സിയെനായിലെ കത്രീന
സിയെനായിലെ വിശുദ്ധ കത്രീന | |
---|---|
കന്യക; വേദപാരംഗത | |
ജനനം | സിയന്ന, ഇറ്റലി | മാർച്ച് 25, 1347
മരണം | ഏപ്രിൽ 29, 1380 റോം, ഇറ്റലി | (പ്രായം 33)
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ; ആംഗ്ലിക്കൻ കൂട്ടായ്മ; ലൂഥറൻ സഭ |
നാമകരണം | 1461, by പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ |
ഓർമ്മത്തിരുന്നാൾ | April 29; April 30 (Roman Calendar, 1628–1960) |
പ്രതീകം/ചിഹ്നം | Dominican tertiaries' habit, lily, book, crucifix, heart, crown of thorns, stigmata, ring, dove, rose, skull, miniature church, miniature ship bearing Papal coat of arms |
മദ്ധ്യസ്ഥം | against fire, bodily ills, diocese of Allentown, Pennsylvania, USA, Europe, firefighters, illness, Italy, miscarriages, people ridiculed for their piety, sexual temptation, sick people, sickness, nurses |
പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന (17 മാർച്ച് 1347 – 29 ഏപ്രിൽ 1380) ഒരു ക്രിസ്തീയ യോഗിനിയും ഡോമിനിക്കൻ മൂന്നാം സഭാംഗവും ആയിരുന്നു സിയെനായിലെ കത്രീന. കത്തോലിക്കാ സഭ അവരെ വിശുദ്ധയും വേദപാരംഗതയും ആയി അംഗീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് ചക്രവർത്തിമാരുടെ സ്വാധീനത്തിൽ മാർപ്പാപ്പാമാരുടെ ആസ്ഥാനം റോമിൽ നിന്ന് ഫ്രാൻസിലെ അവിഞ്ഞോണിലേയ്ക്ക് മാറ്റിയതിനെത്തുടർന്ന്ഉണ്ടായ ജീർണ്ണതയുടേയും അസ്ഥിരതയുടേയും കാലമായിരുന്നു അവരുടെ ജീവിതത്തിന്റെ പശ്ചാത്തലം. റോമിനെ വീണ്ടും മാർപ്പാപ്പായുടെ ആസ്ഥാനമാക്കാനുള്ള കത്രീനയുടെ അക്ഷീണയത്നം, അവരുടെ ജീവിതകാലത്തു തന്നെ ഫലം കണ്ടെങ്കിലും ആ വിജയത്തെ തുടർന്നുണ്ടായ 'പാശ്ചാത്യശീശ്മ' (Western Schism) നിലനിൽക്കെയാണ് അവർ മരിച്ചത്. ഇറ്റലിയിലെ നഗരരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കുന്നതും അവർ ജീവിതദൗത്യമാക്കിയിരുന്നു. ഇറ്റലിയുടെ മദ്ധ്യസ്ഥയായ വിശുദ്ധയും കൂടിയാണ് കത്രീന.
