ഫെർഡിനാൻഡ് ലൂർഡ് ബൈ ഏരിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ferdinand Lured by Ariel
കലാകാരൻJohn Everett Millais
വർഷം1850
MediumOil on canvas
അളവുകൾ65 cm × 51 cm (25.5 in × 20 in); 64.8 cm diameter (50.8 in)
സ്ഥാനംPrivate Collection

1850-ൽ ജോൺ എവററ്റ് മില്ലെയ്‌സ് വരച്ച ഒരു പെയിന്റിംഗാണ് ഫെർഡിനാൻഡ് ല്യൂർഡ് ബൈ ഏരിയൽ. ഇത് ഷേക്‌സ്‌പിയറിന്റെ 1611 ലെ ദി ടെംപെസ്റ്റ് നാടകത്തിലെ ആക്റ്റ് I, സീൻ II-ൽ നിന്നുള്ള ഒരു സന്ദർഭം ചിത്രീകരിക്കുന്നു. ഈ നാടകത്തിൽ നേപ്പിൾസിലെ രാജാവായ അലോൺസോയുടെ മകൻ ഫെർഡിനാൻഡ് രാജകുമാരൻ " ഫുൾ ഫാഥം ഫൈവ് യുവർ ഫാദർ ലൈസ്" എന്ന ഗാനം ശ്രദ്ധിച്ചുകൊണ്ട് ആത്മഗതം ചെയ്യുന്നു "ഈ സംഗീതം എവിടെനിന്ന് വായുവിലോ , ഭൂമിയിലോ?" ("Where should this music be? i' the air or the earth?") . ഗാനം പാടുന്നത് ഏരിയൽ എന്ന അദൃശ്യരൂപമാണ്. ഏരിയൽ ഫെർഡിനാൻഡിന്റെ തലയിൽ നിന്ന് തൊപ്പി തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുന്നു. അതേസമയം ഫെർഡിനാൻഡ് തൊപ്പിയുടെ ചരടിൽ മുറുകെ പിടിച്ച് പാട്ട് കേൾക്കുന്നു. ഫെർഡിനാൻഡിൻറെ നേരെ മുന്നിലായി ഏരിയൽ ഉണ്ടെങ്കിലും അശരീരിയായതിനാൽ അദൃശ്യനാണ്.

പ്രീ-റാഫേലൈറ്റ് ബ്രദർഹുഡ് ശൈലിയിലുള്ള മില്ലൈസിന്റെ ആദ്യ ശ്രമമായിരുന്നു ഈ പെയിന്റിംഗ്. അദ്ദേഹം ഓക്സ്ഫോർഡിനടുത്തുള്ള ഷോട്ടോവർ പാർക്കിൽ ഈ ചിത്രം ചിത്രീകരിച്ചു. തന്റെ അടുത്ത സുഹൃത്തും പ്രീ-റാഫേലൈറ്റ് സഹപ്രവർത്തകനുമായ ഹോൾമാൻ ഹണ്ടിന് അദ്ദേഹം എഴുതി- താൻ "ഹാസ്യജനകമാം വിധം വിപുലമായ" പ്രകൃതിദൃശ്യം വരച്ചുവെന്ന് . ചിത്രങ്ങളിലെ സൂക്ഷ്മാംശങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്ന ഹണ്ടിന്റെ രീതിയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം എഴുതി, "നിങ്ങൾക്ക് ഇതിലെ സൂക്ഷ്മത കണ്ടെത്താനായേക്കും, എന്നിരുന്നാലും പ്രകൃതിയോളം സൂക്ഷ്മതയില്ല. അങ്ങനെ ചെയ്യാൻ ഓരോ പുൽക്കൊടിക്കും ഓരോ മാസം വേണ്ടി വരും. - ഇതിലിപ്പോൾ ഓരോ പുൽകൊടിയും ഇലയും വ്യക്തവും കൃത്യവുമായി ഞാൻ വരച്ചിട്ടുണ്ട് ." [1]

മറ്റൊരു പ്രീ-റാഫേലൈറ്റ് ഫ്രെഡറിക് ജോർജ്ജ് സ്റ്റീഫൻസിൽ നിന്നാണ് അദ്ദേഹം ഫെർഡിനാൻഡിന്റെ മുഖം വരച്ചത്. കാമിൽ ബോണാർഡിന്റെ കോസ്റ്റ്യൂംസ് ഹിസ്റ്റോറിക്സ് എന്ന സഞ്ചയത്തിലെ ആറാമത്തെ ചിത്രം (പ്ലേറ്റ് 6 ) ആസ്പദമാക്കിയാണ് ഫെർഡിനൻഡിൻറെ വേഷവും നില്പും രൂപകല്പന ചെയ്തത് .[1] പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു യുവ ഇറ്റാലിയൻറെ വേഷഭൂഷകളാണ് പ്ലേറ്റ് സിക്സ് പ്രതിനിധീകരിക്കുന്നത്.

