നേത്ര പരിശോധന
നേത്ര പരിശോധന | |
---|---|
Medical diagnostics | |
MedlinePlus | 003434 |
LOINC | 29271-4 |
നേത്രരോഗവിദഗ്ദ്ധൻ (മെഡിക്കൽ ഡോക്ടർ), ഒപ്‌റ്റോമെട്രിസ്റ്റ്, അല്ലെങ്കിൽ ഓർത്തോപ്റ്റിസ്റ്റ്, കാഴ്ച ശക്തി, കണ്ണുകളുടെ ആരോഗ്യം, എന്നിവ വിലയിരുത്തുന്നതിനും, അതിലെ അപാകതകൾ കണ്ടെത്തുന്നതിനും നടത്തുന്ന പരിശോധനകളുടെ ഒരു പരമ്പരയാണ് നേത്ര പരിശോധന എന്ന് വിശേഷിപ്പിക്കുന്നത്.
പ്രാഥമിക പരിചരണത്തിന്റെ ഭാഗമായി എല്ലാ ആളുകൾക്കും ആനുകാലികവും സമഗ്രവുമായ നേത്രപരിശോധന നടത്തണമെന്ന് ആരോഗ്യ പരിപാലന വിദഗ്ധർ പലപ്പോഴും ശുപാർശ ചെയ്യുന്നു, പ്രത്യേകിച്ചും പല നേത്രരോഗങ്ങളും ലക്ഷണങ്ങളില്ലാത്തവയാണ് എന്നതിനാൽ.
ചികിത്സിച്ചു മാറ്റാൻ സാധ്യതയുള്ള അന്ധത, നേത്ര രോഗങ്ങൾ, കണ്ണിന്റെ ചലന വൈകല്യങ്ങൾ, സിസ്റ്റമിക് രോഗങ്ങളുടെ കണ്ണിലെ ലക്ഷണങ്ങൾ, ട്യൂമറുകൾ അല്ലെങ്കിൽ തലച്ചോറിലെ മറ്റ് അപാകതകൾ എന്നിവ നേത്ര പരിശോധനയിലൂടെ കണ്ടെത്താം.
ഒരു പൂർണ്ണ നേത്ര പരിശോധനയിൽ, ഒരു ബാഹ്യ പരിശോധന, തുടർന്ന് കാഴ്ച ശക്തി, പ്യൂപ്പിൾ ഫംഗ്ഷൻ, എക്സ്ട്രാഒക്യുലർ പേശി ചലനം, വിഷ്വൽ ഫീൽഡുകൾ, ഇൻട്രാഒക്യുലർ മർദ്ദം, ഒഫ്താൽമോസ്കോപ്പി എന്നിവ ഉൾപ്പെടുന്നു.
ചെറിയ തോതിലുള്ള നേത്രപരിശോധനയിൽ കാഴ്ച ശക്തി, പ്യൂപ്പിൾ ഫംഗ്ഷൻ, എക്സ്ട്രാഒക്യുലർ പേശികളുടെ ചലനശേഷി എന്നിവയ്ക്കുള്ള പരിശോധനകളും, പ്യൂപ്പിൾ വികസിപ്പിക്കാതെ നേരിട്ടുള്ള ഒഫ്താൽമോസ്കോപ്പി പരിശോധനയും ഉൾപ്പെടുന്നു.
