറ്റി ക്ലിയറിംഗ് സ്റ്റേഷനുകളിൽ രക്തപ്പകർച്ച ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1915 ഒക്ടോബറിൽ, റോബർട്ട്‌സൺ തന്റെ ആദ്യത്തെ യുദ്ധകാല രക്തപ്പകർച്ച ഒന്നിലധികം മുറിവുകളുള്ള ഒരു രോഗിക്ക് നടത്തി. തുടർന്നുള്ള മാസങ്ങളിൽ നാല് രക്തപ്പകർച്ചകളിലൂടെ അദ്ദേഹം ഇത് തുടരുകയും, വിജയം മെഡിക്കൽ റിസർച്ച് കമ്മിറ്റിയുടെ ഡയറക്ടർ സർ വാൾട്ടർ മോർലി ഫ്ലെച്ചറിനെ അറിയിക്കുകയും ചെയ്തു.

നേരിട്ട് മനുഷ്യർ തമ്മിലുള്ള രക്തപ്പകർച്ചയ്ക്കായി ഉപയോഗിച്ചിരുന്ന രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യൻ സിറിഞ്ച്

റോബർട്ട്‌സൺ 1916-ൽ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ തന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു, സമാനമായ ചിന്താഗതിക്കാരായ ഏതാനും വ്യക്തികളുടെ (പ്രശസ്ത ഭിഷഗ്വരൻ എഡ്വേർഡ് വില്യം ആർക്കിബാൾഡ് ഉൾപ്പെടെ) സഹായത്തോടെ—രക്തപ്പകർച്ചയുടെ ഗുണങ്ങളെക്കുറിച്ച് ബ്രിട്ടീഷ് അധികാരികളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. 1917 ലെ വസന്തകാലത്ത് റോബർട്ട്സൺ, വെസ്റ്റേൺ ഫ്രണ്ടിലെ ഒരു കാഷ്വാലിറ്റി ക്ലിയറിംഗ് സ്റ്റേഷനിൽ ആദ്യത്തെ രക്തപ്പകർച്ച ഉപകരണം സ്ഥാപിച്ചു [9]

മെഡിക്കൽ ഗവേഷകനും അമേരിക്കൻ ആർമി ഓഫീസറുമായ ഓസ്വാൾഡ് ഹോപ്പ് റോബർട്ട്സൺ 1915 നും 1917 നും ഇടയിൽ റോക്ക്ഫെല്ലറിൽ റൂസിനൊപ്പം പ്രവർത്തിച്ച് രക്തത്തിന്റെ മാച്ചിങും സംരക്ഷണ രീതികളും പഠിച്ചു. [10] 1917-ൽ അദ്ദേഹം ആർഎഎംസി-യിൽ ചേർന്നു, അവിടെ യുദ്ധത്തിനുള്ള (തേഡ് ബാറ്റിൽ ഓഫ് യെപ്രസ്) തയ്യാറെടുപ്പിനായി സൈനികരെ ദാതാക്കളായി ഉൾപ്പെടുത്തി ആദ്യത്തെ രക്തബാങ്കുകൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. [11] അദ്ദേഹം സോഡിയം സിട്രേറ്റ് ആൻറികൊയാഗുലന്റായി ഉപയോഗിച്ചു, സിരയിലെ പഞ്ചറുകളിൽ നിന്ന് രക്തം വേർതിരിച്ചെടുത്തു, ബ്രിട്ടീഷ്, അമേരിക്കൻ കാഷ്വാലിറ്റി ക്ലിയറിംഗ് സ്റ്റേഷനുകളിൽ കുപ്പികളിൽ സൂക്ഷിച്ചു. വേർതിരിച്ച ചുവന്ന രക്താണുക്കൾ ഐസ് കുപ്പികളിൽ സൂക്ഷിക്കുന്നതും അദ്ദേഹം പരീക്ഷിച്ചു. [9] ജെഫ്രി കെയിൻസ് എന്ന ബ്രിട്ടീഷ് സർജൻ, രക്തപ്പകർച്ചകൾ കൂടുതൽ എളുപ്പത്തിൽ നടത്തുന്നതിന് രക്തം സംഭരിക്കാൻ കഴിയുന്ന ഒരു പോർട്ടബിൾ യന്ത്രം വികസിപ്പിച്ചെടുത്തു.

