ഇന്നത്തെ കർണ്ണാടകത്തിലെഉത്തര കന്നഡ ജില്ലയിലെ ബനവാസി തലസ്ഥാനമായി ഭരിച്ചിരുന്ന ഒരു പുരാതന രാജവംശമായിരുന്നു കാദംബ രാജവംശം (കന്നഡ:ಕದಂಬರು) ക്രി.വ. (345 - 525). പിന്നീട് ചാലൂക്യർ, രാഷ്ട്രകൂടർ തുടങ്ങിയ കന്നഡ രാജവംശങ്ങൾക്കു കീഴിൽ സാമന്തരായി ഇവർ അഞ്ഞൂറു വർഷത്തോളം ഭരിച്ചു. ഈ കാലഘട്ടത്തിൽ ഇവർ ഗോവ, ഹനഗാൽ എന്നിവിടങ്ങളിലേക്ക് പിരിഞ്ഞു. കാദംബ രാജവംശത്തിന്റെ സാമ്രാജ്യോന്നതി കാകൂഷ്ടവർമ്മന്റെ കീഴിൽ ആയിരുന്നു. സാമ്രാജ്യത്തിന്റെ ഉന്നതിയിൽ അവർ കർണ്ണാടകത്തിന്റെ ഒരു വലിയ ഭാഗം ഭൂമി ഭരിച്ചു.
കാദംബർക്കു മുൻപ് കർണ്ണാടകം ഭരിച്ചിരുന്ന മൌര്യർ, ശാതവാഹനർ, ചുട്ടുക്കൾ തുടങ്ങിയവർ സ്വദേശികളല്ലായിരുന്നു. ഭരണകേന്ദ്രം ഇന്നത്തെ കർണ്ണാടകത്തിനു പുറത്തായിരുന്നു. കാദംബരാണ് ആദ്യമായി ഔദ്യോഗിക തലത്തിൽ കന്നഡ ഉപയോഗിച്ച കർണ്ണാടക സ്വദേശികളായ രാജവംശം. ആദ്യമായി കർണ്ണാടകത്തിനെ ഒരു വ്യത്യസ്ത ഭൌമ-രാഷ്ട്രീയ മേഖലയായും കന്നഡയെ ഒരു പ്രധാന തദ്ദേശീയഭാഷ ആയും കൈകാര്യം ചെയ്തവർ എന്ന നിലയിൽ കർണ്ണാടക ചരിത്രത്തിൽ കാദംബ രാജവംശം പ്രാധാന്യം അർഹിക്കുന്നു.
ക്രി.വ. 345-ൽ മയൂരശർമ്മൻ ആണ് കാദംബ രാജവംശം സ്ഥാപിച്ചത്. മയൂരവർമ്മന്റെ പിൻഗാമികളിൽ ഒരാളായ കാകുഷ്ഠവർമ്മൻ പ്രബലനായ ഒരു രാജാവായിരുന്നു. വടക്കേ ഇന്ത്യയിലെ ഗുപ്തസാമ്രാജ്യത്തിലെ രാജാക്കന്മാർ കാകുഷ്ഠവർമ്മന്റെ കുടുംബവുമായി വിവാഹബന്ധം സ്ഥാപിച്ചു.കാകുഷ്ഠവർമ്മന്റെ പിൻഗാമികളിൽ ഒരാളായ ശിവകോടി അന്തമില്ലാത്ത യുദ്ധങ്ങളും രക്തച്ചൊരിച്ചിലും കണ്ടു മടുത്ത് ജൈനമതം സ്വീകരിച്ചു. കാദംബർ തലക്കാടിലെപടിഞ്ഞാറൻ ഗംഗ രാജവംശത്തിനു സമകാലികരായിരുന്നു. ഇവർ ഒന്നിച്ച് കന്നഡ സംസാരിക്കുന്ന പ്രദേശം പൂർണ്ണ ഭരണാധികാരത്തോടെ ഭരിക്കുന്ന ആദ്യത്തെ തദ്ദേശീയ രാജവംശങ്ങൾ ആയി.