Jump to content

ഗുപ്തസാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gupta Empire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹർഷ ഗുപ്ത
ഗുപ്ത സാമ്രാജ്യം

ഗുപ്ത സാമ്രാജ്യത്തിന്റെ ഏകദേശ രൂപം
സാമ്രാജ്യത്തിന്റെ അടയാളം:
--
സ്ഥാപകൻ ശ്രീ ഗുപതൻ
മുൻപത്തെ രാജ്യങ്ങൾ കുഷാണ സാമ്രാജ്യം, പ്രധാനമായും മഗധ
ഔദ്യോഗിക ഭാഷ സംസ്കൃതം, പാലി
മതങ്ങൾ ഹിന്ദു മതം
ജൈന മതം
മഹായാന ബുദ്ധ മതം
തലസ്ഥാനം പാടലീപുത്രം
ആദ്യത്തെ ചക്രവർത്തി ചന്ദ്രഗുപ്തൻ ഒന്നാമൻ
അവസാനത്തെ ചക്രവർത്തി കുമാര ഗുപ്ത ഒന്നാമൻ
വിസ്തീർണ്ണം 20 ലക്ഷം ച.കി.മീ<
ജനസംഖ്യ 4 കോടി
നാണയം സുവർണ്ണ, റുപ്യ, താമ്ര നാണയങ്ങൾ
അധഃപതനം
കാരണങ്ങൾ
അവകാശികൾ നിരവധി, ബുദ്ധമതം,
ഹൂണന്മാർ, തോരമാനൻ
ശേഷമുള്ള സാമ്രാജ്യം ഹൂണ സാമ്രാജ്യം, ഹർഷ സാമ്രാജ്യം

പുരാതന ഇന്ത്യയിൽ രാഷ്ട്രീയമായും സൈനികമായും ഏറ്റവും ശക്തമായിരുന്ന സാമ്രാജ്യങ്ങളിലൊന്നാണ് ഗുപ്ത സാമ്രാജ്യം (ആംഗലേയത്തിൽ Gupta Empire). ക്രി.പി 320 മുതൽ 550 വരെയായിരുന്നു ഗുപ്ത സാമ്രാജ്യത്തിന്റെ പ്രതാപകാലം. ഇന്ത്യൻ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിലധികവും ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായി അറിയപ്പെടുന്ന[1] ഈ കാലഘട്ടത്തിൽ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരിക രംഗം, സാഹിത്യം എന്നീ മേഖലകളിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. വിന്ധ്യ പർവ്വതനിരകൾക്കു വടക്ക് നാല്, അഞ്ച് നൂറ്റാണ്ടുകളിലായിരുന്നു ഗുപ്ത രാജവംശം ആധിപത്യമുറപ്പിച്ചിരുന്നത്. മൗര്യ സാമ്രാജ്യത്തോളം വലുതല്ലായിരുന്നുവെങ്കിലും ഗുപ്ത ഭരണ കാലഘട്ടം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സമീപ രാജ്യങ്ങളിലും മായാത്ത മുദ്രകൾ പതിപ്പിച്ചു. പുരാതന കാലഘട്ടത്തിലെ നാണയങ്ങൾ, ചുവരെഴുത്തുകൾ, സ്മാരകങ്ങൾ, സംസ്കൃത കൃതികൾ എന്നിവയിൽ നിന്നൊക്കെ ഗുപ്ത രാജവംശത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. പുരാതനമായ റോമാ സാമ്രാജ്യം ഹാൻ സാമ്രാജ്യം ടാങ് സാമ്രാജ്യം എന്നിവയെയും ഗുപ്ത സാമ്രാജ്യത്തേയും ഒരേ തട്ടിലാണ് ചരിത്രകാരന്മാർ തുലനം ചെയ്യുന്നത്. രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടിയിരുന്നതിനാൽ മേല്പറഞ്ഞ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ സമയം ഉണ്ടായിരുന്നു.[2] മഹാഭാരതം അതിന്റെ പൂർണ്ണമായ രൂപത്തിലേക്ക് എത്തിയത് ഗുപ്തകാലഘട്ടത്തിന്റെ അവസാനത്തോടെയായിരുന്നു.

ഗുപ്ത രാജാക്കന്മാർ മികവുറ്റ സൈനിക യോദ്ധാക്കളും ഭരണ നിപുണരുമായിരുന്നു എന്നാണു ചരിത്രം രേഖപ്പെടുത്തുന്നത്. ഹൂണന്മാരുടേതടക്കമുള്ള വൈദേശിക നുഴഞ്ഞു കയറ്റത്തെ ചെറുത്ത് സാമ്രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിൽ ഇവർ ബദ്ധശ്രദ്ധരായിരുന്നു. രാഷ്ട്രീയ സ്ഥിരത സാമ്പത്തിക അഭിവൃദ്ധിയിലേക്കും സാംസ്കാരിക ഉന്നമനത്തിലേക്കും നയിച്ചു എന്നുവേണം കരുതുവാൻ. അന്നത്തെ സാമ്പത്തികവും സാംസ്കാരികവും ആയ സ്ഥിതി ഇന്ത്യക്ക് വീണ്ടും നൽകുവാൻ കഴിയുമെങ്കിൽ അതായിരിക്കും ഇന്ത്യയിൽ ബ്രിട്ടന്റെ പരമവിജയം എന്ന് ഹാവൽ പ്രസ്താവിച്ചിട്ടുണ്ട്[1].

ഗുപ്തകാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഫാഹിയാന്റെ കുറിപ്പുകളിൽ ഗുപ്തഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്‌.[1]

ഉജ്ജയിനി, പ്രയാഗ, പാടലീപുത്രം എന്നിവയായിരുന്നു ഗുപ്തസാമ്രാജ്യത്തിലെ പ്രധാനനഗരങ്ങൾ[3]‌.

പൂർവ്വ ചരിത്രം

[തിരുത്തുക]

വടക്കേ ഇന്ത്യയിൽ കുഷാണ സാമ്രാജ്യം തകർന്നതോടെ രാഷ്ട്രീയ ശിഥിലീകരണം ക്രി.പി. നാലാം നൂറ്റാണ്ടോളം തുടർന്നു. ഇക്കാലത്താണ് ഗുപ്തന്മാരുടെ കീഴിൽ സാമ്രാജ്യ സ്ഥാപനം നടക്കുന്നത്. ഗുപ്തന്മാരുടെ പൂർവ്വകാല ചരിത്രം ഇന്നും അവ്യക്തമാണ്. വിദേശ സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്നാണ് ആദ്യ രേഖകൾ കണ്ടെത്തിയിരിക്കുന്നത്.[1] ചന്ദ്രഗുപ്തന്റെ മുൻ‍ഗാമികൾ പ്രദേശികരാജാക്കന്മാരായിരുന്നുവെന്നും അവരിൽ പ്രധാനിയായ ശ്രീ ഗുപ്തനാണ് ഗുപ്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്നാണ് വിവരണം. അദ്ദേഹം മഹാരാജ എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മകനായ ഘടോൽഖജനും അദ്ദേഹത്തോളം പ്രതാപശാലിയായിരുന്നു.

