മാൽക്കം എക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാൽക്കം എക്സ്
Malcolm X NYWTS 2a.jpg
മാൽക്കം എക്സ്
1964 ൽ എടുത്ത ചിത്രം
ജനനം മാൽക്കം ലിറ്റിൽ
1925 മേയ് 19(1925-05-19)
ഒമാഹ,അമേരിക്ക
മരണം 1965 ഫെബ്രുവരി 21(1965-02-21) (പ്രായം 39)
ന്യൂയോർക്ക്, അമേരിക്ക
മരണകാരണം
വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു
ശവകുടീരം ഫെൺക്ലിഫ് സെമിത്തേരി
മറ്റ് പേരുകൾ അൽഹാജ് മാലിക് അൽഷഹബാസ്
സംഘടന നാഷൻ ഓഫ് ഇസ്ലാം,
മുസ്ലിം മോസ്ക് ഇൻ.
ഒർഗനൈസേഷൻ ഓഫ് ആഫ്രോ അമേരിക്കൻ യൂണിറ്റി
പ്രസ്ഥാനം ബ്ലാക് നാഷനലിസം,
പാൻ ആഫ്രികനിസം
മതം നാഷൻ ഓഫ് ഇസ്ലാം,
പിന്നീട് ഇസ്ലാം
ജീവിത പങ്കാളി(കൾ) ബെറ്റി (വിവാഹം- 1955)
കുട്ടി(കൾ) അതാല്ലാഹ് ഷഹബാസ്
ഖിബില ഷഹബാസ്
ഇല്യാസാ ഷഹബാസ്,
ജമീല ഷഹബാസ്
മലികാ ഷഹബാസ്
മലാക് ഷഹബാസ്
മാതാപിതാക്കൾ ഏൾ ലിറ്റിൽ
ലൂസി നോർടൻ ലിറ്റിൽ
ഒപ്പ്
Malcolm X Signature.svg

ഒരു ആഫ്രോ അമേരിക്കൻ സാമൂഹ്യപ്രവർത്തകനായിരുന്നു മാൽക്കം എക്സ് എന്നറിയപ്പെടുന്ന മാൽക്കം ലിറ്റിൽ May 19, 1925 – February 21, 1965). ഇദ്ദേഹം അൽഹാജ് മാലിക് അൽ ശഹ്ബാസ് (Arabic: الحاجّ مالك الشباز‎) എന്ന പേരിലും അറിയപ്പെടുന്നു. അമേരിക്കയിൽ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിത്വമായി അദ്ദേഹത്തെ വിലയിരുത്തുന്നവരുണ്ട്. കറുത്തവർക്കെതിരായ വിവേചനത്തെതിരെ സമരം നടത്തിയ മഹാൻ എന്ന് അനുയായികളാൽ വാഴ്ത്തപ്പെടുമ്പോൾ, എതിരാളികളാൽ വംശീയവാദി എന്നാരോപിക്കപ്പെടുന്നു.

തികച്ചും അനാഥനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം, മാൽക്കമിന് ആറു വയസ്സുള്ളപ്പോൾ പിതാവ് കൊല്ലപ്പെട്ടു, മാൽക്കമിന്റെ പതിമൂന്നാമത്തെ വയസ്സിൽ മാതാവ് മനോരോഗം മൂലം ആശുപത്രിയിൽ ചികിത്സയിലായി. അനാഥാലായത്തിലായിരുന്നു മാൽക്കം പിന്നീട് വളർന്നത്. 1946 മോഷണക്കുറ്റത്തിനു ജയിൽവാസമനുഭവിക്കേണ്ടി വന്നു. തടവറയിൽ വച്ച് നാഷൻ ഓഫ് ഇസ്ലാമുമായി ബന്ധപ്പെട്ട അദ്ദേഹം, 1952 മുതൽ സംഘടനയുടെ നേതൃനിരയിലേക്ക് പ്രവേശിച്ചു. നാഷൻ ഓഫ് ഇസ്‌ലാമിന്റേത് സങ്കുചിതമായ വംശീയചിന്തയാണെന്ന് ആരോപിച്ച മാൽക്കം പിന്നീട് പ്രസ്ഥാനത്തോട് വിടപറഞ്ഞു.[1]

ആഫ്രിക്കൻ, അറബ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ ഇസ്ലാമിലെ മതവിഭാഗമായ സുന്നിയിൽ ആകൃഷ്ടനായ മാൽക്കം പിന്നീട് ഇതിന്റെ പ്രചാരകനായി. 1965 നാഷൻ ഓഫ് ഇസ്ലാം പ്രവർത്തകരുടെ വെടിയേറ്റ് മാൽക്കം അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ആണ് ആത്മകഥയായ ദ ഓട്ടോബയോഗ്രഫി ഓഫ് മാൽക്കം എക്സ്, പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ സംസ്കാരത്തെ വളരെയധികം സ്വാധീനിച്ച ഒരു പുസ്തകമായി ഇത് വിലയിരുത്തപ്പെടുന്നു.[2]

ആദ്യകാല ജീവിതം[തിരുത്തുക]

