Jump to content

ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാല, വഞ്ചിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിരവധി അപൂർവ്വ മലയാള പുസ്തകങ്ങളുടെ ശേഖരമുള്ള മലയാള ഗ്രന്ഥശാലയാണ് തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാല, വഞ്ചിയൂർ. [1]കവനകൗമുദി, പ്രബുദ്ധകേരളം, ആത്മപോഷിണി, കേരളോദയം, ജയകേരളം, മാതൃഭൂമി, ഭാഷാപോഷിണി എന്നിവയുടെ ആദ്യകാല കിട്ടാപ്പതിപ്പുകളും അപൂർവ ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികളും ഇവിടെയുണ്ട്.

ചരിത്രം

[തിരുത്തുക]

ചരിത്രത്തിന്റെ ഭാഗമാണ് വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല. പാൽക്കുളങ്ങര സ്വദേശിയായ വായനശാല കേശവപിള്ള വീട്ടിലെ മുറിയിൽ 25 പുസ്തകങ്ങളുമായി 1914 ൽ ആരംഭിച്ചതാണ് വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല. ഏഴാം ക്ലാസുവരെ വിദ്യാഭ്യാസമുള്ള കേശവപിള്ള രാജകുടുംബത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് അന്ന് രണ്ട് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ചിത്തിര തിരുനാളിന്റെ പേര് വായനശാലക്ക് നൽകിയത്. പുസ്തകങ്ങൾ കൂടിയതോടെ വീട്ടിൽനിന്ന് വായനശാല ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കൊട്ടാരത്തിൽനിന്ന് അനുവദിച്ചുകിട്ടിയ വഞ്ചിയൂരിലെ 13 സെന്റ് സ്ഥലത്തേക്കു മാറി. 1966ൽ അന്നത്തെ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണനാണ് ഇന്നു കാണുന്ന വായനശാല മന്ദിരം ഉദ്ഘാടനം ചെയ്തത്. ആദ്യകാല അപൂർവ ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും ഇവിടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയുടെ ഗവേഷണകേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. കേശവപിള്ളയായിരുന്നു വായനശാലയുടെ മുഴുവൻ കാര്യങ്ങളും നോക്കിയിരുന്നത്. ലൈബ്രേറിയൻ ഉൾപ്പെടെ രണ്ടു പേർ സാഹായിക്കാനുണ്ടായിരുന്നു. ഓണററി ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. 1972ൽ കേശവപിള്ള അന്തരിച്ചു.

ആദ്യകാല മലയാള നാടകങ്ങളുടെ നിരവധി അവതരണങ്ങൾ ലൈബ്രറിയിൽ നടന്നിട്ടുണട്. ടി.എൻ.ഗോപിനാഥൻനായർ, ജഗതി എൻ.കെ.ആചാരി, വീരരാഘവൻനായർ, എൻ.കൃഷ്ണപിളള, കെ.ടി.മുഹമ്മദ്, സി.എൻ.ശ്രീകണ്ഠൻനായർ തുടങ്ങി മലയാളത്തിലെ 100ലേറെ മികച്ച നാടകങ്ങൾ പിറന്നത് വായനശാലയുടെ വാർഷികത്തിന് അരങ്ങേറാനായിരുന്നു. കൈനിക്കര സഹോദരന്മാർ, എസ്.ഗുപ്തൻനായർ, തിക്കുറിശ്ശി, പി.കെ.വിക്രമൻനായർ, ടി.ആർ.സുകുമാരൻനായർ തുടങ്ങി പ്രഗത്ഭരായ നടന്മാരാണ് അവയിൽ അഭിനയിച്ചത്. സ്ത്രീവേഷം അണിഞ്ഞിരുന്ന പുരുഷനു പകരം അന്നാചാണ്ടി ആദ്യമായി സ്ത്രീവേഷമണിഞ്ഞതും ശ്രീചിത്തിര തിരുനാൾ വായനശാലയുടെ വേദിയിലായിരുന്നു. 1916 മുതൽ ദീപാവലി ദിവസം നടക്കുന്ന വായനശാല വാർഷികത്തിൽ നാടകം അവതരണം നടത്തി വരുന്നുണ്ടായിരുന്നു. വായനശാലയുടെ പ്രധാന ധനശേഖരണ മാർഗ്ഗമായിരുന്നു ടിക്കറ്റ് വെച്ച് നടത്തിയിരുന്ന നാടകങ്ങൾ.

അവലംബം

[തിരുത്തുക]
  1. https://www.mathrubhumi.com/literature/news/authorities-plan-shut-down-sree-chitra-tirunal-library-1.5402968