ജീവിതം
[തിരുത്തുക]ബാല്യം
[തിരുത്തുക]ഇറ്റലിയിലെ സിയെനായിൽ ഗിയകോമോ ഡി ബെനിൻകാസാ എന്ന വസ്ത്രം നിറംകൂട്ടുകാരന്റേയും അദ്ദേഹത്തിന്റെ പത്നി ലാപാ പിയാജെന്റിയുടേയും ഇരുപത്തിമൂന്നു മക്കളിൽ അവസാനത്തേതായ ഇരട്ടകളിൽ ഒന്നായി 1347-ലെ മംഗലവാർത്താ തിരുനാളിൽ(മാർച്ച് 25) ആണ് കത്രീന ജനിച്ചത്. അവൾക്കൊപ്പം ജനിച്ച ഇരട്ടശിശു ജീവിച്ചിരുന്നില്ല.[1] പിതാവിന്റെ സ്വാധീനത്തിൽ കുടുംബത്തിലെ അന്തരീക്ഷം ഏറെ മതാത്മകമായിരുന്നു. ചെറുബാല്യത്തിൽ തന്നെ കത്രീന ക്രിസ്തുവിനെ ലക്ഷ്യമാക്കിയുള്ള ജീവിതത്തിന് ഉറച്ചു. ആറുവയസ്സുള്ളപ്പോൾ തനിക്ക് ഒരു ദൈവികദർശനമുണ്ടായെന്ന് അവർക്കു തോന്നി. ഏഴാമത്തെ വയസ്സിൽ അവർ കന്യാജീവിതത്തിന് മനസ്സിൽ ഉറച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ മാതാപിതാക്കൾ അവരെ വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിച്ചെങ്കിലും താൻ ക്രിസ്തുവിന്റെ വധുവാകാൻ സമ്മതിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കത്രീന അതിൽ നിന്നൊഴിഞ്ഞു. എന്നാൽ അവർ ഏതെങ്കിലും ആശ്രമത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കാതിരുന്നതിനാൽ വീട്ടിൽ തന്നെ ഒരു മുറിയിൽ കഴിഞ്ഞു. മൂന്നു വർഷം അവിടെ ഏകാന്തധ്യാനത്തിലും തപസ്സിലും ആത്മീയസംഘർഷങ്ങളിലും ചെലവഴിച്ചു.[2]
പൊതുജീവിതത്തിലേയ്ക്ക്
[തിരുത്തുക]1366-നടുത്ത് കത്രീനയ്ക്ക് "യേശുവുമായുള്ള യോഗാത്മവിവാഹം" (Mystical Marriage) എന്ന് തന്റെ കത്തുകളിൽ അവർ വിവരിക്കുന്ന അനുഭവമുണ്ടായി. ഏകാന്തജീവിതം ഉപേക്ഷിച്ച് ലോകത്തിലേക്കിറങ്ങി പൊതുജീവിതം സ്വീകരിക്കാൻ അപ്പോൾ യേശു അവരോടാവശ്യപ്പെട്ടതായി കത്രീനയുടെ ജീവചരിത്രകാരൻ കപൂവായിലെ റെയ്‌മണ്ട് രേഖപ്പെടുത്തിയിരിക്കുന്നു. തുടർന്ന് രോഗികളേയും അഗതികളേയും ആശുപത്രികളിലും ആതുരാലയങ്ങളിലും സഹായിക്കുന്നതിൽ അവർ ഏറെ സമയം ചെലവഴിച്ചു. യൂറോപ്പിനെ അലട്ടി "കറുത്ത മരണം"(Black Death) എന്ന കുപ്രസിദ്ധി നേടിയ പ്ലേഗ് ബാധ അക്കാലത്ത് സിയെനായിലും എത്തിയപ്പോൾ രോഗബാധിതരെ സഹായിച്ച് കത്രീന ഒപ്പം കഴിഞ്ഞു. മരണത്തിനു വിധിക്കപ്പെട്ട കുറ്റവാളികളെ സന്ദർശിച്ച അവർ, അവർക്ക് അവസാനനിമിഷങ്ങളിൽ ആത്മീയസാന്ത്വനം പകർന്നു. വസൂരിരോഗം അവശേഷിപ്പിച്ച കലകൾ ഉണ്ടായിരുന്നതെങ്കിലും അവരുടെ മുഖം കാണുന്നവർക്കെല്ലാം അനുഗ്രമായി.