അടിസ്ഥാന പരിശോധനകൾ
[തിരുത്തുക]കാഴ്ച ശക്തി
[തിരുത്തുക]സാധാരണയുള്ള കാഴ്ചയുടെ അളവുകോലാണ് കാഴ്ച ശക്തി അഥവാ വിഷ്വൽ അക്വിറ്റി. സാധാരണ വിഷ്വൽ അക്വിറ്റിയുടെ (6/6 കാഴ്ച) അടിസ്ഥാന നിർവചനം ഒരു മിനിറ്റ് ആർക്ക് വിഷ്വൽ ആംഗിൾ ഉപയോഗിച്ച് വേർതിരിച്ച ഒരു സ്പേഷ്യൽ പാറ്റേൺ കാണനുള്ള കണ്ണിന്റെ കഴിവാണ്. 6/6 എന്ന പദം നിശ്ചിത ദൂരത്തിൽ "സാധാരണ കാഴ്ചയുള്ള വ്യക്തിക്ക്" കാണാൻ കഴിയുന്ന സ്റ്റാൻഡേർഡ് വലുപ്പത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, കാഴ്ച പരിശോധന ചാർട്ടിലെ 6/6 കാഴ്ചയെ സൂചിപ്പിക്കുന്ന ചെറിയ അക്ഷരങ്ങൾ ഒരു വ്യക്തിക്ക് 6 മീറ്റർ അകലത്തിൽ നിന്ന് കാണാൻ കഴിയുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് കാഴ്ച ശക്തി സാധാരണ നിലയിലാണെന്ന് പറയാം. അതേസമയം ഒരു വ്യക്തി 6/6 കാഴ്ചയെ സൂചിപ്പിക്കുന്ന വരിക്ക് തൊട്ടുമുകളിലുള്ള വരിയിലെ കുറച്ചുകൂടി വലിയ അക്ഷരങ്ങൾ മാത്രമേ കാണുന്നുള്ളൂ എങ്കിൽ ആ വ്യക്തിക്ക് കാഴ്ചയിൽ കുറവുണ്ടെന്ന് പറയാം. ആരോഗ്യമുള്ള വ്യക്തികൾക്ക് 6/6 എന്നതിനേക്കാൾ മികച്ച കാഴ്ചശക്തി ഉണ്ടാകാം.
കാഴ്ച അളക്കാൻ പലപ്പോഴും ഒരു സ്നെല്ലെൻ ചാർട്ട് അല്ലെങ്കിൽ ലോഗ്മാർ ചാർട്ട് ഉപയോഗിക്കുന്നു.
റിഫ്രാക്ഷൻ
[തിരുത്തുക]ഭൗതികശാസ്ത്രത്തിൽ, "റിഫ്രാക്ഷൻ " എന്നത് പ്രകാശത്തിന്റെ പാത ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുമ്പോൾ, ആ പാതയ്ക്കുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. നേത്രപരിശോധനയിൽ, റിഫ്രാക്ഷൻ അപവർത്തന ദോഷങ്ങൾ തിരിച്ചറിയാനുള്ള പരിശോധനകളെ സൂചിപ്പിക്കുന്നു. റെറ്റിനയിൽ പ്രകാശം കൃത്യമായി ഫോക്കസ് ചെയ്യാതാവുന്ന ഇത്തരം അവസ്ഥകൾ മൂലം കാഴ്ച മങ്ങുന്നു. ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി,വെള്ളെഴുത്ത്, അസ്റ്റിഗ്മാറ്റിസം എന്നിവയാണ് അപവർത്തന ദോഷങ്ങളുടെ ഉദാഹരണങ്ങൾ. ഒരു റിഫ്രാക്ഷൻ നടപടിക്രമത്തിൽ, സബ്ജക്റ്റീവ്, ഒബ്ജക്റ്റീവ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.
ഒബ്ജക്റ്റീവ് റിഫ്രാക്ഷൻ
[തിരുത്തുക]രോഗിയിൽ നിന്ന് നേരിട്ട് ഒന്നും ചോദിച്ചറിയാതെ, റെറ്റിനോസ്കോപ്പ് അല്ലെങ്കിൽ ഓട്ടോ റിഫ്രാക്റ്റർ ഉപയോഗിച്ച് കണ്ണിന്റെ റിഫ്രാക്റ്റീവ് അവസ്ഥ അല്ലെങ്കിൽ കാഴ്ച വൈകല്യത്തിന്റ അളവ് കണ്ടെത്തുന്ന രീതിയാണ് ഒബ്ജക്ടീവ് റിഫ്രാക്ഷൻ.
