Jump to content

ന്യായം (തത്ത്വചിന്ത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന, അക്ഷപാദൻ എന്നു കൂടി അറിയപ്പെടുന്ന ഗൗതമൻ ദാർശനികൻ ആരംഭിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കുന്നതും (ആസ്തികം, Orthodox), എന്നാൽ സ്വതന്ത്രമായ അടിസ്ഥാനമുള്ളതും ആയ ഒരു ഭാരതീയ ദർശനധാരയാണ് ന്യായദർശനം.

അക്ഷപാദസമ്പ്രദായം, ന്യായവിദ്യ, തർക്കം, ആന്വീക്ഷികി എന്നിങ്ങനെ പല പേരുകളിലും ഈ ദർശനം അറിയപ്പെടുന്നുണ്ട്. ഗൗതമന്റെ, ന്യായസൂത്രം എന്ന കൃതിയാണ്, ഈ ദർശനത്തിലെ പ്രഥമഗ്രന്ഥം. ന്യായഭാഷ്യം (വാത്സ്യായനൻ, അഞ്ചാം നൂറ്റാണ്ട്), ന്യായവാർ‌ത്തികം (ഉദ്യോതകരൻ, 7-ം നൂറ്റാണ്ട്), ന്യായവാർത്തികതാത്പര്യടികാ (വാച്സ്പതിമിശ്രൻ, 9-ം നുറ്റാണ്ട്), ന്യായമഞ്ജരി (ജയന്തഭട്ടൻ, 9-ം നൂറ്റാണ്ട്), ന്യായകുസുമാഞ്ജലി, ആത്മവിവേകതത്വം (ഉദയനൻ, 10-ം നൂറ്റാണ്ട്) തുടങ്ങി പല കൃതികളും ഈ ദർശനസമ്പ്രദായത്തിലുണ്ട്. യുക്തിപരമായ അന്വേഷണത്തിലൂടെ യഥാർത്ഥസത്യത്തിലെത്തുന്നതി ഭദ്രമായ ഒരു സമ്പ്രദായം വികസിപ്പിച്ചത് ന്യായ സമ്പ്രദായത്തിലാണ്. പ്രാചീനന്യായദർശനത്തിലെ ഗ്രന്ഥങ്ങളിൽ, വാദപ്രതിവാദങ്ങളിൽ, എങ്ങനെ ന്യായദർ‌ശനസിദ്ധാന്തങ്ങൾ സമർ‌ത്ഥിക്കണം എന്നാണ് മുഖ്യമായും വിവരിച്ചിരിക്കുന്നത്. ഗംഗേശോപാധ്യായന്റെ (13-ം നൂറ്റാണ്ട്), തത്ത്വചിന്താമണി എന്ന ഗ്രന്ഥത്തോടെയാണ് നവന്യായദർശനത്തിന്റെ തുടക്കം. നവന്യായം, തർക്കസമ്പ്രദായം വിപുലീകരിക്കുന്നതിനാണു പ്രാധാന്യം നൽകിയത്. പിന്നീട്, ന്യായദർശനവും, വൈശേഷികദർശനവും ഒന്നിച്ചു ചേർന്ന് ഒരു സങ്കരദർശനമായിത്തീരുകയും ചെയ്തു.

പതിനാറ് ദർശനവിഷയങ്ങളുടെ വിപുലീകരിച്ച പ്രതിപാദനമാണ് ന്യായത്തിലുള്ളത്. അവ, പ്രമാണം (ശരിയായ അറിവ്, അതിന്റെ ഉറവിടം), പ്രമേയം (ശരിയായി അറിയേണ്ട വസ്തു/കാര്യം), സംശയം (തീരുമാനമെടുക്കാനാവത്ത അനിശ്ചിതാവസ്ഥ), ദൃഷ്ടാന്തം (ഉദാഹരണം. ഒരു പൊതുനിയമം വിവരിക്കാനുതകുന്നതും തർ‌ക്കമില്ലാത്തതും ആയ ഒരു കാര്യം), തർക്കം (ഒരു നിഗമനം ശരിയാണെന്നു പരോക്ഷമായി സമർത്ഥിക്കുന്നതിനായി, അതിന്റെ വിപരീതം അസംബന്ധമാണെന്ന് തെളിയിക്കുന്ന വാദം), പ്രയോജനം (ലാഭം, ലക്‌ഷ്യം), സിദ്ധാന്തം (ഒരു ദർശനസമ്പ്രദായം പഠിപ്പിക്കുന്ന, സ്വീകരിച്ചിരിക്കുന്ന ആശയം), അവയവം (ഒരു കാര്യംവാദിച്ചു തെളിയിക്കുന്നതിനായി മുറപ്രകാരം ഉന്നയിക്കുന്ന അഞ്ചു വാക്യങ്ങളിൽ ഒന്ന്), നിർണ്ണയം (ശരിയായ രീതിയിൽ ലഭിച്ച അറിവ്), വാദം (ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി, ഇരുകൂട്ടരും - വാദിയും പ്രതിവാദിയും - നടത്തുന്ന വിഹിതമായ ചർച്ച), ജല്പം (സത്യം കണ്ടെത്തണമെന്ന ആത്മാർത്ഥ ശ്രമമില്ലാതെ, എതിരാളിയെ തോലിപ്പിക്കുവാനായി മാത്രമുള്ള, അസാധുവായ കാരണങ്ങളും മറ്റും ഉപയോഗിച്ചുള്ള ചർച്ച), വിതണ്ഡം (സ്വന്തം പക്ഷം സ്ഥാപിക്കാതെ, മറുപക്ഷത്തെ നിരന്തരം ഖണ്ഡിക്കുന്ന നിലപാട്), ഹേത്വാഭാസം (ഒരു സംഗതിയുടെ കാരണമാണെന്നു തോന്നിപ്പിക്കുന്നതും എന്നാൽ യഥാർത്ഥത്തിൽ അതല്ലാത്തതുമായ കാര്യം), ചല (ഉദ്ദേശിക്കാത്ത അർത്ഥം കല്പിച്ച്, ഒരു പ്രതിസന്ധിയിൽ നിന്ന് ഒഴിയാനുള്ള ശ്രമം), ജതി (തെറ്റായി താരതമ്യപ്പെടുത്തി, ശക്തമായ ഒരു വാദം ഖണ്ഡിക്കാനുള്ള ശ്രമം). നിഗ്രഹസ്തനം (ഒരു വാദത്തിൽ പരാജയപ്പെടുന്നതിനുള്ള കാരണം) എന്നിവയാണ്.

ന്യായം യുക്തിപരമായ യഥാർത്ഥവാദമാണ് (Logical Realism). ഭൗതികവസ്തുക്കൾ (മേശ,കസേര,വൃക്ഷങ്ങൾ, മൃഗങ്ങൾ തുടങ്ങിയവ), മനസ്സിൽനിന്നു വിഭിന്നമായ, സ്വതന്ത്രമായ നിലനില്പ്പുള്ളവയാണെന്നും ആശയങ്ങളും, വികാരങ്ങളും മനസ്സിൽ മാത്രമുള്ളവയാണെന്നും വാദിക്കുന്നു. മറിച്ചുള്ളത്, വസ്തുക്കൾ ഏതെങ്കിലും ഒരു മനസ്സിലാണു നിലനിൽക്കുന്നതെന്നത്, ആശയവാദമാണ് (Idealism). ന്യായത്തിലെ ഈ വാദം ഏതെങ്കിലും ഒരു വിശ്വാസത്തെയോ, വിശുദ്ധപ്രസ്താവനയെയോ അശ്രയിച്ചുള്ളതല്ല; യുക്തികാരണതയും വിമർശനചിന്തയും അനുസരിച്ചുള്ളതാണ്. ശരിയായ അറിവിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ജ്ഞാനശാസ്ത്രം (Epistemology)

[തിരുത്തുക]

ന്യായവിദ്യപ്രകാരം ശരിയായ അറിവുലഭിക്കുന്നത് നാലുവിധത്തിലാണ്:

  1. പ്രത്യക്ഷം (Perception, ഇന്ദ്രീയങ്ങളിലൂടെയുള്ള നേരറിവ്)
  2. അനുമാനം (Inference)
  3. ഉപമാനം (Comparison)
  4. ശബ്ദം (Testimony).