വിപുലീകരണം

[തിരുത്തുക]
അലക്സാണ്ടർ ബോഗ്ദാനോവ് രക്തപ്പകർച്ചയുടെ ഫലങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ 1925-ൽ മോസ്കോയിൽ ഒരു ശാസ്ത്ര സ്ഥാപനം സ്ഥാപിച്ചു.

ലോകത്തിലെ ആദ്യത്തെ രക്തദാന സേവനം 1921 ൽ ബ്രിട്ടീഷ് റെഡ് ക്രോസ് സെക്രട്ടറി പെർസി ലെയ്ൻ ഒലിവർ സ്ഥാപിച്ചു. [12] സന്നദ്ധപ്രവർത്തകരെ അവരുടെ രക്തഗ്രൂപ്പ് നിർണ്ണയിക്കുന്നതിനായി ശാരീരിക പരിശോധനകളുടെ ഒരു പരമ്പരയ്ക്ക് വിധേയരാക്കി. ലണ്ടൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് സൗജന്യവും അതിവേഗം വികസിച്ചതും ആയിരുന്നു. 1925 ആയപ്പോഴേക്കും ഇത് ഏകദേശം 500 രോഗികൾക്ക് സേവനം നൽകുകയും 1926 ൽ ബ്രിട്ടീഷ് റെഡ് ക്രോസിന്റെ ഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഷെഫീൽഡ്, മാഞ്ചസ്റ്റർ, നോർവിച്ച് എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലും സമാനമായ സംവിധാനങ്ങൾ സ്ഥാപിക്കപ്പെട്ടു, സേവനത്തിന്റെ പ്രവർത്തനം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, ബെൽജിയം, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ സമാനമായ സേവനങ്ങൾ സ്ഥാപിച്ചു. [13]

സോവിയറ്റ് യൂണിയനിലെ വ്‌ളാഡിമിർ ഷാമോവും സെർജി യുഡിനും അടുത്തിടെ മരണമടഞ്ഞ ദാതാക്കളിൽ നിന്ന് രക്തം സ്വീകരിക്കുന്നതിന് തുടക്കമിട്ടു. 1930 മാർച്ച് 23-ന് യുഡിൻ ആദ്യമായി ഇത്തരമൊരു രക്തപ്പകർച്ച വിജയകരമായി നടത്തി, സെപ്തംബറിൽ ഖാർകിവിൽ നടന്ന ഉക്രേനിയൻ സർജൻമാരുടെ നാലാമത്തെ കോൺഗ്രസിൽ മരണമടഞ്ഞ ദാതാക്കളിൽ നിന്ന് ശേഖരിച്ച രക്തം ഉപയോഗിച്ചുള്ള തന്റെ ആദ്യത്തെ ഏഴ് ക്ലിനിക്കൽ ട്രാൻസ്ഫ്യൂഷൻ റിപ്പോർട്ട് ചെയ്തു. 1930-ൽ, യുഡിൻ ലോകത്തിലെ ആദ്യത്തെ രക്തബാങ്ക് നിക്കോളായ് സ്ക്ലിഫോസോവ്സ്കി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ചു, ഇത് സോവിയറ്റ് യൂണിയന്റെ വിവിധ പ്രദേശങ്ങളിലും മറ്റ് രാജ്യങ്ങളിലും കൂടുതൽ രക്തബാങ്കുകൾ സ്ഥാപിക്കുന്നതിന് ഒരു മാതൃകയായി. 1930-കളുടെ മധ്യത്തോടെ സോവിയറ്റ് യൂണിയൻ കുറഞ്ഞത് 65 വലിയ രക്ത കേന്ദ്രങ്ങളും 500-ലധികം അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ചു, അവയെല്ലാം രക്തം സംഭരിക്കുന്നതിലും രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കയറ്റി അയയ്ക്കുന്നതിലും പ്രവർത്തിച്ചിരുന്നു.

