അക്ക മഹാദേവി
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
ശിവഭക്തയായ കന്നഡ കവയിത്രി. എ.ഡി. 12-ആം ശതകത്തിലാണ് ജീവിച്ചിരുന്നതെന്ന് ഗവേഷകർ കരുതുന്നു. മൈസൂർ സംസ്ഥാനത്തിലെ ഉടുനുടി എന്ന സ്ഥലത്താണ് അക്ക ജനിച്ചതെന്ന് അവരുടെ കവിതകളിൽനിന്നു വ്യക്തമാകുന്നുണ്ട്. മാതാപിതാക്കൾ ശിവഭക്തരായിരുന്നുവെന്നും അവരുടെ ഭക്തിപ്രവണത ബാല്യം മുതൽ അക്കയ്ക്കു ലഭിച്ചിരുന്നുവെന്നും പരാമർശങ്ങൾ കാണുന്നു.
കുട്ടിക്കാലം മുതൽ അക്കയിലങ്കുരിച്ച ശിവഭക്തി ക്രമേണ ഉൻമാദാവസ്ഥയിലെത്തിയ അനുരാഗമായി രൂപാന്തരപ്പെട്ടു. തന്മൂലം, താൻ ശിവനെയല്ലാതെ മറ്റാരേയും വരനായി സ്വീകരിക്കുകയില്ലെന്ന് അവർ ദൃഢനിശ്ചയം ചെയ്തു. അക്കയുടെ ഈ ദൃഢവ്രതത്തെ വിഗണിച്ചുകൊണ്ട് മാതാപിതാക്കൾ, ആ നാടു ഭരിച്ചിരുന്ന രാജാവിന് അവളെ വിവാഹം ചെയ്തുകൊടുത്തു. പക്ഷേ, വിവാഹത്തിനുശേഷം അക്കയുടെ ശിവഭക്തി പൂർവാധികം പ്രോജ്വലിക്കുകയാണ് ചെയ്തത്. തന്റെ പ്രിയതമയെ ഇതിൽനിന്നു വിരമിപ്പിക്കുവാനായി രാജാവ് പല പ്രലോഭനങ്ങളും ഭീഷണികളും നടത്തിനോക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ, എല്ലാവിധ ലൗകികസുഖഭോഗങ്ങളും പരിത്യജിച്ചുകൊണ്ട് അക്ക ഒരു വൈരാഗിണിയായി ശിവഭക്തിഗീതങ്ങളാലപിച്ചുകൊണ്ട് അലഞ്ഞുതിരിഞ്ഞുനടന്നു. ശിവനെ തന്റെ ഭർത്താവായി ലഭിക്കുവാനുള്ള അദമ്യമായ അഭിനിവേശം നിമിത്തം അക്ക ശിവവാസരംഗമെന്നു കരുതപ്പെടുന്ന ശ്രീശൈലപർവതത്തിലെത്തി ഭക്തികീർത്തനങ്ങൾ പാടി ശിവപൂജയിൽ മുഴുകിക്കഴിഞ്ഞു.[1]
ഈ സന്ദർഭത്തിലാണ് യോഗിനിയായ കവയിത്രി എന്ന വിഖ്യാതി അക്കയ്ക്കു ലഭിച്ചത്. ശ്രീശൈലവാസകാലത്ത് അക്ക പാടിയ പാട്ടുകൾ കന്നഡ ഭക്തിസാഹിത്യത്തിലെ അമൂല്യരത്നങ്ങളാണെന്ന് നിരൂപകന്മാർ അഭിപ്രായപ്പെടുന്നു. അക്കയുടെ രാഗനിർഭരമായ ഭക്തിഗീതങ്ങളിൽ വികാരം നിറഞ്ഞുനില്ക്കുന്നു.
ഉദാ.
“ | പശിയായാൽ ഭിക്ഷാന്നമുണ്ട്; തൃഷയായാലരുവികളും കുളങ്ങളും കിണറുകളുമുണ്ട്; ശയനത്തിനു പാഴ്ക്ഷേത്രങ്ങളുണ്ട്; ചന്നമല്ലികാർജുനയ്യാ ആത്മാവിന്റെ കൂട്ടിനു നീയുണ്ടെനിക്ക്'. |
” |
തന്റെ ആരാധനാമൂർത്തിയായ ശിവന്റെ ദർശനം ലഭിക്കാനായി ഉത്ക്കടമായ ആവേശം കാണിക്കുന്ന അക്ക "ഹര, എന്റെ പ്രിയതമനായിത്തീരുക എന്ന പ്രാർഥനയോടെ കഠിനതപസ്സനുഷ്ഠിക്കുകയും വിരഹവിഹ്വലയായ ഒരു നായികയെപ്പോലെ വിലപിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിലാപദശയിൽ പാടിയ പാട്ടുകളുടെ ഒരു മാതൃക വിവർത്തനം ചെയ്തു താഴെക്കൊടുക്കുന്നു.