എന്നാൽ ചില പണ്ഡിതന്മാർ അഭിർ എന്ന യാദവ വംശവുമായി ഗുപ്തന്മാരെ ബന്ധപ്പെടുത്തുന്നുണ്ട്.[4] എന്നാൽ ക്രി.പി. 320-ൽ ഘടോൽഖജന്റെ പുത്രൻ ചന്ദ്രഗുപ്തൻ മഗധയിലെ സിംഹാസനം കരസ്ഥമാക്കിയതോടെയാണ് അത്രയും കാലം വിഘടിച്ചുനിന്ന വടക്കേ ഇന്ത്യയിൽ രാഷ്ട്രീയ ഏകീകരണവും, സംഘടിതമായ ഭരണക്രമവും രൂപം കൊണ്ടത്. അന്നു മുതലാണ് ഗുപ്ത സാമ്രാജ്യം എന്നറിയപ്പെടുന്നത്.

ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

എന്നാൽ ഏറെ സ്വീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരു സിദ്ധാന്തം പ്രകാരം ഗുപ്തന്മാർ ബംഗാളിൽ നിന്നാണ് ഉടലെടുത്തത്. നേപ്പാളിൽ സ്ഥാപിക്കപ്പെട്ട ‘വരേന്ദ്ര മ്രിഗശിവൻ സ്തൂപം’ ഇതിന് ശക്തമായ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീ ഗുപ്ത മഹാരാജാവ് ബംഗാളിലെ ഭരണാധികാരിയാകാനും ചന്ദ്രഗുപ്തൻ പിന്നീട് മഗധം ലിച്ഛവികളുമായുള്ള വിവാഹബന്ധം മൂലം കരസ്ഥമാക്കിയതാവാനും സാധ്യതയുണ്ട്.

ഗുപ്തരാജാക്കന്മാർ

[തിരുത്തുക]

ശ്രീ ഗുപ്ത മഹാരാജാവ്

[തിരുത്തുക]

ശ്രീ ഗുപ്ത മഹാരാജാവിനെ പറ്റി പറയത്തക്ക വിവരങ്ങൾ ലഭ്യമല്ല. ഗുപ്ത സാമ്രാജ്യത്തിന്റെ ആദ്യ രാജാവ് അദ്ദേഹമായിരുന്നു എന്നും മഹാരാജാ എന്ന സ്ഥാനപ്പേർ സ്വീകരിച്ചിരുന്നു എന്നും മുൻപ് പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് നിരവധി ചൈനീസ് തീർത്ഥാടകർ ബുദ്ധമത സ്വീകരണത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. ഇ ത്സിങ് അതിൽ പ്രമുഖനാണ്. നേപ്പാളിൽ അദ്ദേഹം ചൈനീസ് തീർത്ഥാടകർക്കായി ഒരു ക്ഷേത്രവും സത്രവും പണികഴിപ്പിച്ചിട്ടുണ്ട്. അതിലെ ശാസനങ്ങളിൽ നിന്ന് ഗുപ്തന്മാരുടെ തുടക്കത്തെപ്പറ്റി ചില രേഖകൾ ലഭിക്കുന്നു.

ഘടോൽകച ഗുപ്തൻ

[തിരുത്തുക]

280 മുതൽ 319 ക്രി.വ. വരെയായിരിക്കാം അദ്ദേഹം രാജ്യം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു. ഘടോൽകചനും മഹാരാജ എന്ന പട്ടം സ്വീകരിച്ചിരുന്നു.

ചന്ദ്രഗുപ്തൻ ഒന്നാമൻ

[തിരുത്തുക]

ഘടോൽകചന്റെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു. അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു[3]. അദ്ദേഹം ലിഛാവി വംശത്തിൽപെട്ട രാജാവിന്റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ പദവിയും ശക്തിയും വർദ്ധിച്ചു. ലിഛാവികളുടെ സഹായത്തോടെ അദ്ദേഹം ആദ്യം പാടലീപുത്രം പിടിച്ചടക്കി. ഇന്നത്തെ ബീഹാർ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെ അധീനതയിൽ അദ്ദേഹം കൊണ്ടുവന്നു. അദ്ദേഹം ക്രി.വ. 325-ൽ ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രചരിപ്പിച്ചു. എന്നാൽ ചന്ദ്രഗുപ്തന്റെ കാലത്ത് രാജശക്തി വേണ്ടപോലെ വേരോടിയിരുന്നില്ല. സമുദ്രഗുപ്തന്റെ കാലത്താണ് ഇത് സംഭവിച്ചത്.

സമുദ്ര ഗുപ്തൻ

[തിരുത്തുക]
ഗുപ്ത സാമ്രാജ്യത്തിന്റെ അതിർത്തി ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്ത്

ചന്ദ്രഗുപ്തന്റെ മരണശേഷം 335 ലാണ് സമുദ്രഗുപ്തൻ അധികാരമേറ്റത്. അദ്ദേഹത്തെയാണ് ഗുപ്ത വംശത്തിലെ ഏറ്റവും പ്രമുഖനായ രാജാവായി പരിഗണിക്കുന്നത്. നിരവധി യുദ്ധങ്ങൾ ചെയ്ത് അദ്ദേഹം സാമ്രാജ്യം വിപുലമാക്കുകയും ഉത്തരേന്ത്യ മുഴുവൻ രാഷ്ട്രീയമായി ഏകികരിക്കുകയും ചെയ്തു. ആദ്യം ഷിച്ഛത്ര, പദ്മാവതി എന്നീ രാജ്യങ്ങളും പിന്നീട് മാൾവ മഥുര എന്നിവയും കീഴടക്കി. അൻപത് വർഷത്തെ രാജ ഭരണത്തിനിടക്ക് ഇരുപതോളം രാജ്യങ്ങൾ അദ്ദേഹം തന്റെ രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നു. അദ്ദേഹം രാജസൂയം, അശ്വമേധം എന്നീ യാഗങ്ങൾ നടത്തുകയും അതിൻ പ്രകാരം സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിക്കുകയും ചെയ്തു. അദ്ദേഹം കീഴടക്കിയ രാജാക്കന്മാരിൽ ആദ്യം അയൽ രാജ്യങ്ങളിലെ രാജാക്കന്മാരായിരുന്നു. അച്യുതനാഗൻ, നാഗസേനൻ, ഗണപതിനാഗൻ എന്നീ അയൽ രാജാക്കന്മാരാണ് ആദ്യം കീഴടങ്ങിയത്.

പിന്നീട് സമുദ്രഗുപ്തൻ തെക്കോട്ട് തിരിഞ്ഞു. അവിടങ്ങളിലെ പന്ത്രണ്ട് രാജാക്കന്മാരെ കീഴടക്കി. കോസല ദേശത്തെ മഹേന്ദ്രൻ, മഹാകാന്താരത്തിലെ വ്യാഘ്രരാജൻ, കുരളത്തിലെ മന്ദരാജൻ, പിഷ്ടപൂരത്തെ മഹേന്ദ്രഗിരി, കോത്തുറയിലെ സ്വാമിദത്തൻ, എറന്തപ്പള്ളയിലെ ദമനൻ, കാഞ്ചിയിലെ വിഷ്ണുഗോപൻ, അവമുക്ത യിലെ നീലരാജൻ, വെംഗി യിലെ ഹസ്തിവർമ്മൻ, പലക്ക യീലെ ഉഗ്രസേനൻ, ദേവരാഷ്ട്രത്തിലെ കുബേരൻ, കുസ്തലപുരത്തിലെ ധനഞ്ജയൻ എന്നിവരായിരുന്നു യഥാക്രമം കീഴടങ്ങിയ രാജാക്കന്മാർ. ഈ രാജ്യങ്ങൾ തന്റെ മേൽക്കോയ്മ അംഗീകരിക്കുകയും വർഷാവർഷം കപ്പം നൽകാനും മാത്രമേ സമുദ്രഗുപ്തൻ തീരുമാനിച്ചിരുന്നുള്ളൂ. രാജ്യങ്ങൾ അതത് രാജാക്കന്മാർക്ക് തിരികെ കൊടുത്തുകൊണ്ട്, വൻ യുദ്ധങ്ങൾ അദ്ദേഹം ഒഴിവാക്കി. മിക്ക രാജാക്കന്മരും എതിർപ്പൊന്നും കൂടാതെ രാജ്യം അടിയറ വയ്ക്കുകയായിരുന്നു.