യുദ്ധങ്ങൾക്കായി രക്തം ദാനം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടീഷ് പോസ്റ്റർ

1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഫ്രെഡറിക് ഡുറാൻ-ജോർഡ സ്ഥാപിച്ച രക്തബാങ്ക് ആണ് ആദ്യകാല രക്തബാങ്കുകളിലൊന്ന്. തുടക്കത്തിൽ ബാഴ്‌സലോണ ഹോസ്പിറ്റലിലെ ട്രാൻസ്ഫ്യൂഷൻ സേവനത്തിൽ ഡുറാൻ ചേർന്നുവെങ്കിലും, രക്തത്തിന്റെ കൂടിയ ആവശ്യവും ലഭ്യമായ ദാതാക്കളുടെ കുറവും കൊണ്ട് ആശുപത്രി താമസിയാതെ തളർന്നു. സ്പാനിഷ് റിപ്പബ്ലിക്കൻ ആർമിയുടെ ആരോഗ്യ വകുപ്പിന്റെ പിന്തുണയോടെ, പരിക്കേറ്റ സൈനികരുടെയും സാധാരണക്കാരുടെയും ഉപയോഗത്തിനായി ഡുറാൻ ഒരു രക്തബാങ്ക് സ്ഥാപിച്ചു. 300-400 മില്ലി വേർതിരിച്ചെടുത്ത രക്തം 10% സിട്രേറ്റ് ലായനിയിൽ കലർത്തി, 2 ഡിഗ്രി താപനിലയിൽ സമ്മർദ്ദത്തിൽ അടച്ച അണുവിമുക്ത ഗ്ലാസിൽ സംഭരിച്ചു. 30 മാസ കാലയളവിൽ, ബാഴ്സലോണയിലെ ട്രാൻസ്ഫ്യൂഷൻ സർവീസ് ഏകദേശം 30,000 ദാതാക്കളെ രജിസ്റ്റർ ചെയ്യുകയും 9,000 ലിറ്റർ രക്തം സംസ്കരിക്കുകയും ചെയ്തു. [14]

1937-ൽ ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹോസ്പിറ്റലിലെ തെറാപ്പിറ്റിക്സ് ഡയറക്ടർ ബെർണാഡ് ഫാന്റസ് അമേരിക്കയിലെ ആദ്യത്തെ ആശുപത്രി അധിഷ്ഠിത രക്തബാങ്കുകളിലൊന്ന് സ്ഥാപിച്ചു.[15] ദാതാവിന്റെ രക്തം ശീതീകരിച്ച് സംഭരിക്കുന്ന ഒരു ഹോസ്പിറ്റൽ ലബോറട്ടറി സൃഷ്ടിച്ച ഫാന്റസ് "ബ്ലഡ് ബാങ്ക്" എന്ന പദവും ആദ്യമായി ഉപയോഗിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ, അമേരിക്കയിലുടനീളം ആശുപത്രിയും കമ്മ്യൂണിറ്റി ബ്ലഡ് ബാങ്കുകളും സ്ഥാപിക്കപ്പെട്ടു. [16]

1938-ൽ ബ്രിട്ടനിലേക്ക് പലായനം ചെയ്ത ഫ്രെഡറിക് ഡുറാൻ-ജോർഡ, ലണ്ടനിൽ ദേശീയ രക്തബാങ്കുകളുടെ ഒരു സംവിധാനം സൃഷ്ടിക്കുന്നതിനായി ഹാമർസ്മിത്ത് ഹോസ്പിറ്റലിലെ റോയൽ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സ്കൂളിൽ ജാനറ്റ് വോണിനൊപ്പം പ്രവർത്തിച്ചു. [17] 1938-ൽ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് തോന്നിയപ്പോൾ, ലയണൽ വിറ്റ്ബിയുടെ നേതൃത്വത്തിൽ ബ്രിസ്റ്റോളിൽ വാർ ഓഫീസ് ആർമി ബ്ലഡ് സപ്ലൈ ഡിപ്പോ (എബിഎസ്ഡി) സൃഷ്ടിച്ചു. ബ്രിട്ടീഷ് നയം, സൈനികർക്ക് കേന്ദ്രീകൃത ഡിപ്പോകളിൽ നിന്ന് രക്തം വിതരണം ചെയ്യുക എന്നതായിരുന്നു. എല്ലാ ആവശ്യങ്ങളും വേണ്ടത്ര നിറവേറ്റുന്നതിൽ ബ്രിട്ടീഷ് രീതി കൂടുതൽ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടു. ഈ സംവിധാനം 1946-ൽ നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് സേവനമായി പരിണമിച്ചു. [18]

മെഡിക്കൽ പുരോഗതി

[തിരുത്തുക]
1943-ൽ സിസിലിയിൽ പരിക്കേറ്റ സൈനികന് രക്ത പ്ലാസ്മ നൽകുന്നു.