“ | അയ്യാ, നീ കേൾക്കുമെങ്കിൽ കേൾക്കൂ, ഇല്ലെങ്കിൽ വേണ്ട നിന്നെപ്പറ്റി പാടാതിരുന്നാൽ എനിക്കു സഹിക്കാനാവില്ല. നീ അനുഗ്രഹിക്കുമെങ്കിൽ അനുഗ്രഹിക്കൂ അനുഗ്രഹിക്കില്ലെങ്കിൽ വേണ്ട. നിന്നെ ആരാധിക്കാതിരിപ്പാൻ എനിക്കു വയ്യ. നീ തൃപ്തിപ്പെടുമെങ്കിൽ പെട്ടുകൊള്ളു, ഇല്ലെങ്കിൽ വേണ്ട നിന്നെ ആരാധിക്കാതിരിപ്പാൻ എനിക്കു വയ്യ. നീ എന്നെ നോക്കുമെങ്കിൽ നോക്കൂ, ഇല്ലെങ്കിൽ വേണ്ട നിന്നെ ഉറ്റുനോക്കാതിരിപ്പാൻ എനിക്കു വയ്യാ |
” |
ഇങ്ങനെ പാടിപ്പാടി ശ്രീശൈലവാസം നടത്തിയ അക്കയ്ക്ക് മല്ലികാർജുനനിലൂടെ (ശ്രീശൈലത്തിലെ ശിവപ്രതിഷ്ഠയ്ക്കുള്ള പേരാണ് മല്ലികാർജുനൻ.) ശിവദർശനം ലഭിച്ചു എന്നാണ് ഐതിഹ്യം.[2]
ശിവദർശനത്തോടെ ബോധോദയം സിദ്ധിച്ച അക്ക, കല്യാണ എന്ന സ്ഥലത്തുള്ള 'ശിവശരണകേന്ദ്രം' തന്റെ ആധ്യാത്മിക പ്രവർത്തനരംഗമായി സ്വീകരിച്ച്, അവിടെ ബസവണ്ണ, അല്ലമപ്രഭു എന്നീ പ്രഗല്ഭരായ ആചാര്യന്മാരോടൊത്ത് സാഹിതീസേവനവും അധ്യാത്മവിദ്യാപ്രചാരണവും നടത്തിക്കൊണ്ടിരുന്നു. തന്റെ ശരീരവും ആത്മാവും ജ്ഞാനവും ശിവനിൽ വിലയം പ്രാപിച്ചിരിക്കുകയാണെന്നും താൻ ശിവന്റെ പ്രതിനിധി മാത്രമാണെന്നും അക്ക വിശ്വസിച്ചിരുന്നു. അക്കയുടെ ഭക്തിഗീതങ്ങളിലെല്ലാം ഈ വിശ്വാസത്തിന്റെ പ്രതിഫലനം ദൃശ്യമാണ്.
പരമഭാഗവതയായിത്തീർന്ന അക്ക ശിവപ്രേമത്തിന്റെ ഉച്ചശൃംഗത്തിലെത്തിയപ്പോൾ ഒരുതരം ഉൻമാദിയെപ്പോലെയായി. ഒടുവിൽ "വനമാകെ നീ താൻ, വനദേവതകളെല്ലാം നീ താൻ, തരുക്കളിൽക്കളിക്കും കിളികളും മൃഗങ്ങളും നീ താൻ. എന്ന് ഉറക്കെ പാടി ശ്രീശൈലത്തിന്റെ ഉത്തുംഗശൃംഗത്തിൽ കയറി ശിവധ്യാനനിരതയായിരുന്ന് നിർവാണമടഞ്ഞു എന്നാണ് ഭക്തജനങ്ങൾ വിശ്വസിച്ചുപോരുന്നത്. ഇങ്ങനെ മഹാദേവനിൽ വിലീനയായതോടെ 'അക്കമഹാദേവി' എന്ന പേർ സാർവത്രികമായിത്തീർന്നു.
അക്കമഹാദേവിയുടെ കീർത്തനങ്ങൾക്ക് കന്നഡസാഹിത്യത്തിൽ സവിശേഷമായ സ്ഥാനമുണ്ട്. തമിഴിലെ ആണ്ടാൾ, ഹിന്ദിയിലെ മീര എന്നീ ഭക്തകവയിത്രികളുടെ സമശീർഷയാണ് അക്കമഹാദേവി.[3]
അവലംബം
[തിരുത്തുക]- ↑ http://www.poetry-chaikhana.com/M/MahadeviAkka/index.htm Archived 2009-06-02 at the Wayback Machine. Akka Mahadevi
- ↑ http://home.infionline.net/~ddisse/mahadevi.html Archived 2010-07-27 at the Wayback Machine. Akka Mahadevi /Mahadeviyakka (1100s)
- ↑ http://www.women-philosophers.com/Akka-Mahadevi.html Akka Mahadevi 1150 - 1175 (?) CE
പുറംകണ്ണികൾ
[തിരുത്തുക]- അക്കമഹാദേവിയുടെ ചിത്രങ്ങൾ [1]
- http://www.ambahouse.org/akkamahadevi.html Archived 2009-09-05 at the Wayback Machine.
- http://www.akkasevasamaja.org/ Archived 2011-06-23 at the Wayback Machine.
- http://www.ourkarnataka.com/religion/akka_mathapati.htm Archived 2006-10-18 at the Wayback Machine.
- http://www.hindupedia.com/en/Akka_Mahadevi
വീഡിയോ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്ക മഹാദേവി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |