Jump to content

സ്ക്ലീറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sclera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ക്ലീറ
മനുഷ്യ നേത്രത്തിന്റെ രേഖാചിത്രം. ഇടതുവശത്ത് സ്ലീറ അടയാളപ്പെടുത്തിയിരിക്കുന്നു
Details
Part ofമനുഷ്യ നേത്രം
Systemവിഷ്വൽ സിസ്റ്റം
Arteryആന്റീരിയർ സീലിയറി ആർട്ടറി, ലോങ്ങ് പോസ്റ്റീരിയർ സീലിയറി ആർട്ടറി, ഷോട്ട് പോസ്റ്റീരിയർ സീലിയറി ആർട്ടറി
Identifiers
LatinSclera
MeSHD012590
TAA15.2.02.002
FMA58269
Anatomical terminology

കണ്ണിലെ വെളുത്ത നിറത്തിൽ കാണുന്ന നാരുള്ള, സംരക്ഷക പാളിയാണ് സ്ക്ലീറ. ഇതിൽ കൊളാജൻ ചില ഇലാസ്റ്റിക് ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു.[1] മനുഷ്യരിൽ, നിറമുള്ള ഐറിസിൽ നിന്ന് വ്യത്യാസപ്പെട്ട് സ്ക്ലീറ വെളുത്തനിറത്തിൽ കാണപ്പെടുന്നു, എന്നാൽ മറ്റ് സസ്തനികളിൽ സ്ക്ലീറയുടെ ദൃശ്യമായ ഭാഗം ഐറിസിന്റെ നിറവുമായി പൊരുത്തപ്പെട്ടു വരുന്നതിനാൽ വെളുത്ത ഭാഗം സാധാരണയായി എടുത്തു കാണിക്കില്ല. ഭ്രൂണത്തിന്റെ വികാസത്തിൽ, ന്യൂറൽ ക്രസ്റ്റിൽ നിന്നാണ് സ്ക്ലീറ ഉണ്ടാകുന്നത്.[2] കുട്ടികളിൽ, ഇത് കനംകുറഞ്ഞ് അടിയിലുള്ള ചില പിഗ്മെൻറുകളെ കാണിക്കുന്നതിനാൽ, മങ്ങിയ നീല നിറത്തിൽ കാണപ്പെടുന്നു. പ്രായമായവരിൽ, സ്ക്ലീറയിലെ ഫാറ്റി നിക്ഷേപം മൂലം മഞ്ഞനിറമുള്ളതായി കാണപ്പെടും. ഇരുണ്ട ചർമ്മമുള്ള പലർക്കും മെലാനിൻ പിഗ്മെന്റേഷന്റെ ഫലമായി സ്വാഭാവികമായി ഇരുണ്ട സ്ക്ലീറയുണ്ട്.

ഇളം നിറത്തിലുള്ള സ്ക്ലീറ (ഐറിസുമായി താരതമ്യപ്പെടുത്തുമ്പോൾ) ഒരു വ്യക്തിക്ക് മറ്റൊരാൾ എവിടെയാണ് നോക്കുന്നതെന്ന് തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു, ഇത് അനൌപചാരിക ആശയവിനിമയത്തിനുള്ള ഒരു രീതിയായി പരിണമിച്ചുവെന്ന് കോഓപ്പറേറ്റീവ് ഐ ഹൈപ്പോത്തിസിസ് സിദ്ധാന്തം സൂചിപ്പിക്കുന്നു.