[3] കത്രീനയ്ക്ക് രോഗശാന്തിവരമുണ്ടെന്ന കേൾവിയും അക്കാലത്ത് പരന്നു.[2] സിയെനായിലെ ഈ സുകൃതജീവിതം ഒരുപറ്റം സ്ത്രീപുരുഷന്മാരെ അവരുടെ അനുയായികളാക്കി. കത്രീനയിൽ പാഷണ്ഡതയുണ്ടോ എന്നു സംശയിച്ച ഡോമിനിക്കൻ സന്യാസസഭ അവരെ 1374-ൽ ഫ്ലോറൻസിൽ വരുത്തി ചോദ്യം ചെയ്യുന്നതിനും അത് കാരണമായി. ഈ സന്ദർശനത്തിൽ അവരെക്കുറിച്ചുള്ള സംശയം നീങ്ങിയ സന്യാസസഭ കത്രീനയെ വെറുതേ വിട്ടു. തുടർന്ന്, പൗരോഹിത്യത്തിന്റെ നവീകരണത്തിനും ദൈവസ്നേഹത്തിൽ നിന്നു ജനിക്കുന്ന മാനസാന്തരം വഴിയുള്ള ആത്മീയനവോത്ഥാനത്തിനും ഉള്ള ആഹ്വാനവുമായി അവർ അനുയായികൾക്കൊപ്പം ഇറ്റലിയുടെ ഉത്തര-മദ്ധ്യഭാഗങ്ങൾ ചുറ്റിക്കറങ്ങി.[4]
രചനകൾ
[തിരുത്തുക]തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് കത്രീന തെരഞ്ഞെടുത്ത മാർഗ്ഗം അനുയായികൾക്കൊപ്പമുള്ള യാത്രകൾ മാത്രമായിരുന്നില്ല. 1370-കളിൽ അവർ തന്റെ ചുറ്റുവട്ടത്തിലുള്ള ആളുകൾക്ക് കത്തുകളെഴുതാൻ തുടങ്ങി. ക്രമേണ ഈ കത്തിടപാടിന്റെ മേഖല വികസിക്കാൻ തുടങ്ങി. ഇറ്റലിയിലെ നഗരരാഷ്ട്രങ്ങൾക്കിടയിലുള്ള ശാന്തിക്കും റോമിനെ വീണ്ടും മാർപ്പാപ്പാമാരുടെ ആസ്ഥാനമാക്കുന്നതിനും വേണ്ടിയുള്ള യാചനകളടങ്ങിയ അവരുടെ കത്തുകൾ രാഷ്ട്ര-സഭാനേതൃത്വങ്ങളിലുള്ള ഉന്നതന്മാരെ ലക്ഷ്യമാക്കിയായിരുന്നു. ഗ്രിഗോറിയോസ് പതിനൊന്നാമൻ മാർപ്പാപ്പയുമായി ദീർഘമായ കത്തിടപാടുകൾ നടത്തിയ കത്രീന അദ്ദേഹത്തോട്, പുരോഹിതന്മാർക്കിടയിൽ നവീകരണം വരുത്താനും മാർപ്പാപ്പയുടെ കീഴിലുള്ള ഇറ്റലിയിലെ ഭരണസംവിധാനത്തെ ശുദ്ധീകരിക്കാനും അഭ്യർത്ഥിച്ചു.
കത്രീനയുടെ കത്തുകൾ ആദ്യകാല ടസ്കൻ സാഹിത്യത്തിലെ മഹത്തായ രചനകളായി കണക്കാക്കപ്പെടുന്നു. മുന്നൂറോളം കത്തുകൾ പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്. മാർപ്പാപ്പയ്ക്കെഴുതിയ കത്തുകളിൽ അവർ അദ്ദേഹത്തെ 'പാപ്പാ' എന്നും ഇറ്റാലിയൻ ഭാഷയിൽ അച്ഛൻ എന്ന് അർത്ഥം വരുമാറ് 'ബബ്ബൂ' എന്നുമാണ് സംബോധന ചെയ്തിരുന്നത്. ജീവചരിത്രകാരൻ കപുവായിലെ റെയ്‌മണ്ട്, ഫ്രാൻസിലേയും ഹംഗറിയിലേയും രാജാക്കന്മാർ, കുപ്രസിദ്ധിനേടിയ കൂലിപ്പട്ടാളക്കാരൻ ജോൺ ഹോക്ക്‌വുഡ്, ഇറ്റലിയിൽ നേപ്പിൾസിലെ രാജ്ഞി, മിലാനിലെ വിസ്ക്കോണ്ടി കുടുംബത്തിലെ അംഗങ്ങൾ, ഒട്ടേറെ മതനേതാക്കന്മാർ എന്നിവർക്കും അവർ കത്തുകളെഴുതി. മൂന്നിലൊന്നോളം കത്തുകൾ സ്ത്രീകൾക്കെഴുതിയവയാണ്.
