ഹിസ്റ്റോപഥോളജി
ശരീരകലകൾ (ടിഷ്യൂകൾ) പരിശോധനയ്ക്കു വിധേയമാക്കി രോഗനിർണയം നടത്തുന്ന സങ്കേതമാണ് ഹിസ്റ്റോപഥോളജി. ശരീരകലകളും അതിന്റെ പ്രാഥമിക യൂണിറ്റായ കോശങ്ങളും ഒരു പ്രത്യേക രോഗാവസ്ഥയിൽ എങ്ങനെ കാണപ്പെടുന്നു എന്നാണ് ഹിസ്റ്റോപഥോളജിയിൽ വിവരിക്കുന്നത്. മൃതശരീരത്തിൽ നിന്നും ശരീരകലകൾ പരിശോദനാവിധേയമാക്കുന്നതാണ് ഓട്ടോപ്സി. പോസ്റ്റ്മാർട്ടം പരിശോധന ഈ വിഭാഗത്തിൽപ്പെടുന്നു. ജീവനുള്ള കലകൾ പരിശോധിക്കുന്നതിനു ബയോപ്സി എന്നു പറയുന്നു.
ശരീരകലകൾ സങ്കീർണമായ പക്രിയകളിലൂടെ നേരിയ ഫിലിമാക്കി, അത് ഒരു സ്ലൈഡിൽ പതിപ്പിച്ച് , വർണകവസ്തുക്കൾ കൊടുത്താണ് കോശങ്ങളുടെ പ്രത്യേകതകൾ മൈക്രോസ്കോപ്പിലൂടെ മനസ്സിലാക്കുന്നത്.ഫിക്സേഷൻ,ഡീകൽസിഫിക്കേഷൻ, എംബെഡിങ്ങ്, കട്ടിങ്ങ്, സ്ലൈഡ് നിർമ്മാണം, സ്റ്റെയ്നിങ്ങ്, മൗണ്ടിങ്, തുടങ്ങിയ വിവിധ ഘട്ടങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ഫിക്സേഷൻ (ദൃഡീകരിക്കൽ)
[തിരുത്തുക]ശരീരകലകളെ മൃതമാക്കാനും ദൃഢമാക്കാനും കോശഘടനയിൽ മാറ്റങ്ങൾ വരാതിരിക്കുവാൻ വേണ്ടിയുമാണ് ഫിക്സേഷൻ നടത്തുന്നത്. ശരീരത്തിൽ നിന്നും വേർപെടുത്തിയ ടിഷ്യു ഉടൻതന്നെ ഒരു ഫിക്സേറ്റീവിൽ നിക്ഷേപിക്കുന്നു. ഫോർമാലിൻ ലായനി, സെങ്കർ ദ്രവം, കാർനോയ് ദ്രവം, എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന ഫിക്സേറ്റീവുകൾ. അബ്സൊല്യൂട്ട് ആൽക്കഹോൾ ,അസെറ്റോൺ എന്നിവയും ഫിക്സേറ്റീവുകളായി ഉപയോഗിക്കാറുണ്ട്. ടിഷ്യൂ ഏതുതരം വർണവസ്തു ഉപയോഗിച്ച് പരിശോധനാവിധേയമാക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഫിക്സേറ്റീവ് രാസലായനി തിരഞ്ഞെടുക്കുന്നത്.