പ്രബുദ്ധ കേരളം (മാസിക)
കേരളത്തിൽ നിന്നു നൂറു വർഷമായി പ്രസിദ്ധീക്കുന്ന മലയാള അദ്ധ്യാത്മിക മാസികയാണ് പ്രബുദ്ധ കേരളം. ഇപ്പോൾ സദ്ഭവാനന്ദ സ്വാമിയാണ് മാസികയുടെ പത്രാധിപർ. സ്വാമി വ്യോമാതീതാനന്ദ, മാസികയുടെ മാനേജിംഗ് എഡിറ്ററും.
ചരിത്രം
[തിരുത്തുക]1915 ഒക്‌ടോബർ 17 നാണ് വിജയദശമി ദിനത്തിൽ നിർമ്മലാനന്ദ സ്വാമികളാണ് ശ്രീരാമകൃഷ്ണ ധർമം പ്രചരിപ്പിക്കാനും ആശ്രമ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുമായി ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. 1915 ൽ കൊല്ലത്ത് എസ്.ടി. റെഡ്യാരുടെ പ്രസ്സിലായിരുന്നു അച്ചടി. 1918 ൽ പ്രസാധനം തിരുവനന്തപുരത്തേക്ക് മാറ്റി. തുടർന്ന് 1933 മുതൽ 35 വരെ ഒറ്റപ്പാലം ശ്രീരാമകൃഷ്ണ നിരഞ്ജനാശ്രമത്തിൽനിന്നുമാണ് പ്രസിദ്ധീകരണം തുടർന്നത്. പിന്നീട് 1935 വീണ്ടും തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം തന്നെ പ്രസിദ്ധീകരണ ചുമതല ഏറ്റെടുത്തു. ഈ സമയത്ത് ആശ്രമാദ്ധ്യക്ഷനായിരുന്ന സ്വാമി തപസ്യാനന്ദയുടെ നേതൃത്വത്തിലായിരുന്നു 1949 വരെ പ്രസിദ്ധീകരണം.[1] കാലടി ശ്രീരാമകൃഷ്ണാദ്വൈതാശ്രമത്തിൽ നിന്ന് ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശ പ്രചാരണാർത്ഥം ആഗമാനന്ദ സ്വാമികൾ, പ്രസിദ്ധീകരിച്ചിരുന്ന ‘അമൃതവാണി’ എന്ന മാസിക പ്രബുദ്ധകേരളത്തിൽ ലയിപ്പിച്ച് കാലടി ആശ്രമത്തിൽനിന്നും സ്വാമിജി സമാധിയാകുന്ന 1961 വരെ കാലടിയിൽനിന്നും പ്രസിദ്ധീകരിച്ചുപോന്നു. അതിന്റെ സ്മരണയ്ക്കായാണ് ഇന്നും പ്രബുദ്ധ കേരളം അമൃതവാണികൊണ്ട് ആരംഭിക്കുന്നത്. 1916 ൽ ശ്രീനാരായണ ഗുരു പ്രബുദ്ധ കേരളത്തിലൂടെയാണ് താൻ യാതൊരു ജാതിയുടെയോ മതത്തിന്റെയോ മറ്റു വിഭാഗത്തിന്റെയോ പ്രതിനിധിയല്ലെന്നുള്ള വിളംബരം പ്രഖ്യാപിച്ചത് .
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-11-15.