ദക്ഷിണേന്ത്യൻ വിജയങ്ങളുടെ സമയത്ത് അദ്ദേഹം ആദ്യം തോല്പിച്ച ചില രാജാക്കന്മാർ അദ്ദേഹത്തിനെതിരായി സഖ്യം ഉണ്ടാക്കുകയും അദ്ദേഹം മഗധത്തിൽ തിരിച്ചു ചെല്ലുന്ന സമയത്ത് എതിർക്കുകയും ചെയ്തു. അദ്ദേഹം ആ ഒൻപത് രാജാക്കന്മാരേയും കോശംബി യിൽ വച്ച് പരിപൂർണ്ണമായി തോല്പിച്ചു. മാത്രവുമല്ല, ദക്ഷിണോത്തര ഭാഗങ്ങൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കുവാനായി സാമ്രാജ്യത്തിലെ ദക്ഷിണ ഭാഗങ്ങളിലെ കാട്ടു പ്രദേശങ്ങൾ ആക്രമിച്ച് കീഴടക്കുകയൂം ചെയ്തു. കിഴക്കൻ അതിർത്തിയിലെ നേപ്പാളം, സമതടം, കാർത്രീപുത്രം, കാമരൂപം എന്നീ രാജ്യങ്ങളും ഗിരിവർഗ്ഗക്കാരായ മാളവർ, യൌധേയർ, മാദ്രകർ, ആഭീരന്മാർ എന്നിവരും സമുദ്രഗുപ്തന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. ശ്രീലങ്ക യിൽ നിന്നും അവിടത്തെ രാജാക്കന്മർ അദ്ദേഹത്തിന് കപ്പം നൽകിയതായി പറയുന്നു.

സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ കവിയായിരുന്ന ഹരിസേനൻ സംസ്കൃതകവിതാരൂപത്തിൽ എഴുതി അലഹബാദിലെ അശോകസ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. തന്റെ പിതാവിനെപ്പോലെത്തന്നെ സമുദ്രഗുപ്തനും മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മ കുമാരദേവി ലിച്ഛാവി ഗണത്തില്പ്പെട്ടതായിരുന്നു[3].

സാംസ്കാരിക രംഗം

[തിരുത്തുക]
ചന്ദ്രഗുപ്ത രണ്ടാമനന്റേതെന്നു കരുതപ്പെടുന്ന ചിത്രം. അജന്തയിലെ ചുവർ ചിത്രങ്ങളിൽ നിന്ന്, വേണ്ടത്ര സം‍രക്ഷണമില്ലാതെ നശിച്ചുപോവാൻ തുടങ്ങിയിരിക്കുന്നു.

സമുദ്ര ഗുപ്തൻ തന്റെ യുദ്ധങ്ങളിൽ മാത്രമല്ല മറിച്ച ശാസ്ത്ര-സാംസ്കാരിക രംഗങ്ങളിൽ കൂടിയും ശോഭിച്ചിരുന്നു. കലകളുടേയും ശാസ്ത്രങ്ങളുടേയും പ്രോത്സാഹകൻ ആയിരുന്നു അദ്ദേഹാം. അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു. കവിരാജൻ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് മന്ത്രിസഭ നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ കാലത്ത് സാങ്കേതികമായി മികവു പുലർത്തിയ നാണയങ്ങൾ പ്രചാരത്തിൽ ഉണ്ടായിരുന്നു.

അദ്ദേഹം ഒരു ഹൈന്ദവനയിരുന്നു എങ്കിലും മറ്റു മതങ്ങളോട് സഹിഷ്ണുത പുലർത്തിയിരുന്നു.

ചന്ദ്രഗുപ്തൻ രണ്ടാമൻ

[തിരുത്തുക]

ചന്ദ്രഗുപ്തൻ രണ്ടാമൻ ക്രി.വ. 375 സമുദ്ര ഗുപ്തന്റ്റെ നിര്യാണത്തെത്തുടർന്ന് അധികാരത്തിലേറി. അദ്ദേഹത്തെ വിക്രമാദിത്യൻ എന്ന ബിരുദത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ സിംഹാസനാരോഹണം ചെയ്തത് മൂത്ത സഹോദരനായ രാമഗുപ്തനായിരുന്നു എന്നും അദ്ദേഹം ശകന്മാരുടെ ശല്യം ഒഴിവാക്കാൻ അവർക്ക് പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു എന്നും, ഇതിൽ കോപിഷ്ഠനായ ചന്ദ്രഗുപ്തൻ ഭരണം പിടിച്ചു വാങ്ങുകയായിരുന്നു എന്നും വാദമുണ്ട്. എന്നാൽ ചില സാഹിത്യകൃതികളിലൊഴിച്ച് അങ്ങനെയൊരാളെക്കുറിച്ച് പരാമർശമില്ല.

ചന്ദ്രഗുപ്തൻ ഒരു വാകാടക രാജകുമാരിയെ വിവാഹം കഴിക്കുക വഴി തന്റെ ശക്തിയും സ്വാധീനവും വർദ്ധിപ്പിച്ചു. നാഗവംശത്തിലെ മറ്റൊരു രാജകുമാരിയേയും അദ്ദേഹം വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ പുത്രിയെ വാകാടക രാജാവിന് വിവാഹം കഴിച്ചു കൊടുക്കുകയുമുണ്ടായി. യുദ്ധകാര്യങ്ങളിൽ പൂർവ്വികനായിരുന്ന സമുദ്രഗുപ്തനേക്കാൾ ഒരു പൊടിക്ക് മാത്രമേ വിക്രമാദിത്യൻ പിന്നിലായിരുന്നുള്ളൂ.

വാകാടക രാജ്യത്തിന്റെ സ്ഥാനം വിക്രമാദിത്യന് ശകന്മാരെ ആക്രമിക്കാൻ ഒരു സുരക്ഷിതമായ മാർഗ്ഗമൊരുക്കിക്കൊടുത്തു. വാകാടകന്മാരുടെ സഹായവും സൗമനസ്യവും മൂലം ശകന്മാരെ തുരത്താനും മാൾവ, ഗുജറാത്ത്, സൗരാഷ്ട്രം എന്നീ പ്രദേശങ്ങൾ പിടിച്ചെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. അവസാനത്തെ ശകരാജാവായ രുദ്ര സിംഹനെ തോല്പിച്ച് വധിച്ചു. ശകന്മാരുടെ അന്തകൻ എന്നർത്ഥത്തിൽ ‘ശകാരി’ എന്ന സ്ഥാനപ്പേർ അദ്ദേഹം സ്വീകരിച്ചു.