കണ്ണിലെ കണക്റ്റീവ് ടിഷ്യു പാളിയുടെ പിൻഭാഗത്തെ അഞ്ചിലൊന്ന് സ്ക്ലീറയാണ്. ഇത് ഡ്യൂറ മേറ്റർ, കോർണിയ എന്നിവയുടെ തുടർച്ചയാണ്, ഇത് നേത്ര ഗോളത്തിന്റെ ആകൃതി നിലനിർത്തുകയും ആന്തരികവും ബാഹ്യവുമായ ശക്തികൾക്ക് പ്രതിരോധം നൽകുകയും എക്സ്ട്രാഒക്യുലർ പേശി കണ്ണിൽ പിടിച്ചു നിൽക്കുന്നതിന് ഇടം നൽകുകയും ചെയ്യുന്നു. ഒപ്റ്റിക് നാഡിയും സ്ലീറൽ ഫോറമെനിലൂടെ കടന്നുപോകുന്ന പല ഞരമ്പുകളും സ്ലീറയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്നു. ഒപ്റ്റിക് ഡിസ്കിൽ സ്ക്ലീറയുടെ മൂന്നിൽ രണ്ട് ഭാഗം ഒപ്റ്റിക് നാഡിയുടെ ഡ്യുറൽ ഷീറ്റ് വഴി ഡ്യൂറ മേറ്ററിനോട് (തലച്ചോറിന്റെ പുറം കോട്ട്) ചേരുന്നു. ഉള്ളിലെ മൂന്നാമത്തെ ഭാഗം ചില കോറോയ്ഡൽ ടിഷ്യുകളുമായി ചേർന്ന് ഒപ്റ്റിക് നാഡിക്ക് കുറുകെ ഒരു പ്ലേറ്റ് (ലാമിന ക്രിബ്രോസ) പോലെ രൂപം കൊള്ളുന്നു, അതിലൂടെ ഒപ്റ്റിക് നാരുകൾ (ഫാസിക്യുലി) കടന്നുപോകുന്നു. സ്ക്ലീറയുടെ കനം 1 മില്ലീമീറ്റർ (പിൻഭാഗത്ത്) മുതൽ  0.3 മില്ലീമീറ്റർ (റെക്ടസ് പേശി ചേരുന്നതിന് തൊട്ടുപിന്നിൽ) വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. സ്ക്ലെറയുടെ രക്തക്കുഴലുകൾ പ്രധാനമായും ഉപരിതലത്തിലാണ്. ഇത് കൺജങ്റ്റൈവയിലെയും (ഇത് സ്ക്ലീറയെ മൂടുന്ന നേർത്ത പാളിയാണ്), എപ്പിസ്ക്ലീറയിലെയും രക്ത കുഴലുകളോട് ചേർന്ന് കാണുന്നു. ഈ രക്തക്കുഴലുകൾ കണ്ണുകൾക്ക് ഇൻഫ്ലമേഷൻ ഉണ്ടാകുമ്പോൾ കടും ചുവപ്പായി മാറുന്നു.

നട്ടെല്ലുള്ള പല ജീവികളിലും, തരുണാസ്ഥിയുടെയോ മറ്റ് അസ്ഥികളുടെയോ ഫലകങ്ങൾ സ്സ്ക്ലീറയെ ശക്തിപ്പെടുത്തുന്നു, ഇവ ഒരുമിച്ചു ചേർന്നുള്ള വൃത്താകൃതിയിലുള്ള ഘടന സ്ക്ലീറോട്ടിക് റിംഗ് എന്ന് വിളിക്കുന്നു. പ്രാകൃത മത്സ്യങ്ങളിൽ, ഈ വളയത്തിൽ നാല് പ്ലേറ്റുകളാണുള്ളത്, പക്ഷേ ജീവിച്ചിരിക്കുന്ന റേ-ഫിൻ‌ഡ് മത്സ്യങ്ങളിൽ ഈ സംഖ്യ അതിലും കുറവാണ്, ലോബ്-ഫിൻ‌ഡ് മത്സ്യങ്ങൾ, വിവിധ ഉരഗങ്ങൾ, പക്ഷികൾ എന്നിവയിൽ ഇത് വളരെ കൂടുതലാണ്. ജീവിച്ചിരിക്കുന്ന ഉഭയജീവികൾ, ചില ഉരഗങ്ങൾ, മത്സ്യങ്ങൾ, എല്ലാ സസ്തനികളും ഉൾപ്പെടെ നിരവധി ഗ്രൂപ്പുകളിൽ ഈ വളയം അപ്രത്യക്ഷമായതായും കാണാം.

എല്ലാ മനുഷ്യേതര പ്രൈമേറ്റുകളുടെയും കണ്ണുകൾ ചെറുതും, ഇരുണ്ടതും തിരിച്ചറിയാൻ വിഷമമുള്ള സ്ലീറ ഉള്ളവയുമാണ്.

ഹിസ്റ്റോളജി

[തിരുത്തുക]

സ്ക്ലീറയുടെ കൊളാജൻ കോർണിയയുടെ തുടർച്ചയാണ്.

