Jump to content

ആജീവകമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ājīvika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൗരാണിക ഇന്ത്യയിൽ മക്ഖലിപുത്ര ഗോശാലൻ എന്ന സന്യാസി തുടങ്ങിയ മതമാണ് ആജീവകമതം. ബി.സി ഇ. ആറാം നൂറ്റാണ്ടിൽ[൧] ജീവിച്ചിരുന്ന ഗോശാലൻ ജൈനശ്രേഷ്ഠനായ മഹാവീരന്റെ സമകാലീനനായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികൾ ആജീവകന്മാർ എന്നറിയപ്പെട്ടു. അനേകലക്ഷം ജന്മങ്ങൾക്കു ശേഷം ആത്മാവ് സ്വയം മോക്ഷപ്രാപ്തി നേടുമെന്നും മനുഷ്യരുടെ ഭാഗധേയം നിയന്ത്രിക്കുന്നത് സ്വപ്രയത്നവും കർമ്മങ്ങളുമല്ല നിയതി ആണെന്നും അവർ വിശ്വസിച്ചുപോന്നു. ദീർഘകാലം തപസ്സനുഷ്ഠിക്കുകയെന്നത് അവരുടെ പതിവായിരുന്നു. ഇക്കൂട്ടരേപ്പറ്റി സംഘം കവിതകളിലും പരാമർശമുണ്ട്. ആജീവകമതം ഗോശാലനുമുമ്പും ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആജീവകരുടെ നേതാക്കളിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു എന്നും ഒരു നിരീക്ഷണമുണ്ട്.

ഗോശാലൻ

[തിരുത്തുക]

ഗോശാലന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ആശ്രയിക്കാനുള്ളത് ജൈന-ബുദ്ധലിഖിതങ്ങളിലുള്ള പരാമർശങ്ങളാണ്. അവയനുസരിച്ച്, ഒരു തെരുക്കൂത്തുകാരന്റെ മകനായ ഗോശാലന്റെ ജനനം ഏതോ കാലിത്തൊഴുത്തിൽ ആയിരുന്നു. 'ഗോശാലൻ' എന്ന പേരു തന്നെ ഈ ജനനപശ്ചാത്തലത്തെ ആശ്രയിച്ചുള്ളതാണ്. ജൈനരുടെ ഭഗവതിസൂത്രത്തിൽ ഗോശാലന്റെ ജീവിതകഥ വിവരിക്കുന്നുണ്ട്. തുടക്കത്തിൽ ഗോശാലന്റേയും മഹാവീരന്റേയും തത്ത്വാന്വേഷണം ഒരുമിച്ചായിരുന്നു എന്നതിനു സൂചനകളുണ്ട്. തൻകാര്യം നേടാനായി മഹാവീരനൊപ്പം കൂടി പിന്നീടു പിരിഞ്ഞുപോയ ശിഷ്യനായാണ് ജൈനരേഖകൾ ഗോശാലനെ അവതരിപ്പിക്കുന്നത്. എന്നാൽ ഗോശാലൻ മഹാവീരന്റെ ശിഷ്യനായിരുന്നു എന്ന നിലപാട് ആജീവകർ അംഗീകരിക്കുന്നില്ല. ജൈനലിഖിതങ്ങളിലെ ഗോശാലൻ ഒരു കോമാളിയും ആഭിചാരിയുമാണ്. മഹാവീരനുമായുള്ള വാഗ്വാദത്തെ തുടർന്ന് അദ്ദേഹത്തെ ഗോശാലൻ ശപിച്ചെന്നും ആ ശാപം തിരിഞ്ഞ് ഗോശാലനു തന്നെ ഫലിച്ചാണ് ഗോശാലൻ മരിച്ചതെന്നുമാണ് ജൈനഭാഷ്യം. ഏതോ അടികലശലിൽ നിന്നു രക്ഷപെട്ട് ഓടുന്നതിനിടെ ഉടുവസ്ത്രം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഗോശാലൻ നഗ്നസന്യാസിയാകാൻ തീരുമാനിച്ചതെന്നും മറ്റുമുള്ള കഥകൾ ബുദ്ധമതരേഖകളിലും കാണാം.[1]