ഒരു റെറ്റിനോസ്കോപ്പി നടത്താൻ, ഡോക്ടർ/ഒപ്റ്റോമെട്രിസ്റ്റ്, പ്യൂപ്പിളിനുള്ളിലേക്ക് വര പോലെയുള്ള വെളിച്ചം കാണിക്കുന്നു. ലെൻസുകളുടെ ഒരു ശ്രേണി കണ്ണിന് മുന്നിൽ വെച്ച് റെറ്റിനോസ്കോപ്പിലൂടെ നോക്കുന്നതിലൂടെ റെറ്റിനയിൽ തട്ടി തിരിച്ചുവരുന്ന ലൈറ്റ് റിഫ്ലെക്സ് പഠിക്കാൻ കഴിയും. ഈ റെറ്റിന പ്രതിഫലനത്തിന്റെ ചലനത്തെയും ഓറിയന്റേഷനെയും അടിസ്ഥാനമാക്കി, കണ്ണിന്റെ റിഫ്രാക്റ്റീവ് അവസ്ഥ അളക്കുന്നു.
കണ്ണിന്റെ റിഫ്രാക്റ്റീവ് അവസ്ഥ അളക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഉപകരണമാണ് ഓട്ടോ റിഫ്രാക്റ്റർ. പ്രകാശം കണ്ണിന്റെ ഉള്ളിലേക്ക് അയക്കുന്ന പ്രകാശം റെറ്റിനയിൽ തട്ടി പുറത്തേക്ക് സഞ്ചരിക്കുന്നു. ഉപകരണത്തിലേക്ക് തിരികെ ലഭിച്ച വിവരങ്ങൾ രോഗികളോട് ചോദ്യങ്ങളൊന്നും ചോദിക്കാതെ റിഫ്രാക്റ്റീവ് പിശകിന്റെ വസ്തുനിഷ്ഠമായ അളവ് നൽകുന്നു.
സബ്ജക്റ്റീവ് റിഫ്രാക്ഷൻ
[തിരുത്തുക]സബ്ജക്റ്റീവ് റിഫ്രാക്ഷന് രോഗിയുടെ പ്രതികരണങ്ങൾ ആവശ്യമാണ്. സാധാരണഗതിയിൽ, രോഗി ഒരു ഫോറോപ്റ്ററിന് പിന്നിൽ ഇരിക്കും അല്ലെങ്കിൽ ഒരു ട്രയൽ ഫ്രെയിം ധരിച്ച് ഒരു കാഴ്ച പരിശോധന ചാർട്ട് നോക്കും. നേത്ര സംരക്ഷണ വിദഗ്ദ്ധർ ലെൻസുകളും മറ്റ് ക്രമീകരണങ്ങളും മാറ്റി മാറ്റി, ഏത് സെറ്റ് ലെൻസുകളാണ് മികച്ച കാഴ്ച നൽകുന്നതെന്ന് രോഗിയോട് ചോദിച്ച് മനസ്സിലാക്കുന്നു.
സൈക്ലോപ്ലീജിക് റിഫ്രാക്ഷൻ
[തിരുത്തുക]അനിയന്ത്രിതമായ അക്കൊമഡേഷൻ മൂലം, പ്രത്യേകിച്ചും കുട്ടികളിൽ, കൃത്യമായ റിഫ്രാക്ഷൻ കണ്ടുപിടിക്കാൻ പ്രയാസം വരുന്നതിനാൽ, സൈക്ലോപ്ലീജിക് റിഫ്രാക്ഷൻ പരിശോധന ആവശ്യമായി വന്നേക്കാം. ഇതിൽ, കണ്ണിന്റെ സീലിയറി പേശിയെ താൽക്കാലികമായി തളർത്താൻ സൈക്ലോപ്ലീജിക് തുള്ളിമരുന്നുകൾ കണ്ണിൽ ഒഴിക്കുന്നു.