1940 ൽ യുഎസിൽ ഒരു രക്ത ശേഖരണ പരിപാടി ആരംഭിച്ചു. എഡ്വിൻ കോൺ ബ്ലഡ് ഫ്രാക്ഷനേഷൻ പ്രക്രിയയ്ക്ക് തുടക്കമിട്ടു. രക്തക്കുഴലുകളിലെ ഓസ്മോട്ടിക് മർദ്ദം നിലനിർത്തുന്നതിനും അവയുടെ തകർച്ച തടയുന്നതിനും അത്യന്താപേക്ഷിതമായ രക്ത പ്ലാസ്മയുടെ സീറം ആൽബുമിൻ അംശം വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ അദ്ദേഹം ആവിഷ്കരിച്ചു.

1918-ൽ തന്നെ ഗോർഡൻ ആർ. വാർഡ് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിന്റെ കറസ്പോണ്ടൻസ് കോളങ്ങളിൽ, മുഴുവൻ രക്തത്തിനു പകരമായും രക്തപ്പകർച്ച ആവശ്യങ്ങൾക്കുമായി ബ്ലഡ് പ്ലാസ്മ ഉപയോഗിക്കുന്നത് നിർദ്ദേശിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ബ്രിട്ടനിൽ ദ്രാവക പ്ലാസ്മ ഉപയോഗിച്ചിരുന്നു. ബ്രിട്ടനിലേക്ക് പ്ലാസ്മ കയറ്റുമതി ചെയ്യുന്നതിനായി ന്യൂയോർക്ക് നഗരത്തിലെ ആശുപത്രികളിൽ രക്തം ശേഖരിക്കുന്നതിനായി 1940 ഓഗസ്റ്റിൽ 'ബ്ലഡ് ഫോർ ബ്രിട്ടൻ' എന്നറിയപ്പെടുന്ന ഒരു വലിയ പദ്ധതി ആരംഭിച്ചു. ഉണക്കിയ പ്ലാസ്മ പാക്കേജ് വികസിപ്പിച്ചെടുത്തു, ഇത് പൊട്ടൽ കുറയ്ക്കുകയും ഗതാഗതം, പാക്കേജിംഗ്, സംഭരണം എന്നിവ വളരെ ലളിതമാക്കുകയും ചെയ്തു. [19]

രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടനിലേക്ക് കയറ്റി അയച്ച രക്ത പ്ലാസ്മയുടെ ഉത്പാദനത്തിന് ചാൾസ് ആർ ഡ്രൂ മേൽനോട്ടം വഹിച്ചു.

തത്ഫലമായുണ്ടാകുന്ന ഉണക്കിയ പ്ലാസ്മ പാക്കേജ് 400 സിസി അടങ്ങിയ രണ്ട് ടിൻ ക്യാനുകളിൽ. ഒരു കുപ്പിയിൽ മറ്റൊരു കുപ്പിയിൽ ഉണങ്ങിയ പ്ലാസ്മ പുനഃസ്ഥാപിക്കാൻ ആവശ്യമായ വെള്ളം ഉണ്ട്. ഇവ ചേർത്ത് ഏകദേശം മൂന്ന് മിനിറ്റിനുള്ളിൽ നിർമ്മിക്കുന്ന പ്ലാസ്മ ഉപയോഗത്തിന് തയ്യാറാകുകയും ഏകദേശം നാല് മണിക്കൂർ ഫ്രഷ് ആയി തുടരുകയും ചെയ്യും. [20] ചാൾസ് ആർ. ഡ്രൂവിനെ മെഡിക്കൽ സൂപ്പർവൈസറായി നിയമിച്ചു. ടെസ്റ്റ് ട്യൂബ് രീതികളെ ആദ്യത്തെ വിജയകരമായ ബഹുജന ഉൽപ്പാദന സാങ്കേതികതയിലേക്ക് മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.

