സീറോഫ്താൽമിയ
സീറോഫ്താൽമിയ | |
---|---|
സീറോഫ്താൽമിയയുടെ ഭാഗമായി ഉണ്ടാകുന്ന ബിറ്റോട്ട്സ് സ്പോട്ട്സ്. | |
ഉച്ചാരണം | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
സങ്കീർണത | അന്ധത |
അപകടസാധ്യത ഘടകങ്ങൾ | വിറ്റാമിൻ എ അപര്യാപ്തത |
കണ്ണിൽ കണ്ണുനീർ ഉൽപ്പാദനം കുറഞ്ഞ് കണ്ണ് വരണ്ട് വരുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് സീറോഫ്താൽമിയ. വിറ്റാമിൻ എ യുടെ അപര്യാപ്തതയാണ് ഈ അവസ്ഥയുടെ ഏറ്റവും പ്രധാന കാരണം. മറ്റ് പല കാരണങ്ങൾ കൊണ്ടും സീറോഫ്താൽമിയ ഉണ്ടാകാം.
കഠിനമായ വിറ്റാമിൻ എ അപര്യാപ്തത മൂലമുണ്ടാകുന്ന സീറോഫ്താൽമിയ കൺജങ്റ്റൈവയുടെയും കോർണിയയുടെയും പാത്തോളജിക്കൽ വരൾച്ചക്ക് കാരണമാകും. ആദ്യ ലക്ഷണം നിശാന്ധതയാണ്. പിന്നീട് കൺജങ്റ്റൈവ വരണ്ടതും കട്ടിയുള്ളതും ചുളിവുകളുള്ളതുമായി മാറുന്നു. രോഗം മൂർഛിക്കുന്നതിനനുസരിച്ച് ബിറ്റോട്ട്സ് സ്പോട്ടുകൾ കാണപ്പെടുന്നു. ചികിത്സിച്ചില്ലെങ്കിൽ, ഇത് കോർണിയ വ്രണത്തിനും ഒടുവിൽ കോർണിയൽ തകരാറിന്റെ ഫലമായി അന്ധതയ്ക്കും ഇടയാക്കും.
പദോൽപത്തി
[തിരുത്തുക]പുരാതന ഗ്രീക്ക് ഭാഷയിലെ വരണ്ട എന്നർഥം വരുന്ന "സീറോസ് (ξηρός)", കണ്ണ് എന്നർഥം വരുന്ന "ഒഫ്താൽമോസ് (όςαμοφθ)" എന്നീ രണ്ട് വാക്കുകളിൽ നിന്നാണ് "സീറോഫ്താൽമിയ" എന്ന പദം ഉദ്ഭവിച്ചിരിക്കുന്നത്.
കാരണം
[തിരുത്തുക]വിറ്റാമിൻ എ യുടെ അപര്യാപ്തതയാണ് ഈ അവസ്ഥയുടെ ഏറ്റവും പ്രധാന കാരണം. ഇത് സാധാരണയായി ജന്മനാ ഉണ്ടാകുന്നതല്ല. മോശം വിറ്റാമിൻ ആഗിരണം, പോഷകാഹാരക്കുറവ്, വിട്ടുമാറാത്ത മദ്യപാനം അല്ലെങ്കിൽ ചില ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന ശീലം എന്നിവ കാരണം ഭക്ഷണത്തിൽ വിറ്റാമിൻ എ യുടെ അഭാവം ഉണ്ടാകാം.
വർഗ്ഗീകരണം
[തിരുത്തുക]ലോകാരോഗ്യ സംഘടന, തുടക്കം മുതലുള്ള രോഗ ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി, താഴെ പറയുന്ന രീതിയിലാണ് സീറോഫ്താൽമിയയെ വർഗ്ഗീകരിച്ചിരിക്കുന്നത്.[1]
- XN: നിശാന്ധത
- X1A: കൺജങ്റ്റൈവൽ സീറോസിസ്
- X1B: ബിറ്റോട്ട്സ് സ്പോട്ടുകൾ
- X2: കോർണിയൽ സീറോസിസ്
- X3A: കോർണിയയുടെ മൂന്നിലൊന്നിൽ താഴെ മാത്രം ഉൾപ്പെടുന്ന കോർണിയൽ വ്രണം/കെരാട്ടോമലാസിയ
- X3B: കോർണിയയുടെ മൂന്നിലൊന്നിൽ കൂടുതൽ ഉൾപ്പെടുന്ന കോർണിയൽ വ്രണം/കെരാട്ടോമലാസിയ
- XS: സീറോഫ്താൽമിയ മൂലമുള്ള നേത്രപടല അതാര്യത
- XF: സീറോഫ്താൽമിക് ഫണ്ടസ്
പ്രതിരോധം
[തിരുത്തുക]കൃത്യമായ ഇടവേളകളിൽ വിറ്റാമിൻ എ സപ്ലിമെന്റുകൾ നൽകുന്നത് ഈ അവസ്ഥ ഉണ്ടാകുന്നത് തടയുന്നു. ലോകാരോഗ്യ സംഘടന സാർവത്രികമായി ശുപാർശ ചെയ്യുന്ന ഷെഡ്യൂൾ താഴെ കൊടുക്കുന്നു.