പ്യൂപ്പിൾ പ്രവർത്തനം
[തിരുത്തുക]പ്യൂപ്പിലറി ഫംഗ്ഷന്റെ പരിശോധനയിൽ വിദ്യാർത്ഥികളെ തുല്യ വലുപ്പത്തിനായി പരിശോധിക്കുന്നത് (1മില്ലീമീറ്റർ അല്ലെങ്കിൽ അതിൽ കുറവ് വ്യത്യാസം സാധാരണമാകാം), ശരിയായ ആകൃതി, ശരിയായ നിലയിലുള്ള പ്രകാശത്തോടുള്ള പ്രതിപ്രവർത്തനം എന്നിവയെല്ലാം ഉൾപ്പെടുന്നു.
ന്യൂറോളജിക് തകരാറുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ ഒരു സ്വിംഗിംഗ്-ഫ്ലാഷ്‌ലൈറ്റ് പരിശോധനയും അഭികാമ്യമാണ്. ഒപ്റ്റിക് നാഡി അപാകതകൾ വിലയിരുത്തുന്നതിന് ലഭ്യമായ ഏറ്റവും എളുപ്പത്തിലുള്ളതും ഉപയോഗപ്രദവുമായ ക്ലിനിക്കൽ പരിശോധനയാണ് സ്വിംഗിംഗ്-ഫ്ലാഷ്‌ലൈറ്റ് പരിശോധന. ഈ പരിശോധനയിൽ മാർക്കസ് ഗൺ പ്യൂപ്പിൾ എന്നും അറിയപ്പെടുന്ന അഫറന്റ് പ്യൂപ്പിൾ വൈകല്യം കണ്ടെത്തുന്നു. വെളിച്ചം കുറഞ്ഞ മുറിയിലാണ് ഇത് നടത്തുന്നത്. സാധാരണ പ്യൂപ്പിലറി റിയാക്ഷനിൽ വെളിച്ചം കടിക്കുമ്പോൾ രണ്ട് പ്യൂപ്പിളും ഒരുപോലെ ചെറുതാവും.
ഇടത് കണ്ണിൽ എഫറന്റ് തകരാറുണ്ടെങ്കിൽ, പ്രകാശം എവിടെ പ്രകാശിക്കുന്നുവെന്നത് പരിഗണിക്കാതെ ഇടത് പ്യൂപ്പിൾ വലുതായി തുടരും, അതേസമയം വലത് പ്യൂപ്പിൾ സാധാരണ നിലയിൽ പ്രതികരിക്കും. ഇടത് കണ്ണിന് ഒരു അഫറന്റ് വൈകല്യമാണ് ഉള്ളതെങ്കിൽ, ഇടത് കണ്ണിൽ പ്രകാശം അടിച്ചാൽ രണ്ട് പ്യൂപ്പിളും വലുതാവും, അതേസമയം വലത് കണ്ണിൽ വെളിച്ചം അടിച്ചാൽ രണ്ട് പ്യൂപ്പിളും ഒരുപോലെ ചെറുതാവും. ഇടത് കണ്ണ് ബാഹ്യ ഉത്തേജകത്തോട് (അഫറന്റ് പാത്ത്വേ) പ്രതികരിക്കില്ല എന്നതാണ് കാരണം, പക്ഷേ അപ്പോഴും തലച്ചോറിൽ നിന്ന് (എഫറന്റ് പാത്ത്വേ) ന്യൂറൽ സിഗ്നലുകൾ സ്വീകരിക്കാൻ കഴിയും.
പ്രകാശത്തിനോട് സാധാരണ നിലയിൽ പ്രതികരിക്കുന്ന വളരെ ചെറിയ പ്യൂപ്പിൾ ഒരു ന്യൂറോപ്പതി ലക്ഷണമല്ല. എന്നിരുന്നാലും, ചെറിയ പ്യൂപ്പിളിനൊപ്പം മുകളിലെ കൺപോളയുടെ ടോസിസ് കൂടെ ഉണ്ടെങ്കിൽ, അത് ഹോർണർ സിൻഡ്രോം ആയേക്കാം.