ന്യൂയോർക്ക് സിറ്റിയിലെ മാൽക്കം എക്സ് റോഡ്

ക്രിസ്ത്യൻ സുവിശേഷ പ്രസംഗകനും അമേരിക്കയിലെ കറുത്തവരെ ആഫ്രിക്കയിലേക്കു തിരിച്ചുകൊണ്ടു പോകണമെന്ന് (Back to Africa) വാദിക്കുന്ന പ്രസ്ഥാനത്തിന്റെ നേതാവുമായ ഏൾ ലിറ്റിലിന്റെയും ലൂസി നോർടൺ ലിറ്റിലിന്റെയും മകനായി അമേരിക്കയിലെ ഒമഹയിലാണ് മാൽക്കം ജനിച്ചത്[3]. ഈ ദമ്പതികളുടെ ഏഴു മക്കളിൽ നാലാമനായാണ് മാൽക്കം ജനിച്ചത്. വെള്ളക്കാരിലെ തീവ്രവാദ സംഘടനയായ കു ക്ലക്സ് ക്ലാന്റെ തുടർച്ചയായ ഭീഷണികളും, ഉപദ്രവങ്ങളും കാരണം ഈ കുടുംബത്തിന് വളരെ പെട്ടെന്നു തന്നെ പലതവണ താമസം മാറേണ്ടി വന്നു.[4] 1929 ൽ ബ്ലാക്ക് ലീജിയൻ എന്ന സംഘത്തിൽപ്പെട്ടവർ ഏൾ ലിറ്റിലിന്റെ വീട് അഗ്നിക്കിരയാക്കി.[5] തന്റെ പിതാവിന്റെ മൂന്നു സഹോദരങ്ങളെ ഇതേ സംഘത്തിൽപ്പെട്ടവർ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് മാൽക്കം പിന്നീട് പറഞ്ഞിട്ടുണ്ട്.[6]

കു ക്ലക്സ് ക്ലാൻ സംഘത്തിന്റെ വെടിയേറ്റ് ഏൾ കൊല്ലപ്പെട്ടു, പിതാവിന്റെ മരണം മാൽക്കമിനെ വല്ലാതെ ഉലച്ചു.[7] ഏൾ ലൂയിസിന്റെ മരണം ഒരു ആത്മഹത്യയാണെന്നു പറഞ്ഞ് ഇൻഷുറൻസ് കമ്പനികളിലൊന്ന് നഷ്ടപരിഹാരം തരാൻ വിസമ്മതിച്ചു, മറ്റൊരു കമ്പനി തീരെ ചെറിയ തുകകളായിട്ടാണ് നഷ്ടപരിഹാരം തരാൻ തയ്യാറായത്.[8][9] ഭർത്താവിന്റെ മരണം കൊണ്ട് തകർന്നു പോയ ലൂയിസിനെ 1938 ൽമനോരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മ കൂടി ഇല്ലാതായതോടെ, വേർപിരിഞ്ഞുപോയ കുട്ടികൾ അനാഥാലയങ്ങളിലാണ് ചെന്നു പെട്ടത്.

പഠിക്കാൻ വളരെ മിടുക്കനായിരുന്ന മാൽക്കം എന്നാൽ ഒരു വെള്ളക്കാരനായ അദ്ധ്യാപകൻ കാരണം പഠനം ഉപേക്ഷിക്കുകയായിരുന്നു. പഠിച്ച് ഒരു അഭിഭാഷകനാവണമെന്നായിരുന്നു മാൽക്കമിന്റെ ആഗ്രഹമെങ്കിലും, ഒരു നീഗ്രോ അഭിഭാഷകനാവുന്ന കാര്യം ഇന്നത്തെ സാഹചര്യത്തിൽ ചിന്തിക്കാൻ പോലുമാവില്ല എന്നു പറഞ്ഞ് ഈ അദ്ധ്യാപകൻ മാൽക്കമിനെ പിന്തിരിപ്പിക്കുകയായിരുന്നു.[10]

14 വയസ്സു മുതൽ 21 വരെയുള്ള കാലഘട്ടത്തിൽ മാൽക്കം ബോസ്റ്റൺ നഗരത്തിലായിരുന്നു, അവിടെ തന്റെ അർദ്ധ സഹോദരിയുടെ കൂടെയായിരുന്നു താമസം.[11][12] അവിടെ നിന്ന് ഹാർലെം നഗരത്തിലേക്ക് മാറിയ മാൽക്കം മയക്കുമരുന്നിന്റെ വില്പനയും ഉപയോഗവും ഗുണ്ടായിസവും എല്ലാം കൈകാര്യം ചെയ്യുന്ന അധോലോക പ്രവർത്തകനായി വളരെ പെട്ടെന്ന് തന്നെ അദ്ദേഹം മാറി.[13][14]

1945 ൽ തിരികെ ബോസ്റ്റണിലേക്കു വന്ന മാൽക്കം വീണ്ടും കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞു. സമ്പന്നരായ വെള്ളക്കാരുടെ വീട്ടിൽ മോഷണം നടത്തിയതിന് അറസ്റ്റിലായി, 1946 ഫെബ്രുവരിയിൽ ജയിലിലായി. ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി മാൽക്കത്തിനെ 10 വർഷം തടവിന് ശിക്ഷിച്ചു.[15]

നേഷൻ ഓഫ് ഇസ്ലാം[തിരുത്തുക]

ജയിൽ ജീവിതം[തിരുത്തുക]

ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ[16] മാൽക്കം, ജോൺ ബെംമ്പ്രി എന്ന സഹ തടവുകാരന്റെ നിർബന്ധത്തിനു വഴങ്ങി വായന ഒരു ശീലമാക്കുന്നു.[17] ജോൺ ബെംബ്രിയുടെ പ്രേരണകൊണ്ട് നേഷൻ ഓഫ് ഇസ്ലാമിന്റെ സ്ഥാപകനായ എലിജാ മുഹമ്മദിനെ കാണുന്നതോടെയാണ് ,അദ്ദേഹത്തിന്റെ ജീവിതം മാറുന്നത്. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ അദ്ദേഹത്തിന്റെ സഹോദരങ്ങൾ ഒരുപാട് പ്രേരണ ചെലുത്തിയിട്ടുണ്ട്. അമേരിക്കയിലെ കറുത്തവർഗ്ഗക്കാരെ സ്വാശ്രയത്തോടെ ജീവിക്കാൻ കെൽപ്പുള്ളവരാക്കാനും, അവരെ സ്വന്തം നാടായ ആഫ്രിക്കയിലേക്കു പറിച്ചു നടുവാനും, നേഷൻ ഓഫ് ഇസ്ലാമിലൂടെ സാധിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങൾ മാൽക്കമിനോട് കത്തുകളിലൂടെ പറഞ്ഞു മനസ്സിലാക്കി.[18] ജയിൽ ജീവിതത്തിൽ വെച്ച് മാൽക്കം, പന്നിയിറച്ചി കഴിക്കുന്നത് നിറുത്തുകയും, പുകവലി എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തു.[19] തന്റെ ഭൂതകാലത്തിൽ വെള്ളക്കാരുമായുള്ള ബന്ധങ്ങളിൽ, അത്യാഗ്രഹവും, അനീതിയും, വെറുപ്പും, പകയും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് മാൽക്കം നേഷൻ ഓഫ് ഇസ്ലാമിന്റെ പഠനങ്ങളിലൂടെ തിരിച്ചറിഞ്ഞു.[20]

1940 കളുടെ അവസാനത്തിൽ, മാൽക്കം എലിജാ മുഹമ്മദിനെ നേരിട്ടു ബന്ധപ്പെട്ടു, ഭൂതകാലത്തെ മറക്കാനും, മോശം ജീവിതത്തിലേക്ക് ഇനിയൊരിക്കലും കടക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്യാനും എലിജാ മാൽക്കമിനോടാവശ്യപ്പെട്ടു.[21] അധികം വൈകാതെ മാൽക്കം നേഷൻ ഓഫ് ഇസ്ലാമിൽ അംഗത്വം സ്വീകരിച്ചു. ഇക്കാലയളവിൽ തന്റെ ജയിൽ ദിനങ്ങൾ കടന്നു പോകുന്നത് താൻ അറിഞ്ഞിരുന്നേയില്ല എന്നാണ് മാൽക്കം പിന്നീട് തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് നാഷന്റെ തീപ്പൊരി പ്രസംഗകനായി[22] മാറിയ മാൽക്കം കറുത്തവർക്കിടയിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. അക്കാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ വെള്ളക്കാരെ കടുത്ത ഭാഷയിൽ വിമർശിക്കുമായിരുന്നു.

സംഘടനയിലെ ഉയർച്ച[തിരുത്തുക]

1952 ൽ ജയിലിൽ നിന്നും പരോൾ ലഭിച്ചപ്പോൾ, മാൽക്കം ചിക്കാഗോയിൽചെന്ന് എലീജാ മുഹമ്മദിനെ സന്ദർശിച്ചു.[23][24] 1953 ൽ ഡിട്രോയിറ്റിലുള്ള ഒന്നാം നമ്പർ ദേവാലയത്തിലെ അസിസ്റ്റന്റ് മിനിസ്റ്ററായി മാൽക്കം അവരോധിക്കപ്പെട്ടു. [25] ആ വർഷമവസാനം ബോസ്റ്റണിൽ നാഷൺ ഓഫ് ഇസ്ലാമിന്റെ പതിനൊന്നാമത്തെ ദേവാലയം മാൽക്കമിന്റെ നേതൃത്വത്തിൽ പടുത്തുയർത്തി.[26] 1954 ൽ ഫിലാഡൽഫിയയിലുള്ള ദേവാലയം വലുതാക്കി.[27] രണ്ടു മാസങ്ങൾക്കുശേഷം, ഹാർലെമിലുള്ള ഏഴാം നമ്പർ ദേവാലയത്തിന്റെ നേതാവായി മാൽക്കമിനെ തിരഞ്ഞെടുത്തു.[28] ഹാ ർലെമിൽ സംഘടനയിൽ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനായി മാൽക്കം കഠിനപ്രയത്നം തന്നെ നടത്തി.[29] വരും വർഷങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നേഷൻ ഓഫ് ഇസ്ലാമിന്റെ ദേവാലയങ്ങൾ മാൽക്കത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. ഓരോ മാസവും, നിരവധി യുജവജനങ്ങൾ സംഘടനയിലെ അംഗങ്ങളാവാൻ വന്നെത്തി.[30]

വിവാഹം, കുടുംബം[തിരുത്തുക]

1955 ൽ ബെറ്റി സാൻഡേഴ്സ് എന്ന നേഴ്സ് മാൽക്കം എക്സിനെ അദ്ദേഹത്തിന്റെ സമ്മേളനങ്ങളിൽ ഒന്നിൽ വെച്ച് കണ്ടു മുട്ടുന്നു, വൈകാതെ മാൽക്കമിന്റെ പ്രസംഗങ്ങളിൽ സ്ഥിരം ശ്രോതാവായി ബെറ്റി മാറി. 1956 ൽ ബെറ്റി നേഷൻ ഓഫ് ഇസ്ലാമിൽ ചേരുകയും, തന്റെ പേര് ബെറ്റി എക്സ് എന്നാക്കി മാറ്റുകയും ചെയ്തു.[31] 1958 ജനുവരിയിൽ മാൽക്കവും, ബെറ്റിയും വിവാഹിതരായി.[32] ഒരു ഇരട്ടക്കുട്ടികളുൾപ്പട്ടെ ഈ ദമ്പതികൾക്ക് ആറു പെൺകുട്ടികളാണുള്ളത്.[33]

ജോൺസൺ ഹിന്റൺ സംഭവം[തിരുത്തുക]

ജോൺസൺ ഹിന്റൺ സംഭവത്തിലൂടെയാണ് മാൽക്കം അമേരിക്കൻ ജനതയുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഒരു കറുത്ത വർഗ്ഗക്കാരനെ ക്രൂരമായി തല്ലിച്ചതച്ചുകൊണ്ടിരുന്ന ന്യൂയോർക്ക് പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ ഹിന്റണും രണ്ടു സുഹൃത്തുക്കളും ചോദ്യം ചെയ്യുകയും, അതിന്റെ ഫലമായി പോലീസുദ്യോഗസ്ഥർ ഹിന്റണെ അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.[34][35] ദൃക്സാക്ഷികൾ പറഞ്ഞറിഞ്ഞ് മാൽക്കവും, നേഷൻ ഓഫ് ഇസ്ലാമിലെ കുറച്ചു പ്രവർത്തകരും, ഹിന്റണെ കാണണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിലേക്കു ചെന്നുവെങ്കിലും, ആദ്യം ഹിന്റണെ കാണാൻ അധികാരികൾ മാൽക്കമിനേയും, സഹപ്രവർത്തകരേയും സമ്മതിച്ചില്ല. എന്നാൽ പുറത്തു തടിച്ചു കൂടിക്കൊണ്ടിരിക്കുന്ന നേഷൻ ഓഫ് ഇസ്ലാം പ്രവർത്തകരെ കണ്ട്, ഹിന്റണെ കാണാൻ മാൽക്കമിനെ അനുവദിക്കുകയും, പിന്നീട് മാൽക്കമിന്റെ അഭ്യർത്ഥനയനുസരിച്ച് ഗുരുതരമായി മർദ്ദനമേറ്റ ഹിന്റണെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പോലീസധികാരികൾ സമ്മതിക്കുകയും ചെയ്തു.[36][37] ഇതിനിനിടെ നാലായിരത്തോളം പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിലായി തടിച്ചുകൂടിയിരുന്നെങ്കിലും, അവർ സമാധാനപരമായി തങ്ങളുടെ പ്രതിഷേധമറിയിക്കുകയായിരുന്നു.[38] ഹിന്റണ് ആവശ്യമായ വൈദ്യസഹായം ലഭിച്ചുവെന്ന് ഉറപ്പാക്കി, ഹിന്റൺന്റെ കൂടെയുണ്ടായിരുന്നവർക്ക് ജാമ്യവും ലഭിച്ചതോടെ, പുറത്തു തടിച്ചുകൂടിയിരുന്ന പ്രവർത്തകരോട് പിരിഞ്ഞുപോവാൻ ഒരു കൈ ആംഗ്യത്തിലൂടെ മാൽക്കം ആവശ്യപ്പെടുകയായിരുന്നു.[39] മാൽക്കമിന്റെ നിർദ്ദേശം കിട്ടിയതോടെ, പ്രവർത്തകർ നിശ്ശബ്ദരായി പിരിഞ്ഞുപോയി. ഇത്രയധികം ആജ്ഞാശക്തിയുള്ള മറ്റൊരു മനുഷ്യനെ കണ്ടിട്ടില്ല എന്നാണ് ഈ സംഭവത്തെക്കുറിച്ച് പിറ്റേ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.[40][41]

ഹിന്റണെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് മാൽക്കം, പോലീസ് കമ്മീഷണർക്ക് ഒരു ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. ഈ സംഭവത്തോടെ, അമേരിക്കൻ പോലീസിന്റെ ചാരന്മാർ നേഷൻ ഓഫ് ഇസ്ലാം സംഘടനയിൽ നുഴഞ്ഞു കയറി ചാരപ്രവർത്തനം നടത്താൻ തുടങ്ങി[42].

ഉയരുന്ന പ്രാധാന്യം[തിരുത്തുക]

1950 കളുടെ അവസാനത്തിലാണ് അദ്ദേഹം മാൽക്കം ഷാബാസ് അല്ലെങ്കിൽ മാലിക്-എൽ-ഷാബാസ് എന്നറിയപ്പെടാൻ തുടങ്ങിയത്. മാൽക്കം എക്സ് എന്ന പേരിലും അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നു.[43] ദൃശ്യ, ശ്രവ്യ, പത്രമാധ്യമങ്ങളിലെല്ലാം മാൽക്കമിനെക്കുറിച്ചുള്ള വാർത്തകൾ തുടർച്ചയായി വന്നുകൊണ്ടിരുന്നു. 1959 ൽ ന്യൂയോർക്ക് സിറ്റി ടെലിവിഷൻ മാൽക്കമിനെക്കുറിച്ചുള്ള പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യുകയുണ്ടായി.[44]

1960 ൽ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമ്മേളനത്തിലേക്ക് മാൽക്കം ക്ഷണിക്കപ്പെടുകയുണ്ടായി. അവിടെ വെച്ച് പല അന്താരാഷ്ട്ര നേതാക്കളുമായി മാൽക്കം ചർച്ച നടത്തുകയുണ്ടായി.[45] മാൽക്കം എക്സിന്റെ കാഴ്ചപ്പാടുകളിൽ മതിപ്പു തോന്നിയ ക്യൂബൻ നേതാവായ ഫിദൽ കാസ്ട്രോ, മാൽക്കമിനെ ഒരു സ്വകാര്യ കൂടിക്കാഴ്ചക്കു സ്വാഗതം ചെയ്യുകയും , കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹത്തെ ക്യൂബ സന്ദർശിക്കാനായി ക്ഷണിക്കുകയും ചെയ്തു.[46][47][48]

സംഘടനയിലെ അംഗത്വബലം[തിരുത്തുക]

നേഷൻ ഓഫ് ഇസ്ലാമിന്റെ സ്ഥാപകനായ എലീജാ മുഹമ്മദിനുശേഷം, സംഘടനയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായിരുന്നു മാൽക്കം. 1950 നും 1960 നും ഇടക്ക് സംഘടനയുടെ അംഗത്വബലം വർദ്ധിപ്പിക്കാൻ മാൽക്കം നടത്തിയ ശ്രമങ്ങൾ ചെറുതല്ല. ആയിരത്തിനു തൊട്ടുമുകളിലുണ്ടായിരുന്ന അംഗങ്ങളുടെ എണ്ണം മാൽക്കമിന്റെ പരിശ്രമത്താൽ അമ്പതിനായിരമോ, എഴുപത്തിഅയ്യായിരമോ ആയി വളർന്നു.[49] മാൽക്കം എക്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പ്രശസ്ത ബോക്സിങ് താരമായ മുഹമ്മദ് അലി, നേഷൻ ഓഫ് ഇസ്ലാമിൽ ചേരുന്നത്.[50] മാൽക്കം എക്സിനെ പിന്തുടർന്ന് അലിയും പിന്നീട് സുന്നി ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