"ദൈവപരിപാലനയുടെ സംവാദം" എന്നപേരിൽ ഒരു രചനയും കത്രീനയുടേതായുണ്ട്. ദൈവത്തിലേയ്ക്കുയരുന്ന മനുഷ്യാത്മാവും ദൈവവുമായുള്ള സംഭാഷണത്തിന്റെ രൂപത്തിൽ എഴുതപ്പെട്ട അത് 1377-78 കാലത്ത് കത്രീനയുടെ അനുയായികൾ രേഖപ്പെടുത്തി വച്ചതാണ്. ഡാന്റെയുടെ ഡിവൈൻ കോമഡിയുടെ "യോഗാത്മഭാഷ്യം"(mystical counterpart) എന്ന് ആ കൃതി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[5] എഴുത്തുകാരിയെന്ന നിലയിൽ, അവരുടെ തന്നെ നാട്ടുകാരായ ഡാന്റെയോടും പെട്രാർക്കിനോടും പോലും താരതമ്യപ്പെടുത്തപ്പെട്ടിട്ടുള്ള[1] കത്രീന നിരക്ഷരയായി പരിഗണിക്കപ്പെടാറുണ്ടെങ്കിലും ജീവചരിത്രകാരൻ കപുവായിലെ റെയ്‌മണ്ട്, അവർക്ക് ലത്തീൻ, ഇറ്റാലിയൻ ഭാഷകൾ വായിക്കാനാകുമായിരുന്നെന്ന് പറഞ്ഞിട്ടുണ്ട്. അവർക്ക് എഴുത്ത് വശമുണ്ടായിരുന്നെന്ന് കത്രീനയുടെ പുകഴ്ചകൾ എഴുതിയ തൊമാസ്സോ കഫാറീനിയും അവകാശപ്പെട്ടിട്ടുണ്ട്. നിരക്ഷരയായിരുന്ന അവർ 1377-ൽ അത്ഭുതകരമായി എഴുതാൻ പഠിച്ചു എന്ന അവകാശവാദവും ഉണ്ട്.[5]
അനുരഞ്ജക
[തിരുത്തുക]1376 ജൂണിൽ മാർപ്പാപ്പയുടെ കീഴിലുള്ള പ്രദേശങ്ങളുമായി സമാധാനം ഉണ്ടാക്കാനുള്ള ഫ്ലോറൻസിന്റെ ദൗത്യവുമായി അവർ അവിഞ്ഞോണിൽ മാർപ്പാപ്പയുടെ അടുത്തേയ്ക്ക് പോയെങ്കിലും വിജയിച്ചില്ല. റോമിലേയ്ക്ക് മടങ്ങാൻ ഗ്രിഗോറിയോസ് പതിനൊന്നാമൻ മാർപ്പാപ്പയെ സമ്മതിപ്പിക്കാനും അവർ ശ്രമിച്ചു.[4] 1377 ജനുവരിയിൽ കത്രീനയുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച ഗ്രിഗോറിയോസ് തന്റെ ഭരണകേന്ദ്രം റോമിലേയ്ക്ക് മാറ്റി. എന്നാൽ ഗ്രിഗോറിയോസിന്റെ മരണശേഷം റോമിൽ തെരഞ്ഞെടുക്കപ്പെട്ട ഇറ്റലി സ്വദേശി ഉർബൻ ആറാമനു പുറമേ, അവിഞ്ഞോണിൽ ഫ്രെഞ്ചുകാരൻ ക്ലെമന്റ് ഏഴാമൻ എന്ന വിരുദ്ധ-മാർപ്പാപ്പ(anti-Pope) കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെയുണ്ടായ പാശ്ചാത്യഛിദ്രത്തിലാണ്(Western Schism) ഇത് കലാശിച്ചത്. ഈ തർക്കത്തിൽ കത്രീന ഉർബൻ ആറാമനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് റോമിലെത്തിയ അവർ അവിടെ താമസമാക്കുകയും റോമിലെ മാർപ്പാപ്പയെ അംഗീകരിക്കുവാൻ ജനനേതാക്കളേയും കർദ്ദിനാളന്മാരേയും സമ്മതിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്തു. എന്നാൽ 1380-ലെ മരണം വരെ പാശ്ചാത്യഛിദ്രം കത്രീനയെ വ്യസനിപ്പിച്ചു.[ക] [ഖ]
മരണം, സംസ്കാരം