ചെറിയതും ക്രമരഹിതവുമായ പ്യൂപ്പിൾ, അത് വെളിച്ചത്തിനോട് പ്രതികരണം കുറവുള്ളതും, പക്ഷേ അക്കൊമഡേഷനോട് സാധാരണ നിലയിൽ പ്രതികരിക്കുകയും ചെയ്താൽ, അത് ഒരു ആർഗിൽ റോബർട്ട്സൺ പ്യൂപ്പിളാണ്.
ഒക്യുലാർ ചലനം
[തിരുത്തുക]ഒക്യുലാർ ചലന പരിശോധന സാധാരണയുള്ള നേത്ര പരിശോധനയുടെ ഭാഗമായി തന്നെ എല്ലായ്പോഴും ചെയ്യേണ്ട ഒന്നാണ്, പ്രത്യേകിച്ചും രോഗികൾ ഇരട്ട കാഴ്ചയെക്കുറിച്ച് പരാതിപ്പെടുമ്പോൾ അല്ലെങ്കിൽ ഡോക്ടർമാർ ന്യൂറോളജിക് രോഗത്തെ സംശയിക്കുന്ന പക്ഷം. ആദ്യം, സ്ട്രാബിസ്മസ്, എക്സ്ട്രാഒക്യുലാർ പേശികളുടെ അപര്യാപ്തത, അല്ലെങ്കിൽ എക്സ്ട്രാഒക്യുലർ പേശികളുമായി ബന്ധപ്പെട്ടിരിക്കുന്ന തലയോട്ടിയിലെ ഞരമ്പുകളുടെ ആഘാതം എന്നിവ മൂലമുണ്ടാകുന്ന വ്യതിയാനങ്ങൾക്കായി കാഴ്ചയെ വിലയിരുത്തണം. വലത്, ഇടത്, മുകളിൽ, താഴെ എന്നിങ്ങനെയുള്ള ലക്ഷ്യത്തിലേക്ക് രോഗിയുടെ കണ്ണ് വേഗത്തിൽ നീക്കുന്നതിലൂടെ സാക്കേഡുകൾ വിലയിരുത്തപ്പെടുന്നു. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് "മാറാനുള്ള" കണ്ണുകളുടെ മോശം കഴിവ് വായനാ ശേഷിയെയും മറ്റ് കഴിവുകളെയും തടസ്സപ്പെടുത്തിയേക്കാം.
നോട്ടത്തിന്റെ ഒൻപത് കാർഡിനൽ ദിശകളിലേക്കും രണ്ട് കണ്ണുകൾ കൊണ്ട് നോക്കി ഒരു ലക്ഷ്യം പിന്തുടരാൻ ആവശ്യപ്പെടുന്നു. ചലനങ്ങളുടെ വേഗത, സുഗമത, വ്യാപ്തി, സമമിതി എന്നിവ പരീക്ഷകൻ ശ്രദ്ധിക്കുകയും അസ്ഥിരത നിരീക്ഷിക്കുകയും ചെയ്യുന്നു. നോട്ടത്തിന്റെ ഈ ഒമ്പത് ഫീൽഡുകൾ വിവിധ എക്സ്ട്രാഒക്യുലർ പേശികളെ പരിശോധിക്കുന്നു.
വിഷ്വൽ ഫീൽഡ് (കൺഫ്രണ്ടേഷൻ) പരിശോധന
[തിരുത്തുക]പെരിഫറൽ വിഷ്വൽ ഫീൽഡിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ഏകദേശ ധാരണയ്ക്ക് കൺഫ്രണ്ടേഷൻ പരിശോധന ഉപയോഗിക്കുന്നു.
സ്കോട്ടോമ (കാഴ്ചയുടെ വിസ്തീർണ്ണം കുറയുന്നു), ഹെമിയനോപിയ (വിഷ്വൽ ഫീൽഡിന്റെ പകുതി നഷ്ടപ്പെട്ടു), ഹോമോണിമസ് ഹെമിയനോപ്സിയ, ബൈടെമ്പറൽ ഹെമിയനോപിയ എന്നിവ വിഷ്വൽ ഫീൽഡിന്റെ സാധാരണ പ്രശ്‌നങ്ങളാണ്.