ഗോശാലനെക്കുറിച്ച് ബുദ്ധ-ജൈനലിഖിതങ്ങളിലുള്ള പരാമർശങ്ങളുടെ വിശ്വസനീയത ഉറപ്പില്ല. തന്റെ കാലത്തെ ചിന്താവ്യവസ്ഥകളെ വിമർശിച്ച ബുദ്ധന്റെ വിമർശനങ്ങളിൽ ഏറ്റവും നിശിതമായത് ഗോശാലനെ ലക്ഷ്യമാക്കി ആയിരുന്നു. ബുദ്ധനിൽ നിന്നും മഹാവീരനിൽ നിന്നും ഭിന്നനായി, സമൂഹത്തിലെ താഴേക്കിടയിൽ നിന്നുള്ളവനായിരുന്നു അദ്ദേഹം. അതിനാൽ ഈ വിമർശനത്തിൽ വർഗ്ഗപരമായ മുൻവിധികളും ഉണ്ടായിരിക്കാം എന്നും വിമർശനത്തിലെ കാലുഷ്യം, ഇതരധാർമ്മികതകൾക്ക് ആജീവികമതം ഉയർത്തിയ വെല്ലുവിളിയുടെ തീവ്രത സൂചിപ്പിക്കുന്നതാകാം എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1]

വിശ്വാസങ്ങൾ

[തിരുത്തുക]

ജീവാത്മാക്കളുടെ മുക്തി നിയതിയുടെ വഴി പിന്തുടരുന്നെന്നും കർമ്മങ്ങൾ നിഷ്‌പ്രയോജനമാണെന്നും വാദിച്ച ഗോശാലൻ മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തിൽ (free will) വിശ്വസിച്ചില്ല. പാപപുണ്യങ്ങൾ അലംഘനീയമായ പ്രപഞ്ചതത്ത്വത്തെ പിന്തുടരുന്നു എന്നു കരുതിയ അദ്ദേഹം വ്യക്തികൾക്ക് അവരുടെ ഭാഗധേയങ്ങളുടെ കാര്യത്തിലുള്ള ഉത്തരവാദിത്തം അംഗീകരിച്ചില്ല. സ്വതന്ത്രമാക്കപ്പെട്ട നൂൽപ്പന്ത് അഴിഞ്ഞു തീരുവോളം ഉരുണ്ടു പോകുന്നതുപോലെ ആത്മാക്കളുടെ മുക്തിമാർഗ്ഗം നിയതിയെ പിന്തുടരുന്നെന്ന് ഗോശാലൻ പഠിപ്പിച്ചു. എല്ലാ ജീവികൾക്കും ഈ വികാസത്തിനു വേണ്ടത് ഒരേ കാലദൈർഘ്യമാണെന്നു അദ്ദേഹം കരുതി. ചിന്തയിലൊതുങ്ങാത്ത ആ ദൈർഘ്യത്തെ വിചിത്രമായ വഴിയിൽ ഗോശാലൻ നിർവചിച്ചു. 117,649 ഗംഗാനദികൾ ചേർന്ന ഒരു നദിയിൽ നിന്ന് നൂറു വർഷത്തിലൊരിക്കൽ ഒരു മണൽത്തരി എന്ന കണക്കിൽ നീക്കം ചെയ്താൽ, നദിയിലെ മുഴുവൻ മണലും നീക്കാൻ വേണ്ട സമയം ഒരു സരസ്ക്കാലമാണ്; ആവിധമുള്ള മൂന്നു ലക്ഷം സരസ്കാലങ്ങൾ ചേരുമ്പോൾ ഒരു മഹാകല്പമാകുന്നു; ഒരു ജീവിയുടെയും മുക്തിമാർഗ്ഗത്തിന്റെ കാലദൈർഘ്യമാകട്ടെ 84 ലക്ഷം മാഹാകല്പങ്ങളും.[1]

