സിഗ്മണ്ട് ഫ്രോയിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിഗ്മണ്ട് ഫ്രോയിഡ്
സിഗ്മണ്ട് ഫ്രോയിഡ്,1938-ലെ ചിത്രം
ജനനം 1856 മേയ് 6(1856-05-06)
ഫ്രെയ്‌ബർഗ്ഗ്, ചെക്കോസ്ലാവാക്യ
മരണം 1939 സെപ്റ്റംബർ 23(1939-09-23) (പ്രായം 83)
ലണ്ടൻ
താമസം വിയന്ന, ഓസ്ട്രിയ,ഇംഗ്ലണ്ട്
ദേശീയത ഓസ്ട്രിയൻ
മേഖലകൾ മനശാസ്ത്രം, തത്വചിന്ത
സ്ഥാപനങ്ങൾ വിയന്ന സർവകലാശാല
അറിയപ്പെടുന്നത് സൈക്കോ അനാലിസിസ്

ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനാണ്‌ സിഗ്മണ്ട് ഫ്രോയിഡ് (മേയ് 6, 1856 - സെപ്റ്റംബർ 23, 1939).ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.മനസ്സിന്‌ അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ്‌ ഫ്രോയിഡ്.മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്‌. മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഹിസ്റ്റീരിയ ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ ഹിപ്നോട്ടിസം ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്‌. സ്വപ്നങ്ങളുടെ വ്യാഖ്യാനവും അപഗ്രഥനവും മാനസികാപഗ്രഥനത്തിൽ സഹായകമാണെന്ന് അദ്ദേഹം കണ്ടെത്തി.[1]

ജീവിതരേഖ[തിരുത്തുക]

1856 മെയ് 6-ന്‌ ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ ഫ്രെയ്ബർഗ്ഗിലെ ഒരു ജൂതകുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്.[2] അദ്ദേഹത്തിന്‌ നാലു വയസ്സുള്ളപ്പോൾ കുടുംബം ഓസ്ട്രിയയിലേയ്ക്ക് താമസം മാറ്റി.1873-ൽ വിയന്ന സർ‌വകലാശാലയിലെത്തിച്ചേർന്ന അദ്ദേഹം 1881-ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.1885 -ൽ പാരീസിലെത്തിയ അദ്ദേഹം ഫ്രഞ്ച് മനോരോഗവിദഗ്ദ്ധനായിരുന്ന ജീൻ മാർട്ടിൻ ചാർക്കോട്ടിനൊപ്പം മനശാസ്ത്രപഠനം ആരംഭിച്ചു.ഓസ്ട്രിയയിൽ തിരിച്ചെത്തിയ ശേഷവും ഗവേഷണം തുടർന്നു പോന്നു. ഹിറ്റ്ലർ ഓസ്ട്രിയ കൈയടക്കിയപ്പോൾ അദ്ദേഹം ലണ്ടനിലേയ്ക്കു കടന്നു.1939 സെപ്റ്റംബർ 23-ന്‌ ലണ്ടനിൽ വച്ച് അന്തരിച്ചു.

സംഭാവനകൾ[തിരുത്തുക]

1900 ൽ പ്രസിദ്ധീകരിച്ച സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്ന പുസ്തകത്തോടെയായിരുന്നു ഫ്രോയിഡൻ വിപ്ലവത്തിന്റെ തുടക്കം.1885 -1886 കാ‍ലഘട്ടങ്ങളിൽ പാരീസിൽ പ്രശസ്തന്യൂറോളജിസ്റ്റായ ഴാങ്-മാർട്ടിൻ ഷാർക്കോയ്ക്ക് കീഴിൽ സിരാരോഗങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് സിരാരോഗവും മനസ്സും തമ്മിൽ ബന്ധമുണ്ടെന്ന ധാരണ ഫ്രോയിഡിനുണ്ടാക്കിയത്. 1895 ൽ ജോസഫ് ബ്രോയറുമായി ചേർന്ന് സ്റ്റഡീസ് ഇൻ ഹിസ്റ്റീരിയ എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു,അടിച്ചമർത്തപ്പെട്ട വികാരങ്ങൾ എങ്ങനെ ശാരീരിക രോഗങ്ങളായി പരിണമിക്കുന്നു എന്നതായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യം.മനോ വിശ്ലേഷണത്തിലെ പ്രഥമകൃതിയായി ഇത് വിലയിരുത്തപ്പെടുന്നു.ബ്രോയറുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച ഫ്രോയിഡ് പിന്നീട് സ്വന്തമായൊരു മാനസികാപഗ്രഥനരീ‍തിയും സിദ്ധാന്തവും രൂപപ്പെടുത്തുകയുണ്ടാ‍യി. സ്വപ്നങ്ങളുടെ വ്യാഖ്യാനം (Interpretation of Dreams) എന്ന കൃതി അതിൽനിന്നുണ്ടായതാണ്.ഈ കൃതി മനുഷ്യപ്രകൃതിയെപ്പറ്റിയുണ്ടാക്കിയ സിദ്ധാന്തങ്ങൾ സമൂഹത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.മനസ്സിനു അബോധം എന്ന തലമുണ്ടെന്നു മാത്രമല്ല ഗൂഢമായ മാനസികപ്രവത്തനങ്ങളാണ് മനുഷ്യസ്വഭാവത്തെനിർണ്ണയിക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു.അബോധത്തിലെ വിലക്കപ്പെട്ട ആഗ്രഹം, ശിശുലൈംഗികത, ഷണ്ഡീകരണഭീതി, ഈഡിപ്പസ് കോം‌പ്ലെക്സ് , തുടങ്ങിയ ആശയങ്ങൾ ചിന്തകസമൂഹം ഗൌരവമായി നോക്കിക്കണ്ടു.ഇവയിൽ പല ആശയങ്ങളും വിവാദമായെങ്കിലും ഫ്രോയിഡിന് വിശ്വസ്തരായ അനുയായികളുണ്ടായി.1920-1930 കാലത്ത് ഫ്രോയിഡ് മുൻപോട്ടു വെച്ച ഇദ് (Id),ഈഗോ(Igo) , സൂപ്പർ ഈഗോ(Super Igo) എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശാസ്ത്രത്തിലും കലയിലും പ്രതിഫലനമുണ്ടാക്കി.[3]

മരണം[തിരുത്തുക]

താടിയെല്ലിനു അർബ്ബുദം വന്നായിരുന്നു ഫ്രോയിഡിന്റെ മരണം.[4]

അനുബന്ധം[തിരുത്തുക]

ഫ്രോയിഡിന്റെ മകൾ അന്ന ഫ്രോയിഡും പ്രശസ്തയായ മനോ വിശ്ലേഷകയായിരുന്നു.

അവലംബം[തിരുത്തുക]

  1. http://dreaminterpretation.freudfile.org/freud_about_dreams.html
  2. http://www.freudfile.org/childhood.html
  3. മാതൃഭൂമി ഹരിശ്രീ 2006 നവംബർ
  4. എസ്.ജയചന്ദ്രൻ നായർ. റോസാദലങ്ങൾ - ഹിറ്റ്‌ലറും ഫ്രോയിഡും തമ്മിലെന്ത്..? (ലേഖനം). മാതൃഭൂമി. ഐ.എസ്.ബി.എൻ. 978-81-8264-846-3. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-10 12:14:54-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10, ജൂലൈ 2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)


"https://ml.wikipedia.org/w/index.php?title=സിഗ്മണ്ട്_ഫ്രോയിഡ്&oldid=2332287" എന്ന താളിൽനിന്നു ശേഖരിച്ചത്