1939-40-ൽ കാൾ ലാൻഡ്‌സ്റ്റൈനർ, അലക്‌സ് വീനർ, ഫിലിപ്പ് ലെവിൻ, ആർഇ സ്റ്റെറ്റ്‌സൺ എന്നിവർ Rh രക്തഗ്രൂപ്പ് സിസ്റ്റം കണ്ടെത്തിയപ്പോൾ മറ്റൊരു പ്രധാന വഴിത്തിരിവ് സംഭവിച്ചു. അന്നുവരെയുള്ള ഭൂരിഭാഗം രക്തപ്പകർച്ച പ്രതികരണങ്ങൾക്കും കാരണമായ ഒന്നായിയിരുന്നു ആർഎച്ച് പൊരുത്തക്കേടുകൾ. മൂന്ന് വർഷത്തിന് ശേഷം, ജെഎഫ് ലൂട്ടിറ്റും പാട്രിക് എൽ മോളിസണും ചേർന്ന് ആസിഡ്-സിട്രേറ്റ്-ഡെക്‌സ്ട്രോസ് (എസിഡി) ലായനി അവതരിപ്പിച്ചു, ഇത് ആൻറികൊയാഗുലന്റിന്റെ അളവ് കുറയ്ക്കുകയും കൂടുതൽ അളവിൽ രക്തപ്പകർച്ച അനുവദിക്കുകയും ദീർഘകാല സംഭരണം അനുവദിക്കുകയും ചെയ്തു.

കാൾ വാൾട്ടറും ഡബ്ല്യുപി മർഫി ജൂനിയറും ചേർന്ന് 1950-ൽ രക്തശേഖരണത്തിനായി പ്ലാസ്റ്റിക് ബാഗ് അവതരിപ്പിച്ചു. പൊട്ടിപ്പോകാവുന്ന ഗ്ലാസ് ബോട്ടിലുകൾക്ക് പകരം ഈടുനിൽക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് ഒരു യൂണിറ്റ് മുഴുവൻ രക്തത്തിൽ നിന്ന് ഒന്നിലധികം രക്ത ഘടകങ്ങൾ സുരക്ഷിതമായും എളുപ്പത്തിലും തയ്യാറാക്കാൻ കഴിവുള്ള ഒരു ശേഖരണ സംവിധാനത്തിന്റെ പരിണാമത്തിന് കാരണമായി.

സംഭരിച്ച രക്തത്തിന്റെ ഷെൽഫ് ലൈഫ് ആയുസ്സ് 42 ദിവസത്തേക്ക് നീട്ടിയത് 1979-ൽ അവതരിപ്പിച്ച സിപിഡിഎ-1 എന്ന ആന്റികൊയാഗുലന്റ് പ്രിസർവേറ്റീവാണ്, ഇത് രക്ത വിതരണം വർദ്ധിപ്പിക്കുകയും രക്തബാങ്കുകൾക്കിടയിൽ വിഭവങ്ങൾ പങ്കിടുന്നത് കാര്യക്ഷമം ആക്കുകയും ചെയ്തു. [21] [22]

ശേഖരണവും സംസ്കരണവും

[തിരുത്തുക]

യുഎസിൽ, ഓരോ രക്ത ഉൽപന്നത്തിന്റെയും ശേഖരണത്തിനും സംസ്കരണത്തിനും ചില മാനദണ്ഡങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. "ഹോൾ ബ്ലഡ്" (WB) എന്നത് പല ഘടകങ്ങളായി പ്രത്യേകമായി വേർതിരിക്കാത്ത, അംഗീകൃത പ്രിസർവേറ്റീവ് ചേർത്ത രക്തം ആണ്. രക്തപ്പകർച്ചയ്ക്കുള്ള മിക്ക രക്തവും ഹോൾ ബ്ലഡ് ആയാണ് ശേഖരിക്കുന്നത്. ചിലപ്പോൾ കൂടുതൽ മാറ്റങ്ങളില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഹോള് ബ്ലഡ് സാധാരണയായി വിവിധ ഘടകങ്ങളിലേക്ക് (സെൻട്രിഫ്യൂഗേഷൻ വഴി) വേർതിരിക്കപ്പെടുന്നു, ഇതിൽ ചുവന്ന രക്താണുക്കൾ (RBC) ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉൽപ്പന്നമാണ്. 33.8 മുതൽ 42.8 ഡിഗ്രി ഫാരൻ (1-6 ഡിഗ്രി സെൽഷ്യസ്) താപനിലയിൽ ശ്വേത രക്താണുക്കളും അരുണ രക്താണുക്കളും ശീതീകരിച്ച് സൂക്ഷിക്കുന്നു. അനുവദനീയമായ പരമാവധി സംഭരണ കാലയളവുകൾ (ഷെൽഫ് ലൈഫ്) യഥാക്രമം 35, 42 ദിവസം ആണ്. ഗ്ലിസറോൾ ഉപയോഗിച്ച് ബഫർ ചെയ്യുമ്പോൾ ആർബിസി യൂണിറ്റുകൾ മരവിപ്പിക്കാം, എന്നാൽ ഇത് ചെലവേറിയതും സമയമെടുക്കുന്നതുമായ ഒരു പ്രക്രിയയാണ്, മാത്രമല്ല ഇത് വളരെ അപൂർവമായി മാത്രമേ ചെയ്യാറുള്ളൂ. പത്ത് വർഷം വരെ കാലഹരണപ്പെടൽ തീയതി ഉള്ള ശീതീകരിച്ച ചുവന്ന രക്താണുക്കൾ −85 °F (−65 °C) -ൽ സൂക്ഷിക്കുന്നു.