ഭൂതകാലം വർത്തമാനകാലത്തെ സ്വാധീനിക്കുമെന്ന് ആജീവകന്മാർ കരുതിയില്ല. ഭൂതം മൃതവും എന്നേക്കുമായി ഇല്ലാതായതുമാണെന്നായിരുന്നു അതിന് അവർ പറഞ്ഞ ന്യായം.[2] മനുഷ്യരുടെ അതിനിസ്സാരകർമ്മങ്ങൾ പോലും നിയതിയാൽ നിശ്ചിതമാണെന്നും അതിനെ മാറ്റനോ സ്വാധീനിക്കാനോ ആർക്കും സാദ്ധ്യമല്ലെന്നും അവർ വിശ്വസിച്ചു. എങ്കിലും സന്യാസജീവിതം പിന്തുടരുന്നവരും തപോവൃത്തി അനുഷ്ഠിക്കുന്നവരും ആജീവകന്മാർക്കിടയിൽ ഉണ്ടായിരുന്നു. സന്യാസികളാകുന്നവർ, അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു.[3] ആജീവകന്മാരുടെ തപശ്ചര്യകൾ അതികഠിനമായിരുന്നു. സാന്യാസത്തിലേക്കുള്ള പ്രവേശനച്ചടങ്ങിൽ തന്നെ കടുത്ത സ്വയംപീഡനം ഉൾപ്പെട്ടിരുന്നു. നവസന്യാസിയുടെ തലമുടി ഒന്നൊന്നായി പിഴുതെടുക്കുന്നതും അതിന്റെ ഭാഗമായിരുന്നു.[4]

ശിവജ്ഞാന ശിത്തിയാറിന്റെ കർത്താവ് ബുദ്ധമതക്കാരെ ഒഴിച്ച് ശ്രമണൻമാരെ വിവരിക്കുന്ന കൂട്ടത്തിൽ ആജീവികൻമാരെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ആജീവികൻമാർ അശോകവൃക്ഷത്തെ ദൈവമായി ആരാധിക്കുന്നുവെന്നും വേദങ്ങളുടെ ആധികാരികതയെ നിഷേധിക്കുന്നുവെന്നും കർക്കശമായ സന്ന്യാസം അനുഷ്ഠിക്കുന്നുവെന്നും അവരുടെ ശരീരം വൃത്തികേടായി സൂക്ഷിച്ചിരിക്കുന്നുവെന്നും (ദിവസംതോറുമുള്ള കുളിയുടെ അഭാവം മൂലം) ഗൃഹസ്ഥജീവിതം പരിത്യജിച്ചിരിക്കുന്നവരാണെന്നും ഒരുതരം പായകൊണ്ട് അവർ നഗ്നത മറച്ചിരിക്കുമെന്നും അവരുടെ കൈയിൽ ഒരു കെട്ട് മയിൽപ്പീലി കൊണ്ടുനടക്കുമെന്നും ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. അഞ്ചുതരം ഫലങ്ങളും വേരുകളും അവർ ഭക്ഷിക്കാറില്ല എന്നു ഭഗവതിസൂത്രത്തിൽ പറയുന്നു.

ഒന്നിനും അടിസ്ഥാനകാരണമില്ലെന്ന് വിശ്വസിക്കുന്നവരാണ് ആജീവികൻമാർ. എല്ലാ വസ്തുക്കളും ജീവികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് യാതൊരു കാരണവും കൂടാതെയാണെന്ന് അവർ സിദ്ധാന്തിക്കുന്നു. നേട്ടം, നഷ്ടം, സുഖം, ദുഃഖം, ജീവിതം, മരണം എന്നിങ്ങനെ ആറ് അനിവാര്യതകളുണ്ടെന്നാണ് അവരുടെ വിശ്വാസം. എല്ലാ പ്രവർത്തനങ്ങളും നിർണയിക്കുന്നതും നിയന്ത്രിക്കുന്നതും വിധിയാണ്; മനുഷ്യപ്രയത്നത്തിന് അതിൽ പങ്കില്ലെന്നാണവരുടെ മതം. കർമസിദ്ധാന്തത്തിനെതിരാണവർ. ഭൂമി, ജലം, അഗ്നി, വായു, ജീവൻ എന്നിങ്ങനെ പഞ്ചഭൂതങ്ങൾ ഉണ്ടെന്ന സിദ്ധാന്തം അവർക്കുണ്ട്. എല്ലാ ചേതനാചേതനവസ്തുക്കളും നിർമിതമായിരിക്കുന്നത് അവകൊണ്ടാണെന്ന് ഇക്കൂട്ടർ പ്രഖ്യാപിക്കുന്നു.