[തിരുത്തുക]താൻ ഏറ്റെടുത്തിരുന്ന തപശ്ചര്യകൾ കൂടുതൽ കഠിനമാക്കാൻ സഭയിലെ ഛിദ്രം കത്രീനയെ പ്രേരിപ്പിച്ചു. ഭക്ഷണം കഴിക്കുന്നത് അവർ പേരിനുമാത്രമാക്കി. ഒടുവിൽ വിശുദ്ധകുർബ്ബാനയുടെ ഓസ്തി മാത്രമായിരുന്നു ഏകപോഷണം എന്നുപോലും പറയപ്പെടുന്നു. സഭയിലെ ഛിദ്രം, ജീവിക്കാനുള്ള അവരുടെ ഇച്ഛ നശിപ്പിച്ചു.[3] ഛിദ്രം തുടങ്ങി രണ്ടുവർഷം കഴിഞ്ഞ്, 1380-ലെ വസന്തകാലത്ത് റോമിൽ ഹൃദയാഘാതം മൂലം 33-ആമത്തെ വയസ്സിൽ കത്രീന മരിച്ചു. സിയെനായിലെ ജനങ്ങൾ അവരുടെ ശരീരം തങ്ങളുടെ നഗരത്തിൽ സംസ്കരിക്കപ്പെടണം എന്നാഗ്രഹിച്ചു. അവരുടെ ആഗ്രഹം ഭാഗികമായെങ്കിലും സഫലമായതെങ്ങനെയെന്ന് വിവരിക്കുന്ന ഒരു കഥയുണ്ട്: മുഴുവൻ ശരീരവും റോമിൽ നിന്ന് ഒളിച്ചുകൊണ്ടുപോവുക അസാദ്ധ്യമാണെന്നറിഞ്ഞിരുന്ന സിയെനാക്കാർ അവരുടെ തലമാത്രം ഒരു സഞ്ചിയിലാക്കി കൊണ്ടുപോയി. റോമിലെ നഗരപാലകർ പരിശോധനയ്ക്കായി തുറന്നുനോക്കിയപ്പോൾ സഞ്ചിയിൽ തലയുടെ സ്ഥാനത്ത് നിറയെ റോസാദളങ്ങൾ മാത്രമാണ് കണ്ടത്. എന്നാൽ സിയെനായിൽ എത്തി സഞ്ചി തുറന്നപ്പോൾ അതിൽ വീണ്ടും കത്രീനയുടെ ശിരസ്സ് കാണാറായി. ഈ കഥ പിന്തുടർന്ന് കത്രീനയെ കയ്യിൽ പൂക്കളുമായി ചിത്രീകരിക്കുക പതിവാണ്. ശിരസ്സ് സിയെനായിലെ വിശുദ്ധ ഡോമിനിക്കിന്റെ ബസിലിക്കായിൽ സംസ്കരിക്കപ്പെട്ടിരിക്കുന്നു. കത്രീനയുടെ ശിഷ്ടശരീരം റോമിലെ സോപ്രാ മിനെർവാ മാതാവിന്റെ പള്ളിയിലാണ് സംസ്കരിക്കപ്പെട്ടിരിക്കുന്നത്.
വിശുദ്ധപദവിയും മറ്റും
[തിരുത്തുക]1461-ൽ പീയൂസ് രണ്ടാമൻ മാർപ്പാപ്പ കത്രീനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. മരണദിനമായ ഏപ്രിൽ 29 അവരുടെ തിരുനാളായി ആദ്യം തീരുമാനിച്ചെങ്കിലും അതേദിവസം വെറോണയിലെ പത്രോസ് എന്ന വിശുദ്ധന്റെ തിരുനാളായതിനാൽ 1628-ൽ കത്രീനയുടെ തിരുനാൽ ഏപ്രിൽ 30-ലേയ്ക്കു മാറ്റി.[6] എന്നാൽ 1969-ൽ റോമൻ കത്തോലിക്കാ വിശുദ്ധരുടെ കലണ്ടർ നവീകരിച്ചപ്പോൾ, അത്രയേറെ പ്രശസ്തനല്ലാത്ത വെറോനയിലെ പത്രോസിന്റെ തിരുനാൾ പ്രാദേശിക സൗകര്യങ്ങൾ അനുസരിച്ച് ആചരിക്കാനും കത്രീനയുടെ തിരുനാൽ മരണദിനമായി ഏപ്രിൽ 29-ലേയ്ക്ക് പുനസ്ഥാപിക്കാനും തീരുമാനമായി.[7]
1940 മേയ് 5-ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ, അസീസിയിലെ ഫ്രാൻസീസിനൊപ്പം കത്രീനയെ ഇറ്റലിയുടെ മദ്ധ്യസ്ഥയായ വിശുദ്ധയായി പ്രഖ്യാപിച്ചു. 1970-ൽ പൗലോസ് ആറാമൻ മാർപ്പാപ്പ കത്രീനയെ, ആവിലായിലെ ത്രേസ്യായോടൊപ്പം വേദപാരംഗതയായി പ്രഖ്യാപിച്ചു. ആ സ്ഥാനത്തേയ്ക്കുയർത്തപ്പെടുന്ന ആദ്യത്തെ വനിതകളായിരുന്നു അവർ. 1999-ൽ യോഹന്നാൻ പൗലോസ് രണ്ടാമൻ മാർപ്പാപ്പ കത്രീനയെ യൂറോപ്പിന്റെ മദ്ധ്യസ്ഥരായ വിശുദ്ധരിൽ ഒരാളായി പ്രഖ്യാപിച്ചു.