സാന്ദ്രത കുറഞ്ഞ രക്ത പ്ലാസ്മ പലതരം ശീതീകരിച്ച ഘടകങ്ങളാക്കി മാറ്റുന്നു, എപ്പോൾ ശീതീകരിച്ചു, ഉൽപ്പന്നത്തിന്റെ ഉദ്ദേശിച്ച ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കി അത് വ്യത്യസ്തമായി ലേബൽ ചെയ്യുന്നു. രക്തപ്പകർച്ചയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഉടനടി മരവിപ്പിച്ച പ്ലാസ്മ സാധാരണയായി ഫ്രഷ് ഫ്രോസൺ പ്ലാസ്മ എന്ന് ലേബൽ ചെയ്യപ്പെടും. മറ്റ് പ്ലാസ്മ ഘടകങ്ങളിൽ നിന്ന് ക്രയോപ്രെസിപിറ്റേറ്റ് നിർമ്മിക്കാം. ഈ ഘടകങ്ങൾ 0 °F (−18 °C) -ൽ അല്ലെങ്കിൽ അതിൽ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കണം, സാധാരണയായി ഇത് −22 °F (−30 °C) -ൽ സൂക്ഷിക്കുന്നു. ചുവന്ന രക്താണുക്കൾക്കും പ്ലാസ്മയ്ക്കും ഇടയിലുള്ള പാളിയെ ബഫി കോട്ട് എന്ന് വിളിക്കുന്നു, അവ ചിലപ്പോൾ രക്തപ്പകർച്ചയ്ക്കായി പ്ലേറ്റ്ലെറ്റുകൾ നിർമ്മിക്കാൻ നീക്കം ചെയ്യപ്പെടുന്നു. പ്ലേറ്റ്‌ലെറ്റുകൾ സാധരണ ഊഷ്മാവിൽ ( 72 °F or 22 °C ) സൂക്ഷിക്കുന്നു, ഇതിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ശാസ്ത്രജ്ഞൻ രക്തദാന സാമ്പിളുകൾ പരിശോധനയ്ക്കായി തയ്യാറാക്കുന്നു.

ചില രക്തബാങ്കുകൾ അഫെറെസിസ് വഴിയും രക്ത ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നു. പ്ലാസ്മാഫെറെസിസ് വഴി ശേഖരിക്കപ്പെടുന്ന ഏറ്റവും സാധാരണമായ ഘടകം പ്ലാസ്മയാണ്, എന്നാൽ സമാനമായ രീതികളിലൂടെ ചുവന്ന രക്താണുക്കളും പ്ലേറ്റ്‌ലെറ്റുകളും ശേഖരിക്കാനാകും. ഈ ഉൽപ്പന്നങ്ങൾക്ക് സാധാരണയായി അവയുടെ പരമ്പരാഗതമായി ഉൽപ്പാദിപ്പിക്കുന്നവയുടെ അതേ ഷെൽഫ് ലൈഫും സ്റ്റോറേജ് അവസ്ഥയും ഉണ്ട്.

