മഗധ വാണിരുന്ന മൂന്നാമത്തെ രാജവംശം ആണ് ശിശുനാഗവംശം എന്ന് വിശ്വസിക്കപ്പെടുന്നു. ശിശുനാഗൻ (ശിശുനാകൻ എന്നും അറിയപ്പെടുന്നു) ആണ് 10 രാജാക്കന്മാർ അടങ്ങിയ ഈ രാജവംശം സ്ഥാപിച്ചത്.
മഗധ വാണിരുന്ന ഹരിയങ്ഗ വംശത്തിലെ നാഗദാസക രാജാവിന്റെ ഒരു മന്ത്രിയായിരുന്നു ശിശുനാഗൻ. ക്രി.മു. 413-ൽ ജനഹിതമുള്ള ഒരു എതിറ്പ്പിലൂടെ അദ്ദേഹം മഗധ കിരീടം കീഴടക്കി. രാജഗൃഹം ആയിരുന്നു ആദ്യകാല തലസ്ഥാനം. പിന്നീട് പാടലീപുത്രം തലസ്ഥാനമായി. ഇന്നത്തെ പറ്റ്ന നഗരമാണ് പാടലീപുത്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു മഗധ സാമ്രാജ്യം.
ബുദ്ധമത ഗ്രന്ഥങ്ങളിൽ പിൽക്കാലത്തെ ശിശുനാഗ രാജാക്കന്മാരെക്കുറിച്ചുള്ള വിവരങ്ങൾ കാണാം. പുരാണങ്ങളനുസരിച്ച് ശിശുനാഗന് ശേഷം പുത്രൻ കാകവർണ്ണൻ രാജാവായി. സിംഹള ഗ്രന്ഥങ്ങളനുസരിച്ച് ശിശുനാഗന്റെ പുത്രൻ കാലശോകനാണ് അടുത്ത രാജാവ്. രണ്ടുപേരും ഒന്നുതന്നെയാണെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. അദ്ദേഹത്തിന്റെ പത്ത് പുത്രന്മാർ അദ്ദേഹത്തിന് ശേഷം ഒരേ സമയം വാണിരുന്നു എന്നു കരുതപ്പെടുന്നു. മഹാബോധി വംശം പത്തു പേരുടേയും പേരുകൾ പറയുന്നുണ്ട് - ഭദ്രസേനൻ, കൊരണ്ടവർണ്ണൻ, മാങ്ങൂര, സർവജ്ഞഹ, ജലിക, ഉഭക, സഞ്ജയ, കോരവ്യ, നന്ദിവർദ്ധനൻ, പഞ്ചമകൻ. പൗരാണിക ഗ്രന്ഥങളിൽ നന്ദിവർദ്ധനനെക്കുറിച്ചു മാത്രമാണ് പ്രതിപാദിക്കുന്നത്. നന്ദിവർദ്ധനനായിരുന്നു ഈ വംശ്ത്തിന്റെ അവസാനത്തെ രാജാവെന്ന് കരുതുന്നു.
നന്ദ രാജവംശം തുടങ്ങിയ മഹാപദ്മ നന്ദനാണ് ഈ രാജവംശത്തിന്റെ പിന്തുടർച്ചക്കാർ.