യഥാർത്ഥവസ്തുക്കളുടെ മാനസികാവിഷ്കാരമാണു ജ്ഞാനം, ബുദ്ധി (Knowledge/Cognition). അത് യഥാർത്ഥമോ (valid), അയഥാർത്ഥമോ (Non-Valid) ആകാം. ഒരു വസ്തുക്കളുടെ യഥാർത്ഥവും, അസന്ദിഗ്ദ്ധവുമായ അനുഭവമാണ്, യഥാർത്ഥജ്ഞാനം അഥവാ പ്രമ. അല്ലാത്തത് അപ്രമകളാണ്. അവ സംശയമോ, ഭ്രമമോ (വിപര്യയമോ), തർക്കമോ ആണ്. ഒരു കയറു കണ്ട് പാമ്പാണെന്ന് നിസ്സംശയം ധരിച്ചേക്കാം. അതു ഭ്രമമാണ്, അതു തെറ്റായ അറിവാണ്, പ്രമയല്ല. മലമുകളിൽ പുകകാണുന്നത് തീയുള്ളതുകൊണ്ടാണെന്നും, അല്ലെങ്കിൽ പുകയുണ്ടാവുകയില്ലെന്നും വാദിക്കുന്നതാണു തർക്കം. അത് തീയും പുകയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നേരനുഭവത്തിന്റെയോ മുന്നനുമാനത്തിന്റെയോ അടിസ്ഥാനത്തിലെടുക്കുന്ന മറ്റോരു അനുമാനമാണ്. തുടരെയുള്ള പരിശോധനകൊണ്ടാണ് ശരിതെറ്റുകൾ തിരിച്ചറിയുന്നത് (പ്രവൃത്തിസാമർത്ഥ്യം, പ്രത്യക്ഷസം‌വാദം). ശരിയായ അറിവ്, പ്രായോഗികഗുണം ചെയ്യുന്നു. തെറ്റായത്, പരാജയത്തിലേക്കും നിരാശയിലേക്കും നയിക്കുന്നു.

പ്രത്യക്ഷം

[തിരുത്തുക]

ഇന്ദ്രീയങ്ങളും വസ്തുക്കളും തമ്മിൽ 'സ്പർശി'ച്ചുണ്ടാവുന്ന, നേരിട്ടുള്ള, ദൃഢമായ അറിവാണ് പ്രത്യക്ഷം. മുൻപിൽ കിടക്കുന്ന വസ്തു കാണുന്നതും അതു മേശയാണെന്നറിയുന്നതും, കണ്ണ് അതിൽ പതിക്കുമ്പോഴാണ്. അതു ആ അനുഭവം വ്യക്തമാണ്. എന്നാൽ ദൂരെക്കാണുന്ന രൂപം മനുഷ്യനോ മരമോ എന്നു തിരിച്ചറിയാനാവാതെ സംശയം ജനിപ്പിക്കുന്നത്, പ്രത്യക്ഷജ്ഞാനം അല്ല. ന്യായദാർശനികരുടെ ഈ വാദം പാശ്ചാത്യദാർശനികരടക്കം പലരും അംഗീകരിക്കുന്നു. എന്നാൽ ചില ന്യായവാദികളും വേദാന്തികളും ഈ വാദം അംഗീകരിക്കന്നില്ല. ഇന്ദ്രീയസ്പർശമില്ലാതെ പ്രത്യക്ഷാനുഭവം ഉണ്ടാവാം എന്ന് അവർ വാദിക്കുന്നു : ദൈവത്തിന് ഇന്ദ്രീയങ്ങളില്ലെങ്കിലും എല്ലാം അറിയുന്നു; ഒരു കയറുകണ്ട് പാമ്പാണെന്നു ധരിക്കുമ്പോൾ, അവിടെ ഇന്ദ്രീയസ്പർശം ഉണ്ടാവുന്നുവെങ്കിലും ശരിയായ അറിവല്ല; സുഖവും ദുഃഖവും ഇന്ദ്രീയസ്പർശമില്ലാതെയാണ് നാമറിയുന്നത്; അതെല്ലാം കാണിക്കുന്നത് ഇന്ദ്രീയസ്പർശം പ്രത്യക്ഷത്തെ നിർ‌വചിക്കുന്നില്ല എന്നാണ് - അവർ വാദിക്കുന്നു.

ലൗകികം, അലൗകികം എന്നു രണ്ടു തരം പ്രത്യക്ഷാനുഭവങ്ങൾ ഉണ്ട് എന്നാണു നൈയ്യായികരുടെ വാദം. കണ്ണ്, ചെവി തുടങ്ങിയ ബാഹ്യേന്ദ്രീയങ്ങളിൽ കൂടി ലഭിക്കുന്ന അറിവും, മനസ്സ് എന്ന അന്തരിന്ദ്രിയത്തിൽ നിന്നുണ്ടാവുന്ന അനുഭവങ്ങളും (ഇച്ഛ, ദ്വേഷം, സുഖം, ദുഃഖം..) ലൗകികമായ അറിവാണ്. അലൗകികമായ അറിവുകൾ മൂന്നുതരമാണ്. (1) സാമാന്യലക്ഷണം: 'മനുഷ്യന് മരണമുണ്ടോ' എന്ന ചോദ്യത്തിൽ, മനുഷ്യൻ എന്ന പദം ഒരു വ്യക്തിയെ അല്ല, മനുഷ്യരെ എല്ലാവരെയും പൊതുവായി സൂചിപ്പിക്കുകയാണു ചെയ്യുന്നത്. ചോദ്യകർത്താവിന് മനുഷ്യരെപ്പറ്റി പൊതുവായധാരണയുണ്ട്. അതുൽഭിച്ചത് ലോകത്തുള്ള എല്ലാമനുഷ്യരേയും നേരിൽ കണ്ടിട്ടല്ല, നേരനുഭവത്തിലൂടെയല്ല. കുറച്ചു മനുഷ്യരെ മാത്രം കണ്ടുകൊണ്ട് മനുഷ്യവർഗ്ഗത്തെപ്പറ്റി പൊതുവായ ധാരണകൾ ഉണ്ടാവുന്നതാണ് സാമാന്യലക്ഷണം (2) ജ്ഞാനലക്ഷണം: 'മഞ്ഞുകട്ടക്കു തണുപ്പുണ്ടെന്നു കാണുന്നു', 'സുഗന്ധമുള്ള ചന്ദനക്കട്ട ഞാൻ കണ്ടു' എന്നൊക്കെ പറയാൻ കഴിയുന്നത്, അവയെപ്പറ്റി വിവിധ ഇന്ദ്രീയങ്ങളിൽക്കുടി ലഭിച്ച, സമ്യോജിതമായ, മുന്നറിവു പ്രകാരമാണ്. അതാണ് ജ്ഞാനലക്ഷണപരമായ അറിവ്. കയറുകണ്ടു പാമ്പാണെന്നു ധരിക്കുന്നത് ജ്ഞാനലക്ഷണപ്രകാരമാണ് എന്നാണ് ന്യായവാദികളുടെ വിശദീകരണം. (3) യോഗജം: യോഗാഭ്യാസം കൊണ്ട് അസാധാരണ കഴിവുകൾ നേടിയവർക്ക് ഉണ്ടാവുന്ന് ആന്തരികമായ അറിവാണ് (Intuitive Knowledge) യോഗജം എന്നു ന്യായവാദികളുടെ പക്ഷം.