ബാഹ്യ പരിശോധനകൾ
[തിരുത്തുക]കണ്ണുകളുടെ ബാഹ്യ പരിശോധനയിൽ കൺപോളകൾ, ചുറ്റുമുള്ള ടിഷ്യുകൾ, പാൽപെബ്രൽ ഫിഷർ എന്നിവയുടെ പരിശോധന ഉൾപ്പെടുന്നു. കൺപോളകൾ മുകളിലേക്കോ താഴേക്കോ വലിച്ച് കൺജങ്റ്റൈവയും സ്ലീറയും പരിശോധിക്കാം. കൺപോളകളുടെ സ്ഥാനം തമ്മിലുള്ള അസന്തുലിതാവസ്ഥയിലൂടെ ടോസിസ് പോലെയുള്ള അവസ്ഥകൾ കണ്ടെത്താം.[1]
സ്ലിറ്റ്-ലാമ്പ്
[തിരുത്തുക]കണ്ണിന്റെ മുൻ ഘടനകളുടെയും ഒക്കുലർ അഡ്‌നെക്സയുടെയും സൂക്ഷ്മ പരിശോധന പലപ്പോഴും ഒരു സ്ലിറ്റ് ലാമ്പ് ഉപയോഗിച്ചാണ് നടത്തുന്നത്. ഇത് പ്രത്യേകം ക്രമീകരിക്കാവുന്ന പ്രകാശ സ്രോതസ്സുള്ള മേശപ്പുറത്ത് ഉറപ്പിച്ച രീതിയിലുള്ള ഒരു മൈക്രോസ്കോപ്പാണ്. ഇതിൽ നിന്ന് വരുന്ന പ്രകാശത്തിന്റെ വീതി, ഉയരം, ആംഗിൾ, ഓറിയന്റേഷൻ, നിറം എന്നിവ വ്യത്യാസപ്പെടുത്താനാകും. സാധാരണയായി ഈ ലൈറ്റ് ബീം ലംബമായ "സ്ലിറ്റ്" ആയി ഉള്ളതിനാൽ ആണ് ഈ പേര് കിട്ടിയത്.
കോർണിയ മുതൽ വിട്രിയസ് വരെയുള്ള ഒകുലാർ മീഡിയകളുടെ മാഗ്‌നിഫൈഡ് കാഴ്‌ചയ്ക്കും, കൺപോളകൾ ഉൾപ്പടെയുള്ള മറ്റ് ഒക്കുലാർ/അനുബന്ധ ഘടനകൾ പരിശോധിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. സ്ലിറ്റ് ലാമ്പ് പരിശോധനയ്ക്ക് മുമ്പുള്ള ഫ്ലൂറസെൻ സ്റ്റെയിനിംഗ് കോർണിയൽ ഉരച്ചിലുകൾ അല്ലെങ്കിൽ ഹെർപ്പസ് സിംപ്ലക്സ് അണുബാധ എന്നിവ തിരിച്ചറിയുന്നത് എളുപ്പമാക്കും.
പ്രത്യേക ലെൻസുകൾ ഉപയോഗിച്ച്, റെറ്റിന പരിശോധനയായ ഒഫ്താൽമോസ്കോപ്പി, ആംഗിൾ പരിശോധയായ ഗോണിയോസ്കോപ്പി എന്നിവയും സ്ലിറ്റ് ലാമ്പിലൂടെ നടത്താം. ഈ ലെൻസുകളിൽ ഗോൾഡ്മാൻ 3-മിറർ ലെൻസ്, ഗോണിയോസ്കോപ്പി സിംഗിൾ-മിറർ / സീസ് 4-മിറർ ലെൻസ് (ഒക്കുലർ) ആന്റീരിയർ ചേംബർ ആംഗിൾ സ്ട്രക്ചറുകൾ, + 90 ഡി ലെൻസ്, + 78 ഡി ലെൻസ്, + 66 ഡി ലെൻസ്, ഹ്രുബി (-56 ഡി) ലെൻസ് എന്നിവ ഉൾപ്പെടുന്നു. റെറ്റിന ഘടനയുടെ പൂർത്തീകരണം.