കുറിപ്പുകൾ
[തിരുത്തുക]ക. ^ പാശ്ചാത്യഛിദ്രം അവസാനിപ്പിച്ചത് കത്രീനയുടെ മരണത്തിന് വർഷങ്ങൾക്കുശേഷം, 1414-18-ൽ ഇന്നത്തെ ജർമ്മനിയിലെ കോൺസ്റ്റൻസിൽ ചേർന്ന സഭാനേതാക്കന്മാരുടെ സമ്മേളനമാണ്. മാർപ്പാപ്പാ സ്ഥാനത്തിന്റെ യഥാർത്ഥ അവകാശികളെന്ന നിലപാടെടുത്ത് അപ്പോൾ ഭരിച്ചിരുന്ന മൂന്നു പേരേയും സ്ഥാനഭ്രഷ്ടരാക്കി, മാർട്ടിൻ അഞ്ചാമനെ പുതിയ മാർപ്പാപ്പയായി തെരഞ്ഞെടുക്കുകയാണ് സമ്മേളനം ചെയ്തത്.
ഖ. ^ പാശ്ചാത്യ ക്രിസ്തീയതയെ അനൈക്യത്തിൽ നിന്ന് കരകയറ്റാൻ കത്രീന മുന്നോട്ടുവച്ച ഒരു നിർദ്ദേശം യെരുശലേമിനെ ഇസ്ലാമിക നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള മറ്റൊരു കുരിശുയുദ്ധമായിരുന്നു. എന്നാൽ അവരുടെ ഈ ആശയത്തിന് പിന്തുണ കിട്ടിയില്ല.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 സിയെനായിലെ കത്രീന - Eternal Word Television Network
- ↑ 2.0 2.1 ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്(പുറങ്ങൾ 643-45)
- ↑ 3.0 3.1 നവോത്ഥാനം, സംസ്കാരത്തിന്റെ കഥ അഞ്ചാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 62-64)
- ↑ 4.0 4.1 വാറൻ സി. ഹോളിസ്റ്ററും ജൂഡിറ്റ് എം ബെന്നറ്റ് "മദ്ധ്യകാല യൂറോപ്പ്: ഒരു ലഘുചരിത്രം", ഒൻപതാം പതിപ്പ്, Boston: McGraw-Hill Companies Inc., 2002.
- ↑ 5.0 5.1 5.2 സിയെനായിലെ കത്രീന - കത്തോലിക്കാ വിജ്ഞാനകോശം
- ↑ "Calendarium Romanum" (Libreria Editrice Vaticana, 1969), പുറം 91
- ↑ Calendarium Romanum (Libreria Editrice Vaticana, 1969), പുറം. 121
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Edmund G. Gardner (1913). "St. Catherine of Siena". Catholic Encyclopedia.
{{cite encyclopedia}}
: Cite has empty unknown parameter:|HIDE_PARAMETER=
(help) - EWTN Library: Saint Catherine of Siena, Virgin
- Letters of Catherine from Gutenberg
- Saint Catherine of Siena: Text with concordances and frequency list
- Drawn by Love, The Mysticism of Catherine of Siena
- St. Catherine of Siena page Archived 2013-03-13 at the Wayback Machine. at Christian Iconography