അമാനുഷിക പച്ച വവ്വാലുകൾ രചനയിൽ അവസാനമായി കൂട്ടിച്ചേർക്കപ്പെട്ടവയാണ്. അവയുടെ വിചിത്രമായ പോസുകൾ, ചിത്രം വിലക്കെടുക്കാമെന്ന് മുൻകൂർ സമ്മതിച്ച പ്രോത്സാഹകനെ പിന്തിരിപ്പിച്ചു. കാരണം അവ അക്കാലത്ത് അംഗീകരിക്കപ്പെട്ടിരുന്ന അശരീരി -മാലാഖാ രൂപങ്ങളിൽ നിന്ന് തീർത്തും വേറിട്ടവയായിരുന്നു.[1] " തിന്മ കാണരുത്, കേൾക്കരുത്, പറയരുത്" എന്നാണ് അവ സൂചിപ്പിക്കുന്നത്.

പശ്ചാത്തലവുമായുള്ള ഭാഗികലയനം ഏരിയലിന്റെയും വവ്വാലുകളുടെയും അദൃശ്യത സൂചിപ്പിക്കുന്നു. വലത് മുൻവശത്തുള്ള പൊന്തയിൽ ഒളിഞ്ഞിരിക്കുന്ന പച്ച പല്ലികളും ഈ ഒളിമറവിനെ ധ്വനിപ്പിക്കുന്നു.

കളക്ടർ റിച്ചാർഡ് എലിസൺ വാങ്ങിയ ഈ പെയിന്റിംഗ് 1897-ൽ റോജർ മക്കിൻസ്, 1st ബാരൺ ഷെർഫീൽഡിന്റെ ശേഖരത്തിൽ പ്രവേശിച്ചു. അദ്ദേഹം നിരവധി മില്ലൈസ് പെയിന്റിംഗുകൾ സ്വന്തമാക്കി. പിന്നീട്, കമ്പോസറും ഇംപ്രാരിയോയുമായ ആൻഡ്രൂ ലോർഡ് ലോയ്ഡ് വെബ്ബർ ഇത് വാങ്ങാൻ ശ്രമിച്ചു. അപ്പോളോ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ലോയ്ഡ് വെബ്ബർ പറഞ്ഞു: "ഞാൻ അതിനുള്ള വില [£9.5m] വാഗ്ദാനം ചെയ്തു. ആഷ്‌മോലിയനുമായി ചേർന്ന് അത് വാങ്ങാൻ പോകുകയായിരുന്നു. എന്നാൽ ഉടമ ഓഫർ നിരസിച്ചു".[2] തുടർന്ന്, ഈ സൃഷ്ടിക്ക് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലേക്ക് മൂന്ന് വർഷത്തെ താൽക്കാലിക കയറ്റുമതി ലൈസൻസ് ലഭിച്ചു.

സ്വീകരണം[തിരുത്തുക]

കലാനിരൂപകരുടെ സ്വീകരണം തുടക്കത്തിൽ സമ്മിശ്രമായിരുന്നു. മില്ലൈസിന്റെ വിവാദാസ്പദമായ ക്രൈസ്റ്റ് ഇൻ ദ ഹൗസ് ഓഫ് ഹിസ് പേരന്റ്സ് എന്നതിനേക്കാൾ "പെയിന്റിംഗിൽ ഇത് മികച്ചതാണ്" എന്ന് ബ്രിട്ടീഷ് സാഹിത്യ മാസിക അഥേനിയം പ്രസ്താവിച്ചു. എന്നാൽ ആർട്ട് ജേർണൽ പ്രസ്താവിച്ചത് ഏരിയലിനെ "ഒരു ഭയാനകമായ ഗ്രീൻ ഗ്നോം(പച്ച നിറമുള്ള വിരൂപൻ)" ആയി ചിത്രീകരിച്ചത് അരക്കിറുക്കിൻറെ ലക്ഷണമാണെന്നാണ്. "വികൃതമായ അഭിരുചിയുടെ നിന്ദ്യമായ ഉദാഹരണം" എന്ന് ടൈംസ് അപലപിച്ചു.[3]

1998-ൽ, പെയിന്റിംഗ് ബ്രിട്ടനെ വിട്ട് യുഎസിൽ വിൽക്കുമെന്ന നില വന്നപ്പോൾ, കോളമിസ്റ്റ് കെവിൻ മിയേഴ്‌സ്, ഈ നാണക്കേട് കൈമാറുന്നതിൽ താനങ്ങേയറ്റം സന്തുഷ്ടവാനാണെന്ന് എഴുതി.[4]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 1.2 The Pre-Raphaelites (London: Tate Gallery, 1984) p. 74
  2. "Supporting Cast', interview with Andrew, Lord Lloyd Webber, Apollo magazine, September 2021, p.54
  3. Jane Martineau and Desmond Shawe-Taylor (eds.), Shakespeare in Art (London: Merrel, 2003) p. 84.
  4. Kevin Myers, "Let them have this awful art", Daily Telegraph, Aug 16, 1998, p. 27.