മിക്ക ശേഖരണ കേന്ദ്രങ്ങളും ബ്ലഡ് ബാങ്കുകളും രോഗികളുടെ രക്തഗ്രൂപ്പ് നിർണ്ണയിക്കുന്നതിനും അനുയോജ്യമായ രക്ത ഉൽപന്നങ്ങൾ തിരിച്ചറിയുന്നതിനുമുള്ള പരിശോധനകൾ നടത്തുന്നു, കൂടാതെ ഗുണനിലവാരം ഉറപ്പാക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ ഉള്ള ബാറ്ററി പരിശോധനകളും (ഉദാ. രോഗം) ട്രീറ്റ്മെന്റുകളും (ഉദാ: ല്യൂക്കോസൈറ്റ് ഫിൽട്ടറേഷൻ) നടത്തുന്നു. യുഎസ് ആശുപത്രികൾ അവരുടെ രക്തം വാങ്ങുന്നതിനും പരിശോധിക്കുന്നതിനും / ട്രീറ്റ് ചെയ്യുന്നതിനുമുള്ള സംയോജിത ചെലവുകളേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട സങ്കീർണതകളുടെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ്. [23]

ഇൻഡ്യയിൽ

[തിരുത്തുക]

ഇൻഡ്യയിൽ 3840 ലൈസൻസുള്ള രക്തബാങ്കുകൾ ഉണ്ട്.[24] കേരളത്തിൽ സർക്കാർ ആശുപത്രികളിൽ 42 ബ്ലഡ് ബാങ്കുകളും സ്വകാര്യ ആശുപത്രികളിൽ 142 ബ്ലഡ് ബാങ്കുകളും സഹകരണ ആശുപത്രികളിൽ 6 ബ്ലഡ് ബാങ്കുകളും പ്രവർത്തിക്കുന്നു.[25] നാഷണൽ ഹെൽത്ത് മിഷനിലൂടെ ഇന്ത്യാ ഗവൺമെന്റ്, നിലവിലുള്ളതും പുതിയതുമായ ബ്ലഡ് ബാങ്കുകൾ, ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പിന്തുണയ്ക്കുന്നു, കൂടാതെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് മുഖേന പൊതു, ജീവകാരുണ്യ മേഖലയിലെ രക്തബാങ്കുകളേയും സർക്കാർ പിന്തുണയ്ക്കുന്നു.[24] ഇന്ത്യയിൽ കന്നുകാലികള്ക്കായി രക്തബാങ്ക് സ്ഥാപിച്ച ആദ്യ സംസ്ഥാനമാണ് ഒഡീഷ.[26]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Gordon, Murray B. (1940). "Effect of External Temperature on Sedimentation Rate of Red Blood Corpuscles". Journal of the American Medical Association. 114 (16). doi:10.1001/jama.1940.02810160078030.
  2. 2.0 2.1 "The Rockefeller University Hospital Centennial – The First Blood Bank". centennial.rucares.org. The Rockefeller University. 2010. Retrieved 2022-03-18.
  3. Rous, P.; Turner, J. R. (1915-03-01). "On the preservation in vitro of living erythrocytes". Experimental Biology and Medicine (in ഇംഗ്ലീഷ്). 12 (6): 122–124. doi:10.3181/00379727-12-74. ISSN 1535-3702.
  4. Rous, P. (1947). "Karl Landsteiner. 1868-1943". Obituary Notices of Fellows of the Royal Society. 5 (15): 294–324. doi:10.1098/rsbm.1947.0002.
  5. 5.0 5.1 Rous, Peyton; Turner, J. R. (1916). "The preservation of living red blood cells in vitro : i. Methods of preservation". Journal of Experimental Medicine (in ഇംഗ്ലീഷ്). 23 (2): 219–237. doi:10.1084/jem.23.2.219. ISSN 1540-9538. PMC 2125399. PMID 19867981.
  6. Rous, Peyton; Turner, J. R. (1916). "The preservation of living red blood cells in vitro: ii. The transfusion of kept cells". Journal of Experimental Medicine (in ഇംഗ്ലീഷ്). 23 (2): 239–248. doi:10.1084/jem.23.2.239. ISSN 1540-9538. PMC 2125395. PMID 19867982.
  7. Hess, J. R. (2006). "An update on solutions for red cell storage". Vox Sanguinis. 91 (1): 13–19. doi:10.1111/j.1423-0410.2006.00778.x. ISSN 0042-9007. PMID 16756596.
  8. Hanigan, W. C.; King, S. C. (1996). "Cold blood and clinical research during World War I". Military Medicine. 161 (7): 392–400. doi:10.1093/milmed/161.7.392. ISSN 0026-4075. PMID 8754712.