നേഷൻ ഓഫ് ഇസ്ലാം ഉപേക്ഷിക്കുന്നു[തിരുത്തുക]

അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ.എഫ്.കെന്നഡിയുടെ വധിക്കപ്പെടുകയുണ്ടായി. തങ്ങൾ ചെയ്യുന്ന മോശം പ്രവർത്തികൾക്കുള്ള ദൂഷ്യഫലങ്ങളും അവരവർ തന്നെ അനുഭവിക്കേണ്ടി വരും എന്നയർത്ഥത്തിൽ മാൽക്കം നടത്തിയ പ്രസ്താവന[51] സംഘടനയ്ക്കുള്ളിലും പുറത്തു നിന്നും ധാരാളം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. കെന്നഡിയുടെ വിധവക്ക് നേഷൻ ഓഫ് ഇസ്ലാം ഔദ്യോഗികമായി ഭർത്താവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. അതുകൂടാതെ, ഈ സംഭവത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തരുതെന്ന് സംഘടനയുടെ എല്ലാ മുതിർന്ന നേതാക്കൾക്കും നിർദ്ദേശം നൽകുകയും ചെയ്തു.[52] മാൽക്കം എക്സിനെ തന്റെ പദവിയിൽ തരംതാഴ്ത്തിയില്ലെങ്കിലും, 90 ദിവസത്തേക്ക് പൊതുപരിപാടികളിൽ പ്രസംഗിക്കുന്നതിൽ നിന്നും വിലക്കി.[53]

എലിജാ മുഹമ്മദിന്റെ തന്റെ വനിതാ സെക്രട്ടറിമാരുമായി അവിഹിത ബന്ധമുണ്ടെന്നും, അവരിൽ അദ്ദേഹത്തിന് കുട്ടികൾ ജനിച്ചിട്ടുണ്ടെന്നുമുള്ള കിംവദന്തികളെക്കുറിച്ച് മാൽക്കം രഹസ്യമായി അന്വേഷണം നടത്തി. താൻ കേട്ട സംഭവങ്ങൾ സത്യമാണെന്നറിഞ്ഞ മാൽക്കം, ഇതിെക്കുറിച്ച് എലീജാ മുഹമ്മദിനോട് ചോദിക്കുകയും, മുഹമ്മദ് ഈ കിംവദന്തികൾ സത്യമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.[54]

സംഘടനയിൽ മാൽക്കം, എലീജാ മുഹമ്മദിനൊരു ഭീഷണിയായി മാറിയേക്കും എന്നു ചിലരെങ്കിലും വിശ്വസിച്ചു. ഇക്കാലയളവിലെല്ലാം മാൽക്കം മാധ്യമങ്ങൾക്ക് പ്രിയംകരനായിരുന്നു. 1963 ൽ നേഷൻ ഓഫ് ഇസ്ലാമിനെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ, അതിന്റെ പുറംചട്ടയിൽ ഉപയോഗിച്ചത് മാൽക്കമിന്റെ ചിത്രമായിരുന്നു, കൂടാതെ, പുസ്തകത്തിൽ പുനരുപയോഗിച്ചിരുന്ന ആറു പ്രസംഗങ്ങളിൽ അഞ്ചും മാൽക്കമിന്റേതായിരുന്നു. എലീജാ മുഹമ്മദിന്റെ ഒരു പ്രഭാഷണം മാത്രമേ പുസ്തകത്തിൽ ഉപയോഗിച്ചുള്ളു, ഇത് എലീജാ മുഹമ്മദിൽ നീരസം വളർത്തി.[55]

1964 മാർച്ച് എട്ടിന് സംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണെന്ന് മാൽക്കം ലോകത്തെ അറിയിച്ചു. കറുത്ത വർഗ്ഗക്കാരുടെ ഉന്നമനത്തിനായി ഒരു സംഘടന രൂപീകരിക്കുമെന്നും, അതോടൊപ്പം മറ്റു പൗരാവകാശ പ്രവർത്തകരുമായി ചേർന്നു പ്രവർത്തിക്കുന്നതിനു താൽപര്യമുണ്ടെന്നും മാൽക്കം പ്രസ്താവിക്കുകയുണ്ടായി. മറ്റു പൗരാവകാശ പ്രവർത്തകരുമായി ചേർന്നു പ്രവർത്തിക്കുന്നത് മുൻകാലങ്ങളിൽ എലീജാ മുഹമ്മദ് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും, അതുകൊണ്ടാണ് താൻ അതിനു മുതിരാതിരുന്നതെന്നും മാൽക്കം കൂട്ടിച്ചേർത്തു.[56]

തുടർ പ്രവർത്തനങ്ങൾ[തിരുത്തുക]

പുതിയ സംഘടനകളും, കാഴ്ചപ്പാടും[തിരുത്തുക]

നേഷൻ ഓഫ് ഇസ്ലാമിൽ നിന്നും പുറത്തു വന്ന ഉടനെ തന്നെ മുസ്ലിം മോസ്ക്ക് ഇൻകോർപ്പറേറ്റഡ് എന്നൊരു മതസംഘടന മാൽക്കം ആരംഭിച്ചു. അതുകൂടാതെ, പാൻ-ആഫ്രിക്കനിസത്തിന്റെ ഉന്നമനത്തിനായി ഓർഗനൈസേഷൻ ഓഫ് ആഫ്രോ അമേരിക്കൻ യൂണിറ്റി എന്നൊരു സംഘടനക്കും തുടക്കമിട്ടു. 1964 മാർച്ച് 26 ന് അമേരിക്കൻ സെനറ്റിന്റെ പൗരാവകാശ ബില്ലിന്റെ ചർച്ചകൾക്കായി എത്തിയപ്പോൾ ജീവിതത്തിലാദ്യമായും, അവസാനമായും മാർട്ടിൻ ലൂഥർ കിങുമായി മാൽക്കം കണ്ടുമുട്ടി.[57] വാഷിങ്ടൺ നഗരത്തിൽവെച്ചായിരുന്നു ഈ കൂടിക്കാഴ്ച. തങ്ങളുടെ കൂടി വോട്ടുകൊണ്ട് ജയിക്കുന്ന സർക്കാർ തങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നില്ലെങ്കിൽ വോട്ടു ചെയ്ത കൈകൊണ്ട് ആയുധം എടുക്കാൻ കറുത്ത വർഗ്ഗക്കാരോട് ആഹ്വാനം ചെയ്തു. തങ്ങളുടെ സമ്മതീദാനാവകാശം വിനിയോഗിക്കേണ്ടത് ബുദ്ധിപൂർവ്വമായിരിക്കണമെന്ന് ബാലറ്റ് ഓർ ബുള്ളറ്റ് എന്ന പേരിൽ പിന്നീട് പ്രശസ്തമായ ഈ പ്രസംഗത്തിലൂടെ മാൽക്കം നിർദ്ദേശിക്കുകയുണ്ടായി.