ചന്ദ്രഗുപ്ത രണ്ടാമന്റെ കാലത്തെ നാണയങ്ങൾ.

ഗുജറാത്തും മറ്റും കീഴടക്കിയതോടെ രാജ്യം അറബിക്കടൽ വരെ വ്യാപിച്ചു. ഈജിപ്ത്, പേർഷ്യ, തുടങ്ങിയ രാജ്യങ്ങളിലൂടെ യൂറോപ്പുമായും വ്യാപാര ബന്ധത്തിൽ ഏർപ്പെടാൻ അദ്ദേഹത്തിനായി. ഇതു മൂലം അദ്ദേഹത്തിന്റെ രണ്ടാം തലസ്ഥാനമായി ഗുജറാത്തിലെ ഉജ്ജയിനി വളർന്നു. ഇത് ചുരുങ്ങിയ കാലം കൊണ്ട് ഒരു വിജ്ഞാനകേന്ദ്രമായി മാറുകയും ചെയ്തു.

ചൈനിസ് സഞ്ചാരിയായ ഫാഹിയാൻ ഇന്ത്യ സന്ദർശിച്ചത് ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്തായിരുന്നു. അദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങളിൽ നിന്ന്‌ നാടിന്റെ സമ്പത്സമൃദ്ധിയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ‘വിനയപിടകം’ എന്ന ബുദ്ധമത ഗ്രന്ഥത്തിന്റെ പ്രതികൾ അന്വേഷിച്ചും ബുദ്ധമതാവശിഷ്ടങ്ങൾ തേടിയുമാണ് അദ്ദേഹം ഇവിടേക്ക് വന്നത്. പതിനഞ്ചുവർഷത്തെ യാത്രക്കിടയിൽ ഒൻപതു വർഷവും അദ്ദേഹം ഇന്ത്യയിൽ കഴിച്ചുകൂട്ടി. ഫാഹിയാന്റെ വിവരണങ്ങൾ അധികവും അതിശയോക്തി കലർന്നതും അപൂർണ്ണവുമാണെങ്കിലും അന്നത്തെ സാമൂഹ്യ വ്യ്വസ്ഥിതിയെപറ്റി ലഭിക്കുന്ന നല്ല ഒരു രേഖയാണ്. അതിൻ പ്രകാരം ജനങ്ങൾ സമ്പന്നരും സംതൃപ്തരും ആയിരുന്നു. ശാന്തശീലരും ജന്തുഹിംസ ഇഷ്ടപ്പെടാത്തവരുമായിരുന്നു അവിടത്തുകാർ. രോഗികളേയും വൃദ്ധജനങ്ങളേയും ശുശ്രൂഷിക്കാൻ നിരവധി ആശുപത്രികൾ തുടങ്ങിയവ ഉണ്ടായിരുന്നു.

ഭരണ സം‌വിധാനം

[തിരുത്തുക]

രണ്ട് നൂറ്റാണ്ടു നിലനിന്ന ഗുപ്ത സാമ്രാജ്യത്തെ ഭരണകാലം ഹൈന്ദവ സാമ്രാജ്യപാരമ്പര്യത്തിന്റെ പ്രതീകമായാണ് കരുതപ്പെടുന്നത്. നീതിനിഷ്ഠവും കാര്യക്ഷമവുമായ ഭരണവ്യവസ്ഥ നിലവിൽ വന്നത് ഈ കാലത്താണ്.

കേന്ദ്ര ഭരണം ഒരു മന്ത്രിസഭയുടെ സഹായത്തോടെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഗുപ്തന്മാർ ഈ കേന്ദ്ര ഭരണം നേരിട്ടു നടത്തുകയും അത് ശക്തിപ്പെടുത്തുകയും ചെയ്തു. ചക്രവർത്തി കഴിഞ്ഞാൽ അടുത്ത സ്ഥാനം കിരീടാവകാശിയായ രാജകുമാരനായിരുന്നു. സാധാരണ ഗതിയിൽ മൂത്ത പുത്രനായിരുന്നു കിരീടാവകാശി ആവേണ്ടത് എന്നാൽ ചില സന്ദർഭങ്ങളിൽ രാജാവിന്റെ ഇഷ്ടം അനുസരിച്ച് ഇളയപുത്രനും കിരീടാവകാശം നല്കപ്പെട്ടു.

പലവകുപ്പുകളുടേയും തലവന്മാരായ മന്ത്രിമാരുൾപ്പെടുന്ന ഒരു മന്ത്രിസഭയാണ് ഭരണകാര്യങ്ങളിൽ രാജാവിനെ സഹായിച്ചത്. അതിൽ പ്രധാനിയായ മന്ത്രിയെ മുഖ്യ സചിവൻ എന്ന് വിളിച്ചു. മറ്റുദ്യോഗസ്ഥരിൽ പ്രമുഖർ ‘മഹാബലാധികൃതൻ‘, ‘ദണ്ഡനായകൻ‘, ‘മഹാപ്രതിഹരൻ‘, എന്നിവരായിരുന്നു. വിദേശകാര്യം യുദ്ധകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് മഹാസന്ധിവിഗ്രാഹികൻ എന്ന ഉദ്യോഗസ്ഥനായിരുന്നു.

കുമാരമാത്യന്മാർ, അയുക്തന്മാർ എന്നീ ഉദ്യോഗസ്ഥന്മാർ കേന്ദ്ര ഭരണവും ചെറിയ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്തിപ്പോന്നത്. പ്രധാനങ്ങളും അപ്രധാനങ്ങളുമായ ഭരണകാര്യങ്ങളും അവർ നടത്തിയിരുന്നു. ഭുക്തികൾ എന്നറിയപ്പെട്ടിരുന്ന സംസ്ഥനങ്ങളുടെ ഭരണം ‘ഉപാരികന്മാർ‘ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാരും ചിലപ്പോൾ മഹാരാജപുത്രദേവഭട്ടാകരന്മാർ എന്നറിയപ്പെട്ട രാജകുമാരന്മാരും നടത്തിപ്പോന്നു. ഓരോ സംസ്ഥാനങ്ങളും വിഷയങ്ങൾ എന്ന പേരിൽ ജില്ലകളായി തിരിച്ചിരുന്നു. ഓരോ വിഷയത്തിന്റേയും തലവനായി വിഷയപതി എന്ന ഉദ്യോഗസ്ഥനോ മറ്റു ചിലപ്പോൾ രാജാവിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിൽ കുമാരമാത്യനോ അയുക്തനോ നോക്കി നടത്തി. ഇത് ഇന്നത്തെ ജില്ലാ ഭരണാധികാരിക്ക് സമമാണ്. വിഷയപതിയെ സഹായിക്കാൻ ജില്ലയിൽ നാലു പ്രമുഖർ ഉൾപ്പെട്ട സമിതിയുണ്ടായിരുന്നു. ഓരോ ജില്ലയും ഗ്രാമികർ എന്നറിയപ്പെട്ടിരുന്ന തലവന്മാരുടെ കീഴിൽ ഗ്രാമങ്ങൾ ആയി വിഭജിക്കപ്പെട്ടിരുന്നു.