പുറം മുതൽ അകത്തേക്ക്, സ്ക്ലീറയുടെ നാല് പാളികൾ ഇവയാണ്:

  • എപ്പിസ്ക്ലീറ
  • സ്ട്രോമ
  • ലാമിന ഫുസ്ക
  • എൻഡോതീലിയം

കോർണിയൽ കൊളാജന്റെ ഏകീകൃത കനം, സമാന്തര ക്രമീകരണം എന്നിവയ്ക്ക് വിരുദ്ധമായി ടൈപ്പ് I[3] കൊളാജൻ നാരുകളുടെ സമാന്തരമല്ലാത്ത ക്രമീകരണം കാരണം സ്ക്ലീറ അതാര്യമാണ്, മാത്രമല്ല, കോർണിയയിൽ കൂടുതൽ മ്യൂക്കോപൊളിസാച്ചറൈഡ് (ഒരു കാർബോഹൈഡ്രേറ്റ്) അടങ്ങിയിരിക്കുന്നു.

സ്ക്ലീറയിൽ നിന്ന് വ്യത്യസ്തമായി കോർണിയയ്ക്ക് അഞ്ച് പാളികളുണ്ട്. മധ്യത്തിലെ കട്ടിയുള്ള പാളിയെ സ്ട്രോമ എന്നു തന്നെ വിളിക്കുന്നു. കോർണിയ പോലെ സ്ക്ലീറയിലും ഒരു ബേസൽ എൻ‌ഡോതീലിയം അടങ്ങിയിരിക്കുന്നു, അതിന് മുകളിൽ ലാമിന ഫ്യൂസ്കയുണ്ട്, അതിൽ ഉയർന്ന അളവിലുള്ള പിഗ്മെന്റ് സെല്ലുകൾ അടങ്ങിയിരിക്കുന്നു.[4]

ചിലപ്പോൾ, വളരെ ചെറിയ ചാര-നീല പാടുകൾ സ്ക്ലീറയിൽ പ്രത്യക്ഷപ്പെടാം, ഇത് സ്ക്ലീറൽ മെലനോസൈറ്റോസിസ് എന്ന അപകടരഹിത അവസ്ഥയാണ്.

പ്രവർത്തനം

[തിരുത്തുക]

മനുഷ്യന്റെ കണ്ണുകൾ മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്ഥമാണ്. കാരണം മനുഷ്യരിൽ കണ്ണ് തുറക്കുമ്പോഴെല്ലാം സ്ക്ലീറ വളരെ വ്യക്തമായി കാണാം. ഇത് മനുഷ്യ സ്ക്ലീറയുടെ വെളുത്ത നിറം മൂലം മാത്രമല്ല, മനുഷ്യ ഐറിസ് താരതമ്യേന ചെറുതും മറ്റ് മൃഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കണ്ണിന്റെ ഉപരിതലത്തിൽ വളരെ ചെറിയ ഭാഗം ഉൾക്കൊള്ളുന്നതും ആണെന്നതിനാലാണ്. കണ്ണ് ഒരു സെൻസറി അവയവത്തിനുപുറമെ ഉപയോഗപ്രദമായ ആശയവിനിമയ ഉപകരണമായി മാറിയതിനാൽ നമ്മുടെ സാമൂഹിക സ്വഭാവം കാരണം ഇങ്ങനെയൊരു പരിണാമം സംഭവിച്ചു എന്നു പഠനങ്ങളുണ്ട്. മനുഷ്യന്റെ കണ്ണിലെ വെളുത്ത സ്ക്ലീറ ഒരു വ്യക്തിക്ക് മറ്റൊരാൾ എവിടെയാണ് നോക്കുന്നതെന്ന് തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു, ഇത് അനൗപചാരിക ആശയവിനിമയത്തിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നു.[5] മൃഗങ്ങളെ വളർത്തുന്ന വേളയിൽ, നായ്ക്കൾ മനുഷ്യരുടെ കണ്ണിൽ നിന്ന് ദൃശ്യ സൂചകങ്ങൾ [6] എടുക്കുന്നതിനുള്ള കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മൃഗ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ നായ്ക്കൾ പരസ്പരം ഈ രീതിയിലുള്ള ആശയവിനിമയം ഉപയോഗിക്കുന്നതായി തോന്നുന്നില്ല.