സവികല്പം, നിർ‌വികല്പം എന്നും പ്രത്യക്ഷാനുഭവങ്ങളെ വകതിരിച്ചിട്ടുണ്ട്. മേശപ്പുറത്തിരിക്കുന്ന ഒരു നാരങ്ങ ആദ്യം കാണുന്ന മാത്രയിൽ തന്നെ 'അത് നാരങ്ങയാണ്' എന്ന ബോധം ഉണ്ടാവുന്നില്ല. അതിന്റെ നിറം, ആകൃതി തുടങ്ങിയ ഗുണങ്ങളെക്കുറിച്ചുള്ള ധാരണയേ ഉണ്ടാവുന്നുള്ളൂ. അതുപോലെ മറ്റെന്തെങ്കിലും ഒരു കാര്യം ഗാഢമായി ആലോചിച്ചു കൊണ്ട് കുളിക്കുന്ന ഒരാൾ, വെള്ളത്തിന്റെ തണുപ്പോ, ഒഴുക്കോ അറിയുന്നില്ല. അത്തരം അറിവുകൾ നിർ‌വികല്പങ്ങളാണ്. മേശമേലിരിക്കുന്ന വസ്തു, അതിന്റെ ആകൃതി, നിരം എന്നിവയിൽ നിന്ന്, 'അത് ഒരു നാരങ്ങയാണ്' എന്നുണ്ടാവുന്ന ബോധമാണ് സവികല്പം. നിർ‌വികല്പബോധമില്ലാതെ സവികല്പം ഉണ്ടാവുന്നില്ല. അതുപോലെ, 'ഇന്നലെ വഴിയിൽ എന്നെ സഹായിച്ചത് ഇയാളായിരിക്കണം' എന്നുള്ള തിരിച്ചറിവ്, പ്രത്യാഭിജ്ഞാനം എന്നാണ് അറിയപ്പെടുന്നത്.

അനുമാനം (Inference)

[തിരുത്തുക]

ഒരറിവിനെ ആസ്പദമാക്കി എടുക്കുന്ന മറ്റൊരറിവാണ് അനുമാനം. "മലമുകളിൽ പുക കാണുന്നു, അതുകൊൺട് അവിടെ തീയുണ്ട്" എന്നത്, 'പുകയുള്ളിടത്ത് തീയുണ്ട്' എന്ന മുന്നറിവ് ആസ്പദമാക്കിയെടുക്കുന്ന ഒരു അനുമാനമാണ്. "രാമൻ മനുഷ്യനാണ്, അതുകൊണ്ട് അയാൾക്കു മരണമുണ്ട്" എന്നത് 'മനുഷ്യനും' 'മരണവും' തമ്മിലുള്ള ദൃഢവും സാർ‌വത്രികവുമായ ബന്ധത്തിന്റെ - 'വ്യാപ്തി'യുടെ - അടിസ്ഥാനത്തിലുള്ള അനുമാനമാണ്. ഭാരതീയ ദർശനശാസ്ത്രത്തിൽ, ഇപ്രകാരമുള്ള അനുമാനങ്ങൾ, മറ്റോരാളുടെ മുൻപിൽ ഔപചാരികമായി സമർത്ഥിക്കുന്നത് ഇങ്ങനെയാണ്:

  1. മലമുകളിൽ തീയുണ്ട് ( പ്രതിജ്ഞ. വാദം ഉന്നയിക്കുന്നു)
  2. എന്തെന്നാൽ, അവിടെ പുകയുണ്ട്. (ഹേതു. കാരണം പറയുന്നു)
  3. എവിടെ പുകയുണ്ടോ അവിടെ തീയുണ്ട്, അടുക്കളയിലെപ്പോലെ (ഉദാഹരണ സഹിതം സാമാന്യസംബന്ധം പറയുന്നു)
  4. മലമുകളിൽ പുകയുണ്ട്. (ഉപനയം. സാമാന്യബന്ധം പരിഗണനയിലുള്ള വിഷയത്തിൽ പ്രയോഗിക്കുന്നു)
  5. അതുകൊണ്ട് മലമുകളിൽ തീയുണ്ട് (നിഗമനം പറയുന്നു)

മേൽക്കാണിച്ച അനുമാനത്തിൽ, മല, പുക, തീ എന്നീ വിഷയങ്ങൾ പരസ്പരം ബന്ധിപ്പിച്ചു സമർത്ഥിക്കുകയാണ് ചെയ്യുന്നത്. അവയെ, യഥാക്രമം പക്ഷം, ഹേതു, സാധ്യം എന്നാണ് വിളിക്കുന്നത്. അവ തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന അഞ്ചു വാക്യങ്ങളെ 'അവയവങ്ങൾ' എന്നും വിളിക്കുന്നു. തീയും പുകയും തമ്മിലുള്ള വ്യാപ്തിയെ ആധാരമാക്കിയാണ്, 'മലമുകളിൽ തീയുണ്ട്' എന്ന അനുമാനത്തിൽ എത്തുന്നത്. രണ്ടുകാര്യങ്ങൾ തമ്മിലുള്ള നിത്യവും നിരുപാധികവും ആയ സംബന്ധം (Invariable Concommittance) ആണ് വ്യാപ്തി. എന്നാൽ, 'പുകയുണ്ടെങ്കിൽ‍ തീയുണ്ട്' എന്ന് പറയാമെങ്കിലും, 'തീയുള്ളപ്പോഴെല്ലാം പുകയുണ്ടാവും' എന്നു പറയാനാവില്ല. ചുട്ടു ചുവന്ന ഒരു ഇരുമ്പുഗോളം പുകയുണ്ടാക്കുന്നില്ല. ഇങ്ങനെ ഒരു വശത്തേക്കുമാത്രം സാധുവാകുന്ന വ്യാപ്തി, 'അസമവ്യാപ്തി' അല്ലെങ്കിൽ 'വിഷമവ്യാപ്തി' യാണ്. ഇരു വശത്തേക്കും സാധുവാകുന്നത് സമവ്യാപ്തിയാണ്. രണ്ടു കാര്യങ്ങൾ തമ്മിൽ, ഇപ്രകാരമുള്ള വ്യാപ്തി സ്ഥിരീകരിക്കുന്നത്, വിരുദ്ധങ്ങളില്ലാത്ത നിരന്തരാനുഭവങ്ങളിലൂടെയാണ്. ഒന്നുണ്ടാവുമ്പോൾ മറ്റേതും ഉണ്ടാവണം (അന്വയം), ഒന്നുണ്ടായില്ലെങ്കിൽ മറ്റേത് ഉണ്ടാവരുത് (വ്യതിരേകം), ഒന്നില്ലാതെ മറ്റേതുണ്ടാവുന്ന ഒരു സന്ദർഭവും ഉണ്ടാവരുത് (വ്യഭിചാരഗ്രഹം). കൂടാതെ, ഇപ്രകാരമുള്ള ബന്ധം നിരുപാധികം ആയിരിക്കുകയും വേണം.