  9. 9.0 9.1 Kim Pelis (2001). "Taking Credit: The Canadian Army Medical Corps and the British Conversion to Blood Transfusion in WWI". Journal of the History of Medicine and Allied Sciences. 56 (3): 238–77. doi:10.1093/jhmas/56.3.238. PMID 11552401.
  10. Stansbury, Lynn G.; Hess, John R. (2009). "Blood transfusion in World War I: the roles of Lawrence Bruce Robertson and Oswald Hope Robertson in the "most important medical advance of the war"". Transfusion Medicine Reviews. 23 (3): 232–236. doi:10.1016/j.tmrv.2009.03.007. ISSN 1532-9496. PMID 19539877.
  11. "Red Gold: the Epic Story of Blood". PBS. Archived from the original on 2015-05-10.
  12. Susan Macqueen; Elizabeth Bruce; Faith Gibson (2012). The Great Ormond Street Hospital Manual of Children's Nursing Practices. John Wiley & Sons. p. 75. ISBN 9781118274224.
  13. "Percy Oliver". Red Gold: The Eipc Story of Blood. Archived from the original on 2015-04-16.
  14. Christopher D. Hillyer (2007). Blood Banking and Transfusion Medicine: Basic Principles & Practice. Elsevier Health Sciences. ISBN 978-0443069819.
  15. Morris Fishbein, M.D., ed. (1976). "Blood Banks". The New Illustrated Medical and Health Encyclopedia. Vol. 1 (Home Library ed.). New York, N.Y.: H. S. Stuttman Co. p. 220.
  16. Kilduffe R, DeBakey M (1942). The blood bank and the technique and therapeutics of transfusion. St. Louis: The C.V.Mosby Company. pp. 196–97.
  17. Starr, D (1998). Blood: An Epic History of Medicine and Commerce. Little, Brown and company. pp. 84–87. ISBN 0-316-91146-1.
  18. Giangrande, P. L. (2001). "The History of Blood Ttansfusion". British Journal of Haematology. 110 (4): 758–67. doi:10.1046/j.1365-2141.2000.02139.x. PMID 11054057.
  19. "Office of Medical History". history.amedd.army.mil. Archived from the original on 18 December 2016. Retrieved 4 May 2018.
  20. "Office of Medical History". history.amedd.army.mil. Archived from the original on 9 June 2017. Retrieved 4 May 2018.
  21. Sugita, Yoshiki; Simon, Ernest R. (1965). "The Mechanism of Action of Adenine in Red Cell Preservation*". Journal of Clinical Investigation. 44 (4): 629–642. doi:10.1172/JCI105176. ISSN 0021-9738. PMC 292538. PMID 14278179.
  22. Simon, Ernest R.; Chapman, Robert G.; Finch, Clement A. (1962). "Adenine in Red Cell Preservation". Journal of Clinical Investigation. 41 (2): 351–359. doi:10.1172/JCI104489. ISSN 0021-9738. PMC 289233. PMID 14039291.
  23. "Estimating the cost of blood: past, present, and future directions". Best Pract Res Clin Anaesthesiol. 21 (2): 271–89. 2007. doi:10.1016/j.bpa.2007.01.002. PMID 17650777.
  24. 24.0 24.1 "Operational Blood Banks In The Country". pib.gov.in.
  25. "PRD Live - കൂടുതൽ ആശുപത്രികളിൽ ബ്ലഡ് ബാങ്കുകൾ സ്ഥാപിക്കും: മന്ത്രി".
  26. "ആരോഗ്യമാണ് മുഖ്യം, പ്രഥമ പരിഗണന".

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • കാരാ ഡബ്ല്യു. സ്വാൻസൺ, ബാങ്കിംഗ് ഓൺ ദി ബോഡി: ദി മാർക്കറ്റ് ഇൻ ബ്ലഡ്, മിൽക്ക്, ആൻഡ് സ്പേം ഇൻ മോഡേൺ അമേരിക്ക. കേംബ്രിഡ്ജ്, MA: ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രക്തബാങ്ക്&oldid=4015987" എന്ന താളിൽനിന്ന് ശേഖരിച്ചത്