ഇൻട്രാഒക്യുലർ മർദ്ദം
[തിരുത്തുക]ടോണോമെട്രി ഉപകരണങ്ങൾക്ക് ഇൻട്രാഒക്യുലർ മർദ്ദം (ഐഒപി) അളക്കാൻ കഴിയും. കണ്ണിനെ ഒരു അടഞ്ഞ കമ്പാർട്ടുമെന്റായി കണക്കാക്കാം, അതിലൂടെയുള്ള അക്വസ് ഹ്യൂമറിന്റെ നിരന്തരമായ ഒഴുക്ക് അതിന്റെ ആകൃതിയും ആന്തരിക മർദ്ദവും നിലനിർത്തുന്നു. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് ഈ മർദ്ദം അളക്കുന്നതിനുള്ള ഒരു രീതിയാണ് ടോണോമെട്രി. കണ്ണിലെ സാധാരണ മർദ്ദം 10-21 mmHg ആണ്.
റെറ്റിന പരിശോധന
[തിരുത്തുക]നേത്രപരിശോധനയുടെ ഒരു പ്രധാന ഭാഗമാണ് റെറ്റിനയുടെ പരിശോധന (ഫണ്ടസ് പരിശോധന). പ്രത്യേക തുള്ളിമരുന്നുകൾ ഉപയോഗിച്ച് പ്യൂപ്പിൾ ഡൈലേറ്റ് ചെയ്യുന്നത് പെരിഫറൽ റെറ്റിനയുടേതുൾപ്പടെ വിപുലമായ പരിശോധന അനുവദിക്കുന്നു. ഒപ്റ്റിക് ഡിസ്ക്, റെറ്റിന വാസ്കുലേച്ചർ എന്നിവയുടെ രൂപവും ഫണ്ടസ് പരിശോധനയിൽ രേഖപ്പെടുത്തുന്നു.
ഒപ്താൽമോസ്കോപ്പ് ഉപയോഗിച്ച് കണ്ണിലേക്ക് നേരിട്ട് നോക്കുമ്പോൾ ചുവന്ന റിഫ്ലെക്സ് കാണാം. ഏകദേശം 50 സെന്റീമീറ്റർ അകലെ നിന്നാണ് ഇത് ചെയ്യുന്നത്. രണ്ട് കണ്ണിലെയും തിളക്കം സാധാരണ ഗതിയിൽ ഒരുപോലെയായിരിക്കും. റിഫ്ലെക്സിലെ കറുത്ത പാടുകൾ അല്ലെങ്കിൽ അതാര്യത ഒരു തിമിരത്തെ സൂചിപ്പിക്കാം.