ന്യായവാദികളുടെ, 'അനുമാനം സാധുവായ ന്യായമായ അറിവിന്റെ ഉത്ഭവമാണ്' - പ്രമാണമാണ് - എന്ന വാദം, ചർ‌വാകരെപ്പോലെയുള്ള ദാർശനികർ അംഗീകരിക്കുന്നില്ല. വ്യാപ്തിയെപ്പറ്റി അവർ സംശയാലുക്കളാണ്. തീയില്ലാതെ പുകയുണ്ടാവില്ല എന്നതാണ് ഭൂതകാലത്തിലെയും വർത്തമാന കാലത്തിലും ഉള്ള പ്രത്യക്ഷാനുഭവം എങ്കിലും ഭാവിലോ, മറ്റേതെങ്കിലും ഒരു സാഹചര്യത്തിലോ (ഉദാ: ഭൂമിയിലല്ലാതെ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും) ആ വ്യാപ്തി സാധുവായിക്കൊള്ളണമില്ല എന്നവർ വാദിക്കുന്നു. അതിനെതിരായി, ന്യായവാദികൾ തങ്ങളുടെ നിലപാട് സ്ഥാപിക്കുന്നത്, തർക്കം (Reductio ad absurdum) ഉന്നയിച്ചുകൊണ്ടാണ്. അതായത്, 'പുകയുന്നവയിൽ തീയുണ്ട്' എന്ന വാദം സ്ഥാപിക്കുന്നത്, അതിന്റെ വിപരീതം - അതായത്, 'ചില പുകയുന്ന വസ്തുക്കളിൽ തീയില്ല' എന്ന പ്രസ്താവന - തെറ്റാണെന്നു സ്ഥാപിച്ചുകൊണ്ടാണ്; തീയില്ലാതെ പുകയുണ്ടാക്കാമെങ്കിൽ, പുകവലിക്കാൻ തീയെന്തിന്, ആഹാരം പാചകം ചെയ്യാൻ തീയെന്തിന് എന്ന പ്രായോഗികചോദ്യം ഉന്നയിച്ചുകൊണ്ടാണ്.

അനുമാനങ്ങളെയും പല തരത്തിൽ വകതിരിച്ചുട്ടുണ്ട് (Classification). ഒരാൾ സ്വയം എടുക്കുന്ന അനുമാനങ്ങൾക്ക് 'സ്വാർത്ഥം' എന്നും, അതു മറ്റൊരാളെ ബോധ്യപ്പെടുത്താനായി സമർത്ഥിക്കുമ്പോൾ 'പരാർത്ഥം' എന്നും പറയുന്നു. കാർമേഘം കണ്ടിട്ട് മഴയുണ്ടാവും എന്നു നിശ്ചയിക്കുന്നത് (പ്രത്യക്ഷമായ കാരണത്തിൽ‍ നിന്ന് ഒരു കാര്യം സംഭവിക്കും എന്ന് തീരുമാനിക്കുന്നത്) 'പൂർ‌വവത്' അനുമാനമാണ്. അതുപോലെ, കലങ്ങിയൊഴുകുന്ന പുഴ കണ്ടിട്ട്, മഴപെയ്തിട്ടുണ്ട് എന്നൂഹിക്കുന്നത് (കാര്യത്തിൽ നിന്ന്/ ഫലത്തിൽ നിന്ന് കാരണം ഊഹിക്കുന്നത്) 'ശേഷവത്' അനുമാനമാണ്. എന്നാൽ, ആകാശത്തിൽ, ചന്ദ്രന്റെ വിവിധ സമയങ്ങളിൽ ഉള്ള വ്യത്യസ്തസ്ഥാനം കണ്ടുകൊണ്ട്, അതു സഞ്ചരിക്കുന്നുണ്ട് എന്നു മനസ്സിലാക്കുന്നതും ഒരു മൃഗം ഇരട്ടക്കുൾമ്പുള്ളതോ, ഒറ്റക്കുളമ്പുള്ളതോ എന്നു കൊമ്പുമാത്രം നോക്കി നിശ്ചയിക്കുന്നതും, ഇപ്രകാരം ഒരു കാര്യ-കാരണബന്ധത്തെ ആസ്പദമാക്കിയല്ല; വസ്തുക്കളുടെ സാദൃശ്യം ആധാരമാക്കിയുള്ളതാണ്. അത് 'സാമാന്യതോദൃഷ്ടം' എന്നറിയപ്പെടുന്നു. വ്യത്യസ്തതരം 'വ്യാപ്തി'യെ ആധാരമാകിയുള്ള വർഗ്ഗീകരണവും ഉണ്ട്. 'കേവലാന്വയി'യിൽ, ഹേതുവും സാദ്ധ്യവും തമ്മിലുള്ള വ്യാപ്തി, ഋജുവാണ് (Positively relation). ഉദാഹരണം: 'അറിയാൻ കഴിയുന്ന വസ്തുക്കൾക്കെല്ലാം പേരിടാൻ കഴിയും; കുടം അറിയാൻ കഴിയുന്ന വസ്തുവാണ്; അതിന് പേരിടാൻ കഴിയും' - അറിയാൻ കഴിയുന്നതും എന്നാൽ പേരിടാൻ പറ്റാത്തതുമായ ഒരു വസ്തുവില്ല. എന്നാൽ, 'കേവലവ്യതിരേകി'യിൽ, ഹേതുവം സാധ്യവും തമ്മിലുള്ളത് വ്യൂത്ക്രമബന്ധമാണ് (Negative relation). അതിനു ന്യായവാദികൾ നൽകുന്ന ഉദാഹരണം ഇങ്ങനെയാണ്: 'ഗന്ധമില്ലാത്തത്, മറ്റു ഭൂതങ്ങളിൽ നിന്ന് (അഗ്നി, ജലം, വായു..) വ്യത്യസ്തമല്ല; ഭൂമിയ്ക്ക് ഗന്ധമുണ്ട്; അതുകൊണ്ട് അതു മറ്റു ഭൂതങ്ങളിൽ നിന്നു വ്യത്യസ്തമാണ്' - മറ്റു ഭൂതങ്ങൾക്ക് ഗന്ധം എന്ന ഗുണമില്ലാത്തതാണ്, ഭൂമിയെ വ്യത്യസ്തമാക്കുന്നത്.‍ രണ്ടു രീതിയിലും - ക്രമമായും, വ്യൂത്ക്രമമായും -വ്യാപ്തിയുള്ള ബന്ധങ്ങൾ 'അന്വയവ്യതിരേകി' എന്നു വിളിക്കുന്നു. ഉദാഹരണം: ' പുകയുന്ന എല്ലാ വസ്തുക്കളിലും തീയുണ്ട്; മല പുകയുന്നു; അതുകുണ്ട് മലയിൽ തീയുണ്ട്', 'തീയില്ലാത്ത വസ്തുക്കളിൽ പുകയുണ്ടാവില്ല; മല പുകയുന്നു; അതുകുണ്ട് മലയിൽ തീയുണ്ട്'.

ഹേത്വാഭാസങ്ങൾ

[തിരുത്തുക]

അനുമാനങ്ങളിൽ വരുന്ന പിഴവുകളാണ് ഹേത്വാഭാസങ്ങൾ. അവ നാലു തരമുണ്ട് എന്നു നൈയായികർ വാദിക്കുന്നു.