മക്ക തീർത്ഥാടനം[തിരുത്തുക]

ഹജ്ജ് നിർവ്വഹിക്കാനായി 1964 ഏപ്രിൽ മാസത്തിൽ സൗദി അറേബ്യയിലെ മക്കയിൽ എത്തിച്ചേർന്നു. തന്റെ അർദ്ധ സഹോദരിയായിരുന്നു എല്ലാ ലിറ്റിൽ കോളിൻസ് നൽകിയ സാമ്പത്തിക സഹായംകൊണ്ടാണ്, ലോകത്തിലെ ഓരോ മുസ്ലിമും അനുഷ്ഠിക്കേണ്ട് ഈ കർമ്മത്തിനായി മാൽക്കം മക്കയിലേക്ക് യാത്രയായത്. അദ്ദേഹത്തിന്റെ അമേരിക്കൻ പൗരത്വവും, അറബി ഭാഷയിലുള്ള പരിജ്ഞാനക്കുറവും, അദ്ദേഹത്തിന്റെ യാത്ര ജിദ്ദയിൽ ഏറെ തടസ്സപ്പെടുത്തി. ഫൈസൽ രാജകുമാരൻ രാഷ്ട്രത്തിന്റെ അതിഥിയായി അദ്ദേഹത്തെ കണക്കാക്കുകയും, രാജകുമാരനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.[58][59] ഹജ്ജിന്റെ കർമ്മങ്ങളിൽ എല്ലാ വംശങ്ങളും തമ്മിലുള്ള സമത്വം തന്റെ തീവ്രവംശീയതയെ തള്ളിക്കളയാൻ പ്രേരിപ്പിച്ചതായി മാൽക്കം എക്സ് അനുസ്മരിക്കുന്നുണ്ട്[60].

ആഫ്രിക്ക[തിരുത്തുക]

1959-ലും 1964-ലും മാൽക്കം എക്സ് ആഫ്രിക്കൻ പര്യടനം നടത്തുകയുണ്ടായി. ഈജിപ്ത്, സുഡാൻ, നൈജീരിയ, ഘാന, എത്യോപ്യ, ഗിനിയ, സെനഗൽ, ലൈബീരിയ, അൾജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും നിരവധി കൂടിക്കാഴ്ചകളും, അഭിമുഖങ്ങളും, പ്രഭാഷണങ്ങളും നടത്തുകയുമുണ്ടായി.[61] 1964 ൽ മക്കയിലേക്കുള്ള യാത്രക്കുശേഷം മാൽക്കം പിന്നീടൊരിക്കൽ കൂടി ആഫ്രിക്ക സന്ദർശിക്കുകയുണ്ടായിരുന്നു. മേയ് മാസത്തിൽ തിരികെ അമേരിക്കക്കു പോയെങ്കിലും, ജൂലൈയിൽ വീണ്ടും ആഫ്രിക്ക സന്ദർശിച്ചു.

ഫ്രാൻസ്, ഇംഗ്ലണ്ട്[തിരുത്തുക]

1964 നവംബർ 23 ന് മക്ക തീർത്ഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ മാൽക്കം പാരീസിൽ ഒരു ഹ്രസ്വസന്ദർശനം നടത്തി.[62] ഏതാണ്ട് ഒരാഴ്ചക്കുശേഷം, അദ്ദേഹം ഇംഗ്ലണ്ട് സന്ദർശനത്തിനായി പോവുകയും, ഓക്സ്ഫഡ് യൂണിയൻ സൊസൈറ്റിയിൽ ഒരു ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. ഈ ചർച്ച ബി.ബി.സി. ലോകമെമ്പാടും സംപ്രേക്ഷണം ചെയ്യുകയുണ്ടായി.[63] 1965 ഫെബ്രുവരി 5 ന് മാൽക്കം വീണ്ടും ബ്രിട്ടൻ സന്ദർശിച്ചു. ഫെബ്രുവരി എട്ടാം തീയതി ലണ്ടനിലെ ആഫ്രിക്കൻ ഓർഗനൈസേഷൻ കൗൺസിലിന്റെ പ്രഥമ മീറ്റിങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.[64] പിറ്റേ ദിവസം ഫ്രാൻസ് സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും, ഫ്രാൻസ് മാൽക്കമിന്റെ പ്രവേശനം നിരോധിച്ചതുകൊണ്ട് യാത്ര റദ്ദാക്കുകയായിരുന്നു.[65]

ഉദ്ധരണികൾ[തിരുത്തുക]

മാൽക്കം എക്സ്സ്ണ്ട്ന്റെ ഉദ്ധരികൾ വളരെ പോപുലർ ആണ്.