സാംസ്കാരിക പുരോഗതി

[തിരുത്തുക]
അജന്തയിലെ ഗുഹാചിത്രങ്ങളിലൊന്ന്

യവന ചരിത്രത്തിൽ പെരിക്ലിസിന്റേയും ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ എലിസബത്ത് രാജ്ഞി യുടേയും റോമാ ചരിത്രത്തിൽ അഗസ്റ്റസിന്റേയും കാലത്തിന് സമമായാണ് സാംസ്കാരിരംഗത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്. പ്രശസ്തമായ അജന്താ ഗുഹാക്ഷേത്രത്തിലെ 28 ഗുഹകളിൽ മിക്കവയും ഈ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്.

ബ്രാഹ്മണ മതം ആധുനിക ഹൈന്ദവ മതമായി രൂപാന്തരപ്പെട്ടതാണ് ഇക്കാലത്തെ ഒരു സവിശേഷത. വിഷ്ണു ഭക്തന്മാരായ ഗുപ്തന്മാർ അന്നു വരെ പല വിഷമഘട്ടങ്ങളേയും മറ്റു മതങ്ങളുടെ മാത്സര്യത്തേയും നേരിടേണ്ടിവന്ന ഹിന്ദുമതത്തെ പരിപോഷിപ്പിച്ചു. ഹിന്ദു മതത്തിന്റെ നവീകരണത്തിനും ഇക്കാലം സാക്ഷ്യം വഹിച്ചു. ഹിന്ദു ദൈവങ്ങൾക്ക് വിപ്ലവകരമായ മാറ്റങ്ങൾ വന്നു. പുതിയ ക്ഷേത്രങ്ങളും സ്തംഭങ്ങളും പണികഴിപ്പിക്കപ്പെട്ടു. ഇതിനാൽ ജനങ്ങൾ കൂടുതൽ ഉത്സാഹഭരിതരും ആരാധനയിൽ ശ്രദ്ധയുള്ളവരും ആയി. ബുദ്ധമതത്തിലെ പുതിയ ശാഖയായ മഹായാനം ഇക്കാലത്ത് കൂടുതൽ ഹിന്ദുത്വവത്കരിക്കപ്പെട്ടതായി. ബ്രാഹ്മണന്മാർ ബുദ്ധമതത്തെ ഹിന്ദു മതത്തിന്റെ ശാഖയായി വരെ പ്രഖ്യാപിച്ചും ബുദ്ധമതവും ഹിന്ദു മതവും കൂടുതൽ അടുക്കാനിടയായി. ബുദ്ധമതത്തിൽ വിഗ്രഹാരാധന ആരംഭിച്ചു. എന്നാൽ ഇത് പിന്നീട് വരാനിരുന്ന തകർച്ചയുടെ മുന്നോടിയായിരുന്നു.

ജൈനമതം ഇക്കാലത്ത് വൻ പുരോഗതി നേടിയില്ല എങ്കിലും നിലനിന്നിരുന്നു. എന്നാൽ മതങ്ങൾ തമ്മിലുള്ള സഹിഷ്ണുത പ്രകടമായിരുന്നു. മത വിശ്വാസത്തിന്റെ പേരിൽ ആർക്കും അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നില്ല. ഗുപ്തന്മാരുടേ സഹിഷ്ണുത നിറഞ്ഞ സമീപനം നിമിത്തം തകർച്ചയുടെ വക്കിലെത്തിയിരുന്ന ബുദ്ധമതത്തിന് ഉണർവ്വ് ലഭിച്ചിരുന്നു. അത് അവരുടെ സാഹിത്യമേഖലകളിലും പ്രതിഫലിച്ചു. നാഗർജ്ജുനൻ, വസുബന്ധു, പരമാർത്ഥൻ, ദിങ്നാഗൻ എന്നിവർ ബുദ്ധമതസാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകി.

ജാതിനിയമങ്ങൾ അത്ര കർക്കശമായിരുന്നില്ല. ഗുപ്തസാമ്രാജ്യത്തിന്റെ അവസാനകാലത്തോടെയാണ് ചാതുർവർണ്ണ്യം നിലവിൽ വന്നതെങ്കിൽ കൂടിയും മത സഹിഷ്ണുത എന്നും നിലനിന്നിരുന്നു. മിശ്ര വിവാഹങ്ങൾ സാർവ്വത്രികമായി നടന്നിരുന്നു. വിധവാ വിവാഹം അനുവദിക്കപ്പെട്ടിരുന്നു. അതിനാൽ സതി വളരെ അപൂർവ്വമായേ അനുഷ്ഠിക്കപ്പെട്ടിരുന്നുള്ളൂ. അവസാന കാലങ്ങളിൽ താഴ്ന്ന ജാതിക്കാർ അടിമകളായി ജോലി ചെയ്യേണ്ട ഒരു അവസ്ഥ നിലവിൽ വന്നു.

ഗുപ്തസാമ്രാജ്യകാലത്ത് ദില്ലിയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പ് സ്തംഭം. 1600 വർഷങ്ങൾക്കു ശേഷവും തുരുമ്പ് പിടിക്കാത്ത ഇത് ഒരു അത്ഭുതമായിത്തുടരുന്നു

ശില്പചാരുത നിറയുന്ന ക്ഷേത്രങ്ങൾ ദേവന്മാർക്കായി പണിതീർക്കുന്ന രീതിക്കു തുടക്കമിട്ടത് ഗുപ്ത കാലഘട്ടത്തിലാണെന്നു കരുതപ്പെടുന്നു. [2] പഴയ വിദേശീയ പ്രേരണകളുള്ള ശില്പകലാ സമ്പ്രദായം ഗുപ്തകാലത്ത് സ്വീകരിച്ചില്ല. പകരം ഭാരതീയ പാരമ്പര്യത്തിന്റെ പുന:പ്രകാശനമാണ് അവർ സൃഷ്ടിച്ചെടുത്തത്. ആകൃതി, മാതൃക, ചലനാത്മകത എന്നിവയിൽ ആ പാരമ്പര്യത്തിന്റെ തുടർച്ച തന്നെയാണവ അവകാശപ്പെടുന്നത്. സാരനാഥ്, മഥുരഎന്നിവിടങ്ങളിലുള്ള ബൌദ്ധ- ഹൈന്ദവ പ്രതിമകൾ ഗുപ്തകാലത്തെ വാസ്തുശില്പ വിദ്യയുടെ മാതൃകകൾ ആണ്. ദില്ലി യിലെ പ്രസിദ്ധമായ ഇരുമ്പു സ്തംഭം എന്നിവ ശില്പചാതുരിയുടെ ഉത്തമോദാഹരണങ്ങൾ ആണ്. ഗുപ്തകാലത്തെ നാണയങ്ങളുടെ സാങ്കേതിക മികവും ഇതിന് ഉദാഹരണമാണ്.

ചിത്ര രചനയിൽ ഇക്കാലത്ത് പോലും അത്ഭുതം സൃഷ്ടിക്കുന്ന രചനകൾ അന്ന് ഉണ്ടായിരുന്നു. പ്രശസ്ത്മായ അജന്താ ഗുഹാക്ഷേത്രത്തിലെ ഗുഹാചിത്രങ്ങൾ അതുല്യമായ ചിത്രരചനാ പാടവമാണ് തെളിയിക്കുന്നത്. ബാഗിലെ ഗുഹകളിലും സിലോണിലെ സിഗിറിയ എന്ന സ്ഥലത്തും ഗുപ്തകാല ചിത്രങ്ങൾ കാണപ്പെടുന്നുണ്ട്.