  1. സവ്യഭിചാരം (Irregular Middle Term): 'ഇരുകാലികൾക്ക് ബുദ്ധിയുണ്ട്; അരയന്നം ഇരുകാലിയാണ്; അതുകൊണ്ട് അവയ്ക്കു ബുദ്ധിയുണ്ട്'. ഇരുകാലികളെല്ലാം ബുദ്ധിയുള്ളവയല്ല. ചിലതിനു ബുദ്ധിയുണ്ട്, ചിലതിനില്ല. അതുകൊണ്ട്, അരയന്നത്തിൻ ബുദ്ധിയുണ്ടെന്നും ഇല്ലെന്നും തീരുമാനിക്കാം. അവ പരസ്പരവിരുദ്ധമായ അനുമാനങ്ങളാണ്. ഹേതു അസ്വീകാര്യമാണ്.
  2. വിരുദ്ധം (Contradictory Middle Term): 'വായുവിനു ഭാരമുണ്ട്, എന്തെന്നാൽ അതു ശൂന്യമാണ്'. ഇവിടെ, എന്താണോ തെളിയിക്കുവാൻ ശ്രമിക്കുന്നത്, അതിനു കടകവിരുദ്ധമാണ് കാരണം പറഞ്ഞിരിക്കുന്നത്.
  3. സത്പ്രതിപക്ഷം (Inferentially contradicted middle): മറ്റൊരു അനുമാനം കൊണ്ട് തെറ്റാണെന്നു തെളിയിക്കപ്പെടാവുന്ന അനുമാനമാണ് ഈ വിഭാഗത്തിലുള്ളത്. 'ശബ്ദം ശാശ്വതമാണ്, എന്തെന്നാൽ അത് കേൾക്കാൻ കഴിയും' എന്ന അനുമാനത്തെ 'ശബ്ദം, ശാശ്വതമല്ല, എന്തെന്നാൽ ഒരു കുടത്തെ എന്നതുപോലെ അത് സൃഷ്ടിക്കപ്പെടുന്നതാണ്.' എന്ന മറ്റൊരനുമാനം കൊണ്ട് ഖണ്ഡിക്കാൻ കഴിയും.
  4. ബാധിതം (Non-inferentially contradicted middle): അനുമാനമല്ലാത്ത മറ്റൊരറിവുകൊണ്ട് നിരസിക്കാൻ കഴിയുന്ന അനുമാനം. 'തീയിന് തണുപ്പാണ്. എന്തെന്നാൽ അതൊരു വസ്തുവാണ്.' തീയ് ചൂടുള്ളതാണെന്ന പ്രത്യക്ഷാനുഭവം, ഈ അനുമാനത്തെ നിരാകരിക്കുന്നു.

ഉപമാനം (Comparison)

[തിരുത്തുക]

വാക്കും അതു സൂചിപ്പിക്കുന്ന വസ്തുവും/കാര്യവും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള (സംജ്ഞാസംജ്ഞിസംബന്ധം) അറിവാണ് ഉപമാനം. കാട്ടുപശുക്കളെ (ഗവയ) കണ്ടിട്ടില്ലാത്ത ഒരളോട്, അത് വീട്ടുപശുവിനെപ്പോലെയുള്ള ഒരു മൃഗമാണ് എന്ന് അറിവുള്ള ഒരാൾ പറയുന്നു. പിന്നീട് അയാൾ കാട്ടിൽ അത്തരം ഒരു മൃഗത്തെ തിരിച്ചറിയുന്നത് ഉപമാനത്തിലൂടെയാണ്. ഇതും സാധുവായ, വ്യത്യസ്തമായ ഒരു തരം അറിവാണ് എന്നു ന്യായദർശനികർ കരുതുന്നു. ചർ‌വാകദാർശനികർ ഉപമാനം പ്രമാണമായി അംഗീകരിക്കുന്നില്ല. ബൗദ്ധദാർശനികർ, ഉപമാനം സാധുവായ അറിവിന്റെ ഉറവിടമാണെന്ന് അംഗീകരിക്കുന്നു എങ്കിലും വ്യത്യസ്തമായ അറിവാണ് എന്ന് കരുതുന്നില്ല. അവർ അത് പ്രത്യക്ഷവും, ശബ്ദവും ആയി സംഗ്രഹിക്കുന്നു. അതുപോലെ, വൈശേഷികദർശനത്തിലും സാംഖ്യദർശനത്തിലും ഉപമാനം, ഒരു സവിശേഷമായ അനുമാനമായിട്ടാണ് വിലയിരുത്തുന്നത്. എന്നാൽ, മീമാംസയും വേദാന്തവും ഉപമാനം വ്യത്യസ്തമായ അറിവായി കരുതുന്നു. പക്ഷേ, അവരുടെ യുക്തി, ന്യായവാദത്തിൽ നിന്നു വേറിട്ട ഒരു രീതിയിലാണ്.

ശബ്ദം (Testimony)

[തിരുത്തുക]

വാക്കിൽ നിന്നു ലഭിക്കുന്ന സാധുവായ അറിവാണ് ശബ്ദം. വിശ്വസനീയരായ ആളുകൾ, അന്യരുടെ മാർഗ്ഗദർശനത്തിനായി, സത്യസന്ധമായിപ്പറയുന്ന വാക്കുകൾ, ശരിയായ രീതിയിൽ മനസ്സിലാക്കുമ്പോഴാണ് മാത്രമാണ് അതു പ്രമാണമായി പരിഗണിക്കാവുന്നത് എന്നാണു ന്യായവാദം. അതിന്, നാലു വ്യവസ്തകളാണ് പാലിക്കേണ്ടത്. (i) ആശങ്ക (Expectancy): ആശയം പൂർണ്ണമായി വ്യക്തമാക്കുന്ന വിധം, വാക്കുകൾ തമ്മിലുള്ള പരസ്പര ബന്ധമാണിത്. "തരൂ" എന്നു മാത്രം പറഞ്ഞാൽ, ആശയം വ്യക്തമാകുന്നില്ല. 'എന്ത്?' എന്ന സംശയം അതുണ്ടാക്കുന്നു. 'കുടം തരൂ' എന്നാണെങ്കിൽ അതു വ്യക്തമായി. (ii) യോഗ്യത (Mutual Fitness): വാക്യത്തിലെ വാക്കുകൾ തമ്മിലുള്ള ആശയപരമായ യോജിപ്പാണിത്. 'തീ കൊണ്ടു നനയ്ക്കൂ' എന്ന വാക്യത്തിൽ, വാക്കുകൾ തമ്മിൽ ആശയപരമായ വൈരുദ്ധ്യമുണ്ട്. ശരിയായ അറിവുനൽകുന്ന വാക്യങ്ങളിൽ ഈ വൈരുദ്ധ്യം ഉണ്ടാവരുത്. (iii) സന്നിധി/ ആസത്തി (Proximity): വാക്കുകൾ തമ്മിൽ സ്ഥല-കാലപരമായ അടുപ്പമാണിത്. 'ഒരു പശുവിനെ കൊണ്ടുവരൂ' എന്ന വാക്യത്തിലെ മൂന്നു പദങ്ങൾ, ആശയപരമായി പൂർണ്ണവും, വൈരുദ്ധ്യമില്ലാത്തതിമാണ് എങ്കിലും അവ മൂന്നു താളുകളിലായി എഴുതിയാലോ, മൂന്നു ദിവസങ്ങളിലായി പറഞ്ഞാലോ, ആശയം വ്യക്തമാവുകയില്ല. (iv) താത്പര്യം (Intended Meaning): വാക്കുകൾക്ക് സാന്ദർഭികമായി അർത്ഥം മാറും. വാക്കുകളുടെ, ശരിയായ അർത്ഥം മനസ്സിലാകണമെങ്കിൽ, അവ‍ പറയുന്നയാൾ അല്ലെങ്കിൽ എഴുതിയ ആൾ ഏതു സന്ദർഭത്തിലാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന പ്രകരണം (Context) അറിഞ്ഞാണ്, സാധാരണഗതിയിൽ അതു സാധിക്കുന്നത്.