വധം[തിരുത്തുക]

നേഷൻ ഓഫ് ഇസ്ലാമിൽ നിന്നും പുറത്തു വന്നതോടെ മാൽക്കമിന്റെ ജീവനു സദാ ഭീഷണിയുണ്ടായിരുന്നു. ഏഴാം നമ്പർ ദേവാലയത്തിലെ നേതാവ്, മാൽക്കമിന്റെ കാർ ബോംബ് വെച്ചു തകർക്കാൻ ആഹ്വാനം ചെയ്തിരുന്നു. ന്യൂയോർക്കിൽ മാൽക്കം താമസിച്ചിരുന്ന വീട്ടിൽ നിന്നും അവരെ ഒഴിപ്പിക്കാനായി നേഷൻ ഓഫ് ഇസ്ലാം കോടതിയിൽ കേസു കൊടുത്തിരുന്നു, മാൽക്കവും കുടുംബവും അവിടെ നിന്നും ഒഴിയുന്നതിനു മുമ്പ് ആ വീട് അക്രമികൾ അഗ്നിക്കിരയാക്കി.[66] എലീജാ മുഹമ്മദിനെ എതിർക്കുന്നവരെല്ലാം വധിക്കപ്പെടേണ്ടവരാണെന്നും, അത്തരം ആളുകൾ വിപത്തിലെത്തിച്ചേരുമെന്നുമുള്ള പ്രസംഗങ്ങൾ നേഷൻ ഓഫ് ഇസ്ലാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.

1965 ഫെബ്രുവരി 21 ന് ആഫ്രോ അമേരിക്കൻ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ സദസ്സിൽ നിന്നും ഒരാൾ മാൽക്കമിന്റെ നേർക്ക് നിറയൊഴിക്കുകയായിരുന്നു.[67] ഇതേ സമയം രണ്ടു പേർ വേദിയിലേക്ക് യന്ത്രവത്കൃത തോക്കുകൾ കൊണ്ട് വേദിയിലേക്കു നിറയൊഴിക്കാനും തുടങ്ങി. ശരീരമാസകലം വെടിയേറ്റ മാൽക്കമിനെ അടുത്തുള്ള കൊളംബിയ പ്രെസ്ബിറ്റേറിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നര മണിയോടെ അദ്ദേഹം മരിച്ചയായി അറിയിപ്പുണ്ടായി.[68] വെടിയുണ്ടയേറ്റ ഇരുപത്തൊന്നോളം മുറിവുകൾ മാൽക്കമിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പ്രേതപരിശോധനാ റിപ്പോർട്ടിൽ പറയുന്നു.[69]

അവലംബം[തിരുത്തുക]