ഗുപ്തകാലത്തെ അത്യുജ്ജ്വലമായ സാംസ്കാരിക നവോത്ഥാനത്തിന്റെ മാറ്റൊലികൾ ഇത്യയുടെ അതിർത്തികളും കടന്ന് പല വിദേശ രാജ്യങ്ങളിലും ചെന്നെത്തി. വ്യാപാര ബന്ധങ്ങൾ ഫലമായത്രേ ബർമ്മ, കംബോഡിയ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഹൈന്ദവ, ബുദ്ധ മതങ്ങളുടെ സ്വാധീനം വളർന്നത്. ക്രി.പി. 399നും 414നുമിടയ്ക്ക് ഇന്ത്യയിലെത്തിയ ചൈനീസ് സഞ്ചാരി ലുയി കാംഗ്, ഗുപ്ത കാലഘട്ടത്തിലെ അഭിവൃദ്ധിയും സമാധാനാന്തരീക്ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഭാരതീയ സംസ്ക്കാരം ദക്ഷിണപൂർവ്വേഷ്യയിൽ പ്രവേശിക്കുകയും അവിടെ പ്രബലമായിത്തീരുകയും ചെയ്തു.

സാഹിത്യം

[തിരുത്തുക]

പാണിനിയുടെ കാലം മുതൽക്കേ അഭിവൃദ്ധിയിലേക്ക് കുതിച്ചിരുന്ന സംസ്കൃത സാഹിത്യവും ഭാഷയും അതിന്റെ ഔന്നത്യത്തിലെത്തിയത് ഗുപ്ത രാജവംശത്തിന്റെ കാലത്തായിരുന്നു. കാളിദാസൻ ആണ് ഇക്കാലത്തെ ഏറ്റവും വലിയ സാഹിത്യ പ്രതിഭ. [3] കൂടാതെ നവരത്നങ്ങൾ എന്നറിയപ്പെടുന്ന ധന്വന്തരി, ക്ഷാപാണകൻ, സംഘഭടൻ, വേതാളഭടൻ, ഘടകാഖാർപരൻ, വരാഹമിഹിരൻ, വരരുചി (പറയി പെറ്റ പന്തീരുകുലം), എന്നിവരും ചേർന്ന പ്രസിദ്ധമാഅയ ഒരു സംഘം വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. വിശാഖദത്തൻ, ഭൈരവൻ തുടങ്ങിയ മഹാകവികൾ ഈ കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. നിരവധി പുരാണങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും ഇക്കാലത്ത് വിരചിതമായി. പുരാതന കൃതികൾക്ക് അനുപമമായ വ്യഖ്യാനങ്ങൾ പിറന്നു. മുമ്പ് പാലി, അർദ്ധമഗധി, പ്രാകൃതി ഭാഷകളിൽ രചിക്കപ്പെട്ടിരുന്ന ബുദ്ധ, ജൈന സാഹിത്യ രചനകളും ഇക്കാലത്ത് സംസ്കൃതത്തിലേക്ക് മാറ്റിയെഴുതപ്പെട്ടു. വിശാഖദത്തന്റെ മുദ്രാരാക്ഷസം എന്ന ചരിത്ര നാടകം ഇക്കാലത്താണ് രചിക്കപ്പെട്ടത്. ചന്ദ്രഗുപ്ത മൗര്യന്റെ ജീവിതകാലമാണ് അതിന്റെ വിഷയം. ശൂദ്രകൻ എന്ന നാടക രചയിതാവിന്റേതായ മൃച്ഛഗഡികം, ഭാരവിയുടെ കിരാതാർജ്ജുനീയം എന്നിവയും വിശിഷ്ട കൃതികളാണ്.

ഇൻഡോ-സാസ്സാനിയൻ വ്യപാര പാതകൾ

പുരാണങ്ങളിൽ പലതും ഇന്നത്തെ നിലയിൽ രൂപം പ്രാപിച്ചത് സമുദ്രഗുപ്തന്റെ കാലത്താണ്.പഞ്ചതന്ത്രം കഥകൾ ഇക്കാലത്ത് രചിക്കപ്പെട്ടു. ഭഗവദ് ഗീതയും മഹാഭാരതവും ക്രമപ്പെടുത്തിയതും പ്രസാധനം ചെയ്തതും ഇക്കാലത്താണ്. യാജ്ഞവൽക്യൻ, നാരദൻ, കാർത്ത്യായനൻ, ബൃഹസ്പദി എന്നിവരുടെ സ്മൃതികളും കാമന്ദകന്റെ നീതിസാരവും ഹിതോപദേശകവും ഇക്കാലത്ത് രചിക്കപ്പെട്ടു എന്നത് ഗുപ്തകാലത്തിന്റെ യശസ്സ് ഹിന്ദു ചരിത്രത്തിലെക്കാലവും മായാത്തതാക്കി. ദിങ്നാഗൻ, ഭ്രദ്വാജൻ എന്നീ തർക്ക ശാസ്ത്രജ്ഞരും വാമനൻ, ജയാദിത്യൻ എന്നീ വ്യാകരണ പണ്ടിതരും ഇക്കാലത്താണ് ജീവിച്ചിരുന്നത്. [5]

ശാസ്ത്രം

[തിരുത്തുക]

വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം എന്നീ മേഖലകളിൽ നിരവധി അമൂല്യ ഗ്രന്ഥങ്ങളും ഇക്കാലത്ത് രചിക്കപ്പെട്ടു. ആര്യഭടൻ‍, വരാഹമിഹരൻ എന്നിവർ ജീവിച്ചിരുന്നതും ഈ സമയത്താണ്. മനുഷ്യന്റെ ചിന്താമണ്ഡലത്തിൽ നടന്ന ഏറ്റവും വിപ്ലവകരമായ കണ്ടുപിടിത്തങ്ങളിലൊന്നായ പൂജ്യവും ദശാംശ സിദ്ധാന്തവും അക്കാലത്തെ ശാസ്ത്രജ്ഞന്മാരുടേ നേട്ടങ്ങൾ ആണ്. ജ്യോതിശാസ്ത്ര രംഗത്തും ജ്യോതിഷത്തിലും വളരെ പുരോഗതിയുണ്ടായി. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നു എന്ന് കണ്ടുപിടിച്ചത് അക്കാലത്താണ്. നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഗലീലിയോ ഭൂമി ഉരുണ്ടതാണ് എന്ന് പ്രഖ്യാപിച്ചത് തന്നെ. ആര്യഭടൻ ഗ്രഹണങ്ങളുടെ കാരണങ്ങളും കണ്ടുപിടിച്ചിരുന്നു. ശാസ്ത്രം മനുഷ്യ നന്മക്കായി ഉപയോഗിക്കാൻ ആരംഭിച്ച കാലഘട്ടം എന്നു വേണമെങ്കിൽ അക്കാലത്തെ കുറിച്ച് പറയാം. എക്കാലത്തേയും ആരാധ്യനായ ഭിഷഗ്വരനായിരുന്ന വാഗ്ഭടൻ ഇക്കാലത്താണ് ജീവിച്ചിരുന്നത് . മറ്റു പ്രശസ്തരായ ശസ്ത്രജ്ഞരായിരുന്നു ഭാനുഗുപ്തൻ, ബ്രഹ്മഗുപ്തൻ, വരാഹമിഹിരൻ എന്നിവർ.