പരിക്ക്

[തിരുത്തുക]

മനുഷ്യരുടെ കണ്ണിലെ അസ്ഥികൾ കൊണ്ടുള്ള കുഴിഞ്ഞ ഭാഗം സ്ക്ലീറക്ക് സംരക്ഷണം നൽകുന്നു. എന്നിരുന്നാലും, ഒരു മൂർച്ചയുള്ള ഒരു വസ്തു സ്ക്ലീറയിൽ തുളച്ചുകയറുകയോ മറ്റോ ചെയ്താൽ കാഴ്ച പൂർണ്ണമായി തിരിച്ചുകിട്ടാനുള്ള സാധ്യത കുറയും. കണ്ണ് യഥാർത്ഥത്തിൽ വളരെ ഇലാസ്റ്റിക് ആണ് എന്നതിനാൽ മർദ്ദം സാവധാനം പ്രയോഗിക്കുകയാണെങ്കിൽ പ്രശ്നം ഉണ്ടാകില്ല. ഓർബിറ്റിലെ കൊഴുപ്പ് സ്ക്ലീറയെ തലയിൽ ഏൽക്കുന്ന ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു, എന്നാൽ വശത്ത് നിന്ന് കണ്ണിൽ അടിക്കുന്ന വസ്തുക്കളിൽ നിന്നുള്ള കേടുപാടുകൾ ഇത് തടയുന്നില്ല. സ്ക്ലീറയ്ക്ക് ക്ഷതം ഏൽക്കുമ്പോൾ, രക്‌ത ശ്രാവവും ഇൻട്രാഒക്യുലർ മർദ്ദത്തിൽ ഇടിവും സാധാരണമാണ്, ഒപ്പം പ്രകാശത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ കൈ ചലനങ്ങൾ തിരിച്ചറിയുന്നതിലേക്ക് മാത്രമായി കാഴ്ച കുറയുകയും ചെയ്യാം. സ്ക്ലീറയെ തുളച്ചുകയറാത്ത ചെറിയ വസ്തുക്കൾ നീക്കം മാത്രം മതി. ചിലപ്പോൽ സ്ക്ലീറയിൽ തറയ്ക്കുന്ന വസ്തുക്കൾ എടുത്തുകളയാതിരുന്നാൽ പിന്നീട് ക്രമേണ അവയ്ക്ക് ബെനിഗ്ന് സിസ്റ്റ് മൂടി, ഇത് മറ്റ് പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടാകാത്ത അവസ്ഥയിലേക്ക് മാറാം.

താപ ആഘാതം

[തിരുത്തുക]

ചെറിയ തോതിൽ ചൂട് ഏൽക്കുന്നതിലൂടെ സ്ക്ലീറയ്ക്ക് അപൂർവമായേ കേടുപാടുകൾ സംഭവിക്കുന്നുള്ളൂ. കൺപോളകൾ സംരക്ഷണം നൽകുന്നതിനാലും, സ്ക്ലീറ നനഞ്ഞ ടിഷ്യുവിന്റെ പാളികളിൽ പൊതിഞ്ഞിരിക്കുന്നതിനാലും (ടിഷ്യൂകൾക്ക് താപത്തിന്റെ ഭൂരിഭാഗവും ആഗീരണം ചെയ്ത് നീരാവിയായി മാറും). കുറഞ്ഞ താപനിലയിൽ ഉരുകിയ ലോഹങ്ങൾ തുറന്ന കണ്ണിനു നേരെ തെറിക്കുമ്പോൾ സ്ലീറയ്ക്ക് കുറഞ്ഞ അളവിൽ കേടുപാടുകൾ വരുത്തുമെന്ന് തെളിഞ്ഞിട്ടുണ്ട്. 45 °C (113 °F) മുകളിലുള്ള താപനിലയിൽ 30 സെക്കൻഡിനു മുകളിൽ ഏറ്റാൽ വടുക്കൾ ഉണ്ടാകാൻ തുടങ്ങും, 55 °C (131 °F) ന് മുകളിൽ താപം സ്ക്ലീറയിലും ചുറ്റുമുള്ള ടിഷ്യുവിലും അങ്ങേയറ്റം മാറ്റങ്ങൾ വരുത്തും. വ്യാവസായിക സാഹചര്യങ്ങളിൽ പോലും അത്തരം നീണ്ട എക്‌സ്‌പോഷറുകൾ സാധാരണ ഉണ്ടാവാറില്ല.[7]

രാസ പരിക്ക്

[തിരുത്തുക]