വിശ്വസനീയമായി സാധാരണയാളുകളും, ദിവ്യരായവരും, വിശുദ്ധഗ്രന്ഥങ്ങളിലും ലോകത്തിലെ അനുഭവേദ്യമായ കാരങ്ങളെക്കുറിച്ചു പറയുന്നത് ദൃഷ്ടാർത്ഥമെന്നും, നേരിട്ടറിയാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചുള്ളത് (കണങ്ങൾ, ഇലക്ട്റോണുകൾ, വിറ്റമിൻ തുടങ്ങിയവയെപ്പറ്റി ശാസ്ത്രജ്ഞരും, ധർമ്മാധർമ്മങ്ങളെക്കുറിച്ചു വിശുദ്ധരും, ഈശ്വരൻ, അമർത്യത എന്നിവയെക്കുറിച്ചു വിശുദ്ധഗ്രന്ഥങ്ങളും മറ്റും) അദൃഷ്ടാർത്ഥമെന്നും പറയുന്നു. അറിയേണ്ട കാര്യങ്ങളുടെ സ്വഭാവം ആസ്പദമാക്കിയാണ് ഈ തരം തിരിവ്. അതുപോലെ, അറിവിന്റെ ഉറവിടം ആസ്പദമാക്കിയും, വൈദികം, ലൗകികം (Scriptural, Secular) എന്ന് വർഗ്ഗീകരണമുണ്ട്. വിശുദ്ധഗ്രന്ഥങ്ങളിലൽ ‍നിന്നും കിട്ടുന്ന ദൈവവചനങ്ങളാണ് വൈദികം. അവ പൂർണ്ണവും അപ്രമാദവും - തെറ്റാത്തത്, Infallible - ആണ്. എന്നാൽ സാധാരണയാളുകൾ പറയുന്ന വാക്കുകൾ (ലൗകികങ്ങൾ) അപ്രകാരമല്ല; അവ തെറ്റോ ശരിയോ ആകാം. വിശ്വസനീയരായവർ പറയുന്നതു മാത്രമാണ് ശരിയായ അറിവ് എന്നാണു ന്യായപ്രമാണം. എന്നാൽ, അംഗീകരിക്കാവുന്ന വചനങ്ങൾ (ശബ്ദം) ഏത് ഉറവിടത്തിൽ നിന്നുള്ളതായാലും - സാധാരണക്കാരിൽ നിന്നോ, ദിവ്യന്മരിൽ നിന്നോ, ഈശ്വരനിൽ നിന്നു നേരിട്ടു തന്നെയോ ആയാലും - അവ തമ്മിൽ, യാതൊരു വ്യത്യാസവും ന്യായദർശനം കല്പിക്കുന്നില്ല.

കേവലദർശനം (Metaphysics)

[തിരുത്തുക]

പ്രപഞ്ചം/ലോകം മാറ്റമില്ലാത്തതും നിത്യവും ആയ, അഗ്നി, ജലം, ഭൂമി, വായു എന്നിങ്ങനെ നാലു ഭൂതങ്ങളാലാണ് നിർമ്മിച്ചിരിക്കുന്നത്. ആകാശം ഒരു ഭൂതമാണെങ്കിലും അത് ഒന്നിന്റെയും നിർമ്മാണഘടകമല്ല. ആകാശം (Ether), കാലം (Time), ദിക്ക് (Space) എന്നിവ, നിത്യങ്ങളും, അനന്തങ്ങളും, പരസ്പരം വ്യത്യസ്തങ്ങളും ആയ വസ്തുക്കളാണ്. നാലുതരം ഭൂതങ്ങളെ ഇവ, പല രീതിയിൽ ബന്ധിച്ച് വിവിധതരം വസ്തുക്കൾ ഉണ്ടാവുന്നു. ഈ വിഷയത്തെപറ്റിയുള്ള കൂടുതൽ കാര്യങ്ങൾ സമാന്തരതന്ത്രമായ വൈശേഷികത്തിൽ പറയുന്നുണ്ട്.

ആത്മാവിനെപ്പറ്റിയുള്ള ന്യായ-വൈശേഷികദർശനം യാഥാർത്ഥ്യപരമാണ് (Realistic). സജീവവസ്തുക്കളിൽ ശരീരത്തിൽ നിന്നു വ്യത്യസ്തമായി ആത്മാവ് എന്നൊരു വസ്തുവുണ്ട്. ബോധവും, വികാരങ്ങളും, ആശയങ്ങളും അതിന്റെ ഗുണങ്ങളാണ്. അവ ബാഹ്യേന്ദ്രീയങ്ങൾ കൊണ്ടല്ല അനുഭവിച്ചറിയുന്നത്. അതുകൊണ്ട് ആത്മാവ് ഭൗതികവസ്തുവല്ല. അത്മാവിന്റെ ഈ ഗുണങ്ങൾ അതിന്റെ കേവലഗുണങ്ങളല്ല (Essential Attributes), മറിച്ച്, ശരീരവുമായി ബന്ധപ്പെടുമ്പോൾ കൈവരുന്ന വിശേഷഗുണങ്ങളാണ് (Accidential Attributs). ഇന്ദ്രീയങ്ങളോ, മനസോ, ശരീരമോ ആത്മാവല്ല. ബോധം, ഭൗതികശരീരത്തിന്റെയോ, ഇന്ദ്രീയങ്ങളുടെയോ ഗുണമാവാൻ വഴിയില്ല. വെറും ശരീരം സ്വതേ ബോധരഹിതവും ബുദ്ധിശൂന്യവും ആണ്. ഓർമ്മയും, വികാരവിചാരങ്ങളും ഇന്ദ്രീയങ്ങളെ ആസ്പദമാക്കി വിശദീകരിക്കാനാവില്ല. മനസ്സിൽ നിന്നുൽഭവിക്കുന്നതായും കരുതാനാവില്ല. ന്യായദർശനപ്രകാരം മനസ്സ് അതിസൂക്ഷ്മമായ, ഗ്രഹണസാദ്ധ്യമല്ലാത്ത വസ്തുവാണ്െങ്കിൽ അതിലിന്നുൽഭവിക്കുന്നതെന്തും ഗ്രഹിക്കാൻ കഴിയത്തതായിരിക്കണം. എന്നാൽ അതങ്ങനെയല്ല. 'ബോധങ്ങളുടെ ഒരു ശൃംഖലയാണ് ആത്മാവ്' (Self) എന്ന ബൗദ്ധരുടെ വാദവും, 'സ്വയം പ്രകാശിക്കുന്ന ചൈതന്യമാണ്' ആത്മാവ് എന്ന അദ്വൈദികളുടെ വാദവും ന്യായം അംഗീകരിക്കുന്നില്ല. ഒരു ജപമാലയിലെ മുത്തുകൾക്കാവാത്തതുപോലെ, ബോധശൃംഖലയിലെ ഒരംഗത്തിനും അതിനു മുൻപോ പിൻപോ വരുന്ന ബോധത്തെ തിരിച്ചറിയാൻ കഴിയില്ല. അതുപോലെ, ശരീരത്തിൽ നിന്നോ വസ്തുക്കളിൽ നിന്നോ വേർപെട്ട് 'ശുദ്ധബോധം' എന്നൊന്നില്ല. ഇരിക്കാനിടമില്ലാതെ ആത്മാവിനുനിലനില്പ്പില്ല. ആത്മാവ വെറും ബോധമോ അറിവോ അല്ല. അറിവുനേടുവാൻ കഴിവുള്ള, 'ഞാൻ'‍ എന്ന് അഹങ്കാരാശ്രിതമായ, ഭോക്താവു (Enjoyer) കൂടിയായ, ഒന്നാണ്.