വ്യവസായരംഗവും ഇക്കാലത്ത് വളരെയേറെ പുരോഗതി കൈവരിച്ചിരുന്നു. ചായപ്പണി, ഊറക്കിടൽ, സോപ്പ് നിർമ്മാണം, സ്ഫടികനിർമ്മാണം, സിമന്റ് നിർമ്മാണം എന്നിവയിൽ ലോകത്തിൽ ഏറ്റവും മികച്ചവരായിരുന്നു ഇക്കാലത്തെ ഭാരതീയർ[6].

സാമ്രാജ്യത്തിന്റെ അധഃപതനം

[തിരുത്തുക]
ആര്യഭടന്റെ പ്രതിമ പൂനെയിലെ IUCAA ഇൽ

സ്കന്ദ ഗുപ്തന്റെ മരണശേഷം ഒരു ശതകത്തോളം ഗുപ്ത സാമ്രാജ്യം നിലനിന്നു. എങ്കിലും പുരുഗുപ്തൻ, നരസിംഹ ഗുപ്തൻ, കുമാരഗുപ്തൻ രണ്ടാമൻ എന്നിവരുടെ ഭരണകാലത്ത് സാമ്രാജ്യ ശേഷി ചുരുങ്ങി വരികയായിരുന്നു. മുൻ കാലങ്ങളിൽ മൗര്യ സാമ്രാജ്യത്തിന് സംഭവിച്ച അതേ കാരണങ്ങൾ തന്നെയാണ് ഇവിടേയും വിനയായിത്തീർന്നത്. പലകാരണങ്ങൾ ഇതിന് പിന്നിൽ ഉണ്ട്.

ചക്രവർത്തിയുടെ ശേഷിക്കുറവ്

[തിരുത്തുക]

ഗുപ്തന്മാരുടേത് പോലെ ബൃഹത്തായ ഒരു സാമ്രാജ്യം ശക്തനായ ഒരു ചക്രവർത്തിയുടെ കീഴിൽ മാത്രമേ ഭദ്രമായിരിക്കുകയുള്ളു. അതിന് ദീർഘവീക്ഷണവും കഴിവും ആവശ്യമാണ്. പിൽക്കാല ഗുപ്തരാജാക്കന്മാർ അശക്തരും ദീർഘ വീക്ഷണമില്ലാത്തവരും ആയിരുന്നു. ഇത് അധഃപതനം അനിവാര്യമാക്കിത്തീർത്തു. അക്കാലത്ത് വ്യവസ്ഥാപിതമായ പിന്തുടർച്ചാ നയം ഇല്ലായിരുന്നു. മൂത്തവരുടെ അവകാശം അവഗണിച്ച് ഇളയവർ രാജാവാകാൻ തുടങ്ങിയതോടെ അഭ്യന്തരമായ കുടുംബ പ്രശ്നങ്ങൾക്ക് വഴിതെളിഞ്ഞു. പല രാജാക്കന്മാരും ബഹുഭാര്യാത്വം സ്വീകരിച്ചിരുന്നതിനാൽ അവകാശികളുടെ എണ്ണം കൂടി വന്നു. രാജകൊട്ടാരത്തിൽ തന്നെ പടയൊരുക്കങ്ങളും അട്ടിമറി ശ്രമങ്ങളും നിലനിന്നിരുന്നു.

വ്യാപാരത്തകർച്ച

[തിരുത്തുക]

ഗുപ്തകാലത്ത് വിദേശങ്ങളുമായി നല്ല വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നത് പിൽക്കാലത്ത് മന്ദീഭവിച്ചു. ആദ്യമെല്ലാം പട്ടുകളും മറ്റും പൂർവ്വ റോമാ സാമ്രാജ്യത്തിലേക്ക് കയറ്റി അയക്കപ്പെട്ടിരുന്നത് ആറാം നൂറ്റാണ്ടായതോടെ ചൈനക്കാരിൽ നിന്ന് പട്ടു നൂൽ ഉത്പാദനം സ്വായത്തമാക്കിയതോടെ നിലച്ചു പോകുകയായിരുന്നു. മാത്രവുമല്ല പശ്ചിമേന്ത്യയിലെ പട്ടുനൂൽ കച്ചവടക്കാർ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാനും തുടങ്ങിയത് ഇതിന് പ്രതികൂലമായിത്തീർന്നു.

ഭൂവുടമകളായ ബ്രാഹ്മണന്മാരുടെ ആവിർഭാവം പ്രദേശിക കർഷകരെ സാരമായി ബാധിച്ചു. ഇത് ജന്മിത്ത വ്യവസ്ഥ വളരാൻ സഹായിച്ചു. കർഷകർ അവരുടെ പരിശ്രമത്തിന്റെ അത്യന്തിക ഫലം അനുഭവിക്കാൻ കഴിയാത്തവരായി.

സമൂഹികമായ മാറ്റങ്ങൾ

[തിരുത്തുക]

ബ്രാഹ്മണർക്ക് ലഭിച്ച ഭൂദാനങ്ങൾ വഴി അവർ സമ്പന്നരായിത്തീർന്നു. ബ്രാഹ്മണമേധാവിത്വം ശക്തിപ്പെട്ടു. ആരംഭത്തിൽ വൈശ്യരായിരുന്ന ഗുപ്തന്മാരെ അവർ ക്ഷത്രിയരായിക്കോണ്ടാടി. അതു വഴി രാജപ്രീതി പിടിച്ചു പറ്റിയ അവർ നിരവധി അവകാശങ്ങൾ സ്വായത്തമാക്കി. നിരവധി ഉപജാതികളുടെ ആവിർഭാവത്തോടെ ജാതി വ്യവസ്ഥ കൂടുതൽ സങ്കീർണ്ണമായിത്തീർന്നു. വിദേശികൾ ഇന്ത്യൻ സമൂഹത്തിൽ ലയിച്ചു. അവർക്കെല്ലാം ക്ഷത്രിയ പദവി നൽകപ്പെട്ടു. വൈദേശീയരായ ഹൂണന്മാർ 36 രജപുത്ര ഗോത്രങ്ങളായി കരുതപ്പെട്ടു. ചാതുർവണ്ണ്യത്തിൽ അധിഷ്ഠിതമായി ജോലികളും മറ്റാചാരങ്ങളും വിഭജിക്കപ്പെട്ടു. ശൂദ്രന്മാർ പൊതുവേ കർഷകരായി കണക്കാക്കപ്പെട്ടു. എന്നാൽ ആറാം നൂറ്റാണ്ടോടുത്തതോടെ പല അയോഗ്യതകളും കല്പിക്കപ്പെട്ടും തൊട്ടുകൂടായ്മ, തീണ്ടൽ എന്നീ ആചാരങ്ങൾ നാമ്പിട്ടു. ഇത് സാമൂഹികമായി അഭ്യന്തര പ്രശ്നങ്ങൾക്കും വഴിതെളിച്ചു.

മത നയം

[തിരുത്തുക]

ഒടുവിലത്തെ ഗുപ്തന്മാർ ബുദ്ധമതത്തെ അതിരു കവിഞ്ഞ് പ്രോത്സാഹിപ്പിച്ചതു മൂലം ബ്രാഹ്മണരുടെ എതിർപ്പ് വിളിച്ചുവരുത്തി. സൈനിക ശക്തി ക്ഷയിക്കാനും അഭ്യന്തര കുഴപ്പങ്ങൾ തുടങ്ങാനും ഇത് കാരണമായി.