വിഷ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതിൽ നിന്ന് ഉണ്ടാകുന്ന പരിക്കിനെ സ്ലീറ വളരെയേറെ പ്രതിരോധിക്കും. കെമിക്കൽ എക്‌സ്‌പോഷറിന്റെ ആരംഭത്തിൽ കണ്ണീരിന്റെ റിഫ്ലെക്‌സിവ് ഉത്പാദനം മൂലം ഇത്തരം രാസവസ്തുക്കൾ വേഗത്തിൽ കഴുകി കളയുകയും കൂടുതൽ ദോഷങ്ങൾ തടയുകയും ചെയ്യുന്നു. 2.5 ൽ താഴെയുള്ള പി‌എച്ച് ഉള്ള ആസിഡുകളാണ് ഏറ്റവും പ്രശ്നമുണ്ടാക്കുന്നത്. ഏറ്റവും അപകടകരമായ സൾഫ്യൂറിക് ആസിഡ്, കാർ ബാറ്ററികളിൽ അടങ്ങിയിരിക്കുന്നതും അതിനാൽ സാധാരണയായി ലഭ്യവുമാണ്, ചെറിയ ആസിഡ് പൊള്ളൽ പോലും ചിലപ്പോൾ കണ്ണുകളോ കാഴ്ചയോ നഷ്‌ടപ്പെടാൻ ഇടയാക്കും.[7]

11.5 ന് മുകളിലുള്ള പി.എച്ച് ഉള്ള അമോണിയം ഹൈഡ്രോക്സൈഡ് അല്ലെങ്കിൽ അമോണിയം ക്ലോറൈഡ് അല്ലെങ്കിൽ മറ്റ് രാസവസ്തുക്കൾ എന്നിവ എക്സ്പോഷർ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ക്ഷാര പൊള്ളൽ, സ്ക്ലീറയിൽ സെല്ലുലാർ ടിഷ്യു സാപ്പോണിഫിക്കേഷന് കാരണമാകും, ഇത് അടിയന്തിര ചികിത്സ ആവശ്യമായ മെഡിക്കൽ അത്യാഹിതങ്ങളായി കണക്കാക്കണം.[7]

ക്ലിനിക്കൽ പ്രാധാന്യം

[തിരുത്തുക]

സ്ക്ലീറയുടെ മഞ്ഞനിറം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. വളരെ അപൂർവവും എന്നാൽ കഠിനവുമായ വൃക്ക തകരാറുകൾ, കരൾ തകരാറുകൾ എന്നിവയിൽ, സ്ക്ലീറ കറുത്തതായി മാറിയേക്കാം. ഓസ്റ്റിയോജനിസിസ് ഇംപെർഫെക്റ്റ കേസുകളിൽ, സ്ക്ലീറയ്ക്ക് നീല നിറം ഉള്ളതായി തോന്നാം. സ്ക്ലീറക്ക് അടിയിലുള്ള യുവിയൽ ട്രാക്റ്റ് (കോറോയിഡ്, റെറ്റിന പിഗ്മെന്റ് എപിത്തീലിയം) തെളിഞ്ഞ് വരുന്നതിനാലാണ് നീല നിറം ഉണ്ടാകുന്നത്.

ഇതും കാണുക

[തിരുത്തുക]
  • എക്സ്ട്രാഒക്യുലർ ഇംപ്ലാന്റ്
  • സ്ക്ലീറൽ ടാറ്റൂ

പരാമർശങ്ങൾ

[തിരുത്തുക]
  1. Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.
  2. Hermann D. Schubert. Anatomy of the Orbit "New York Eye and Ear Infirmary of Mount Sinai - New York City - NYEE" (PDF). Archived from the original (PDF) on 2008-10-08. Retrieved 2008-05-19.
  3. Keeley, FW; Morin, JD; Vesely, S (November 1984). "Characterization of collagen from normal human sclera". Experimental Eye Research. 39 (5): 533–42. doi:10.1016/0014-4835(84)90053-8. PMID 6519194.
  4. "eye, human."Encyclopædia Britannica from Encyclopædia Britannica 2006 Ultimate Reference Suite DVD 2009
  5. Michael Tomasello, Brian Hare, Hagen Lehmann, Josep Call. "Reliance on head versus eyes in the gaze following of great apes and human infants: the cooperative eye hypothesis" http://www.chrisknight.co.uk/wp-content/uploads/2008/06/eyes-cooperation.pdf
  6. "The Secret Life of the Dog". Director and Producer: Dan Child, Executive Producer: Andrew Kohen. Horizon. BBC. BBC2. 2010-01-06.
  7. 7.0 7.1 7.2 Peter G Watson (11 April 2012). "Chapter 9". The Sclera and Systemic Disorders. JP Medical Ltd. p. 293. ISBN 978-1-907816-07-9.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്ക്ലീറ&oldid=3921449" എന്ന താളിൽനിന്ന് ശേഖരിച്ചത്