ചില പുരാതനന്യായവാദികളുടെ വീക്ഷണത്തിൽ, ഇച്ഛ, വെറുപ്പ്, ഇതര വികാരങ്ങൾ തുടങ്ങിയയുടെ അനുഭവത്തിൽ നിന്നെടുക്കുന്ന അനുമാനത്തിൽ നിന്നോ, ദിവ്യരായവരുടെ വചനങ്ങളിൽ നിന്നോ ആണ്, ശരീരവും ആത്മാവും രണ്ടാണെന്ന അറിവു ലഭിക്കുന്നത്. സ്ഥായിയായ ഒരാത്മാവില്ലാതെ ഈ കാര്യങ്ങൾ വിശദീകരിക്കുവനാവില്ല. എന്നാൽ പിൽക്കാല ന്യായവാദികൾ, ആത്മാവിനെ ആന്തരികമായ പ്രത്യക്ഷാനുഭൂതികളിലൂടെത്തന്നെ മനസ്സിലാക്കാം എന്നു വാദിക്കുന്നു. അപ്രകാരം നേരിട്ടറിയാനാവില്ല എന്നു വാദിക്കുന്ന ന്യായവാദികളുമുണ്ട്.

ധർമ്മശാസ്ത്രം (Ethics)

[തിരുത്തുക]

ന്യായദർശനത്തിൽ സകല ദുരിതങ്ങളിൽ നിന്നുമുള്ള സ്ഥിരമായ മോചനം ആണ് അപവർഗം. ആത്മാവിന്റെ ശരീരത്തിൽ നിന്നും ഇന്ദ്രീയങ്ങളിൽ നിന്നും ശാശ്വതമായ വിടുതലാണത്. അതിന് ആത്മാവിനെക്കുറിച്ചും മറ്റു വസ്തുക്കളെക്കുറിച്ചും ശരിയായ അറിവു നേടണം. ദിവ്യഗ്രന്ഥങ്ങൾ ശ്രവണം ചെയ്തും, മനനം ചെയ്തും, ധ്യാനം ചെയ്തും ആണ് അതു സാധിക്കുന്നത്. 'ഞാൻ, എന്റെ ശരീരവും മനസും മാത്രമാണ്' എന്ന മിഥ്യാജ്ഞാനം അപ്പോൾ ഇല്ലാതാവുന്നു. ആഗ്രഹങ്ങളാൽ, ചിത്തദോഷങ്ങളാൽ ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന് മോചനം നേടുന്നു. നിഷ്കാമമായി ചെയ്യുന്ന പ്രവൃത്തികൾ ബാധിക്കാതെയാവുന്നു. മുജ്ജന്മകർമ്മഫലം ബാധിക്കാതെയാവുന്നു. പുനർജ്ജന്മത്തിൽ നിന്ന് മുക്തി ലഭിക്കുന്നു. സകല ദുഃഖത്തിൽ നിന്നും മോചനം നേടുന്നു. ന്യായദർശനത്തിലെ ഏറ്റവും പുരാതനമായ ഗ്രന്ഥമായ ന്യായസൂത്രത്തിൽ ഈശ്വരനെപ്പറ്റി നേരിയതോതിൽ മാത്രമാണ് പ്രതിപാദിക്കുന്നത്. വൈശേഷികസൂത്രത്തിലും അപ്രകാരമാണ്. എന്നാൽ അതിലെ ചില സൂത്രങ്ങൾ സ്വേശ്വരങ്ങളാണെന്ന് ചില വ്യഖ്യാനങ്ങളുണ്ട്. എന്നാൽ പിന്നീട് ന്യായ-വൈശേഷികദർശനം, ദുഃഖത്തിൽ നിന്നുള്ള മോചനത്തെ ഈശ്വരാനുഗ്രഹമായി ബന്ധിപ്പിക്കുന്നുണ്ട്. ലോകവാസ്തവത്തെക്കുറിച്ചും മറ്റും അറിയാൻ കഴിയുമെങ്കിലും, ഈശ്വരാനുഗ്രഹമില്ലാതെ മോചനം സാധ്യമല്ലെന്ന് അവർ വാദിക്കുന്നു.

ഈശ്വരസങ്കല്പം: ന്യായദർശനത്തിൽ, ഈശ്വരൻ, പ്രപഞ്ചസ്രഷ്ടാവും, പരിപാലകനും, സംഹാരകനും ആണ്; ഏകനും, നിത്യനും, അനന്തനും, സര്വ്വജ്ഞാനിയും, സർവ്വശകതനും ആണ്. ഭൗതികമായ കണങ്ങൾ, ദിക്ക്, സമയം, ആകാശം, മനസ്, ആത്മാവ് തുടങ്ങിയ ശാശ്വതവസ്തുക്കൾ ഉപയോഗിച്ച്, ധർമ്മാർത്ഥം ലോകം സൃഷ്ടിച്ചിരിക്കുന്നു. ലോകത്തിലെ ജീവാത്മാക്കൾ അവരവരുടെ കർമ്മഫലം അനുസരിച്ച് സുഖദുഃഖങ്ങൾ അനുഭവിക്കുന്നു. കർമ്മഫലങ്ങളുടെ പ്രയോജകകർത്താവും, സുഖദുഃഖങ്ങളുടെ അന്തിമവിധികർത്താവും ആണ് ഈശ്വരൻ.

ഈശ്വരാസ്തിത്വത്തിന് പത്തോളം തെളിവുകൾ ന്യായവാദികൾ നിരത്തുന്നു. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്: (1) ലോകത്തിലെ സകലസങ്കീര്ണ്ണമായ വസ്തുക്കളും നിർമ്മിച്ചിരിക്കുന്നത് ഘടകവസ്തുക്കളാൾ കൊണ്ടാണ്; കണങ്ങൾ ഉപയോഗിച്ചാണ്. അത് ക്രമബദ്ധമായി യോജിപ്പിക്കാൻ അനന്തമായ ബോധമുള്ള ഒരു കർത്താവു വേണം. പാശ്ചാത്യദാർശനികരായ പോൾ ജാനെ, ഹെമൻ ലോത്സെ, ജെയിംസ് മർട്ടിനെ തുടങ്ങിയവരുടെ വാദവുമായി സാദൃശ്യമുള്ളതാണ് ഈ വാദം. (൨) നിത്യജീവിതത്തിൽ നാമനുഭവിക്കുന്ന സുഖദുഃഖങ്ങൾ അകാരണമായി സംഭവിക്കുന്നവയല്ല. എല്ലാറ്റിനും എന്തെങ്കിലും കാരണം വേണം. എന്നാൽ ആ കാരണങ്ങൾ ഈ ജന്മത്തിൽ തന്നെ കണ്ടെത്താൻ കഴിയില്ല. മുജ്ജന്മകർമ്മഫലങ്ങളാണ് ആ കാരണങ്ങൾ. പൂർവ്വജന്മത്തിലെ പുണ്യപാപങ്ങളുടെ സഞ്ചയം (അദൃഷ്ടം) ഈ ജീവിതത്തിലെ സുഖദു:ഖങ്ങളെ സ്വാധീനിക്കുന്നു. അദൃഷ്ടം നടപ്പാക്കാൻ ഒരാൾ വേണം. അത് ഈശ്വരനാണ്. ഇമ്മാനുവൽ കാന്റിന്റെ വാദങ്ങളോടു യോജിപ്പുള്ളതാണ് ഈ വാദം. (൩) നമുക്ക് നിരവധി വേദഗ്രന്ഥങ്ങൾ ഉണ്ട്. അതിന്റെ ആധികാരികത, അതിന്റെ രചയിതാവിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ അസാധണങ്ങളാണ് (Supramundane); അതിലെ തത്ത്വങ്ങൾ, അതിശയിക്കുന്നതുമാണ് (Transcendant) അവ, സാധാരണക്കാരനു സാധ്യമാകുന്നതല്ല. സർവ്വജ്ഞാനിയായ, ത്രികാലജ്ജാനിയായ ഒരാൾക്കേ കഴിയൂ. അത് ഈശ്വരനാണ്. (൪) വേദഗ്രന്ഥങ്ങളിൽത്തന്നെ ഈശ്വരനുണ്ടെന്ന് പലയിടത്തും വ്യക്തമാക്കിയിട്ടുൺട്. അതും മറ്റൊരു തെളിവാണ്.