യുദ്ധങ്ങൾ

[തിരുത്തുക]

സാമ്പത്തിക കുഴപ്പങ്ങൾ സൈന്യത്തിന്റെ വീര്യം ഊതിക്കെടുത്തി. വളരെക്കാലം സമാധാനം നിലനിന്നിരുന്നത് വലിയ ഒരു സൈന്യത്തെ പോറ്റുന്നത് ആവശ്യമില്ലാതായി. ഇത് സൈന്യത്തിന്റെ ശമ്പളം കുറക്കാൻ കാരണമായി. ചെറിയ നാടുവാഴികളും സാമന്ത രാജാക്കന്മാരും സ്വാതന്ത്ര്യത്തിനായി ചെറുത്ത് നില്പ് തുടങ്ങി. പുഷ്യാമിത്രന്മാർ. ഹൂണന്മാർ. ശകന്മാർ എന്നിവരുമായി നടത്തിയ യുദ്ധങ്ങൾ സാമ്പത്തിക ഭദ്രത തകർത്തിരുന്നു. മാൾവയിലേ യശോധർമ്മനേപ്പോലുള്ളവർ കേന്ദ്ര ഭരണത്തിന്റെ അധികാരത്തെ വെല്ലുവിളിച്ച് സ്വാതന്ത്ര്യം നേടി. പലരാജാക്കന്മാരും കപ്പം കൊടുക്കുന്നത് നിർത്തി. അതിർത്തികൾ സുരക്ഷിതമാക്കാത്തതിനാൽ ഹൂണന്മാർ നുഴഞ്ഞുകയറി രാജ്യത്തെ ആക്രമിച്ചു. സ്കന്ദ ഗുപ്തൻ ഹൂണന്മാരെ സമർത്ഥമായി നേരിട്ടുവെങ്കിലും പിൻ‍ഗാമികൾ പരാജയപ്പെടുകയാണ് ഉണ്ടായത്. മാൾവ യിൽ തേരമാനൻ അധികാരം സ്ഥാപിക്കുകയും ഹൂണന്മാർ ആറാം നൂറ്റാണ്ടോടെ വടക്കേ ഇന്ത്യയിൽ പ്രവേശിക്കുകയും ചെയ്തതോടെ ഗുപ്ത സാമ്രാജ്യത്തിന്റെ പതനം ഏതാണ്ട് പൂർത്തിയായിരുന്നു.



ഇന്ത്യയിലെ മധ്യകാല സാമ്രാജ്യങ്ങൾ
കാലഘട്ടം: ഉത്തര സാമ്രാജ്യങ്ങൾ ദക്ഷിണ സാമ്രാജ്യങ്ങൾ ഉത്തര-പശ്ചിമ സാമ്രാജ്യങ്ങൾ

 ആറാം ശതകം ക്രി.മു.
 അഞ്ചാം ശതകം ക്രി.മു.
 നാലാം ശതകം ക്രി.മു.

 മുന്നാം ശതകം ക്രി.മു.
 രണ്ടാം ശതകം ക്രിമു.

 ഒന്നാം ശതകം ക്രിമു.
 ഒന്നാം ശതകം ക്രി.വ.


 രണ്ടാം ശതകം
 മൂന്നാം ശതകം
 നാലാം ശതകം
 അഞ്ചാം ശതകം
 ആറാം ശതകം
 ഏഴാം ശതകം
 എട്ടാം ശതകം
 ഒൻപതാം ശതകം
പത്താം ശതകം
പതിനൊന്നാം ശതകം



















(അഖാമേനിയൻ ഭരണം)
(ഗ്രീക്ക് ആധിപത്യം)





(ഇസ്ലാമിക ആധിപത്യം)

(മുസ്ലീം സാമ്രാജ്യങ്ങൾ)

edit


അവലംബം

[തിരുത്തുക]

ഭാരത ബൃഹച്ചരിതം- പ്രാചീന ഭാരതം- ഒന്നാം ഭാഗം. (രണ്ടാം പതിപ്പ്) എഴുതിയത്. ആർ.സി. മജുംദാറും മറ്റും; , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള ജൂൺ 1995.

  1. 1.0 1.1 1.2 Azhikode, Sukumar (1993). "1-ഭാരതം യുഗാന്തരങ്ങളിലൂടെ". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 26, 27. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. പ്രൊ: കെ. കുഞ്ഞിപ്പക്കി; പ്രൊ: പി.കെ. മുഹമ്മദ് അലി; ഇന്ത്യാ ചരിത്രം (ഒന്നാം ഭാഗം). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള. ജൂലൈ 1998
  3. 3.0 3.1 3.2 "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 111–114. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. ഹിന്ദുത്വ വിജ്ഞാനകോശം ശേഖരിച്ച തിയ്യതി 2007 മാർച്ച് 8
  5. പഞ്ച തന്ത്രം കഥകൾ, ശേഖരിച്ച തിയ്യതി 2007 മാർച്ച് 09
  6. സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 83. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)

കുറിപ്പുകൾ

[തിരുത്തുക]
  • ^ The Chinese traveller I Ching provides the first evidence of the Gupta kingdom in Magadha. He came to India in 672 CE and heard of Maharaja Sri-Gupta who built a temple for Chinese pilgrims near Mrigasikhavana. I-tsing gives the date for this event merely as '500 years before'. This does not match with other sources and hence we can assume that I-tsing's computation was a mere guess.
  • ^ “ഭാരതീയ കവിതയെ സംബന്ധിച്ചിടത്തോളം കാളിദാസന്റെ നാമം സർവോപരിയായി നിലകൊള്ളുന്നു. കാളിദാസകവിതയെന്നു പറഞ്ഞാൽ ഭാരതീയ കവിതകളുടെ ഉജ്ജ്വലമായ ഒരു സംഗ്രഹമാണ്. ഭാരതത്തിലെ നാടക പ്രസ്ഥാനവും ഐതിഹാസിക കാവ്യ പ്രസ്ഥാനവും ആ ദിവ്യമായ ധിഷണയുടെ ശക്തിയേയും ഒതുക്കത്തേയും ഇന്നും സാക്ഷ്യപ്പെടുത്തുന്നു” എന്ന് പ്രഫസർ സിൽവെയൻ ലെവി. പ്രതിപാദിച്ചിരിക്കുന്നത് ഇന്ത്യാ ചരിത്രം (ഒന്നാം ഭാഗം). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  • ^ ഗുപ്തന്മാരുടെ കല നലും അഞ്ചും ശതാത്ബദങ്ങളിലുത്തരേന്ത്യയിൽ ജീവിച്ചിരുന്ന ജനങ്ങളുടെ ആദർശങ്ങളിലും ആശയങ്ങളിലും വന്ന പരിവർത്തന ഫലമായുണ്ടായതാണ്. ഈ നവോത്ഥ്ഹനം പഴമയിൽ അധിഷ്ഠിതവും വിദേശീയ പ്രേരണകളെ പിന്തള്ളിയതും ഭാരതീയവും നവ്യത നിരഞ്ഞതുമായിരുന്നു.
"https://ml.wikipedia.org/w/index.php?title=ഗുപ്തസാമ്രാജ്യം&oldid=4081862" എന്ന താളിൽനിന്ന് ശേഖരിച്ചത്