റെറ്റിനയിലെ ചെറിയ ധമനികളെയും സിരകളെയും പരിശോധിക്കുന്നതിനുള്ള ഒരു രീതിയാണ് റെറ്റിനൽ വെസ്സൽ അനാലിസിസ്, ഇത് മനുഷ്യ ശരീരത്തിലെ മറ്റെവിടെയെങ്കിലും ഉള്ള വെസ്സലുകളുടെ രൂപവും പ്രവർത്തനവും സംബന്ധിച്ച് നിഗമനങ്ങളിൽ എത്തിച്ചേരാൻ അനുവദിക്കുന്നു, ഇത് പ്രത്യേകിച്ച് കാർഡിയോളജിസ്റ്റുകളും നേത്രരോഗവിദഗ്ദ്ധരും ഉപയോഗിക്കുന്നു.[2]
കുട്ടികൾക്കുള്ള നേത്രപരിശോധന
[തിരുത്തുക]കുട്ടികൾക്ക് ആദ്യത്തെ കണ്ണ് പരിശോധന 6 മാസം പ്രായമാകുമ്പോൾ, അല്ലെങ്കിൽ കണ്ണുകളിൽ എന്തോ കുഴപ്പമുണ്ടെന്ന് രക്ഷകർത്താവ് സംശയിക്കുന്നുവെങ്കിൽ ഉടനെയോ ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു. ലോകമെമ്പാടും, കാഴ്ച പ്രശ്നങ്ങൾ ഉള്ള കുട്ടികളെ തിരിച്ചറിയുന്നതിന് സ്ക്രീനിംഗ് പ്രോഗ്രാമുകൾ പ്രധാനമാണ്.[3]
കുട്ടികൾക്ക് പഠനത്തിനായി ഇനിപ്പറയുന്ന അടിസ്ഥാന വിഷ്വൽ കഴിവുകൾ അളക്കേണ്ടത് ആവശ്യമാണ്:
- സമീപ കാഴ്ച
- ദൂര കാഴ്ച: ടംബ്ലിംഗ് ഇ ചാർട്ട്, ലാൻഡോൾട്ട് സി ചാർട്ട്, ലിയ ചാർട്ട് എന്നിവ ഉപയോഗിച്ച്
- ഐ ടീമിംഗ് (ബൈനോക്കുലാരിറ്റി)
- നേത്രചലനം
- അക്കൊമഡേഷൻ (ഫോക്കസിംഗ് കഴിവുകൾ)
- പെരിഫറൽ കാഴ്ച
- കണ്ണ്-കൈ ഏകോപനം
നേത്രപരിശോധനയിൽ കണ്ടെത്താവുന്ന പ്രധാന കാഴ്ച പ്രശ്നങ്ങൾ
[തിരുത്തുക]പ്രത്യേക നേത്ര പരിശോധനകൾ
[തിരുത്തുക]- വർണ്ണ ദർശനം
- സ്റ്റീരിയോപ്സിസ്
- കെരാട്ടോമെട്രി
- സൈക്ലോപ്ലീജിക് റിഫ്രാക്ഷൻ
- അക്കൊമഡേഷൻ
- വെർജൻസ് സിസ്റ്റം
- ഒപ്റ്റോകൈനറ്റിക് സിസ്റ്റം
- ആംസ്ലർ ഗ്രിഡ്
- ഗോണിയോസ്കോപ്പി
- കോർണിയൽ ടോപ്പോഗ്രാഫി
- കോർണിയൽ പാക്കിമെട്രി
- സ്കീംപ്ലഗ് ഒക്കുലാർ ഇമേജിംഗ്
- റെറ്റിനൽ ടോമോഗ്രഫി
- ഒക്കുലാർ കമ്പ്യൂട്ട് ടോമോഗ്രഫി
- സ്കാനിങ്ങ് ലേസർ പോളാരിമെട്രി
- ഇലക്ട്രോഒക്യുലോഗ്രാഫി
- ഇലക്ട്രോറെറ്റിനോഗ്രാഫി
- അൾട്രാസൗണ്ട് ബയോമൈക്രോസ്കോപ്പി
- മാഡോക്സ് റോഡ്
- ബ്രോക്ക് സ്ട്രിംഗ്
- കൺവെർജെൻസ് ടെസ്റ്റിംഗ്
- വോർത്ത് 4 ഡോട്ട് ടെസ്റ്റ്
- പൾഫ്രിച്ച് പ്രഭാവം
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ "Optometrist Guide".
- ↑ Nägele MR et al.: Retinal microvascular dysfunction in heart failure. European Heart Journal 2018; 39: 47–56
- ↑ Evans, Jennifer R; Morjaria, Priya; Powell, Christine (2018-02-15). "Vision screening for correctable visual acuity deficits in school-age children and adolescents". Cochrane Database of Systematic Reviews. doi:10.1002/14651858.cd005023.pub3. ISSN 1465-1858. PMC 6491194. PMID 29446439.
- ↑ Emmett T. Cunningham; Paul Riordan-Eva. Vaughan & Asbury's general ophthalmology (18th ed.). McGraw-Hill Medical. ISBN 978-0071634205.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Eye examinations എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)