ഈ വാദങ്ങളിൽ അവസാനത്തെ രണ്ടെണ്ണം ഒരുതരം വർത്തുളവാദമാണെന്ന് (Circular Argument; Petitio Principii) എന്ന ആക്ഷേപം ന്യായവാദികൾ നേരിടുന്നുണ്ട്. അസ്തിത്വം, ജ്ഞാനം എന്നിവയുടെ ക്രമങ്ങളിലുള്ള വിപരീതബന്ധം മാത്രമാണ് അത് എന്നാണ് ന്യായവാദം. അതായത്, വേദങ്ങൾ വന്നത് ഈശ്വരനുശേഷമാണ്; എന്നാൽ, നമുക്ക് ഈശ്വരനെക്കുറിച്ച് അറിവുകിട്ടുന്നത് ആദ്യം വേദങ്ങളിൽ നിന്നാണ്. ഇത് വിപരീതബന്ധം വർത്തുളവാദമല്ല. അതുപോലെ, ശരീരമില്ലാത്ത ഈശ്വരന് ലോകസൃഷ്ടി സാധ്യമേയല്ല എന്ന വാദവും ന്യായവാദികൾ എതിർക്കുന്നു: ആ വാദം വൈരുദ്ധ്യത്തിനെ ഇരുകൊമ്പുകളിൽ കുരുങ്ങിക്കിടക്കുന്നു എന്നാണ് അവരുടെ എതിർവാദം - ഈശ്വരാസ്തിത്വം വേദങ്ങൾ തെളിയിക്കുന്നു എങ്കിൽ ഈ ചോദ്യം ഉദിക്കുന്നതേയില്ല; തെളിയിക്കുന്നില്ലെങ്കിൽ ഈ ചോദ്യം (ഇല്ലാത്ത ദൈവത്തിനു ശരീരമുണ്ടോ എന്ന ചോദ്യം) പ്രസക്തവുമല്ല. ഈശ്വരാസ്തിത്വത്തിനെതിരായ മറ്റോരു വാദം ഇങ്ങനെയാണ്: 'ഈശ്വരൻ ലോകം സൃഷ്ടിച്ചത് എന്ത് ഉദ്ദേശ്യത്തോടെയാണ് ? പൂർത്തീകരിക്കാത്ത, ഏതെങ്കിലും സ്വന്തം ആഗ്രഹം സാധിക്കുന്നതിനാണ് എന്നു വിചാരിക്കാനാവില്ല; എന്തെന്നാൽ ഈശ്വരൻ പൂർണ്ണനാണ്. മറ്റാരുടേയൊ ആഗ്രഹം സാധിക്കുന്നതിനായി പ്രയത്നിക്കുന്നു എന്നും പറയാൻ കഴിയില്ല; എന്തെന്നാൽ അത്തരം ഒരാൾ വിവേകശാലിയാണെന്നു പറയാനാവില്ല. കരുണയാൽ പ്രചോദിതനായാണ് ലോകസൃഷ്ടി എന്നാണെങ്കിൽ, സന്തോഷം മാത്രമുള്ള ഒരു ലോകം സൃഷ്ടിക്കാമായിരുന്നു. ലോകത്തിൽ ദുരിതങ്ങൾ ഉണ്ടാവരുതായിരുന്നു. ഇതെല്ലാം കാണിക്കുന്നത് ഈശ്വരൻ ഇല്ല എന്നാണ്.' നൈയായികരുടെ പ്രതികരണം ഇപ്രകാരമാണ്: 'കരുണയാൽ പ്രചോദിതനായാണ് ലോകം സൃഷ്ടിച്ചത് എന്നതു തീർച്ചയാണ്. എന്നാൽ, സന്തോഷം മാത്രമുള്ള ലോകം എന്നത് വസ്തുക്കളുടെ നൈസർഗ്ഗികസ്വഭാവവും ആയി യോജിക്കുന്നതല്ല. ജീവികളുടെ പുണ്യപാപപ്രവൃത്തികളുടെ ഫലമായും സന്തോഷവും ദുരിതവും വരാം. പക്ഷേ, ഈശ്വരൻ സൃഷ്ടിച്ച ലോകം അദ്ദേഹത്തിന്റെ കഴിവുകളെ തന്നെ ഒരിക്കലും പരിമിതപ്പെടുത്തുന്നില്ല, തടസപ്പെടുത്തുന്നില്ല; മറിച്ച്, അദ്ദേഹത്തിന്റെ ധർമ്മപരമായ ലക്‌ഷ്യങ്ങലളെ, യുക്തിപരമായ ഉദ്ദേശ്യങ്ങളെ സാധ്യമാക്കുന്നതിൽ സഹായിക്കുകയണു ചെയ്യുന്നത്.'

സവിശേഷസ്ഥാനം

[തിരുത്തുക]

ജ്ഞാനസമ്പാദനത്തെക്കുറിച്ച് പ്രബലമായ ഒരു സിദ്ധാന്തസമ്പ്രദായം ആവിഷ്കരിച്ചു എന്നതാണ് ന്യായദർശനത്തിന്റെ പ്രാധാന്യം. പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന്തിന് ന്യായം അതിന്റെ യുക്തിഭദ്രമായ വിശകലനസമ്പ്രദായം ഉപയോഗിക്കുന്നു. എന്നാൽ ന്യായത്തിലെ, ഒന്നിലധികം യാഥാർത്ഥ്യങ്ങളെ ആധാരമാക്കിയുള്ള പ്രപഞ്ചവിശകലനം (Pluralistic Realism) അത്രത്തോളം തൃപ്തികരമല്ല എന്നും സാംഖ്യദർശനത്തെക്കാളും അദ്വൈതദർശനത്തെക്കാളും പിന്നിലാണ് ന്യായദർശനത്തിന്റെ സ്ഥാനം എന്നും ചില വീക്ഷണങ്ങൾ ഉണ്ട്.

അവലംബം

[തിരുത്തുക]

1. ഡോ. സതീഷ്ചന്ദ്ര ചാറ്റർജി. "ആൻ ഇൻ‌ട്രോഡക്ഷൻ ടു ഇൻ‌ഡ്യൻ ഫിലോസഫി" (in ഇംഗ്ലീഷ്). ന്യൂഡെൽഹി: രൂപ ആന്റ് കമ്പനി,. ISBN 978-81-291-1195-1. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, and |origdate= (help); Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: extra punctuation (link)

കുറിപ്പുകൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ന്യായം_(തത്ത്വചിന്ത)&oldid=3635918" എന്ന താളിൽനിന്ന് ശേഖരിച്ചത്