- 6-12 മാസം പ്രായമുള്ള ശിശുക്കൾക്കും, 8 കിലോഗ്രാമിൽ താഴെ ഭാരമുള്ള മുതിർന്ന കുട്ടികൾക്കും ഓരോ 3–6 മാസത്തിലും 100,000 IU വായിലൂടെ തുള്ളിമരുന്നായി നൽകണം.
- 1 വയസ്സ് മുതൽ 6 വയസ്സ് വരെ ഓരോ 6 മാസത്തിലും 200,000 IU വായിലൂടെ തുള്ളിമരുന്നായി നൽകണം.
- 6 മാസത്തിൽ താഴെയുള്ള മുലയൂട്ടാത്ത ശിശുക്കൾക്ക്, 6 മാസം തികയുന്നതിനുമുമ്പ് 50,000 IU വായിലൂടെ തുള്ളിമരുന്നായി നൽകണം
ചികിത്സ
[തിരുത്തുക]ചികിത്സ രണ്ട് തരത്തിൽ ഉണ്ട്, ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് ഒന്നാമത്തേത്, വിറ്റാമിൻ കുറവ് പരിഹരിക്കുക എന്നതാണ് രണ്ടാമത്തേത്. കൃത്രിമ കണ്ണുനീർ തുള്ളിമരുന്നുകളുടെ ഉപയോഗം, ഹ്യുമിഡിഫയറുകളുപയോഗിച്ച് പരിസ്ഥിതിയുടെ ഈർപ്പം വർദ്ധിപ്പിക്കുക, പുറത്ത് പോകുമ്പോൾ കണ്ണ് സംരക്ഷിക്കാനുള്ള ഗ്ലാസ് ധരിക്കുക എന്നിവയാണ് രോഗലക്ഷണങ്ങളുടെ ചികിത്സയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ അല്ലെങ്കിൽ മൾട്ടിവിറ്റമിൻ സപ്ലിമെന്റ് ഉപയോഗിച്ചോ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയോ വിറ്റാമിൻ കുറവ് പരിഹരിക്കാനാകും. രോഗം കോർണിയയെ ബാധിക്കുന്നതിന് മുൻപാണെങ്കിൽ ഇത്തരത്തിൽ വിറ്റാമിൻ സപ്ലിമെന്റുകളും കൂടാതെ/അല്ലെങ്കിൽ ഭക്ഷണവും ഉപയോഗിച്ചുള്ള ചികിത്സ വിജയകരമാകും.
എപ്പിഡെമോളജി
[തിരുത്തുക]സീറോഫ്താൽമിയ സാധാരണയായി ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്നു. വികസ്വര രാജ്യങ്ങളിൽ ഓരോ വർഷവും സീറോഫ്താൽമിയ മൂലം 20,000 മുതൽ 100,000 വരെ പുതിയ കുട്ടിക്കാല അന്ധത ഉണ്ടാകുന്നു. ആഫ്രിക്കയിലെയും തെക്കേ ഏഷ്യയിലെയും പോലെ വികസ്വര രാജ്യങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.
ഇതും കാണുക
[തിരുത്തുക]- കെരറ്റോകൺജങ്റ്റിവൈറ്റിസ്
- കെരറ്റോകൺജങ്റ്റിവൈറ്റിസ് സിക്ക
- കെരറ്റോമലേസിയ, ഇതും വിറ്റാമിൻ എ യുടെ കുറവ് മൂലം ഉണ്ടാകുന്നതാണ്.
പരാമർശങ്ങൾ
[തിരുത്തുക]- ↑ John F., Salmon (2020). "Cornea". Kanski's clinical ophthalmology : a systematic approach (9th ed.). Edinburgh: Elsevier. p. 247. ISBN 978-0-7020-7713-5. OCLC 1131846767.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- "സീറോഫ്താൽമിയയുടെ നിർവചനം." Archived 2014-01-23 at the Wayback Machine. 26 മെയ് 2003.
- ജെല്ലിഫ് ഡി.ബി. "സീറോഫ്താൽമിയ: പ്രിവൻഷൻ ഫോർ വേൾഡ് വൈഡ് ഡ്രൈവ്." ജേണൽ ഓഫ് ട്രോപ്പിക്കൽ പീഡിയാട്രിക്സ് 1980; 26: ii-iii. 4 നവംബർ 2009.
പുറം കണ്ണികൾ
[തിരുത്തുക]Classification | |
---|---|
External resources |