പ്രചാരം

[തിരുത്തുക]

ആജീവകമതം ഭാരതത്തിൽ ഒരു സഹസ്രാബ്ധത്തിലേറെക്കാലം സജീവമായിരുന്നു. നൂറ്റാണ്ടുകളോളം അത് ബുദ്ധജൈനധർമ്മങ്ങളെപ്പോലെ, വ്യവസ്ഥാപിതവും ബഹുമാനിതവുമായ ഒരു മതപ്രസ്ഥാനമായിരുന്നു. രാജാക്കന്മാർ ഗോശാലനും മറ്റ് അജീവകസന്യാസികൾക്കും സമ്മാനങ്ങൾ കൊടുത്തയക്കുയും ഭൂസ്വത്ത് ദാനം ചെയ്യുകയും ചെയ്തതിനു രേഖകളുണ്ട്.[4] അശോകചക്രവർത്തിയുടെ മാതാവ് ധർമ്മദേവി അജീവകമതവിശ്വാസിയായിരുന്നുവെന്നും റൊമില താപ്പർ സൂചിപ്പിക്കുന്നു.[5]ക്രമേണ ക്ഷയിച്ച് ഇല്ലാതായ അജീവകധർമ്മം തീർത്തും അസ്തമിച്ചത് പതിനാലാം നൂറ്റാണ്ടിലായിരുന്നു.[6]

ആജീവികൻമാർ ഭാവിഫലം പ്രവചിച്ചും ഹസ്തരേഖ നോക്കിയും ജീവിതവൃത്തി കഴിച്ചുവന്നു. ഹസ്തരേഖാശാസ്ത്രം ഉപജീവനത്തിന് ഉപയുക്തമായിരുന്നു എന്ന് ദിവ്യാവതാരം തെളിവു നല്കുന്നു. സന്ന്യാസവും ഗോമൂത്രപാനവും ഇവർക്ക് നിർബന്ധമായ ചടങ്ങുകളായിരുന്നു. നാടോടിക്കവികളായിരുന്നു ഇവരിൽ ഭൂരിഭാഗവും. വേശ്യകളുമായി ബന്ധപ്പെട്ട നിലയിൽ അവരെ കണ്ടിരുന്നതായി പ്രസ്താവമുണ്ട്. ഗോശാലൻ തുടക്കമിട്ട ഈ പ്രസ്ഥാനം കാലക്രമത്തിൽ അസ്തമിച്ചു. ഗോശാലന്റെ ശിഷ്യൻമാരിൽ പ്രമുഖൻമാരായ പൂർണകശ്യപനും പകുധകഛായനനും (കാത്യായനൻ) അധഃപതനത്തിൽനിന്നും ആജീവികൻമാരെ രക്ഷിക്കാൻ ശ്രമിച്ചു. ബുദ്ധ-ജൈനമതവിഭാഗങ്ങളുടെ മുന്നേറ്റത്തോടെ ആജീവികസമൂഹം ക്ഷയോൻമുഖമായി. 'ബുദ്ധമതാനുയായി ആയിരുന്ന കോവലന്റെ പത്നി കണ്ണകി ആജീവികമതാനുയായി ആയിരുന്നു' എന്ന് കേരളസാഹിത്യചരിത്രത്തിൽ ഉള്ളൂർ എസ്. പരമേശ്വരയ്യർ പ്രസ്താവിച്ചിട്ടുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]

^ ഗോശാലന്റെ കാലം ബിസി 5-4 നൂറ്റാണ്ടുകളായിരുന്നെന്നും പക്ഷമുണ്ട്. അതനുസരിച്ച് അദ്ദേഹത്തിന്റെ മരണം ബിസി 385-ൽ സംഭവിച്ചു.[4]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 അബ്രഹാം എരളി രചിച്ച് പെൻഗ്വിൻ ബുക്ക്സ് പ്രസിദ്ധീകരിച്ച "Gem in the Lotus : The Seeding of Indian Civilization" എന്ന കൃതി (പുറങ്ങൾ 215-20)
  2. എസ്. രാധാകൃഷ്ണൻ, ഇന്ത്യൻ ഫിലോസഫി ഒന്നാം വാല്യം (പുറം 598)
  3. റൊമില ഥാപ്പർ, Early India From the Origins to AD 1300 (പുറം 165)
  4. 4.0 4.1 4.2 കാരൻ ആംസ്ട്രോങ്ങ്, ദ ഗ്രേയ്റ്റ് ട്രാൻസ്ഫോർമേഷൻ (പുറങ്ങൾ 284-85)
  5. Asoka and the Decline of the Mauryas, Romila Thappar
  6. ജോൺ എ ഹച്ചിസൺ, Paths of Faith (പുറം 88)

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആജീവകമതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആജീവകമതം&oldid=2280562" എന്ന താളിൽനിന്ന് ശേഖരിച്ചത്