 1. പാർക്സ്, ഗോർഡൻ, "മാൽക്കം എക്സ്: ദ മിനുട്ട്സ് ഓഫ് ഔവർ ലാസ്റ്റ് മീറ്റിങ്", ക്ലാർക്ക്, പുറം-122.
 2. ഫ്രാങ്ക്ലിൻ, ഹൊവാർഡ് ബ്രൂസ്, എഡി. (1998). പ്രിസൺ റൈറ്റിങ് ഇൻ 20 സെഞ്ച്വറി അമേരിക്ക. ന്യൂയോർക്ക്: പെൻഗ്വിൻ ബുക്സ്. pp. 11, 147. ഐ.എസ്.ബി.എൻ. 978-0-14-027305-2. 
 3. "മാൽക്കം എക്സ്, ജീവചരിത്രം". മാൽക്കം എക്സ്, ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത് 12 ജൂൺ 2014. 
 4. കോഫി നടാമ്പു പുറം 3
 5. കോഫി നടാമ്പു പുറം 4
 6. മാൽക്കം എക്സ്, ഓട്ടോബയോഗ്രഫി - മാൽക്കം എക്സ് പുറം 3 -4
 7. മാൽക്കം എക്സ്, മരാബിൾ പുറം 29
 8. മാൽക്കം എക്സ്, മരാബിൾ പുറം 32
 9. കോഫി നടാമ്പു പുറം 10
 10. ബ്രൂസ്സ് പെറി പുറം 42
 11. കോഫി നടാമ്പു പുറം 21-25,55-56
 12. ബ്രൂസ്സ് പെറി പുറം 32-48
 13. "മാൽക്കം എക്സ്". ബയോഗ്രഫി.കോം. ശേഖരിച്ചത് 14 ജൂൺ 2014. 
 14. ബ്രൂസ്സ് പെറി പുറം 62-81
 15. മാൽക്കം എക്സ്, മരാബിൾ പുറം 67-68
 16. "മാൽക്കം എക്സ്". ഹിസ്റ്ററി ലേണിങ്. ശേഖരിച്ചത് 14 ജൂൺ 2014. 
 17. മാൽക്കം എക്സ്, ഓട്ടോബയോഗ്രഫി - മാൽക്കം എക്സ് പുറം 178
 18. കോഫി നടാമ്പു പുറം 127-128
 19. ബ്രൂസ്സ് പെറി പുറം 113
 20. കോഫി നടാമ്പു പുറം 134-135
 21. കോഫി നടാമ്പു പുറം 138-139
 22. "മാൽക്കം എക്സ് ആന്റ് നേഷൻ ഓഫ് ഇസ്ലാം". എ.എ.വി.ഡബ്ലിയു. ശേഖരിച്ചത് 14 ജൂൺ 2014. 
 23. ബ്രൂസ്സ് പെറി പുറം 142, 144-145
 24. മാൽക്കം എക്സ്, മരാബിൾ പുറം 98
 25. കോഫി നടാമ്പു പുറം 168
 26. ബ്രൂസ്സ് പെറി പുറം 147
 27. ബ്രൂസ്സ് പെറി പുറം 152
 28. ബ്രൂസ്സ് പെറി പുറം 153
 29. ബ്രൂസ്സ് പെറി പുറം 161-164
 30. മാൽക്കം എക്സ്, മരാബിൾ പുറം 122-123
 31. ബെറ്റി ഷാബാസ് - റിക്ക്ഫോഡ് പുറം 36-45, 50-51
 32. ബെറ്റി ഷാബാസ് - റിക്ക്ഫോഡ് പുറം 73-74
 33. ബെറ്റി ഷാബാസ് - റിക്ക്ഫോഡ് പുറം 286
 34. മാൽക്കം എക്സ്, മരാബിൾ പുറം 127
 35. ബ്രൂസ്സ് പെറി പുറം 164
 36. ബ്രൂസ്സ് പെറി പുറം 165
 37. മാൽക്കം എക്സ്, മരാബിൾ പുറം 128
 38. ബ്രൂസ്സ് പെറി പുറം 165
 39. മാൽക്കം എക്സ്, മരാബിൾ പുറം 128
 40. ബ്രൂസ്സ് പെറി പുറം 166
 41. മാൽക്കം എക്സ്, മരാബിൾ പുറം 128
 42. മാൽക്കം എക്സ്, മരാബിൾ പുറം 134-135
 43. മാൽക്കം എക്സ്, മരാബിൾ പുറം 135,193
 44. ബ്രൂസ്സ് പെറി പുറം 174-179
 45. കോഫി നടാമ്പു പുറം 231-233
 46. "50 ഇയേഴ്സ് നൗ ഫിദൽ കാസ്ട്രോ ആന്റ് മാൽക്കം എക്സ് മെറ്റ് ഇൻ ഹാർലം". ഉഹുറുന്യൂസ്.കോം. 16 സെപ്തംബർ 2010. ശേഖരിച്ചത് 17 ജൂൺ 2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 47. മാൽക്കം എക്സ്, മരാബിൾ പുറം 173
 48. "ഫിദൽ കാസ്ട്രോ ആന്റ് മാൽക്കം എക്സ് അറ്റ് ഹോട്ടൽ തെരേസ,1960". ഹാർലംവേൾഡ് മാഗ്.കോം. 16 ഡിസംബർ 2013. ശേഖരിച്ചത് 17 ജൂൺ 2014. 
 49. മാൽക്കം എക്സ്, മരാബിൾ പുറം 123
 50. കോഫി നടാമ്പു പുറം 296-297
 51. "മാൽക്കം സ്കോർസ് ഓൺ യു.എസ് ആന്റ് കെന്നഡി". ന്യൂയോർക്ക് ടൈംസ്. 02 ഡിസംബർ 1963. ശേഖരിച്ചത് 18 ജൂൺ 2014. 
 52. കോഫി നടാമ്പു പുറം 288-290
 53. ബ്രൂസ്സ് പെറി പുറം 242
 54. ബ്രൂസ്സ് പെറി പുറം 230-234
 55. ബ്രൂസ്സ് പെറി പുറം 214
 56. "മാൽക്കം എക്സ് സ്പ്ലിറ്റ്സ് വിത്ത് മുഹമ്മദ്". ന്യൂയോർക്ക് ടൈംസ്. 09 മാർച്ച് 1964. ശേഖരിച്ചത് 18 ജൂൺ 2014. 
 57. "മാൽക്കം ആന്റ് മാർട്ടിൻ, ക്ലോസർ ദാൻ വീ തോട്ട്". സി.എൻ.എൻ. 19 മേയ് 2010. ശേഖരിച്ചത് 19 ജൂൺ 2014. 
 58. പെറി, ബ്രൂസ് (1991). മാൽക്കം: ദ ലൈഫ് ഓഫ് എ മാൻ ഹു ചേയ്ഞ്ച്ഡ് ബ്ലാക് അമേരിക്ക. ന്യൂയോർക്ക്.: സ്റ്റേഷൻ ഹിൽ. ഐ.എസ്.ബി.എൻ. 978-0-88268-103-0. 
 59. ഡികാറൊ, ജൂനിയർ., ലൂയിസ് എ. (1996). ഓൺ ദ സൈഡ് ഓഫ് മൈ പ്യൂപ്പിൾ: എ റിലീജയസ് ലൈഫ് ഓഫ് മാൽക്കം എക്സ്. ന്യൂയോർക്ക്: ന്യൂയോർക്ക് സർവ്വകലാശാല പ്രസ്സ്. ഐ.എസ്.ബി.എൻ. 978-0-8147-1864-3. 
 60. മാൽക്കം എക്സ്, ഓട്ടോബയോഗ്രഫി, പുറങ്ങൾ 388–393; 390–391.
 61. ലൊമാക്സ്, ലൂയീസ് ഇ (1963). വെൻ ദ വേൾഡ് ഈസ് ഗിവൺ: എ റിപ്പോർട്ട് ഓൺ ഇലാജ മുഹമ്മദ്, മാൽക്കം എക്സ് ആന്റ് ദ ബ്ലാക്ക് മുസ്ലിം വേൾഡ്. ക്ലെവ്ലാൻഡ്: വേൾഡ് പബ്ലിഷിങ്. 
 62. ബെഥൂൺ, ലെബെർട്ട്, "മാൽക്കം എക്സ് ഇൻ യൂറോപ്പ്", ക്ലാർക്ക്, പുറങ്ങൾ}226–231.
 63. "മാൽക്കം എക്സ് ഓക്സ്ഫഡ് ഡിബേറ്റ്". ബ്രദർമാൽക്കം.നെറ്റ്. ശേഖരിച്ചത് 22 ജൂൺ 2014. 
 64. ബ്രൂസ്സ് പെറി പുറം 351
 65. കോഫി നടാമ്പു പുറം 312
 66. ബ്രൂസ്സ് പെറി പുറം 352-356
 67. മാൽക്കം എക്സ്, മരാബിൾ പുറം 436-437
 68. "മാൽക്കം എക്സ് ഷോട്ട് ടു ഡെത്ത്". ന്യൂയോർക്ക് ടൈംസ്. 22 ഫെബ്രുവരി 1965. ശേഖരിച്ചത് 22 ജൂൺ 2014. 
 69. മാൽക്കം എക്സ്, മരാബിൾ പുറം 450
"https://ml.wikipedia.org/w/index.php?title=മാൽക്കം_എക്സ്&oldid=2485069" എന്ന താളിൽനിന്നു ശേഖരിച്ചത്